Homeചർച്ചാവിഷയം

മാറ്റാന്‍ കഴിയുന്ന ശീലങ്ങള്‍

പേരുചൊല്ലി വിളിക്കപ്പെടുന്നത് ഓരോ വ്യക്തിക്കും നല്‍കുന്ന സന്തോഷം അളവറ്റതാണ്. വട്ടപ്പേരുകളില്‍ അറിയപ്പെട്ട് സ്വന്തം പേര് മറന്നുപോയ മനുഷ്യരുമുണ്ട് നമുക്കിടയില്‍. അവനവനായി അംഗീകരിക്കപ്പെടുക എന്നത് തന്നെയാണ് നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവുന്ന വിലയേറിയ സമ്മാനം. ഈ ലോകത്തില്‍ ഒരു സ്വതന്ത്ര വ്യക്തിയായി അടയാളപ്പെടുത്താന്‍ സാധിക്കാതെ ജീവിതത്തോട് യുദ്ധം ചെയ്ത് തകര്‍ന്നുപോയ എത്രയോ മനുഷ്യരുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കുന്നു.

തടിയന്‍, തടിച്ചി, കോലന്‍, തോട്ടി, ചുള്ളിക്കമ്പ്, കറുമ്പി, കറുമ്പന്‍, കുറുക്കന്‍, കരിവണ്ട്, കരടി, പല്ലന്‍, ഫുട്ബോള്‍, മച്ചിങ്ങ തുടങ്ങി അനേകം പേരുകളില്‍ ചുറ്റുമുള്ളവരെ അടയാളപ്പെടുത്തുമ്പോള്‍ നിങ്ങളവരെ വ്യക്തിഹത്യ ചെയ്യുകയാണ്. അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയാണ്. എനിക്ക് കുറവുള്ളതുകൊണ്ടല്ലെ അവര്‍ അങ്ങനെ വിളിക്കുന്നത് എന്ന് വിചാരിച്ച് യാതൊരു വിഷമവും ഇല്ലാതെ തള്ളിക്കളയുന്നവരും നിരവധി. ആര്‍ക്കും ആരെയും കളിയാക്കാനും വിധിക്കുവാനും അര്‍ഹതയില്ല എന്ന് സമൂഹം എന്നാണ് മനസ്സിലാക്കുക.

ഒരു വ്യക്തി, അല്ലെങ്കില്‍ സഹജീവി എന്നല്ലാതെ നിറം, പൊക്കം, ശരീരഘടന തുടങ്ങി ഏതെല്ലാം സ്റ്റാന്‍ഡേഡുകള്‍ ഉപയോഗിക്കാമോ അവയൊക്കെയും ഉപയോഗിച്ചാണ് നിങ്ങളെ സമൂഹം വരച്ചിടുക. പലപ്പോഴും അത്രയേറെ അടുപ്പമുള്ളവര്‍ ആകും നിങ്ങളെ ഡാ തടിയാ എന്ന് സ്നേഹം ചാലിച്ച് വിളിക്കുക. കേട്ട് കേട്ട് ശീലമാണെങ്കിലും സ്നേഹം കൊണ്ടാണല്ലോ എന്നോര്‍ത്താലും ആ വ്യക്തിയില്‍ നിങ്ങള്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയാണ്. അയാളുടെ കോണ്‍ഫിഡന്‍സ് തകര്‍ക്കുകയാണ്.
നിങ്ങളുടെ അഭിനവ സ്നേഹം അവരില്‍ തങ്ങള്‍ക്കെന്തോ കുറവുണ്ടെന്ന ചിന്തയെ ഊട്ടിയുറപ്പിക്കുകയാണ്. ഈ സമൂഹത്തില്‍ ജീവിക്കാന്‍ എന്തൊക്കെയോ ഗുണങ്ങള്‍ ആവശ്യമുണ്ടെന്നും അവ തങ്ങളില്‍ ഇല്ലെന്നുമുള്ള ഒരു ചിന്ത (വിഷമുള്ള്) ഓരോ നിമിഷവും പലര്‍ ചേര്‍ന്ന് ചുറ്റുമുള്ള മനുഷ്യരിലേക്ക് കുതിവെക്കുകയാണ്. അടുപ്പമുള്ളവര്‍ സമ്മാനിക്കുന്ന ഈ മുറിവുകള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു വിഷമുണ്ട്. നിങ്ങളുടെ നാട്ടിലുള്ള ഒരു പെണ്‍കുട്ടി വഴിയിലൂടെ വെറുതെ നടന്നുപോകുന്നു എന്ന് സങ്കല്‍പ്പിക്കുക. ഒരു കാര്യവുമില്ലാതെ അവളോട് വിശേഷം തിരക്കാന്‍ ചെല്ലുന്ന ചിലര്‍. ‘അയ്യോ മോളെ, മെലിഞ്ഞുപോയല്ലോ?’, ‘ആകെ കറുത്തുപോയല്ലോ മോളെ, കുറച്ചു മഞ്ഞള്‍ ഒക്കെ തേക്ക്!’, ‘ആകെ വിളറിവെളുത്തല്ലോ, എന്തേലും അസുഖം ആണോ?’
എന്താണ് ശെരിക്കും നിങ്ങളുടെ പ്രശ്നം. മാന്യമായ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ അറിയില്ല എന്നതാണോ? വഴിയെ പോകുന്നവര്‍ വെളുത്താലും കറുത്താലും മെലിഞ്ഞാലും തടിച്ചാലും നിങ്ങള്‍ക്ക് എന്താണ് വിഷയം? ഇത്തരം ചോദ്യങ്ങള്‍ക്ക് നല്ല മറുപടി കൊടുക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ബാക്കിവരുന്ന ഭൂരിഭാഗം ഹതഭാഗ്യര്‍ എന്തൊക്കെയോ കാരണങ്ങളാല്‍ കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ചിരിയോടെ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു, മുറിവുകള്‍ ആഴത്തില്‍ വരയപ്പെടുന്നു.
സ്വന്തം വീടുകളില്‍, നാട്ടില്‍, സ്കൂളുകളില്‍, കോളേജില്‍, കളിയിടങ്ങളില്‍, ജോലിസ്ഥലങ്ങളില്‍ എന്നുവേണ്ട എല്ലായിടങ്ങളിലും ഭീകരമായ ബോഡി ഷെയിമിങ് നടക്കുന്നുണ്ട്. പലപ്പോഴും അതിനു ഇരയാകുന്നവര്‍പോലും തിരിച്ചറിയുന്നില്ല സംഭവിക്കുന്നത് ബോഡി ഷെയിമിങ് ആണെന്നും അത് തങ്ങളുടെ മാനസികനിലയെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും.
കുടവയര്‍ ചാടി വരുവാണല്ലോ, ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം, ഇപ്പോള്‍ പാകം തടിയാണ്, ഇനി തടിച്ചാല്‍ വൃത്തികേടാകും, തിന്നുന്നതൊക്കെ എവിടെപ്പോയി, ശരീരത്തില്‍ പിടിക്കുന്നില്ലല്ലോ എന്നു തുടങ്ങിയ തീന്‍മേശയില്‍ ഉയരുന്ന കമന്‍റുകള്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആരോഗ്യമുള്ള മനുഷ്യരെ അനാവശ്യമായി തങ്ങളുടെ ശരീരത്തേക്കുറിച്ച് ചിന്തിപ്പിച്ച് അപകടകരമായ ഡയറ്റുകളിലേക്കും ഭക്ഷണം കഴിക്കാതെ നടക്കുന്നതിലേക്കും എല്ലാറ്റിലുമുപരി എന്‍റെ ശരീരം കൊള്ളൂലല്ലോ എന്നുള്ള സ്ട്രെസ്സ്, ടെന്‍ഷന്‍ ഒക്കെയാല്‍ വരുന്ന മാനസികപ്രശ്നങ്ങളിലേക്കും നയിക്കുന്നു. കമന്‍റടിക്കുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നന്മയേക്കരുതി പറയുന്നതെങ്കിലും ആത്മഹത്യ പ്രവണതക്ക് വരെ പലപ്പോഴും ഇവ കൊണ്ടെത്തിക്കുന്നു.

ബയോളജി പഠിപ്പിക്കാന്‍ അസ്ഥികൂടത്തിന് പകരമായി മെലിഞ്ഞ ശരീരമുള്ള കുട്ടികളെ വിളിക്കുന്ന അധ്യാപകര്‍ ഉള്ള ക്ലാസ്മുറികളില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ ഒന്നോര്‍ത്തുനോക്കൂ. മറ്റുകുട്ടികളുടെയും അധ്യാപകന്‍റെയും ചിരികള്‍ക്കിടയില്‍ തൊലിയുരിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരല്പം കരുണക്കായി ആ കുട്ടി ചുറ്റും നോക്കിക്കാണും. ബോഡി ഷെയിമിങ്ങിന്‍റെ ബാലപാഠങ്ങള്‍ കുഞ്ഞുമനസുകളിലേക്ക് കോറിയിടുകയാണ് നിങള്‍ ചെയ്യുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൂട്ടുകാര്‍ക്ക് ഇടയിലും അല്ലാതെ സംഘം ചേര്‍ന്ന് അനിഷ്ടം തോന്നുന്നവരെ കളിയാക്കുമ്പോഴും  വിവരവും വിദ്യാഭ്യാസവുമുള്ള അധ്യാപകര്‍ കുട്ടികളെ കളിയാക്കുകയോ വഴക്കുപറയുകയോ ചെയ്യുമ്പോഴും ബോഡി ഷെയിമിങ് നടക്കാറുണ്ട്. കടുംനിറമുള്ള വസ്ത്രങ്ങള്‍ നിനക്ക് ചേരില്ല, നീ കറുത്തിട്ടല്ലെ, ഒപ്പനക്ക് മണവാട്ടിയാകുവാനുള്ള സൗന്ദര്യം പോര, കുറുക്കന്‍, കരിവണ്ട്, വെള്ളപ്പാറ്റ, തോട്ടിക്കോല്‍, ഉണ്ടപ്പന്‍ തുടങ്ങിയ അനേകം അമ്പുകള്‍ തറച്ചാണ് പല വിദ്യാര്‍ത്ഥികളും പഠനം പൂര്‍ത്തിയാക്കുന്നത്. പാതിവഴിയില്‍ തളര്‍ന്നുവീണവര്‍ അനവധി.

തൊഴിലിടങ്ങളില്‍ നോര്‍മലൈസ് ചെയ്യപ്പെട്ട രീതിയിലാണ് ബോഡി ഷെയിമിങ് നടക്കുന്നത്. സഹപ്രവര്‍ത്തകയുടെ വിവിധ ശരീരഭാഗങ്ങളും സഹപ്രവര്‍ത്തകന്‍റെ കഷണ്ടിതലയും എങ്ങനെയാണ് നിങ്ങള്‍ക്ക് തമ്മില്‍ പറഞ്ഞു ചിരിക്കാനുള്ള വകയാകുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെറുപ്പിക്കാന്‍ മടിച്ച് കാലങ്ങളോളം ബോഡി ഷെയിമിങ്ങും മറ്റ് അക്രമങ്ങളും സഹിക്കുന്ന നിരവധി കീഴ്ജീവനക്കാര്‍.

സിനിമ മേഖലയിലും മറ്റുമുള്ള സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്‍റ് സെഷന്‍ നോക്കിയാല്‍ ബോഡി ഷെയിമിങ്ങിന്‍റെ ഭയാനകമായ രീതികള്‍ കാണാം. ഗായിക സയനോരയുടെ വസ്ത്രധാരണവും അവര്‍ മനസ് നിറഞ്ഞ് ഡാന്‍സ് ചെയ്യുന്നതുമൊക്കെ നിങ്ങളെ എങ്ങനെയാണ് അസ്വസ്ഥരാക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വിദ്യ ബാലന്‍ അവരുടെ കരിയറിന്‍റെ ആദ്യകാലങ്ങളില്‍ സൗത്ത് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി റിജക്ഷനുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വളരെയധികം മെലിഞ്ഞിരുന്ന ആ കാലങ്ങളിലും അവര്‍ക്ക് തന്‍റെ തടിയാണ് സിനിമകള്‍ കിട്ടാത്തതിന് കാരണം എന്നാണ് തോന്നിയിരുന്നത്. എന്നാലിന്ന് ശരീരത്തേക്കുറിച്ച് ആകുലപ്പെടാതെ ആരോഗ്യകരമായി ഇരിക്കുക എന്നതിലേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. കഹാനി, പരിണീത, തുംഹാരി സുലു പോലെ നിരവധി സിനിമകളില്‍ ശക്തമായ അനേകം കഥാപാത്രങ്ങളും അവരെ തേടിയെത്തി.

മിക്കവാറും എല്ലാ നടിമാരും തന്നെ അവരുടെ ശരീരത്തേക്കുറിച്ച് തുടര്‍ച്ചയായി കമന്‍റുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. നടന്മാര്‍ പ്രായമായാലും തടികൂടിയാലും നായകരായി വിലസുമ്പോള്‍ അല്പമൊന്ന് തടിച്ചാല്‍ നടിമാരെ തെടിയെത്തുക കുടുംബിനി, അമ്മ വേഷങ്ങള്‍ ആണ്.

ഏതോ കാലത്ത് കവികളും മറ്റും എഴുതിവച്ച സൗന്ദര്യ അളവുകോലുകള്‍ ഇപ്പോഴും പിന്തുടരുന്ന പരസ്യചിത്രങ്ങളില്‍ ബോഡി ഷെയിമിങ്ങിലേക്ക് നയിക്കുന്ന മറ്റൊരു ഘടകമാണ്. തുടര്‍ച്ചയായി മെലിഞ്ഞ് വെളുത്ത് പൊക്കമുള്ള സ്ത്രീകള്‍ ആണ് സുന്ദരികള്‍ എന്ന ഒരു തെറ്റായ ബോധം പൊതുജനങ്ങളില്‍ നിറക്കുന്ന രീതിയിലാണ് സ്വര്‍ണം, വസ്ത്രം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍.

ചിലമനുഷ്യരില്‍ ഒട്ടുമേ സന്തോഷം ഉണ്ടാകാറില്ല. അവര്‍ക്ക് പോലും അറിയില്ല എന്ത് കാരണം കൊണ്ടാണ് സന്തോഷിക്കാന്‍ സാധിക്കാത്തതെന്ന്. തുടര്‍ച്ചയായി നിങ്ങളുടെ കുറവുകള്‍ കേട്ട് കേട്ട് തന്നോട് തന്നെ ഇഷ്ടമല്ലാത്ത അവസ്ഥയില്‍ എത്തിയാല്‍ എങ്ങനെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ സന്തോഷിക്കുവാന്‍ കഴിയും. ‘Self Love’ അവനവനോട് ഇഷ്ടം തോന്നിയാല്‍ അല്ലെങ്കില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ നമുക്ക് ബോഡി ഷെയിമിങ്ങിലൂടെ തകര്‍ന്നുപോയ കോണ്‍ഫിഡന്‍സ്, ജീവിതം തിരിച്ചുപിടിക്കാന്‍ സാധിക്കൂ.

മാറ്റാന്‍ കഴിയുന്ന ശീലങ്ങള്‍ മാത്രമേ നമുക്കെല്ലാവര്‍ക്കും ഉള്ളൂ. ഇതുവരെ അറിഞ്ഞോ അറിയാതെയോ തുടര്‍ന്നു വന്നിരുന്ന വട്ടപ്പേരുകള്‍, കളിയാക്കലുകള്‍ എല്ലാം മനപ്പൂര്‍വം മാറ്റിയെടുക്കാം. നമുക്ക് ചുറ്റുമുള്ള മനുഷ്യരെ അവരായി തന്നെ അംഗീകരിച്ച് ബഹുമാനത്തോടെ ഇടപെടാനുള്ള ഉത്തരവാദിത്തം നാമെല്ലാവര്‍ക്കും ഉണ്ട്. ക്രൂരമായ തമാശകള്‍ ഒഴിവാക്കി എല്ലാവരെയും ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ ജീവിക്കാം.

അലീന ഫിലിപ്പ്
MCJ LLB
കണ്ടെന്‍റ് റൈറ്റര്‍, കോഴിക്കോട്

 

COMMENTS

COMMENT WITH EMAIL: 0