Homeചർച്ചാവിഷയം

മുസ്ലിം പിന്തുടര്‍ച്ചവകാശത്തില്‍ കാണാതെ പോകുന്ന ചില കണ്ണീര്‍ ചാലുകള്‍

യിഷുമ്മ. വയസ്സ് അറുപത്തിയെട്ട്. മലപ്പുറം ജില്ലയിലെ താനൂര് ആണ് സ്വദേശം. മൂന്ന് പെണ്‍മക്കളാണ് ആയിഷുമ്മക്ക്. 2018ല്‍ ഭര്‍ത്താവ് ഹംസക്കോയ മരിക്കുമ്പോള്‍ പണിതീരാത്ത ഒരു വീടും എട്ട് സെന്‍റ് സ്ഥലവും ആണ് അവര്‍ക്ക് ഉണ്ടായിരുന്നത്. സ്വന്തമായുള്ളതൊക്കെ വിറ്റും കുടുംബശ്രീയില്‍ നിന്നും ലോണ്‍ എടുത്തും ചിലരില്‍ നിന്നും കടം വാങ്ങിയും വീടിന്‍റെ പണി പൂര്‍ത്തിയാക്കുമ്പോള്‍ ആയിഷുമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു വിധം ഭേദപ്പെട്ട ഈ വീട് വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാം. മറ്റൊരു സ്ഥലത്ത് ചെറിയൊരു വീട് സ്വന്തമാക്കി താമസം അങ്ങോട്ട് മാറാം. വീടിന്‍റെ പണി പൂര്‍ത്തിയാക്കി നിയമപ്രകാരമുള്ള അവകാശ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് പെണ്‍മക്കള്‍ മാത്രമുള്ള ഒരു മുസ്ലിം സ്ത്രീക്കും മക്കള്‍ക്കും ഇന്ത്യയിലെ ശരീ-അത്ത് (പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം) പ്രകാരം ഭര്‍ത്താവിന്‍റെ സ്വത്തില്‍ പൂര്‍ണവകാശം ഇല്ലെന്ന് മനസ്സിലായത്. തങ്ങളുടെ എട്ട് സെന്‍റ് സ്ഥലത്തിനും വീടിനും ഭര്‍ത്താവിന്‍റെ സഹോദരങ്ങളും അവകാശികള്‍ ആണെന്ന് വില്ലേജോഫീസര്‍ പറഞ്ഞപ്പോഴാണ് അവര്‍ മനസ്സിലാക്കിയത്.

1937 ലെ ഇന്ത്യന്‍ ശരിയത്ത് നിയമപ്രകാരം ഒന്നിലധികം പെണ്‍മക്കളാണ് മരിച്ച ഒരാള്‍ക്കുള്ളതെങ്കില്‍ സ്വത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗത്തിന് മാത്രമേ മക്കള്‍ക്ക് അവകാശമുള്ളൂ മൂന്നിലൊന്നു ഭാഗത്തിന് ഭര്‍ത്താവിന്‍റെ സഹോദരങ്ങള്‍ക്കും അവകാശമുണ്ട്. ഒന്നുകില്‍ അവര്‍ക്ക് ആവശ്യമായ സ്വത്തില്‍ നിന്ന് അവകാശം കൊടുക്കണം അതല്ലെങ്കില്‍ ഐഷുമ്മയുടെ ഭര്‍തൃസഹോദരങ്ങളായ അഞ്ചുപേരും ഒപ്പിട്ടു ഒഴിമുറി നല്‍കിയാല്‍ മാത്രമേ ഭാര്യക്കോ മക്കള്‍ക്കോ സ്വത്തിന് അവകാശം ലഭിക്കുകയുള്ളൂ. പല കാരണങ്ങളാല്‍ ഇതൊന്നും നടക്കാതെ കടബാധ്യതയും അതിനു മേലുള്ള പലിശയും വര്‍ദ്ധിച്ചു. ജീവിതം ദുരിത പൂര്‍ണമായ ആയിശുമ്മ മുട്ടാത്ത വാതിലുകളില്ല .ഓരോ ദിവസവും കടം വീട്ടാനുള്ള ആധിയില്‍ ഉരുകി നീറുകയാണവര്‍.

2. റൂബിയ. വയസ്സ് ഇരുപത്തിയാറ്. മൂവാറ്റുപുഴ സ്വദേശിനി മാതാപിതാക്കളുടെ ഏക മകള്‍. 2020ല്‍ പിതാവ് മരിക്കുമ്പോള്‍ പിന്തുടര്‍ച്ച അവകാശമായി കിട്ടേണ്ടിയിരുന്നത് പിതാവ് സ്വന്തമായി സമ്പാദിച്ച ഷോപ്പിംഗ് കോംപ്ലക്സുകളും വാടക കെട്ടിടങ്ങളും ഒക്കെയാണ്. എന്നാല്‍ ഇന്ത്യയിലെ മുസ്ലിംപിന്തുടര്‍ച്ചവകാശ നിയമപ്രകാരം മരണപ്പെട്ട ഒരാള്‍ക്ക് പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാളുടെ സ്വത്തിന്‍റെ പകുതി മാത്രമേ മകള്‍ക്ക് അവകാശപ്പെട്ടതായി ഉണ്ടാവുകയുള്ളൂ. ബാക്കി പകുതിയില്‍ പിതാവിന്‍റെ സഹോദരങ്ങള്‍ക്ക് അവകാശമുണ്ട്. സ്ത്രീകളുടെ സംരക്ഷണ ഉത്തരവാദിത്വം പുരുഷനില്‍ നിക്ഷിപ്തമാണ് എന്ന കാഴ്ചപ്പാടില്‍ രൂപം കൊണ്ട പിന്തുടര്‍ച്ചാവകാശ നിയമം സംരക്ഷണച്ചുമതലയുടെ പേരില്‍ പെണ്‍മക്കളുടെ സ്വത്തില്‍ പിതാവിന്‍റെ സഹോദരങ്ങള്‍ക്ക് കൂടി അവകാശം കൊടുക്കുകയാണ്. വിവാഹിതയായ റൂബിയയുടെ സംരക്ഷണച്ചുമതല പിതാവിന്‍റെ സഹോദരങ്ങള്‍ക്ക് ഉണ്ട് എന്നത് ആധുനിക കുടുംബസംവിധാനത്തില്‍ അപ്രായോഗികമാണ്. സംരക്ഷണച്ചുമതല ഏറ്റെടുത്തില്ല എന്ന് മാത്രമല്ല തന്‍റെ പിതാവിന്‍റെ സ്വത്തില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് പിതൃസഹോദരങ്ങള്‍ എത്തുന്ന ദുരനുഭവമാണ് അവര്‍ക്കുണ്ടായത്. തന്‍റെ പിതാവിന്‍റെ സ്വത്തിനു വേണ്ടി കോടതി കയറി ഇറങ്ങുന്ന സ്ഥിതിയിലാണ് രണ്ടു കുട്ടികളുടെ മാതാവായ റൂബിയ. പിതാവ് സമ്പാദിച്ച സ്വത്തിന് അവകാശിയാകേണ്ട ഏക മകള്‍ ഇന്നിപ്പോള്‍ അവര്‍ക്ക് പണം കൊടുത്ത് അവകാശം സ്ഥാപിച്ചു കിട്ടേണ്ട അവസ്ഥയിലാണ് ഉള്ളത് .

3. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി സൗകര്യാര്‍ത്ഥം ടൗണിലെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്നത് ഏകദേശം അറുപത്തിയഞ്ച് വയസ്സിനോടടുത്ത് പ്രായമുള്ള വിധവയായ ഒരു ഉമ്മയും അവരുടെ മുപ്പത്തിരണ്ട് വയസ്സുള്ള ഒരു മകളും ഭര്‍ത്താവും, 2 കുട്ടികളും. ഒരു ദിവസം സൗഹൃദ സംഭാഷണത്തിനിടെ അവര്‍ എന്നോട് പറഞ്ഞു ‘ഞങ്ങളുടെ കേസ് തീര്‍ന്നു വക്കീലേ, നാളെ സെറ്റില്‍ ചെയ്യാന്‍ ഞങ്ങള്‍ എറണാകുളം പോകുകയാണ്,چ പിന്നെ അവര്‍ കണ്ണീരോടെ ആ സങ്കടക്കഥകള്‍ എന്നോട് പറഞ്ഞു. നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങള്‍ വിധവായ ആ ഉമ്മയും മകളും താണ്ടിയ കണ്ണീരിന്‍റെയും നിയമപോരാട്ടങ്ങളുടെയും കഥകള്‍.. മകള്‍ സീനക്ക് (പേര് മാറ്റിയിട്ടുണ്ട്) ഏഴുവയസുള്ളപ്പോള്‍ അവളുടെ ഉപ്പ മരിച്ചു. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുളള ഒരു കുടുംബം. സീനയുടെ ഉപ്പയുടെ സമ്പാദ്യം കൊണ്ടു വാങ്ങിയ സ്ഥലവും അതില്‍ നഫീസയുടെ സ്വര്‍ണവും കൂടി കൂട്ടി ഉണ്ടാക്കിയ ഒരു ബില്‍ഡിംഗ് ഉണ്ട്. കുഴപ്പമില്ലാത്ത വാടക ഉണ്ട്. ഭര്‍ത്താവ് മരിച്ചപ്പോഴും ചെറിയ പ്രായത്തില്‍ വിധവ ആയപ്പോഴും നഫീസക്ക് പിന്നെ പ്രതീക്ഷ മകളായിരുന്നു. സീനയുടെ ഉപ്പ മരിക്കുന്നതിന് മുന്‍പ് സീനയുടെ ഉപ്പുപ്പാ മരണപെട്ടിരുന്നു. കുടുംബനാഥന്‍റെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത നഫീസയുടെ ആശ്വാസം ഭര്‍ത്താവിന്‍റെ പേരിലുള്ള ആ ബില്‍ഡിംഗും അതില്‍ നിന്ന് ലഭിക്കുന്ന വാടകയും ആയിരുന്നു. അങ്ങനെ ആശ്വസിച്ചിരിക്കുമ്പോഴാണ് ആ ബില്‍ഡിംഗില്‍ അവകാശം ചോദിച്ചു സീനയുടെ മൂത്താപ്പ വന്നത്. സീന പെണ്‍കുട്ടി ആയതു കൊണ്ട് സീനയുടെ ഉപ്പയുടെ സ്വത്തില്‍ പകുതി അവകാശം സഹോദരങ്ങള്‍ക്കുണ്ടത്രേ. ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ. എന്നാല്‍ സീനയുടെ ഉമ്മുമ്മയും മറ്റു സഹോദരങ്ങളും അവരുടെ അവകാശം സീനയുടെ പേരില്‍ എഴുതി കൊടുത്തു. പലരും പറഞ്ഞു നോക്കിയങ്കിലും മൂത്താപ്പ സ്വത്ത് കിട്ടിയേ അടങ്ങൂ എന്നായി. അങ്ങനെ വിധവയായ ആ ഉമ്മയുടെയും ഉപ്പ നഷ്ടപെട്ട ആ കുഞ്ഞിന്‍റെയും കണ്ണീരു കാണാതെ ശരീഅത്ത് പ്രകാരം അവകാശം കിട്ടാനായി ആ മൂത്താപ്പ  partition suit file ചെയ്തു. ഉപ്പൂപ്പ സീനയുടെ ഉപ്പ മരിക്കുന്നതിന് മുന്‍പ് മരിച്ചതിനാല്‍ സീനയുടെ ഉപ്പക്കുള്ള അവകാശം കിട്ടാനായി നാഫീസയും കേസ് ഫയല്‍ ചെയ്തു. അങ്ങനെ കേസും സ്റ്റേയും അപ്പീലും ഒക്കെയായി ഹൈക്കോടതി വരെയെത്തി. നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങള്‍… അതിനിടക്ക് സീനക്ക് കല്യാണ പ്രായമായി. നാഫീസയുടെ വീട്ടുകാരുടെ സഹായത്തോടെ സീനയുടെ കല്യാണം കഴിഞ്ഞു. രണ്ട് കുട്ടികളായി. കേസും കൂട്ടവുമായി ഇരുപത്തിനാല് വര്‍ഷം പിന്നിട്ടപ്പോള്‍ കേസ് കൊടുത്ത മൂത്താപ്പ മരിച്ചു. അദ്ദേഹത്തിന്‍റെ നല്ലവരായ മക്കള്‍ ആ കേസില്‍ കക്ഷി ചേരാന്‍ തയ്യാറായില്ല. അവര്‍ ആ സ്വത്ത് സീനക്ക് തന്നെ നല്‍കാന്‍ തയ്യാറായി. എങ്ങനെ ഇതെല്ലാം സംഭവിച്ചു. സീന ഒരു പെണ്‍കുട്ടി ആയതു കൊണ്ട് മാത്രം. സീനക്ക് പകരം ഒരാണ്‍കുട്ടി ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യന്‍ ശരീ-അത്ത് നിയമത്തിന്‍റെ പേരില്‍, വിധവയായ നഫീസയ്ക്ക് നീണ്ട ഇരുപത്തിനാല് വര്‍ഷം കണ്ണീര്‍ കുടിച്ചു മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഇന്ത്യന്‍ ശരീഅത്ത് ആക്ടിലെ ഈ ലിംഗവിവേചനം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. ശരീഅത്തിന്‍റെ പേരില്‍ ഒരു അനാഥരും കണ്ണീര്‍ കുടിക്കേണ്ടി വരരുത്. സ്നേഹത്തിന്‍റെയും കരുണയുടെയും മതമാണ് ഇസ്ലാം. ഇങ്ങനെയുള്ള അനീതികള്‍ തുടച്ചു മാറ്റേണ്ടത് ഒരു പരിഷകൃത സമൂഹത്തിന്‍റെ ഉത്തരാവാദിത്തമാണ്.

4.തൃശൂര്‍ ജില്ലയിലാണ്. കോവിഡാനന്തരമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുപ്പത്തിനാല് വയസ്സുള്ള ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്നു. അയാള്‍ക്ക് പങ്കാളിയും നാലര വയസ്സും രണ്ടര വയസ്സുമുള്ള രണ്ടു പെണ്‍കുട്ടികളും ഉണ്ട്. മാതാപിതാക്കളും ഒരു ജ്യേഷ്ഠസഹോദരനും ഒരു സഹോദരിയും ജീവിച്ചിരിപ്പുണ്ട്. ഉണ്ട്. പലയിടങ്ങളിലായി ലോണും കടങ്ങളും പൂര്‍ത്തിയാവാറായ കുറികളും ഉണ്ട്. അയാള്‍ നടത്തിക്കൊണ്ടിരുന്ന കച്ചവടം ഉണ്ട്. ഒരു ടൂവീലറും ഒരു ഫോര്‍ വീലറും ഉണ്ട്. ഭര്‍തൃവീട്ടിലായിരുന്നു താമസം.

ഭര്‍തൃവീട്ടില്‍ താമസമായിരുന്ന ഭാര്യ അദ്ദേഹത്തിന്‍റെ മരണശേഷം അഞ്ചാം ദിവസം കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍തൃവീട്ടിലെ അന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല. മാത്രമല്ല ഇന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവരുടെ മക്കള്‍ മരിച്ചാല്‍ മാതാപിതാക്കളുടെ സ്വത്തില്‍ നിന്ന് ജീവിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് കിട്ടേണ്ടിയിരുന്ന അവകാശം നഷ്ടപ്പെടുകയാണ്. അതായത് മരിച്ചയാളുടെ അനാഥരായ മക്കള്‍ക്ക് പിതാവിന്‍റെ കുടുംബസ്വത്തില്‍ അവകാശമില്ല. സംരക്ഷണച്ചുമതലയുണ്ടെന്ന് പറഞ്ഞ് പിന്തുടര്‍ച്ചാവകാശം നിഷേധിക്കുന്ന നിയമത്തില്‍ സംരക്ഷിക്കാത്തവരെ നിയമപരമായി എന്ത് ചെയ്യണമെന്ന് പറയുന്നുമില്ല.

മരിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസം ആകുന്നു. അങ്ങോട്ട് ഒന്നും കൊടുത്തില്ലെങ്കിലും മരിച്ചയാള്‍ക്ക് രണ്ട് പെണ്‍മക്കളായതുകൊണ്ട് അയാളുടെ കാലാവധി പൂര്‍ത്തിയായ കുറിക്കും കടയ്ക്കും വണ്ടികള്‍ക്കും എല്ലാം ശരീഅത്ത് പ്രകാരമുള്ള അവകാശം പറഞ്ഞുകൊണ്ട് മാതാപിതാക്കളും സഹോദരനും വരുന്നുമുണ്ട്.

5. പേര് കേട്ട തറവാട്ടിലാണ് റഷീദ് ജനിച്ചത്. സഹോദരന്മാര്‍ എല്ലാവരും വിവാഹം കഴിച്ചത് വല്യ തറവാട് വീടുകളില്‍ നിന്ന് തന്നെ. പക്ഷെ റഷീദ് തന്‍റെ കൂടെ പഠിച്ച പാവപെട്ട വീട്ടിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതറിഞ്ഞ റഷീദിന്‍റെ വീട്ടുകാര്‍ ഉറഞ്ഞു തുള്ളി. തങ്ങളുടെ നിലക്കും വിലക്കും ചേരാത്ത ഈ ബന്ധം ഒരു കാരണവശാലും ഈ തറവാട്ടു മുറ്റത്തു നടത്തില്ലെന്നു വാശി പിടിച്ചു. അവസാനം വീട്ടുകാരുടെ സമ്മതമില്ലാതെ റഷീദ് അവളെ നിക്കാഹ് ചെയ്തു. വാടക വീട്ടിലേക്കു മാറി. അത് കഴിഞ്ഞു റഷീദ് ചെറിയൊരു വീട് വെച്ചു. സന്തോഷകരമായ ദാമ്പത്യം. മൂന്ന് മക്കളും അവര്‍ക്കു ജനിച്ചു. പത്ത് വര്‍ഷത്തിനു ശേഷം ഒരു ദിവസം ഹൃദയാഘാതം റഷീദിന്‍റെ ജീവനെടുത്തു. അതോടെ റഷീദിന്‍റെ ഭാര്യയും മക്കളും അനാഥരായി. റഷീദ് പോയതോടെ ആ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. കോടീശ്വരനായ റഷീദിന്‍റെ പിതാവ് തന്‍റെ മകന്‍റെ ഭാര്യക്കും മക്കള്‍ക്കും ഒന്നും നല്‍കാന്‍ തയ്യാറായില്ല. അതുമാത്രമല്ല മരിച്ച റഷീദിന്‍റെ പേരിലുള്ള സ്വത്തിന് ഉമ്മാക്കും ഉപ്പാക്കും അവകാശം ഉണ്ടുതാനും. ഈ അവകാശം മകന്‍റെ ഭാര്യക്കും മക്കള്‍ക്കും വിട്ടു കൊടുക്കാന്‍ അവര്‍ തയ്യാറായില്ല.
മുസ്ലിം വ്യക്തിനിയമ പ്രകാരം ബാപ്പയും ഉമ്മയും ജീവിച്ചിരിക്കെ മകനോ മകളോ മരണപെട്ടാല്‍ അവരുടെ മക്കള്‍ക്ക് മുത്തശ്ശി മുത്തശ്ശന്മാരുടെ സ്വത്തില്‍ അവകാശമില്ല, എന്തൊരു അനീതിയാണത്! അനാഥരായ മക്കള്‍ കൂടുതല്‍ അനാഥത്വത്തിലേക്കു വീഴുന്നു. പരിഷ്കരിക്കപ്പെടേണ്ടതല്ലേ ഈ നിയമം.

6. അബ്ദുള്ള ഹാജിക്ക് 3 മക്കള്‍.. ഒരാണും 2 പെണ്ണും. എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടി നല്ല ജോലിയായി. ശരീ-അത്ത് ലെ പിന്തുടര്‍ച്ചവകാശനിയമങ്ങളിലുള്ളഅനീതികളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ ഹാജിയാര്‍ ദേഷ്യപ്പെടും. മതം പഠിക്കാത്തതിന്‍റെ കുഴപ്പമാണെന്ന്. അല്ലെങ്കില്‍ ഹാജിയര്‍ക്കു എന്ത് പേടിക്കാനാ. ആണിന് ആണും പെണ്ണിന് പെണ്ണും… വിദ്യാഭ്യാസം, ജോലി, സന്തോഷം സമാധാനം..

വീട്ടില്‍ ജനാധിപത്യം ഉള്ളത് കൊണ്ട് ഹാജിയാര്‍ ഭാര്യയുടെ സ്വര്‍ണം കൂടി വീട് വെക്കാന്‍ ഉപയോഗിച്ചപ്പോള്‍ വീടും സ്ഥലവും ഭാര്യയുടെ പേര്‍ക്കും കൂടി പകുതി അവകാശം എഴുതി വെച്ചു. എല്ലാം ശുഭമായി പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം അപ്രതീക്ഷിതമായി അപകടത്തില്‍പെട്ടു മകന്‍ മരണപെട്ടു. മകന്‍റെ വേര്‍പാടില്‍ മനംനൊന്ത് ഹാജിയരുടെ ഭാര്യയും . അധികം വൈകാതെ മരണപെട്ടു. ഈ വിയോഗങ്ങള്‍ ഹാജിയാരെയും രോഗബാധിതനാക്കി . സാമ്പത്തിക ബുദ്ധിമുട്ടിലായ ഹാജിയര്‍ തൊടിയില്‍ നിന്നും ഒരു 10സെന്‍റ് വില്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത പുകില്‍.. ഹാജിയാരുടെ വീടും പറമ്പും ഭാര്യയുടെ കൂടി പേരിലാണ്. ഭാര്യ മരിക്കുന്നതിന് മുന്‍പ് മകന്‍ മരണപെട്ടിരിക്കുന്നു. അതിനാല്‍ ഹാജിയാരുടെ കുടുംബത്തിന്‍റെയും അനന്തരാവകാശത്തിന്‍റെ സ്റ്റാറ്റസ് മാറിയിരിക്കുന്നു. ഹാജിയരുടെ ഭാര്യ മരണപ്പെടുന്ന സമയത്ത് പെണ്മക്കള്‍ മാത്രമേ മക്കളായുള്ളൂ. അതിനാല്‍ ഹാജിയാരുടെ ഭാര്യടെ മൂന്നില്‍ ഒന്ന് അവകാശം ഭാര്യയുടെ സഹോദരങ്ങള്‍ക്ക് ഉള്ളതാണ്. ഒരു ദിവസം ഹാജിയാര്‍ അളിയന്മാരെ കണ്ടു തന്‍റെ വീടിലും പറമ്പിലും അവര്‍ക്കുള്ള അവകാശം ഒഴിമുറി ഒപ്പിട്ടു തരണമെന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു. ഒപ്പിട്ടൊക്കെ തരാം പക്ഷെ ഞങ്ങള്‍ക്ക് ശരീഅത്ത് പ്രകാരമുള്ള വിഹിതം കാശായി തരണമെന്നായി അളിയന്മാര്‍. തന്‍റെ നിസഹായാവസ്ഥ ഹാജിയാര്‍ ബോധ്യപെടുത്തി എങ്കിലും അളിയന്മാര്‍ ശരീ-അത്തിന്‍റെ പിടിവള്ളിയില്‍ പിടിച്ചു തൂങ്ങി.അവസാനം വിവാഹം കഴിച്ചയച്ച പെണ്മക്കളുടെ സ്വര്‍ണം വിറ്റാണ് അളിയന്മാരുടെ അവകാശം കൊടുത്തു ഒഴിമുറി ഒപ്പിട്ടു വാങ്ങിയത്. ഈ നിയമം മാറേണ്ടതല്ലേ. ആകസ്മികതകള്‍ ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. വന്നിട്ട് വിലപിച്ചിട്ടു കാര്യമില്ല.

അഡ്വ. റംലത്ത് പുതുശ്ശേരി
മഞ്ചേരി കോടതി

COMMENTS

COMMENT WITH EMAIL: 0