Homeപെൺപക്ഷം

മുസ്ലിം സ്ത്രീകളുടെ ചരിത്രപ്രധാനമായ പ്രസ്ഥാനം

ക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ രൂപം കൊണ്ട ഒരു പുതിയ പ്രസ്ഥാനമാണ് ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്. കാലാകാലങ്ങളായി പുരുഷാധിപത്യത്തിന്‍റെയും മത പൗരോഹിത്യത്തിന്‍റെയും ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ നരകയാതന അനുഭവിക്കുന്ന മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പിന്തുടര്‍ച്ചവകാശത്തിലെ കടുത്തതും വിവേകശൂന്യവുമായ വിവേചനങ്ങളാണ് ഇത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ അടിസ്ഥാന കാരണം.
സ്ത്രീയായി ജനിച്ചുപോയതുകൊണ്ടുമാത്രം സ്വത്തവകാശത്തില്‍ തുല്യത നിഷേധിക്കപ്പെടുന്ന ഈ പ്രശ്നം ഏറെക്കാ ലമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഹിന്ദുമതത്തിലും ദശകങ്ങള്‍ക്കു മുമ്പ് ഇത് തന്നെ ആയിരുന്നു അവസ്ഥ. പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശമേ ഉണ്ടായിരുന്നില്ല. മരുമക്കത്തായം നിലനിന്ന വിഭാഗങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നത്. ഭൂരിഭാഗം ഹൈന്ദവ കുടുംബങ്ങളും മക്കത്തായ സമ്പ്രദായത്തിലായിരുന്നു. പിതൃസ്വത്ത് ആണ്‍കുട്ടികള്‍ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബാബ സാഹിബ് അംബേദ്കര്‍ കൊണ്ടുവന്ന ഹിന്ദു കോഡ് ബില്‍, യാഥാസ്ഥിതിക വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പാസ്സായത്. സ്ത്രീപുരുഷ സമത്വം സ്വത്തിന്‍റെ കാര്യത്തില്‍ അംഗീകരിക്കപ്പെടാന്‍ ഹിന്ദു സ്ത്രീകള്‍ക്ക് അത്രയേറെ ബുദ്ധിമുട്ടേണ്ടിവന്നു.
നിയമം വന്നുവെങ്കിലും ഇന്നും തുല്യാവകാശം വകവെച്ചു കിട്ടാന്‍ ഹിന്ദുസ്ത്രീകള്‍ക്ക് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടതിയെ സമീപിക്കേണ്ടിവരാറുണ്ട്. ക്രിസ്ത്യന്‍സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശ പ്രശ്നം മുഖ്യധാരയിലേക്കുകൊണ്ട് വന്നത് ശ്രീമതി മേരി റോയിയാണ്. ക്രിസ്ത്യന്‍സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യവകാശത്തിന് വേണ്ടിയുള്ള മേരി റോയിയുടെ സുപ്രീം കോടതിയിലെ നിയമപ്പോരാട്ടം ചരിത്രപ്രസിദ്ധമാണ്. അങ്ങനെ ക്രിസ്ത്യന്‍ വ്യക്തിനിയമവും പരിഷ്കരിക്കപ്പെട്ടു. ഇന്ത്യയിലെ മത വ്യക്തിനിയമങ്ങളില്‍ യാതൊരു മാറ്റവുമില്ലാതെ നില്കുന്നത് മുസ്ലിം വ്യക്തിനിയമം മാത്രമാണ്.
മുസ്ലിം സ്ത്രീകളുടെ പിന്തുടര്‍ച്ചവകാശത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സ്ത്രീ പുരുഷ തുല്യതയുടെ അടിസ്ഥാനത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സ്വത്തു തുല്യമായി വിഭജിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് വി. പി. സുഹറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘നിസ’ എന്ന മുസ്ലിംസ്ത്രീ സംഘടന സുപ്രീം കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തതാണ് ഇതിനൊക്കെ ഒരു തുടക്കം കുറിച്ചത്. ചരിത്രത്തിന്‍റെ ഒരു നിമിത്തമായ ആ കേസും അതിനെ തുടര്‍ന്ന് മുസ്ലിം സ്ത്രീകള്‍ക്കിടയിലുണ്ടായ ഉയര്‍ത്തെഴുന്നേല്‍പും കേരളത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കിയിരിക്കുന്നു. ഈ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട നേതൃത്വം അതിനെ ശരിയായ ദിശയില്‍ കൊണ്ടുപോകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അതിനിടയില്‍ കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ ഇടപെട്ടു പ്രസ്ഥാനം തകരാതിരിക്കട്ടെ. പുറത്തു മത യാഥാസ്ഥിതിക ശക്തികള്‍ കാത്തിരിക്കുകയാണ് ഈ പ്രസ്ഥാനം തമ്മില്‍തല്ലി പിരിയുന്നത് കാണാന്‍. അതിനു എരിപിരി കൂട്ടാന്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്യും. അത് മനസ്സിലാക്കി വിവേകപൂര്‍വം പ്രസ്ഥാനം പ്രവര്‍ത്തിക്കട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

അജിത കെ.

COMMENTS

COMMENT WITH EMAIL: 0