Homeചർച്ചാവിഷയം

നാടകങ്ങളിലെ കുടുംബങ്ങള്‍

നാടകങ്ങള്‍ മിക്കവാറും തന്നെ 1825 ല്‍ യുജീന്‍ സ്ക്രൈബ് മുന്നോട്ട് വെച്ച ‘വെല്‍ മെയ്ഡ് പ്ലേ’ ഘടന പിന്തുടരുന്നവയാണ്. അതായത് ഒരു നാടകം ആരംഭിക്കുന്നു, പുരോഗമിക്കുന്നു, സംഘട്ടനത്തിലേക്ക് എത്തുന്നു, അവസാനത്തില്‍ പ്രശ്നപരിഹാരം തേടി പഴയതോ പുതിയതോ ആയ അവസ്ഥയിലേക്ക് എത്തുന്നു. അന്നത്തെ കൊമേര്‍ഷ്യല്‍ നാടകങ്ങളില്‍ കാണപ്പെട്ട ഈ ഘടന നമ്മുടെ പല നാടകങ്ങളും പിന്തുടര്‍ന്ന് പോന്നു. ഈ ഘടനയെ നിലനിര്‍ത്തികൊണ്ടുപോയത് ‘കുടുംബം’ ആയിരുന്നു – അച്ഛനും അമ്മയും മക്കളും മറ്റ് ബന്ധുക്കളും അടങ്ങിയ സാമൂഹ്യ ഘടനയ്ക്ക് അകത്തു നില്‍ക്കുന്ന അല്ലെങ്കില്‍ സാമൂഹ്യ ഘടനയെ നിലനിര്‍ത്തുന്ന കുടുംബം .ഈ കുടുംബത്തിലെ മകനോ മകള്‍ക്കോ അന്യമതസ്ഥരുമായി ഉണ്ടാകുന്ന പ്രണയം, അതു മൂലം ഉണ്ടാകുന്ന പ്രശനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നടകങ്ങള്‍ ആയിരുന്നു പലതും.
എഴുപതുക്കള്‍ക്ക് മുന്‍പ് ഉത്സവപ്പറമ്പുകളില്‍ കളിച്ചു വിജയിച്ചിരുന്ന നാടകങ്ങള്‍ ഇത്തരത്തില്‍ കുടുംബ ബന്ധങ്ങളെയും അതിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങളെയും ആസ്പതമാക്കിയുള്ളവ ആയിരുന്നു. എന്നാല്‍ എഴുപതുകള്‍ക്ക് ശേഷം തനത് നാടകവേദിയുടെ വരവോട് കൂടി ഈ ഘടനയ്ക്ക് വലിയ വ്യത്യാസം വരുന്നതായി കാണാം. ഈ സമയത്ത് നാടക അവതരണം എന്നത് പ്രോസീനിയം സ്ട്രക്ക്ചെറില്‍ നിന്ന് വിട്ടിറങ്ങുകയും അവിടെ നിന്നും നാടകം കൈകാര്യം ചെയ്യുന്ന ഇതിവൃത്തങ്ങള്‍ അസ്തിത്വം, വ്യക്തിത്വം, നിലനില്‍പ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള അന്വേഷങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. ജി ശങ്കരപ്പിള്ളയുടെ ‘കറുത്ത ദൈവങ്ങളെ തേടി’ , കാവാലം നാരായണപ്പണിക്കരുടെ ‘അവനവന്‍ കടമ്പ’ ഇവയൊക്കെ ഉദാഹരണങ്ങളായി പറയാവുന്നവയാണ്.
പിന്നീട് നാടകം അമേച്ചര്‍ എന്നും പ്രൊഫഷണല്‍ എന്നും രണ്ടായി തിരിയുകയും പിന്നീട് പ്രേക്ഷകര്‍ തന്നെ നാടകത്തില്‍ നിന്നും അകന്നു പോകുന്ന അവസ്ഥയിലേക്കും എത്തിച്ചേരുന്നുണ്ട്. ടെലിവിഷന്‍ പോലുള്ള പുതിയ മാധ്യമങ്ങളുടെ കടന്നുവരവ് പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള കാണികളെ ഇല്ലാതെയാക്കുന്നുണ്ട്. ഏകദേശം ഇരുപതിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പ്രേക്ഷകരുടെ കാഴ്ചയില്‍ വലിയ മാറ്റം സംഭവിക്കുകയും നാടകങ്ങളിലെ അന്വേഷങ്ങളില്‍ തന്നെ വഴിത്തിരിവ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇറ്റ്ഫോക്കിന്‍റെ കടന്നുവരവ് ഉണ്ടാകുന്ന ഇതേ സമയത്ത് നാടകങ്ങള്‍ ദളിത് വിഷയങ്ങളേയും ഫെമിനിസ്റ്റ് വിഷയങ്ങളെയും (അരികുവല്‍ക്കരിക്കപ്പെടുന്ന വിഷയങ്ങള്‍) കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഈ വിഷയങ്ങള്‍ ആദ്യം പൊളിച്ചെഴുതാന്‍ തുടങ്ങിയത് കുടുംബ ബന്ധങ്ങളെ ആയിരുന്നു. ഡോ. ഗോപന്‍ ചിദംബരത്തിന്‍റെ ‘സദൃശ്യവാക്യങ്ങള്‍’ വിനോദ് കുമാറിന്‍റെ ‘അനന്തരം അവള്‍’ തുടങ്ങിയ നാടകങ്ങള്‍ നിലനിന്നു പോന്ന കുടുംബ ബന്ധങ്ങളെ പൊളിച്ചെഴുതിയവ ആയിരുന്നു. പഴയ നാടകങ്ങളെ പുതിയ സാമൂഹികപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിക്കപ്പെടാറുണ്ട്. ഡോ. ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത മരിയോ ഫ്രാറ്റിയുടെ ‘ഹിസ് ലാസ്റ്റ് മൊമന്‍റ്സ്’ ഒരു ഉദാഹരണമാണ്. സോഷ്യല്‍ ടെക്സ്റ്റുകള്‍ മാറുന്നത് അനുസരിച്ചു ഉണ്ടാകുന്ന സ്ക്രിപ്റ്റ്കള്‍ക്കും മാറ്റം ഉണ്ടാകും. പണ്ടത്തെ സോഷ്യല്‍ സ്ക്രിപ്റ്റിന്‍റെ ഭാഗമായി ഉണ്ടായതാണ് കെ.ടി മുഹമ്മദിന്‍റെ ‘ഇത് ഭൂമിയാണ്’, വി.ടി യുടെ ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകവുമൊക്കെ. എന്നാല്‍ ഇന്നത്തെ സോഷ്യല്‍ സ്ക്രീപ്റ്റ് മാറുകയും അവ ബൈനറികളില്‍ മാത്രം ഒതുങ്ങാതെ വരികയും ചെയ്യുന്ന ഒരു കാലത്തിലേക്ക് എത്തുകയും ചെയ്തു. ജെന്‍ഡര്‍ പൊളിറ്റിക്സില്‍ വന്ന മാറ്റം പാരമ്പര്യമായി നിലനില്‍ക്കുന്ന കുടുംബബന്ധങ്ങളെ അല്ലെങ്കില്‍ വ്യവസ്ഥിതിയെ പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. കേവലം ആണ്‍-പെണ്‍ ബൈനറികളില്‍ ഒതുങ്ങാതെ അത് പല ദിശകളിലേക്ക് പടരുന്നത് കാണാം. കുടുംബം എന്ന ഘടന തന്നെ പല തരത്തിലുള്ള മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. സിംഗിള്‍ പേരെന്‍റ്റിംഗ്, ഡിവോഴ്സ് ആയി ജീവിക്കുന്ന മനുഷ്യര്‍, ലിവിങ് ടുഗെതര്‍, ക്വീര്‍ കുടുംബങ്ങള്‍ തുടങ്ങി വൈവിധ്യങ്ങള്‍ പലതാണ്. അതുകൊണ്ടു തന്നെ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായതായി കാണാം. കോവിഡ് വന്നതിനു ശേഷം പുതിയ ഒരു സോഷ്യല്‍ സ്ക്രീപ്റ്റ് ഇപ്പോള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡോണ്‍ സമയത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടായ തകര്‍ച്ചകളും കൂടിച്ചേരലുകളും നമ്മള്‍ കണ്ടതാണ്. അതിനനുസരിച്ചുള്ള പുതിയ സാമൂഹ്യപാഠത്തെ നമ്മള്‍ ഉള്‍ക്കൊണ്ടു വരികയാണ്. അതുകൊണ്ടുതന്നെ ഇനി പുതിയതായി വരുന്ന നടകങ്ങളില്‍ ഈ സോഷ്യല്‍ സ്ക്രിപ്റ്റ് കടന്നു വരികയും അത് പുതിയ വാതയാനങ്ങള്‍ നാടകരംഗത്തിന് നല്‍കുകയും ചെയ്യുമെന്നതാണ് പ്രതീക്ഷ.

 

 

 

 

 

ആതിര നികത്തില്‍
ഗവേഷക, തിയേറ്റര്‍ ആന്‍റ് പെര്‍ഫോമിങ് ആര്‍ട്സ്
സ്കൂള്‍ ഓഫ് ഡ്രാമ, തൃശൂര്‍

COMMENTS

COMMENT WITH EMAIL: 0