Homeചർച്ചാവിഷയം

നമുക്കു പുഴകളായി ഒഴുകാം ….

ത്യന്തം നിരാശാജനകമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നു പോവുകയാണല്ലോ ഇന്ന് നമ്മുടെ നാട്. സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്ത വിധം ഇടകലരുന്ന കാലം. അന്താരാഷ്ട്ര സംവാദങ്ങളില്‍ ചോദ്യചിഹ്നമായി ഇന്ത്യയുടെ വികൃതമാക്കപ്പെട്ട ജനാധിപത്യത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും മുഖം നിലനില്‍ക്കുമ്പോള്‍ തന്നെ ആ അപചയത്തിനു പ്രധാന കാരണക്കാരനായ വ്യക്തിക്ക് സമാധാനനോബല്‍ സാധ്യത എന്ന വാര്‍ത്തയെയും വിഴുങ്ങാന്‍ നാം പ്രേരിപ്പിക്കപ്പെടുന്നു! മുത്തലാക്കിനെ ക്രിമിനല്‍വല്‍ക്കരിച്ചത് അല്‍പ്പം മുമ്പെങ്കില്‍ ഏകീകൃത സിവില്‍ കോഡ് എന്ന മധുര വിഷമിഠായി കാട്ടി ഇന്ന് പൗരരെ ഭരണവൃന്ദം വട്ടം കറക്കുന്നു! ഇത് മധുരം തന്നെയോ, അതോ സര്‍വ്വം തളര്‍ത്തുന്ന കയ്പ്പോ? രാജ്യത്താകമാനം ന്യൂനപക്ഷ ദലിത്, ദരിദ്ര പീഡനങ്ങള്‍ നടമാടുമ്പോഴും  ഭായിയോം ബഹനോം’ വിളിയില്‍ ആരൊക്കെയോ ഇപ്പോഴും വഴുക്കി വീഴുന്നു!
ഇവക്കിടയില്‍ നിന്നു കൊണ്ടു വേണം പോരാട്ടം. രാഷ്ട്രീയപരമായി തങ്ങളിപ്പോഴും സമ്മര്‍ദ്ദശക്തി തന്നെ എന്നു തെളിയിക്കാന്‍ വിഫലമായി കിണഞ്ഞു കൊണ്ടിരിക്കുന്ന പുരുഷ പൗരോഹിത്യമാണ് മറുവശത്ത്. ഒപ്പം, അവരാല്‍ ജ്ഞാനസ്നാനപ്പെട്ടുകൊണ്ടേയിരിക്കുന്ന ആണ്‍പെണ്‍ വിശ്വാസി സമൂഹവും. പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അനീതികള്‍ക്ക് വിധേയരായവരും സാമൂഹ്യപ്രവര്‍ത്തകരും ഫയല്‍ ചെയ്ത കേസ് സുപ്രീം കോടതി തീര്‍പ്പിനെടുക്കാനിരിക്കുന്ന ഈ വേളയിലെങ്കിലും നിശ്ശബ്ദരായിരിക്കാന്‍ വയ്യെന്നറിയുന്നവരാണ് ഈ പോരാട്ടത്തിനു പിന്നില്‍.

വാസ്തവത്തില്‍ ഞങ്ങളുടെയൊക്കെ പ്രായത്തിലെത്തിയ, മുസ്ലിം സമുദായത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരു സ്ത്രീയും ജീവിതത്തില്‍ എപ്പോഴെങ്കിലും, ചിലപ്പോള്‍ പലവട്ടം, ഈ അനീതിയുടെ മുമ്പില്‍ അമര്‍ഷപ്പെട്ടോ നിസ്സഹായരായി കീഴടങ്ങിയോ നില്‍ക്കേണ്ടി വന്നിട്ടുണ്ടാകണം. അത്രക്കും സമഗ്രജീവിതത്തെയും ഗ്രസിച്ചു നില്‍ക്കുന്നുണ്ട് കാലത്തിനു നിരക്കാത്ത ഈ പരമ്പരാഗത സ്വത്തുവിഭജന രീതി.

1937ല്‍ പാഴ്സിയായ ഒരു പണ്ഡിതനാല്‍ വിരചിതമായ Principles of Mohammedan Law എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി വാറന്‍ ഹേസ്റ്റിംഗ്സ് പ്രഭു തട്ടിക്കൂട്ടി ഉണ്ടാക്കിച്ച ഒന്നാണ് ഇന്നത്തെ മുസ്ലിം വൃക്തിനിയമസംഹിത (Muslim Personal law). കൊളോണിയല്‍ശക്തികള്‍, അതു പോര്‍ച്ചുഗീസുകാരാവട്ടെ ബ്രിട്ടീഷുകാരാവട്ടെ ചെന്നെത്തിയ പ്രദേശങ്ങളിലെ ജനങ്ങളെ വ്യത്യസ്ത മത ചട്ടക്കൂടുകള്‍ക്കകത്തൊതുക്കി ഭരിക്കുകയെന്ന തന്ത്രം നടപ്പിലാക്കിയവരാണ്. പോര്‍ച്ചുഗീസുകാര്‍ ഏര്‍പ്പെടുത്തിയ സുനഹദോസ് വാറോലകള്‍ ഈ കൊച്ചു കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ സാംസ്കാരിക വൈവിധ്യങ്ങളെയും പ്രാദേശിക തനിമകളെയും ഇല്ലാതാക്കി റോമന്‍ സമ്പ്രദായത്തിലേക്ക് ഏകീകരിക്കാന്‍ മുഷ്ഠിപ്രയോഗം നടത്തിയതും ഓര്‍ക്കുക. ഓരോ മതവിഭാഗങ്ങളെയും കൃത്യമായ നീതി നിയമങ്ങളുള്ള കൂട്ടങ്ങളാക്കിയാല്‍ അവര്‍ക്ക് ഭരണം കൂടുതല്‍ സുഖകരമാക്കാം എന്നു ദീര്‍ഘകാലം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരും കൃത്യമായി മനസ്സിലാക്കി. തലപ്പത്തുള്ള പൗരോഹിത്യത്തെ സ്വാധീനിച്ചാല്‍ സമുദായത്തെ നിയന്ത്രിക്കാമെന്നും ഒപ്പം വിഭിന്ന മതങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ഭരിക്കുക എന്ന പ്രതിലോമപരമായ തന്ത്രം എളുപ്പമാകുമെന്നും അവര്‍ കണ്ടെത്തിയിരുന്നു. പ്രാദേശിക സംസ്കാരങ്ങളുമായി ഇടകലര്‍ന്ന് പിന്തുടര്‍ച്ചാവകാശങ്ങളിലുള്‍പ്പടെ തീര്‍പ്പുകല്‍പ്പിച്ചിരുന്ന മതസമൂഹത്തെ വേണ്ടത്ര വിശകലനങ്ങളില്ലാതെ തട്ടിക്കൂട്ടിയ ഒരു നിയമസംഹിതയിലേക്ക് ഒന്നിപ്പിച്ചതിന്‍റെ പ്രശ്നങ്ങള്‍ നിരവധിയാണ്.

ലോകത്തെമ്പാടും മുസ്ലീംസമൂഹം പ്രാദേശികതകളുമായി കലര്‍ന്ന് എങ്ങനെ വ്യത്യസ്തരായിരിക്കുന്നുവോ, അതുപോലെത്തന്നെയാണ് അവര്‍ നിലനിര്‍ത്തിപ്പോന്ന മതനിയമങ്ങളും. ഇന്നും മരുമക്കത്തായ രീതി ഒട്ടും സംഘര്‍ഷങ്ങളില്ലാതെ നിലനിര്‍ത്തുന്ന മുസ്ലീങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ചില കിഴക്കനാഫ്രിക്കന്‍ പ്രദേശങ്ങളിലും ശ്രീലങ്കയിലും ഇന്‍ഡോനേഷ്യയിലുമുണ്ട്. മാതൃദായക്രമത്തില്‍ സ്വത്തു കയ്യാളുന്നവര്‍ സ്ത്രീകളാണല്ലോ.

അറേബ്യയിലെ സാംസ്കാരിക പശ്ചാത്തലമുദ്രകള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന മുസ്ലിം വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിലെ ചില സൂചനകളും, നബി ജീവിച്ചിരുന്ന കാലത്ത് കുടുംബ, സാമൂഹ്യപ്രശ്നങ്ങളില്‍ അദ്ദേഹമെടുത്ത തീര്‍പ്പുകല്‍പ്പിക്കലുകളായി പലരിലൂടെയുള്ള വാമൊഴികളുടെ സംഗ്രഹങ്ങളായ ഹദീസു ഗ്രന്ഥങ്ങളും അടിസ്ഥാനപ്പെടുത്തി, അക്കാലമാകുമ്പോഴേക്കും ഏറെ വികസിതമായ മുസ്ലിം സാമ്രാജ്യത്തിന്‍റെ സാംസ്കാരികകേന്ദ്രങ്ങളില്‍, അന്നത്തെ മനുഷ്യവ്യവഹാര പ്രശ്നങ്ങളെക്കൂടി കണ്ടറിഞ്ഞ് പ്രവാചക കാലത്തിനും ഏറെ ശേഷം ഒമ്പതാം നൂറ്റാണ്ടോടെ ഉരുത്തിരിഞ്ഞു വന്നു തുടങ്ങിയവയാണ് വിവിധ കര്‍മ്മശാസ്ത്ര സ്കൂളുകള്‍. പിന്നെയും നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു അവ ഗ്രന്ഥങ്ങളാവാന്‍. ഷാഫി, ഹനഫി, ഹമ്പലി, മാലിക്കി എന്നിങ്ങനെ നാലു പ്രധാന ചിന്താധാരകളില്‍ പ്രധാനമായ ഷാഫി സ്കൂളിന് ബീജാവാപം മക്കയില്‍ നിന്ന് ഏറെ ദൂരെയുള്ള ബാഗ്ദാദിലെങ്കില്‍ അതു പിന്നീട് വളര്‍ന്നത് ഈജിപ്തിലെ കെയ്റോയില്‍. ആദ്യ ആധികാരിക ഗ്രന്ഥമായ മിന്‍ഹാജ് ഇറങ്ങിയത് പതിമൂന്നാം നൂറ്റാണ്ടില്‍ സിറിയയില്‍. പിന്നെയത് കൊണ്ടും കൊടുത്തും വളര്‍ന്നും രൂപാന്തരപ്പെട്ടും മുസ്ലിം സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും കടല്‍ വഴിയിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രബന്ധിത പ്രദേശങ്ങളായ സാന്‍സിബാറിലും സിലോണിലും ഇന്‍ഡോനേഷ്യയിലും എന്ന പോലെ മലബാറിലും എത്തുന്നു. മറ്റു സ്കൂളുകളും കരയിലൂടെ സഞ്ചരിച്ച് തുര്‍ക്കിയിലും വടക്കേയിന്ത്യയിലുമൊക്കെ പടരുന്നു. ഒന്നിന്‍റെയും മൗലികമായ രൂപം ഒരു പ്രദേശത്തും നിലനില്‍ക്കുന്നു എന്നു പറയാനാവില്ല. ഒട്ടോമന്‍ സാമ്രാജ്യം ഹനഫി സ്കൂളിന് പ്രാധാന്യം കൊടുത്തുവെങ്കില്‍ മക്കയില്‍ ഷാഫി സ്കൂളിനും രണ്ടാം പുണ്യനഗരിയായ മദീനയില്‍ ഹമ്പലി ആശയങ്ങള്‍ക്കുമായിരുന്നത്രെ പതിനാറാം നൂറ്റാണ്ടോടെ സ്വാധീനം.* പൊന്നാനിയെ ചെറിയ മക്ക എന്നു വിളിച്ചത് അവിടവും ഇസ്ലാമിക പഠനത്തിന്‍റെയും പരിഷ്കരിക്കപ്പെട്ട അല്ലെങ്കില്‍ പ്രാദേശിക വല്‍ക്കരിക്കപ്പെട്ട ഇസ്ലാമിക നിയമനിര്‍മ്മാണത്തിന്‍റെയും കൂടി കേന്ദ്രമായി മാറിയതിനാലാണ്. സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ ഹത്തഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തിന് മലബാറില്‍ മാത്രമല്ല, കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പെടെ പുറം രാജ്യങ്ങളിലും അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. സമുദ്രഞ്ചാരികള്‍ വഴി, ജ്ഞാനികളും മതപ്രചാരകരും വഴി, ഇസ്ലാമികനിയമത്തിന്‍റെ വ്യത്യസ്ത ധാരകള്‍ സമുദ്രം വഴി മുന്നോട്ടും തിരിച്ചുമൊഴുകി എന്നു സാരം. കര വഴി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെത്തിയത് ഇസ്ലാമിക ഭരണ കര്‍ത്താക്കളുടെ വിശ്വാസധാരയെന്ന നിലയില്‍ കൂടിയാകാം. എങ്ങനെയായാലും അവയെല്ലാം ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങളില്‍ പ്രാദേശികത്തനിമ കലര്‍ന്ന് സംഘര്‍ഷങ്ങളില്ലാതെ അനുവര്‍ത്തിക്കപ്പെടുകയായിരുന്നു. കൗതുകകരമായ കാര്യം, മതഭേദമെന്യെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് മറ്റു സമുദായക്കാരും, ചിലയിടങ്ങളില്‍ ഹിന്ദു പിന്തുടര്‍ച്ചാസമ്പ്രദായങ്ങള്‍ക്കനുസരിച്ച് മുസ്ലിങ്ങളും തങ്ങളുടെ ജീവിത വ്യഹാരങ്ങള്‍ ക്രമീകരിച്ച് സൗഹാര്‍ദ്ദപൂര്‍വം ഈ വലിയ ഭൂപ്രദേശത്ത് കഴിഞ്ഞിരുന്നു എന്നതാണ്.പെണ്ണിനും കുടുംബസ്വത്തില്‍ അവകാശമുണ്ടെന്നും അവള്‍ക്കും വിവാഹമോചനാവകാശമുണ്ടെന്നുമുള്ള ആശയം ഇസ്ലാമില്‍ നിന്നാണ് ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷ ജനതയിലേക്കെത്തിയത് എന്ന കൗതുകവുമുണ്ട്. മനുഷ്യസമത്വ സങ്കല്‍പ്പമുള്‍പ്പെടെയുള്ള ഒരു ആധുനിക ചിന്താപദ്ധതിയായാണ് ഇസ്ലാം ഇന്തൃന്‍ ജനതയിലേക്കെത്തിയത് എന്നു സാരം.ആ ചിന്താപദ്ധതികളിലെ കാലാനുസൃത മാറ്റങ്ങള്‍ക്കു വേണ്ടിയാണ് ഇന്ന് പൊരുതേണ്ടിവരുന്നത് എന്നത് ചരിത്രത്തിലെ ഐറണി !

ഇന്ത്യയിലെ സിവില്‍ നിയമങ്ങളില്‍ ഏകദേശം 95 ശതമാനവും ഏകീകൃതമാണ്. വിവിധ വിശ്വാസികളുടെ വ്യക്തി-കുടുംബ ജീവിതങ്ങളുമായി ബന്ധപ്പെട്ട വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, കുട്ടികളുടെ സംരക്ഷണച്ചുമതല,ദത്ത് ,സ്വത്തുവിഭജനം എന്നിവയില്‍ മാത്രമാണ് തനിമ നിലനിര്‍ത്താന്‍ അനുവാദമുള്ളത്. വൃതൃസ്ത വൃക്തിനിയമങ്ങള്‍ അങ്ങനെ ഹിന്ദു -ക്രിസ്ത്യന്‍-മുസ്ലിം – സിക്ക് – പാഴ്സി വ്യക്തി നിയമങ്ങളായി ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ധാരാളമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം നിലനിര്‍ത്തപ്പെട്ടു. കാലാനുസൃത പരിഷ്കാരങ്ങള്‍ വേണ്ടതാണെന്നത് നിര്‍ദ്ദേശകതത്വങ്ങളായി ഉള്‍ചേര്‍ത്തു കൊണ്ടു തന്നെ. ഹിന്ദു, ക്രിസ്ത്യന്‍ വൃക്തിനിയമങ്ങള്‍, പിന്തുടര്‍ച്ചാവകാശ നിയമങ്ങളുള്‍പ്പെടെ ഏറെ എതിര്‍പ്പുകള്‍ അതിജീവിച്ചു തന്നെ സ്വതന്ത്ര ഇന്ത്യയില്‍ പരിഷ്കരിക്കപ്പെട്ടു. ഇനിയുമേറെ പരിഷ്കരണങ്ങള്‍ അവയിലൊക്കെ നടക്കേണ്ടതുണ്ടെങ്കിലും ദൈവകല്‍പ്പിതം എന്ന പേരിലും മതസ്വാതന്ത്രൃം എന്ന ഭരണഘടനാവകാശത്തിന്‍റെ പേരിലും ഇസ്ലാം മതവിഭാഗം പിന്തുടര്‍ച്ചാവകാശ നിയമമെന്ന സ്ത്രീവിരുദ്ധതയെ പ്രത്യേകിച്ചും, പരിപാലിച്ചു പോരുക തന്നെ ചെയ്തു.
മുസ്ലിം വ്യക്തിനിയമസംഹിതകളിലെ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍, ബാക്കി വിഷയങ്ങളിലെന്നപോലെയുള്ള വൃക്തത കാണാനാവില്ല. വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്കനുസൃതമായ തരംതിരിച്ചുള്ള ക്രോഡീകരണം നടന്നിട്ടുമില്ല. അതിന്‍റെ സങ്കീര്‍ണതയും അവ്യക്തതയും തന്നെ കാരണം. ശരീഅത്ത് അനുസരിച്ചായിരിക്കണം തീരുമാനിക്കേണ്ടത് എന്നു മാത്രമേ പേഴ്സണല്‍ ലോയില്‍ പറഞ്ഞിട്ടുള്ളു.

ഹിന്ദു, ക്രിസ്ത്യന്‍ വൃക്തിനിയമങ്ങള്‍, പിന്തുടര്‍ച്ചാവകാശ നിയമങ്ങളുള്‍പ്പെടെ ഏറെ എതിര്‍പ്പുകള്‍ അതിജീവിച്ചു തന്നെ സ്വതന്ത്ര ഇന്ത്യയില്‍ പരിഷ്കരിക്കപ്പെട്ടു. ഇനിയുമേറെ പരിഷ്കരണങ്ങള്‍ അവയിലൊക്കെ നടക്കേണ്ടതുണ്ടെങ്കിലും ദൈവകല്‍പ്പിതം എന്ന പേരിലും മതസ്വാതന്ത്രൃം എന്ന ഭരണഘടനാവകാശത്തിന്‍റെ പേരിലും ഇസ്ലാം മതവിഭാഗം പിന്തുടര്‍ച്ചാവകാശ നിയമമെന്ന സ്ത്രീവിരുദ്ധതയെ പ്രത്യേകിച്ചും, പരിപാലിച്ചു പോരുക തന്നെ ചെയ്തു.

എന്താണ് ശരീഅഃ അല്ലെങ്കില്‍ ശരീഅത്ത് ? അതിന്‍റെ വാച്യാര്‍ത്ഥം ശരിയായ വഴി എന്നു മാത്രമാണ്. വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ക്കനുസരിച്ചുള്ള ശരിയായ ജീവിതമാര്‍ഗം എന്നു മനസ്സിലാക്കാം അതിനെ. ധാരാളം കര്‍മ്മ ശാസ്ത്ര പുസ്തകങ്ങള്‍ പല കാലങ്ങളിലായി ഇറങ്ങിയതിനെപ്പറ്റി നേരത്തേ പറഞ്ഞു.കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിലെ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ ഫത്തഹുല്‍ മുഈന്‍ ഉള്‍പ്പെടെ വ്യത്യസ്ത മദ്ഹബുകളുടെ (School of Thoughts) കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പലതും ഇറങ്ങിയിട്ടുണ്ട്, ഇപ്പോഴും ഇറങ്ങുന്നുമുണ്ട്. മുസ്ലിമിനാല്‍ വിരചിതമല്ലെങ്കിലും മുല്ലയുടെ Principles of Mohammedan lawയും അന്ന് ലഭ്യമായിരുന്ന അത്തരം ഗ്രന്ഥങ്ങളുടെ ഒരു സംഗ്രഹമാണ്. ഓരോ വട്ടവും പിന്തുടര്‍ച്ചാവകാശ സംബന്ധമായ കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ആ പ്രത്യേക സന്ദര്‍ഭത്തില്‍ പ്രസക്തമായ നിയമം ഏതാണ് എന്നറിയാന്‍ ഖുര്‍ആനും, ആധികാരികമാണോ എന്ന സംശയം മുസ്ലിം പണ്ഡിതര്‍ തന്നെ ഉന്നയിക്കാറുള്ള ഹദീസ് ഗ്രന്ഥങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും മുമ്പുണ്ടായിട്ടുള്ള വിധി തീര്‍പ്പുകളും ഇപ്പറഞ്ഞ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’യും തിരഞ്ഞുപോകേണ്ട ഗതികേടാണ് ന്യായാധിപര്‍ക്ക്. ഒരു പരിഷ്കരണവും ഇക്കാലം വരെ സാധ്യമാകാത്തതിനു കാരണവും ഈ വൃക്തതയില്ലായ്മ തന്നെ.
ഇന്ത്യയില്‍ത്തന്നെ വിവിധ കര്‍മ്മശാസ്ത്ര മദ്ഹബ്കളുടെ സ്വാധീനമുള്ളതിനാല്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടവയായിരിക്കണമെന്നില്ല ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടാവുക. ബഹു ഭൂരിപക്ഷമായ സുന്നികള്‍ പൊതുവേ ഷാഫി മദ്ഹബ് സ്വീകരിച്ചവരെങ്കില്‍ ഷിയാവിഭാഗക്കാര്‍ക്ക് ഹനഫി സ്കൂളാണ് സ്വീകാര്യം. തര്‍ക്കങ്ങളായി കോടതിയിലെത്താത്ത ബഹുഭൂരിപക്ഷം പിന്തുടര്‍ച്ചാ പ്രശ്നങ്ങളും അതാതിടങ്ങളില്‍ സാമ്പ്രദായികമായി നിലനില്‍ക്കുന്ന രീതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന രീതിയാണുള്ളത്. വില്ലേജ് ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍ തുടങ്ങിയവരൊക്കെ ഈ സാമ്പ്രദായികരീതി തന്നെ നിയമമായി കരുതി തീരുമാനങ്ങളെടുക്കുന്നു. എത്ര മനുഷ്യവിരുദ്ധമെന്നുറപ്പുണ്ടെങ്കിലും സമുദായത്തിന്‍റെ പ്രാദേശിക വ്യവഹാരങ്ങളിലൊക്കെ ഇടപെടുന്ന മഹല്ലു കമ്മറ്റികള്‍ ഇക്കാര്യത്തില്‍ എപ്പോഴും പുരുഷ പക്ഷത്തു തന്നെ നില്‍ക്കുകയും ചെയ്യും.

എ ഡി. 569 മുതല്‍ 622 വരെ മുഹമ്മദു നബി ജീവിച്ച കാലയളവിനുള്ളില്‍ ഇറങ്ങിയവയാണ് ഖുര്‍ആന്‍ വചനങ്ങള്‍ മുഴുവന്‍. അവയുടെ സംഗ്രഹം നടന്നത് അദ്ദേഹത്തിന്‍റെ മരണത്തിനും ദശകങ്ങള്‍ കഴിഞ്ഞും. ആ കാലത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍ ഇന്ന് ഇസ്ലാം പ്രാക്ടീസ് ചെയ്യപ്പെടുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളുടേതില്‍ നിന്നും, ഇന്നത്തെ അറബിനാടുകളുടേതില്‍ നിന്നു പോലും ഏറെ വിഭിന്നമായ ഒന്നായിരുന്നു എന്നത് ഊഹിക്കാവുന്നതല്ലേ? കുടുംബ, വൈവാഹിക ബന്ധങ്ങളും രീതികളും വ്യത്യസ്തമായിരുന്നു, സ്വത്ത് എന്ന ആശയം തന്നെ വേറെയെന്തൊക്കെയോ ആയിരുന്നു . ഈത്തപ്പഴ ശേഖരമോ ധാന്യ ശേഖരമോ കച്ചവടത്തിലൂടെ ധനികരായെങ്കില്‍ ഇത്തിരി സ്വര്‍ണനാണയശേഖരമോ ഒക്കെയായിരിക്കണം സ്വത്ത് എന്നത്. പിന്നെ കാലികളും. അപൂര്‍വം ധനികര്‍ക്ക് ഈന്തപ്പഴത്തോട്ടങ്ങള്‍ ഉണ്ടായാലായി. ഇതു കൊണ്ടൊക്കെയാണ് ഒരാള്‍ മരിച്ച് അയാള്‍ ബാക്കി വെച്ചത് പങ്കുവെക്കുന്ന വേളയില്‍ അഗതികള്‍ ആരെങ്കിലും വന്നാല്‍ എന്തെങ്കിലുമൊക്കെ അവര്‍ക്കും ഔദാര്യപൂര്‍വം കൊടുത്തേക്കണം എന്നു ഖുര്‍ആനില്‍ പറഞ്ഞത് .അതുചിലപ്പോള്‍ ഒരു കൂട കാരക്കയാകാം, ധാന്യമാകാം, ഇത്തിരി നാണയങ്ങളാകാം.ബാങ്ക് ബാലന്‍സും വീടും പറമ്പും ബിസിനസ് സാമ്രാജ്യവും പെന്‍ഷനും ഒന്നുമില്ലാതിരുന്ന, പ്രായമായ മാതാപിതാക്കള്‍ കൂടെത്തന്നെ താമസിക്കുന്ന, സമ്പാദനത്തിന്‍റെ ഉത്തരവാദിത്തം പുരുഷനു മാത്രമായിരുന്ന, ഭര്‍ത്താവു മരിച്ചാലോ വിവാഹമോചനം നേടിയാലോ സ്ത്രീക്ക് അധികം വൈകാതെ വീണ്ടുമൊരു വിവാഹ ജീവിതം സാധ്യമാകുമായിരുന്ന, വ്യത്യസ്ത ഉമ്മമാരുടെ മക്കളും വ്യത്യസ്ത ഉപ്പമാരുടെ മക്കളും പലതരത്തില്‍ ഇടകലര്‍ന്ന് ഒരേ വീട്ടില്‍ കഴിയേണ്ടിവന്നിരുന്ന കാലമായിരുന്നല്ലോ അത്. ആ കാലത്ത് ഉരുത്തിരിഞ്ഞു വന്നിരിക്കാവുന്ന സ്വത്തുവിഭജന പ്രശ്നങ്ങളില്‍ ചിലവയ്ക്ക് തീര്‍പ്പുകളായി വന്നവയാണ് ഖുര്‍ആനില്‍ ഇതുമായി ബന്ധപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍. ഖുര്‍ആനിന്‍റെ അടിസ്ഥാന ആശയങ്ങളായ സമത്വം, നീതി (തീര്‍ച്ചയായും ലിംഗനീതിയുള്‍പ്പെടെ) ലംഘിക്കപ്പെടാതെ അവയെങ്ങനെ കാലത്തിനും ദേശത്തിനുമനുസരിച്ച് പുന:സൃഷ്ടിക്കാം എന്ന ചിന്തകളില്‍ നിന്നു തന്നെയാണ് വ്യത്യസ്ത കര്‍മ്മ ശാസ്ത്രധാരകള്‍ പലയിടങ്ങില്‍ ചര്‍ച്ചകളിലൂടെ, വാദപ്രതിവാദങ്ങളിലൂടെ ഉണ്ടായി വന്നതും. ഈ സത്യത്തെ തമസ്കരിച്ചുകൊണ്ടാണ് കൊളോണിയല്‍ ഭരണാധികാരികളുടെയും ആജ്ഞാനുവര്‍ത്തികളുടെയും സൃഷ്ടിയായ വൃക്തി നിയമസംഹിതയെ വിശുദ്ധമെന്നും ഖുര്‍ആനികമെന്നും മുദ്രചാര്‍ത്തി ഇന്തൃയില്‍ സംരക്ഷിക്കപ്പെടുന്നത്. അപഹാസ്യമാണിത്. അല്ലെന്നു കരുതുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്നു ശരീഅ: എന്ന നിലയില്‍ പിന്തുടരപ്പെടുന്ന ചില സ്വത്ത് വിഭജനരീതികളും അവയുടെ സാമൂഹികാഘാതങ്ങളും ഒന്നു പരിശോധിച്ചു നോക്കുക.

സ്ത്രീക്ക് സ്വത്തവകാശമോ വൃക്തി എന്ന നിലയില്‍ പരിഗണനകളോ കിട്ടാതിരുന്ന അറേബ്യന്‍ ഗോത്ര പാരമ്പര്യത്തിലേക്കാണ് സ്ത്രീക്കും സ്വത്തിലവകാശമുണ്ട് എന്നൊരു നിയമം ഇസ്ലാമിന്‍റെ ആദ്യകാലത്ത് കൊണ്ടുവന്നത് എന്നോര്‍ക്കുക. അവള്‍ക്കെന്തിനാണ് സ്വത്ത് എന്ന ഗോത്രകാല ചിന്തയില്‍ നിന്ന് അവള്‍ക്ക് അത്രയേ ആവശ്യമുള്ളു, വിവാഹ വേളയില്‍ സ്ത്രീധനവുമായല്ലേ അവളിറങ്ങിപ്പോയത് എന്ന ന്യായീകരണത്തിലേക്കാണ് നമ്മുടെ വളര്‍ച്ച. ശരിയാണ്, സ്ത്രീക്കു കൊടുത്തു വിടേണ്ട സ്വര്‍ണവും പണവും കുടുംബത്തിന്‍റെ, ആങ്ങളമാരുടെ ഭാരം തന്നെയാണ്. പക്ഷേ, എങ്ങനെയാണ് തികച്ചും ഇസ്ലാമികവിരുദ്ധമായ സ്ത്രീധനമെന്ന സങ്കല്‍പ്പത്തിലേക്ക് മുസ്ലിങ്ങള്‍ എത്തിച്ചേര്‍ന്നത് എന്ന ചോദ്യമുണ്ടല്ലോ. പുരുഷന്‍ പെണ്ണിന് വിവാഹ വേളയില്‍ കൊടുക്കേണ്ട മഹര്‍ എന്ന ഉപഹാരമാണ് വാസ്തവത്തില്‍ ഇസ്ലാമികം.

1. ആണ്‍കുട്ടിയുടെ പകുതി സ്വത്തു മാത്രം പെണ്‍കുട്ടിക്ക് – പൊതു ജന ശ്രദ്ധ കിട്ടിയിട്ടുള്ള ലിംഗവിവേചനപരമായ ഒരേയൊന്ന് ഒരുപക്ഷേ, ഈ നിയമമായിരിക്കും.

സ്ത്രീക്ക് സ്വത്തവകാശമോ വൃക്തി എന്ന നിലയില്‍ പരിഗണനകളോ കിട്ടാതിരുന്ന അറേബ്യന്‍ ഗോത്ര പാരമ്പര്യത്തിലേക്കാണ് സ്ത്രീക്കും സ്വത്തിലവകാശമുണ്ട് എന്നൊരു നിയമം ഇസ്ലാമിന്‍റെ ആദ്യകാലത്ത് കൊണ്ടുവന്നത് എന്നോര്‍ക്കുക. അവള്‍ക്കെന്തിനാണ് സ്വത്ത് എന്ന ഗോത്രകാല ചിന്തയില്‍ നിന്ന് അവള്‍ക്ക് അത്രയേ ആവശ്യമുള്ളു, വിവാഹ വേളയില്‍ സ്ത്രീധനവുമായല്ലേ അവളിറങ്ങിപ്പോയത് എന്ന ന്യായീകരണത്തിലേക്കാണ് നമ്മുടെ വളര്‍ച്ച. ശരിയാണ്, സ്ത്രീക്കു കൊടുത്തു വിടേണ്ട സ്വര്‍ണവും പണവും കുടുംബത്തിന്‍റെ, ആങ്ങളമാരുടെ ഭാരം തന്നെയാണ്. പക്ഷേ, എങ്ങനെയാണ് തികച്ചും ഇസ്ലാമികവിരുദ്ധമായ സ്ത്രീധനമെന്ന സങ്കല്‍പ്പത്തിലേക്ക് മുസ്ലിങ്ങള്‍ എത്തിച്ചേര്‍ന്നത് എന്ന ചോദ്യമുണ്ടല്ലോ. പുരുഷന്‍ പെണ്ണിന് വിവാഹ വേളയില്‍ കൊടുക്കേണ്ട മഹര്‍ എന്ന ഉപഹാരമാണ് വാസ്തവത്തില്‍ ഇസ്ലാമികം. അത് നാമമാത്രമാക്കിച്ചുരുക്കി സ്ത്രീധനത്തിന്‍റെ തട്ട് കൂടുതല്‍ കൂടുതല്‍ കനം തൂങ്ങി നില്‍ക്കുന്നു ഇന്ന്. സ്ത്രീയെ കൂടുതല്‍ കൂടുതല്‍ വസ്തുവല്‍ക്കരിക്കുകയും അവളുടെ ജീവിതം പുരുഷവീട്ടില്‍ അരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട് ഈ സമ്പ്രദായം. സ്ത്രീധനത്തിനെതിരെ സംസാരിക്കുമ്പോള്‍, സ്വത്തിലെ തുല്യാവകാശം അവള്‍ക്കു നല്‍കാവുന്ന ആത്മവിശ്വാസവും, സ്വന്തം വീട്ടിലേക്ക് വേണ്ടി വന്നാല്‍ ആത്മാഭിമാനത്തോടെ മടങ്ങി വരാനുള്ള അവകാശവും അവള്‍ക്ക് തിരിച്ചു കിട്ടുന്നുണ്ട് എന്ന വസ്തുതയെ നാം ഓര്‍ക്കാറില്ല. അവള്‍ക്കെന്തിനാണ് സ്ത്രീധനം? അതു വേണ്ടെന്നു പറയാന്‍ പെണ്‍കുട്ടിക്കും കഴിയണം. അവള്‍ക്കു വേണ്ടത് സമത്വമാണ്. എല്ലാ അര്‍ത്ഥത്തിലും!
ഇത്തരുണത്തില്‍ നമുക്ക് മേരി റോയിയെ ഓര്‍ക്കാം. ദീര്‍ഘകാലം നിയമ പോരാട്ടം നടത്തി തുല്യ സ്വത്തവകാശം നേടിയെടുത്ത ശേഷം നിയമപൂര്‍വം ലഭിച്ചത് സഹോദരനു തന്നെ വിട്ടു കൊടുക്കുന്നുണ്ട് മേരി റോയ്. താന്‍ പോരാടിയത് സ്വത്തുമോഹം കൊണ്ടല്ല, സ്ത്രീകള്‍ക്കു നേരെയുള്ള ഈ വിവേചനം നിര്‍ത്തലാക്കേണ്ടതുണ്ട് എന്ന നീതിബോധം കൊണ്ടാണ് എന്നു പ്രഖ്യാപിക്കുകയായിരുന്നു അവര്‍. അതെ, തുല്യ സ്വത്തവകാശം സ്ത്രീയുടെ ആത്മാഭിമാനപ്രശ്നം കൂടിയാണ്.

അടുത്തത് നോക്കുക – മക്കളുള്ള ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയ്ക്ക് അയാളുടെ സ്വത്തിന്‍റെ എട്ടിലൊരു ഭാഗമേയുള്ളു. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ ഈ എട്ടിലൊരു ഭാഗം എല്ലാവരും കൂടി ഭാഗിച്ചെടുത്തോളണം. നേരെ മറിച്ച്, ഭാര്യ (ഭാര്യമാര്‍) ആദ്യം മരിച്ചാല്‍ കാല്‍ഭാഗം (ഓരോരുത്തരുടെയും ) ഭര്‍ത്താവിന് !

മുതിര്‍ന്ന, അവിവാഹിതനായ മകന്‍ മരിച്ചാല്‍ സ്വത്തെല്ലാം മാതാപിതാക്കളിലേക്ക് ന്യായമായും എത്തുമല്ലോ. പക്ഷേ, ആ മകന്‍റെ ഉമ്മയ്ക്ക് സ്വത്തിന്‍റെ ആറിലൊരു ഭാഗം മാത്രമായിരിക്കും ലഭിക്കുക.അവരാണ് ആ മകനെ വളര്‍ത്തിയെടുക്കാന്‍ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടതെന്നാകിലും ബാക്കി ആറില്‍ അഞ്ചു ഭാഗവും ഉപ്പയ്ക്ക് ചെന്നുചേരും. അയാള്‍ ആ ഉമ്മയില്‍ നിന്നും മകനില്‍ നിന്നും അകന്നു നില്‍ക്കുന്നവനായിരിക്കാമെങ്കിലും.

സ്ത്രീക്ക് കുടുംബത്തിന്‍റെ സാമ്പത്തിക ഉത്തരവാദിത്തമേ ഇല്ലാതിരുന്ന ഒരു കാലത്ത്, നിയമപരമായി പിരിഞ്ഞാലല്ലാത്ത അവസ്ഥയില്‍ പുരുഷന്‍ ആ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റിയിരുന്ന സാമൂഹ്യ പശ്ചാത്തലത്തില്‍, ഇവയ്ക്കൊക്കെ ന്യായീകരണമുണ്ടെന്നു കാണാം. പുതിയ കാലത്ത് ഒരു കുടുംബത്തിന്‍റെ സാമ്പത്തിക ധാര്‍മ്മിക ബാധ്യതകള്‍ എത്രമാത്രം സ്ത്രീയുടെ മേല്‍ വന്നു വീഴുന്നു എന്ന് നമുക്കറിയാം.
ഏറെ അനീതിപരവും പലപ്പോഴും സ്ത്രീകളുടെ ജീവിതം (മക്കളുടെയും) വഴിമുട്ടിക്കുന്നതുമായ രണ്ടു നിയമങ്ങള്‍ കൂടി,

1. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തിലെ രക്ഷിതാവ് (ഉപ്പയാവാം, ഉമ്മയാവാം) മരിച്ചാല്‍ അവരുടെ സ്വത്തിന്‍റെ 1/3 ന് അവകാശികള്‍ മറ്റു ബന്ധുക്കളാണ്. പെണ്‍കുട്ടികള്‍ക്ക് വീടോ ,കാറോ, മറ്റു വഹകളോ ക്രയവിക്രയം ചെയ്യണമെങ്കില്‍പ്പോലും ആ അവകാശികളെ തേടിപ്പിടിച്ച് ഒപ്പുവാങ്ങിച്ച്, ഭാഗം കൊടുത്തോ ദയാപൂര്‍വം ഒഴിമുറി വാങ്ങിയോ മാത്രമേ അതു സാധ്യമാകൂ. ബിസിനസ് നടത്തിയിരുന്ന ഒരു പിതാവാണ് മരിച്ചതെങ്കില്‍ ഏറെ കഷ്ടമാകും സ്ഥിതി. പെണ്‍മക്കള്‍ എത്ര വിദ്യാസമ്പന്നരും വകതിരിവുള്ളവരും ആണെങ്കിലും ബിസിനസ് നിയന്ത്രണം പിന്നെ പുരുഷ ബന്ധുക്കളുടെ കയ്യിലാവും. ഒറ്റ വീടും ഇത്തിരി മണ്ണും മാത്രമുള്ള ദരിദ്രകുടുംബങ്ങളുടെ സ്ഥിതി അതിനേക്കാള്‍ ദയനീയം.

ഖുര്‍ആനിലെ ഒരു ആയത്തിനെ വക്രീകരിച്ചാണ് ഈ നിയമം പ്രാവര്‍ത്തികമാക്കിയതെന്ന് മാനവികമായി ഖുര്‍ആനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പണ്ഡിതര്‍. മക്കളില്ലാതിരിക്കുന്ന അവസ്ഥയില്‍ ഒരാള്‍ മരിച്ചാല്‍ സ്വത്ത് ബന്ധുക്കള്‍ക്കും പോകും എന്നുള്ളതിനെ വക്രീകരിച്ച് ‘ആണ്‍മക്കളില്ലാതിരുന്നാല്‍.. ‘എന്നു വിവര്‍ത്തനം ചെയ്യുകയായിരുന്നു പുരുഷ വ്യാഖ്യാതാക്കള്‍. പിന്നെ ഷെയര്‍ കണക്കുകളും അവകാശികളും ഉണ്ടാവുകയായി.

2. കുടുംബ സ്വത്ത് വിഭജിക്കും മുമ്പ് പ്രായമായ മാതാപിതാക്കളുടെ ഒരു മകന്‍ മരിച്ചാല്‍ പിന്നീട് ആ മകന്‍റെ ഭാര്യയ്ക്കോ മക്കള്‍ക്കോ സ്വത്തില്‍ യാതൊരവകാശമുണ്ടാകില്ല എന്നു നിയമം!
കൂട്ടുകുടുംബമാണെങ്കില്‍ മക്കളെയും കൊണ്ട് ആ ദു:ഖിതയായ ഭാര്യയ്ക്ക് നിസ്സഹായയായി ഇറങ്ങാം. അണുകുടുംബമെങ്കില്‍ കുടുംബനാഥന്‍ സമ്പാദിക്കുമായിരുന്ന വരുമാനവും നിലച്ച് , അയാളുടെ കുടുംബത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാവാതെ കഷ്ടപ്പെടാം.

ഈയിടെ മാവേലിക്കര കുടുംബക്കോടതിയുടെ ഒരു വിധി വന്നത് ഓര്‍മ്മിക്കുമല്ലോ .ആത്മഹതൃ ചെയ്ത മകന്‍റെ മക്കളെ അഗതികളാക്കാതെ, ഇഷ്ടദാനം ചെയ്യാനുള്ള തന്‍റെ അവകാശം (സ്വത്തിന്‍റെ 1/4 വരെ) ഉപയോഗിക്കാന്‍, അങ്ങനെ അയാളുടെ പേരക്കുട്ടികള്‍ക്ക് മാന്യമായി ജീവിക്കാനും വിദ്യാഭ്യാസത്തിനും ആവശൃമായ തുക കൊടുക്കാന്‍, ധനികനായ വൃദ്ധപിതാവിനോട് ആവശ്യപ്പെടുന്ന വിധി. അത്രയും നല്ലത്! പക്ഷേ, ഒസ്യത്ത് ഒരു ഔദാര്യം മാത്രമാണ്. അത് അവകാശമല്ലാത്തതു കൊണ്ടു തന്നെ എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. ഈ കേസില്‍ തന്നെ കോടതി വേണ്ടിവന്നുവല്ലോ ആ ഔദാര്യമെങ്കിലും അവര്‍ക്ക് ലഭ്യമാക്കാന്‍. എത്ര പേര്‍ക്ക് അങ്ങനെ കോടതിയില്‍ പോയി ഔദാര്യം സംഘടിപ്പിക്കാനാവും!
ഓര്‍ക്കാപ്പുറത്തു വന്നു ചുറ്റി വരിയുകയാണ് പലരുടെയും ജീവിതഗതിയില്‍ ഇത്തരം സന്നിഗ്ദ്ധതകള്‍. മരണം പലപ്പോഴും യാദൃശ്ചിതകളാണല്ലോ. ആക്സിഡന്‍റില്‍ മരിച്ച പിതാവിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ് തുക വരുമ്പോള്‍, ദേശീയപാതാ വികസനത്തിനു വിട്ടുകൊടുത്ത സ്ഥലത്തിന്‍റെ തുക അനുവദിച്ചു കിട്ടുമ്പോള്‍, ഒക്കെ മറ്റവകാശികള്‍ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന അത്ഭുതം ആണ്‍തരിയില്ലാത്തതിന്‍റെ പേരില്‍ കുടുംബങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരികയാണ്.

മാറ്റി നിര്‍ത്തപ്പെടുന്നവര്‍, ദളിതര്‍, ആദിവാസികള്‍, ലോകത്തെമ്പാടും ദീര്‍ഘകാലം അടിമ ജീവിതം നയിച്ച ആഫ്രിക്കന്‍ വംശജര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങിയവര്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ട് ശക്തരായി സമൂഹത്തിന്‍റെ മുന്‍നിരയിലേക്കു വന്നുകൊണ്ടിരിക്കുന്ന ആധുനിക കാലത്തും ഒരു പ്രത്യേക മതത്തില്‍ പിറന്നു പോയി എന്നതിനാല്‍ സ്ത്രീകള്‍ ഈ വിധം ചൂഷണവിധേയരാകുന്നത് അനുവദിക്കുക വയ്യ. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും അതിലെ ആര്‍ടികള്‍ 13, 14, 15, 21 എന്നിവയിലെ സമത്വത്തിലധിഷ്ഠിതമായ നിയമങ്ങള്‍ക്കും വിരുദ്ധമാണത്. ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തെ ലംഘിക്കലാണ്. മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ എല്ലാതരം വിവേചനങ്ങള്‍ക്കും അറുതി വരുത്താന്‍ ഇടപെടണമെന്ന 1979 ലെ യുഎന്‍ സമ്മേളന പ്രമേയമനുസരിച്ചും ഇന്തൃ അതിന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. 1993 ല്‍, ഏറെ വൈകിയാണെങ്കിലും അതിനുള്ള സന്ധിയില്‍ ഒപ്പുവെച്ച രാജ്യമാണല്ലോ നമ്മുടേതും.

മറ്റൊരു പ്രധാന കാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ലോകത്തൊരു രാഷ്ട്രത്തിലും കാലാകാലങ്ങളിലായി മാറ്റമില്ലാതെ നിലകൊള്ളുന്ന ഇസ്ലാമിക നിയമസംഹിതയില്ല എന്നതാണ്. ഇരുപതോളം മുസ്ലിം രാഷ്ട്രങ്ങളില്‍ കാലാനുസൃതമായി അവ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലുള്‍പ്പെടെ അമാനവികതകള്‍ നീക്കി നിയമങ്ങള്‍ ഈയടുത്ത അവസരത്തിലും പരിഷ്കരിച്ചിരിക്കുന്നു. വിവിധ മദ്ഹബുകളെ അടിസ്ഥാനമാക്കിയായിരുന്നു അവയുടെയൊക്കെ ആദ്യകാല നിയമസംഹിതകളെങ്കിലും അവയൊന്നും വെള്ളം കടക്കാത്ത അറകളില്‍ തനിമയോടെ നിന്നിരുന്നവയുമല്ല.

ഇസ്ലാമിന്‍റെ വ്യാപനമുണ്ടായ പ്രദേശങ്ങളിലെല്ലാം അതാതിടങ്ങളിലെ സംസ്കാരത്തില്‍, രാഷ്ട്രീയ കാലാവസ്ഥയില്‍, സാമൂഹ്യസാമ്പത്തിക പശ്ചാത്തലങ്ങളില്‍, അതുവരെ നിലനിന്നിരിക്കാവുന്ന നിയമങ്ങളും സമ്പ്രദായങ്ങളും ഖുര്‍ആന്‍റെ അടിസ്ഥാനാശയങ്ങളെ ഖണ്ഡിക്കുന്നില്ലെങ്കില്‍ അവയെക്കൂടി സ്വാംശീകരിച്ചു കൊണ്ടു കൂടിയാണ് പുതിയ പുതിയ ഇസ്ലാമിക കര്‍മ്മ ശാസ്ത്രരീതികള്‍ ലോകത്തിന്‍റെ പല ഭാഗത്തും രൂപപ്പെട്ടു വന്നത്. അതു കൊണ്ടാണ് ഇസ്ലാമിക ചരിത്രവും നിയമങ്ങളും ആഴത്തില്‍ പഠിച്ച നെതര്‍ലാന്‍റ്സ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയും മലയാളിയുമായ മെഹമൂദ് കൂരിയ തന്‍റെ Islamic law in Circulation  എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയത് There is nothing like Islamic law unless it is contextualised and provincialised’. അതെ, കാലത്തിനും ദേശത്തിനുമനുസരിച്ച് മാറ്റങ്ങളുണ്ടാവാന്‍ മാത്രം വഴക്കമുള്ളവ തന്നെയാണ് ഇസ്ലാമിക നിയമങ്ങള്‍! അതറിയാത്തവരോ, സൗകര്യപൂര്‍വം വിസ്മരിക്കുന്നവരോ ആണ് വ്യഥാ ശബ്ദമുണ്ടാക്കുന്നത്.

മെഹമൂദ് കൂരിയ തന്‍റെ ഗ്രന്ഥത്തിലുദ്ധരിക്കുന്ന കവിതാവരികള്‍, ഷാഫി കര്‍മ്മശാസ്ത്ര മദ്ഹബിന്‍റെ കര്‍ത്താവായ അല്‍ ഷാഫിയുടേതാണെന്നതും ഏറെ കൗതുകകരം !

ചിന്താശക്തിയും ബുദ്ധിയുമുള്ളവന് വീടിനകത്ത് ചടഞ്ഞുകൂടാനാവില്ല, അയാള്‍ യാത്ര ചെയ്തു കൊണ്ടേയിരിക്കും.വിട്ടു പോന്നതിനേക്കാള്‍ ശ്രേഷ്ഠമായത് അയാള്‍ കണ്ടെത്തുക തന്നെ ചെയ്യും….
ഒഴുകുന്ന വെള്ളമാണ് ശുദ്ധമാവുക, കെട്ടിക്കിടക്കുന്ന ജലമല്ല .’

ചിന്തകളും അന്വേഷണങ്ങളും ശുദ്ധീകരണവും അനസ്യൂതം തുടരട്ടെ! നമുക്കുമൊഴുകാം പുഴകളായി ….

*Islamic Law in Circulation_ Shafi Texts across the Indian Ocean and the Mediterranean by Mahmood Kooria

ഡോ.ഖദീജ മുംതാസ്
എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0