നിറമുള്ള പട്ടങ്ങള്‍

Homeകഥ

നിറമുള്ള പട്ടങ്ങള്‍

ടലിലാകെ നിലാവ് പരന്നിട്ടുണ്ട്. രാത്രി തിളങ്ങുകയാണ്. തിരകളോരോന്നായി നക്ഷത്രങ്ങളേയും മടിയിലിട്ട് കടലിലേക്കെറിയുന്നതായി തോന്നും.
“പീറ്ററിനൊരു കാര്യമറിയാമോ? ഞാനിന്നേവരെ എഴുതിയ വാക്കുകളെല്ലാം എനിക്ക് നേരെ ചോദ്യങ്ങളെറിഞ്ഞിട്ടേയുള്ളു. ദാ അതുപോലെ ഉത്തരം കിട്ടാത്ത കുറേയധികം ചോദ്യങ്ങള്‍.”
അനുഭങ്ങള്‍ വന്നടിഞ്ഞ നെറ്റിയിലെ പരന്നു കാണുന്ന മറുകില്‍ തടവിക്കൊണ്ട് ആകാശത്തിന്നഭിമുഖമായിക്കിടന്ന് രേവതിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയായിരുന്നു പീറ്റര്‍.
ഈയിരുട്ടില്‍ ഒച്ചവെക്കുന്ന ചീവീടിനെപ്പോലെ ജീവിതമെന്തെന്ന് ചോദിച്ച് തന്നെ ശല്യപ്പെടുത്തിയിരുന്ന ആ പാവാടക്കാരിയല്ല ഇന്ന് രേവതി. മലയാള സഹിത്യരംഗത്ത് പിച്ചവെച്ച് തുടങ്ങിയ കഥാകാരിയാണ്. അവളൊരു ശലഭമായിരുന്നു. പറന്നുയരാന്‍ ഇടമില്ലാതെ പോയവള്‍. ഇരുപതിലെത്തിയപ്പോള്‍ കയറുമുറുക്കപ്പെട്ട കഴുത്ത് ഇപ്പോള്‍ സ്വതന്ത്രമാണ്. പ്രതിഭകൊണ്ടിപ്പോളവള്‍ വീണ്ടും പറന്നുയരാന്‍ ശ്രമിക്കയാണ്. ജീവിതത്തിലെ കയ്പു നിറഞ്ഞ അനുഭവങ്ങളാണവള്‍ക്ക് എഴുത്തിന്‍റെ പടവുകളായതും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഊര്‍ജ്ജമായതും.
“പീറ്റര്‍ കേള്‍ക്കുന്നുണ്ടോ?”
മനസ്സ് കലുഷമാകുമ്പോഴാണ് രേവതി വാചാലയാകാറുള്ളത്. അവളിപ്പോള്‍ അസ്വസ്ഥയാണെന്ന് സംസാരം തുടരാനുള്ള ഈ ചോദ്യത്തില്‍ നിന്നും പീറ്റര്‍ മനസ്സിലാക്കി.
“ഉവ്വ് പറഞ്ഞോളൂ.”
“ഈ കടലാസിലങ്ങനെ നീന്തിക്കളിക്കുന്ന പേനകളുണ്ടല്ലോ മനുഷ്യനിര്‍മിതമെങ്കിലും അവ ഭാഗ്യം സിദ്ധിച്ചവയാണ്. എന്ത് രസമാണ് അക്ഷരങ്ങള്‍ വിതറുന്ന ശബ്ദം കേള്‍ക്കാന്‍!കടലാസിനെയുമ്മവെച്ച് ഇക്കിളിപ്പെടുത്തുന്ന മഷിയൊഴുക്കുകള്‍. എന്തൊക്കെ രഹസ്യങ്ങളാണവര്‍ പങ്കുവെക്കുകയെന്നറിയാമോ. അക്ഷരങ്ങളില്‍ ചിലതിന്‍റെ ചുണ്ടുചോക്കുന്നതും ഇടക്കെന്‍റെ ശ്രദ്ധമാറ്റാന്‍ വരികള്‍ വളച്ചുവിടുന്നതും ഇവരുടെ തന്ത്രമാണ്. പക്ഷെ, വാക്കുകള്‍ പിറന്ന ശേഷം അവര്‍ തമ്മില്‍ അത്രയടുപ്പം കാണാറില്ല. വിള്ളല്‍ വീണ ദാമ്പത്യം പോലെ അവ ശിഷ്ടകാലമങ്ങനെ…”
നിശബ്ദത!
ഇവളുടെ കഥകളിലുമിതങ്ങനെയാണെന്ന് പീറ്ററോര്‍ത്തു. ആരംഭം പദക്കസര്‍ത്താണ്. പിന്നീടെവിടെയോ ഒരു നിശബ്ദത ഘനഭാരംപോലെ വന്നുമൂടുന്നതായിതോന്നും. ഇവളുടെ ജീവിതത്തിനും കണ്ണിലുണ്ടായിരുന്ന നിറങ്ങള്‍ക്കും സംഭവിച്ച ഒച്ചയില്ലായ്മയുടെ ശേഷിപ്പായിരിക്കുമത്. മങ്ങിത്തുടങ്ങിയ ഒരു വെള്ളിവെളിച്ചം.
‘കലാഗാഥ’യുടെ വാര്‍ഷികപരിപാടിയോടനുബന്ധിച്ച് ഈയൊരുമാസക്കാലം കടപ്പുറത്തെ ഈയിടത്തില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ബഹളമായിരുന്നു. പാട്ടും, കഥയും, ചിരിയുമായി കുറേയധികം നേരം നമ്മള്‍ നമ്മളായി മാറുന്ന ഇടം. ഇവിടെയാരും ആരേയും ബന്ധിച്ചിടാറില്ല. ‘കവിതയെഴുതുന്ന നേരം കറിയിലുപ്പു നോക്കാമായിരുന്നില്ലേ’ എന്ന് പരിഹസിക്കാറില്ല. എല്ലാവരും അവരവരുടെ സങ്കടങ്ങളും സന്തോഷങ്ങളും എഴുതിയും വരച്ചും ഗസലിലൊഴുക്കിയും മനസ്സിനെ ശാന്തമാക്കും. അര്‍ദ്ധരാത്രിവരെ നീണ്ട ആഘോഷപരിപാടികള്‍ക്ക് ശേഷം പലരും ‘കലാഗാഥ’യുടെ മടിയില്‍ പലയിടങ്ങളിലായി വീണുറങ്ങി. കടപ്പുറത്തിരുന്ന് കടലിലേക്ക് നോട്ടമെറിഞ്ഞ് നില്ക്കുകയായിരുന്ന രേവതിക്ക് കൂട്ട് നിന്നതാണ് പീറ്റര്‍. നാളെ എല്ലാവരുമിവിടെനിന്നും പിരിഞ്ഞുപോയാല്‍ പിന്നെ ഈമുറിക്ക് താഴുവീഴും. വര്‍ണങ്ങളെല്ലാമുള്ളിലൊളിപ്പിച്ച് ഇനിയത് ഉറങ്ങിക്കിടക്കും.
ഒരുപക്ഷേ രേവതിയും ഇന്നവള്‍ക്കായി ഒരാവരണം ഉണ്ടാക്കുമായിരിക്കും. അവളുടെ കളിചിരികളെല്ലാം മനസ്സിന്‍റെ നിര്‍ജീവത പടരുന്ന കോശങ്ങളിലേക്കെറിഞ്ഞ് കണ്ണുനീര്‍ കത്തുന്ന ഉലയില്‍നിന്നും അവളൊരു പൂട്ടുണ്ടാക്കും. പുറംലോകത്തിലെ കറുത്തവെളിച്ചം തൊട്ടുതീണ്ടാനനുവദിക്കാതെയുള്ള ഒരാവരണമായിരിക്കുമത്.
നഗരത്തിന്‍റെ ഒച്ചപ്പാടും നിലച്ചിരിക്കുകയാണ്. ഈ പെണ്ണിനുമിവനും നേരമല്ലാത്തനേരത്ത് ഇവിടെയിരുന്ന് കടങ്കഥ പറയാന്‍ ഇത്ര ധൈര്യമോ എന്നന്വേഷിക്കാന്‍ ഒരു സദാചാരക്കാരനും വന്നതായിക്കണ്ടില്ല.
“പീറ്റര്‍, ഒന്ന് പാടാമോ?”
അവള്‍ പീറ്ററിനഭിമുഖമായി തിരിഞ്ഞിരുന്നു. തലചെരിച്ച് കടലിന്‍റെ അനന്തതയിലേക്ക് വീണ്ടും അവളുടെ കണ്ണുകളിറങ്ങിച്ചെന്നു.
‘ചത്തുകിടക്കുന്ന വാക്കുകള്‍ക്ക് ജീവന്‍ നല്‍കുന്നത് സംഗീതമാണ്. ചത്തുപോയ മനസ്സിന് ആശ്വാസം നല്‍കുവാനും അതിന് സാധിക്കുന്നു.’
ഉയര്‍ന്നും താഴ്ന്നും ശ്രുതിഭേതദങ്ങളിലൂടെ അന്തരീക്ഷത്തിലാകമാനം സഞ്ചരിച്ച് വരുന്ന സംഗീതം, മനസ്സിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഞാന്‍ കുഴിച്ചിട്ട വേദനയെ കണ്ടെത്തുമായിരിക്കും. മനസ്സിനകത്ത് ഞാന്‍ മറച്ച് വച്ച ഓര്‍മകളോരോന്നും കരള്‍കൊത്തി വലിയുമാറ് അത് വലിച്ചെടുക്കുമായിരിക്കും. അപ്പോഴെനിക്ക് കയറുപൊട്ടിയ പട്ടംപോലെ പ്രണയത്തിന്‍റെ ശൂന്യാകാശത്തില്‍ കണ്ണുകളടച്ച്, പറന്ന്, മറിഞ്ഞ് ഒഴുകിയകലണം.
പിന്നില്‍ മലര്‍ന്ന് കിടക്കുന്ന താടിരൂപത്തെ നോക്കി രേവതി വീണ്ടും പാടുവാനാവര്‍ത്തിച്ചു.
‘…………പ്രാണന്‍റെ പുഴയായി നീ സഖീ, നമ്മിലലിയുന്ന തിരിയായി……’
ഗസല്‍ വരികളോരോന്നായി തിരകളിലൊഴുകാന്‍ തുടങ്ങി. തണുത്ത മണലില്‍ കൈകളാഴ്ത്തി രേവതി ആകാശത്തേക്ക് നോക്കി. താരങ്ങളെക്കൂട്ട് വിളിക്കാതെ വന്ന ചന്ദ്രനെ നോക്കി മുഖം കനപ്പിച്ചു.
കണ്ണുകള്‍ കലാഗാഥയിലേക്കെത്തി. ‘അവരിടങ്ങളിലേക്ക്.’ ആ വീട് തിളങ്ങുകയാണ്. സഹൃദയരായ എത്ര മക്കളാണ് ആ മുറിയുടെ പള്ളയിലുള്ളത്! അവരുടെ ചങ്ങലക്കിടാത്ത കൈകള്‍കൊണ്ട് തീര്‍ത്ത വര്‍ണവിസ്മയങ്ങള്‍ പടര്‍ന്ന ചുമരുകള്‍ നിലാവെളിച്ചത്തില്‍ എന്ത് ഭംഗിയാണ്! മൂന്ന് വര്‍ഷങ്ങള്‍ക്ക്ശേഷം ഇക്കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഞാനിവിടെ തിരിച്ചെത്തിയത്. ഈ ഇടവും കൂട്ടുകാരും എന്നെ തോളോടുചേര്‍ത്തു, കരഞ്ഞു, ആശ്വസിപ്പിച്ചു. എഴുതാന്‍ പ്രോത്സാഹിപ്പിച്ചു. സ്ഥലം എന്ന മൂര്‍ത്തമായ സങ്കല്‍പ്പത്തില്‍ നിന്ന് ഇടം എന്ന അമൂര്‍ത്തമായ ചിന്തയിലേക്കുള്ള ദൂരം പ്രസക്തമാകുന്നത് ഇവിടെയെത്തുമ്പോഴാണ്. ശാരീരികമായ സാന്നിധ്യംകൊണ്ട് ഓരോ ദിവസവും ഞാനലയുന്ന സ്ഥലത്തുനിന്നും വ്യത്യസ്തമായി എത്രയോ ഉന്നതിയിലാണ് ഇടത്തെ കണ്ടെത്താനാകുന്നത്. ആന്തരീകരിക്കപ്പെട്ട സ്വകീയമായ അനുഭവങ്ങളാണ് ഇടം സാധ്യമാക്കുന്നത്.
ഇല്ല, പാട്ടൊഴുക്കില്ല. നിലച്ചിരിക്കുന്നു. സ്വബോധത്തോടെ തിരിഞ്ഞുനോക്കി. ചരിഞ്ഞ് കിടന്ന് കൈകൊണ്ട് തലതാങ്ങി ഒരു ചെറുചിരിയോടെ തന്നെ നോക്കിനില്‍ക്കുകയാണ് പീറ്റര്‍. വയസ്സ് മുപ്പത്തിയാറായിട്ടും കെട്ടാതെ പാറുന്ന പട്ടം.
‘എന്താടോ, അടുത്ത കഥക്കുള്ളതൊക്കെ കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു?’
രേവതിയുടെ വരണ്ട ചുണ്ടുകളിലപ്പോള്‍ ചിരി വിരിഞ്ഞു. സ്നേഹക്കടലിലേക്കവള്‍ ഒരു തോണിതുഴഞ്ഞിറങ്ങി. ഇത്രയുമെന്നെ വായിച്ചെടുക്കാനാവുക പീറ്ററിന് മാത്രമായിരിക്കും. വീട്ടിലാരുമെന്നെ അറിയാന്‍ ശ്രമിച്ചിട്ടില്ല. അച്ഛന്‍റെ നിര്‍ബന്ധം കാരണമാണ് ഞാനോടിനടന്നിരുന്ന തൊടികളിലെല്ലാം വേലികള്‍ നിറഞ്ഞത്. നന്ത്യാര്‍വട്ടവും നാരകവും മണത്ത് നടന്നിരുന്ന പച്ചയിടങ്ങള്‍ അതോടെ മനസ്സില്‍നിന്നുമകന്ന് പോയി.
ഞാന്‍ വിവാഹിതയായി എന്നെനിക്ക് ബോധ്യപ്പെട്ടത് ആനന്ദിന്‍റെ അനിയത്തി എന്നെ ‘നാത്തൂനേ’ എന്ന് വിളിച്ചപ്പോഴായിരുന്നു. അയാളുടെ ഓഫീസിലെ ശീതീകരണയന്ത്രത്തെപ്പോലെ ഞാന്‍ മരിച്ച് മരവിച്ച് ജീവിച്ച ദിനങ്ങളെ മനപൂര്‍വ്വം മറന്ന് കളയുകയാണ്. വര്‍ണക്കടലാസുകളിലൂടെ ആകാശത്ത് നോക്കുമ്പോള്‍ കാണാറുണ്ടായിരുന്ന നിറഭേങ്ങളെല്ലാം അപ്രത്യക്ഷമായി, അവിടെ പരിഷ്കാരത്തിന്‍റെ, പൊങ്ങച്ചത്തിന്‍റെ പ്രതിരൂപങ്ങളായി ജീവിക്കുന്ന മനുഷ്യരെന്ന് തോന്നിപ്പിക്കുന്നവര്‍ക്കിടയില്‍ ഒരു ചെറുശലഭം പോലെ ഞാന്‍ കുരുങ്ങിക്കിടന്ന ദിനങ്ങളെക്കുറിച്ച് എനിക്കോര്‍ക്കാന്‍ പോലുമാകുന്നില്ല.
ജീവിതത്തെക്കുറിച്ചാലോചിക്കുമ്പഴൊക്കയും ചോദ്യചിഹ്നങ്ങളുയര്‍ന്നുവന്നു. പാതിരവരെ നീളുന്ന ഫോണ്‍കോളുകളില്‍ മതിമറന്ന് പുതപ്പിനടിയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ആനന്ദിന്‍റെ രൂപം എന്‍റെ ദാമ്പത്യത്തിനൂമീതെ വന്നടിഞ്ഞ ആദ്യ ചോദ്യചിഹ്നമായിരുന്നു. എത്ര തട്ടിക്കുടഞ്ഞിട്ടും അഴിയാതിരുന്ന അയാളുടെ ഫോണ്‍ലോക്കുകള്‍ ‘ഭര്‍ത്താവിന്‍റെ ചെറിയ കാര്യങ്ങള്‍ പോലുമറിയാത്ത മരുമകളായി’ എന്നെ വിശേഷിപ്പിക്കാന്‍ ആനന്ദിന്‍റെ അമ്മയെ സഹായിച്ചു.
എപ്പോഴും ഒഴുകിപ്പരക്കാറുണ്ടായിരുന്ന കണ്ണുനീരെടുത്ത് വരികളെഴുതിയ കടലാസുകള്‍ മുറിയിലൊരിടത്തും കാണാതായി വന്നു. പകരം ‘അവയുടെ സ്ഥാനം ചവറ്റ്കുട്ടയിലാണെന്ന’ നിന്ദ്യമായ വാക്കുകള്‍ അവിടമാകെ ചിതറിക്കിടന്നു. ചുമരിലെ ചിത്രങ്ങളില്‍ പറന്നുകളിക്കുന്ന ചിത്രശലഭങ്ങള്‍ മതിലുകള്‍ക്കപ്പുറം കടക്കാനാകാതെ പതിയെ എന്‍റെ കൈക്കുള്ളിലൊതുങ്ങിനിന്നു. അവയുടെ പലതരം നിറങ്ങള്‍ എന്‍റെമേല്‍ പ്രതിഫലിക്കാന്‍ തുടങ്ങിയപ്പോഴാണ് ‘കളര്‍സെന്‍സില്ലാത്ത നാത്തൂനായി’ ഞാനറിയപ്പെട്ടത്. ഞാനിന്നെത്ര സന്തോഷവതിയാണ്. അതിനെത്ര ദൈര്‍ഘ്യമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ഞാനെന്നെത്തന്നെ കണ്ടെടുക്കുന്നത് ഈയിടത്തെത്തുമ്പോഴാണ്. ഓരോ പരിസരവും ആര്‍ക്കെങ്കിലുമൊക്കെ അനുകൂലമാണ്. ഇനിയെവിടെയെത്തിയാലും എന്‍റെയിടത്തെ എനിക്ക് കണ്ടെടുക്കാനാകും.
തിരകളോരോന്നായി വന്നടിച്ച് പതയുകയാണ്. തീരത്തെ ആശ്വസിപ്പിച്ച് കൊണ്ട് മടങ്ങുകയാണവ. കടലതിന്‍റെ മനസ്സ് ശാന്തമാക്കുന്നുണ്ടായിരിക്കാം. പകല്‍ ഒരുപാട് പേരുടെ പരിഭവം പറച്ചിലുകളും കേട്ട് മടുത്തിരിക്കുകയല്ലേ.

‘നമുക്കനുവദിച്ച് കിട്ടിയ സമയം തിരക്കുപിടിച്ച പകലുകളാണ്. അവിടെ വെളിച്ചമുണ്ടെങ്കിലും ഇരുട്ടാണ്. പകലാണ് മനുഷ്യര്‍ കൃത്രിമവെളിച്ചം കത്തിച്ച് നടക്കുന്നത്’ പീറ്റര്‍ വെറുതെയങ്ങനെ പറഞ്ഞു.
‘പക്ഷെ, രാവിലും പകലിലും ഒരുപോലെ ജീവിതമുണ്ട്. പകല്‍ ആരൊക്കെയോ തീര്‍ത്ത വലയത്തിനുള്ളിലാണ് നമ്മുടെ ജീവിതം. എന്നാല്‍ രാത്രിയിലാണ് നാമെല്ലാമൊറ്റക്കാണെന്ന സത്യം തലക്കുമുകളില്‍ വന്ന്കൂടുന്നത്. പിറ്റേന്ന് രാവിലെ വരെ മാത്രം ദൈര്‍ഘ്യമുള്ള വേദനാപൂര്‍ണമായ ഒരു തിരിച്ചറിവാണത്’.
നാളെ മുതല്‍ താന്‍ വീണ്ടും ഒറ്റക്കാണെന്ന ബോധം അവളിലെവിടെയോ ഉറങ്ങിക്കിടക്കുന്നത് പോലെയൊരു ധ്വനി ആ വാക്കുകളിലുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ചാലോചിക്കേണ്ടിവരുന്നത് ഓര്‍ക്കാപുറത്തോരോ അടിവന്നേല്‍ക്കുമ്പോഴാണ്. നശ്വരമെന്ന് നാം കരുതുന്ന എന്നാല്‍ കടലായ ജീവിതത്തില്‍ ഇത്തിരിപ്പോന്ന ആഘാതങ്ങള്‍ വന്ന് വീഴുമ്പോള്‍ അനുഭവപ്പെടുന്ന നിസ്സഹായത അതിഭീകരമാണ്. ആദര്‍ശവാക്യങ്ങളെ തല്ലിത്തകര്‍ക്കാന്‍ തോന്നുക ആ സമയമാണ്. ജീവിതമെന്തെന്ന് മനസ്സിലാക്കാന്‍ ദുരന്താനുഭവങ്ങളുടെ വരവിനായി കാത്തിരിക്കേണ്ടി വരുന്നത് ദൈവത്തിന്‍റെ ക്രൂരമായ ശിക്ഷയായിരിക്കാം…
തിരമായ്ക്കാത്ത രണ്ട് കാല്‍പ്പാടുകള്‍ കരയിലൂടങ്ങനെ മുന്നോട്ട് നീങ്ങുകയാണ്. എവിടെനിന്നോ പാറിവന്ന ഒരു പട്ടം അവരിരുവര്‍ക്കുമിടയിലുടക്കി നിന്നു. പൊട്ടിയ കയറിന്‍റെ ചെറിയ കുരുക്കുകളഴിച്ച് രേവതി അതിനെ അയച്ചുകെട്ടി വലുതാക്കി. നിറമുള്ള ആ പട്ടം വാനിലേക്കുയര്‍ത്തിവിട്ടു. ഉള്ളിലൊളിപ്പിച്ച നിറങ്ങളൊക്കെയും അതിനോടൊപ്പം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി.

ശ്രീഷ്മ ഇ.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി
എം.എ. ജേര്‍ണലിസം ആന്‍റ് മാസ്സ് കമ്മ്യൂണിക്കേഷന്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0