Homeവഴിത്താരകൾ

നൃത്തം ഐസഡോറയെ ആടുമ്പോള്‍ …

ജാനകി

അതെ ഞാനൊരു വിപ്ലവകാരിയാണ്. യഥാര്‍ത്ഥ കലാകാരികളെല്ലാം വിപ്ലവകാരികളാണ് .” ആധുനിക നൃത്തത്തിന്‍റെ അമ്മയായി വിശേഷിപ്പിക്കപ്പെടുന്ന ഐസഡോറ ഡങ്കന്‍റെ ഈ വാക്കുകള്‍ക്കു ദൃഷ്ടാന്തം അവരുടെ നൃത്തവും ജീവിതവും തന്നെയാണ്. ഈ ഭൂമിയില്‍ വെറും അമ്പതു കൊല്ലത്തെ ആയുഷ്കാലത്തിനുള്ളില്‍ ഒരു മിന്നല്‍പിണര്‍ പോലെ , ഒരു കൊടുങ്കാറ്റു പോലെ കടന്നുപോയ പ്രതിഭ.  അവര്‍ തന്നെ ഒരു പ്രസ്ഥാനവും പ്രതിഭാസവും ആയിരുന്നു. ഐസഡോറയുടെ കലയും ജീവിതവും ഒരൊറ്റ ഒഴുക്കായിരുന്നു. അവ വിഭിന്നങ്ങളായ ധാരകളായിരുന്നില്ല.നൃത്തത്തിലും ജീവിതശൈലിയിലും അവര്‍ നടത്തിയ അനന്യമായ ചലനങ്ങള്‍, കീഴ് വഴക്കങ്ങളോട് എന്നും ഇടഞ്ഞു നിന്ന് കലയിലും വ്യക്തിജീവിതത്തിലും അവര്‍ നടത്തിയ കലഹങ്ങള്‍ മറ്റൊരു ജീവിത സാധ്യതയയെ തേടുക കൂടിയായിരുന്നു.നിയമങ്ങള്‍ക്കും, ചിട്ടകള്‍ക്കും, ചട്ടങ്ങള്‍ക്കുമുള്ളില്‍ ഞെരുങ്ങുന്ന മനുഷ്യ ചൈതന്യത്തെ മോചിപ്പിക്കാനുള്ള അക്ഷമയും തിടുക്കവും ആ കാലഘട്ടത്തിന്‍റെ സ്പന്ദനമായിരുന്നു.ആ സ്പന്ദനത്തിന്‍റെ തീക്ഷ്ണമായ ആവിഷ്കാരങ്ങളില്‍ ഒന്നാണ് ഐസഡോറയുടെ നൃത്ത പരീക്ഷണങ്ങളും.
ഒരുപാട് എഴുതപ്പെട്ട വിസ്മയമാണ് ഐസഡോറ. നൃത്തം പോലെ തന്നെ സമൂഹത്തെ/കാണികളെ അമ്പരപ്പിക്കുന്ന രീതിയിലാണ് അവര്‍ ജീവിച്ചതും മരണപ്പെട്ടതും. സഹജാവസ്ഥകളോട് വിരുദ്ധമായി നില്‍ക്കുന്ന ഏതു സ്ഥാപനത്തെയും വ്യവസ്ഥയെയും അവര്‍ നിരാകരിക്കുകയായിരുന്നു. മാതൃത്വത്തെ ആഘോഷിക്കുകയും തീവ്രമായ മാതൃദുഃഖം അനുഭവിക്കുകയും ചെയ്ത ഈ കലാകാരിക്ക് വിവാഹം എന്ന സ്ഥാപനത്തെ അംഗീകരിക്കാനായില്ല.രണ്ടു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് രണ്ടു വിവാഹബാഹ്യ ബന്ധങ്ങളില്‍ നിന്നാണ്. ദാമ്പത്യത്തിലും പ്രണയത്തിലും സൗഹൃദങ്ങളിലും ഗുരുശിഷ്യബന്ധങ്ങളിലും വേറിട്ട ശൈലിയില്‍ അടുപ്പങ്ങള്‍ കാത്തു സൂക്ഷിച്ച ഐസഡോറയെകുറിച്ച് അനവധി നോവലുകളും, സിനിമകളും ,ചിത്രങ്ങളും, നൃത്തസംഗീതശില്പങ്ങളും പിറന്നു. ഇന്നും ആ കലാകാരി ഒരുപ്രഹേളികയായി പ്രചോദനമായി സര്‍ഗ്ഗസൃഷ്ടികള്‍ക്കു ഇന്ധനമായി മാറുന്നു. 2019 ലെ ലോകാര്‍ണോ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ഡാമിയന്‍ മനിവെലിന്‍റെ ചിത്രം Isadora’s children അടയാളപ്പെടുത്തുന്നതും ഐസഡോറയുടെ നിത്യമായ മാസ്മരികപ്രഭാവത്തെയാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു വളര്‍ന്ന ഐസഡോറ ഹൃദയം കൊണ്ട് തന്‍റെ സാംസ്കാരിക പാരമ്പര്മായി സ്വീകരിച്ചത് പുരാതന യവന നാഗരികത വിലമതിച്ച ലാവണ്യബോധത്തെ ആയിരുന്നു. “മനുഷ്യര്‍ക്ക് അവരുടെ അധ്വാനത്തിനോടും , മണ്ണിനോടും ഉണ്ടായിരുന്ന ബന്ധങ്ങള്‍ അറുത്തുമാറ്റപ്പെടുന്ന, വിക്ടോറിയന്‍ സങ്കോചങ്ങള്‍ സദാചാര നിയമങ്ങളെ രൂപീകരിച്ചിരുന്ന ഒരു കാലത്തില്‍, അവര്‍ ശരീരവും ആത്മാവും തമ്മിലുള്ള ഇണക്കങ്ങളില്‍ ഊന്നുകയായിരുന്നു:”, ഡെബോറ ജോവിറ്റിന്‍റെ വാക്കുകള്‍ ഐസഡോറന്‍ ചിന്താഗതിയുടെ രാഷ്ട്രീയ ദാര്‍ശനിക മാനങ്ങളെ സൂചിപ്പിക്കുന്നു. മുരടിച്ചു പോയ പാശ്ചാത്യ നാഗരികതക്കു ഒരു നവജീവന്‍ നല്‍കാന്‍, നവോന്മേഷം പകരാന്‍ നൃത്തത്തിന്‍റെ നൈസര്‍ഗ്ഗികതക്ക് കഴിയും എന്നു അവര്‍ വിശ്വസിച്ചു. പടിഞ്ഞാറന്‍ സഹൃദയലോകം കൊണ്ടാടിയിരുന്ന ബാലേ എന്ന നൃത്തരൂപത്തിന്‍റെ കൃത്രിമത്വത്തില്‍ നിന്നും ശരീരത്തെ സ്വതന്ത്രമാക്കുക എന്നതു അവര്‍ തന്‍റെ പരമമായ ലക്ഷ്യമാക്കി. പുതിയ ഒരു ലോകക്രമത്തെ തന്നെ വിഭാവനം ചെയ്ത ഐസഡോറന്‍ പ്രപഞ്ച വീക്ഷണത്തിന്‍റെ പ്രധാന സൂക്തങ്ങളില്‍ ഒന്ന് ഏറെ ഉദ്ധരിക്കപ്പെട്ട ഈ വാക്കുകളാണ്: “നിങ്ങള്‍ ജനിച്ചത് വന്യമായിട്ടാണ്.നിങ്ങളെ മെരുക്കാന്‍ അനുവദിക്കാതിരിക്കുക.”

സ്ത്രീയുടെ സ്വതന്ത്രമായ പ്രജ്ഞാശക്തിയോട് പ്രതിബദ്ധമായിരുന്ന ഐസഡോറയുടെ മനസ്സ് സ്ത്രീ വിമോചന ആശയങ്ങളോട് ഐക്യപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. അതുപോലെ തന്നെ എല്ലാ വിധത്തിലുള്ള അടിമത്തത്തില്‍ നിന്നും വിമോചനം വാഗ്ദാനം ചെയ്തു റഷ്യന്‍ വിപ്ലവത്തിന്‍റെ നാടിനോടും അവര്‍ക്കു തീവ്രമായ അഭിനിവേശമായിരുന്നു. നൃത്തത്തെ സ്വച്ഛന്ദമാക്കുന്ന പ്രക്രിയ തുടങ്ങിയത് നര്‍ത്തകിയുടെ ശരീരത്തെ തന്നെ ആടയാഭരണങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മോചിപ്പിച്ചുകൊണ്ടാണ്. അയഞ്ഞ വസ്ത്രങ്ങളും, അഴിച്ചിട്ട പാറിപറക്കുന്ന മുടിയും, നഗ്ന പാദങ്ങളും ചിട്ടപ്പെടുത്തിയ അടവുകളില്‍ ഒതുങ്ങാതെ സ്വാഭാവികമായി വികസിക്കുന്ന അംഗചലനങ്ങളും ഐസഡോറനടനത്തിന്‍റെ മുഖമുദ്ര ആയിരുന്നു. ഐസഡറാബ്ലെസ് (Isadorables) എന്ന് സ്വയം പേരിട്ടു വിളിച്ചിരുന്ന അവരുടെ ശിഷ്യഗണങ്ങള്‍ നൃത്തത്തെ ഒരു പാവനമായ കലയായി, അതിന്‍റെ പ്രാക്തനങ്ങളായ വേരുകളിലേക്കു മടങ്ങാനുള്ള ചോദനയായി കണ്ടു. അവരുടെ കൈവിരലുകള്‍ ശരീരത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. ആകാശത്തിലേക്കു ഒഴുകുന്ന, ഉയര്‍ന്നു പറക്കുന്ന കയ്യുകള്‍ ഐസഡോറയുടെ ടെക്നിക്കിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നായി നിരൂപകര്‍ രേഖപ്പെടുത്തി. ആ ടെക്നിക്കിന് പിന്നില്‍ മൗലികമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.നൃത്തം ആടുന്നത് ശരീരമല്ല അന്തരാത്മാവാണ് എന്ന സര്‍ഗോന്മുഖമായ ഉള്‍കാഴ്ച ആയിരുന്നു അത്.  ഉള്ളിലെ വൈകാരിക കോളിളക്കങ്ങളുടെ ബഹിര്‍സ്ഫുരണമാണ് നൃത്തം… ആ വികാരങ്ങളുടെ സാന്ദ്രതയിലാണ് നൃത്ത ചലനങ്ങളുടെ ഊര്‍ജ്ജം കുടി കൊള്ളുന്നത്. നൃത്തം ഒരാളുടെയും സ്വകാര്യ സ്വത്തല്ല. ഓരോരുത്തരും അവരവരുടേതായ ചലനങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവിതത്തിലെ സ്വാഭാവിക ചലനങ്ങളില്‍ നിന്നാണ് ഐസഡോറ തന്‍റെ നൃത്ത സങ്കേതങ്ങളെ വിപുലപ്പെടുത്തിയത്… ഓടുമ്പോഴും, നടക്കുമ്പോഴും, ചാടുമ്പോഴും, നമ്മുടെ ശരീരങ്ങള്‍ അവലംബിക്കുന്ന സഹജമായ അവസ്ഥകള്‍ , ഭാവങ്ങള്‍.  ദുരന്തങ്ങളില്‍ കുതിര്‍ന്ന ജീവിതമായിരുന്നു ഈ നര്‍ത്തകിയുടേത്. പ്രണയത്തിലും നൃത്തത്തിലും ഉന്മത്തയായി ജീവിച്ച ഈ കലാകാരിയുടെ കഥ ദാരുണ മുഹൂര്‍ത്തങ്ങളിലൂടെ കൊരുത്തെടുക്കപ്പെട്ടു. തന്‍റെ രണ്ടു കുരുന്നു കുഞ്ഞുങ്ങള്‍ സെയ്ന്‍ നദിയിലേക്കു മറിഞ്ഞു വീണ കാറിനുള്ളില്‍ മുങ്ങിമരിച്ചപ്പോള്‍,ആ ആഘാതത്തില്‍ നിന്ന് നി   വരുവാന്‍ ഐസഡോറക്കു എളുപ്പമായിരുന്നില്ല. അവര്‍ ആ സങ്കടത്തെയും കലയിലേക്കു ആവാഹിച്ചൊരുക്കിയ മദര്‍, Marche Funebre എന്ന രണ്ടു നൃത്തശില്പങ്ങള്‍ ഇന്നും നര്‍ത്തകികള്‍ക്കു ഒരു പ്രചോദനമാണ്. മാതൃദുഃഖത്തിന്‍റെ സ്വകാര്യ അനുഭവത്തില്‍ നിന്നും അതിന്‍റെ സാര്‍വലൗകികതയിലേക്കു വിരിയുന്ന ശരീരഭാഷയെയാണ് ഈ ശില്പങ്ങള്‍ അന്വേഷിക്കുന്നത്. കലയ്ക്കും തീവ്രദുഃഖത്തിനുമിടയില്‍ ഐസഡോറ തുഴഞ്ഞ ദൂരങ്ങള്‍ അവരുടെ ചലനങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.


1913 ല്‍ കീവിലെ സിറ്റി തിയറ്ററില്‍ നൃത്തം ചെയ്യുമ്പോള്‍ പൊടുന്നനെ ഐസഡോറ തന്‍റെ പിയാനോ വാദകനോട് സ്ക്രിയാബീനിന്‍റെ സംഗീതം വായിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നുള്ള അനുഭവത്തിന് ഐസഡോറയുടെ വാക്കുകളില്‍ ഒരു തീര്‍ത്ഥാടനത്തിന്‍റെ ആത്മീയതയുണ്ട്.
“മരിച്ച തന്‍റെ പൈതലിനെ വഹിക്കുന്ന ഒരു അമ്മയെ ഞാന്‍ സങ്കല്‍പ്പിച്ചു. വളരെ സാവധാനം, മടിച്ചു മടിച്ചു വിശ്രമസ്ഥാലത്തേക്കു നീങ്ങുന്ന ചുവടുകളോടെ. ശവകുടീരത്തിലേക്കുള്ള അവരോഹണവും ശരീരത്തിന്‍റെ തടവറയില്‍ നിന്നും പ്രകാശത്തിലേക്കുള്ള ആരോഹണവും ഞാന്‍ നൃത്തംചെയ്തു.”
ഡാമിയന്‍ മാനിവേലിന്‍റെ സിനിമയും വീണ്ടും സന്ദര്‍ശിക്കുന്നത് ഈ തീവ്രമായ മനോവേദനയെ തന്നെ യാണ്. ഈ കടുത്ത വ്യഥയെ തന്‍റെ വിരലുകളില്‍,ശരീരത്തില്‍ ഐസഡോറ എങ്ങിനെ ആവാഹിച്ചു എന്നതിനെയാണ്. സ്വന്തം കുരുന്നുകളെ പുണര്‍ന്നിരിക്കുന്ന ഐസഡോറയുടെ പഴയ ഫോട്ടോയില്‍ നിന്ന ആ കരവലയത്തിനുള്ളിലെ ഹൃദയഭേദകമായ ശൂന്യതയെ തന്‍റെ വിരലുകളില്‍ വിരിയിച്ചെടുക്കുന്ന ഇന്നത്തെ നര്‍ത്തകി സാക്ഷ്യം വഹിക്കുന്ന സത്യമിതാണ്. .ഐസഡോറ ഇന്നും ഒരു ആവേശമായി തുടരുന്നു. തലമുറകളിലേക്ക് പടര്‍ന്നു കേറുന്ന ചലന വൈവിധ്യമാണ് ,വൈദഗ്ധ്യമാണ് അവര്‍ ബാക്കി വെച്ചത്. ആലീസ് ബ്ലോക്കിന്‍റെ വാക്കുകള്‍ കാലാതീതമായ ആ മാന്ത്രികതയെ ഉണര്‍ത്തുന്നുണ്ട്: “നമ്മള്‍ ഐസഡോറയെ നൃത്തം ചെയ്യുമ്പോള്‍ ഈ മുഴുവന്‍ പ്രപഞ്ചത്തിനൊപ്പം നമ്മള്‍ ആടുകയാണ്. നമ്മുടെ ഭൂമി അതാവശ്യപ്പെടുന്നു.”
1927 ല്‍ സെപ്റ്റംബര്‍ പതിനാലാം തിയതി,ചെറുപ്പക്കാരനായ ഒരു ഡ്രൈവറോട് അയാളുടെ കാറില്‍ തന്നെ ഒന്ന് കറങ്ങാന്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട്, ഐസഡോറ കഴുത്തില്‍ വര്‍ണ്ണശബളമായ ഒരു സ്കാര്‍ഫ് കെട്ടി യാത്രയാവുന്നു. കഴുത്തില്‍ നിന്ന് അഴിഞ്ഞു പോയി കാറിന്‍റെ ടയറില്‍ കുരുങ്ങി ആ ഷോള്‍ കൊണ്ട് തന്നെ ഐസഡോറ മരണപ്പെടുന്നു. പക്ഷെ ആ സ്വതന്ത്ര ചേതനക്കു മരണമില്ല.കാരണം അതാണ് ഐസഡോറന്‍ ദര്‍ശനത്തിന്‍റെ പൊരുള്‍.ഒരു ചലനത്തിന്‍റെ അന്ത്യം മറ്റൊരു ചലനത്തിന്‍റെ തുടക്കമാണ്. ഒരു ചലനവും ഒരിക്കലും അവസാനിക്കുന്നില്ല. ഐസഡോറയുടെ ചലനങ്ങളും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു.

(കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക)

COMMENTS

COMMENT WITH EMAIL: 0