Homeപഠനം

പരിചരണ സ്വഭാവമുള്ള തൊഴിലുകളും ലിംഗപദവിയും: നഴ്സിംഗ് മേഖലയില്‍ നിന്നുള്ള അനുഭവങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍പരമായ വൈദഗ്ധ്യം ലഭിച്ച സ്ത്രീകള്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖല നഴ്സിംഗ് ആയിരിക്കും. പണ്ട് മുതല്‍ക്കേ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിച്ചതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്. പക്ഷെ നഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ വളരെ കുറവാണ്.

പലര്‍ക്കും നഴ്സ് എന്ന് പറയുമ്പോള്‍ മനസിലേക്ക് വരുന്നത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടറുടെ സഹായിയായ, വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം ആയിരിക്കും. ഈ പൊതുബോധത്തെ ഊട്ടിയുറപ്പിക്കാന്‍ സിനിമകളും മറ്റു സാഹിത്യ രൂപങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതികളുടെ പരസ്യങ്ങളില്‍ പോലും നഴ്സ് ആയി വേഷമിടുന്നത് സ്ത്രീകളാണ്. ഇവയെല്ലാം തന്നെ പൊതുബോധ നിര്‍മിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ, ഈ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെക്കുറിച്ച് പൊതുസമൂഹത്തില്‍ വളരെ വികലമായ ധാരണകളാണുള്ളത്. ഇതിന്‍റെ ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളെ പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.

ഇന്ത്യയില്‍ നഴ്സിംഗ് ആരംഭിക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. ക്രിസ്ത്യന്‍ മിഷനറികളുടെ പ്രവര്‍ത്തനഫലമായി അതേ സമുദായത്തില്‍പ്പെട്ട നിരവധി സ്ത്രീകള്‍ക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ചതില്‍ ഭൂരിഭാഗം പേരും സമൂഹത്തിന്‍റെ താഴേക്കിടയിലെ സ്ത്രീകളായിരുന്നു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, അനാഥര്‍ തുടങ്ങിയവരായിരുന്നു ആദ്യ കാലങ്ങളില്‍ ഈ മേഖലയിലേക്ക് കടന്നു വന്നിരുന്നത്. പുരുഷന്മാരായ രോഗികളോട് അടുത്തിടപഴകേണ്ടി വരിക, രോഗികളുടെ ശരീരം സ്പര്‍ശിക്കേണ്ടി വരിക, രക്തമുള്‍പ്പെടെയുള്ള ശരീര സ്രവങ്ങള്‍ വൃത്തിയാക്കേണ്ടി വരിക തുടങ്ങിയവയെല്ലാം ഒരു നഴ്സ് ചെയ്യേണ്ടി വരുന്നതിനാല്‍ ഒരുകാലത്ത് ഏറ്റവും മോശപ്പെട്ട തൊഴിലായിട്ടാണ് നഴ്സിങ്ങിനെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ പല വിഭാഗങ്ങളിലെയും സ്ത്രീകള്‍ ഈ തൊഴിലിലേക്ക് വന്നിരുന്നില്ല. മിഷനറിമാരുടെ പ്രവര്‍ത്തനഫലമായും, മതപരമായ കാരണങ്ങളാലും അക്കാലത്തു ജോലി ചെയ്ത ഭൂരിഭാഗംപേരും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ ആയിരുന്നു. പില്‍ക്കാലത്ത് വിദേശ കുടിയേറ്റത്തിലുണ്ടായ വര്‍ധിച്ച സാദ്ധ്യതകള്‍, അതുവഴി ഉണ്ടാവുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരെയും നഴ്സിങ്ങിലേക്ക് ആകര്‍ഷിച്ചു. ഇന്ത്യയില്‍ നിന്ന് ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്ന നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് കൈവരിച്ച പുരോഗതിയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ നഴ്സിംഗ് മേഖല തഴച്ചു വളരാന്‍ സഹായകരമായി. പല കുടുംബങ്ങളും സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലായത് സ്ത്രീകളുടെ മാത്രം അദ്ധ്വാനം കൊണ്ടായിരുന്നു. വനിതാ നഴ്സുമാരുടെ വിദേശ കുടിയേറ്റം കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ പുരോഗതിക്കും കൂടെ വഴിവെച്ചു.

മുന്‍കാലങ്ങളില്‍ നഴ്സിംഗ് മേഖലയില്‍ പുരുഷന്മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ ചരിത്രകാരന്മാര്‍ നിരത്തിയിട്ടുണ്ട്. അടിമത്തൊഴിലാളികളായ പുരുഷന്മാരെ ബാത്ത് അറ്റന്‍ഡര്‍മാരായും, ഡോക്ടര്‍മാരുടെ സഹായികളായും പണ്ടുകാലത്ത് നിയമിച്ചിരുന്നതായി ഹിപ്പോക്രാറ്റിന്‍റെ എഴുത്തുകളില്‍ പറയുന്നുണ്ട്. പുരാതന ഗ്രീസില്‍ പൊതുവിടങ്ങളില്‍ പരിചരണ ജോലികള്‍ ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലും, ലഹരി വിമുക്ത കേന്ദ്രങ്ങളിലും, കുഷ്ഠരോഗ വാര്‍ഡുകളിലും പുരുഷന്മാര്‍ മാത്രമായിരുന്നു അക്കാലത്തു സഹായികളായി ഉണ്ടായത്. പിന്നീട് ഫ്ലോറന്‍സ് നൈറ്റിംഗേലാണ് നഴ്സിംഗ് സ്ത്രീകളുടെ മാത്രം തൊഴിലായി മാറ്റിയെടുക്കുന്നത്.

സ്ത്രീകള്‍ക്ക് ജൈവീകമായി മറ്റുള്ളവരെ പരിചരിക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് നൈറ്റിംഗേല്‍ വിശ്വസിച്ചു. പുരുഷന്മാര്‍ക്ക് ഇത്തരം കഴിവുകള്‍ ഇല്ലായെന്നും, അവരുടെ കൈകള്‍ പരുക്കനായതുകൊണ്ടും നഴ്സിംഗ് അവര്‍ക്ക് പറ്റിയ തൊഴില്‍ അല്ല എന്ന് അവര്‍ പ്രചരിപ്പിച്ചു. സ്ത്രീകളുടെ വീട്ടു ജോലികളുടെ തുടര്‍ച്ചയെന്നോണമാണ് പലരും നഴ്സിംഗ് ജോലിയെ കണ്ടിരുന്നത്. നഴ്സിംഗ് എന്നാല്‍ സവിശേഷ വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലാണെന്ന ധാരണ സമൂഹത്തില്‍ പ്രചരിച്ചു. അതുകൊണ്ടു തന്നെ പുരുഷ നഴ്സുമാരെ അംഗീകരിക്കാന്‍ പലരും മടി കാണിച്ചു. പരിചരണ അദ്ധ്വാനത്തില്‍ പുരുഷന്മാരുടെ പങ്കിനെക്കുറിച്ച് പഠനങ്ങള്‍ വളരെക്കുറവാണ്.

ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് നഴ്സിംഗ് വിദ്യാഭ്യാസം അനുവദിക്കുന്നത് 1938 കളിലാണ്. ഈ 84 വര്‍ഷത്തിനിടയില്‍ ഒട്ടനവധി മാറ്റങ്ങള്‍ക്കു വിധേയമായിട്ടാണ് ഇന്ത്യയില്‍ ആധുനിക നഴ്സിംഗ് ഇന്നീ കാണുന്ന രീതിയിലേക്ക് വളര്‍ന്നു വന്നത്. എങ്കില്‍പോലും നഴ്സിംഗ് കോളേജുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണവും, നഴ്സുമാരായി ജോലിചെയ്യുന്ന പുരുഷന്മാരുടെ എണ്ണവും വളരെ കുറവാണ്.

വിദേശത്തും നാട്ടിലും സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളായ അഞ്ചു പുരുഷ നഴ്സുമാരോട് നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തൊഴില്‍ സ്ഥലത്തും പൊതു സമൂഹത്തിലും ഉണ്ടായ അനുഭവങ്ങള്‍ ശേഖരിച്ചത്. സമൂഹത്തിന്‍റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന, വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ നഴ്സുമാരാണ് ഇവര്‍. വിഷയത്തിന്‍റെ സമഗ്രമായ ചിത്രം ലഭിക്കുവാന്‍ ഇത് സഹായകമായി.

നഴ്സിംഗ് മേഖലയില്‍ ഉപരിപഠനം നടത്താന്‍ പലരെയും പ്രധാനമായും പ്രേരിപ്പിക്കുന്ന ഘടകമെന്നത് പെട്ടെന്നുള്ള തൊഴില്‍ സാധ്യതയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിക്കാവസ്ഥയിലുള്ളവര്‍ക്ക് തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് കടന്നു വരാന്‍ കാരണം. പഠനം കഴിഞ്ഞിറങ്ങി ചെറിയ കാലയളവില്‍ തന്നെ വിദേശ കുടിയേറ്റവും സാമ്പത്തിക ഭദ്രതയുള്ള ജോലിയും നഴ്സിംഗ് കൂടുതല്‍ ആകര്‍ഷകമാക്കി. പലപ്പോഴും കുടുംബത്തിലുള്ള മറ്റു നഴ്സുമാര്‍, അവരുടെ മികച്ച ജീവിത സാഹചര്യം എന്നിവയെല്ലാം തന്നെ ഈ ജോലി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.

പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്ന സമയത്ത് പലര്‍ക്കും ജെന്‍ഡര്‍ ഐഡന്‍റിറ്റി പുരുഷനായതുകൊണ്ട് മാത്രം തൊഴില്‍ ലഭിക്കാതെ പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ശേഷം പുരുഷ നഴ്സുമാര്‍ പ്രശ്നക്കാരാണ്, ആശുപത്രി അധികൃതരുടെ നിലപാടുകളെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ധാരണകളുടെ പുറത്ത് പലര്‍ക്കും വ്യാപകമായി തൊഴില്‍ നിഷേധിച്ചിരുന്നു. പിന്നീട് അതില്‍ മാറ്റങ്ങളുണ്ടായെങ്കിലും ഇന്നും പല സ്വകാര്യ ആശുപത്രികളും നഴ്സിംഗ് റിക്രൂട്ട്മെന്‍റുകളില്‍ വനിതാ നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളാ PSC വഴി നിയമനങ്ങള്‍ നടക്കുന്നതിനാല്‍ ഇരുവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അകങട ആശുപത്രിയില്‍ 80:20 എന്ന അനുപാതത്തിലാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നത്. അതായത്, 80 വനിതാ നഴ്സുമാര്‍ക്ക് 20 പുരുഷ നേഴ്സ് എന്ന രീതിയില്‍. രോഗികള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത് വനിതാ നഴ്സിനെ ആണെന്നാണ് ഈ നടപടിയുടെ പിന്നിലെ പ്രധാന കാരണമായി മുന്നോട്ടു വെക്കുന്ന വാദം. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരോടുള്ള സാമൂഹ്യ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ഇതുകൊണ്ട് സാധിക്കില്ല, മറിച്ച്, വിവേചനം കൂട്ടാന്‍ മാത്രമേ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളൂ.

പലപ്പോഴും ആശുപത്രിയില്‍ എത്തുമ്പോള്‍ രോഗികളും പ്രതീക്ഷിക്കുന്നത് വനിതാ നഴ്സുമാരെയാണ്. നഴ്സിംഗ് ഒരേസമയം പരിചരണാദ്ധ്വാനവും മാനസിക അദ്ധ്വാനവും ഒരുമിച്ചു വേണ്ട തൊഴില്‍ ആയതിനാല്‍ സ്ത്രീകള്‍ക്ക് മാത്രമേ ഇത് രണ്ടും ഒരുമിച്ചു നല്‍കാന്‍ കഴിയു എന്ന സാമൂഹ്യ നിര്‍മിതിയാവാം ഈ ധാരണകള്‍ക്കു പിന്നില്‍. പല സന്ദര്‍ഭങ്ങളിലും നഴ്സ് പുരുഷനായത് കൊണ്ട് മാത്രം രോഗികള്‍ ചികിത്സക്ക് വിസമ്മതിച്ചിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി ശരീര ഭാഗങ്ങളില്‍ പരിശോധന നടത്തുമ്പോഴോ, ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴോ രോഗികള്‍ തയ്യാറാവാതെയിരുന്നിട്ടുണ്ട്. പല രോഗികളും പുരുഷ നഴ്സുമാരെ കമ്പൗണ്ടര്‍ ആയി തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ഒട്ടുമിക്ക ആശുപത്രികളിലും ഗൈനക്കോളജി വാര്‍ഡുകളിലോ, ലേബര്‍ റൂമുകളിലോ പുരുഷന്മാരെ ജോലി ചെയ്യാന്‍ ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ അനുവദിക്കാറില്ല. കൂടുതല്‍ കായിക ക്ഷമത ആവശ്യമുള്ള മാനസികരോഗ വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്ററുകള്‍, എന്നിവയിലാണ് കൂടുതലായും ഇവരെ നിയമിക്കുക. ഉദാഹരണത്തിന്, ഒരു പുരുഷ നേഴ്സ് ഗൈനക്കോളജിയില്‍ സ്പെഷലൈസ് ചെയ്ത് എം.എസ്.സി ബിരുദമെടുത്താല്‍, അയാള്‍ക്ക് തൊഴില്‍ സാധ്യതകള്‍ വളരെ കുറവാണ്. അതേസമയം മനഃശാസ്ത്രത്തില്‍ സ്പെഷലൈസ് ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങളുമുണ്ട്. ഒരേ തൊഴില്‍ ചെയ്യുന്നവര്‍ക്കിടയില്‍ പോലും ജെന്‍ഡറിന്‍റെ പേരില്‍ തൊഴില്‍ വിവേചനം ഈ മേഖലയില്‍ കാലങ്ങളായി നിലവിലുണ്ട്. അതേസമയം ഡോക്ടര്‍മാരുടെ ഇടയില്‍ ഈ വേര്‍തിരിവ് കാണാന്‍ സാധിക്കില്ല. രോഗികളായാലും ഡോക്ടര്‍മാര്‍ ചികിത്സയുടെ ഭാഗമായി ശരീരം പരിശോധിക്കുമ്പോള്‍ സഹകരിക്കാറുണ്ട്. വനിതാ ഡോക്ടര്‍മാരേക്കാള്‍ മെഡിക്കല്‍ രംഗത്ത് അറിവ് കൂടുതല്‍ പുരുഷ ഡോക്ടര്‍മാര്‍ക്ക് ആണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നത് കൊണ്ടാവാം ഇത്തരത്തിലൊരു വൈരുധ്യം നിലനില്‍ക്കുന്നത്. അതേപോലെ പുരുഷ നഴ്സുമാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ല. പലയിടങ്ങളിലും മതിയായ വിശ്രമ മുറികള്‍ പോലും നല്‍കാറില്ല. പുരുഷ നഴ്സുമാരെക്കൊണ്ട് കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. സ്ട്രെക്ചര്‍ അല്ലെങ്കില്‍ വീല്‍ ചെയര്‍ നീക്കുക, ഡ്യൂട്ടി വാര്‍ഡില്‍ ബള്‍ബ് മാറ്റിയിടുന്ന പോലുള്ള ജോലികള്‍ ഉണ്ടെങ്കില്‍ അത് ചെയ്യിക്കുക തുടങ്ങി ധാരാളം ഉത്തരവാദിത്തങ്ങള്‍ ആശുപത്രി അധികൃതര്‍ നല്‍കാറുണ്ട്.

തൊഴില്‍സ്ഥലം വിട്ടു പൊതുസമൂഹത്തിലേക്ക് വരുമ്പോള്‍ പുരുഷ നഴ്സുമാര്‍ക്ക് സാമൂഹിക അംഗീകാരം കുറവാണെന്നു തന്നെ പറയാം. ഈ ജോലി ചെയ്യുന്ന പുരുഷന്മാര്‍ ആണത്തം കുറഞ്ഞവരാണെന്നും, സ്വവര്‍ഗാനുരാഗികളാണെന്നുമുള്ള പൊതുധാരണ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും വിവാഹത്തിന് ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്. വിദേശത്തേക്ക് പോവാത്ത പുരുഷ നഴ്സുമാര്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ല. പൊതുവെ സ്ത്രീകള്‍ ചെയ്തു വരുന്ന ജോലി ചെയ്യുന്ന പുരുഷന്‍ വളരെ താഴ്ന്ന ജോലിയാണ് ചെയ്യുന്നതെന്ന് കൂടെയുള്ള ധാരണയാവാം ഇതിനു പിറകില്‍. അതുകൊണ്ടു തന്നെ പലര്‍ക്കും തങ്ങളുടെ ജോലിയെക്കുറിച്ച് കള്ളം പറയേണ്ടി വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കാരണങ്ങളെല്ലാംകൊണ്ട് തന്നെ ഈ മേഖല വിട്ടു മറ്റു ജോലികളിലേക്ക് പോകുന്ന പുരുഷന്മാര്‍ നിരവധിയാണ്. എങ്കിലും കോവിഡ് മഹാമാരിയുടെ സമയത്ത് അന്താരാഷ്ട്ര തലത്തില്‍ തന്നെ നഴ്സിങ്ങിന് വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചു. അദൃശ്യമായ ഈ ജോലികള്‍ കൂടുതല്‍ ദൃശ്യമാക്കപ്പെട്ടു. പല ആശുപത്രികളും യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ധാരാളം നഴ്സുമാരെ ജോലിക്കെടുത്തു. പലയിടങ്ങളിലും പുരുഷന്മാര്‍ക്കായിരുന്നു മുന്‍തൂക്കം. കാരണം, കോവിഡ് സമയത്ത് മിക്ക ആശുപത്രികളിലും നഴ്സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മുന്‍കരുതലെന്നോണം ദീര്‍ഘകാലം സ്വന്തം വീട്ടില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കേണ്ട അവസ്ഥ വന്നതിനാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാവുകയും പുരുഷന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.
നൈറ്റിംഗേലിന്‍റെ പാത പിന്തുടര്‍ന്ന് വന്നതിനാല്‍ ഇന്നും ഈ മേഖലയില്‍ ഒരു ജെന്‍ഡര്‍ ഗ്യാപ് കാണാന്‍ സാധിക്കും. നഴ്സിംഗ് മേഖലയിലെ പല പദങ്ങളും സ്ത്രീകളെ മാത്രം വിശേഷിപ്പിക്കാനുതകുന്നതാണ്. സിസ്റ്റര്‍, മേട്രണ്‍ തുടങ്ങിയവ ഉദാഹരണം. ഇത്തരം പദങ്ങള്‍ക്ക് പകരം നഴ്സിംഗ് ഓഫീസര്‍ അല്ലെങ്കില്‍ നേഴ്സ് തുടങ്ങിയ ജെന്‍ഡര്‍ ന്യൂട്രലായ പദങ്ങള്‍ കൂടുതല്‍ പ്രചാരത്തിലെത്തേണ്ടതുണ്ട്.

നഴ്സിംഗ് മേഖലയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ് പരിഹരിക്കാന്‍ വിവിധ മേഖലകളുടെ സമഗ്രമായ ഇടപെടലിലൂടെയേ സാധിക്കുകയുള്ളു. ഇന്നും പലര്‍ക്കും നഴ്സിംഗ് ലിംഗഭേദമെന്യേ തിരഞ്ഞെടുക്കാവുന്ന ഒരു കരിയര്‍ മേഖലയാണെന്ന അവബോധം ഇല്ല. അത്തരത്തിലുള്ള അവബോധം സൃഷ്ടിക്കലാണ് തുല്യതയിലേക്കുള്ള ആദ്യ ചുവട്. ഈ മേഖലയില്‍ ജോലി ചെയ്യാനുള്ള വൈദഗ്ദ്യം സ്ത്രീകള്‍ക്ക് മാത്രം ജൈവീകമായി ലഭിക്കുന്നതല്ല, അഭിരുചിയുള്ള ഏതൊരാള്‍ക്കും ഇഷ്ടാനുസരണം തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടാവണം. ആശുപത്രികള്‍ക്കും രോഗികള്‍ക്കിടയിലും സമൂഹത്തിലും ഇതേക്കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ സാധിച്ചാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും പുരുഷ നഴ്സുമാരോടുള്ള വിവേചനം ഒരുപരിധിവരെ കുറച്ചു കൊണ്ടുവരാനും സാധിക്കും. ഇന്നും കൃത്യമായി സംഘടിതരാവാത്ത തൊഴില്‍ മേഖലയാണ് നഴ്സിംഗ്, ഒരുപക്ഷെ ശക്തമായ സംഘടനയുടെ പിന്‍ബലത്തോടെ പല പദ്ധതികളിലും മാറ്റങ്ങള്‍ കൊണ്ടുവരാനും അവകാശങ്ങള്‍ നേടിയെടുക്കാനും സാധിക്കും. സര്‍ക്കാരിന്‍റെ ഇടപെടലിലൂടെയാണ് തൊഴില്‍ മേഖലയില്‍ തുല്യത നേടാനുള്ള മറ്റൊരു പ്രധാന സാധ്യത. കാര്യക്ഷമമായ പദ്ധതികളിലൂടെ ഈ മേഖലയിലേക്ക് കടന്നു വരുന്നവരെ സഹായിക്കാന്‍ ഇവയിലൂടെ സാധിക്കും. നേഴ്സ് എന്നാല്‍ എങ്ങനെയാവണം എന്ന പൊതു ബോധത്തെ സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്. സൂക്ഷ്മമായ ഇടപെടലുകള്‍ നടത്തിയാല്‍ ഈ സാമൂഹ്യ നിര്‍മിതിയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സിനിമയടക്കമുള്ള മാധ്യമങ്ങള്‍ക്ക് കഴിയും. നഴ്സിംഗ് കരിക്കുലത്തിലും കോളേജിന്‍റെ അന്തരീക്ഷത്തിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സമൂഹത്തിന്‍റെ സങ്കുചിതമായ ചിന്താഗതിയില്‍ മാറ്റം വരുത്താനും നിലവിലുള്ള ചട്ടക്കൂടുകളെ ഇല്ലാതാക്കാനും, സമഗ്ര ലൈംഗീക വിദ്യാഭ്യാസത്തിലൂടെ സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സ്ഥായിയായ മാറ്റം കൊണ്ടുവരാനും, നിലവിലെ ജെന്‍ഡര്‍ റോളുകളെ ഇല്ലാതാക്കാനും കഴിയുകയുള്ളൂ.

സഹായക ഗ്രന്ഥങ്ങള്‍

Evans, J. (2004). Men nurses: a historical and feminist perspective. Journal of Advanced Nursing, 47(3), 321-328. https://doi.org/10.1111/j.1365-2648.2004.03096.x

George, C., & Arman Bhatti, F. (2019). The Voices of Male Nurses in Kerala: Career Choice and Satisfaction. Space and Culture, India, 7(3), 115-126. https://doi.org/10.20896/saci.v7i3.492

Jayapal, S. K., & Arulappan, J. (2020). Historical Trajectory of Men in Nursing in India. SAGE Open Nursing, 6, 237796082092012. https://doi.org/10.1177/2377960820920128

Johari, A. (2022, January 5). The one profession where men are demanding equality. Scroll.In. https://scroll.in/article/1014198/the-one-profession-where-men-are-demanding-equality#:%7E:text=Everywhere%2 C%20nurses%2C%20b oth%20men%20and,Nurses%20Union%20 in%20Raipur%2C%20Chhattisgarh.

LaRocco, S. (2007). A Grounded Theory Study of Socializing Men into Nursing. The Journal of Men’s Studies, 15(2), 120-129. https://doi.org/10.3149/jms.1502.120

Mittal, R. (2022, May 12). Male Nurses In India: The Inspiring Story Of Stanly Jones. Homegrown. https://homegrown.co.in/article/806469/male-nurses-in-india-the-inspiring-story-of-stanly-jones

Nigam, R. (2021, May 12). International Nurses Day: Blurring lines of gender in healthcare. Media India Group. https://mediaindia.eu/society/male-nurse-india/

ചൈതന്യ കെ.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
ബംഗളൂരു.

 

COMMENTS

COMMENT WITH EMAIL: 0