Homeചർച്ചാവിഷയം

പഠന വ്യത്യാസങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസം ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂളിലൂടെ സന്ധ്യ പ്രജിന്‍

Travancore National School – Official Website of Travancore National School

ഏതൊരു സാധാരണ വീട്ടമ്മയെയും പോലെ കുടുംബം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം തുടങ്ങിയ സ്വപ്നങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാന്‍. ഭര്‍ത്താവ് പ്രജിന്‍ ബാബുവും രണ്ട് മക്കളും ആയി ഞാന്‍ ആ സ്വപ്നങ്ങള്‍ക്ക് പിറകെയായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും നമ്മള്‍ പല കാര്യങ്ങളിലും ഇന്നും പിന്നിലാണ്. പ്രത്യേകിച്ചും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ എത്തുമ്പോള്‍; നമ്മള്‍ നമ്മുടെ സ്വപ്നങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. നമ്മള്‍ ഇന്നും കുട്ടികള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. നമ്മുടെ നടക്കാത്ത സ്വപ്നങ്ങള്‍ മക്കളിലൂടെ കാണാന്‍ നാം ശ്രമിക്കും. അത് കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികഭാരം വലുതാണ്. അത്തരം എല്ലാ സാമൂഹിക സാഹചര്യങ്ങളും എന്നെയും നയിച്ചിരുന്നു.

മകളുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അവള്‍ ഒരു നല്ല നിലയില്‍ എത്തും എന്നുള്ള ഉറപ്പും ഇന്ന് എനിക്ക് ഉണ്ട്. അവള്‍ ഇപ്പോള്‍ ഹൈദരാബാദിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു. പഠിക്കുക, എന്‍ജിനീയറോ ഡോക്ടറോ ആവുക എന്നുള്ള സാധാരണ സ്വപ്നങ്ങള്‍ ഒന്നും അവളുടെ പഠനകാര്യത്തില്‍ സ്വാധീനിച്ചിട്ടില്ല എന്ന് ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയും.

Travancore National School – Official Website of Travancore National School

മകന്‍ പിറന്ന് അവന്‍റെ പഠനം മുന്നോട്ട് പോവുന്ന അവസരത്തില്‍ ആണ് എന്‍റെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും മാറിമറിഞ്ഞത് എന്ന് പറയാം. അവനെയും മകള്‍ പഠിച്ച സ്കൂളില്‍ തന്നെയാണ് ചേര്‍ത്തിരുന്നത്. അവന്‍റെ സ്വഭാവത്തിലോ ജീവിതരീതികളിലോ പ്രകടമായ വ്യത്യാസം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലായിരുന്നു. അവന്‍ സംസാരം തുടങ്ങിയത് ഏറെ വൈകിയായിരുന്നു. കുട്ടികളുടെ ജനനം മുതല്‍ അവരുടെ ഓരോ ഘട്ടവും നമ്മുടെ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്കുന്നതാണല്ലോ. നമ്മുടെ അച്ഛനമ്മമാര്‍ നമ്മെ സമാധാനിപ്പിക്കാന്‍ വേണ്ടി അതൊക്കെ ശരിയാവും എന്ന മട്ടില്‍ നമ്മോട് സംസാരിക്കും. മിക്കവാറും കുട്ടികളില്‍ അത് മെല്ലെ സാധാരണ സ്ഥിതിയിലേക്ക് വരാറും ഉണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത്, നമ്മുടെ കുട്ടികള്‍ താണ്ടേണ്ട ഓരോ ഘട്ടത്തിലും നമ്മുടെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നാണ് എന്‍റെ അനുഭവം പഠിപ്പിക്കുന്നത്. അത്തരം ശ്രദ്ധ വേണ്ടിവരുന്ന കുട്ടികള്‍ക്ക് അത് കിട്ടാതെ പോവുന്നത് വലിയൊരു സാമൂഹിക വിപത്തായി ഞാന്‍ കാണുന്നു. പറഞ്ഞുവന്നത് മകന്‍റെ കാര്യം ആണ്. അവന്‍ അവന്‍റെ സ്കൂളില്‍ ഉണ്ടാക്കിയ പല പ്രശ്ങ്ങളും ഉണ്ട്. അവന്‍ എന്തെങ്കിലും മുറിവോ വീഴ്ചയോ ഉണ്ടായാല്‍ അതിനോട് പ്രതികരിക്കാറില്ലായിരുന്നു. അത്തരം പല സ്വഭാവ വ്യതിയാനങ്ങളുമാണ് അവന്‍ കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു കുട്ടിയാണ് എന്നൊരു ചിന്ത എന്നില്‍ വളര്‍ത്തിയത്. അവനെ പഠിപ്പിച്ച അധ്യാപകര്‍ക്ക് ഇതുപോലുള്ള എന്തെങ്കിലും വ്യത്യസ്തതകള്‍ ഉള്ള കുട്ടികളെ ശ്രദ്ധിക്കാനോ അവ തിരിച്ചറിഞ്ഞ് വേണ്ട സഹായമോ ഉപദേശമോ കൊടുക്കാനോ അറിയില്ലായിരുന്നു എന്നത് എന്‍റെ അനുഭവം എന്നെ പഠിപ്പിച്ചു. അവന്‍ പഠനകാര്യത്തില്‍ പിന്നോക്കം പോയപ്പോള്‍ ആണ് എന്‍റെ മനസ്സില്‍ വ്യാകുലത നിറഞ്ഞത്. ഒരു ദയയും ഇല്ലാതെ എന്‍റെ മകനെ ഇനി തുടര്‍ന്ന് സ്കൂളില്‍ പഠിപ്പിക്കാന്‍ പറ്റില്ല എന്ന് സ്കൂള്‍ അധികാരികള്‍ തുറന്നു പറഞ്ഞപ്പോള്‍ ആണ് ഞാന്‍ എന്‍റെ സ്വപ്നങ്ങളോട് കലഹിക്കാന്‍ തീരുമാനിച്ചത്. സന്ധ്യ പ്രജിന്‍, സ്ഥാപക & എക്സിക്യൂട്ടീവ് ഡയറക്ടര്‍, ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂള്‍, തിരുവനന്തപുരം

വളരെ ഊര്‍ജ്ജസ്വലനായ എന്‍റെ മകന്‍ മുന്നോട്ട് വളര്‍ന്ന് ഉയരങ്ങളില്‍ എത്തേണ്ടവന്‍ തന്നെയാണ് എന്ന ഉത്തമബോധ്യം എനിക്ക് നന്നായി ഉണ്ടായിരുന്നു. അവന്‍റെ പഠനം എന്‍റെ മുന്നില്‍ ഒരു ചോദ്യചിഹ്നം ആയി മാറിയപ്പോള്‍ ഞാന്‍ എന്‍റെ മകനെപ്പോലെയുള്ള കുട്ടികളെ ശാസ്ത്രീയമായി പഠിപ്പിക്കാന്‍ പറ്റുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞു. പക്ഷെ, എനിക്ക് ഒരു സ്കൂള്‍ പോലും കണ്ടെത്താന്‍ പറ്റിയില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം കിട്ടും എങ്കിലും അവിടുത്തെ അധ്യാപനരീതികള്‍ എത്രത്തോളം പര്യാപ്തമാണ് എന്നൊരു ആശങ്ക എന്നെ അസ്വസ്ഥയാക്കി. അങ്ങിനെയാണ് ഇത്തരം കുട്ടികള്‍ക്കുവേണ്ടി ഒരു വിദ്യാലയം എന്നൊരു ആശയം എന്‍റെ മനസ്സില്‍ വരുന്നത്.

No photo description available.

ഒരു സ്പെഷ്യല്‍ സ്കൂള്‍ എന്ന ആശയം മനസ്സില്‍ വന്നപ്പോള്‍, തേജസ്സിന്‍റെ അമ്മ എന്ന അനുഭവയോഗ്യത മാത്രമായിരുന്നു എന്‍റെ കൈമുതല്‍. അത്തരം അനുഭവങ്ങള്‍ തന്നെയാണ് ഇത്തരം കുട്ടികളെ പരിചരിക്കാന്‍ ആദ്യം വേണ്ടത് എന്ന് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നു. സ്കൂള്‍ തുടങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അതിലേക്കുള്ള ആളുകളുടെ കാര്യത്തിലും ഞാന്‍ ഒരുപാട് കാലം എന്‍റെ മനസ്സ് അര്‍പ്പിച്ചു. എന്‍റെ ഭര്‍ത്താവിന്‍റെയും മക്കളുടെയും സുഹൃത്തുക്കളുടെയും കൃത്യമായ പിന്തുണ എനിക്ക് ആവേശം പകര്‍ന്നു. അങ്ങനെ തിരുവനന്തപുരത്തു ഐ എം എ യുടെ സഹായത്തോടെ 2014ല്‍ ഐ എം എ യുടെ വഞ്ചിയൂരില്‍ ഉള്ള ഹാളില്‍ ആറ് കുട്ടികള്‍ക്ക് ആശ്രയം ആയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അവരുടെ ഹാള്‍ തന്നെയായിരുന്നു ക്ലാസ്സ് മുറിയും കളിസ്ഥലവും എല്ലാം. പിന്നെ മരുതംകുഴിയിലുള്ള ഒരു വാടകക്കെട്ടിടത്തിലേക്ക് മാറി. ഇപ്പോള്‍ വട്ടവിളയില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
കുറച്ച് നിസ്വാര്‍ത്ഥരായ അമ്മമാരും അധ്യാപകരും ഞങ്ങളുടെ കൂടെ കൂടി. തുടര്‍ന്ന് സ്കൂളിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെന്നൈ ആസ്ഥാനമായിട്ടുള്ള എം ഡി എ എന്ന ഒരു സംഘടനയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അവരുടെ പിന്തുണയോടെ ഇപ്പോള്‍ എല്ലാ വര്‍ഷവും അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുന്നു. കൂടാതെ ചെന്നൈയില്‍ ഉള്ള കല്‍വി ഫൌണ്ടേഷന്‍ എന്ന ഒരു ഗ്രൂപ്പും ഞങ്ങളെ ഈ ഒരു കാര്യത്തില്‍ ഒരുപാട് സഹായിക്കുന്നുണ്ട്. അതിന്‍റെ ഫലമായി ഞങ്ങള്‍ക്ക് വളരെ കൃത്യമായി കുട്ടികളെ പരിശീലിപ്പിക്കാന്‍ മനസ്സുള്ള കുറച്ചാളുകളെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു. അവര്‍ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിശീലിപ്പിക്കുന്നു. ഇടയ്ക്കുള്ള ട്രെയിനിങ് പരിപാടികളും മറ്റും ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവാന്‍ സഹായിക്കുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്‍റെ ആര്‍ സി എ എന്ന ഒരു സ്ഥാപനം സ്വഭാവ വ്യത്യസ്തതകള്‍ ഉള്ള കുട്ടികളുടെ പരിപാലനത്തിന് പ്രത്യേക കോഴ്സുകള്‍ കൊടുക്കുകയും അത് യോഗ്യതയായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ യോഗ്യതകള്‍ ഉണ്ടായാലും, നമ്മുടെ സ്വന്തം കുട്ടിയാണ് എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടെങ്കിലേ ആര്‍ക്കും എന്‍റെ മകനെപ്പോലെയുള്ള കുട്ടികളെ പരിചരിക്കാന്‍ പറ്റൂ എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വളരെ സമഗ്രമായ ഒരു വിദ്യാഭ്യാസ രീതിയാണ് വേണ്ടത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ യോഗ, കരാട്ടെ, മാനസിക വ്യായാമം, സംസാരവൈകല്യം മാറ്റാനുള്ള വ്യായാമങ്ങള്‍, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, മനഃശാസ്ത്ര സഹായം, ഫിസിയോ തെറാപ്പി, ആര്‍ട്ട് തെറാപ്പി തുടങ്ങിയവ കൃത്യമായി നടത്തിക്കൊണ്ടിരിക്കുന്നു. ഒരു മനഃശാസ്ത്ര വിദഗ്ധന്‍റെ സേവനം നിത്യവും നമ്മുടെ സ്കൂളില്‍ ഉണ്ട്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗും കൊടുക്കുന്നുണ്ട്. പല കുട്ടികളും വ്യത്യസ്തമായ പരിപാലന രീതിയാണ് അര്‍ഹിക്കുന്നത്. അത് മനസിലാക്കി നമ്മള്‍ അവരെ പ്രത്യേകമായി ശ്രദ്ധിക്കുന്നു. ഇതെല്ലാം ഞങ്ങളുടെ അധ്യാപകരുടെ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നത്.
ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇതിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിന്‍സിപ്പലും ആയതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഞങ്ങളുടെ കൂടെ വളര്‍ന്ന കുട്ടികള്‍ ഇന്ന് തിരുവനന്തപുരത്തെ പല കോളേജുകളിലും മെച്ചപ്പെട്ട പഠനരീതികളിലൂടെ അവരുടെ സ്വപ്നങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ ചാരിതാര്‍ഥ്യജനകമായ കാര്യമാണ്. സ്കൂളിലെ ഏത് പരിപാടിക്കും ഇവിടെ നിന്നും പോയ കുട്ടികള്‍ സഹകരിക്കുന്ന കാഴ്ച ഞങ്ങള്‍ക്ക് ഇത്തരം ഒരു സംരഭം എന്തുകൊണ്ടും ആവശ്യമാണ് എന്നൊരു സന്തോഷം ഉണ്ടാക്കാറുണ്ട്. അവര്‍ ഇന്ന് സമൂഹത്തില്‍ അനല്പമായ സ്ഥാനം വഹിക്കുന്നു. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രകടിപ്പിക്കാന്‍ അവര്‍ക്കു അവസരങ്ങള്‍ നല്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതിന്‍റെ ഫലമാണ് ഇതൊക്കെയെന്ന് വിശ്വസിക്കാന്‍ ആണ് ഞങ്ങള്‍ക്ക് ഇഷ്ടം.

May be an image of 11 people, people standing, tree and outdoors

ഒമ്പതാം ക്ലാസു വരെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സിലബസ്സാണ് ഉള്ളത്. അതിനു ശേഷം നമ്മളിവിടെ എന്‍ ഐ ഒ എസ് സിലബസ്സാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൊക്കേഷനല്‍ പരിശീലനത്തിന്‍റെ ഭാഗമായി ഞങ്ങള്‍ എടുത്തിരിക്കുന്നത് സി-ഡിറ്റിന്‍റെ കോഴ്സാണ്. അവരുടെ ഡി സി എ എന്ന കോഴ്സ് കുട്ടികള്‍ക്ക് നല്ല രീതിയില്‍ ഉപകരിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് അവര്‍ക്ക് പി എസ് സി എഴുതണം എങ്കില്‍ ഡി സി എ നിര്‍ബന്ധം ആണ്.
ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് നിരവധി സ്കോളര്ഷിപ്പുകള്‍ക്കും ഫെല്ലോഷിപ്പുകള്‍ക്കും അവസരം ഉണ്ട്. അതിലേക്ക് അവരെ കൊണ്ടുപോവാനും, അവര്‍ക്ക് അത് നേടിക്കൊടുക്കാനും ഉള്ള ഒരു ഏകജാലക സംവിധാനം സംവിധാനം അത്യാവശ്യം ആണെന്ന് തോന്നുന്നു. ഓണ്‍ലൈന്‍ വഴി അവര്‍ക്ക് അപേക്ഷിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഉള്ള സംവിധാനം ഇന്ന് നിലവില്‍ ഇല്ല. ഇങ്ങനെയുള്ള കുട്ടികളെ ഇത്തരം ഓഫീസുകളിലേക്ക് കൊണ്ടുപോവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആര്‍. പി. ഡബ്ലിയൂ. ഡി ആക്ട് പ്രകാരം ഈ കുട്ടികള്‍ക്കെല്ലാം സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണന കിട്ടുന്നു. അവര്‍ക്കു കിട്ടുന്ന യു ഡി ഐ ഡി കാര്‍ഡ് കൊണ്ട് ജോലിയ്ക്കും വിദ്യാഭ്യാസത്തിനും മറ്റുള്ള കാര്യങ്ങള്‍ക്കും സംവരണം ഉണ്ട്. അതൊക്കെ അനധികൃതമായി നേടിയെടുക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നു എന്ന ആശങ്ക ഇവിടെ പങ്കുവെയ്ക്കട്ടെ. ഇങ്ങനെയുള്ള സാമൂഹ്യ സംസ്കരണത്തിനുള്ള കാര്യങ്ങള്‍ കൃത്യമായ കരങ്ങളില്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍തല ശ്രദ്ധ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ കാരണം അര്‍ഹരായ കുട്ടികള്‍ക്ക് ഡഉകഉ കാര്‍ഡും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും കിട്ടാതെ പോവുന്നുണ്ട് എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.

The writing on the wall - The Hindu

ഇന്ന് എന്‍റെ മോന്‍ ഞങ്ങളുടെ സ്കൂളില്‍ പതിനൊന്നാം ക്ലാസില്‍ ആണ് പഠിക്കുന്നത്. സ്കൂളിന്‍റെ ചെയര്‍മാന്‍ കൂടിയായ എന്‍റെ ഭര്‍ത്താവ് പ്രജിന്‍ബാബു ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും മാര്‍ഗദര്‍ശിയായി കൂടെ നില്‍ക്കുന്നു. കൂടാതെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള രാഷ്ട്രീയ കലാ-സാഹിത്യ-സാംസ്കാരിക നേതാക്കളും പ്രവര്‍ത്തകരും ഞങ്ങളുടെ സ്കൂളുമായി പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്നു. അവരോടൊക്കെയുള്ള നന്ദി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടാറില്ല. കാരണം, അവരൊക്കെ ഞങ്ങളുമായി സഹകരിക്കുന്നത് ഈ ഒരു സംരഭത്തോടുള്ള വൈകാരികമായ അടുപ്പംകൊണ്ടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പണ്ടൊക്കെ പതിനായിരത്തില്‍ ഒന്ന് എന്ന നിലയില്‍ ആയിരുന്നു ഓട്ടിസം പോലുള്ള അവസ്ഥയുള്ള കുട്ടികളുടെ എണ്ണം. ഇന്ന് അമ്പത്തിയാറ് കുട്ടികള്‍ ജനിക്കുമ്പോള്‍ ഒരു കുട്ടി ഓട്ടിസം എന്ന അവസ്ഥയുമായി ജനിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഓട്ടിസം കൃത്യമായ ഒരു ചികിത്സാമാര്‍ഗമോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു അസുഖം എന്നതിലുപരി ഒരു അവസ്ഥ എന്ന ചിന്തയിലേക്ക് നമ്മുടെ സമൂഹം പതിയെ എത്തിച്ചേരുന്നു എന്നതുകൂടി ഇവരുടെയെല്ലാം സഹകരണത്തിലൂടെ വായിച്ചെടുക്കാന്‍ പറ്റും എന്ന് തോന്നുന്നു. ഇത്തരം വ്യത്യസ്തതകള്‍ ഉള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഒരു തരത്തിലും മാനസികമായി തളരാന്‍ പാടില്ല എന്നൊരു സന്ദേശം നല്‍കാന്‍ ഞാന്‍ ഈ ഒരു അവസരം പ്രയോജനപ്പെടുത്തുകയാണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന് എനിക്ക് സമൂഹത്തിനോട് ചിലത് പ്രത്യേകമായി ചൂണ്ടിക്കാട്ടാന്‍ ഉണ്ട്. നമ്മുടെ കുട്ടികള്‍ ജനിച്ചതിനു ശേഷം കമഴ്ന്നു കിടക്കുക, നീന്തുക, മുട്ടില്‍ നടക്കുക തുടങ്ങിയ ഓരോ നാഴികക്കല്ലും പിന്തുടരുന്നതില്‍ എന്തെങ്കിലും തടസ്സം തോന്നുന്നു എങ്കില്‍, വെറുതെ ആ കുട്ടിയെ ‘ശരിയായിക്കോളും’ എന്ന വാക്കിന്‍റെ ബലത്തില്‍ കുരുതി കൊടുക്കാന്‍ പാടില്ല. നല്ലൊരു ഡോക്ടറുടെ അടുത്ത് പോയി, കൃത്യമായി പരിശോധിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പിക്കണം. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍, അതില്‍ വിഷമിച്ച് ഇരിക്കാതെ കുട്ടിക്ക് കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. തന്‍റെ കുട്ടി ഒരു സ്പെഷ്യല്‍ സ്കൂളില്‍ ആണ് പഠിക്കുന്നത് എന്ന് പറയാന്‍ ഉള്ള രക്ഷിതാക്കളുടെ മടിയോ നാണക്കേടോ കൊണ്ടെത്തിക്കുക വലിയൊരു സാമൂഹ്യദുരന്തത്തിലേക്കായിരിക്കും. ഒരു രീതിയിലും കുട്ടിയില്‍ അല്‍പ്പം പോലും കുറ്റബോധമോ വിഷമമോ ഉണ്ടാക്കാതെ വളരെ പക്വതയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ കുഞ്ഞ് മെല്ലെ ഒരു സാമൂഹ്യദ്രോഹിയുടെ അവസ്ഥയിലേക്ക് പോവും. നമ്മുടെ കുടുംബങ്ങളില്‍ ഇതെല്ലാം അമ്മമാരുടെ ഉത്തരവാദിത്തം ആക്കി കൈകഴുകുന്ന അച്ഛന്‍മാരെയാണ് സാധാരണയായി കണ്ടുവരുന്നത്. ആ പ്രവണത മാറ്റി, കൂട്ടുത്തരവാദിത്തത്തോടെ കുട്ടിയെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുള്ള ജീവിതത്തിന് നല്ലൊരു പാത വെട്ടിക്കൊടുക്കണം എന്നുള്ള ഒരു നിര്‍ദ്ദേശം വെയ്ക്കുന്നു.
തയ്യാറാക്കിയത് നിഷാന്ത്

 

COMMENTS

COMMENT WITH EMAIL: 0