Homeചർച്ചാവിഷയം

പാലിയേറ്റീവ് കെയറിലെ സ്ത്രീ സാന്നിദ്ധ്യം

സാന്ത്വനപരിചരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിനേഴ് വര്‍ഷം പിന്നിട്ടു… സ്ത്രീ എന്ന നിലയില്‍ യാതൊരു ബുദ്ധിമുട്ടും എനിക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല. ആണ്‍ സൗഹൃദങ്ങള്‍ അനവധി ഈ നിലയില്‍ ഉണ്ടായിട്ടുണ്ട്. ബഹുമാനവും സ്നേഹവും ആദരവും കലര്‍ന്ന വാക്കുകളും നോട്ടവും മാത്രമേ അവരില്‍ നിന്നും ഇതേവരെ ലഭിച്ചിട്ടുള്ളു…

വീണ്ടും വീണ്ടും ചികഞ്ഞു നോക്കുമ്പോള്‍ , എന്‍റേതല്ലെങ്കില്‍ കൂടി എന്നില്‍ വല്ലാത്ത അസ്വസ്ഥത യുണ്ടാക്കിയ ഒരു സംഭവം ഇവിടെ കുറിക്കാം… ‘നമസ്കാരം മാഡം, ഞാന്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. മാഡം വിചാരിച്ചാല്‍ മാത്രമേ ഇനി ഈ അവസ്ഥയില്‍ നിന്ന് എന്നെ രക്ഷിക്കാനാകൂ…’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു വ്യക്തി യുടെ സ്വരമാണ് ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍. ‘എന്തു പറ്റി സുഹൃത്തേ, ആകെ പേടിച്ചരണ്ട പോലെ ഉണ്ടല്ലോ. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യമാണോ എന്ന് നോക്കട്ടെ’ ശബ്ദത്തിലെ പതര്‍ച്ച മനസ്സിലാക്കാന്‍ കഴിഞ്ഞതു കൊണ്ട് സഹതാപത്തോടെ, സൗമ്യമായ് അന്വേഷിച്ചു.

‘അത്… അത്…’ ശബ്ദത്തിന് ഒരു വിറയല്‍ ‘ഞാന്‍ ഇന്ന് രാവിലെ മാഡത്തിന് ഒരു ഗുഡ് മോര്‍ണിംഗ് സന്ദേശം അയച്ചു. അത് ഒരു പ്രശ്നം ആയി മാറി…’ രാവിലെ തന്നെ വന്നു നിറയുന്ന ഇതുപോലെയുള്ള ഫോട്ടോ സന്ദേശങ്ങളെ ഡിലീറ്റ് ചെയ്യുന്ന മിനക്കേട് മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും, വിലപ്പെട്ട സമയം പാഴാക്കാതെ പറഞ്ഞത് ഇങ്ങനെ…’അതെന്താ, അത് ഒരു നല്ല കാര്യമല്ലേ’. മറുപടി കേട്ടു ആദ്യം ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു.

‘അതല്ല മാഡം, ഡോക്ടറുടെ ഭര്‍ത്താവ് എന്നെ വിളിച്ച് ഇംഗ്ലീഷില്‍ ഒത്തിരി ചീത്ത പറഞ്ഞു’. എനിക്കൊന്നും മനസ്സിലായില്ല. പെട്ടെന്ന് എന്തോ ഒരു പന്തികേട് എനിക്കു തോന്നി…

‘അതെന്തു മെസ്സേജ് ആണ് അയച്ചത്’ എന്ന് ഞാന്‍ ഉദ്വേഗത്തോടെ തിരക്കി… ‘ഗുഡ് മോണിംഗ് മുത്തേ’ എന്നാണ് ഞാന്‍ അയച്ചത്. ചമ്മലോടെ അയാള്‍ മൊഴിഞ്ഞു. അത് കേട്ടു ഞാന്‍ പ്ലീംഗ്.

‘മാഡം, ഞാന്‍ ഒരു കുഴപ്പക്കാരന്‍ അല്ലെന്നു ഭര്‍ത്താവ് സാറിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം…’ ഓഹോ… അപ്പോള്‍ അതിനാണ് എന്‍റെ സഹായം വേണ്ടത്, അല്ലേ. ഇവന് ഇവ്വളവ് ധൈര്യം ഇരുക്കാ? നാഗവല്ലി പറഞ്ഞ വാക്കുകള്‍ ഉരുവിട്ടോണ്ടു നിന്ന എന്നോട് വീണ്ടും അയാള്‍ പറയുകയാണ്.

‘പ്ളീസ്, മാഡം’

നല്ല ഇടയന്‍ ചമഞ്ഞിരുന്ന ആ പ്രവര്‍ത്തകന്‍റെ ഉള്ളിലെ ചെന്നായ എന്നെ നോക്കി കൊഞ്ഞനം കുത്തി… വിവരക്കേട്… പിന്നെ ആ സാര്‍ പറഞ്ഞു നിര്‍ത്തിയതിന്‍റെ ബാക്കി ഞാന്‍ പൂരിപ്പിച്ചു വിട്ടു…
ഒരു സ്ത്രീ ഏത് പദവിയിലാണെങ്കിലും അവരെ വെറുമൊരു സ്ത്രീ ആയി മാത്രം കാണാനുള്ള പുരുഷന്‍റെ മാനസിക നിലപാട്, ആ അഹങ്കാരം അന്നാണ് എനിക്കു തീര്‍ത്തും മനസ്സിലായത്… ലജ്ജാവഹം…
ഒരു സ്ത്രീ അവരുടെ പദവികള്‍ എല്ലാം മാറ്റി വച്ച്, താഴേക്കു ഇറങ്ങി വന്ന് തലക്കനമില്ലാതെ ഇടപെടുമ്പോള്‍ , സൗഹൃദം പങ്കു വെക്കുമ്പോള്‍, ഒരു തമാശ കേട്ടു ചിരിച്ചാല്‍, ഒരുമിച്ച് ഒരു രോഗിയെ ശുശ്രൂഷിച്ചാല്‍… അവിടെ ഒരു മരപ്പണിക്കാരനും വൈദ്യയും തമ്മിലുള്ള അന്തരം ഇല്ലാതാകുമോ?

വിദ്യാഭ്യാസം, സംസ്കാരം ഈ ചൂണ്ടു പലകകള്‍ കൊണ്ട് അവര്‍ രണ്ടും രണ്ടു തട്ടിലാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് ആകാത്തത് അയാളില്‍ ഉറങ്ങിക്കിടന്ന പുരുഷ മേധാവിത്വം ഒന്ന് കൊണ്ട് മാത്രമാണ്. അതിലൂടെ അയാള്‍ക്ക് നഷ്ടപ്പെട്ടത് നല്ലൊരു സൗഹൃദം…

സാന്ത്വന പരിചരണം അത്യാവശ്യമായിരുന്ന രോഗികള്‍ക്ക് നഷ്ടമായത് നല്ലൊരു ഡോക്ടറുടെ സേവനവും ചികിത്സയും പരിചരണവും സഹകരണവും….  എന്നാല്‍, …. എനിക്ക് മനസ്സിലാകാത്തത് എന്തു കൊണ്ട് അവര്‍ തന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞില്ല, ഭര്‍ത്താവ് പറയുന്നതിലും നല്ലത് അവര്‍ തന്നെ രണ്ടു പറയുന്നതായിരുന്നില്ലേ , കൂട്ടരേ ?

ഡോ.ലത ജനാര്‍ദ്ദനന്‍
അഡീഷണല്‍ പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോര്‍ഡിനേറ്റര്‍, പാലിയേറ്റീവ് കെയര്‍

COMMENTS

COMMENT WITH EMAIL: 0