Homeചർച്ചാവിഷയം

പെണ്ണുടലും വസ്ത്രസദാചാരവും

ലോകത്തിന്‍റെ മറ്റു പ്രദേശങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തവും വിചിത്രവുമാണ് കേരളത്തിലെ ശരീര വസ്ത്ര ബന്ധം. ആധുനികതയുടെ ആവിര്‍ഭാവത്തോടു കൂടിയാണ് മനുഷ്യന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. സവിശേഷമായ സാംസ്കാരിക-പ്രകൃതി പശ്ചാത്തലമുള്ള കേരളത്തിലെ വസ്ത്രധാരണത്തിന്‍റെ ചരിത്രം ഇതര ഇടങ്ങളില്‍ നിന്ന് പ്രത്യേകമായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു. കേരളത്തിലെ ഭൂപ്രകൃതിപരമായ സവിശേഷതകള്‍ ഒന്നും തന്നെ ഇവിടുത്തെ വസ്ത്രധാരണരീതിയെ സ്വാധീനിച്ചിട്ടില്ല എന്നത് തന്നെയാണ് അതില്‍ പ്രധാനം.

മറ്റെല്ലാ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ശരീരം, വസ്ത്രം എന്നീ പദങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത് സവിശേഷമായാണ്. സാധാരണയില്‍ കവിഞ്ഞ നീളവും വീതിയും ഉള്ള തുണികളെയാണ് വസ്ത്രം എന്ന് വിളിച്ചിരുന്നത്. അനുഷ്ഠാനപരമോ ആചാരപരമോ ആയ ധര്‍മങ്ങളാണ് വസ്ത്രങ്ങള്‍ക്ക് പണ്ടുകാലത്ത് കല്‍പ്പിക്കപ്പെട്ടിരുന്നത്. ജനനേന്ദ്രിയം സ്ഥിതിചെയ്യുന്ന ഭാഗത്തെ മറയ്ക്കുക എന്നതായിരുന്നു മലയാളി മാനം മറയ്ക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. വസ്ത്രത്തിന്‍റെ അടിസ്ഥാനധര്‍മ്മവും അന്ന് ഇതുതന്നെയായിരുന്നു. മുട്ടിന്മേല്‍ വരെ, മുട്ടുവരെ, കണങ്കാല്‍ എത്തിച്ച്, നെരിയാണി വരെ എന്ന തരത്തിലായിരുന്നു വസ്ത്രധാരണത്തിലെ കീഴ്നടപ്പ്. ജാതിഭേദം അനുസരിച്ചായിരുന്നു ഈ തരംതിരിവ്. അവര്‍ണ്ണന് മുട്ടുമറിയാതെ മുണ്ടുടുക്കാനേ അവകാശം ഉണ്ടായിരുന്നുള്ളൂ. ഈഴവാദി പിന്നോക്കം കഷ്ടിച്ച് മുട്ടു മറിയും. നായര്‍ മുതലായവര്‍ക്ക് കണങ്കാല്‍ എത്തിച്ചും ബ്രാഹ്മണര്‍ക്ക് നെരിയാണിവരെയും എത്തിച്ച് മുണ്ടുടുക്കാമായിരുന്നു.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ ഒന്നരയും മുണ്ടും മുട്ടിനു കീഴെ വരെ ഉടുത്തു പോന്നു. ‘അച്ചിപ്പുടവ’ എന്നാണ് അതിനെ പറഞ്ഞിരുന്നത്. അധകൃതസ്ത്രീകള്‍ക്ക് മുട്ടിനു കീഴെ എത്താത്ത മുണ്ടായിരുന്നു വേഷം. ബ്രാഹ്മണസ്ത്രീകള്‍ മാത്രമാണ് അരയ്ക്കു മുകളില്‍ മേല്‍പ്പോട്ട് നല്ലവണ്ണം മറച്ചിരുന്നത്. മേല്‍ജാതിക്കാര്‍ക്ക് മുമ്പില്‍ മേല്‍മുണ്ട് ഊരി ബഹുമാനം പ്രകടിപ്പിക്കണമായിരുന്നു. വസ്ത്രം എന്ന പദം പോലും ബ്രാഹ്മണര്‍ വിശേഷാവസരത്തില്‍ ഉപയോഗിച്ചിരുന്ന തുണിയ്ക്കാണ് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ജാതീയവും ആചാരപരമായ മാനദണ്ഡങ്ങളാണ് കേരളത്തില്‍ വസ്ത്ര സങ്കല്പത്തെക്കുറിച്ച് നിലനിന്നിരുന്നത്. നഗ്നത, ലജ്ജ എന്നീ സങ്കല്പങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല.

മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികള്‍ ആയവര്‍ക്കാണ് വസ്ത്രധാരണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നത്. ചാന്നാര്‍ലഹള കേരളീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്. മതപരിവര്‍ത്തനം ചെയ്ത ഭൂതത്താന്‍കുടി ചന്നാനും എശങ്കി ചന്നാട്ടിയും പുതിയ വേഷം ഇട്ടതോടുകൂടിയാണ് ചാന്നാര്‍ ലഹള നടന്നത്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത വാസ്തവത്തില്‍ തങ്ങളുടെ അരയ്ക്ക് മേലോട്ടുള്ള നഗ്നത മറയ്ക്കാന്‍ അല്ല ഈ സമരം അരങ്ങേറിയത്. മറിച്ച് തുല്യമായ അവകാശത്തിനു വേണ്ടിയാണ്. കേരളീയരുടെ വസ്ത്രധാരണ ചരിത്രത്തിന്‍റെ ആദ്യ നാളുകളില്‍ ഒന്നിലും നഗ്നത, നാണം തുടങ്ങിയവ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി നിര്‍വചിച്ചിട്ടില്ല. മാറു മറയ്ക്കാനുള്ള അവകാശം ലഭിച്ചിരുന്നെങ്കിലും പുറത്ത് മാറുമറച്ച് നടക്കുന്നത് വലിയ അപമാനം ആയിട്ടാണ് സ്ത്രീകള്‍ കണ്ടിരുന്നത്. റൗക്ക ഇട്ട് മാറ് മറച്ചിരുന്ന സ്ത്രീകളെ ആട്ടക്കാരികളെന്നും മറ്റും വിളിച്ച് ആദ്യകാലത്ത് ആക്ഷേപിച്ചിരുന്നു. അന്തസ്സില്ലാത്ത അവസ്ഥയായിട്ടാണ് അന്ന് മറച്ചു വെയ്ക്കലിനെ കണ്ടിരുന്നത്.
കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ മറ്റെല്ലാ മേഖലകളിലും മിഷണറിമാരുടെ കയ്യൊപ്പ് പതിഞ്ഞതുപോലെ വസ്ത്രധാരണ രീതികളിലും അതിന്‍റെ സ്വാധീനം പ്രകടമായിരുന്നു. യൂറോപ്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്തിയ കേരളീയരാണ് ജാതിവ്യവസ്ഥയ്ക്ക് അതീതമായ വസ്ത്രധാരണം ചെയ്തു തുടങ്ങിയത്. യൂറോപ്പിനു മുമ്പ് തന്നെ അറബികളുമായി കേരളത്തിന് വാണിജ്യബന്ധം ഉണ്ടായിരുന്നെങ്കിലും അത് കേരളീയവസ്ത്രധാരണ രീതികളെ ഒരിക്കലും ബാധിച്ചിരുന്നില്ല. യൂറോപ്യന്‍ ഇടപെടലുകള്‍ കേരളീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളെ പരിവര്‍ത്തന വിധേയമാക്കി തീര്‍ത്തു.

മാറുമറയ്ക്കല്‍ സമരകാലത്ത് മിഷനറി പ്രവര്‍ത്തകര്‍ അതിനെ പിന്തുണച്ചു കൊണ്ട് ആയിരക്കണക്കിന് റൗക്കകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വിതരണം ചെയ്തിരുന്നു. ഇവയ്ക്കൊപ്പം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ കൂടിയാണവര്‍ വിതരണം ചെയ്തത്. കേരളീയ വേഷങ്ങളോടുള്ള കൊളോണിയല്‍ മനസ്ഥിതിയാണ് ഇവിടെ വെളിപ്പെടുന്നത്. സഭ്യതയുടെ പുതിയ പാഠങ്ങളുടെ തുടക്കം കൂടിയായിരുന്നു ഈ ഇടപെടല്‍. വിക്ടോറിയന്‍ സദാചാരബോധത്തില്‍ ഊന്നിയ ഈ വസ്ത്രസങ്കല്പത്തെ കേരളീയരില്‍ ഉറപ്പിക്കുന്നതിനായി അച്ചടിയേയും വിദ്യാഭ്യാസസ്ഥാപനങ്ങളേയും അവര്‍ കൃത്യമായി ഉപയോഗപ്പെടുത്തി. സ്വതന്ത്രമായ ശരീരഭാഗങ്ങളെ മറച്ചുപിടിക്കുന്നതാണ് ഉത്തമം എന്ന നില ഇതോടെ വന്നുചേര്‍ന്നു. വിക്ടോറിയന്‍ സദാചാരബോധത്തിന്‍റെ ഈ ചെറുത്തുനില്‍പ്പുകള്‍ പിന്നീട് ശക്തമായി തീരുകയും സ്ത്രീ ശരീരങ്ങളെ സ്വന്തം അസ്ഥിത്വത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ലൈംഗികമാക്കി ചുരുക്കുകയും ചെയ്തു. സദാചാര ബോധത്തെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കകത്തും പൊതുസമൂഹത്തിലും വളര്‍ത്തിയെടുത്തു. നാണത്തിന്‍റെ, കുലീനതയുടെ, നഗ്നതയുടെയെല്ലാം പുതിയ ചിഹ്നങ്ങള്‍ ഇതോടെ ഉടലെടുത്തു വന്നു. അവയവങ്ങള്‍ക്ക് പുതിയ ലൈംഗിക സൂചകങ്ങള്‍ വന്നുചേര്‍ന്നു. സമൂഹത്തില്‍ സമഗ്രമായി രൂപപ്പെട്ടു വന്ന ഈ മാറ്റം പൊതുസ്ഥലങ്ങളില്‍ സ്വയം പുതുമയോടെ ആവിഷ്കരിക്കാനുള്ള ആവേശവും ആഗ്രഹവും സ്ത്രീകളില്‍ വളര്‍ത്തിയെടുത്തു. ജാതി ശരീരങ്ങളുടെ ജനാധിപത്യം എന്ന നവോത്ഥാന ആശയത്തിലൂടെ ലൈംഗികവല്‍ക്കരണത്തെയും സദാചാരബോധങ്ങളെയും ഒളിച്ചു കടത്തുകയാണ് കൊളോണിയല്‍ ആധുനികത ചെയ്തുപോന്നത്. അന്ന് ഉറച്ചുപോയ മറച്ചുപിടിക്കലിന്‍റെയും നഗ്നതയുടെയും അളവുകോലുകള്‍ തന്നെയാണ് മാറ്റിയിട്ടും മായ്ച്ചിട്ടും മാറാതെ ഇന്നും കേരളീയരില്‍ നിലനില്‍ക്കുന്നത്.
സ്ത്രീകള്‍ സ്വന്തം ശരീരത്തെ എങ്ങനെ, എത്ര മൂടണം എന്നതിനെ സംബന്ധിക്കുന്ന എഴുതപ്പെടാത്ത പല നിയമങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരം നിയമങ്ങളെ ഗൗനിക്കാത്ത സ്ത്രീകള്‍ക്ക് ശരീരപ്രദര്‍ശനം നടത്തുന്നു, കുഴപ്പം വിളിച്ചുവരുത്തുന്നു തുടങ്ങിയ പല ആരോപണങ്ങളും കേള്‍ക്കേണ്ടി വരുന്നു. വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കുന്നത് ഇക്കാരണം കൊണ്ടാവാം. സാരിക്കിടയിലൂടെ വയര്‍ കാണുന്നുണ്ടോ, ദുപ്പട്ട സ്ഥാനത്ത് തന്നെയല്ലേ, ടോപ്പിന്‍റെ ഇറക്കം കുറഞ്ഞോ, ഉടുപ്പിന്‍റെ കഴുത്തിന് ഇറക്കം കൂടിയോ തുടങ്ങി പല പരിശോധനകളും നടത്തിയാണ് ഓരോ സ്ത്രീയും പുറത്തിറങ്ങുന്നത്. സമൂഹത്തിന്‍റെ സദാചാരകണ്ണുകള്‍ അവരെ സദാ പിന്തുടരുന്നതുകൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ സ്വന്തം ശരീരത്തെ കുറിച്ച് എപ്പോഴും ബോധവതികളാകാന്‍ നിര്‍ബന്ധിതരാവുന്നത്. ഇന്ന് കുറച്ചുകൂടി സ്ത്രീകള്‍ സൗകര്യപ്രദമായ വസ്ത്രം ധരിക്കാന്‍ തയ്യാറാണ്. കേരളത്തിന്‍റെ വിയര്‍പ്പിലും ചൂടിലും കയ്യില്ലാത്ത വസ്ത്രം ധരിക്കുന്നത് ആരോഗ്യകരമാണെങ്കിലും അതിനുള്ള സാഹചര്യം ഇവിടെ പലയിടത്തും ഇന്നില്ല. ശരീരം മറച്ചു വയ്ക്കുന്നതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണെന്നാണ് പലരുടെയും വിശ്വാസം. ശരീരം മുഴുവനും മൂടുന്നതും, മതത്തോടുള്ള ആഭിമുഖ്യം വിളിച്ചറിയിക്കുന്നതുമായ വസ്ത്രം (ബുര്‍ഖ) ധരിക്കുന്നതിലൂടെ പൊതുവിടങ്ങളില്‍ കൂടുതല്‍ സ്വതന്ത്രരാകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പല മുസ്ലിംസ്ത്രീകളും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇങ്ങനെ ശരീരത്തെ ‘മെരുക്കി’ ‘ഒതുക്കി’ നിര്‍ത്തുന്നതിലൂടെയാണ് സ്ത്രീകള്‍ക്ക് മാന്യതയും പൊതുവ്യക്തിത്വവും (ഒരളവുവരെയെങ്കിലും) ഉണ്ടാവുക എന്ന് കരുതുന്നത് ശരിയല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ ധാരാളം ഉണ്ടാകുന്നതിനൊരു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പറയുന്നവരിന്നുമുണ്ട്. എന്നാല്‍ ശരീരം മറച്ചു വയ്ക്കുന്നതുക്കൊണ്ട് മാത്രം കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? അതിന് യാതൊരു തെളിവുമില്ല.
ഇത്തരം ചിന്താരീതികള്‍ സ്ത്രീശരീരത്തെ കാമമുണര്‍ത്തുന്ന വസ്തുവായി ചുരുക്കി കളയുകയും, അപമാനിക്കുകയുമാണ് ചെയ്യുന്നത്. കാമമുണര്‍ത്തുന്ന വസ്തുവെന്ന് പറഞ്ഞു സ്ത്രീശരീരത്തെ താഴ്ത്തിക്കെട്ടുമ്പോള്‍ സ്വന്തം ശരീരത്തില്‍ ആനന്ദം കണ്ടെത്താനുള്ള, സ്വതന്ത്രയായി നടക്കാനുള്ള സ്ത്രീയുടെ അവകാശം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ശരീരത്തെ മൂടി പൊതിഞ്ഞ് പാപകരമായ വസ്തുവായി കണ്ട് അപമാനിക്കുക, അല്ലെങ്കില്‍ ആണിന്‍റെ സന്തോഷത്തിനായി ഒരുക്കികെട്ടി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ രണ്ടു തരത്തിലുള്ള നോട്ടങ്ങളാണ് സമൂഹത്തില്‍ നിന്ന് സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്നത്. ഈ രണ്ടറ്റങ്ങളിലൂടെ അല്ലാതെയുള്ള ഒരു നോട്ടം സ്ത്രീകള്‍ക്ക് സ്വയം സൃഷ്ടിച്ചുകൂടെയെന്ന ചോദ്യം ഇന്നും പ്രസക്തമാണ്.

മുണ്ടുംബ്ലൗസും പേരിനൊരു തോര്‍ത്തും ധരിച്ച് കടയിലും മറ്റും പോകുന്ന സ്ത്രീകള്‍, മുട്ടൊപ്പം വസ്ത്രംധരിച്ച് പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ബ്ലൗസും ഒന്നരയും ധരിച്ച് ഈറനോടെ അമ്പലങ്ങളില്‍ തൊഴുന്ന സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ക്കു മുലകൊടുക്കുന്നവര്‍ – ഇവരാരും കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ കാഴ്ചവസ്തുക്കളായിരുന്നില്ല. ഇന്നത്തെയപേക്ഷിച്ച് ദാരിദ്ര്യം അധികമായിരുന്ന കാലമായിരുന്നതുകൊണ്ട് ഇന്നു നാം പാലിക്കുന്ന മോടിയൊന്നും അന്നത്തെ വസ്ത്രത്തിനില്ലായിരുന്നുവെന്നതു വാസ്തവംതന്നെ. വസ്ത്രംകൊണ്ട് മുഴുവനും മൂടിവെച്ചിട്ടില്ലാത്ത സ്ത്രീശരീരം എല്ലായ്പോഴും ‘കുഴപ്പം’ വിളിച്ചുവരുത്തുമെന്ന ഇന്നത്തെ ഭയം അന്ന് തീര്‍ച്ചയായും കുറവായിരുന്നു. എന്നാല്‍ ആണുങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഒട്ടും ഭയപ്പെടുന്നില്ല. തലമുടിയുടെ സ്റ്റൈല്‍, ഷര്‍ട്ട് എവിടംവരെ തുറന്നിടാം എന്ന കാര്യങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് ചിലപ്പോഴൊക്കെ നിയന്ത്രണമുണ്ടാവാം. പക്ഷേ, പൊതുവെ പറഞ്ഞാല്‍ സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തില്‍ ആണുങ്ങള്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്.
ജീന്‍സ്, പാന്‍റ്സ്, ചെറിയ പാവാട തുടങ്ങിയവ ധരിച്ചാല്‍ സ്ത്രീകള്‍ ‘ഇന്ത്യന്‍ സംസ്കാര’ത്തിനു പുറത്താകുമെന്ന ധാരണ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാര്‍ കോട്ടും സൂട്ടും ജീന്‍സും ധരിച്ചു നടക്കുന്നതില്‍ തെറ്റില്ല; അവര്‍ക്ക് മുണ്ടിനടിയില്‍ അടിപ്പാവാട വേണ്ട; നേര്‍ത്ത ഷര്‍ട്ടിനടിയില്‍ ബനിയന്‍ ഇടാതെയും നടക്കാം; ചെറിയ കുട്ടി നിക്കറുമിട്ട്, കയ്യില്ലാത്ത ബനിയനും കയറ്റി റോഡിലൂടെ കറങ്ങാം – ഇതൊന്നും ‘ഇന്ത്യന്‍സംസ്കാര’ത്തിനു കുഴപ്പം വരുത്തില്ല. എന്നാല്‍ സ്ത്രീകള്‍ അതിന്‍റെ പകുതിവഴിയെത്തിയാല്‍ ‘എല്ലാം നശിച്ചു’ എന്നു പ്രഖ്യാപിക്കാന്‍ ആളുണ്ട്! വാസ്തവത്തില്‍ ഈ ഇരട്ടത്താപ്പ് ഏറിയോ കുറഞ്ഞോ ഇന്ത്യയിലെല്ലായിടത്തുമുണ്ട്. മതതീവ്രവാദം വളര്‍ന്നതോടെ ഇത്തരം ഭ്രാന്ത് അല്പം കുറവായിരുന്ന നഗരപ്രദേശങ്ങളില്‍പ്പോലും ഈ ഇരട്ടസദാചാരം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കൂടുതലായി കാണുന്നുണ്ട്.

സ്ത്രീയുടെ കാല്, മാറ്, തുട, വയറ്, യോനി ഇതൊക്കെത്തന്നെ അന്നും ഇന്നും ചര്‍ച്ചയാകുന്നത്. എന്നാല്‍ പുരുഷ ശരീരം എവിടേയും ചര്‍ച്ചയാകുന്നില്ല. പുരുഷന്‍റെ നഗ്നമായ നെഞ്ചും തുടയും വയറും കാലുമൊന്നും ആരേയും അസ്വസ്ഥപ്പെടുത്തുന്നുമില്ല. അവന് പൊതുവിടത്തിലും വീട്ടിനുളളിലും ഇഷ്ടമുളള വസ്ത്രം ധരിക്കാം. വേണമെങ്കില്‍ ഒക്കെ ഊരിക്കളഞ്ഞ് കാറ്റുകൊണ്ട് നടക്കുകയും ചെയ്യാം. സമൂഹത്തിന് അതിലൊന്നും ഒരു അസ്വാഭാവികതയും തോന്നാറില്ല. പെണ്ണിന്‍റെ കാലും കൈയുമൊക്കെ പുറത്ത് കാണുമ്പോള്‍ മാത്രമാണ് പലരും അസ്വസ്ഥരാവുന്നത്. സ്ത്രീയുടെ സ്വാഭാവികമായ ശരീരചേഷ്ടകള്‍ക്കും അംഗചലനങ്ങള്‍ക്കും വരെ ഇങ്ങനെ ഒരു നിറം ചേര്‍ക്കല്‍ വന്നിരിക്കുന്നു. മലര്‍ന്നു കിടക്കല്‍, കാലുകള്‍ അകത്തി വച്ച് ഇരിക്കല്‍ ഇതൊന്നും സ്ത്രീക്ക് മറ്റുള്ളവരുടെ മുന്നില്‍ വച്ച് ചെയ്യാന്‍ അനുവദിക്കപ്പെട്ട കാര്യങ്ങളല്ലാതായി തീര്‍ത്തിരിക്കുന്നു.

സ്ത്രീയെന്നത് സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹത്തിന്‍റെ പൊതുസ്വത്തല്ലെന്നും നമ്മളോരോരുത്തരും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ‘നമ്മുടെ സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം’ എന്ന സാമാന്യവല്‍കരണവുമായി നടക്കുന്നവര്‍ക്ക് ഈ ചിന്ത ദഹിക്കാനല്‍പം പാടാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഐഡന്‍റിറ്റി ‘നമ്മുടെ/ ഞങ്ങളുടെ സ്ത്രീകള്‍’, ‘നിങ്ങളുടെ സ്ത്രീകള്‍, ‘അവരുടെ സ്ത്രീകള്‍’ എന്നീ ഉടമസ്ഥാവകാശ പ്രഖ്യാപനങ്ങള്‍ക്കകത്താണ്. കേടുവന്ന നഖങ്ങള്‍, വിണ്ടുകീറിയ കാലുകള്‍, പുഴുക്കുത്തു വന്ന പല്ല്, ത്വക്ക് രോഗങ്ങള്‍ എന്നിവയെല്ലാം ചിലരില്‍ അലോസരമുണ്ടാക്കിയെക്കാം; അതെല്ലാം പക്ഷെ അവരുടെ മാത്രം പ്രശ്നമാണെന്നും അങ്ങനെയുള്ളവര്‍ ഷൂ ധരിച്ചും ചിരിക്കാതെയും പര്‍ദയിട്ടും എല്ലാം പുറത്തിറങ്ങി നടക്കണമെന്നും ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നുമൊക്കെ പൊതുബോധം വളരെ എളുപ്പത്തില്‍ സമ്മതിക്കും; എന്നാല്‍ ശരീരവണ്ണം കൂടുതലോ കുറവോ ഉള്ള സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ തങ്ങളില്‍ അലോസരമുണ്ടാക്കുന്നുവെന്നും അതുകൊണ്ടവ ഉപേക്ഷിക്കണമെന്നും അടുത്ത ശ്വാസത്തില്‍ തന്നെ, പറയുന്നതിലെ വൈരുദ്ധ്യാത്മകത ഒട്ടും മനസ്സിലാക്കാതെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും.സ്വന്തം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ സാമൂഹ്യനിയമങ്ങളാകണം എന്നതാണാവശ്യം. ഈ അലോസരം ആരിലുണ്ടാകുന്നു, ആരുടെയൊക്കെ അലോസരം കണക്കിലെടുത്താണ് ഇത്തരം സാമൂഹ്യനിയമങ്ങള്‍ നടപ്പാക്കേണ്ടത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും. കാരണം ഓരോ വ്യക്തിക്കും അലോസരമുണ്ടാക്കുന്ന കാഴ്ചകള്‍ പലതാകാം; വളര്‍ന്നു വന്ന ചുറ്റുപാടുകള്‍, വ്യക്തിയനുഭവങ്ങള്‍, മുന്‍ധാരണകള്‍ എന്നിങ്ങനെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്.


സമൂഹത്തിന്‍റെ പാതിവരുന്ന പുരുഷസമൂഹത്തിന് ഏതവസരത്തില്‍ ഏതു വസ്ത്രം ധരിക്കണമെന്ന് മറുപാതിയുടെ തീട്ടൂരങ്ങള്‍ ആവശ്യമില്ലെന്നിരിക്കെ, മുണ്ട് മടക്കിക്കുത്തുമ്പോള്‍ രോമാവൃതമായ കാലുകളുടെ പ്രദര്‍ശനം മറുപാതിക്ക് അലോസരമുണ്ടാക്കുന്നുണ്ടോ എന്ന് വേവലാതിപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നിരിക്കെ, സ്ത്രീയുടെ കാര്യത്തില്‍ മാത്രം പൊതുജനാഭിപ്രായത്തിന്‍റെ ആവശ്യമെന്താണ്? പുരുഷനെ പോലെ തന്നെ സ്വജീവിതത്തില്‍ ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടത്താനും തീരുമാനങ്ങളെടുക്കാനും കെല്‍പുള്ള പൂര്‍ണവ്യക്തികള്‍ തന്നെയാണ് സ്ത്രീകള്‍.

സുദിന പി. വി.
ഗവേഷക വിദ്യാര്‍ത്ഥിനി
മലയാള വിഭാഗം
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്

 

 

 

COMMENTS

COMMENT WITH EMAIL: 0