Homeപഠനം

പുരുഷനിര്‍മ്മിത ഫെമിനിസത്തിന്‍റെ സദാചാര പാഠങ്ങള്‍

അഞ്ജലി മോഹന്‍ എം.ആര്‍.

സ്ത്രീകളുടെ ഇറങ്ങിപ്പോക്ക് അല്ലെങ്കില്‍ പുരുഷ കാഴ്ചപ്പാടനുസരിച്ചുള്ള സ്ത്രീകളുടെ നേര്‍രേഖാ ജീവിതത്തില്‍ നിന്നുള്ള തിരവുകളെ വലിയ സദാചാര ആരോപണം കൊണ്ട് നേരിടാന്‍ എല്ലാ കാലത്തും പുരുഷസമൂഹം ശ്രമിച്ചിട്ടുണ്ട്. പ്രണയത്തില്‍ നിന്നോ, ദാമ്പത്യത്തില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ സ്ത്രീകള്‍ ഇറങ്ങിപ്പോകാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ ആ അക്രമണം തുടങ്ങുകയായി. തേപ്പ്, ഒളിച്ചോടിയ വീട്ടമ്മ, ഷഡ്ഡിയിടാത്ത ഫെമിനിച്ചി, ദുര്‍നടപ്പുകാരി തുടങ്ങിയ ലേബലുകളിലേക്ക് ഇവരെയെല്ലാം പെട്ടെന്ന് ഒതുക്കയും ഇതിനെല്ലാം വന്‍ പ്രചാരം നല്‍കുകയും ചെയ്യുന്നു.സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമാനമായ വാര്‍ത്തകളിലും കഥകളിലുമുള്ള പൊതുജിജ്ഞാസڔ മനസ്സിലാക്കുന്നڔ മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി അതേറ്റെടുക്കുകയും ചെയ്യുന്നു.
ഗൂഗിള്‍സെര്‍ച്ചില്‍ പോയി ‘വീട്ടമ്മ’ എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ ആദ്യം കാണിക്കുന്നത് ‘വീട്ടമ്മ ഒളിച്ചോടി’ എന്ന വാര്‍ത്തയാണ്.
” 17 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി”
“വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി”
“ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി”
‘രണ്ട് മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി”
“ഫേസ്ബുക്ക് പ്രണയം – വീട്ടമ്മ ഒളിച്ചോടി” ഇങ്ങനെ തുടരുന്ന നിരവധി വാര്‍ത്തകളാണ് പ്രമുഖമാധ്യമങ്ങള്‍ വരെ നല്‍കുന്നത്. പക്ഷെ കൂടെ ഓടിയ വീട്ടച്ഛന്‍, വീട്ടപ്പൂപ്പന്‍, വീട്ടുമകന്‍ എന്നിവരെ കുറിച്ചൊന്നും എവിടെയും പ്രതിപാദിച്ചു കാണുന്നില്ല. വീട്ടച്ഛന്മാര്‍ ഒളിച്ചോടിയിട്ടുണ്ടോ എന്ന് ഗൂഗിളില്‍ തിരഞ്ഞു നോക്കിയാല്‍ ലഭിക്കുന്നത് ഒരു വീട്ടച്ഛന്‍റെ കിടിലം കൊള്ളിക്കുന്ന സംഭാഷണമാണ്.
“നീ മരിച്ചാലും ജീവിച്ചാലും എനിക്കൊന്നുമില്ല, ഒളിച്ചോടിയ ആറാമത്തെ ഭാര്യയോട് ദുബായ് ഷേക്ക്” ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിറ്റു കാശാക്കുന്ന മാധ്യമങ്ങളാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെയും ആഘോഷിക്കുന്നത് എന്നതാണ് വിരോധാഭാസം. ഈ വിരോധാഭാസം ഇവിടുത്തെ പുരോഗമന ആഘോഷ പക്ഷത്തിന്‍റെ കൂടി സ്വഭാവമാണെന്നു കാണാം. അതുകൊണ്ടു തന്നെ പുരുഷനിര്‍മ്മിതവുംڔ സദാചാരബദ്ധവുമായ ഫെമിനിസ്റ്റ്ڔ സിനിമകള്‍ക്കും നാടകങ്ങള്‍ക്കും വന്‍ വരവേല്പാണ് ലഭിക്കുന്നത്. സൈദ്ധാന്തികചര്‍ച്ചകളിലും ഇത്തരം കലാരൂപങ്ങള്‍ വാഴ്ത്തിപ്പാടലുകള്‍ക്ക് വിധേയമാകാറുണ്ട്. ഉദാഹരണത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘ നാലുപെണ്ണുങ്ങള്‍’ എന്ന സിനിമയിലെ ‘നിത്യകന്യക’ എന്ന ഭാഗമെടുക്കാം. ‘ ഒരമ്മക്ക് 4 മക്കള്‍, 3 പെണ്ണും ഒരാണും. മൂത്തമകള്‍ കാമാക്ഷിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. സഹോദരങ്ങളുടെയെല്ലാം വിവാഹം കഴിഞ്ഞിട്ടും കാമാക്ഷിയുടെ വിവാഹം നടക്കുന്നില്ല. അമ്മ മരിക്കുന്നതോടെ കാമാക്ഷി ഒറ്റയ്ക്കാവുന്നു. ലൈംഗിക ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന കാമാക്ഷി ഒരു പുരുഷനെ വീട്ടിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ രാത്രി ഈപുരുഷന്‍ വന്ന് കതകില്‍ മുട്ടുമ്പോള്‍ കാമാക്ഷി വാതില്‍ തുറക്കുന്നില്ല. പുരുഷനില്ലാതെയും സ്ത്രീക്ക് ജീവിക്കാന്‍ സാധിക്കണമെന്ന് കാമാക്ഷി ദൃഢനിശ്ചയമെടുക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഇവിടെ സ്ത്രീയുടെ സ്വയംപര്യാപ്തതയെ ലൈംഗികതയിലേക്ക് ചുരുക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. മാത്രമല്ല അവിവാഹിതരായ സ്ത്രീകളുടെ പാതിവ്രത്യം, കന്യകാത്വം എന്നിവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നു.പക്ഷെ ‘അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീജീവിതങ്ങളെയാണ് അടൂര്‍ ഇതിലൂടെ പ്രതിനിധാനം ചെയ്തത് ‘ എന്ന വായനകളാണ് ഈ സിനിമയെ ആസ്പദമാക്കി ഉണ്ടാകുന്നത്.സ്ത്രീകള്‍ പറക്കണമെന്ന് പറഞ്ഞു കൊണ്ട് പാരാഗ്ലൈഡറില്‍ പറക്കുന്നതു കാണിച്ച ആഷിക് അബു സിനിമയായ റാണി പത്മിനിയിലെ രംഗം പോലെ പുരുഷന്മാര്‍ സ്ത്രീകളെ ഏറ്റെടുക്കുന്നതു പോലുള്ള ഉപരിപ്ലവമായ കാഴ്ചയാണ് നിത്യകന്യകയിയിലേയും.
പുരുഷ നിര്‍മ്മിത സ്ത്രീപക്ഷ സിനിമകളിലുണ്ടാകുന്ന കന്യകാത്വ-പാതിവ്രത്യസംരക്ഷണങ്ങള്‍ക്ക് ഇനിയും ഉദാഹരണങ്ങളുണ്ട്. എ. ശാന്തകുമാറിന്‍റെ ‘പ്രണയ കഥകളി’ എന്ന നാടകത്തിലെ സംഭാഷണമെടുക്കാം.പുരാണ കഥകളിലെ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ചോദ്യം ചെയ്യുന്നതാണ് സന്ദര്‍ഭം.മണ്ഡോദരി രാവണനെ ചോദ്യം ചെയ്യുന്നതിങ്ങനെയാണ്.’രാവണന് സ്ത്രീകളോടുള്ള താല്പര്യങ്ങളും ബന്ധങ്ങളും തനിക്കറിയാമെന്നും തനിക്കും വേണമെങ്കില്‍ അങ്ങനെ ആകാമായിരുന്നെന്നും മണ്ഡോദരി പറയുന്നു. അതിനെത്തുടര്‍ന്ന് പശ്ചാത്തലസംഗീതത്തിന്‍റെ ആരവത്തോടുകൂടി അങ്ങനെയാകാതിരുന്നതിന്‍റെ കാരണം മണ്ഡോദരി വ്യക്തമാക്കുന്നു.
‘രാവണാ…അങ്ങനെയാകാന്‍ നീ അല്ല ഞാന്‍’.
ഇവിടെ മണ്ഡോദരിയുടെ പാതിവ്രത്യം സ്ഥാപിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു. ‘വഴുതനങ്ങ’ എന്ന ഷോര്‍ട് ഫിലിമിലെ സ്വയംഭോഗം ചെയ്യാത്ത വിശുദ്ധയായ നായികയും ‘”freedom at midnight’ ലെ ഭര്‍ത്താവിന് മറ്റൊരു ലൈംഗികബന്ധമുണ്ടെന്നറിയുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം സ്ത്രീയുടെ ലൈംഗിക സ്വാതന്ത്രത്തെ കുറിച്ച് സംസാരിക്കുന്ന ഭാര്യയും പുരുഷനിര്‍മ്മിത കലാസൃഷ്ടികളുടെ ബാക്കിപത്രങ്ങളാണ്.
ഇതിന്‍റെ മറ്റൊരു വശമാണ് വിശുദ്ധ പ്രണയ സിനിമകളുടെ ആഘോഷങ്ങള്‍.എന്നാല്‍ ഇതിനെയെല്ലാം ഖണ്ഡിച്ചു കൊണ്ടുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇറങ്ങിനടക്കലുകളും ആവിഷ്കരിച്ച ചില മലയാളസിനിമകളുണ്ട്. 2017ല്‍ റിലീസ് ചെയ്ത ശ്യാമപ്രസാദിന്‍റെ ആര്‍ടിസ്റ്റ്, 2019 ല്‍ പുറത്തിറങ്ങിയ അനുരാജ് മനോഹറിന്‍റെ ഇഷ്ക്, 2011 ല്‍ സുവീരന്‍ സംവിധാനം ‘ബ്യാരി’ തുടങ്ങിയവ. സമൂഹത്തിന്‍റെയും ആചാരങ്ങളുടെയും ഇടയില്‍ കുടുങ്ങിപ്പോയ തന്‍റെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന നായികയുടെ കഥയാണ് ‘ബ്യാരി’ എന്ന സിനിമ.മുസ്ലിം സമുദായത്തിലെ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ മൊഴിചൊല്ലി പിരിയുന്നു. എന്നാല്‍ അവര്‍ക്ക് പരസ്പരം പിരിയാന്‍ കഴിയില്ല എന്നുറപ്പാകുമ്പോള്‍ വീണ്ടും ഒരുമിക്കാന്‍ തീരുമാനിക്കുന്നു. അവരുടെ സമുദായത്തില്‍ മൊഴിചൊല്ലിയ പെണ്ണിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍, അവള്‍ മറ്റൊരു കല്യാണം കഴിക്കുകയും ഒരു രാത്രി ആ പുരുഷനൊപ്പം കഴിയുകയും വേണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ഒരു ദിവസം പെണ്‍കുട്ടിയോടൊപ്പം താമസിക്കാന്‍ തയ്യാറാവുന്ന പുരുഷനെ രണ്ടു വീട്ടുകാരും അന്വേഷിക്കുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ ബാല്യകാല സുഹൃത്ത് അവളെ വിവാഹം കഴിക്കാന്‍ തയ്യാറായി വരുന്നു. വിവാഹരാത്രി പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനായി സുഹൃത്തിനെ അങ്ങോട്ടു സമീപിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. തന്‍റെ ലൈംഗിക സ്വാതന്ത്ര്യത്തിലേക്കുള്ള മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങളെയും സംശയങ്ങളെയും വെല്ലുവിളിക്കുകയാണിവിടെ  നായിക ചെയ്യുന്നത്.


ശ്യാമപ്രസാദിന്‍റെ ‘ആര്‍ടിസ്റ്റ്’ എന്ന സിനിമയില്‍ ചിത്രംവരയോടു മാത്രം ഭ്രാന്തമായ അഭിനിവേശമുള്ള, സ്വാര്‍ത്ഥനായ, ഒരു ഘട്ടത്തില്‍ കാഴ്ച നഷ്ടപ്പെട്ടു പോകുന്ന കാമുകനു വേണ്ടി തന്‍റെ എല്ലാം ഉപേക്ഷിച്ച് അവനു വേണ്ടുന്നതെല്ലാം നല്‍കുന്ന കാമുകി, താന്‍ തന്‍റെ കാമുകന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയാണ് ഇത്രയും കാലം നിലനിന്നിരുന്നത് എന്ന് മനസ്സിലാക്കുന്നിടത്ത് ആ ബന്ധത്തില്‍ നിന്നും തിരിച്ചിറങ്ങാന്‍ തീരുമാനിക്കുന്നു. ‘പാവ വീട്’ എന്ന നാടകത്തിന്‍റെ ശക്തമായ സ്വാധീനം ഈ സിനിമയില്‍ കാണാന്‍ കഴിയും. അനുരാജ് മനോഹറിന്‍റെ ‘ഇഷ്ക്’ എന്ന സിനിമയിലും ഇത്തരത്തില്‍ നായികയുടെ ശക്തമായ ഇറങ്ങിപ്പോക്ക് കാണാവുന്നതാണ്.” സദാചാര അക്രമണത്തിന് ഇരകളായ കാമുകീകാമുകന്മാരില്‍ കാമുകന്‍ അക്രമിച്ചയാളുടെ വീട്ടില്‍ചെന്ന് തങ്ങളെ ഉപദ്രവിച്ച അതേ രീതിയില്‍ തിരിച്ചും പ്രതികാരം ചെയ്യുന്നു. കാമുകിയുടെ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന കാമുകന്‍, കാമുകിക്ക് യാതൊരു കളങ്കവും സംഭവിച്ചിട്ടില്ല എന്നറിയുമ്പോള്‍ അവളോടടുക്കാന്‍ ശ്രമിക്കുകയും കാമുകി ആ പ്രണയത്തില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്യുന്നു.” സിനിമാന്ത്യത്തില്‍ നായകനും നായികയും ഒരുമിക്കുന്നതായാണ് സംവിധാകന്‍ ആദ്യം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നായികയുടെ വ്യക്തിത്വം അവിടെ നഷ്ടപ്പെട്ടു പോകുമെന്ന ‘കനികുസൃതി’ എന്ന ആര്‍ട്ടിസ്റ്റിന്‍റെ അഭിപ്രായമാണത്രേ ഇന്നു കാണുന്ന ശക്തമായ ക്ലൈമാക്സിലേക്ക് സിനിമയെ എത്തിച്ചത്.


‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന സിനിമയുടെ സംവിധായകന്‍ ജിയോബേബി ഒരു അഭിമുഖത്തില്‍ പറഞ്ഞത് തന്‍റെ കൂട്ടുകാരികളുടെയും ഭാര്യയുടെയുമെല്ലാം അഭിപ്രായങ്ങളും അനുഭവങ്ങളും ചോദിച്ചു മനസ്സിലാക്കിക്കൊണ്ടാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും അവതരിപ്പിച്ചിട്ടുള്ളതെന്നാണ്. അതു കൊണ്ടു തന്നെയായിരിക്കാം നേരത്തെ സൂചിപ്പിച്ച പുരുഷന്‍ ഫെമിനിസം പറയുമ്പോഴുണ്ടാകുന്ന പൊതുവെയുള്ള പ്രശ്നങ്ങള്‍ ഈ സിനിമയില്‍ കുറഞ്ഞനുഭവപ്പെടുന്നത്. എങ്കില്‍പോലും സാമാന്യവത്കരണത്തിന്‍റേതായ ഒരു പ്രശ്നം സിനിമയില്‍ നിലനില്‍ക്കുന്നില്ലേ എന്ന വിമര്‍ശനത്തെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ ഉപരിപ്ലവമായ രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ലേ?എന്നൊരു ചോദ്യം ഉരുത്തിരിഞ്ഞു വരുന്നു. ഈ സിനിമയിലെ പ്രശ്നങ്ങളുടെ തെരഞ്ഞെടുപ്പ് തന്നെ ഒന്നു പരിശോധിക്കാം. ഉയര്‍ന്നസാമ്പത്തിക സ്ഥിതിയും ഗള്‍ഫ്പശ്ചാത്തലവുമുള്ള സവര്‍ണ്ണ ജാതിയില്‍പെട്ട നായികയുടെ തെരഞ്ഞെടുപ്പില്‍ നിന്നു തന്നെ തുടങ്ങാം. ഈ നായികയ്ക്ക് പേരില്ലാത്തതിന്‍റെ കാരണം എല്ലാ സ്ത്രീകളുടെയും പ്രതിനിധാനമെന്ന നിലയിലാണ് നായികയെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുകൊണ്ടാണെന്ന് സംവിധായകന്‍ പറയുന്നുണ്ട്. ഒരേ സമയം അതൊരു അപകടം പിടിച്ച ചിന്താഗതിയാണെന്ന് പറയാം. ഒരു സിനിമയ്ക്ക് അതിന്‍റേതായ പരിമിതികളുണ്ട്. എല്ലാ പ്രശ്നങ്ങളെയും ഒരു സിനിമയില്‍ ആവിഷ്കരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ സിനിമയിലെ നായികയുടെ പ്രശ്നമാണ് എല്ലാ സ്ത്രീകളുടെയും പ്രശ്നം എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്. ഇതിലെ പ്രശ്നം സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങളില്‍ ചിലത്  മാത്രമാണ്. ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന സവിശേഷമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പരിഹരിക്കപ്പെടുന്നതല്ല സ്ത്രീകളുടെ അസ്വാതന്ത്രം. ഈ സിനിമ സംവിധാനം ചെയ്തത് ഒരു സ്ത്രീ (സ്ത്രീ വീക്ഷണമുള്ള സ്ത്രീ) ആയിരുന്നെങ്കില്‍ ആര്‍ജ്ജവവും ബുദ്ധിയുമില്ലാത്ത ഒരു നായികയെ ഒരിറങ്ങിപ്പോക്കിനു മാത്രമായി നിര്‍മ്മിക്കുമായിരുന്നില്ല. നായികയുടെ അവസാനത്തെ ഇറങ്ങിപ്പോക്കിനും, മുഖത്തേക്ക് വേസ്റ്റ് വെള്ളം ഒഴിക്കുന്നതിനും വേണ്ടി കെട്ടിച്ചമച്ച സീനുകളായി പലതും അനുഭവപ്പെടുന്നു. ചോര്‍ന്നൊലിക്കുന്നിടത്തു ചെറിയ ബക്കറ്റു വയ്ക്കുന്നതിലൂടെയും പ്ലംബറെ വിളിക്കാന്‍ നിരന്തരം ഭര്‍ത്താവിനെ ആശ്രയിക്കുന്നതിലൂടെയുമെല്ലാം നായികയുടെ ചില സാമാന്യയുക്തികളെയും ആര്‍ജ്ജവത്തെയും സംവിധായകന്‍ മന:പൂര്‍വ്വം മുറിച്ചുമാറ്റുകയല്ലേ ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടി യിരിക്കുന്നു.
ഈ സിനിമയിലെ നായിക അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളെ വളരെ മിടുക്കോടെ കൈകാര്യം ചെയ്യുന്നവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം സ്ത്രീകളും. പല വീടുകളുടെയും നിലനില്പുതന്നെ ഇത്തരം സ്ത്രീകളുടെ ആര്‍ജ്ജവം കൊണ്ടാണ്. അവരുടെ ആര്‍ജ്ജവത്തെ മഹത്വവത്കരിക്കുകയല്ല, മറിച്ച് ആ സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങള്‍ ഒട്ടും ചെറുതല്ല എന്നോര്‍മ്മപ്പെടുത്തുകയാണ്. ഈ സിനിമയില്‍ പറയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതു കൊണ്ട് ഈ പറയുന്ന ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നങ്ങള്‍ ഇല്ലാതാകുന്നില്ല. അതിന്‍റെ തീവ്രതയും കുറയുന്നില്ല. അത്തരം സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി ആവിഷ്കരിക്കപ്പെടുമ്പോഴായിരിക്കാം യഥാര്‍ത്ഥപ്രശ്നങ്ങളുടെ ആഴത്തിലുള്ള വായന സാധ്യമാകുന്നത്. അപ്പോള്‍ ഇത്തരത്തിലുള്ള പുരോഗമനവിപ്ലവാഘോഷങ്ങള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഇവിടുത്തെ പുരുഷബോധപുരോഗമന സമൂഹം തങ്ങളുടെ തടിക്ക് ദോഷം വരാത്ത ഫെമിനിസവും ജാതിവിരുദ്ധതയും സമത്വസങ്കല്പവുമൊക്കെയാണ് സാധാരണ കൊണ്ടാടാറുള്ളത്.
2016 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവു ദിവസത്തെ കളി’ എന്ന സിനിമ ‘ജാതി’ എന്ന വിഷയത്തെ കൈകാര്യം ചെയ്തതിനേക്കാള്‍ വളരെ ആഴത്തിലും ക്രിയാത്മകമായും ജാതിയെ അവതരിപ്പിച്ചിട്ടുള്ള ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ എന്ന സിനിമ ഒരു തരത്തിലും അടയാളപ്പെടുത്തുകയോ ആഘോഷിക്കപ്പെടുകയോ ചെയ്തില്ല. രണ്ടും ഒരേ വര്‍ഷം ഇറങ്ങിയ സിനിമകളായിട്ടുപോലും. 2014-ല്‍ മികച്ച പ്രൊഫഷണല്‍ നാടകത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചത് കെ.പി.എ.സി യുടെ ‘പ്രണയസാഗരം’ എന്ന നാടകത്തിനാണ്. ലിയോ ടോള്‍സ്റ്റോയിയുടെ ‘അന്നാകരെനീന’ എന്ന കൃതിയെ അവലംബിച്ചാണ് ഈ നാടകം തയ്യാറാക്കിയിട്ടുള്ളത്. 70 വര്‍ഷത്തില്‍പരം വിപ്ലവ പാരമ്പര്യം അവകാശപ്പെടുന്ന കെ.പി.എ.സിയുടെ ആ നാടകം പുരോഗമന പക്ഷക്കാരെന്നു പറയുന്ന വലിയ ആള്‍ക്കൂട്ടത്തിനിടയിലാണ് അവതരിപ്പിക്കപ്പെട്ടത്.ആ നാടകത്തിന്‍റെ അവസാനത്തില്‍ ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകുന്ന നായികയ്ക്ക് സംഭവിക്കുന്ന ദുരന്തത്തെ ‘വീടിന്‍റെ ശ്രീകോവിലില്‍ നിന്നും ഇറങ്ങിപ്പോകുന്ന എല്ലാ സ്ത്രീകളുടെയും ഗതി ഇതുതന്നെയാണ് ‘ എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് അവസാനിക്കുന്നത്. അന്നു കേട്ട നിലയ്ക്കാത്ത കൈയ്യടിയില്‍ നിന്നും 5 വര്‍ഷത്തെ ദൂരമേ 2021 ലേക്കുള്ളൂ എന്നത് ചിന്തിക്കേണ്ടുന്ന കാര്യമാണ്.
ചെഗുവേരയുടെ ചിത്രത്തിനും നാമജപക്കാരുടെ ഇടയിലൂടെയുമുള്ള നായികയുടെ നടത്തത്തെ, ഈ ആശയങ്ങളോ രാഷ്ട്രീയമോ സ്ത്രീയുടെ പ്രശ്നത്തെ അവതരിപ്പിക്കുന്നില്ല എന്ന് കാണിക്കാനായി സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നതു കാണാം.എന്നാല്‍ അതേ സമയം ഒരുപാട് സ്ത്രീകള്‍ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട് എന്ന് കാണിക്കാനായി അതേ സീനില്‍ ഉപയോഗിച്ച കുടുംബങ്ങളുടെ കാഴ്ചകള്‍ ഈ സിനിമയുടെ സാമാന്യവത്കരണത്തെ ഊട്ടിയുറപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ക്ലാസിലും കാസ്റ്റിലുമുള്ള ആളുകളെ ആ സീനില്‍ ഉപയോഗിച്ചത് സിനിമയുടെ സമ്പൂര്‍ണ്ണതയില്‍ തന്നെ മുഴച്ചു നില്‍ക്കുന്നതായി തോന്നാം. അത്രയും കാലം നായിക ജീവിച്ചിരുന്ന സ്ഥലവുമായോ വീടുമായോ യാതൊരു ബന്ധവുമില്ലാത്ത ആളുകളെയാണ് അവിടെ കാണാന്‍ കഴിയുന്നത്. അത്തരമൊരു ആവിഷ്കരണം തന്നെ എല്ലാ കുടുംബത്തിലെ സ്ത്രീകളും അനുഭവിക്കുന്നത് സമാന പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് വായിച്ചെടുക്കുമ്പോള്‍ ഈ സിനിമയുടെ സാമാന്യവത്കരണം പൂര്‍ണ്ണമാകുന്നു.
പൊതുബോധത്തിനനുസരിച്ച് നല്ലതെന്ന് പറയാത്ത നായിക ആയിരുന്നില്ലങ്കില്‍, അല്ലെങ്കില്‍ ഈ നായികയ്ക്ക് വിവാഹത്തിന് മുന്‍പ് പ്രണയമോ ലൈംഗികബന്ധമോ ഉണ്ടായിരുന്നെങ്കില്‍, ഇനി അഥവാ ജീവിത പ്രശ്നങ്ങള്‍ക്കിടയില്‍ പുതിയ ബന്ധങ്ങളോ പ്രണയങ്ങളോ ഉണ്ടായാല്‍, അതൊന്നുമല്ലെങ്കില്‍ നായിക ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഈ ആഘോഷക്കാരുടെ പലരുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തന്നെ മാറുമായിരുന്നു എന്നാണ് പൊതുവേ കരുതാന്‍ കഴിയുന്നത്. അത്തരം സദാചാര പുരോഗമനക്കാര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ ഇടവും ഈ സിനിമ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇതിലെ നായിക ഫോര്‍ പ്ലേ ആവശ്യപ്പെടുന്ന സന്ദര്‍ഭമെടുക്കാം. അതു കേള്‍ക്കുന്ന നായകന് ഭാര്യയുടെ ലൈംഗിക അറിവുകളെ കുറിച്ച് സംശയമുണ്ടാകുമെങ്കിലും പ്രേക്ഷകര്‍ക്ക് അങ്ങനെയൊന്നുണ്ടാകുന്നില്ല. അത് പ്രേക്ഷകരുടെ പുരോഗമന കാഴ്ചപ്പാടുകൊണ്ടല്ല.മറിച്ച് അതുവരെ അവതരിപ്പിക്കപ്പെട്ട സല്‍ഗുണസമ്പന്നയായ നായികാ കഥാപാത്രത്തോട് പ്രേക്ഷകരുടെ ഉള്‍ബോധത്തിലുള്ള വിശ്വാസമാണ്.
അടുക്കളയില്‍ അനുഭവിക്കുന്നതിനോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ പ്രശ്നങ്ങള്‍ ഒരു സ്ത്രീ തന്‍റെ കുടുംബസാമൂഹ്യ ജീവിതത്തില്‍ സദാചാരപ്രശ്നങ്ങള്‍ക്കൊണ്ടനുഭവിക്കുന്നുണ്ട്. എന്നാല്‍ അതിനെ ഒരു തരത്തിലും സിനിമ അഡ്രസ്സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നാലും ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ തുടക്കമിട്ടു എന്ന നിലയില്‍ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ മികച്ച ഇടപെടല്‍ നടത്തിയിട്ടുണ്ട്.  സ്ത്രീപ്രശ്നങ്ങളെ അവതരിപ്പിക്കുന്നതില്‍ ഈ സിനിമ ഒരു ഫോര്‍ പ്ലേ ആണെന്ന് പറയാവുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നങ്ങളുടെ പ്ലേയും, ആഫ്ടര്‍ പ്ലേയും വരാനിരിക്കുന്നതേയുള്ളൂ. അന്ന് അതെല്ലാം ആഘോഷിച്ച് തളരുന്ന സമൂഹത്തിലാണ് പ്രതീക്ഷ.

 

 

 

 

 

അഞ്ജലി മോഹന്‍ എം.ആര്‍.
ഗവേഷക
കെ.കെ.ടി.എം. ഗവ.കോളേജ്
പുല്ലുറ്റ്, കൊടുങ്ങല്ലൂര്‍

 

COMMENTS

COMMENT WITH EMAIL: 0