Homeചർച്ചാവിഷയം

ഗവേഷക/അമ്മ അനുഭവവും ജീവിതവും

ര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷകയായി ജോയിന്‍ ചെയ്യുമ്പോള്‍ ഞാന്‍ സ്വന്തം വിഷയത്തെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ച അത്ര തന്നെ പ്രാധാന്യത്തോടെ ഗവേഷകരുടെ ദൈനംദിന ജീവിതത്തെ അറിയാനും ശ്രമിച്ചു. നാലുവയസ്സുള്ള മക്കളുടെ അമ്മയായതിനാല്‍ അന്വേഷണങ്ങള്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നു. പക്ഷേ, ഗവേഷക എന്ന നിലയില്‍ സര്‍വ്വകലാശാല എന്നോട് അഭിപ്രായപ്പെട്ടത് അക്കാദമിക ദിവസങ്ങളുടെ ആവശ്യകതയാണ്. അതുകൊണ്ടു തന്നെ സര്‍വ്വകലാശാലയില്‍ താമസിക്കുക എന്നത് അനിവാര്യമായി. ഇത് സംഭവിക്കുന്നത് രണ്ടാംഘട്ട കോവിഡ് 19ന്‍റെ മധ്യത്തില്‍ ആയിരുന്നു. ചുറ്റുമുള്ള സാമൂഹിക സ്ഥാപനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല . യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അവസ്ഥയും ഏറെ വ്യത്യസ്തമല്ല. കാര്യങ്ങളെ ഒന്നുകൂടി ബുദ്ധിമുട്ടിലാക്കിയത് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ലേഡീസ് ഹോസ്റ്റലുകളിലോ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളിലോ കുട്ടികളുമായി താമസിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോഴാണ്. സര്‍വകലാശാലയുടെ ഫെലോഷിപ്പ് കിട്ടിത്തുടങ്ങിയിരുന്നില്ല. ഗവേഷകനായ ഭര്‍ത്താവിന്‍റെ ഫെലോഷിപ്പില്‍ നിന്നും പൈസ എടുത്ത് ഞാനും മകളും ക്യാമ്പസിന് സമീപത്ത് ഒരു വാടക വീട്ടിലേക്ക് മാറി. പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ഉണ്ടാവുകയും നടത്തുകയും നേഴ്സറികള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് മകളെ എന്‍റെ കൂടെ ക്യാമ്പസിലേക്ക് കൂട്ടുക എന്നത് മാത്രമായിരുന്നു പോംവഴി. പിന്നീടുള്ള ഓരോ ദിവസവും കൃത്യമായി സ്ഥാപിച്ചെടുക്കേണ്ടുന്ന ഗവേഷണ ജീവിതത്തിന്‍റെയും ചിട്ടയായി രൂപപ്പെടേണ്ട പ്രാരംഭ വിദ്യാഭ്യാസത്തിന്‍റെയും കൂടിച്ചേരലായിരുന്നു .
രാവിലെ രണ്ടുപേര്‍ക്കുള്ള ഭക്ഷണവും വെള്ളവുമായി ക്യാമ്പസിലേക്ക് നടക്കും. അവിടെ എത്തിയാല്‍ റേഞ്ച് കിട്ടുന്ന ഏതെങ്കിലും മരത്തിന്‍റെ തണലില്‍ മകള്‍ അവളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യും. യൂണിവേഴ്സിറ്റിയിലെ ലൈബ്രറിക്ക് അകത്ത് ആദ്യ ദിവസങ്ങളില്‍ ഒന്നും മകളെ കൂടെ കൂട്ടാന്‍ അനുവദിച്ചിരുന്നില്ല. ക്രമേണ സാഹചര്യം മനസ്സിലാക്കി അവര്‍ പലപ്പോഴും അതിന് അനുവദിച്ചു .മകളുടെ കാര്യങ്ങള്‍ ശരിയാക്കുന്നതിനിടയില്‍ ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി നടക്കാതെ വന്നു. ഒരു സമയത്ത് വായന പാടെ മറന്നു എന്ന് വരെയെത്തി. പൂര്‍ത്തീകരിക്കപ്പെടാനാവാത്ത സ്വന്തത്തോടും ബന്ധത്തോടും ഉള്ള ഉത്തരവാദിത്വത്തിന്‍റെ സമ്മര്‍ദ്ദം രാവിലെ തുടങ്ങി വൈകുന്നേരം വരെയുള്ള ഓട്ടങ്ങളില്‍ ഒതുങ്ങി.

കോവിഡ് 19ന് ശേഷം സമൂഹത്തിന്‍റെ എല്ലാ മേഖലകളും പ്രവര്‍ത്തിച്ചു തുടങ്ങി. യൂണിവേഴ്സിറ്റി ക്യാമ്പസുകള്‍ സജീവമായി. സമ്മര്‍ദ്ദങ്ങള്‍ക്ക് പലതരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ക്യാമ്പസിന് അകത്തും പുറത്തും വച്ച് പരിചയപ്പെട്ട ഗവേഷകരായ അമ്മമാര്‍ക്ക് ഗവേഷണ ജീവിതത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ കഥകള്‍ പങ്കുവെക്കാനുണ്ടായിരുന്നു. അവയെല്ലാം അവര്‍ വരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതികളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്തങ്ങളുമായിരുന്നു. എങ്കിലും ഗവേഷകരായ അമ്മമാരുടെ അനുഭവങ്ങള്‍ ഏറെക്കുറെ സമാനമായിരുന്നു.

ഗവേഷണത്തിന് ജോയിന്‍ ചെയ്യുന്ന തയ്യാറെടുപ്പില്‍ ചില സ്ത്രീകള്‍ എന്നെ വിളിച്ചു. അതിലെ അമ്മമാര്‍ക്ക് ആവലാതികള്‍ പലതായിരുന്നു. താമസം, യാത്ര, കുടുംബം , ഡെഡ് ലൈന്‍, ഗവേഷണം , ലാബ് , ഫീല്‍ഡ് വര്‍ക്കുകള്‍, കുട്ടികളിലെ ഏകാന്തത, അസുഖങ്ങള്‍, ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു സുഹൃത്ത് അവരുടെ അനുഭവം പറഞ്ഞു:

സ്കോളര്‍ഷിപ്പോടുകൂടി മലേഷ്യയില്‍ ഗവേഷണം തുടങ്ങി. രാവിലെ മുതല്‍ രാത്രി വരെ ട്രെയിനുകള്‍ മാറിമാറി കയറി അവരും മകനും. ആവശ്യമായ സാമഗ്രികളുമെടുത്ത് ഓട്ടമാണ് അവര്‍ ഇരിക്കുന്നിടത്തു തന്നെ കുഞ്ഞ് കളര്‍ പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമായി ഇരിക്കും. ആ നാട്ടിലെ അക്കാദമിക അന്തരീക്ഷവും സമീപനങ്ങളും അവര്‍ക്ക് അമ്മ ഗവേഷക എന്ന നിലയില്‍ മെച്ചപ്പെട്ടതായി തോന്നി. തന്‍റെ ടിക് ഡിസോഡര്‍ ഉള്ള മകളും ഒത്തുള്ള ദിവസങ്ങളെക്കുറിച്ച് പറഞ്ഞാണ് മറ്റൊരു ഗവേഷക തുടങ്ങിയത് . മകള്‍ ചില സമയങ്ങളില്‍ തന്നെ കണ്ടില്ലെങ്കില്‍ മണിക്കൂറുകളോളം നിര്‍ത്താതെ കരയും. അതിനിടയ്ക്ക് ഗൈഡുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഗവേഷണത്തിന് ആവശ്യമായ മെറ്റീരിയല്‍സ് ശേഖരിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങള്‍ കൂട്ടി. സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ലാബിന്‍റെ സമയവും മക്കളുടെ സമയക്രമീകരണങ്ങളും തമ്മിലൊത്തു പോകാന്‍ പ്രയാസമാണ്. ചിലപ്പോള്‍ രാത്രി വരെയും അവര്‍ തികച്ചും വ്യത്യസ്തമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. ഏത് ലിംഗത്തില്‍പ്പെട്ട മാതാപിതാക്കളായാലും ഗവേഷക മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ വളര്‍ത്തുന്നതിനും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും സര്‍വകലാശാലകള്‍ പരിഗണിക്കേണ്ടതാണ് . വിദ്യാഭ്യാസ നയങ്ങളും സര്‍വ്വകലാശാലകളും മാറ്റങ്ങളെ മുന്നില്‍കണ്ട് വ്യവഹാരസ്ഥിതികളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കൊണ്ടുവരുമ്പോള്‍ മാത്രമാണ് മാറേണ്ട മാറ്റങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും കണ്ടും കേട്ടും അനുഭവിച്ചും ഉള്ള യാഥാര്‍ത്ഥ്യങ്ങളാണ് ഓരോ വ്യക്തിയും കടന്നുവരുന്ന സാമൂഹിക സ്ഥിതിയും സാമ്പത്തിക ചുറ്റുപാടും ജാതിമത ചുറ്റുവട്ടങ്ങളും ലിംഗ ഭേദങ്ങളും അനുസരിച്ച് വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഗവേഷകരായ മാതാപിതാക്കളെക്കുറിച്ചും അവരുടെ കുടുംബ ഗവേഷണ ജീവിതത്തെക്കുറിച്ചും അത്രൂപപ്പെടുത്തിയെടുക്കുന്ന കുട്ടികളിലെ ജീവിതാന്തരീക്ഷത്തെക്കുറിച്ചും പ്രധാനമായി കുടുംബവും ഗവേഷണജീവിതവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു സ്വാധീനിക്കുന്നു എന്നുമൊക്കെ ഇനിയും ഒരുപാട് അന്വേഷണങ്ങള്‍ സാധ്യമാകേണ്ടതാണ്.

നസ്രീന്‍ സി.
ഗവേഷക, ഇംഗ്ലീഷ് വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0