Homeചർച്ചാവിഷയം

ഫെമിനിസത്തിനും സെക്യൂലറിസത്തിനും പുനര്‍വിചിന്തനം വേണമെന്നു വാദിച്ച ചിന്തക സാബ മഹ്മൂദ്

രുപതാം നൂറ്റാണ്ടിന്‍റെ ഒടുവിലത്തെ ദശാബ്ദത്തില്‍ ലോകം എമ്പാടും മതവിശ്വാസങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും മതചിന്ഹങ്ങളുടെ പൊതുസമൂഹത്തിലെ സാന്നിധ്യത്തില്‍ കടുത്ത ഉണര്‍വും ഉണ്ടായിട്ടുണ്ട്. ആധുനിക ദേശരാഷ്ട്രത്തിന്‍റെ അടിസ്ഥാനമായ മത നിരപേക്ഷമായ പൊതുസമൂഹം പല വിധത്തില്‍ ചോദ്യം ചെയ്യപ്പെട്ട സമയമാണിത്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത വെറും പ്രകടനം ആണെന്നും ഏക പക്ഷീയമായ മത വിശ്വാസങ്ങളില്‍ കെട്ടിപ്പെടുത്തിട്ടുള്ള ദേശീയതയാണ് പല രാജ്യങ്ങളിലും ഉള്ളതെന്നും ചിന്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതെ സമയം ആധുനികതയുടെ അപരത്വമായി ചിത്രീകരിച്ചിട്ടുള്ള മതവിശ്വാസം നമ്മുടെ ജീവിതരീതികളെയും രാഷ്രീയത്തെയും പല വിധത്തില്‍ സ്വാധീനിക്കുന്നു എന്ന ചിന്താധാര മുന്‍നിര്‍ത്തിയാണ് പോസ്റ്റ് സെക്യൂലറിസം രൂപപ്പെട്ടത്. തലാല്‍ അസാദ് തുടങ്ങി വച്ച ഈ ചിന്താധാരയുടെ ഉത്ഭവം മതം/ആധുനികത എന്ന ദ്വന്ദ്വത്തെ നിരാകരിക്കുന്നതോടൊപ്പം പൊതു ധാരയില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തി ആധുനിക ദേശരാഷ്ട്രത്തെ നിര്‍മ്മിക്കുന്നതില്‍ കടന്നു വന്നിട്ടുള്ള അപാകതകള്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മതം/ആധുനികത എന്ന ദ്വന്ദ്വത്തെ അതിയായി ആശ്രയിക്കുന്നത് ആധുനിക മനുഷ്യാവകാശ വ്യവഹാരങ്ങള്‍ എല്ലാം മതത്തിനു പുറത്ത് മാത്രം നിലകൊള്ളുന്നു എന്ന സങ്കുചിതമായ തീര്‍പ്പിലേക്കു എത്തുന്നുണ്ട്. അത്തരത്തില്‍ മതത്തിന്‍റെ ഇടങ്ങളില്‍ നിലനില്‍പ്പില്ല എന്ന് ആധുനിക വ്യവഹാരങ്ങള്‍ തീര്‍പ്പു കല്‍പ്പിച്ച ഏറ്റവും ശ്രദ്ധേയമായ രാഷ്രീയങ്ങളില്‍ ഒന്ന് ഫെമിനിസം ആണ്. മതത്തിലെ സ്ത്രീയെ ഫെമിനിസ്റ്റ് വ്യവഹാരങ്ങളില്‍ ഒരു ഇരയായി മാത്രം കാലാകാലങ്ങളായി ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോള്‍ വളരെ വിപരീതമായി, ഒരു പോസ്റ്റ് സെക്യൂലര്‍ നിലപാട് തറയില്‍ നിന്നും ഫെമിനിസ്റ്റ് വ്യവഹാരങ്ങളുടെ പോരായ്മ ചൂണ്ടി കാണിച്ച ആദ്യത്തെ ചിന്തകയാണ് സാബ മഹ്മൂദ്. സ്ത്രീവാദ കര്‍തൃത്വത്തിന്‍റെ നിര്‍മ്മാണത്തില്‍ തന്നെയുള്ള ഏകപക്ഷീയത ചൂണ്ടിക്കാണിച്ചു സാബ മഹ്മൂദ് നടത്തിയ ഇടപെടലുകള്‍ സമകാലിക ഫെമിനിസത്തിലെ ഏറ്റവും വിപ്ലവകരമായ ചിന്താധാരയാണ്.

സബ്ജെക്ടിവിറ്റി, ഏജന്‍സി, പരമാധികാരം തുടങ്ങിയവ നിര്‍വചിക്കാന്‍ പുതിയ രീതികള്‍ നല്‍കുന്നതോടൊപ്പം ആധുനിക ദേശരാഷ്ട്രത്തെയും നിയമ നിര്‍മ്മാണത്തെയും സംബന്ധിച്ച മുഖ്യധാര വ്യവഹാരങ്ങളെ പൊളിച്ചെഴുതാനും സാബ മഹ്മൂദിന്‍റെ ഇടപെടലുകള്‍ വഴി വച്ചിട്ടുണ്ട്. 2005 ല്‍ Politics of Piety പുറത്തിറങ്ങുമ്പോള്‍ ഫെമിനിസത്തെക്കുറിച്ച് അന്നുവരെ പൊതുസമൂഹം അംഗീകരിച്ചിരുന്ന പല ധാരണകളെയും പൊളിച്ചെഴുതുകയും മതത്തിലെ സ്ത്രീയെ ഇരവല്‍ക്കരിച്ച് കൊണ്ട് വന്നിട്ടുള്ള എല്ലാ മുന്‍വിധികളെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ആശയധാര ഉയര്‍ന്നു വരും എന്ന് ഒരു പക്ഷെ പാശ്ചാത്യലോകം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാല്‍ തലാല്‍ അസാദിന്‍റെ ഈ പ്രിയപ്പെട്ട ശിഷ്യ സകല ഫെമിനിസ്റ്റ് സാമാന്യവത്കരണങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് ഫെമിനിസ്റ്റ് സമൂഹത്തെ ഞെട്ടിക്കുക തന്നെ ഉണ്ടായി. പോസ്റ്റ് കൊളോണിയലിസം, പോസ്റ്റുസെക്യൂലറിസം, നിയമവ്യവഹാര പഠനങ്ങള്‍ തുടങ്ങി പല മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന സാബ മഹ്മൂദിന്‍റെ ഇടപെടലുകള്‍ പ്രത്യക്ഷമായി പാശ്ചാത്യ ആധുനികതയുടെ വിമര്‍ശനം എന്ന ഒരു തല വാചകത്തില്‍ നോക്കി കാണാം എന്ന് തോന്നുന്നു. അതിനാല്‍ തന്നെ ഒരു ഫൂക്കോല്‍ദിയന്‍ വ്യവഹാര രീതിയില്‍ നിന്നും ഉത്ഭവിക്കുന്നതാണ് പോസ്റ്റ് സെക്യൂലര്‍ ചിന്താധാരയുടെ കാമ്പ്. എന്നിരുന്നാലും മത പഠനം എന്ന ഒറ്റ വേര്‍തിരിവില്‍ മതവുമായി ബന്ധപ്പെട്ട എല്ലാ ആശയങ്ങളെയും മാറ്റിനിര്‍ത്തിയിരുന്ന ആധുനിക വ്യവഹാരങ്ങളിലേക്കു മതത്തെ ഒരു അവലോകന വിഷയമായും നിലപാട് തറയായും കൊണ്ടുവരുന്നതില്‍ പോസ് റ്റു സെക്യൂലര്‍ ചിന്താധാരയ്ക്കുള്ള പങ്ക് ചെറുതല്ല. അതിനാല്‍ തന്നെ തലാല്‍ അസാദ് തുടങ്ങിവച്ച ആശയ സംവാദങ്ങളുടെ അരികു പിടിച്ച് ഗഹനമായി ഫെമിനിസം, പോസ്റ്റ് കൊളോണിയലിസം, ആപേക്ഷികതാവാദം തുടങ്ങിയ ചിന്താധാരകളെ അക്കാദമിക് തലത്തില്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മത സമൂഹം എന്ന വേര്‍തിരിവ് മാറ്റി നിര്‍ത്തി രാഷ്ട്രീയം, നൈതികത എന്നിവ ചേര്‍ത്ത് വായിക്കാന്‍ സാബ നടത്തിയ ഇടപെടലുകള്‍ സഹായിക്കുന്നു.

2005 ല്‍ പുറത്തിറങ്ങിയ Politics of Piety: the Islamic Revival and the Feminist Subject, ഈജിപ്തിലെ മുസ്ലിംസ്ത്രീകള്‍ ഇടപെട്ടിട്ടുള്ള ഒരു ധാര്‍മ്മിക പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള വംശീയശാസ്ത്ര പഠനം ആണ്. ഈജിപ്തിലെ ഇസ്ലാം പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള ഈ സ്ത്രീകളുടെ മുന്നേറ്റം അവലോകനം ചെയ്യുന്നത് വഴി സ്വാതന്ത്ര്യം നിര്‍വാഹകത്വം തുടങ്ങിയവയുടെ മുഖ്യധാരാ സങ്കല്‍പ്പങ്ങള്‍ ആധുനിക സെക്കുലര്‍ വ്യവഹാരങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുന്നത് ചൂണ്ടി കാണിക്കുന്നുണ്ട്.

നിര്‍വാഹകത്വത്തിന്‍റെയും നീതിശാസ്ത്രത്തിന്‍റെയും വളരെ ഗഹനമായ ഒരു അവലോകനം നടത്തുക വഴി, ആധുനിക പരിപ്രേക്ഷ്യങ്ങളില്‍ വിധേയത്വവും നിഷ്ക്രിയവുമായി വിലയിരുത്തപ്പെടുന്ന നിലപാടുകള്‍, അവ സൃഷ്ടിക്കപ്പെടുന്ന വ്യവഹാര ചട്ടക്കൂടുകളില്‍ മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന നിര്‍വാഹകത്വമാണെന്ന പ്രബലമായ വാദമുഖം ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനായി ഫൂക്കോ, ജൂഡിത് ബട്ലര്‍ എന്നിവരുടെ ആശയങ്ങള്‍ കടമെടുക്കുകയും അവരുടെ വാദമുഖങ്ങള്‍ കടന്നു ചെല്ലാന്‍ വിമുഖത കാട്ടിയ തലങ്ങളിലേക്ക് അവ കൊണ്ടെത്തിക്കുകയും ചെയ്യുന്നുണ്ട്. മതത്തിനോട് മുസ്ലിം സ്ത്രീകള്‍ക്കുള്ള ബന്ധം അനുഷ്ഠാന പ്രക്രിയയിലൂടെ അവതരിക്കുന്നതാണ്. അനുഷ്ഠാനം നൈതികയാത്രയിലേക്കുള്ള വഴിയും ലക്ഷ്യവും ആണ്. സ്വത്വ രൂപീകരണത്തിന്‍റെ പ്രക്രിയയില്‍ അനുഷ്ഠാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ആയതിനാല്‍; ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടുകള്‍ സ്വത്വത്തിന്‍റെ മേല്‍ പുറമെ നിന്നുള്ള അടിച്ചമര്‍ത്തലുകള്‍ അല്ല. മറിച്ചു സ്വത്വ രൂപീകരണത്തിന്‍റെ ഭാഗം തന്നെ ആണ്. മതവിശ്വാസിക്ക് സ്വത്വത്തിന്‍റെ മൂര്‍ത്തീകരണം ഇത്തരത്തില്‍ ഒരു ചര്യയിലൂടെ മാത്രം സമ്പൂര്‍ണ്ണം ആകുന്നതാണ്. അരിസ്റ്റോട്ടിലിന്‍റെ ഹാബിറ്റസ് എന്ന ഭാവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. അത് കൊണ്ട് പര്‍ദ്ദ മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ആഗ്രഹങ്ങള്‍ക്കും ആത്മീയ സാഫല്യങ്ങള്‍ക്കും വിലങ്ങുതടിയാകുന്ന പുറമെ നിന്നുള്ള ഒരു അടിച്ചേല്‍പ്പിക്കല്‍ അല്ല, മറിച്ചു അവളുടെ സ്വത്വവിഷ്കാരത്തിന്‍റെ ഭാഗം തന്നെയാണ്. അന്ധമായ മത വിശ്വാസമായി, മതത്തിനുള്ളിലെ പുരുഷാധിപത്യത്തിന്‍റെ ലക്ഷണങ്ങളായി മാത്രം വിലയിരുത്തപ്പെടുന്ന മതാനുഷ്ഠാനങ്ങള്‍ നിര്‍വാഹകത്വത്തിന്‍റെ പ്രത്യക്ഷ ലക്ഷണം ആണ്. എന്തെന്നാല്‍ ഈ അനുഷ്ഠാനങ്ങള്‍ നൈതികത വാര്‍ത്തെടുക്കുന്നതിലേക്കുള്ള മുന്നേറ്റം ആണ്. നിര്‍വാഹകത്വത്തിന് പല സമ്പ്രദായങ്ങളും രീതികളും ഉണ്ടെന്നും അവയെല്ലാം പാശ്ചാത്യ ലിബറല്‍ വ്യവഹാരങ്ങള്‍ സ്വാതന്ത്ര്യം എന്നുദ്ദേശിക്കുന്ന നടപടിക്രമം ആകണം എന്നില്ല എന്ന് വാദിക്കുന്നതോടൊപ്പം നിരന്തരം സ്വത്വമൂര്‍ത്തീകരണത്തിന്‍റെ പാതയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന അനുഷ്ഠാന ക്രമങ്ങളാണ് മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മത ചര്യകള്‍ എന്നും സാബ വാദിക്കുന്നു. 9/11 നു ശേഷമുള്ള ഇസ്ലാമോഫോബിക് വ്യവസ്ഥിതിയില്‍ പുരുഷാധിപത്യത്താല്‍ ശ്വാസം മുട്ടുന്ന മുസ്ലിം സ്ത്രീകള്‍ വാര്‍പ്പു മാതൃക ആകുമ്പോള്‍ അതിനെ ചോദ്യം ചെയ്യുക വഴി ആന്ത്രോപോളജി എന്ന ശാസ്ത്രവിഭാഗത്തെ വളരെ രാഷ്ട്രീയമായ ഒരു തലത്തില്‍ സാബ ഉപയോഗിക്കുന്നു.

Religious Difference in a Secular Age: A Minority Report 2016 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം പാശ്ചാത്യ ദേശരാഷ്ട്ര മാതൃകകളെ അനുകരിക്കുക വഴി മധ്യപൂര്‍വ രാജ്യങ്ങള്‍ മതന്യുന പക്ഷങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന അവസ്ഥയാണുള്ളതെന്നു വിശദീകരിക്കുന്നു. പൊതുവെ ധരിച്ചു വച്ചിരിക്കുന്നത് പോലെ മതനിരപേക്ഷത ഇല്ലാത്തതു കാരണം അല്ല പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ന്യുനപക്ഷങ്ങള്‍ക്കു വെല്ലുവിളിയെന്നും ആധുനിക മതനിരപേക്ഷ ഭരണ സംവിധാനങ്ങള്‍ അസമത്വങ്ങളും മത സ്പര്‍ദ്ധയും വഷളാക്കുകയാണ് ചെയ്യുന്നതെന്നും സാബ ഇതില്‍ പരാമര്‍ശിക്കുന്നു. വളരെ പ്രകോപനപരമായ ഈ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ സാബ അവലോകനം ചെയ്യുന്നത് മതനിരപേക്ഷതയുടെ നാല് നെടുംതൂണുകള്‍ ആയി കരുതുന്ന പൗരത്വ രാഷ്ട്രീയസമത്വം, മത സ്വാതന്ത്ര്യം, ന്യുനപക്ഷാവകാശങ്ങള്‍, പൊതുകാര്യപരമായ കാര്യങ്ങളും സ്വകാര്യസംബന്ധമായ കാര്യങ്ങളും നിയമപരമായി വേര്‍തിരിക്കുക എന്നിവ സൂക്ഷ്മമായി അവലോകനം ചെയ്തു കൊണ്ടാണ് പ്രകടമായ മുസ്ലിം മുന്‍തൂക്കമുള്ള ഈജിപ്തിലെ പിന്നോക്ക വിഭാഗങ്ങളായ ഓര്‍ത്തഡോക്ള്‍സ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ബഹായി സമുദായക്കാര്‍ക്കും ഇടയില്‍ നടത്തിയ പഠനങ്ങള്‍ കേന്ദ്രീകരിച്ച് ആധുനിക സെക്കുലര്‍ സംവിധാനങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയും വിഘടന വാദം പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വാദിക്കുന്നു. സെക്കുലര്‍ നിയമസംഹിതകള്‍ മധ്യപൂര്‍വദേശങ്ങളില്‍ കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ നിലയുറപ്പിച്ച ചരിത്രം വീക്ഷിച്ചുകൊണ്ടു രാഷ്ട്രീയ മതനിരപേക്ഷതയുടെ കാതലായ അന്തഛിദ്രങ്ങള്‍ ഈ രാജ്യങ്ങളില്‍ ഇസ്ലാമിക മേല്‍ക്കോയ്മയും ന്യുനപക്ഷ അരക്ഷിതാവസ്ഥയും കൊണ്ട് വന്നിട്ടുണ്ട് എന്ന് സാബ വാദിക്കുന്നുണ്ട്. ഈജിപ്തിലെ കോടതി വ്യവഹാരങ്ങളും ന്യുനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള ഭരണഘടനാ സംവാദങ്ങളും, കുടുംബനിയമങ്ങള്‍ ചുറ്റിപ്പറ്റിയുള്ള ആശയകുഴപ്പങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവാദങ്ങളും ചൂണ്ടികാണിച്ചു, മധ്യപൂര്‍വ ദേശങ്ങളിലെ സെക്യൂലറിസത്തിന്‍റെ കെട്ടുപിണഞ്ഞ ചരിത്രം പരിശോധിക്കാന്‍ സാബ ആവശ്യപ്പെടുന്നു. സെക്ക്യൂലര്‍ ആദര്‍ശത്തിന്‍റെ മതതുല്യത എന്ന സങ്കല്പത്തിലെ പോരായ്മകളും പരിമിതികളും ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം ലിബറല്‍ ദേശസങ്കല്പങ്ങളുടെയും പൗരാവകാശങ്ങളുടെയും പരിമിതികള്‍ തുറന്നു കാണിക്കുന്നു.

Is Critique Secular, Blasphemy, Injury, and Free Speech. 2009 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം വിമര്‍ശനത്തിന്‍റെ സെക്കുലര്‍ ചിന്താധാരയെ വിശദമായി അവലോകനം ചെയ്യുന്ന ഒരു കൂട്ടം ചര്‍ച്ചകള്‍ ആണ്. തലാല്‍ അസാദ്, ജൂഡിത് ബട്ലര്‍ വെന്‍റി ബ്രൗണ്‍ ചാള്‍സ് ഹിര്‍ഷ്കൈന്‍ഡ് എന്നിവര്‍ക്കൊപ്പം സാബയും ചേര്‍ന്നുള്ള ഈ ചര്‍ച്ച ആധുനിക യുറോപ്പിയന്‍ വിമര്‍ശന സിദ്ധാന്തങ്ങളും പാശ്ചാത്യേതരവും ജ്ഞാനോദയാനന്തരവുമുള്ള വിമര്‍ശനപ്രസ്ഥാനങ്ങളും തമ്മിലുള്ള ദൂരം നിരാകരിക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നു. പലതരത്തിലും ഈ ഒരു വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സാബയും തലാല്‍ അസാദും ആ സമയത്തു പൊതുചര്‍ച്ചകളുടെ ഭാഗമായ ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദമാണ് വിഷയമാക്കിയത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്ക വഴി വിവാദത്തിലായ ഡാനിഷ് ന്യൂസ്പേപ്പറിന്‍റെ നടപടി പത്രസ്വാതന്ത്ര്യം, സെക്യുലറിസം, മത നിന്ദ, മതവികാരം വ്രണപ്പെടുത്തല്‍, പ്രതിഷേധം തുടങ്ങിയവയെക്കുറിച്ചെല്ലാം അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. അതുകൊണ്ടു തന്നെ വിമര്‍ശനത്തിന്‍റെ സെക്കുലര്‍ മാനങ്ങളിലുള്ള വിള്ളലുകള്‍ ചൂണ്ടി കാണിക്കാന്‍ സാബ മഹ്മൂദും തലാല്‍ അസാദും ഈ സംഭവം ഉപയോഗിച്ചു.

ഈ സമാഹാരത്തിലെ ‘Religious Reason and Secular Affect: An Incommensurable Divide?’ (മത യുക്തിയും മതേതര നാട്യവും : ചേര്‍ക്കാനാകാത്ത വിടവുകളോ?) എന്ന സാബയുടെ ലേഖനം ഇന്നത്തെ സെക്കുലര്‍ അക്കാഡമിക് ലോകം ധാര്‍മിക വ്രണപ്പെടുത്തലുകളെക്കുറിച്ച് എത്ര കുറച്ചാണ് ചിന്തിച്ചിട്ടുള്ളത് എന്ന ചോദ്യത്തിലൂന്നിയുള്ളതാണ്:

എന്‍റെ വാദങ്ങള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത് മതസ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയും സെക്കുലര്‍ ലിബറല്‍ പ്രമാണങ്ങള്‍ മതവ്യത്യാസങ്ങളെ നിഷ്പക്ഷമാക്കാനുള്ള ക്രമീകരണങ്ങളല്ലെന്നും മതം, കര്‍തൃത്വം, ഭാഷ, വ്രണപ്പെടുത്തല്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഏകപക്ഷീയമായ ധാരണകളാണ് എന്നതുമാണു. ഇത് സെക്ക്യൂലറിസത്തിന്‍റെ ഒരു പോരായ്ക അല്ല, മറിച്ചു ജ്ഞാനശാത്രപരവും മതപരവും ഭാഷാപരവുമായി സിവില്‍ നിയമ പാരമ്പര്യത്തിന്‍റെ ഭൂമികയില്‍ പണിതു വച്ചിട്ടുള്ള ഒരു അവശ്യ പ്രഭാവമാണ്. ഈ പരിമിതികള്‍ക്കു പുറത്ത് ചിന്തിക്കാനുള്ള നമ്മുടെ കഴിവ് വിമര്‍ശനം എന്ന അധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു- ധാര്‍മികവും ജ്ഞാനശാസ്ത്രപരവുമായി സ്വയം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള മേല്‍ക്കോയ്മയിലൂന്നിയ പരിശ്രമം അല്ല, മറിച്ചു വിമര്‍ശനത്തിന്‍റെ തന്നെ സങ്കുചിതവും വൈകാരികവുമായ ബാദ്ധ്യതകള്‍ ഈ പ്രശ്നത്തിന്‍റെ സൃഷ്ടിയില്‍ നടത്തുന്ന ഇടപെടലുകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള അധ്വാനമാണ് വേണ്ടത്. (Mahmood 2013, 90-91)

ഇവിടെ പാശ്ചാത്യ ലിബറല്‍ ചിന്തധാരയുടെ പോരായ്ക ചൂണ്ടിക്കാണിക്കുന്ന സാബ, തന്‍റെ വാദമുഖങ്ങളെ മത തീവ്രവാദത്തിന്‍റെ പരിധിയിലേക്കു ചേര്‍ത്തുവയ്ക്കാനുള്ള സാധ്യതകളെക്കുറിച്ചും ബോധവതിയാണ്. ‘Feminism, the Taliban and the Politics of Counter Insurgency’ എന്ന 2002 ല്‍ ചാള്‍സ് ഹിര്‍ഷ്കൈന്‍ഡ് കൂടി ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ ഇത് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രീയെ ആധുനികത/ മതാധിഷ്ടിതം എന്ന ദ്വന്ദത്തിന്‍റെ ഭാഗമായി മാത്രം ചിത്രീകരിക്കുന്നതിനെ വിമര്‍ശിക്കുന്നതില്‍ നിന്നും ഈ സമ്മര്‍ദ്ദം സാബയെ പിന്തിരിപ്പിക്കുന്നില്ല. പൊതു ഇടങ്ങളിലെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച ഫ്രഞ്ച് ഫെമിനിസ്റ്റുകള്‍ക്കെതിരെ സാബ ആഞ്ഞടിക്കുന്നുണ്ട് ഈ ലേഖനത്തില്‍:

ഫെമിനിസത്തിന്‍റെ മാതൃകാപരമായ കര്‍തൃത്വം നവീകരണവാദത്തെ മുന്‍നിര്‍ത്തി മാത്രമുള്ളതാണ്: സാമൂഹ്യ മാനദണ്ഡങ്ങളുമായി നിരന്തരം കലഹത്തില്‍ ഏര്‍പ്പെടുന്ന ഒന്ന്, (പിഞ്ഞിയ ജീന്‍സ് ധരിക്കയും മുടി നിറം പിടിപ്പിക്കുകയും ചെയ്യുന്ന പോലെയുള്ള പ്രക്രിയകള്‍) അല്ലാതെ പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ചില ധര്‍മ്മാചരണങ്ങളില്‍ അഭിമാനം കൊള്ളുകയും അതനുസരിച്ചു ജീവിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്ന കര്തൃത്വങ്ങളില്‍ അല്ല. ഫെമിനിസം പുരുഷാധിപത്യപരം എന്ന് വിലയിരുത്തുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ സ്വമേധയാ സ്വാംശീകരിക്കുന്നതിനെ തെറ്റായ ബോധം എന്ന് അല്ലെങ്കില്‍ പരമ്പരാഗത സമൂഹത്തില്‍ അടിമകളായി ജീവിക്കുന്ന മനുഷ്യര്‍ പുരുഷാധിപത്യം സ്വാംശീകരിക്കുന്നതായി മാത്രമേ ആധുനികതയ്ക്കു വിലയിരുത്താന്‍ ആകൂ. വിധ്വംസക (subversive ) സാധ്യതകള്‍ പരിശോധിക്കുന്ന അവലോകനങ്ങള്‍ പോലും കീഴ്പെടുത്തല്‍/ നിഷേധം എന്ന ദ്വന്ദ്വത്തിലൂന്നിയാണ് നിവര്‍ത്തിക്കുന്നതു. ഒരു മുസ്ലിം സ്ത്രീക്ക് മുന്നില്‍ രണ്ടു സാധ്യതകളെ ഉള്ളൂ. ഒന്നുകില്‍ മറ നീക്കുകയും തന്മൂലം സ്വതന്ത്രമാവുകയും ചെയ്യുക. അല്ലെങ്കില്‍ മൂടുപടത്തിനുള്ളില്‍ ഒരു പരിധിവരെയെങ്കിലും കെട്ടുപാടുകളോടെ ജീവിക്കുക. നമ്മുടെ ബ്രാകള്‍ പാന്‍റുകള്‍ ടൈകള്‍ മിനി സ്കര്‍ട്ടുകള്‍ അടി വസ്ത്രങ്ങള്‍ കുളി വസ്ത്രങ്ങള്‍ തുടങ്ങിയവ എല്ലാം അത്ര എളുപ്പം ഇത്തരം ദ്വന്ദ്വത്തിന്‍റെ ഇരുപുറവും നിരത്താന്‍ സാധിക്കുമോ? നമ്മുടെ ദിന ചര്യകളും ജീവിത രീതികളും ശരിക്കും ഇത്തരത്തിലുള്ള ഒരു യുക്തിക്കു വിധേയമാക്കി സ്വന്തന്ത്ര്യം/ അടിമത്തം എന്ന ദ്വന്ദ്വ സമീപനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമോ? (Mahmood, 2003)

ഫെമിനിസത്തിന്‍റെ ലിബറല്‍ മാനദണ്ഡങ്ങളെ നിരാകരിച്ച് കൊണ്ട് വളരെ വിശാലമായ ഒരു സ്ത്രീപക്ഷ ചിന്തയുടെ സാധ്യതയാണ് സാബ മുന്നോട്ടു വയ്ക്കുന്നത്. ആധുനികേതര സംവിധാനങ്ങളില്‍ നിന്നുള്ള ജീവിതരീതികള്‍ മനസ്സിലാക്കാന്‍ ആധുനികതയുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പോരായ്മയാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. അല്ലാതെ, മതതീവ്രവാദത്തിനു കുടപിടിക്കല്‍ അല്ല.

ഇന്ത്യ പോലുള്ള പോസ്റ്റ് കൊളോണിയല്‍ സമൂഹങ്ങളില്‍ സാബയുടെ വിലയിരുത്തല്‍ വളരെ വിലപ്പെട്ടതാണ്. ന്യൂനപക്ഷ ഭൂരിപക്ഷ സംഘര്‍ഷങ്ങളെകുറിച്ചും അതില്‍ സാമ്രാജ്യത്വ നിയമനിര്‍മാണ സംവിധാനങ്ങളോട് പുലര്‍ത്തിയ വിധേയത്വത്തിനുള്ള പങ്കും പരിശോധിക്കാന്‍ സാബയുടെ വിശകലന രീതി അനിവാര്യമാണ്. അതെ സമയം ഏതു മതവാദവും ന്യായീകരിക്കപ്പെടേണ്ടതാണ് എന്നല്ല സാബ വ്യക്തമാക്കുന്നത്. രാഷ്രീയത്തോളം പ്രധാനം നൈതികതയ്ക്കു നല്‍കുന്ന ഒരു സമീപനം ആണിത്. ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ പരിപ്രേക്ഷ്യം മറ്റൊരു ദിശയിലേക്കു കൊണ്ട് പോകാന്‍ സാബയുടെ അവലോകനങ്ങള്‍ക്കു സാധിക്കും. മുത്തലാഖ് യൂണിഫോം സിവില്‍ കോഡ് തുടങ്ങിയ ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഫെമിനിസം പതറുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്.

1961 ല്‍ പാകിസ്ഥാനില്‍ ജനിച്ച സാബ മഹ്മൂദ് പഠനാര്‍ത്ഥമാണ് അമേരിക്കയിലെത്തിയത്. ആര്‍ക്കിടെക്ചറില്‍ ഉന്നത ബിരുദ പഠനത്തിന് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന സാബ ക്രമേണ പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഇടപെടലുകളുടെ കടുത്ത വിമര്‍ശക ആയി മാറി. തുടര്‍ന്ന് ഗള്‍ഫ് യുദ്ധത്തിന്‍റെ സമയത്തു ആന്ത്രോപോളജിയിലേക്കു പൂര്‍ണമായും തിരിയുകയും സ്ട്രാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപോളജിയില്‍ പി.എച്ച്.ഡി. നേടുകയും ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ അര്‍ബന്‍ പ്ലാനിംഗ് എന്നീ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ബിരുദം ഉണ്ട് . സെക്കുലര്‍ ദേശീയത മുസ്ലിം സമൂഹങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പഠിക്കുക ആയിരുന്നു.

ആന്ത്രോപോളജിയിലേക്കുള്ള സാബ യുടെ വരവിന്‍റെ പ്രേരണ. 2003ല്‍ വിവാഹം ചെയ്ത ചാള്‍സ് ഹിര്‍ഷ്കൈന്‍ഡ് മായി ചേര്‍ന്ന് നിരവധി അക്കാഡമിക് സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 2018 ഇല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചു മരിക്കുമ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ചരമ കുറിപ്പുകള്‍ സാബ എന്ന മികച്ച അധ്യാപികയെ ലോകത്തിനു പരിചയപ്പെടുത്തി. ഒരു സുഹൃത്തായും പ്രചോദനമായും മാര്‍ഗ്ഗദര്‍ശിയായും സാബ തന്‍റെ വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളില്‍ സാന്നിധ്യമറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ , ബെര്‍കിലിയില്‍ ആന്ത്രോപോളജി പ്രൊഫസര്‍ ആയിരുന്ന സാബ സെന്‍റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ബെര്‍ക്കിലിയില്‍ പ്രോഗ്രാം ഫോര്‍ ക്രിട്ടിക്കല്‍ തിയറി സ്ഥാപിക്കുന്നതില്‍ സാബ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.2018 ഇല്‍ സാബയ്ക് വേണ്ടി എഴുതിയ ഓര്‍മ്മകുറിപ്പില്‍ ജൂഡിത് ബട്ലര്‍ ഇങ്ങനെ അടയാള പെടുത്തുന്നു. ‘മുസ്ലിം സമൂഹങ്ങളെ നിരാകരിച്ചുകൊണ്ട് വരുന്ന ഉച്ചസ്ഥായിയിലുള്ള പാണ്ഢിത്യങ്ങള്‍ക്കിടയില്‍ ഫെമിനിസ്റ്റ് സിദ്ധാന്തത്തിലും രാഷ്ട്രീയത്തിലും നൈതികതയിലും ഇസ്ലാമിനെക്കുറിച്ചു വ്യത്യസ്തവും ബോധപൂര്‍വ്വമായതുമായ ഒരു വീക്ഷണം സാബ മഹ്മൂദ് കൊണ്ട് വന്നിട്ടുണ്ട്.’ തീവ്രമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം തീക്ഷണമായ അപഗ്രഥന പാടവവുമുള്ള സാബയുടെ വ്യക്തിത്വത്തിന്‍റെ മറുപുറത്ത് ഖാലിബിന്‍റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന, വന്യത ഇഷ്ടപ്പെട്ടിരുന്ന, രുചികരമായ ഭക്ഷണം പാകം ചെയ്തു എല്ലാവര്‍ക്കും നല്‍കാന്‍ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു സാബയുണ്ടായിരുന്നതായി ബട്ലര്‍ പറയുന്നു.

സഹായക ഗ്രന്ഥങ്ങള്‍

Asad, Talal et al. Is Critique Secular? Blasphemy, Injury, and Free Speech. University of California Press, 2009

Butler, Judith. “OBITUARY: Saba Mahmood — pioneering work in battle of ideas.” https://www.dawn.com/news/1395817

Mahmood, Saba. The Politics of Piety: The Islamic Revival and the Feminist Subject. Princeton: Princeton University Press, 2012

— . Religious Difference in a Secular Age: A Minority Report. Princeton: Princeton University Press, 2015.

Mahmood, Saba and Charles Hirschkind. (2003)“Feminism, the Taliban and the Politics of Counterinsurgency” https://fathom.lib.uchicago.edu/1/777777190136/

ഡോ. ഷെറിന്‍ ബി.എസ്.
അധ്യാപിക, കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം ഇംഗ്ലീഷ് & ഫോറിന്‍ ഭാഷ യൂണിവേഴ്സിറ്റി

 

COMMENTS

COMMENT WITH EMAIL: 0