Homeചർച്ചാവിഷയം

സംഘര്‍ഷ മേഖലകളിലെ ഭരണ നിര്‍വഹണവും ലിംഗപദവിയും

സീമ കാസി

സംഘര്‍ഷങ്ങള്‍ എല്ലായ്പ്പോഴും സാമൂഹിക ഘടനയുടെ പരിമിതികളെ തുറന്നു കാട്ടുന്നു. ഓരോ സമൂഹവും സംവിധാനങ്ങളും എത്രമാത്രം ദുര്‍ബലവും ശിഥിലമായിരുന്നു എന്ന് നാം തിരിച്ചറിയുന്നത് അവ പരാജയപ്പെടുമ്പോള്‍ മാത്രമാണ്. സാമൂഹിക സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സംവിധാനങ്ങളുടെ പരാജയം നിലനിന്നു പോരുന്ന വ്യവസ്ഥയുടെ  ന്യൂനതകളെ പുറത്തു കാട്ടുന്നു. ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഭരണകൂടത്തിന്‍റെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങളെ പ്രത്യേകിച്ചും   ന്യൂനപക്ഷങ്ങളെയും, ദരിദ്രരെയും, സ്ത്രീകളെയും, കുട്ടികളെയുംڔ കൂടുതല്‍ ദുര്‍ബലരാക്കുന്നു. സംഘര്‍ഷ ഭൂമിയിലെ ആള്‍ക്കൂട്ടങ്ങള്‍ എല്ലായ്പോഴും ഭൂരിപക്ഷത്തിന്‍റെ ഇച്ഛയ്ക്ക് അനുസരിച്ചു ചലിക്കുന്നതായിരിക്കും. അവ നടപ്പാക്കുന്നതത്രെയും ഭൂരിപക്ഷത്തിന്‍റെ താല്പര്യങ്ങളുമായിരിക്കും. വളരെ സ്വാഭാവികമായ ലിംഗ അസമത്വം നില നില്‍ക്കുന്ന സമൂഹങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന കൂട്ടങ്ങളൊക്കെയും പുരുഷന്‍റേത് മാത്രമായിരിക്കും. തത്വത്തില്‍ സംഘര്‍ഷങ്ങള്‍ പലപ്പോഴും പുരുഷനു സാമൂഹികമായ മേല്‍ക്കൈ നേടിയെടുക്കാനുള്ള അവസരങ്ങള്‍ കൂടിയാണ്. പുരുഷ മേധാവിത്തത്തിനു കീഴില്‍, ഭരണകൂടത്തിന്‍റെ  പല തരത്തിലുള്ള പരിരക്ഷകല്‍ڔ ഉണ്ടായിട്ടു പോലും  സുരക്ഷിതയല്ലാത്ത സ്ത്രീ, സംവിധാനങ്ങളൊക്കെ പരാജയപ്പെട്ടു പോകുന്ന സംഘര്‍ഷ ഭൂമിയില്‍ എത്രമാത്രം അരക്ഷിതയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇത്തരത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന സമൂഹങ്ങളില്‍ ലിംഗ നീതിയും തുല്യതയും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. അതി തീവ്ര സംഘര്‍ഷ ബാധിത മേഖലകളില്‍ സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണ നിര്‍വ്വഹണം എത്തരത്തിലാണ് ഇടപ്പെട്ടിട്ടുള്ളത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിലുപരി ഗുരുതരമായ അധികാര സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന സമൂഹങ്ങള്‍ എങ്ങനെയാണ് സ്ത്രീയെڔ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്.

നാല് രാജ്യങ്ങളിലെ തീര്‍ത്തും വ്യത്യസ്തങ്ങളായ നാല് സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ  ഭരണ നിര്‍വഹണത്തെക്കുറിച്ചുള്ള താരതമ്യ പഠനമാണ് ഈ ലേഖനം. ഇന്ത്യയില്‍  നിന്ന് വംശീയ ന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന മണിപ്പൂരും  കശ്മീരും, ബംഗ്ലാദേശില്‍ നിന്ന് സമാന സ്വഭാവമുള്ള  ചിറ്റഗോംഗ് മലയോരങ്ങള്‍, പാകിസ്ഥാനില്‍ നിന്ന്   സ്വാത് മേഖല, കൂടാതെ പോരാട്ടാനന്തര ശ്രീലങ്കയിലെ വടക്കന്‍ പ്രദേശങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. തിരഞ്ഞെടുത്ത മേഖലകളുടെ ചരിത്രപരമായ പശ്ചാത്തലം, സ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള യുക്തി, നിലവിലുള്ള കാര്യ നിര്‍വഹണഘടന, എന്നിവയടക്കം രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങള്‍ എങ്ങനെയാണ് ലിംഗപദവിയെ ബാധിക്കുന്നത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഓരോ ചരിത്രവും സംസ്കാരവും  അങ്ങേയറ്റം സവിശേഷവും വ്യത്യസ്തവുമാണെങ്കിലും, അവയ്ക്ക് ഓരോന്നിനും ചില പൊതു സമാനതകളുണ്ടാവും. അത്തരത്തില്‍ ഈ നാല് മേഖലകളിലും വ്യവസ്ഥാപിതമായ ഒരു ഭരണ സംവിധാനം നില നില്‍ക്കുമ്പോഴും  യുദ്ധവും തുടര്‍ന്നുള്ള  സംഘര്‍ഷങ്ങളും തുടര്‍ക്കഥയാവുന്നു. കൂടാതെ ഈ ഭരണ സംവിധാനങ്ങള്‍ ഒന്നും തന്നെ സ്ത്രീയെ സ്വമേധയാ അവകാശങ്ങളുള്ള വ്യക്തിയായി പരിഗണിക്കുന്നില്ല. അത് കൊണ്ട് തന്നെ സ്ത്രീയുടെ പ്രത്യേക അവകാശങ്ങളെ തിരിച്ചറിഞ്ഞു അംഗീകരിക്കുന്നതിലോ  സംരക്ഷിക്കുന്നതിലോ അവര്‍ തല്പരരുമല്ല . യുദ്ധം, സംഘര്‍ഷം, അന്താരാഷ്ട്ര ഇടപെടലുകള്‍ , തീവ്രവാദം, കുടിയേറ്റം, ബോധപൂര്‍വമായി കൈക്കൊണ്ട പാര്‍ശ്വവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ-സാമ്പത്തിക സംഭവ വികാസങ്ങള്‍ ഈ പ്രദേശങ്ങളിലെڔ ഭരണ സംവിധാനത്തെ അങ്ങേയറ്റം ദുര്‍ബലവും അസ്ഥിരവുമാക്കി  തീര്‍ത്തു. വ്യക്തമായ ഇടപെടലുകള്‍ നടത്താനാവാതെ, നിരന്തരമായി മാറിക്കൊണ്ടിരുന്ന ഭരണ സംവിധാനങ്ങള്‍ ജനങ്ങളില്‍ നിന്ന് പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന് കൂടുതല്‍ അകന്നു. ഭരണകൂടം ജനങ്ങളില്‍ നിന്ന് അകന്നതോടെ  ഈ നാല് മേഖലകളുലും കമ്മ്യൂണിറ്റി കോടതികള്‍, ജിര്‍ഗകള്‍, ഖാസി കോടതികള്‍ തുടങ്ങി അനൗപചാരികമായ സമാന്തര സ്ഥാപനങ്ങള്‍ സജ്ജീവമായി. ഈ സ്ഥാപനങ്ങളുമായുള്ള സ്ത്രീകളുടെ ബന്ധം സങ്കീര്‍ണ്ണമാണ്. ഒരു വശത്തു അവ ആക്സസ് ചെയ്യാവുന്നതും സമീപത്തുള്ളതും പരിചിതവുമായതിനാല്‍ പ്രാദേശികമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച അവസരമാണ്. എന്നാല്‍ മറുവശത്ത്, അവര്‍ പ്രാദേശികരുംڔ പരിചിതരുമായതിനാല്‍ പലപ്പോഴും  വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നു. ഇത്തരം പ്രാദേശികڔ സ്ഥാപനങ്ങളുടെ തലവന്മാരായ പുരുഷന്മാരും സമൂഹത്തിലെ മറ്റുള്ളവരും തമ്മില്‍  നിലനില്‍ക്കുന്ന പരസ്യമായ സഖ്യങ്ങളാണ് പലപ്പോഴും സ്ത്രീയെ പുന്നോട്ടടിക്കുന്നത്. അതുകൊണ്ടാണ് ഈ ഭരണ സംവിധാങ്ങള്‍ ജന്‍ഡറൈസ് ചെയ്യേണ്ടത് അനിവാര്യമാകുന്നത്, സ്ത്രീയുടെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് കൂടുതല്‍ സ്ത്രീ പ്രാധിനിത്യമുള്ള ഘടനകള്‍ സൃഷ്ടിക്കുക എന്ന വാദത്തിനു പ്രസക്തിയേറുന്നത്. ഇത്തരം ഘടനകള്‍ക്ക് മെച്ചപ്പെട്ട ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്.

അക്രമവും സുരക്ഷാ സംവിധാനങ്ങളുടെ  അഭാവവുമാണ് സ്ത്രീകളെ സംബന്ധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട  ആശങ്ക. ഇവ പരിഹരിക്കുന്നതിനുള്ള  നയങ്ങള്‍ അടിയന്തിരമായി ആവിഷ്കരിക്കേണ്ടതുണ്ട്. കൂടാതെ നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. സംഘര്‍ഷമേഖലകളില്‍, എത്രെയും പെട്ടന്ന് സിവിലിയന്‍ ജീവിതത്തിക്ക് ഒരു തിരിച്ചു പോക്ക് സാധ്യമാക്കണം (ഉദാഹരണത്തിന് ശ്രീലങ്കയിലെ പഠനങ്ങളും അനുരഞ്ജന കമ്മീഷന്‍ ശുപാര്‍ശ ചെയ്തവ).

ദേശീയ തിരഞ്ഞെടുപ്പുകളിലൂടെയോ നാമനിര്‍ദ്ദേശങ്ങളിലൂടെയോ അല്ലെങ്കില്‍ പ്രാദേശിക ഭരണ സ്ഥാപനങ്ങളിലൂടെയോڔ ഉള്ള സ്ത്രീ പ്രാതിനിധ്യം  ഭരണ സംവിധാനങ്ങളില്‍ ലിംഗ നീതി ഉറപ്പു  വരുത്തുന്നതിനും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ അവതരിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്. അധികാര സ്ഥാനങ്ങളിലുള്ള  സ്ത്രീകള്‍ പലപ്പോഴും പൊതു സമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാറില്ലെന്ന ആക്ഷേപം നില നില്‍ക്കുന്നുവെങ്കില്‍ പോലും രാഷ്ട്രീയ പ്രക്രീയയില്‍ സ്ത്രീയുടെ പ്രാതിനിധ്യം വര്‍ധിച്ചുവരുന്നത് പ്രതീക്ഷാവഹമാണ്. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവരുടെ ആവശ്യങ്ങള്‍ ഭരണ സംവിധാങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നതിനും  സിവില്‍ സൊസൈറ്റി സ്ഥാപനങ്ങള്‍, എന്‍. ജി. ഒ.കള്‍, വനിതാ സംഘടനകള്‍ എന്നിവയ്ക്ക് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. ഈ പ്രദേശങ്ങളിലെയൊക്കെ  നിയമവ്യവസ്ഥയെ വിലയിരുത്തേണ്ടത് ലിംഗ നീതിക്ക് അവ നല്‍കുന്ന പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിലാവണം. കൂടാതെ നീതിപീഠവും അഭിഭാഷകരും ലിംഗനീതിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുകയും വ്യത്യസ്ത നീതി സങ്കല്പങ്ങളിലേക്ക് ചിന്ത വ്യാപിപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം സാമൂഹിക നീതി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് അകന്നു തന്നെ നില്‍ക്കും.

ഇന്ത്യ
ജമ്മു കശ്മീരിലെയും മണിപ്പൂരിലെയും വംശീയ ന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ ആധുനിക ഇന്ത്യയ്ക്കുള്ളില്‍ പുകഞ്ഞു തുടങ്ങിയിട്ട് കാലങ്ങളേറെയായി. ചരിത്രപരമായി രണ്ട് സംസ്ഥാനങ്ങളും വംശീയ ന്യൂനപക്ഷങ്ങളാണ്. ബ്രിട്ടീഷുകാരുടെ ആവിര്‍ഭാവം വരെ ഇവ രണ്ടും സ്വതന്ത്ര രാജ്യങ്ങളായി നിലനിന്നിരുന്നു. 1947 ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം,  രണ്ട് രാജ്യങ്ങളുടെയും പരമാധികാരികള്‍ ഇന്ത്യന്‍ ഭരണകൂടവുമായി ലയിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പു വെച്ചു. പരമ്പരാഗത മാതൃരാജ്യങ്ങളിലെ ജനങ്ങളുടെ സാംസ്കാരിക സ്വത്വവും ജീവിതരീതിയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇരു സംസ്ഥാനങ്ങള്‍ക്കും സ്വയംഭരണാധികാരം നല്‍കണമെന്ന ആവശ്യം   ഇന്ത്യ ഗവണ്മെന്‍റ് അംഗീകരിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങള്‍  സങ്കീര്‍ണ്ണമാകുന്നത്. തല്‍ഫലമായി മണിപ്പൂരിലെയും കശ്മീരിലെയും ന്യൂനപക്ഷങ്ങളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ സായുധ സംഘട്ടനങ്ങളായി പരിണമിച്ചു .
സംഘര്‍ഷം  സൈനികവല്‍ക്കരിക്കപ്പെട്ടതോടെ കോടതികളും, പോലീസും സംസ്ഥാന നിയമസഭയടക്കമുള്ള പ്രാദേശിക ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അധികാരം സന്യം പിടിച്ചെടുത്തു. ഇത് ഭരണ ഘടനാ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണ അവകാശങ്ങളെയും അട്ടിമറിക്കുന്നതാണെന്നു വിമര്‍ശനമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. തദ്ദേശീയമായ  ചെറുത്തു നില്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനായി ദേശീയ സുരക്ഷയെയുംڔ പൗരന്‍റെ അവകാശങ്ങളെയും  അന്തസ്സിനെയും സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പുനര്‍ നിര്‍വ്വചിച്ചു. സംഘര്‍ഷം സ്ത്രീയുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂടുതല്‍ കരിനിഴലേല്‍പ്പിച്ചു. അധികാര തര്‍ക്കത്തിനിടയില്‍ സ്ത്രീ ജീവിതങ്ങള്‍ കൂടുതല്‍ ദുരിതത്തിലാഴ്ന്നെന്നു മാതമല്ല , മിക്കപ്പോഴും പരിഗണിക്കപ്പെട്ടതു  പോലുമില്ല. മണിപ്പൂരിലും കശ്മീരിലും തൊഴിലാളികള്‍ڔ ചെറിയ ചെറുത്തു നില്‍പ്പുകള്‍ നടത്തി. എന്നാല്‍  സൈന്യം ശക്തമായി തിരിച്ചടിച്ചു. അവര്‍ സ്വകാര്യ ഇടങ്ങളിലേക്ക് പോലും നുഴഞ്ഞു കയറി, പലപ്പോഴും സ്ത്രീകളെ ലക്ഷ്യം വെച്ചു.ڔ ഇരു സംഘര്‍ഷ  മേഖലകളിലും വിധവകളുടെയും വിധവകള്‍ എന്ന് വിളിക്കാവുന്നവരുടെയുംڔ (കാണാതായ ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാത്ത സ്ത്രീകള്‍) എണ്ണം വര്‍ധിച്ചു വന്നു. വൈധവ്യത്തിന് പുറമേ, കുട്ടികളും മറ്റുള്ളവരുമടങ്ങുന്നڔ കുടുംബത്തിന്‍റെ ഭാരം കൂടി ചുമലിലേല്‍ക്കാന്‍  സ്ത്രീകള്‍ നിര്‍ബന്ധിതരായി. കുറ്റവാളികളെ നിയമ സംവിധാനത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും തങ്ങള്‍ക്ക് നീതി ഉറപ്പു വരുത്തുന്നതിനുമുള്ള സ്ത്രീകളുടെ ശ്രമങ്ങളെ സായുധസേന പ്രത്യേക അധികാര നിയമത്തിന്‍റെ (എ.എഫ്.എസ്.പി.എ) പരിധിയില്‍ ചെറുക്കുന്നു. .

ബംഗ്ലാദേശ്
ചിറ്റഗോംഗ് ഹില്‍ ട്രാക്റ്റ്സ് (സി.എച്ച്.ടി),എന്നത് ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മൂന്ന് ഭരണ ജില്ലകള്‍ ഉള്‍പ്പെടുന്ന ഒരു മലയോര പ്രദേശമാണ്. ബംഗ്ലാദേശിന്‍റെ പത്തിലൊന്ന് വിസ്തൃതിയുള്ള ഈ ജില്ലകളില്‍ ഏകദേശം പതിമൂന്നോളം  വംശീയ വിഭാഗങ്ങള്‍ അധിവസിക്കുന്നു. ഈ പ്രദേശം കോളനിവല്‍ക്കരണത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലൂടെ  കടന്നു പോയിട്ടുണ്ട്.  ആദ്യത്തേത് ബ്രിട്ടീഷ് അധിനിവേശ കാലത്തു , പിന്നീട് പാക് ഭരണത്തിന് കീഴില്‍, ഏറ്റവും ഒടുവിലായി  സ്വതന്ത്ര ബംഗ്ലാദേശ് ഭരണകാലത്തും  ഇത്   ആവര്‍ത്തിക്കപ്പെട്ടു.

1997 ല്‍ ഈ ജനതയ്ക്ക് സ്വയം ഭരണാവകാശം ഉറപ്പു നല്‍കുന്ന  കരാര്‍ നിലവില്‍ വരുന്നത് വരെ ഈ വിവേചനം തുടര്‍ന്നു . അതിന് ശേഷം കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മലയോര ജനങ്ങള്‍ക്ക് ഒരു പരിധിവരെ സ്വയംഭരണാധികാരം നല്‍കുന്നതിന് ബംഗ്ലാദേശ് ഭരണകൂടം ശ്രമിച്ചു. ഇതിനോടകം തന്നെ രാജ്യത്തിന്‍റെ സജീവ പൗരന്മാര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കായുള്ള അവകാശവാദവും മലയോര ജനത ഉന്നയിച്ചു. സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി നിലവിലെ ഭരണഘടനയ്ക്കുള്ളില്‍ സ്ത്രീയുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ മികച്ച പ്രതികരണങ്ങളുണ്ടാക്കി. എന്നിരുന്നാലും ലിംഗ നീതി ഉറപ്പു വരുത്തുന്നതിന്   ഈ  മേഖലയിലെ  ഭരണകൂടങ്ങള്‍ ഇനിയും ഒരുപാട് മുന്നിലേക്ക് പോകേണ്ടിയിരിക്കുന്നു. പുരുഷ മേധാവിത്തത്തിനുള്ളില്‍  സിവില്‍ സൊസൈറ്റിസ്ഥാപനങ്ങളിലൂടെയും രാഷ്ട്രീയ പങ്കാളിത്തത്തിലൂടെയുമാണ് സ്ത്രീ സ്വയം നിര്‍ണ്ണയാവകാശം ആര്‍ജ്ജിക്കേണ്ടത്.

സ്വാതിനെക്കുറിച്ചുള്ള പഠനം പോലെ ഇവിടെയും പ്രശ്നങ്ങള്‍ പല തലത്തില്‍ പരിശോധിക്കുകയും ചില പൊതു നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഭരണ സംവിധാങ്ങളില്‍ നിന്ന് നേരിടുന്ന അവഗണയുടെ കാരണം വംശീയതയാണെന്ന തിരിച്ചറിവ് ഇവിടുത്തെ ജനങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരണത്തിലേക്ക് നയിക്കുന്നു. പോലീസ് സ്റ്റേഷനുകളടക്കമുള്ള സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ നിന്ന് ഒരുപാട് അകലെ ആയതിനാല്‍ ഭൂരിഭാഗം ആളുകളും പ്രത്യേകിച്ചു സ്ത്രീകള്‍ പ്രാദേശിക സംവിധാനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഏറ്റവും താഴെതട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും പരിചിരായ പ്രതിനിധികളെ ഉള്‍ക്കൊള്ളുന്നതാണ്. ആയതിനാല്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ നിഷ്പക്ഷമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല അവരുടെ സ്വകാര്യത പോലും പലപ്പോഴും ഹനിക്കപ്പെടുന്നു.

സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും കഴിഞ്ഞ കുറേ നാളുകളായി വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകള്‍ നടത്തിപ്പോരുന്ന ഇടപെടലുകള്‍ സി.എച്ച്.ടിയിലെ സ്ത്രീ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ രാഷ്ട്രീയ പങ്കാളിത്തവും, മികച്ച വിദ്യാഭ്യാസ അവസരങ്ങളും ഒപ്പം  ശക്തമായ വനിതാ സംഘടനകളുടെ ഇടപെടലുകളും സി.എച്ച്.ടിയിലെ പ്രശ്നങ്ങള്‍  പുറം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു സഹായകരമായി. എന്നിരുന്നാലും പാര്‍ലമെന്‍റ് പ്രാതിനിധ്യത്തിന്‍റെ അഭാവം സ്ത്രീകളുടെ  രാഷ്ട്രീയ ശാക്തീകരണത്തിന് ഒരു പ്രധാന വെല്ലുവിളിയാണ് . മലയോരമേഖലയില്‍ കുറഞ്ഞത് മൂന്ന് വനിതാ പ്രതിനിധികളെങ്കിലും വേണമെന്ന ദീര്‍ഘകാല ആവശ്യം ഇത് വരെ പരിഗണിക്കപ്പെട്ടിട്ടില്ല. ബംഗാളില്‍ നിന്നുള്ളڔ ജനങ്ങളെ മലയോര പ്രദേശങ്ങളില്‍ പാര്‍പ്പിക്കാനുള്ള സംസ്ഥാനത്തിന്‍റെ നയം ആക്രമണങ്ങളുടെ തോത് വര്‍ധിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിയമ സംവിധാനം കൂടുതല്‍ സുശക്തമാകേണ്ടതുണ്ട്, നീതി നിര്‍വ്വഹണം കൂടുതല്‍ സൂതാര്യവും ജനകീയവുമായ്ക്കേണ്ടതുണ്ട്. കൂടാതെ കുടുംബ കോടതികളടക്കമുള്ള സ്ഥാപനങ്ങളുടെ അഭാവം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് വിലങ്ങുതടിയാണ്. ആയതിനാല്‍ ലിംഗ സമത്വത്തെയും ലിംഗ നീതിയെയും മുന്‍ നിര്‍ത്തി സാമൂഹിക സ്ഥാപനങ്ങള്‍ പരിഷ്കരിക്കേണ്ടത് അത്യന്താപേക്ഷികമാണ്.

ശ്രീലങ്ക
കാല്‍ നൂറ്റാണ്ടു കാലം ശ്രീലങ്കയെ വലയം ചെയ്തിരുന്നڔ യുദ്ധവും അനുബന്ധ സംഘര്‍ഷങ്ങളും രാജ്യത്തിന്‍റെ വടക്കും കിഴക്കന്‍  മേഖലകളെ വളരെയധികം സ്വാധീനിച്ചു. നീണ്ട കാലത്തെ ആഭ്യന്തര യുദ്ധവും വംശീയ സംഘര്‍ഷങ്ങളും കാലക്രമേണڔ സൈന്യത്തെ ദൈനംദിന ജീവിതത്തിന്‍റെയും പൊതു ഭരണത്തിന്‍റെയും  ഭാഗമാക്കി മാറ്റി. വളരെ പെട്ടന്ന് തന്നെ സൈന്യം ഇന്നാട്ടിലെ സ്വാഭാവിക ജീവിതത്തിന്‍റെ ഒഴിച്ച് കൂടാനാകാത്ത ഘടകമായി തീര്‍ന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ വെട്ടിക്കുറച്ചും, നിയമവാഴ്ചയെ മറികടന്നുംڔ സംഘര്‍ഷങ്ങള്‍ക്ക് ആക്രമണാത്മകവും പുരുഷകേന്ദീകൃതവുമായ  പരിഹാരങ്ങള്‍ ചമച്ചും സൈന്യം ജനങ്ങളെ നിരന്തരമായി വെല്ലുവിളിച്ചുകൊണ്ടിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ കുറ്റകൃത്യങ്ങളും  ലൈംഗിക അതിക്രമങ്ങളും വര്‍ധിച്ചു വരുന്നതായി വിപുലമായ അഭിമുഖങ്ങളും  ചര്‍ച്ചകളും ഗവേഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

നിരന്തരായ സൈനിക വാഴ്ച ഈ പ്രദേശത്തെ  സ്ത്രീ ജീവിതങ്ങളെ പതിറ്റാണ്ടുകളായി ഇരുട്ടിലാഴ്ത്തി. അസാധാരണ സാഹചര്യത്തിലെ ജീവിതം, യുദ്ധം, ആക്രമണങ്ങള്‍, വിശ്വാസ വഞ്ചന ആവര്‍ത്തിക്കപ്പെടുന്ന  ബലാത്സംഗങ്ങള്‍  തുടങ്ങി ഒന്നൊഴിയാതെ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സുരക്ഷയുടെ അഭാവം, ബലാത്സംഗങ്ങളുടെ വര്‍ദ്ധനവ്, വ്യഭിചാരം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, കൗമാര ഗര്‍ഭധാരണം, ആത്മഹത്യകള്‍, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയവ ഈ പഠനത്തിന് വേണ്ടി അഭിമുഖം ചെയ്യപ്പെട്ട സ്ത്രീകള്‍ പങ്കുവെച്ച പൊതുവായ ആശങ്കകളാണ്. 2011  ലെ ലെസ്സണ്‍സ് ലേണ്‍ട് ആന്‍ഡ് റീ കണ്‍സിലിയേഷന്‍ കമ്മീഷന്‍ (എല്‍. എല്‍. ആര്‍. സി) റിപ്പോര്‍ട്ട് പ്രകാരം യുദ്ധം ബാധിച്ച സ്ത്രീകളുടെയും അവര്‍ നയിക്കുന്ന കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ ദേശീയ വികസന ആസൂത്രണ പ്രക്രിയ ഈ ആവശ്യങ്ങളെയൊന്നും പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. ശ്രീലങ്കയിലെ യുദ്ധബാധിത പ്രദേശങ്ങളെ സിവിലിയന്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി രൂപീകരിച്ച ദേശീയ നയരേഖയിലും ഈ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍
മറ്റ് മൂന്ന് രാജ്യങ്ങളിലെ  സംഘര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി പാകിസ്ഥാനിലെ സ്വാത് സംഘര്‍ഷം ചുറ്റുപാടുകളിലേക്ക് വ്യാപിച്ചില്ല, . ഈ മേഖലയില്‍ സ്ത്രീകളിലേക്ക് എത്തിച്ചേരാനുള്ള താലിബാന്‍റെ ആദ്യശ്രമങ്ങള്‍ വിജയകരമായിരുന്നു, കാരണം ഭരണ സംവിധാനങ്ങള്‍ വലിയതോതില്‍ സ്ത്രീകളോട് നിസ്സംഗത പുലര്‍ത്തുകയും അവരെ  ‘സംരക്ഷണം’ ആവശ്യമുള്ള കേവലം ആശ്രിത വിഭാഗങ്ങളായി പരിഗണിക്കുകയും ചെയ്യ്തിരുന്നڔ സമൂഹത്തില്‍ താലിബാന്‍ നേരിട്ട് സ്ത്രീകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും, അവരെ മൂല്യമുള്ളവരായി അംഗീകരിക്കുകയും ചെയ്തു. താലിബാന് മുമ്പുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ ഭരണ സംവിധാനത്തില്‍ നിന്ന്  ഒരുപാടു ദൂരെയായിരുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.  ഈ ബോധ്യത്തെയാണ് താലിബാന്‍ڔ ഫലപ്രദമായി ഉപയോഗിച്ചത്. സ്ത്രീയെ വ്യക്തിയായി അംഗീകരിക്കുന്നതിന് വിമുഖത കാട്ടിയ ഭരണകൂടം  സ്ത്രീയുമായി സംവധിച്ചിരുന്നത് കുടുംബത്തിലെ പുരുഷന്‍റെ മാധ്യമത്തിലൂടെയാണ്. ഭരണകൂടത്തിനുമുന്നില്‍ മുന്നില്‍ സ്വയം നിര്‍ണ്ണയ അവകാശം ഇല്ലാത്ത സ്ത്രീ പൊതു സമൂഹത്തില്‍ കൂടുതല്‍ ദുര്‍ബലയായി. സ്ത്രീയുടെ അന്തസ്സും സ്വാഭിമാനവും നിര്‍വചിക്കാനുള്ള അവകാശം കൂടി പുരുഷനില്‍ നിഷിപ്തമായതോടെ അവര്‍ സംവിധാനത്തിനുള്ളില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങളില്‍ സ്ത്രീകള്‍ ജിര്‍ഗ്ഗ പോലുള്ള പ്രാദേശിക സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പ്രതീക്ഷ നല്‍കുന്ന ഒരു സാധ്യതയായി കടന്നു വന്ന താലിബാന്‍ പിന്നീടു സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെക്കുറിച്ചും, അവരെ വീടിനുള്ളില്‍ തന്നെ തളച്ചിടുന്നതിനെപ്പറ്റിയും സംസാരിച്ചു തുടങ്ങിയപ്പോള്‍, സ്ത്രീകള്‍ അവര്‍ക്കെതിരെ തിരിഞ്ഞു, സൈന്യത്തെ അനുകൂലിച്ചു. ജിര്‍ഗ, കൂടുതല്‍ സജ്ജീവമായി. ഇത് ഒരു പ്രാദേശിക സംവിധാനമായതിനാല്‍ പ്രശ്ന പരിഹാരം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ അത് നേടിയെടുക്കാന്‍ സാധിക്കുന്നു. പക്ഷെ മറ്റു പ്രാദേശിക ഘടനകള്‍ പോലെڔ സുപരിചിതരായ ആളുകളുടെ സാന്നിധ്യം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളിയാണ്. ജിര്‍ഗ പോലുള്ള സംവിധാനങ്ങളില്‍ കൂടുതല്‍ സ്ത്രീ പ്രാധിനിത്യം ഉറപ്പു വരുത്തുകയാണെങ്കില്‍ ലിംഗ നീതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതില്‍ അവയ്ക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകാന്‍ സാധിച്ചേക്കും. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിലൂടെയല്ലാതെ അവര്‍ക്ക് സ്വയം നിര്‍ണയാവകാശം ആര്‍ജ്ജിക്കാന്‍ സാധിക്കുകയില്ല ചുരുങ്ങിയ കാലത്തേക്കാണെങ്കില്‍ പോലും സ്ത്രീകള്‍ കൗണ്‍സിലറുമാരായി പ്രാദേശിക ഭരണ കൂടങ്ങളില്‍ സജ്ജീവമായ ഇടപെടലുകള്‍ നടത്തിയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഭരണ സംവിധാനത്തിനും സ്ത്രീകള്‍ക്കും ഇടയിലുള്ള അകലം അല്‍പ്പമെങ്കിലും കുറഞ്ഞതായി തോന്നിയിട്ടുള്ളത്. അന്യതാ ബോധത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണെങ്കിലും, പ്രാരംഭ ദിശയില്‍ڔ സ്ത്രീകള്‍ക്കിടയില്‍ താലിബാന് ലഭിച്ചു വന്ന സ്വീകാര്യത വളരെ  അപകടകരമായ മുന്നറിയിപ്പാണ്. സ്ത്രീകളെ മുഖവിലയ്ക്കെടുത്തു കൊണ്ട് , അവരുടെ പൗരബോധത്തെയും ജനാധിപത്യ വിശ്വാസത്തെയും ബഹുമാനിച്ചു കൊണ്ട് അവരെ ഭരണ സംവിധാനത്തോട് ചേര്‍ത്ത് നിര്‍ത്തേണ്ടത് കെട്ടുറപ്പുള്ള ഭരണ സംവിധാനത്തിന്‍റെ നില നില്‍പ്പിനു തന്നെ അനിവാര്യമാണ്.

 

സീമ കാസി
അസോസിയേറ്റ് പ്രൊഫസര്‍, സെന്‍റെര്‍ ഫോര്‍ വിമന്‍സ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്, ന്യൂ ഡല്‍ഹി

 

 

 

വിവര്‍ത്തനം :
ഫതിമത്ത് സുഹറ
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ
വകുപ്പില്‍ രാഷ്ട്രതന്ത്ര വിഭാഗത്തില്‍ അധ്യാപിക

 

COMMENTS

COMMENT WITH EMAIL: 0