Homeചർച്ചാവിഷയം

നിയമവിരുദ്ധമായ നിയമങ്ങള്‍: ഥംഗ്ജം മനോരമ കേസ്

ഹരിപ്രിയ സോയ്ബം

ഥംഗ്ജം മനോരമ കേസിന്‍റെ അന്തിമവിധിയെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനമാണ് ഈ ലേഖനത്തിന്‍റെ ആധാരം. കേണല്‍ ജഗ് മോഹന്‍ സിംഗ് & അദേര്‍സ്/ദെ സ്റ്റേറ്റ് ഓഫ് മണിപ്പൂര്‍ & അദേര്‍സ് എന്ന കേസ് പൊതുവേ അറിയപ്പെടുന്നത് ഥംഗ്ജം മനോരമ കേസ് എന്ന പേരിലാണ്. വളരെ പ്രചാരമുള്ളതുകൊണ്ടുതന്നെ കേസിന്‍റെ മറ്റു വിശദാംശങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ക്രൂരമായ ബലാല്‍സംഗത്തിനും തുടര്‍ന്ന് കൊലപാതകത്തിനുമിരയായ മനോരമയുടെ മൃതശരീരം ഇംഫാലിലെ കാങ്ക്ല കോട്ടയ്ക്കു മുന്നില്‍ 2004ല്‍ നടത്തപ്പെട്ട ചരിത്രപരമായ അമ്മമാരുടെ നഗ്നരായുള്ള പ്രതിഷേധപ്രകടനത്തിന് വഴിയൊരുക്കി. അതിനുശേഷം ഈ കേസും അതിനെത്തുടര്‍ന്നുണ്ടായ ജനരോഷവും പ്രതിഷേധപ്രകടനങ്ങളും രാജ്യമെമ്പാടും ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് മണിപ്പൂര്‍ ഗവണ്മെന്‍റ് നിയമിച്ച അന്വേഷണകമീഷനെ എതിര്‍ത്തുകൊണ്ട് ആസാം റൈഫിള്‍സ് പതിനേഴാം ബറ്റാലിയന്‍ 2004 ജൂലൈ 17ന് ഒരു പെറ്റീഷന്‍ സമര്‍പ്പിക്കുകയുണ്ടായി. സൈനികകോടതിയുടെ പരിധിയില്‍ വരുന്നതെന്നു കരുതപ്പെടുന്ന ഒരു വിഷയത്തിന്‍മേല്‍ സംസ്ഥാനഭരണകൂടത്തിന് ഒരു അന്വേഷണ കമീഷനെ നിയമിക്കാനുള്ള അധികാരം എത്രത്തോളമുണ്ടെന്ന ചോദ്യം ഈയവസരത്തില്‍ ഉയരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ (violence against women (VAW)) എന്ന ആശയത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ കേസിനെ വായിക്കുവാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ഭരണകൂടം തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള, പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണക്കാരാകുന്ന അവസ്ഥ സംജാതമാകുമ്പോള്‍ അതിനെ പ്രതിരോധിക്കാനും നീതി ഉറപ്പുവരുത്താനും എന്തൊക്കെ വഴികളാണ് കണ്ടെത്താനാവുക? ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പ്രതിപാദ്യവിഷയമായ കേസ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അധികരിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.

മുകളില്‍ പ്രതിപാദിച്ച പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത് മണിപ്പൂര്‍ ഭരണകൂടത്തിനെതിരെയാണ്. മനോരമ വധക്കേസില്‍ മനസാക്ഷി മുറിപ്പെട്ടു നില്‍ക്കുന്ന മണിപ്പൂരി ജനതയുടെ പ്രതിനിധിയായി നില കൊള്ളുന്ന അതേ ഭരണകൂടത്തിനെതിരായിത്തന്നെ. ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍സ് ആക്റ്റിന്‍റെ (അഫ്സ്പ) പരിധിയില്‍ വരുന്ന, മണിപ്പൂരില്‍ ഭരണനടത്തിപ്പിനുവേണ്ടി സഹായത്തിലേക്കായി വിന്യസിച്ച അര്‍ദ്ധസൈനികവിഭാഗത്തില്‍ സേവനമനുഷ്ടിക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് ഈ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
തങ്ങളുടെ പ്രവര്‍ത്തികള്‍ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള വിമുഖത, പ്രത്യേകിച്ച് ഒരു സംഘര്‍ഷമേഖലയില്‍ ഭരണകൂടത്തിന്‍റെ എല്ലാ നിയമോപാധികളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും മാറി എല്ലാ വിധ ഇളവുകളോടും കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തില്‍ നിലകൊള്ളുന്ന സൈന്യത്തിന്‍റെ വിമുഖത കണക്കിലെടുക്കുമ്പോള്‍ ഈ പെറ്റീഷന്‍ ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല. മേല്‍ പ്രതിപാദിച്ച പെറ്റീഷന്‍ ചോദ്യം ചെയ്യുന്ന അന്വേഷണകമീഷന്‍ പൊതുവേ അറിയപ്പെടുന്നത് ഉപേന്ദ്ര കമീഷന്‍ അഥവാ മനോരമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണകമീഷന്‍ എന്നാണ്. ഒട്ടനവധി പ്രതിഷേധപ്രകടനങ്ങള്‍ കൊണ്ടു തന്നെ ഈ കേസും അതുമായി ബന്ധപ്പെട്ട വസ്തുതകളും വലിയ അളവില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.
മനോരമ നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികപീഡനം വലിയ രീതിയിലുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്ക് കാരണമായി. 2004 ജൂലൈ 15 ന് ഇംഫാലിലെ കാങ്ക്ലയിലുള്ള ആസാം റൈഫിള്‍സ് ആസ്ഥാനത്തിനു മുന്നില്‍ പന്ത്രണ്ടു മണിപ്പൂരി ഇമമാര്‍ (മണിപ്പൂരി ഭാഷയില്‍ അമ്മ എന്നര്‍ത്ഥം) ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്നെഴുതിയ ബാനറും ഉയര്‍ത്തിപ്പിടിച്ചു നഗ്നരായി തങ്ങളുടെ രോഷം പ്രകടിപ്പിച്ചത് ഈ പ്രതിഷേധസ്വരങ്ങളുടെ ഉച്ചസ്ഥായിയിലായിരുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ ആസാം റൈഫിള്‍സ് തങ്ങളുടെ മണിപ്പൂരിലെ ആസ്ഥാനമായ കാങ്ക്ലാ ഫോര്‍ട്ട് ഉപേക്ഷിച്ചു ഒഴിഞ്ഞുപോയി. ഈ നീക്കം പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അഫ്സ്പ നിയമം പിന്‍വലിക്കല്‍ എന്ന ഇവരുടെ മറ്റൊരു സുപ്രധാന ആവശ്യം ഇന്നും സാക്ഷാത്കരിക്കപ്പെടാതെ തുടരുന്നു.

‘കലാപകാരികളായ’ വംശീയമായി മാറ്റിനിര്‍ത്തപ്പെട്ട പൗരന്മാരും സ്ത്രീ എന്ന ബിംബവും

സംഘര്‍ഷബാധിതമേഖലകളെന്നു പൊതുവേ കരുതപ്പെടുന്ന, ഇന്ത്യയുടെ അതിര്‍ത്തിസംസ്ഥാനങ്ങളില്‍ ചുമത്തിയ നിയമമാണ് അഫ്സ്പ. ഈ നിയമത്തിന്‍റെ പ്രയോഗം അഫ്സ്പ നടപ്പില്‍ ചുമത്തപ്പെട്ട സംസ്ഥാനങ്ങളും ഇന്ത്യന്‍ഭരണകൂടവും തമ്മിലുള്ള വംശീയ തലത്തിലൂന്നിയ ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയാണ്. 2017ല്‍ ഛത്തീസ്ഗഡ് അഫ്സ്പ നടപ്പില്‍ വരുത്താനുള്ള തീരുമാനം കനത്ത പ്രക്ഷോഭങ്ങള്‍ക്കു വഴി വെച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ മണിപ്പൂര്‍ ജനത സാകൂതം വീക്ഷിചിരുന്നുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മണിപ്പൂര്‍ എന്നും ഇന്ത്യയെന്ന രാഷ്ട്രസങ്കല്‍പ്പത്തിന്‍റെ വെളിയിലാണെന്ന കാലാകാലങ്ങളായുള്ള ചിന്താഗതിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഈ സംഭവങ്ങള്‍ ഉപകരിച്ചുള്ളൂ. സ്വജനതക്കെതിരെ അഫ്സ്പ പ്രയോഗിച്ചുകൂടാ എന്ന മധ്യ ഇന്ത്യയിലെ ഉറച്ച ശബ്ദങ്ങള്‍ മണിപ്പൂരിലെ പൗരന്മാരുടെ കാര്യത്തില്‍ വ്യത്യസ്ത ചോദ്യങ്ങളാണുയര്‍ത്തുന്നത്. ഥംഗ്ജം മനോരമ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അപകടകാരിയായ ഒരു പ്രവര്‍ത്തകയാണെന്നും മണിപ്പൂരിലെ പല ബോംബ് സ്ഫോടനങ്ങള്‍ക്കും പിന്നില്‍ അവര്‍ക്കു പങ്കുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. പക്ഷേ നിയമാതീതമായ ഇടപെടലുകള്‍ തീര്‍ത്തും സാധാരണമായ ഒരിടത്ത് യാഥാര്‍ത്ഥ്യം പലപ്പോഴും കിംവദന്തികളായും അസത്യങ്ങള്‍ ഔദ്യോഗികതലത്തില്‍ നിന്നുള്ള വിശദീകരണങ്ങളുമാകുന്നു. മനോരമയ്ക്കെതിരെ പോലീസില്‍ ഒരു പരാതിയുമുണ്ടായിരുന്നില്ല, അതിനാല്‍ അവര്‍ ജീവിച്ചിരുന്ന സമയത്ത് ഒരു കോടതിയിലും നിരപരാധിയെന്നോ കുറ്റവാളിയെന്നോ തെളിയിക്കാനുള്ള ഒരവസരവും അവര്‍ക്കുണ്ടായിരുന്നില്ല. ബുള്ളറ്റുകള്‍ തറഞ്ഞുകയറിയ നിലയിലാണ് അവരുടെ മൃതദേഹം യൈരിപൊക് മരിംഗ് ഗ്രാമത്തില്‍ നിന്നും കണ്ടെടുത്തത്. മനോരമയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ ഒരു നോ ക്ലെയിംസ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കിയതായി ആസാം റൈഫിള്‍സ് വാദിക്കുന്നു. അതിലെ ഒരു പ്രസക്തഭാഗം താഴെകൊടുക്കുന്നു.

ആസാം റൈഫിള്‍സ് സൈനികര്‍ മനോരമയെ സ്വന്തം വീട്ടില്‍ നിന്ന് ജൂലൈ 2004നു വെളുപ്പിന് 3.30ന് അറസ്റ്റ് ചെയ്യുകയും കുടുംബാംങ്ങളുടെ സാന്നിദ്ധ്യത്തില്‍ വീടു പരിശോധിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് സൈനികരോട് യാതൊരു പരാതികളുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെ സ്ത്രീകളോട് യാതൊരുവിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും വീട്ടിലെ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.
2004 ജൂലൈ 10, 11 തീയതികളില്‍ ഇതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ സത്യാവസ്ഥ മനസിലാക്കുന്നതിന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ തെളിവ് എന്നരീതിയിലും അതില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ അതിന്‍റെ പൂര്‍ണവിശ്വസ്തതയിലും സ്വീകരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ജൂലൈ 12ന് കുടുംബാംഗങ്ങളും പ്രദേശവാസികളും നല്‍കിയ നിവേദനത്തില്‍ ഈ സര്‍ട്ടിഫിക്കറ്റ് തോക്കിന്‍മുനയില്‍ നിര്‍ത്തി ഒപ്പിട്ടുവാങ്ങിച്ചതാണെന്നാരോപിക്കുന്നു. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റില്‍ പ്രതിപാദിക്കുന്ന ‘സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല’ എന്ന ഭാഗം അത്തരമൊരു സാധ്യതയിലേക്ക്, ഈയവസരത്തില്‍ മാത്രമല്ല പൊതുവില്‍ ഈ രീതിയിലുണ്ടായേക്കാവുന്ന, അഫ്സ്പയുടെ പരിധിയില്‍ വെച്ച് കുറ്റവിമുക്തമാക്കപ്പെടാന്‍ അധികാരമുള്ള ഒട്ടനവധി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. കസ്റ്റഡിയിലിരിക്കുന്ന സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളുടെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റില്‍ പ്രതിപാദിച്ച രീതിയിലുള്ള അവകാശവാദങ്ങള്‍ തികച്ചും അവിശ്വസനീയമെന്നേ പറയാനാവൂ. കുറ്റവാളികള്‍ക്ക് എല്ലാ തരത്തിലുമുള്ള നിയമപരിരക്ഷയും ഇളവുകളും ലഭിക്കുന്ന ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ എത്രത്തോളം അക്രമങ്ങള്‍ സാധ്യമാനെന്നുള്ള കണക്ക് ഊഹിക്കാവുന്നതല്ല. 2020 ജൂണ്‍ 27ന് പ്രസിദ്ധീകരിച്ച ഒരു പത്രറിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ മാത്രം ഇന്ത്യയില്‍ നടന്ന കസ്റ്റഡി മരണങ്ങളുടെ എണ്ണം 1731 ആണ്. പ്രതിപാദ്യമായ കേസ് പോലീസ് കസ്റ്റഡിയിലല്ല, മറിച്ചു സൈന്യത്തിന്‍റെ കസ്റ്റഡിയിലാണെങ്കില്‍ പോലും 2013 ഇല്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു പൊതുതാത്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മണിപ്പൂരില്‍ 1,528 പേര്‍ അഫ്സ്പയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ മരണങ്ങളെ കസ്റ്റഡി മരണങ്ങള്‍ അല്ലെങ്കില്‍ മനോരമയുടെ കാര്യത്തില്‍ സംഭവിച്ചതുപോലുള്ള വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിങ്ങനെ തരം തിരിക്കാം.

വംശീയമായി വിവേചിക്കപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട, മുഖ്യധാരയില്‍ അസാധാരണരെന്നു മുദ്രകുത്തപെട്ട സ്ത്രീകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്വാഭിമാനം കുറഞ്ഞവരെന്നും അതിനാല്‍ തന്നെ എളുപ്പം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കാന്‍ കഴിയുന്നവരാണെന്നുമുള്ള വളരെ വിവേചനപൂര്‍വമായ ചിന്താഗതി നിലനില്‍ക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്കുമേല്‍ നടത്തപ്പെടുന്ന ലൈംഗികാതിക്രമങ്ങള്‍ പൊതുവേ അതിക്രമമായി കണക്കാക്കപ്പെടാറില്ല. ലൈംഗികാതിക്രമങ്ങള്‍ പൊതുവേ തന്നെ ശരീരത്തിന്‍റെ മേലുള്ള അതിക്രമം എന്നതിലുപരി പ്രതിനിധാനം ചെയ്യപ്പെടുന്നത് അഭിമാനം, അന്തസ്സ് എന്നിങ്ങനെയുള്ള തലങ്ങളിലാണ്. അതിനാല്‍തന്നെ എന്താണിവിടെയുള്ള മോശം പെരുമാറ്റം? മനോരമയുടെ സഹോദരന്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മനോരമയുടെ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു, മുഖത്ത് വെള്ളം ഒഴിക്കപ്പെട്ടിരുന്നു, വസ്ത്രം അഴിപ്പിക്കെപ്പെട്ട നിലയിലായിരുന്നു (കൈകള്‍ കൊണ്ട് സ്വന്തം ഫനിക് അവര്‍ മുറുക്കിപ്പിടിച്ചിരുന്നു), മുഖം വീങ്ങിയിരുന്നു, സൈനികരുടെ സാന്നിദ്ധ്യത്തില്‍ തന്നെ വസ്ത്രം മാറാനും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനും അവര്‍ നിര്‍ബന്ധിതയാക്കപ്പെട്ടിരുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും തന്നെ മോശം പെരുമാറ്റം, പ്രത്യേകിച്ച് ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുന്നില്ല, വിശേഷിച്ച് അപകടകാരിയായ തീവ്രവാദിയെന്ന് കണക്കാക്കപ്പെട്ട ഒരു സ്ത്രീയുടെ കാര്യത്തില്‍. മനോരമയ്ക്കു നേരെയുള്ള ഈ ആരോപണം കേസിനു പ്രധാനമാവേണ്ടതില്ലെങ്കിലും, അവരുടെ മരണശേഷം പ്രചരിക്കപ്പെട്ട ഇത്തരത്തിലുള്ള കിംവദന്തികള്‍ ഈ വിഷയത്തിന്മേല്‍ എഴുതപ്പെട്ട ഒട്ടേറെ ലേഖനങ്ങളിലും വാര്‍ത്തകളിലും ഇടം പിടിച്ചുവെന്നത് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട മനോരമ എന്ന പ്രതീകത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം മാറ്റാനും മുഖ്യധാരാ മാധ്യമങ്ങളില്‍ എന്തുവിലകൊടുത്തും ഉന്മൂലനം ചെയ്യേണ്ട ഒരു കലാപകാരിയായി മനോരമയെ ചിത്രീകരിക്കാനും ഇത്തരം ഊഹാപോഹങ്ങള്‍ക്കുള്ള ശക്തിയെ സൂചിപ്പിക്കുന്നതാണ്. സുരക്ഷാഉദ്യോഗസ്ഥര്‍ മറ്റൊരു വിധ തെളിവും നല്‍കാതെ ഈ ഭാഷ്യത്തില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. ‘ആസാം റൈഫിള്‍സിന്‍റെ വാദങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു സിംഗപ്പൂര്‍ നിര്‍മിത കെന്‍വുഡ് റേഡിയോസെറ്റും ഒരു ചൈനീസ് നിര്‍മിത ഫ്രാഗ്മെന്‍റെഷന്‍ ടൈപ്പ് ഹാന്‍ഡ് ഗ്രനേഡും മനോരമയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്’ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. പക്ഷെ മനോരമയുടെ സഹോദരന്‍ ദോളെന്ദ്ര സിംഗ് ഈ ആരോപണങ്ങളെ തള്ളിക്കളയുന്നു. വീട്ടില്‍ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ല എന്നാണ് മനോരമയുടെ സഹോദരന്‍ തറപ്പിച്ചു പറയുന്നത്. മരണശേഷമുള്ള കള്ളത്തെളിവുണ്ടാക്കല്‍ പതിവായി നടന്നുവരുന്ന ഒരു രീതിയാണ്.
ഒളിവ് ആരോപണവും അറസ്റ്റും: നടപടിക്രമങ്ങളിലെ വീഴ്ച്ചകള്‍
അഫ്സ്പ നിയമത്തിന്‍റെ പ്രശ്നവശങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ ദൃഷ്ടിയില്‍ നിന്നു കൊണ്ടുമാത്രം മനസിലാക്കാന്‍ സാധിക്കുന്നതല്ല, മറിച്ച് അഫ്സ്പയുടെ അനുരണനങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങളാണുണ്ടാക്കുന്നത്. അഫ്സ്പയില്‍ അനുവദനീയമായ ശിക്ഷാ ഇളവുകളും മറ്റും സൈന്യത്തിന്‍റേതു മാത്രമല്ല, മറിച്ചു സൈന്യം കൂടെക്കൂടെ യോജിച്ചു പ്രവര്‍ത്തിക്കുന്ന പോലീസിന്‍റെയും പ്രവൃത്തികളെ സ്വാധീനിക്കത്തക്ക ശക്തിയുള്ളതാണ്. ഇത്തരത്തിലുള്ള ശിക്ഷാ ഇളവുകളും അനുബന്ധസംരക്ഷണങ്ങളും മറ്റും നടപടിക്രമങ്ങളിലുണ്ടാവുന്ന വീഴ്ചകള്‍ ഈ നിയമത്തിന്‍റെ അവിഭാജ്യഘടകമാക്കുന്നതില്‍ കാരണഹേതുവാണ്. ഈ കേസിന്‍റെ വിധിയില്‍ ഗുവാഹാട്ടി ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി. ബിശ്വാസ് ഇപ്രകാരം നിരീക്ഷിക്കുന്നു.

വനിതാ കോണ്‍സ്റ്റബിളിന്‍റെ അസാന്നിധ്യത്തിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാണ്. റെയ്ഡ് സമയത്ത് വീട് കെട്ടിയടച്ചിരുന്നുവെങ്കിലും പോലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ട് വനിതാകോണ്‍സ്റ്റബിളിന്‍റെ സേവനം ലഭ്യമാക്കിയില്ല; അറസ്റ്റ്ചെയ്ത വ്യക്തിയെ ഉടനടി തന്നെ ഏറ്റവുമടുത്ത പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയില്ല; അറസ്റ്റിനുശേഷം ചോദ്യംചെയ്യലിനു വിധേയയാക്കുകയും മറ്റൊരു വനിതാ പ്രവര്‍ത്തകയെ കണ്ടെത്തുന്നതിനെന്ന പേരില്‍ പല പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുകയും ചെയ്തു. അറസ്റ്റ് സമയത്ത് കുമാരി ഥംഗ്ജം മനോരമദേവിക്കെതിരെ ഒരു എഫ്.ഐ.ആര്‍ പോലും നിലവിലുണ്ടായിരുന്നില്ല.
കസ്റ്റഡിയിലിരിക്കെ മനോരമയുടെ കൈകള്‍ കൂട്ടിക്കെട്ടിയിരുന്നുവെന്നതിന്‍റെ സമ്മതവും അറസ്റ്റ് സമയത്ത് മനോരമ ഒരു ഫനിക് ആണ് ധരിച്ചിരുന്നത് എന്ന കുടുംബാംഗങ്ങളുടെ മൊഴിയും രക്ഷപ്പെടാന്‍ ശ്രമിച്ച മനോരമയ്ക്കുനേരെ വെടിയുതിര്‍ക്കുകയാണുണ്ടായത് എന്ന ആസാം റൈഫിള്‍സ് ഭാഷ്യത്തിനു വിപരീതമാണ്. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങള്‍ – ജനനേന്ദ്രിയത്തിലടക്കം ആറു വെടിയുണ്ടകള്‍ ശരീരത്തിലുണ്ടായിരുന്നിട്ടും മൃതശരീരം കിടന്ന സ്ഥലത്ത് ചോരപ്പാടുകള്‍ ഇല്ലാതിരുന്നത്, ശരീരത്തില്‍ പീഡനം നടന്ന പാടുകള്‍, ഫനികില്‍ ഉണ്ടായിരുന്ന ശുക്ലത്തിന്‍റെ അംശം ഇവയൊക്കെ സൂചിപ്പിക്കുന്നത് നടപടികളില്‍ സംഭവിക്കുന്ന ബോധപൂര്‍വമായ വീഴ്ചകള്‍ ഈ നിയമത്തിന്‍റെ അന്തസ്സത്തയാണെന്നതും അതോടൊപ്പം തന്നെ നിരപരാധിത്വം തെളിയിക്കുന്നിടം വരെ സംഘര്‍ഷബാധിതമേഖലകളില്‍ അധിവസിക്കുന്ന പൗരന്മാര്‍ ഓരോരുത്തരും കലാപകാരികളായി കണക്കാക്കപ്പെടുന്നു എന്നുമുള്ള യാഥാര്‍ത്ഥ്യമാണ്. നടപടികളില്‍ വരുത്തുന്ന വീഴ്ചകള്‍ ഇതിനാല്‍ത്തന്നെ ഈ നിയമത്തിന്‍റെ പൊതുപശ്ചാത്തലത്തില്‍ ചേര്‍ത്തുവായിക്കേണ്ടതാണ്.

സൈനികവൃത്തങ്ങളുടെ തെഹല്‍ക്കയോടുള്ള വെളിപ്പെടുത്തലനുസരിച്ച് മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന ആസാം റൈഫിള്‍സ് ബറ്റാലിയനുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ മേലധികാരികള്‍ക്ക് വേഗത്തില്‍ ഫലം നല്‍കുവാനും, അതിനാല്‍ തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ (body count) നില്കാനും നിര്‍ബന്ധിതരാണ്. ബറ്റാലിയനുകള്‍ താന്താങ്ങളുടെ അധികാരപരിധി ലംഘിച്ച്, ഒരു പ്രദേശത്തുനിന്നുള്ള നിരപരാധികളായ വ്യക്തികളെ അറസ്റ്റ് ചെയ്ത് അവരെ മറ്റൊരു സ്ഥലത്തുള്ള സംശയാസ്പദമായ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് അലിഖിതനിയമമായി മാറിക്കൊണ്ടിരിക്കുന്നു.

മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടിന്‍റെ ഭാഗം കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു. എന്താണ് വേഗത്തിലുള്ള ഫലപ്രാപ്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്? കൂടുതല്‍ മൃതദേഹങ്ങള്‍ എന്നത് വേഗത്തിലുള്ള ഫലപ്രാപ്തിയുടെ തെളിവാണോ? ഇപ്രകാരം കൊല്ലപ്പെടുന്ന വ്യക്തികളുടെ മൃതദേഹങ്ങളിലുള്ള പാടുകള്‍ സായുധകലാപത്തിനെതിരെയുള്ള കടുത്ത പ്രതിരോധത്തിന്‍റെ തെളിവുകളാണോ? ‘സംഘര്‍ഷബാധിത’ മേഖലയില്‍ ജീവിക്കുന്ന പൗരന്‍ എന്ന സങ്കല്‍പ്പത്തിന്‍റെ നിര്‍മിതിയില്‍ ഇവയൊക്കെ എന്തു പങ്കാണ് വഹിക്കുന്നത്? മറിച്ചു തെളിയിക്കുന്നിടത്തോളം കാലം എല്ലാ മണിപ്പൂരികളും കലാപകാരികളാണോ?

മുകളില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ അഫ്സ്പ ഇതേ രീതിയില്‍ത്തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒട്ടേറെ പ്രവൃത്തികളുടെ ഒരു ഭാഗം മാത്രമാണെന്നുള്ള വസ്തുത സംശയലേശമേന്യേ ഉറപ്പിക്കുന്നു. അഫ്സ്പ പ്രകാരം സുരക്ഷാ സൈന്യത്തിന് ഏതു പ്രദേശവും മുന്‍കൂര്‍ വാറന്‍റ് ഇല്ലാതെ തിരച്ചില്‍ നടത്താനും സംശയാസ്പദമായി ആരെ വേണമെങ്കിലും തടങ്കലില്‍ വെയ്ക്കാനും വാറന്‍റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും പ്രത്യാഘാത ഭീതിയില്ലാതെ കൊല്ലാനുമുള്ള അധികാരമുണ്ട്). കുഴപ്പക്കാരായ, സംശയദൃഷ്ടിയോടെ കൈകാര്യം ചെയ്യേണ്ട, നേരിടാന്‍ അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഏറ്റവും ആവശ്യമായി വരുന്ന ഒരു ജനതയുടെ വാര്‍പ്പുമാതൃകയുടെ നിര്‍മ്മിതിയും ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്. ഇതിലേക്കുള്ള അറസ്റ്റ് മെമ്മോ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ ഒരു വികസിതരൂപമാണ്. മനോരമയുടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്‍റെ കാരണക്കാര്‍ അവിടെ വിന്യസിക്കപ്പെട്ട അര്‍ദ്ധസൈനിക വിഭാഗമാണെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിച്ചു എന്നതൊഴിച്ചാല്‍ മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ കൊണ്ട് ഈ കേസിനു സഹായകമായിത്തീര്‍ന്നില്ല. സമ്പൂര്‍ണാധികാരവും തല്‍ഫലമായി ലഭിക്കുന്ന ശിക്ഷാ ഇളവുകളും മേല്‍ക്കോയ്മ നേടുമ്പോള്‍ ഇങ്ങനെയുള്ള ഇടപെടലുകള്‍ കേവലം ചടങ്ങുകള്‍ മാത്രമായൊതുങ്ങുന്നു .

മാറ്റിയെഴുതപ്പെടുന്ന വിധിന്യായങ്ങളും നീതിയുടെ വിഷമസ്ഥിതിയും
ഈ കേസുമായി ബന്ധപ്പെട്ട പ്രത്യേകതകളിലൊന്ന് ഭരണകൂടം തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു വിഷയത്തില്‍ നീതിക്കുവേണ്ടി അതേ ഭരണകൂടത്തെത്തന്നെ സമീപിക്കേണ്ടിവരുന്നതിലെ വൈരുദ്ധ്യതയാണ്. മണിപ്പൂര്‍ ഗവണ്മെന്‍റ് രൂപീകരിച്ച അന്വേഷണകമീഷന്‍ പോലീസ് ഡിജിപിയോട് കമീഷനു മുന്നില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയ സൈനികോദ്യോഗസ്ഥര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെ ആസാം റൈഫിള്‍സ് ഉന്നയിക്കുന്നത് തങ്ങള്‍ അഫ്സ്പയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അഫ്സ്പ സെക്ഷന്‍ 6 പ്രകാരം കേന്ദ്രഗവണ്‍മെന്‍റിന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന ആര്‍ക്കെതിരെയും ഒരു തരത്തിലുമുള്ള കേസോ വിചാരണയോ മറ്റ് നിയമ നടപടികളോ പാടില്ല എന്നുള്ളതാണ്.

ഈ വകുപ്പ് പ്രകാരം കമീഷന്‍റെ ഉത്തരവ് നിയമസാധുതയില്ലാത്തതാണെന്നാണ് ആസാം റൈഫിള്‍സ് ഉന്നയിക്കുന്ന വാദം. ഒരു ഭാഗത്ത് സൈനികകോടതി അന്വേഷിക്കുന്ന ഒരു വിഷയത്തിനെ അധികരിച്ചു നിയമിക്കപ്പെട്ട അന്വേഷണകമീഷന്‍ അനാവശ്യമാണെന്നാണ് ആസാം റൈഫിള്‍സ് കൌണ്‍സല്‍ പിന്തുടരുന്ന വാദം. മറുപക്ഷത്ത് പൊതു ക്രമസമാധാനം ഒരു സംസ്ഥാനവിഷയം ആയതിനാല്‍ കമീഷന്‍റെ നിയമനം സംസ്ഥാനഭരണകൂടത്തിന്‍റെ അധികാരപരിധിയില്‍ വരുന്നതാണെന്നാണ് മണിപ്പൂര്‍ ഗവണ്മെന്‍റ് വാദിക്കുന്നത്. സ്റ്റേറ്റ് ഗവണ്‍മെന്‍റ് ക്രമസമാധാനപാലനം എന്ന വാദത്തില്‍ ഊന്നുമ്പോഴും മനോരമ കേസ് ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെ, അമ്മമാരുടെ നഗ്നരായുള്ള പ്രതിഷേധവും പെബാം ചിത്തരഞ്ജന്‍ എന്ന യുവവിദ്യാര്‍ഥിയുടെ പ്രതിഷേധസൂചകമായ ആത്മാഹുതിയുമടക്കമുള്ള ഒട്ടനവധി പ്രതിഷേധപ്രകടനങ്ങളുടെ ധര്‍മം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഇതിനോടനുബന്ധിച്ചുതന്നെ മനസിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്നത് മണിപ്പൂര്‍ ജനത ഇത്രത്തോളം രോഷപ്രകടനം നടത്തിയിരുന്നില്ലെങ്കില്‍, മനോരമയുടെ മൃതശരീരത്തിലെ പാടുകള്‍ അവര്‍ നേരിടേണ്ടിവന്ന കഠിനമായ പീഡനത്തിന്‍റെ തെളിവായി മാറി ഈ കേസിനിത്രത്തോളം ശ്രദ്ധ ലഭിച്ചില്ലായിരുന്നെങ്കില്‍, ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷപ്രകടനങ്ങളും ഇല്ലാതിരുന്നെങ്കില്‍, മണിപ്പൂര്‍ ഭരണകൂടം ഉന്നയിച്ച ക്രമസമാധാനപാലനമെന്ന വാദമുഖം തങ്ങളുടെ അധികാരപ്രയോഗത്തിനുള്ള അവകാശത്തിന്‍റെ ഒരുപാധി ആവുമായിരുന്നില്ല. അന്തിമമായി ഈ പെറ്റീഷന്‍റെ വിധിന്യായം, വിശേഷിച്ച് ആസാം റൈഫിള്‍സ് ചെയ്തുകൂട്ടിയ അതിക്രമങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളുടെ വെളിച്ചത്തില്‍, കേന്ദ്രഗവണ്‍മെന്‍റിന്‍റെ അധികാരം ഉയര്‍ത്തിപ്പിടിച്ചു സംസ്ഥാന ഭരണകൂടത്തിന്‍റെ അധികാരത്തെ നിരസിക്കുന്നു.

സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും നീതിക്കുവേണ്ടി പോലീസിനെയും നീതിന്യായസംവിധാനത്തെയും സമീപിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന സമയനഷ്ടം(bureaucratic time), ഇത്തരം പ്രക്രിയകളില്‍ ചിട്ടയായി നടന്നുവരുന്ന കാലതാമസം, ലൈംഗികാതിക്രമക്കേസുകള്‍ അംഗീകരിക്കാനോ അതിനുവേണ്ടി യഥാക്രമം തുടര്‍നടപടികള്‍ കൈക്കൊള്ളാനുമുളള വിമുഖത നീതിക്കുവേണ്ടിയുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിക്കുന്നു. അഫ്സ്പയുടെ പരിധിയില്‍ സ്ത്രീകള്‍ക്കു പ്രത്യേകമായുള്ള അടിച്ചമര്‍ത്തല്‍ എടുത്തുപറയേണ്ട വിധം തീവ്രമാണ്. അഫ്സ്പ എത്രയുംവേഗം പിന്‍വലിക്കണമെന്ന രാഷ്ട്രീയപരമായ ആവശ്യകത രാജ്യമെമ്പാടുമുള്ള ഫെമിനിസ്റ്റ് വൃത്തങ്ങളില്‍ ഉയരാത്തത് രാഷ്ട്രസങ്കല്‍പ്പം എന്നത് എത്രത്തോളം പരിമിതമാണെന്നും രാജ്യസുരക്ഷയ്ക്ക് ഏറ്റവും ആവശ്യമെന്ന രീതിയില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ക്ക് എത്രത്തോളം പൊതുജന സമക്ഷത്ത് നിശബ്ദ സമ്മതമുണ്ടെന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ വിധിയില്‍ നിന്നും വായിച്ചെടുക്കാവുന്ന ഒരു പ്രധാനവസ്തുത ഈ നിയമത്തിന്‍റെ അന്തസ്സത്ത തന്നെ എത്രത്തോളം നീതിക്ക് തടസ്സം നില്‍ക്കുന്ന ഒന്നാണെന്നാണ്. അഫ്സ്പ നടപ്പിലാക്കപ്പെടുന്ന ‘സംഘര്‍ഷബാധിതമേഖലകളിലെ’ ജനങ്ങള്‍ക്ക് ഈ നിയമം എന്നത് ഇതിന്‍ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്കുള്ള സര്‍വ സ്വാതന്ത്ര്യവും അനുബന്ധ ശിക്ഷാ ഇളവുകളാണ്. സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ അധിവസിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു ജനതയെ നിരോധിത സംഘടനകളിലെ അംഗങ്ങളെന്നാരോപിക്കുന്ന രീതിയിലുള്ള മുന്‍വിധികള്‍ അസ്വീകാര്യമാണ്. കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ മുറിവേല്‍ക്കുന്നത് പൗരാവകാശങ്ങള്‍ക്കാണ്. അഫ്സ്പയ്ക്ക് ലഭിച്ചിരിക്കുന്ന നിയമപരിരക്ഷ അര്‍ത്ഥമാക്കുന്നത് പൗരന്മാരുടെ, ഈ പ്രത്യേക പശ്ചാത്തലത്തില്‍ സാധാരണയിലും കുറഞ്ഞവരെന്നും (lesser citizen) രണ്ടാംതരം പൗരന്‍മാരെന്നും കണക്കാക്കപ്പെടുന്ന പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തിയ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമാണ്.

 

ഹരിപ്രിയ സോയ്ബം
ബെല്‍ജിയം ഖെന്‍റ് സര്‍വ്വകലാശാലയില്‍ കോണ്‍ഫ്ളിക്റ്റ് &ഡവലപ്മെന്‍റ് സ്റ്റഡീസില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ

 

 

വിവര്‍ത്തനം :
ഹെയ്‌ദി സാന്ത് മറിയം  : ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ ഗവേഷകവിദ്യാർത്ഥിനിയാണ്. 1959ലെ വിമോചനസമരത്തിന്‍റെ സാമൂഹികരാഷ്ട്രീയതലങ്ങളിൽ പി.എച്ച്.ഡി ചെയ്യുന്ന ഹെയ്ദി അനവധി കോൺഫറൻസുകളിൽ ഈ വിഷയത്തെ അധിഷ്ഠിതമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

 

COMMENTS

COMMENT WITH EMAIL: 0