Homeചർച്ചാവിഷയം

സ്കൂള്‍ വിദ്യാഭ്യാസവും പുനര്‍നിര്‍മ്മിക്കപ്പെടുന്ന ലിംഗ-അസമത്വവും

ന്‍ഡര്‍ എന്നത് തികച്ചും ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്.ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസമാണ് ലൈംഗികതയെ നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീലിംഗവും പുരുഷലിംഗവും തമ്മിലുള്ള സാമൂഹികമായി ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യാസങ്ങളെയാണ് ലിംഗഭേദം അഥവാ ജന്‍ഡര്‍. സമൂഹം ഓരോ ജന്‍ഡറില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രത്യേക ജീവിതരീതികളും പെരുമാറ്റചട്ടങ്ങളും ആണ് ഓരോ ജന്‍ഡറിനെയും വ്യത്യസ്തമാക്കുന്നത്. എന്ന് മാത്രമല്ല ആ രീതികള്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതിനു സമൂഹം അതിന്‍റെതായ സാമൂഹികരീതികളും അവലംബിച്ചു പോരുന്നു. പൂര്‍ണമായ അര്‍ത്ഥത്തില്‍ മറ്റൊരു പദം മലയാളത്തില്‍ ലഭ്യമല്ലാത്തതിനാലും ‘ജന്‍ഡര്‍’ എന്ന പദം ആണ് ഈ പ്രബന്ധത്തിലുടനീളം ഉപയോഗിച്ചിട്ടുള്ളത്.
സമൂഹം അംഗീകരിച്ച രീതിയില്‍ ഓരോ ജന്‍ഡറും തുടര്‍ന്നു കൊണ്ട് പോകുന്നതിനു ഏറ്റവും സൗകര്യപ്രദമായ ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളും കുടുംബങ്ങളും മാധ്യമങ്ങളും തുടങ്ങിയവ. ഈ രീതികളെ ജനിച്ചു വീഴുന്ന കുഞ്ഞുവരെ എത്രയോ എളുപ്പത്തില്‍ ആണ് സ്വായത്തമാക്കുന്നത് . ഇവിടെയാണ് വിദ്യാലയങ്ങള്‍ , കുടുംബം, ,മാതാപിതാക്കള്‍ തുടങ്ങിയവയുടെ പ്രാധാന്യം. ഓരോ കുട്ടിക്കും പ്രായം കൂടുന്തോറും ഈ അറിവ് ദൃഢമായി കൊണ്ടിരിക്കുന്നു. ആ കുട്ടിയുടെ ചുറ്റിനുമുള്ള മുഴുവന്‍ വ്യക്തികള്‍ക്ക് ഇതില്‍ തുല്യ ഉത്തരവാദിത്വം ഉണ്ട് . ഒരേ പ്രായത്തിലുള്ള സൗഹൃദങ്ങളിലും ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഇടങ്ങളിലും സാമൂഹ്യ നിര്‍മ്മിതിയുടെ ഈ നേര്‍കാഴ്ച കാണാം . ഗവേഷണത്തില്‍ ബാരി തോണ്‍ (1993) കണ്ടെത്തിയതുപോലെ, സമപ്രായക്കാരില്‍ നിന്നാണ് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും സാമൂഹികവല്‍ക്കരണം പ്രോത്സാഹിപ്പിക്കപ്പെടുന്നത് . ഇത്തരം പഠനങ്ങളെ ആധാരമാക്കിക്കൊണ്ടു ഈ പ്രബന്ധം ചര്‍ച്ച ചെയുന്നത് വിദ്യാലയങ്ങള്‍ എങ്ങനെയാണ് ലിംഗപരമായ വ്യത്യാസങ്ങള്‍ പുനരുല്പാദിക്കുന്നത് എന്നതാണ്.
ഒരു കുട്ടിയുടെ സാമൂഹികത നിര്‍മിക്കുന്നതില്‍, കുടുംബം കഴിഞ്ഞാല്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് വിദ്യാലയം തന്നെയാണ്. ആധുനികസമൂഹത്തില്‍ സംസ്കാരം നിലനിര്‍ത്തുന്നതിനുമുള്ള പ്രധാന സ്ഥാപനമാണ് സ്കൂളുകള്‍. അവ അതിജീവനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും അറിവും മൂല്യങ്ങളും ഭാവി തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഫലത്തില്‍, നമ്മുടെ സംസ്കാരത്തിന്‍റെ തുടര്‍ച്ചയും അനുഭവവും സ്കൂള്‍ നമുക്ക് നല്‍കുന്നു; ഒരു സമൂഹത്തിന്‍റെ മൂല്യങ്ങളും വിശ്വാസങ്ങളും മാനദണ്ഡങ്ങളും പരിപാലിക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നത് അവയെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് മാത്രമല്ല, മറിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തന്നെ സംസ്കാരത്തിന്‍റെ ഈ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണ്.
ഓരോ സ്കൂളിനും അവരുടേതായ ജന്‍ഡര്‍രീതികളും മാനങ്ങളുമുണ്ട്. ഈ രീതികള്‍ തീരുമാനിക്കുന്നത് ഒരു പക്ഷെ അവരുടെ സ്കൂള്‍ അധികാരികളോ, മതമോ , അതുമല്ലെങ്കില്‍ മറ്റേതെങ്കിലും നിയന്ത്രണ മേഖലകളോ ആകാം. അതില്‍ വ്യക്തികള്‍, നിയമങ്ങള്‍, ദിനചര്യകള്‍, പ്രത്യേക സമ്പ്രദായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജന്‍ഡര്‍ വേര്‍തിരിച്ചുള്ള സ്കൂള്‍ വിദ്യാഭ്യാസ പ്രക്രിയ മാത്രം അല്ല, യൂണിഫോം, പാഠ്യ പദ്ധതി , ഓരോ ജന്‍ഡറിനും ആവശ്യമായ വ്യത്യസ്തമായ പെരുമാറ്റം എന്നിവയും ഈ പറഞ്ഞ അധികാരികളുടെ പ്രതീക്ഷക്കു അനുസരിച്ചു നടപ്പാക്കപ്പെടുന്നു (ബാര്‍ട്ട്ലെറ്റും ബസ്റ്റണും, 2007).
ജന്‍ഡര്‍രീതികളുടെ പുനരുല്പാദനം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. ജന്‍ഡര്‍ നോക്കിയുള്ള നിറം തീരുമാനിക്കുന്നതു മുതല്‍ തുടങ്ങുന്നു ‘സാമൂഹിക ജന്‍ഡര്‍ പുനരുല്പാദനം’ എങ്കില്‍, കേരളത്തില്‍ വിദ്യാലയങ്ങളില്‍ ഇത് അറ്റന്‍റന്‍സ് രജിസ്റ്റര്‍ മുതല്‍ ആണ് കാണാന്‍ കഴിയുക. കാലാകാലങ്ങളായി പിന്തുടരുന്ന രീതിയാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ജന്‍ഡര്‍ അനുസരിച്ചു കുട്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇനിയും കാണാന്‍ കഴിയും ഈ രീതിയുള്ള വേര്‍തിരിവ്. ഇത് കുട്ടികളില്‍ തന്നെ അറിയാതെയോ അറിഞ്ഞോ നമ്മള്‍ പറഞ്ഞു കൊടുക്കുന്നത് വ്യത്യസ്ത ജന്‍ഡറുകള്‍ ഇടപഴകാന്‍ പാടുള്ളതല്ല എന്ന്.
ഈ വേര്‍തിരിവ് തുടര്‍ന്നങ്ങോട്ടുള്ള ക്ലാസ്റൂമിലെ ഓരോ രീതികളിലും പ്രതിഫലിക്കുന്നുണ്ട്. സീറ്റിങ് മുതല്‍ സ്കൂളിലെ ഓരോ കാര്യങ്ങളില്‍ കുട്ടികള്‍ അറിയാതെ തന്നെ ഒരേ ജന്‍ഡര്‍ ഇടങ്ങളിലേക്ക് ഒതുങ്ങുന്നു. ഈ പ്രവണത പിന്നീടങ്ങോട്ടുള്ള ഉയര്‍ന്ന ക്ലാസ്സുകളിലും കാണാന്‍ കഴിയുന്നു എന്നതാണ് വാസ്തവം. ഇന്ന് കുട്ടികളുടെ ഇടയില്‍ ജന്‍ഡര്‍ വ്യത്യാസമില്ലാതെ ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ട് എന്ന് പറയുമ്പോഴും, ആണ്‍കുട്ടികളുടെ ഇടയിലേക്ക് പെണ്‍കുട്ടിക്ക് കടന്നു ചെല്ലുവാന്‍ സാധിക്കുന്നുണ്ടോ ? ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന ആണ്‍കുട്ടികളെ കളിയാക്കുന്ന പ്രവണത സര്‍വസാധാരണമാണ്. ഈ രീതിയിലുള്ള വ്യത്യസ്ത പെരുമാറ്റം, അതായതു സമൂഹം നിഷ്കര്‍ഷിക്കുന്ന രീതിക്കു എതിരായുള്ള ഓരോ ചുവടുവെപ്പുകളും മനസിലാക്കാനും അംഗീകരിക്കാനും സാധിക്കാത്തത് ഈ വിവേചനം തന്നെയാണെന്ന് നിസ്സംശയം പറയാം.
ക്ലാസ്റൂമിന് അകത്തു മാത്രമല്ല, അനൗപചാരികമായ പരിപാടികളിലും കുട്ടികള്‍ ജന്‍ഡര്‍ വ്യത്യാസമില്ലാതെ ഇടപഴകാന്‍ സ്കൂള്‍ അധികാരികളും അധ്യാപകരും അനുവദിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഈ സാഹചര്യം ഗവണ്മെന്‍റ് സ്കൂളിലും പ്രൈവറ്റ് സ്കൂളിലും ഒരുപോലെ കണ്ടു വരുന്ന സംഗതിയാണ്.
ഇനി ഇടവേളകളില്‍ കുട്ടികളുടെ ആശയവിനിമയവും ഇടപെടലുകളുംഎന്ന വിഷയം പരിശോധിക്കാം. ഗവേഷണവുമായി നടത്തിയ ഫീല്ഡവര്‍ക്കില്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടത് ഒരേ ജന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ നേരം ഇടപഴകുന്നത് എന്നതാണ് . ഈ വ്യത്യാസങ്ങള്‍ പ്രതിഫലിക്കുന്ന മറ്റൊരു മേഖല സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ആണ്. ഭൂരിഭാഗം സ്കൂളുകളും ജന്‍ഡര്‍ വ്യത്യസ്ത കലാകായിക ഇനങ്ങളാണ് കൂടുതലും നടത്തുന്നത്. ബയോളോജിക്കലി വിശദീകരണം നല്കാന്‍ കഴിയുന്ന വ്യത്യാസം ഉണ്ടെന്നു പറഞ്ഞാലും, അതിനെ മറികടക്കാന്‍ ഉള്ള ഒരു അവസരം സ്കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം. അതില് മുഖ്യമായ പങ്കു വഹിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് എന്നതാണ് മറ്റൊരു സത്യാവസ്ഥ.
ഹെഡ് ഗേള്‍ /ബോയ് എന്നിവ തിരഞ്ഞെടുക്കുന്ന രീതികളില്‍ മുതല്‍ നമ്മള്‍ക്ക് ഈ വ്യത്യാസം കാണാന്‍ സാധിക്കും. ഇത് ക്ലാസ്റൂമിലും ഒരേപോലെ കാണുന്നതാണ്. ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതെ ഉത്തരവാദിത്തം ആവില്ല പെണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നത്. പ്രത്യേകിച്ച് പണം സംബന്ധമായ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത് പെണ്‍കുട്ടികളെയും, അതില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന രീതികളും കാണാറുണ്ട്. തികച്ചും വീട്ടമ്മമാരായ സ്ത്രീകള്‍ പണം കൈകാര്യം ചെയുന്ന ആ പഴയ രീതിയാണ് ഈ വേര്‍തിരിച്ചുള്ള ഉത്തരവാദിത്വം ഓര്‍മിപ്പിക്കുന്നത്. അത് പോലെ ക്യാമ്പസ്സിന് പുറത്തു പോയി ചെയ്യാനുള്ള എന്തെങ്കിലും ഉത്തരവാദിത്തം ആണെങ്കില്‍ അത് ആണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നു .
അധ്യാപകര്‍ തമ്മിലുള്ള ഇടപഴകലിലും ഇത്തരത്തിലുള്ള വിവേചനം പ്രകടമാണ്. അവരെയും ഒരു തരത്തില്‍ ഈ ജന്‍ഡര്‍ നിയന്ത്രണം വലയം ചെയുന്നു എന്നതാണ് വാസ്തവം. നിങ്ങള്‍ ഒരു സ്റ്റാഫ്റൂമിലേക്കു കയറി ചെന്നാല്‍ കാണാം ഈ രീതികള്‍. ഗവേഷണവുമായി ബന്ധപെട്ടു നടത്തിയ ഒട്ടുമിക്ക സ്കൂളിലും കണ്ട ഒരു നിരീക്ഷണം കൂടിയാണിത്. ആണ്‍കുട്ടികളോട് ഇടപഴകുന്നതില്‍ അധ്യാപികമാരെ നിയന്ത്രിക്കുന്ന മേലധികാരികളും ഉള്ള കേരളത്തിലെ വിദ്യാലയങ്ങളില്‍ , അധ്യാപകര്‍ക്കും വിമോചനപരമായി പ്രവര്‍ത്തിക്കാന്‍ പരിധിയുണ്ടെന്നുള്ളതാണ് സത്യാവസ്ഥ. ഇതെല്ലാം വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. കുട്ടികളുടെ മുഖ്യ റോള്‍ മോഡല്‍ അധ്യാപകര്‍ ആയിരിക്കും, അതുകൊണ്ടു തന്നെ അവര്‍ നിലനിര്‍ത്തി പോരുന്ന രീതികളും ജീവിതചര്യകളും അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പ്രതിഫലിക്കും എന്നതില്‍ യാതൊരു തര്‍ക്കമില്ല. ഈ അധ്യാപകരും ജന്‍ഡര്‍ റീപ്രൊഡക്ഷന്‍റെ ഇരകള്‍ ആണല്ലോ, അത് കൊണ്ട് തന്നെ അതവരുടെ ഓരോ നിര്‍ദേശങ്ങളിലും ഇടപഴലുകളിലും എല്ലാം ഇത് പ്രതിഫലിക്കുന്നു.
ഈ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടാതെ , വ്യത്യസ്ത ഇടങ്ങള്‍ അതായതു വാഷ് റൂം, റസ്റ്റ് റൂം, വെയ്റ്റിംഗ് റൂം മുതലായ സ്കൂളിലെ ഇടങ്ങള്‍ പറഞ്ഞു വെക്കുന്നത് തന്നെ ജന്‍ഡര്‍ നിയന്ത്രിത ഇടപഴകലുകളാണ് എന്നതിന് യാതൊരു സംശയവുമില്ല . ജന്‍ഡര്‍ തിരിച്ചു സ്കൂളില്‍ കയറാനുള്ള വ്യത്യസ്ത സ്റ്റെയര്‍കേസ്, അതു പോലെ തന്നെ ജന്‍ഡര്‍ വേര്‍തിരിച്ചു കൈകഴുകാന്‍ ഉള്ള സ്ഥലം മുതലായ വ്യത്യസ്തയിടങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്ന വിദ്യാലയങ്ങളുള്ള നമ്മുടെ കേരളത്തില്‍, ജന്‍ഡര്‍ എന്നത് പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട സംഗതിയാണ്. അതുകൊണ്ടു തന്നെയാണ് ആന്‍ ഓക്ള്‍ലെ (1975) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒരു യാതൊരു വ്യത്യാസമില്ലാതെ ഇന്നും നമ്മുടെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഈ വ്യത്യാസം കുട്ടികളുടെ സ്വഭാവ നിര്‍മ്മിതിയിലും കാണാം. അതിനു ഉത്തമ ഉദാഹരണം ആണ് കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം, സ്വന്തം ആയി ഇമെയില്‍ ഉള്ളത്; 61 ശതമാനം ആണ്‍കുട്ടികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗം ഉണ്ട് എന്ന് പറയുമ്പോള്‍, പെണ്‍കുട്ടികളുടെ ഇടയില്‍ വെറും 38 ശതമാനം ആണ്. ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടന്ന ഗവേഷണത്തില്‍ ആണ് ഇത് വെളിവായത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ഉപയോഗവും ആണ്‍കുട്ടികളില്‍ തന്നെയാണ് കൂടുതലും കാണുന്നത്. കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന അദ്ധ്യാപിക തന്നെ അഭിപ്രായപ്പെട്ടത് പെണ്‍കുട്ടികള്‍ക്ക് ആണ് ടെക്നോളജി സംബന്ധം ആയ കാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് എന്നാണ് . മാതാപിതാക്കളുടെ അഭിപ്രായത്തിലും അവര്‍ പെണ്‍കുട്ടികള്‍ക്ക് ആണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വെക്കുന്നത്. സൗഹൃദത്തിന്‍റെ കാര്യത്തിലും ഒരേ ജന്‍ഡര്‍ ഉള്ള സൗഹൃദങ്ങള്‍ ആണ് ഭൂരിഭാഗവും. അധ്യാപകരും അത് ശരി വെക്കുന്നുണ്ട്, മാതാപിതാക്കളുടെ അഭിപ്രായവും അത് തന്നെ. സൗഹൃദ നിയന്ത്രണങ്ങള്‍ കൂടുതല്‍ നേരിടുന്നത് പെണ്‍കുട്ടികള്‍ തന്നെ, അതും അധ്യാപകരില്‍ നിന്ന് തന്നെ. ഒരു ഗവണ്മെന്‍റ് സ്കൂള്‍ അദ്ധ്യാപിക തന്നെ പറഞ്ഞതാണ്, അവരുടെ വിദ്യാര്‍ത്ഥികളെ ജന്‍ഡര്‍ നിഷ്പക്ഷമായി ഇടപഴകാന്‍ സമ്മതിക്കാറില്ല എന്നത്. അധ്യാപകര്‍ അതിനു തരുന്ന വിശദീകരണം അവര്‍ക്കു നേരിട്ടോ സ്കൂളിലോ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ് അങ്ങനെ ഒരു നിലപാടെടുക്കാന്‍ കാരണമെന്നാണ് . ഹേതു എന്തുതന്നെയായാലും പ്രത്യക്ഷമായോ പരോക്ഷമായോ അധ്യാപകരുടെ രീതികള്‍ ഒരേ ജന്‍ഡര്‍ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാവുന്നു എന്ന് മാത്രമല്ല ഇതര ജന്‍ഡര്‍ ഇടപെടലുകളെ പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിക്കുകയും ചെയുന്നു .
യൂണിഫോമിന്‍റെ കാര്യത്തിലും ഇതേ ജന്‍ഡര്‍ വ്യത്യാസം കാണാം. മിക്ക വിദ്യാലയങ്ങളും യൂണിഫോമില്‍ നിര്‍ബന്ധമാക്കുന്ന കാര്യമാണ് പെണ്‍കുട്ടികള്‍ക്ക് ഓവര്‍ കോര്‍ട്ട് അല്ലെങ്കില്‍ ഷാള്‍. കളര്‍ ഡ്രസ്സ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന ദിവസങ്ങളിലും ഈ നിയന്ത്രണം ഉണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച് പെണ്‍കുട്ടികള്‍ക്ക് ആണ് വസ്ത്രധാരണരീതിയില്‍ നിയന്ത്രണം കൂടുതല്‍ . ആണ്‍കുട്ടികള്‍ എടുത്തു പറഞ്ഞ ജന്‍ഡര്‍ വ്യത്യാസം അധ്യാപകരുടെ പെരുമാറ്റ രീതികളില്‍ നിന്നാണ്. അധ്യാപകര്‍ക്ക് പെണ്‍കുട്ടികളോട് കൂടുതല്‍ പക്ഷപാതം ഉണ്ടെന്നും, ഒരേ തെറ്റ് പെണ്‍കുട്ടികള്‍ ചെയ്താല്‍ കിട്ടുന്ന ശിക്ഷയേക്കാള്‍ തുലോം കൂടുതലാണ് അത് ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ കിട്ടുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ മുന്നോട്ടു വച്ച സമ്മര്‍ദ്ദം, അവര്‍ക്കു നേരിടുന്ന കൂടുതല്‍ നിയന്ത്രണങ്ങളും ഇടപെടലുകളും അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നതാണ്. അതെ സമയം ആണ്‍കുട്ടികള്‍ക്ക് ഈ തരത്തില്‍ നിയന്ത്രണങ്ങള്‍ അധ്യാപകരില്‍ നിന്നും കുറവാണെന്നും അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് ഉള്ളത് പോലെ സംരക്ഷണവും പരിഗണയും ആണ്‍കുട്ടികള്‍ക്ക് ലഭ്യമാവുന്നില്ല എന്നതാണ് മനസിലാക്കുന്നത്. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞു തുടങ്ങുന്നു അവരെ സ്ട്രോങ്ങ് ആയി വളര്‍ന്നു വരേണ്ട ആവശ്യകത മുന്‍നിര്‍ത്തിയുള്ള സമ്മര്‍ദ്ദം. അത് പോലെ പെണ്‍കുട്ടികള്‍ക്ക് കരയാം എന്നുള്ള സാമൂഹ്യവത്കരണവും ഇതിനു ഉദാഹരണം ആണ്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ആണ് ആണ്‍കുട്ടികളുടെ കുറ്റവാസന (ക്രൈം ടെന്‍ഡന്‍സി). ഒരു പരിധി വരെ വിദ്യാലയങ്ങളും അധ്യാപകരും മാതാപിതാക്കളും സമൂഹവും അതിനു കാരണക്കാര്‍ ആണ്. പെണ്‍കുട്ടികളെ പോലെ തന്നെ ആശങ്കയും സമ്മര്‍ദ്ദവും ഒക്കെ ഉള്ളവര്‍ ആണ് ആണ്‍കുട്ടികളും. അവര്‍ക്കു വേണ്ട വിധത്തില്‍ പരിഗണന നല്‍കാത്തതാണ് ഇതിനു കാരണം .
മേല്പറഞ്ഞ നിരീക്ഷണങ്ങളും പ്രതികരണങ്ങളും എംഫില്‍ ഗവേഷണത്തിനും ജവഉ ഗവേഷണത്തിനുമായി കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ്. 100 ശതമാനം സ്കൂളുകളിലും ജന്‍ഡര്‍ വ്യത്യസ്ത സ്പേസ് നിലനില്‍ക്കുന്നു എന്ന് തന്നെ ആണ് ഫലം. പ്രവര്‍ത്തന രീതികളിലുള്ള മാറ്റം ഓരോ വിദ്യാലയങ്ങളെ വ്യത്യസ്തമാക്കുന്നു എന്നതിനപ്പുറം ജന്‍ഡര്‍ നിര്‍മ്മിതിയും ലക്ഷ്യവുമെല്ലാം എല്ലായിടത്തും ഒന്ന് തന്നെ.

കേരളവും വിദ്യാലയങ്ങളും ജന്‍ഡര്‍ ഇടങ്ങളും
കേരളത്തിലെ ഓരോ വിദ്യാലയങ്ങള്‍ക്കും ആ വിദ്യാലയത്തിന്‍റേതായ സാംസ്കാരിക ചട്ടക്കൂടുണ്ട്. ഈ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ളില്‍ ലിംഗവ്യത്യാസ മനോഭാവം സൃഷ്ടിക്കുന്നതില്‍ വിദ്യാലയങ്ങള്‍ പ്രമുഖ പങ്ക് വഹിക്കുന്നു. സാമൂഹീകവല്‍ക്കരണത്തിലൂടെ വിദ്യാലയത്തിന്‍റേതായ ഔദ്യോഗിക പെരുമാറ്റചട്ടം, സാംസ്കാരിക സവിശേഷതകള്‍ മുതലായ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് കൈമാറ്റം നടത്തുവാന്‍ ശ്രമിക്കുന്നതും വിദ്യാലയങ്ങള്‍ തന്നെയാണ്. ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗവ്യത്യാസം പരിപോഷിപ്പിക്കുന്നതില്‍ കാരണമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനം വളരെ വ്യക്തമായ നിരീക്ഷണ സാധുതയാണ് നല്‍കുന്നത്.
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിലും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിലും അതുകൂടാതെ അവരുടെ പെരുമാറ്റങ്ങള്‍ രൂപപ്പെടുത്തുന്നതിലും അദ്ധ്യാപകര്‍ക്കു മേല്‍കൈ ഉള്ളത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. പോലുള്ള മാനേജ്മെന്‍റ് വിദ്യാലയങ്ങള്‍ക്കാണ്.മാനേജ്മെന്‍റ് സ്കൂളില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് സംവിധാനം പ്രിന്‍സിപ്പല്‍ മുഖേന നിര്‍വഹിക്കുന്നുണ്ട്. അതുപോലെ തന്നെ അദ്ധ്യാപകരും വിവിധ വകുപ്പുകളും ഏകോപിപിച്ച് ഇത്തരം സംവിധാനം നടത്തുന്നുണ്ട്. വിദ്യാലയങ്ങളില്‍ നിന്നും യഥാസമയം ഔപചാരികവും അനൗപചാരികവുമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. വിദ്യാലയ പരിസരത്ത് നടപ്പിലാക്കിയ പെരുമാറ്റചട്ടലംഘനം നടത്തുന്നവരെ ചെറിയ ശിക്ഷക്ക് വിധേയരാക്കുന്നു.
സര്‍ക്കാര്‍ സ്കൂളിലും ശക്തമായ മാനദണ്ഡങ്ങള്‍ ക്ലാസ് മുറിക്ക് അകത്തും പുറത്തും നിലനില്‍ക്കുന്നു . വിദ്യാലയത്തിലെ അച്ചടക്കം നിലനിര്‍ത്തുന്നതിനായാണ് വിവിധ പരിമിതികള്‍ സൃഷ്ടിക്കുന്നതെങ്കിലും ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പല ഭാവത്തില്‍ ലിംഗ വ്യത്യാസം പുനര്‍സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. സ്റ്റേറ്റ് അവരുടെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കാലഹരണപ്പെട്ട പെരുമാറ്റരീതികള്‍ കൈവിടാത്തത്. ഇത്തരത്തില്‍ വിദ്യാലയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ മതപരമായ പിന്തുണ കൂടി ലഭിക്കുന്നതായി മനസിലാക്കുന്നു.
വിദ്യാര്‍ത്ഥികളില്‍ ലിംഗവ്യത്യാസം കലരുന്ന ആശയങ്ങള്‍ കുത്തിവക്കുമ്പോള്‍ അവര്‍ അവരുടെ സമപ്രായക്കാരില്‍ നിന്ന് വലിയ തോതില്‍ അന്തരവും അസമത്വവും കാത്തുസക്ഷിക്കുന്നു. ഇത് ഒരു പക്ഷേ അവരുടെ ചിന്തമണ്ഡലത്തേയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ഇത്തരം സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ വ്യക്തിപരമായ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുവാനുള്ള ശേഷി കുറവായിരിക്കും. ചുരുക്കി പറഞ്ഞാല്‍ അസമത്വത്തിന്‍റെ വിത്തുകള്‍ നന്നേ ചെറുപ്പത്തില്‍ വേരോടുന്നു. യഥാര്‍ത്ഥ വസ്തുത എന്തെന്നാല്‍, സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളുടെയും; ഇആടഋ, കഇടഋ സ്കൂളുകളുടെയും അന്തരീക്ഷം തുലോം വ്യത്യസ്തമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ വെവ്വേറെ ഇടങ്ങള്‍ കുറവാണെങ്കിലും , ജന്‍ഡര്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മാറ്റമില്ല എന്നതാണ് വാസ്തവം . വിദ്യാഭ്യാസ പ്രക്രിയ ലിംഗവ്യത്യാസം പുനര്‍നിര്‍മ്മിക്കുന്നു എന്നതിന് ഈ പഠനം ഒരു ഉത്തമ ഉദാഹരണമാണ്. അദ്ധ്യാപകരുടെ പങ്ക് ലിംഗ സമത്വ വ്യാപനത്തില്‍ സുപ്രധാനമാണ് എന്നതില്‍ സംശയമില്ല.
കൃത്യമായി പറഞ്ഞാല്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ ജന്‍ഡര്‍ തുല്യതയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, സിലബസ്നു പുറത്തു തികച്ചും വിപരീതപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതായതു സിലബസ് എന്നത് മാര്‍ക്ക് വാങ്ങാനും ജോലി നേടാനും മാത്രം ഉള്ളതും, അതിനുമപ്പുറം ഈ ആശയങ്ങള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത ഇല്ലായെന്നതാണ് നമ്മുടെ വിദ്യാലയങ്ങള്‍ കുട്ടികളുടെ മുന്നില്‍ കാണിച്ചു കൊടുക്കുന്നത്. ജന്‍ഡര്‍ന്‍റെ കാര്യത്തില്‍ മാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ബാക്കിയുള്ള മാനസികവും ബൗദ്ധികവുമായ മണ്ഡലങ്ങളെ വാര്‍ത്തെടുക്കുന്നതിലും ഉള്‍പെടും എന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്ന വിമോചനം നമുക്ക് സാധ്യമാവുന്നില്ല എന്നതുകൂടിയാണ് ഈ തരത്തിലുള്ള വ്യത്യസ്ത ഇടങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
പൗലോ ഫ്രയര്‍ (1970) മര്‍ദിതരുടെ ബോധനശാസ്ത്രത്തില്‍ ‘ബാങ്കിങ്ങ് കോണ്‍സെപ്റ് ഓഫ് എഡ്യൂക്കേഷന്‍’ എന്ന് പറഞ്ഞു വിദ്യാഭ്യാസരീതിയെ വിമര്‍ശിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ അധ്യാപകരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അതുപോലെ തന്നെ സംഭരിച്ചു വെക്കുന്ന രീതിയെയാണ് അദ്ദേഹം ഈ കോണ്‍സെപ്റ്റ് കൊണ്ട് വ്യക്തമാക്കുന്നത്. അതുപോലെ തന്നെയാണ് സ്കൂളില്‍ നിന്നും അധ്യാപകരില്‍ നിന്നും പുറപ്പെടുവിക്കുന്ന ജന്‍ഡര്‍ വ്യത്യസ്ത ഇടങ്ങളും ഇടപഴലുകളും അങ്ങനെ തന്നെ സ്വാംശീകരിച്ചു് വിദ്യാര്‍ഥികള്‍ പുനരുല്പാദിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള പരമ്പരാഗത ജന്‍ഡര്‍ സമീപനങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചാല്‍ എങ്ങനെയാണു അവര്‍ക്കു മറ്റൊരു തരത്തിലുള്ള പരിവര്‍ത്തനവും, വിമോചനപരമായി ചിന്തിക്കാനും ,പ്രവര്‍ത്തിക്കാനും സാധ്യമാവുക.

 

 

 

 

 

ഡോ അശ്വതി കുഞ്ഞുമോന്‍

അധ്യാപിക, ഗവേഷക

COMMENTS

COMMENT WITH EMAIL: 0