Homeവഴിത്താരകൾ

ഷാവോലി മിത്രയെ ഓര്‍ക്കുമ്പോള്‍

2022 ജനുവരി 16 നു അന്തരിച്ച വിഖ്യാത അഭിനേത്രി ഷാവോലി മിത്രയുടെ അന്ത്യം ഇങ്ങു കേരളത്തില്‍ ഒരു ചെറു വാര്‍ത്ത മാത്രമായിരുന്നു.അവരുടെ നാടായ ബംഗാളിലും ദേശീയതലത്തില്‍ തന്നെയും ശവസംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം മാത്രമാണ് പൊതുജനം ആ അനുഗ്രഹീത കലാകാരിയുടെ ദേഹവിയോഗം അറിഞ്ഞത്. അത് അവരുടെ ആഗ്രഹപ്രകാരം തന്നെ ആയിരുന്നു. ഏതൊരു പ്രതിഭയും ഇഹലോകം വിട്ടു പോകുമ്പോള്‍, അതിനു ചുറ്റും തുടര്‍ച്ചയായ വാര്‍ത്താ ശൃംഖല നെയ്യുന്ന ഇന്നത്തെ മാധ്യമ ശൈലികളോട് ആ അഭിനേത്രിക്കുള്ള മടുപ്പിന്‍റെയും വിയോജിപ്പിന്‍റെയും ദൃഷ്ടാന്തമായിട്ടു തന്നെ നമുക്കതു കാണാം .പ്രശസ്ത നാടക ദമ്പതികളും, ‘ബഹുരൂപീ’ എന്ന നാടക സംഘത്തിന്‍റെ സ്ഥാപകരുമായ ഷോംഭു മിത്രയുടേയും -തൃപ്തി മിത്രയുടേയും മകളായ ഷാവോലി മിത്ര നാടക രംഗത്തും, ഏകാഭിനയ രംഗത്തും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി ആണ്.
അവരുടെ മരണശേഷം വന്ന വാര്‍ത്തകളിലെല്ലാം നിറഞ്ഞു നിന്നതു ‘നാഥവതി അനാഥവതി’ലെ ദ്രൗപദിയും ‘സീതാകഥ’യിലെ സീതയും ആയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യന്‍ ടെലിവിഷനില്‍ നിറഞ്ഞാടിയ ഭക്തിസാന്ദ്രമായ മഹാഭാരതത്തിലെ ദ്രൗപദി ആയിരുന്നില്ല ഷാവോലി മിത്രയുടെ ദ്രൗപദി. സനാഥയെങ്കിലും അനാഥയായി ഉഴലുന്ന രാജകുമാരിയാണവള്‍.ഭര്‍തൃഗൃഹത്തില്‍ പീഡനമേല്‍ക്കുന്നവള്‍. ദ്രൗപദിയുടെ അപമാനിതമായ അവസ്ഥയെ കേന്ദ്രീകരിച്ചു ഷാവോലി അരങ്ങില്‍ ഒരുക്കിയ ഏകാഭിനയം ഞാന്‍ ആദ്യം കാണുന്നത് ഡല്‍ഹി ദൂരദര്‍ശനിലാണ്.

നാഥബതി

അരങ്ങില്‍ ദ്രൗപദിയെ മാത്രമല്ല അവര്‍ തന്‍റെ മികവുറ്റ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ഉജ്ജ്വലമാക്കിയത് മഹാഭാരതത്തിലെ അനേകം കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ചു ശകുനിയില്‍ നിന്ന് കര്‍ണ്ണനായും , ദുശ്ശാസനനായും , കൃഷ്ണനായും , യുധിഷ്ഠിരനായും, കഥ പറയുന്ന കഥാകാരിയായും എല്ലാം അനായാസമായ ഒഴുക്കോടെ, കരുത്തോടെ, തന്മയത്വത്തോടെ ഷാവോലി രൂപാന്തരപ്പെടുന്നു. പക്ഷെ ദ്രൗപദിയാണ് കേന്ദ്രബിന്ദു.ദ്രൗപദിയിലൂടെ ഒരു പാരമ്പര്യത്തെ തന്നെ വിചാരണ ചെയ്യുകയായിരുന്നു ഷാവോലി മിത്ര. ബംഗാളിയിലും ഹിന്ദിയിലും ഷാവോലി ആ നാടകം ഇന്ത്യയിലെ പല സ്റ്റേജുകളില്‍ എണ്‍പതുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ കാലത്തു ഇന്നത്തെ പോലെ മിത്തുകളുടെ പുനര്‍ കഥനത്തിനോ സ്ത്രീപക്ഷ എഴുത്തിനോ ഇത്ര വിപുലമായ വിപണി സജ്ജമായിരുന്നില്ല. ചിത്ര ബാനര്‍ജി ദിവാകരുണിയും, ദേവദത് പട്ട്നായികും വരുവാന്‍ ഇനിയും വര്‍ഷങ്ങള്‍ പലതു കഴിയണം.

ദ്രൗപദി അനുഭവിക്കുന്ന കടുത്ത വ്യഥയും ഏകാന്തതയും അരങ്ങില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഷാവോലിക്കു പിന്‍ബലം പകര്‍ന്നത് ഇരാവതി കാര്‍വെയുടെ യുഗാന്ത എന്ന കൃതിയാണ്.മഹാഭാരതത്തിന്‍റെ സാമ്പ്രദായിക വായനകളെ മാത്രമല്ല ഷാവോലി വെല്ലുവിളിച്ചത് ;നാടക പാരമ്പര്യങ്ങളിലെ ആണ്‍കോയ്മയെ കൂടി അട്ടിമറിച്ചുകൊണ്ടാണ് അവര്‍ മറ്റൊരു അവതരണലോകത്തെ വിഭാവനം ചെയ്തത്. ഫെമിനിസ്റ്റ് സാഹിത്യം ഐതിഹ്യങ്ങളെയും പുരാണങ്ങളെയും പുനര്‍വായനക്കു ഇതിനു മുന്‍പും വിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഷാവോലിയുടെ അവതരണത്തിനു സവിശേഷതകള്‍ ഏറെയുണ്ടായിരുന്നു .


2005 ല്‍ ഇറങ്ങിയ ഇ0ഗ്ലീഷ് പരിഭാഷക്കു എഴുതിയ ആമുഖത്തില്‍ നവനീത സെന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ് :”എങ്കിലും ‘നാഥബതി അനാഥബതിനും ‘ ‘കഥാ അമൃതസമാനിനും’ പ്രത്യേകതകള്‍ ഏറെയുണ്ട്. ആധുനിക ബംഗാളി തീയേറ്ററില്‍ മഹാഭാരത കഥാപാത്രങ്ങള്‍ക്കു വ്യക്തമായ സ്ത്രീപക്ഷ വ്യാഖ്യാനം നല്‍കിയിട്ടുള്ള ആദ്യ കൃതിയാണ് നാഥബതി.രണ്ടാമതായി,ഒരു നാടകം എഴുതുക, സംവിധാനം ചെയ്യുക, അതില്‍ അഭിനയിക്കുക – ഈ മൂന്ന് കഴിവുകളും ഒരു വ്യക്തിയില്‍ സമ്മേളിക്കുക എന്നത് അത്ര സാധാരണമല്ല.ഈ നാടകങ്ങളില്‍ ഷാവോലി എഴുത്തുകാരിയായും, സംവിധായികയായും,അഭിനേത്രിയായും, ഗായികയായും, നര്‍ത്തകിയായും മികച്ച പ്രകടനം കാഴ്ച വെക്കുന്നത് നമ്മള്‍ കാണുന്നു.”

ഇ ബഹുമുഖപ്രതിഭയെ പദ്മശ്രീ പുരസ്കാരം, സംഗീത നാടക അക്കാഡമി അവാര്‍ഡ്,നോര്‍വെയിലെ ഇബ്സന്‍ പുരസ്കാരം തുടങ്ങി അനവധി അംഗീകാരങ്ങള്‍ തേടി എത്തിയിരുന്നു.ഋത്വിക് ഘട്ടക്കിന്‍റെ ‘ജുക്തി തക്കോ ആര്‍ ഗപ്പൊ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള ഷാവോലീയുടെ ഹൃദയത്തില്‍ അരങ്ങിനു തന്നെ ആരുന്നു മുഖ്യ സ്ഥാനം.ബഹുരൂപിയില്‍ തുടങ്ങിയ നാടക ഉപാസന ഷാവോലിയെ സ്വന്തമായ ഒരു നാടക കൂട്ടായ്മയിലേക്കെത്തിച്ചു പഞ്ചം ബൈദിക് എന്നായിരുന്നു അതിന്‍റെ പേര്.2018 ല്‍ വീണ്ടും ദ്രൗപദിയായി അരങ്ങില്‍ എത്തുമ്പോള്‍ കെട്ടിലും മട്ടിലും കാലികമായ മാറ്റങ്ങള്‍ വരുത്തിയാണ് അവതരണം നടന്നതെന്ന് അന്നത്തെ പത്രങ്ങള്‍ വിലയിരുത്തി. കോറസും സംഗീതവും ഒക്കെ മിഴിവേകിയ ഒരു രംഗഭാഷയില്‍ നിന്നും വ്യത്യസ്തമായി, മധ്യവയസ്സിലെത്തിയ ഷാവോലി പഴയ കഥാകഥ ശൈലിയില്‍ മുന്നിലിരിക്കുന്ന കാണികളോട് മഹാഭാരതത്തെ കുറിച്ച് , അതിലെ വൈരുദ്ധ്യങ്ങളെ കുറിച്ച് നേരിട്ട് സംവദിച്ചു. പ്രേക്ഷകരെ വിശ്വാസത്തിലെടുത്തു,ഒരു സുഹൃദ് സംഭാഷണം നടത്തുന്ന മട്ടിലായിരുന്നു ആവിഷ്കാരരീതി. നരച്ച മുടിനാരിഴ പറിച്ചു കളയുന്ന കീചകന്‍റെ ശൃംഗാര ഭാവങ്ങളെ ഷാവോലി ഹാസ്യവും ക്രോധവും കലര്‍ന്നു അവതരിപ്പിക്കുന്നതിലെ നൈപുണ്യം ടെലിഗ്രാഫ് പോലുള്ള പത്രങ്ങള്‍ എടുത്തു പറഞ്ഞിരുന്നു.

ഇന്ത്യന്‍ നാടകവേദിയുടെ ചരിത്രത്തില്‍ മൗലികമായ രീതിയില്‍ സ്വയം അടയാളപ്പെടുത്തിയ ഷാവോലി മിത്രയെ നമ്മള്‍ വേണ്ടും വിധം ഇനിയും മനസ്സിലാക്കേണ്ടി ഇരിക്കുന്നു.ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.കലാ പ്രതിഭയെ പോലെ തന്നെ അനന്യമായ ഒരു വ്യക്തിത്വത്തിനും കൂടി ഉടമയായിരുന്നു അവര്‍. അവര്‍ നടത്തിയ ധീരമായ സാംസ്കാരിക ഇടപെടലുകള്‍, ഇതിഹാസ വ്യാഖ്യാനങ്ങള്‍ അനവധി തലമുറകളെ ആവേശം കൊള്ളിച്ചിട്ടുണ്ട്.സ്വതന്ത്രമായ അന്വേഷണത്തിന്‍റെ ചലനാത്മകത അവരുടെ വാക്കുകള്‍ക്കു വേറിട്ട സൗന്ദര്യം പകരുന്നു. ‘കാണികളുമായുള്ള ഒരു സാങ്കല്പിക അഭിമുഖം’ എന്ന ചെറു രചനയില്‍ അവരുടെ ചിന്തയുടെ കാതലായ അംശം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു:
“സമൂഹത്തെ സേവിക്കാനും രക്ഷിക്കാനുമുള്ള നിങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടെത്തണം.കാണികളെ ചിന്തിപ്പിക്കാനും, എന്നോട് തന്നെ വിശ്വസ്തത പുലര്‍ത്താനും ഞാന്‍ ശ്രമിക്കുന്നു.അതിനു എനിക്ക് കഴിഞ്ഞാല്‍ അതായിരിക്കും എന്‍റെ ഏറ്റവും വലിയ പ്രതിഫലം .”

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0