ശുചിത്വമുറപ്പുവരുത്തുന്ന ഞങ്ങളെ കാണുന്നുണ്ടോ?

Homeചർച്ചാവിഷയം

ശുചിത്വമുറപ്പുവരുത്തുന്ന ഞങ്ങളെ കാണുന്നുണ്ടോ?

പ്രിയ എ.

കോവിഡ് വന്ന് എല്ലാവരും lockdown ആയി വീട്ടിലിരിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് ജോലിയുണ്ടായിരുന്നു… ആകെ രണ്ടു ദിവസമാണ് വീട്ടിലിരുന്നത്. അപ്പോള്‍ത്തന്നെ ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്‍റില്‍ നിന്ന് വിളി വന്നു… നിങ്ങളിറങ്ങിയില്ലെങ്കില്‍ നഗരം നാറും ന്നാണ് പറഞ്ഞത്. മറ്റു ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്കുണ്ടായത്. PPE കിറ്റ് പോയിട്ട് ഇന്നും ഗ്ലൗസും റെയിന്‍കോട്ടുപോലുമില്ലാതെയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കടകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടക്കുന്നതു കൊണ്ട് വരുമാനം വളരെ കുറവാണ്.

കൊറോണ സ്ഥിരീകരിച്ച സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് ആ വീടൊഴികെ എന്ന മട്ടില്‍ പണിയെടുക്കേണ്ടി വരാറാണ് പതിവ്. അങ്ങിനെ ഒരു ദിവസം കൊറോണ വന്ന സ്ഥലത്ത് പണിയെടുത്തുകൊണ്ട് നിന്നപ്പോള്‍ അവിടെ RRT മേമ്പേഴ്സ് വന്നു. പോലീസുകാരും ഡോക്ടര്‍മാരുമൊക്കെ അടങ്ങുന്ന ഗ്രൂപ്പാണ്. ഖരമാലിന്യ പ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞു വരുന്ന സമയമാണ്… അപ്പോള്‍ ഒരു പോലീസുകാരി ഞങ്ങളെ വിളിച്ചിട്ട് മര്യാദയോടെ ഇനി ഇവിടെ വരണ്ട, അടയ്ക്കാന്‍ പോവുകയാണ് എന്നു പറഞ്ഞു. ആക്കൂട്ടത്തില്‍ ഒരു സി പി എം ഇല്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ഞങ്ങളെക്കണ്ടതുമുതല്‍ തെറിവിളി തുടങ്ങി… നിങ്ങളൊന്നും ഇനി waste എടുക്കണ്ട, അവിടേം ഇവിടേം ഒക്കെ ഇട്ടിട്ട് നായ കടിച്ചുപറയ്ക്കുകയാണ്.. ഇനി നിങ്ങളെവിടെയെങ്കിലും waste എടുത്തുവയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നിടും എന്നൊക്കെ. പലപ്പൊഴും കോര്‍പറേഷന്‍റെ waste എടുക്കുന്ന വണ്ടി വരാതിരുന്നാല്‍ ഞങ്ങള്‍ക്ക് അത് പല സ്ഥലങ്ങളിലും എടുത്തു വയ്ക്കേണ്ടി വരാറുണ്ട്… അത് ഞങ്ങളുടെ ഉത്തരവാദിത്തത്തില്‍ സംഭവിക്കുന്നതല്ല… ഈയാള്‍ മോശമായി സംസാരിക്കുന്നത് കേട്ടുനില്‍ക്കേണ്ടി വന്ന അജിത എന്ന ഒരു ഖരമാലിന്യ തൊഴിലാളിക്ക് ഭയങ്കര അഭിമാനപ്രശ്നമായി… ഇത്രേം ആളുകളുടെ ഇടയില്‍ നിന്ന് ഇങ്ങനെയൊക്കെ സംസാരിച്ചപ്പോള്‍… അവളവിടെ നിന്ന് കരഞ്ഞു… ഞങ്ങളെല്ലാരും ചേര്‍ന്ന് അയാള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തു. ഇങ്ങനെ, ആരും പണിയെടുക്കാത്ത സമയത്ത്, ആരും പണിയെടുക്കാത്ത രീതിയില്‍ പണിയെടുത്തിട്ടും അപമാനം മാത്രം ബാക്കി

 

 

പ്രിയ എ.
കോഴിക്കോട് നഗരത്തിൽ
ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നു.

COMMENTS

COMMENT WITH EMAIL: 0