Homeകഥ

തനിയെ

ഫാൻ കറങ്ങുന്നതും നോക്കി എത്ര നേരമായി ഇങ്ങനെ കിടക്കുന്നു
.ശരീരം നുറുങ്ങുന്ന വേദന. നല്ല പനിയും തലവേദനയും. ഈ അടച്ചിട്ട മുറിക്കുള്ളിൽ ഒറ്റയ്ക്കായതിന്റെ വിഷമം വേറെ.

കൊറോണ പിടിച്ചാൽ പിന്നെ പെടാപ്പാട് തന്നെയാ !!! പുറത്തിറങ്ങാതെ,ആരെയും കാണാതെ, മിണ്ടാതെ ഹോ!! അടുത്തുപോലും ആരും വരില്ല . ഓർക്കുമ്പോൾ തന്നെ സങ്കടം. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൾ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു.

“ശ്ശോ..ഇനി എത്ര ദിവസം കഴിയണം”

രാവിലെ മുതൽ മുറിയുടെ മച്ചിന്റെ അളവെടുക്കൽ ആണ് പണി . കണ്ണുകൾ ഒരറ്റം മുതൽ ഇങ്ങനെ ഓടിച്ച് ഓടിച്ച്..
പിന്നെ ജനലഴികളുടെ എണ്ണം എടുക്കും.
പിന്നെ കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കും. മഴ കണ്ടിരിക്കും.
തണുക്കുമ്പോൾ ജനൽ അടയ്ക്കും. വീണ്ടും കിടക്കും. കൈ വിരലുകൾ മടക്കിയും ഒടിച്ചും കുറച്ചുനേരം. ഇടയ്ക്കു മയക്കത്തിലേക്ക് വീഴും.

ഷെൽഫിൽ പുസ്തകങ്ങളൊക്കെ ഇരിപ്പുണ്ട് . തല പൊളിയുന്ന വേദന.വായിക്കാനോ ഫോണിൽ നോക്കാനോ പറ്റുന്നില്ല. കുറച്ചു നേരം പാട്ടു കേൾക്കും. പിന്നെ അതും ബോർ ആകും.

വെളുത്തൊരു പല്ലി ഫാനിന്റെ ചോട്ടിലിരുന്ന് താഴേക്ക് നോക്കുന്നുണ്ട്. വയറു ചെറുതായിട്ട് വീർത്തിട്ടുണ്ടല്ലോ.ഗർഭിണി ആയിരിക്കും . പറ്റിയ സ്ഥലം തപ്പുകയായിരിക്കും. അത് തന്നെ തന്നെയാണല്ലോ നോക്കുന്നത്. എപ്പോഴോ വായിച്ച ഒരു കഥയിലെ മറിയാമ്മ പല്ലിയെ അവൾക്ക് ഓർമ്മ വന്നു.
ഉണ്ടക്കണ്ണുകൾ തിളങ്ങുന്നു.ഇത്തിരി കഴിഞ്ഞപ്പോൾ അത് ഓടി പുറത്തേക്ക് പോയി. പിന്നെയും അവൾ തനിച്ചായി.

വാതിലിന് വെളിയിലേക്ക് ചെവികൂർപ്പിച്ചു. അനക്കമൊന്നും കേൾക്കുന്നില്ലല്ലോ. ആരുമില്ലേ ഇവിടെ. “കുറച്ച് ചൂടുവെള്ളം കിട്ടിയിരുന്നെങ്കിൽ?”
രാവിലെ കുറച്ചു ഭക്ഷണം കൊണ്ടുവന്നു വെച്ചു പോയതാണ്. പിന്നെ ആരെയും ഈ വഴി കണ്ടില്ല..

മനസ്സില് ചെറിയ സങ്കടം തോന്നി. മറ്റാർക്കെങ്കിലും ആയിരുന്നു അസുഖം എങ്കിൽ എത്ര തവണ കുറവുണ്ടോ എന്ന് ചോദിച്ചു താൻ ഓടി ഓടി ചെല്ലുമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം, കാപ്പി, ചുട്ടരച്ച ചമ്മന്തി, പപ്പടം….
ആവി പിടിക്കണോ? ചുക്കുവെള്ളം വേണോ? അങ്ങനെ എന്തെല്ലാം!! ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച്, ഇതിപ്പോൾ.. അറിയാതെ ഒരു നെടുവീർപ്പ്.

രാവിലെ കൊണ്ടുവച്ച ബ്രെഡും ജാമും തണുത്തിരിക്കുന്നു.
മടുപ്പു തോന്നി എല്ലാറ്റിനോടും.
അല്ലെങ്കിൽ തന്നെ മണവും രുചിയുമൊക്കെ തന്നോട് പിണങ്ങിയിരിക്കുകയാണല്ലോ
അമ്മയെ കാണണമെന്ന് തോന്നി.മണ്ടത്തരം
ദേഷ്യവും തോന്നുന്നുണ്ട്.എന്ത് ഫലം. പുതപ്പെടുത്ത് തലവഴി മൂടി.

മുറ്റത്തെ ചെടികൾ ഒക്കെ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. ആരെങ്കിലും വെള്ളമൊഴിക്കുന്നുണ്ടോ ആവോ? മഴ പെയ്തത് കൊണ്ട് പിന്നെ വലിയ പ്രശ്നമില്ല. എങ്കിലും അതിന്റെ അടുത്ത് ഒന്നു പോയി, തൊട്ടുതലോടി ഒരു വർത്തമാനം ഒക്കെ പറയുന്ന സുഖം. മുറ്റത്തെ മാവില് ഒരു കിളിക്കൂട് ഉണ്ടായിരുന്നല്ലോ?
ആ കിളിമുട്ട വിരിഞ്ഞോ ആവോ?
മനസ്സാകെ കുഴഞ്ഞു മറിഞ്ഞു പോകുന്നു.

ഈ വീട് ഉറങ്ങിയത് പോലെ. ഒരു ഒച്ചയോ വിളിയോ ചിരിയോ ഒന്നുമില്ല.
അറിയാതെ അവളോർത്തു.
എന്നെ കാണാത്തതിൽ
വീടിന് സങ്കടം കാണുമോ?
ഇടയ്ക്കു അവൾക്കു കൊച്ചുകുട്ടികളുടെ സ്വഭാവം .
എന്റെ കാലം കഴിഞ്ഞാൽ വീട് തീർത്തും ഉറങ്ങി പോകും.
“ഏയ്.. അതൊന്നുമില്ല ”
“ഭർത്താവും മോനും എന്തെങ്കിലും ജോലിയിൽ ആയിരിക്കും”.
സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
മോൻ ആ ഹെഡ് ഫോണും ചെവിയിൽ വച്ച് അവന്റെ മുറിയിലേക്ക് കയറിയാൽ പിന്നെ ഭൂലോകം ഇടിഞ്ഞുവീണാൽ പോലും അറിയില്ല.

ഡും..ഡും.. വാതിലിൽ ആരോ മുട്ടുന്നുണ്ടല്ലോ!

“മിനി.. എടീ മിനി .. വീട്ടിൽ ഇടുന്ന എന്റെ നീല ടീ ഷർട്ട് എവിടെയാണ് വച്ചിരിക്കുന്നത്?”

ഓ.. അതാണ് കാര്യം. ഒന്നും നോക്കി എടുക്കുന്ന ശീലം പിന്നെ ഇല്ലല്ലോ. എല്ലാറ്റിനും എന്റെ കൈ ചെല്ലണം.
“അത് അപ്പുറത്തെ ഷെൽഫിൽ ഉണ്ടല്ലോ”
വിളിച്ചു പറഞ്ഞു.

വൈകിട്ട് ഒന്നു കുളിച്ചു കഴിഞ്ഞപ്പോൾ ഒരു സുഖം തോന്നി. മുടി വിടർത്തിയിട്ട് കിടന്നു. പതുക്കെപ്പതുക്കെ മയക്കത്തിലേക്ക്…
നിറയെ പൂക്കൾ ഉള്ള ഒരു തോട്ടത്തിലാണ് താനിപ്പോൾ നിൽക്കുന്നത്.. പൂമ്പാറ്റകൾ ഒക്കെ പാറി നടക്കുന്നുണ്ട്. ഒരു മഞ്ഞ കിളി തോളിൽ വന്നിരിക്കുന്നു. പഴുത്തു തുടുത്ത പേരയ്ക്കകൾ പേര മരം നിറയെ.
വേറെയും പഴങ്ങളുണ്ട്.
ഇളംകാറ്റിൽ ഇളകുന്ന മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ട് പൂക്കളുടെ സുഗന്ധം ആസ്വദിച്ചു.എന്ത് ഭംഗി!
പതിയെ ഒരു പേരക്ക പറിക്കാൻ കൈ നീട്ടി.
മനോഹരമായ ഒരു പാട്ട് കേട്ടു. തിരിഞ്ഞു നോക്കി.
ആഹാ.. ഷീല., തന്റെ കൂട്ടുകാരി അവളാണല്ലോ പാടുന്നത്.
സ്കൂളിലും കോളേജിലും ഒക്കെ ഞങ്ങൾ ഒന്നിച്ചായിരുന്നു പാട്ട് പാടിയിരുന്നത്.
ഇപ്പോൾ എനിക്കെന്തു പാട്ട്? അങ്ങനെ ഒരു കാലം ഉണ്ടായിരുന്നത് ഓർക്കാറേ യില്ല.
വിലങ്ങുകൾ വീണ കുയിലല്ലേ താൻ.

ഷീല തന്നെ കണ്ടതും ഓടിയെത്തി കെട്ടിപ്പിടിച്ചു. “വാടി.
” എത്ര നാളായി കണ്ടിട്ട് ”
“വന്നേ വിശേഷം ഒക്കെ പറഞ്ഞെ”

സന്തോഷത്തോടെ അവളോടൊപ്പം നടക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു വെള്ളിടി വെട്ടിയ ശബ്ദം.
നടുങ്ങിപ്പോയി. കണ്ണുകൾ വലിച്ചു തുറന്നു. “പൂക്കളൊക്കെ എവിടെ?”ഒന്നും കാണുന്നില്ലല്ലോ
ഷീല എങ്ങോട്ട് പോയി??

“അമ്മേ ”
മോനാണ്.. വാതിൽ തുറന്ന ശബ്ദമായിരുന്നു. ഹോ.. താൻ സ്വപ്നം കാണുകയായിരുന്നല്ലേ..അവൾക്കു ചിരി വന്നു.
ഒരു ചെറിയ നഷ്ടബോധം.
” എന്താ മോനെ?”
“ഇന്നും ഇവിടെ അത്താഴത്തിന് ഒന്നുമില്ലെ.. ഒന്നും ഉണ്ടാക്കിയിട്ടില്ലേ ?”

ഒന്നും മിണ്ടാൻ തോന്നിയില്ല. വാക്കുകളോടൊപ്പം ഒരു തേങ്ങൽ തുണ്ട് തൊണ്ടയിൽ പിടക്കുന്നത് അവൾ അറിഞ്ഞു.

വാതിൽ അടഞ്ഞു. കാലൊച്ചകൾ അകന്നു. ..
കുറച്ചുകഴിഞ്ഞു ഒരു ബൈക്ക് വരുന്ന ശബ്ദം. ഭക്ഷണം ഓർഡർ ചെയ്തു കാണണം. അച്ഛനും മകനും കഴിച്ചിരിക്കും .
എന്തോ ഒരു പാത്രത്തിൽ മുറി വാതിൽക്കൽ കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ടു.
കഴിക്കണമെന്നു പോലും തോന്നിയില്ല.
മേശപ്പുറത്തിരുന്ന ഒരു ഏത്തപ്പഴത്തിൽ അത്താഴം ഒതുക്കി.

പകലന്തിയോളം ഒരു ഉരുവിനെപ്പോലെ പണിയെടുത്ത് നടക്കുകയായിരുന്നു. ആർക്കും ഒന്നിനും ഒരു കുറവും വന്നില്ല.. വരുത്തിയില്ല..
തന്റെ വയ്യായ്ക കളെക്കുറിച്ച് പോലും ആരോടും പരാതി പറഞ്ഞില്ല..
എല്ലാവരുടെ ഇഷ്ടത്തിനൊത്ത് ജീവിച്ചു.. ഇഷ്ടങ്ങൾ നിറവേറ്റി കൊടുത്തു..
വൃത്തിയാക്കലും രുചിയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കലും തുണി അലക്കലും നല്ല വീട്ടമ്മയായി ..
തന്റെ ഇഷ്ടമോ തനിക്കിഷ്ടം എന്താണെന്നോ ചോദിച്ചിട്ടില്ല ആരും…

നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടില്ലെന്ന് നടിച്ചു. ഈ അടച്ചുപൂട്ടലിൽ ഏറെ കാര്യങ്ങൾ അവൾ തിരിച്ചറിയുകയായിരുന്നു..നൊമ്പരപ്പെടുത്തുന്ന തിരിച്ചറിവുകൾ.. ആൾക്കൂട്ടത്തിന്റെ ഒറ്റപ്പെട്ടുപോയവളുടെ സങ്കടം.എങ്ങനെയൊക്കെയോ പത്ത് ദിവസങ്ങൾ തള്ളിനീക്കി.
ശുദ്ധവായുവിലേക്ക്.. വെളിച്ചത്തിലേക്ക് നടന്നിറങ്ങുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം…

അലങ്കോലപ്പെട്ടു കിടക്കുന്ന അടുക്കള… വാരിവലിച്ച് ഇട്ടിരിക്കുന്ന തുണികൾ…. പാത്രങ്ങൾ. കരിയിലകൾ നിറഞ്ഞ മുറ്റം.. പിന്നെ മറ്റൊന്നിനെയും കുറിച്ച് ഓർക്കാൻ അവൾക്ക് സമയമില്ലായിരുന്നു….

നൈറ്റി എടുത്തു കുത്തി ക്ഷീണം മറന്ന് വീട്ടമ്മയായി… തളർന്ന കൈ കൊണ്ട് ചൂലെടുത്തു.

ചോറും കറികളും ഉണ്ടാക്കി വെച്ചു. അപ്പനെയും മകനെയും വിളിച്ചു. ഒരു കൂസലുമില്ലാതെ ഒരു അന്വേഷണവും ഇല്ലാതെ രണ്ടാളും മൊബൈലിൽ നോക്കി കൊണ്ട് ഭക്ഷണം കഴിക്കുന്നത്
നിർവികാരയായി നോക്കിനിന്നു.

അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. തന്റെ കണ്ണുകൾ പെയ്യാതിരിക്കാൻ അവൾ പാടുപെട്ടു.

 

 

 

 

സിന്ധു ഉല്ലാസ്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ.
2 കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. മഴയിലേക്ക് തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ.
വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം

COMMENTS

COMMENT WITH EMAIL: 0