ഉന്നത വിദ്യാഭ്യാസവും ജെന്‍ഡറും :  കാഴ്ചകളും കാഴ്ചപ്പാടുകളും

Homeഅതിഥിപത്രാധിപക്കുറിപ്പ്

ഉന്നത വിദ്യാഭ്യാസവും ജെന്‍ഡറും : കാഴ്ചകളും കാഴ്ചപ്പാടുകളും

സ്കൂള്‍തല വിദ്യാഭ്യാസത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ തലത്തിലേക്ക് പോകുമ്പോള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിനുമപ്പുറം ഒരുപക്ഷേ മാറ്റങ്ങള്‍ സംഭവിക്കുന്നത് ജീവിതത്തിലുടനീളം കൊണ്ടുനടന്ന പല ബോധ്യങ്ങള്‍ക്കായി യിരിക്കും. അതുകൊണ്ടാണ് ക്യാമ്പസ് ജീവിതം പലര്‍ക്കും പഠനവിഷയത്തിലേറെ അനുഭവതലങ്ങളെ സ്പര്‍ശിച്ചിട്ടുള്ള കാലഘട്ടമായി തീരുന്നത്. എന്‍റെ കോളേജ് വിദ്യാഭ്യാസം രണ്ടായിരമാണ്ടിലെ ആദ്യ ദശകത്തിലായിരുന്നു. അന്ന് പോലും ജെന്‍ഡര്‍ അവബോധം എന്നുള്ളത് കോളേജ് ക്യാമ്പസുകളില്‍ വേരു പിടിച്ചു വരുന്നതേയുണ്ടായിരുന്നു. അതാകട്ടെ സ്ത്രീ എന്ന ലിംഗത്തില്‍ മാത്രം ഉറച്ചുനിന്ന ബോധ്യങ്ങള്‍ മാത്രമായിരുന്നു. അത് തന്നെ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേറിയതും താന്തോന്നിതരത്തിന്‍റെ പര്യായമായും കണക്കാക്കിയിരുന്നു. 2023ല്‍ വന്നു നില്‍ക്കുമ്പോള്‍, ഒരു അദ്ധ്യാപിക എന്ന നിലയില്‍ ക്യാമ്പസുകളെ നോക്കിക്കാണുമ്പോള്‍ ചെറുതല്ലാത്ത വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെ ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. സ്ത്രീ എന്ന ലിംഗത്തില്‍ നിന്നും മുന്‍പോട്ട് സഞ്ചരിച്ച് ക്വിയര്‍ ബോധ്യങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും ക്യാമ്പസുകളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സാധിക്കുന്നുണ്ട്. ഈ കാഴ്ചകള്‍ കുറച്ചൊന്നുമല്ല എന്നെപ്പോലെയുള്ളവരെ ആഹ്ളാദഭരിതരാക്കുന്നത് . കാഴ്ചകള്‍ കാഴ്ചപ്പാടുകളിലേക്ക് വഴിമാറുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

സാഹിത്യം മുതല്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നവമാധ്യമങ്ങളും ലൈംഗികസ്വത്വം തുറന്നു പറച്ചിലുകളും ജെന്‍ഡര്‍ അവബോധത്തെ പ്രസ്ഥാനങ്ങള്‍ ആയി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. സിലബസുകളില്‍ സമൂലമായ മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നിരുന്നാലും ജന്‍ഡറിലെ തന്നെ സൂക്ഷ്മ വിവേചനങ്ങള്‍ പലതും പരിഗണിക്കാതെ കിടക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. നിയമങ്ങള്‍ പരിഷ്കരിച്ചിട്ടുപോലും ഇന്നും ക്വിയര്‍ വ്യക്തികളുടെ പ്രാതിനിധ്യം വിദ്യാര്‍ത്ഥികളില്‍ കുറവ് തന്നെയാണ്. ഇതിനുള്ള കാരണം സാമൂഹികമാണെന്ന് തന്നെ പറയേണ്ടിവരും. പ്രശ്നം സ്വീകരണം തന്നെയാണ്. സിലബസുകള്‍ മാറിയാലും മനുഷ്യരുടെ മനസ്സു മാറാന്‍, കാഴ്ചപാടുകള്‍ മാറാന്‍ ഇനിയും സമയമെടുക്കുന്നു എന്നുള്ളത് എക്കാലത്തെയും വസ്തുതയാണ്. മതം മുതല്‍ കുടുംബഘടനയും വ്യക്തിവികസന കാഴ്ചപാടുകളും വിലങ്ങു തടികളായി നമ്മുടെ മുന്നിലുണ്ട്. ഇതിനെയെല്ലാം പശ്ചാത്തലമാക്കിക്കൊണ്ടാണ് ഈ ലക്കം സംഘടിത  ‘ഉന്നതവിദ്യാഭ്യാസരംഗം’ എന്ന വിഷയം ആസ്പദമാക്കി ജെന്‍ഡര്‍ എങ്ങിനെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുന്നത്. സ്വത്വം എങ്ങനെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു, മാറുന്ന ക്യാമ്പസ് പരിവേഷങ്ങള്‍ , ഡിസെബിലിറ്റിയും ജെന്‍ഡറും തുടങ്ങി അതിസൂക്ഷ്മമായി തന്നെ ഈ വിഷയത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അധ്യാപക സംഘടനകളിലെ ജെന്‍ഡര്‍ അവബോധങ്ങള്‍, ജെന്‍ഡര്‍ സംബന്ധമായ ഗവേഷകരുടെ പ്രശ്നങ്ങള്‍ എന്നിവയും ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ലൈംഗിക വിദ്യാഭ്യാസത്തിനുതകുന്ന ക്യാമ്പസ് തല സെല്ലുകള്‍ വിദ്യാഭ്യാസ ഘടനകള്‍ എന്നുള്ള വിഷയങ്ങളും പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടൊരു വീക്ഷണത്തിലൂടെ ഞാനീ ആമുഖം നിര്‍ത്തുന്നു. അവലോകനങ്ങള്‍ക്കും യാഥാര്‍ത്ഥ്യ ബോധ്യത്തില്‍ നിന്ന് മനസ്സിലാക്കിയ കാര്യം ജെന്‍ഡര്‍ അവബോധം ഇനിയും വളരെയേണ്ടത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും അധ്യാപകര്‍ക്കുമാണ്. പഠിതാക്കള്‍ എത്രയോ കാതങ്ങള്‍ മുന്‍പിലാണ്.

കെ.ആര്‍. രാഗി
അസിസ്റ്റന്‍റ് പ്രൊഫസര്‍
ഇംഗ്ലീഷ് വിഭാഗം
ഗവണ്‍മെന്‍റ് ആര്‍ട്സ് &
സയന്‍സ് കോളേജ് കോഴിക്കോട്

COMMENTS

COMMENT WITH EMAIL: 0