Homeഉപ്പും മുളകും

കലാമണ്ഡലത്തിന്‍റെ സ്ത്രീവിലക്ക്

ഗീത

ലോകത്തിനു മുമ്പില്‍ കേരളത്തിന്‍റെ തലയുയര്‍ത്തുന്ന സ്ഥാപനമാണ് കേരള കലാമണ്ഡലം. ഷൊര്‍ണൂരിനടുത്ത് ചെറുതുരുത്തിയില്‍ ഭാരതപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1930 ലാണ് സ്ഥാപിക്കപ്പെട്ടത്. മണക്കുളം മുകുന്ദരാജയുടെയും വള്ളത്തോളിന്‍റെയും മുന്‍ കൈയില്‍ 1927 ല്‍ ഒരു സൊസൈറ്റിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ കലാമണ്ഡലം 1930ല്‍ കുന്ദംകുളത്ത് സ്ഥാപനമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1933 ലാണ് അതു ചെറുതുരുത്തിയിലേക്കു മാറ്റി സ്ഥാപിക്കപ്പെടുന്നത് .

കലകളുടെ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനവും പ്രോത്സാഹനവുമാണ് അവിടെ ഉദ്ദേശിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, കഥകളി എന്നീ കേരളീയ കലകളെ പുനരുദ്ധരിക്കാനും നവീകരിക്കാനുമുള്ള ശ്രമങ്ങളാണ് ആദ്യം നടന്നത്. ക്രമേണ തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയുടെ കളരികളും ആരംഭിച്ചു. പഞ്ചവാദ്യം, മദ്ദളം, ചെണ്ട തുടങ്ങിയ വാദ്യ വിഭാഗങ്ങളും പ്രവര്‍ത്തനം തുടങ്ങി. അതായത് ഇന്ത്യന്‍ കലകളുടെ സവിശേഷമായി ദക്ഷിണേന്ത്യന്‍ കലകളുടെ അതിലും സവിശേഷമായി കേരളീയ പാരമ്പര്യ ക്ലാസിക്കല്‍ കലകളുടെ അഭ്യസനമാണ് കേരള കലാമണ്ഡലത്തില്‍ നടക്കുന്നത്. ഇന്നത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു കല്പിതസര്‍വകലാശാലയായി വികസിച്ചിരിക്കുന്നു. അതായത് ഫ്യൂഡല്‍ പ്രഭുതയുടെ തടവറയില്‍ നിന്ന് ആധുനിക ലോകത്തിനുതകും മട്ട് ജനാധിപത്യക്രമത്തിലേക്ക് കലകളെ സ്വതന്ത്രമാക്കുകയായിരുന്നു കേരള കലാമണ്ഡലം ചെയ്തത്.

കലാമണ്ഡലം എന്നു കേള്‍ക്കുമ്പോള്‍ കഥകളി എന്ന് ഓര്‍മ്മ വരുന്നത് സ്വാഭാവികമാണ്. ഒളപ്പമണ്ണമനയ്ക്കലെ കളരികളില്‍ നിന്ന് കഥകളി ജനാധിപത്യ മതേതരക്കളരികളിലേക്കു പറിച്ചു നടപ്പെട്ടത് കേരള കലാമണ്ഡലത്തിന്‍റെ വരവോടു കൂടിയാണെന്നു നിസംശയം പറയാം. എത്രയെത്ര പ്രഗണ്ടരാണ് കലാമണ്ഡലത്തിന്‍റെ വിലാസത്തില്‍ കഥകളി അരങ്ങുകള്‍ കീഴടിക്കിയത്. കലാ. കൃഷ്ണന്‍ നായര്‍, കലാ. പത്മനാഭന്‍ നായര്‍, കലാ. ഗോപി, കലാ. രാമന്‍കുട്ടി നായര്‍, കലാ. കൃഷ്ണന്‍കുട്ടി പൊതുവാള്‍, കലാ. അപ്പുക്കുട്ടി പൊതുവാള്‍, കാലാ. നീലകണ്ഠന്‍ നമ്പീശന്‍, കലാ. ഹൈദരലി, കലാ.ജോണ്‍ എന്നിങ്ങനെ. ശ്രദ്ധിക്കൂ. ഇക്കൂട്ടത്തില്‍ ഒരു സ്ത്രീനാമം പോലുമില്ല. എന്തുകൊണ്ട്? സ്വാഭാവികമായി സംഭവിച്ചതാണോ അത്? അല്ലേയല്ല. കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ അപേക്ഷ വിളിക്കുമ്പോള്‍ ‘ പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല’ എന്നാണ് പ്രധാന വ്യവസ്ഥ! ആലോചിച്ചു നോക്കൂ, സര്‍ക്കാര്‍ ഫണ്ടു കൊണ്ട്, അതായത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ നികുതിപ്പണം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു പൊതു സ്ഥാപനം അവിടത്തെ ഒരു കോഴ്സില്‍ നിന്ന് പെണ്‍കുട്ടികളെ പാടേ വിലക്കിയിരിക്കുന്നു! ഇന്നത് കല്പിതസര്‍വകലാശാലാ പദവിയിലേക്കയര്‍ന്നു കഴിഞ്ഞിട്ടും കഥകളി പഠനത്തിന് പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല എന്ന നിലപാടും നിയമവും പരസ്യവും തുടരുന്നുവെന്നതു വിചിത്രമായി തോന്നുന്നില്ലേ?  എന്നാല്‍ ഈ വിലക്കില്‍ ഒരു ഇരട്ടത്താപ്പുണ്ട്. വിദേശസ്ത്രീകള്‍ക്ക് കലാമണ്ഡലം കഥകളി പഠിക്കാനും അവതരിപ്പിക്കാനും അവസരം നല്കുന്നുണ്ട്. അതായത് കേരളീയ കലയായ കഥകളി പഠിക്കുന്നതില്‍ നിന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു വിലക്ക്!
അതെന്തുകൊണ്ട് എന്ന് അധികാരികളോടു ചോദിക്കൂ. കാലാകാലമായി വാക്കു മാറ്റാത്തവരാണവര്‍. അതിവിടെ പതിവില്ല. എന്തുകൊണ്ട് ? അതിനുമുണ്ട് കേട്ടോ മറുപടി. പെണ്‍കുട്ടികള്‍ക്ക് ചവുട്ടി ഉഴിച്ചില്‍ പറ്റില്ല. അതെന്തുകൊണ്ട്? ഇവിടെ പുരുഷന്മാരാണ് ഉഴിച്ചില്‍ക്കാര്‍. അതിന് പെണ്‍കുട്ടികളെ ഉഴിയാന്‍ സ്ത്രീകളെ ഉഴിച്ചില്‍ക്കാരികളാക്കി വെച്ചാല്‍പ്പോരെ? അതിന് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവമുണ്ടല്ലോ, അപ്പോള്‍ എങ്ങനെ ഉഴിയും? ആര്‍ത്തവമുള്ളത് ഉഴിച്ചിലിന് എന്താണ് തടസ്സം? ആ ദിവസങ്ങളില്‍ ഉഴിയാതിരുന്നാല്‍ പോരെ? അതൊക്കെ ബുദ്ധിമുട്ടാണ്. ചിട്ടതെറ്റും. അപ്പോള്‍ വിദേശസ്ത്രീകള്‍ക്ക് ആര്‍ത്തവമില്ലേ?
ഇത്തരം വിഡ്ഢിത്തര്‍ക്കങ്ങള്‍ നിരവധി നടന്നു കഴിഞ്ഞു. സ്ത്രീശരീരത്തിന് പുരുഷശരീരത്തെ അപേക്ഷിച്ച് വഴക്കം കൂടുതലാണ്. അതുകൊണ്ട് ചവുട്ടി ഉഴിഞ്ഞില്ലെങ്കിലും അവരുടെ ദേഹവടിവിനോ ആട്ടത്തിനോ കുഴപ്പമൊന്നും സംഭവിക്കില്ല. ഏറ്റവും വലിയ ഉദാഹരണം ചവറ പാറുക്കുട്ടിയമ്മ തന്നെ. സദനം കലാനിലയം എന്നീ സമാന്തര സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളെ കഥകളി അഭ്യസിപ്പിക്കുന്നുണ്ട്. തൃപ്പൂണിത്തുറ വനിതാ കഥകളി ട്രൂപ്പ് കഥകളിയുടെ ഏതു മട്ടും സ്ത്രീകള്‍ക്കാവുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്.

ഇനി ചവുട്ടി ഉഴിഞ്ഞേ പറ്റൂ എന്നാണെങ്കില്‍, അങ്ങനെ ചെയ്യുന്നതില്‍ സ്ത്രീകള്‍ക്കു യാതൊരു തടസ്സവുമില്ല. കൂടല്ലൂര്‍ കളരിയില്‍ ചവുട്ടി ഉഴിയപ്പെട്ട കഥകളിക്കാരികളാണ് കറ്റശ്ശേരി സരോജിനിയമ്മയും അപ്പത്ത് നാരായണിയമ്മയും.
അപ്പോള്‍പ്പിന്നെ ആര്‍ക്കാണ് എന്നാണ് തടസം ? കാലാകാലമായി സര്‍ക്കാരുകള്‍ ഇടതും വലതും മാറി മാറി വന്നു. വ്യത്യസ്ത ഭരണസമിതികള്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന്‍ കീഴിലായി. എന്നിട്ടും പഠിതാക്കളുടെ അപേക്ഷ ക്ഷണിക്കുന്ന പരസ്യവിജ്ഞാപനത്തില്‍ കഥകളി പഠനത്തിന് പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല എന്ന വ്യവസ്ഥ ആവര്‍ത്തിക്കുന്നതെന്തുകൊണ്ട്?
ബന്ധപ്പെട്ട അധികാരികള്‍ മാത്രമല്ല സ്ത്രീകളായ നമ്മളും അത് ആലോചിക്കേണ്ടതാണ്. കഥകളി പഠിക്കണോ വേണ്ടയോ എന്നതല്ല വിഷയം. കേരള കലാമണ്ഡലം പോലൊരു പൊതു സ്ഥാപനത്തില്‍ കഥകളി പഠനം നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആ പഠനത്തിനുള്ള അവസരം ഇപ്പോഴും പെണ്‍കുട്ടികള്‍ക്കു നിഷേധിക്കുന്നു എന്നതു തന്നെയാണ്.

 

COMMENTS

COMMENT WITH EMAIL: 0