Homeഉപ്പും മുളകും

വാളയാര്‍ കേസ് പുനരന്വേഷണം വേണം

ഡോ.പി. ഗീത

വാളയാറിലെ അട്ടപ്പള്ളം
ഒറ്റമുറി വീട്
2017  മാര്‍ച്ച് 13.
പന്ത്രണ്ടോ പതിമൂന്നോ ആകാം പ്രായം. ഭാഗ്യവതിയെന്ന ദളിതയായ കൂലിപ്പണിക്കാരിയുടെ മൂത്ത മകള്‍ ഉത്തരത്തില്‍ തൂങ്ങിയാടി.
അവള്‍ മരിച്ചതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പ്രമുഖ രാഷ്ടീയ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ വന്ന് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകുന്നു. ചേച്ചി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട നേരം വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ മുഖം മൂടിയ രണ്ടു പേര്‍ ഓടിപ്പോകുന്നതു കണ്ടതായി പറഞ്ഞു. അവളുടെ അമ്മയോടും പോലീസിനോടും പറഞ്ഞു. പോലീസ് അതു രേഖപ്പെടുത്തിയില്ല. അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതു കണ്ടിട്ടുണ്ടെന്ന രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തപ്പെട്ടില്ല.

2017 മാര്‍ച്ച് 4.
ഇളയ കുട്ടി അതേ ഉത്തരത്തില്‍ തൂങ്ങിയാടി. അവളുടെ മരണത്തെ തുടര്‍ന്നാണ് ആദ്യത്തെ കുട്ടിയുടെڔ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു രക്ഷിതാക്കള്‍ക്കു കിട്ടിയത്.

രണ്ടു കുട്ടികളുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവര്‍ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്‍റെ തെളിവുകള്‍ ഉണ്ടായിരുന്നു. ഇരുവരുടെയും മലദ്വാരവും ചുറ്റുപാടും വ്രണിതമായിരുന്നു. കുട്ടികള്‍ക്ക് ക്ലാസിലെ ബെഞ്ചില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവത്രെ. കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന പോസ്റ്റുമോര്‍ട്ടം സര്‍ജന്‍റെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പാടേ അവഗണിച്ചു. കുട്ടികളുടെ ശവശരീരം ഏതോ ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അവരുടെ നോട്ടുപുസ്തകങ്ങളും ബാഗുകളുമടക്കം എല്ലാം ദുര്‍മരണപ്പെട്ടതിനാല്‍ ദുശ്ശകുനമാണെന്നു പറഞ്ഞ് കത്തിച്ചു കളഞ്ഞു.

പ്രതിഭാഗം വക്കീല്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജാമാധവനെ തല്‍ക്ഷണം മാറ്റി യു ഡി എഫ് ഭരണകാലത്തെ പ്രോസിക്യൂട്ടറെ തല്‍സ്ഥാനത്തു നിയമിക്കുകയും ചെയ്തു.
പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട പ്രതികളെ തെളിവില്ലെന്നു പറഞ്ഞ് 2019 ഒക്ടോബര്‍ 25 ന് വെറുതെ വിട്ടു.


ദേശീയ ബാലാവകാശ കമ്മിഷന്‍ വാളയാര്‍ രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ വന്നു. എന്നാല്‍ ഒരു സാമുദായിക നേതാവ് അവരെ ഒക്ടോബര്‍ 30 ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോവുകയും ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രി സമക്ഷം എത്തിക്കുകയും ചെയ്തു. ദേശീയ ബാലാവകാശ കമ്മിഷന്‍ അവരെ കാണാതെ മടങ്ങിപ്പോയി. കൊലക്കേസില്‍ കുറ്റാരോപിതനായ ഒരു പ്രശസ്ത വക്കീലിനെ ആ സാമുദായിക നേതാവു തന്നെ രക്ഷിതാക്കള്‍ക്കായി ഏര്‍പ്പാടു ചെയ്തു കൊടുത്തു.

ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന്‍റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തായി. ഈ കുട്ടികള്‍ ഇതാസ്വദിച്ചിരുന്നുവെന്ന്
നിര്‍ലജ്ജം ആ പോലീസുദ്യോഗസ്ഥന്‍ ഒരു ചാനലിനോടു പറഞ്ഞു.

പോക്സോ കേസായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന പൊതുജനാവശ്യം ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥന് എസ്. പി. യായി സ്ഥാനക്കയറ്റം നല്കുകയാണുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് വാളയാര്‍ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സമരം നടന്നു വരികയാണ്. 2020 ഒക്ടോബര്‍ 25 മുതല്‍ 31 വരെ വാളയാറില്‍ അവരുടെ വീട്ടുമുറ്റത്തും സമരം നടന്നു.

2020 ഒക്ടോബര്‍ 4ന് വാളയാര്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിനെ വയലാറിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഇയാള്‍ ദുരൂഹ സാഹചര്യത്തിലാണ് കുട്ടികളുടെ വീട്ടിനടുത്ത് വാടകക്കു താമസിച്ചിരുന്നത്. അയാള്‍ക്കൊരു സ്ഥിര ജോലി പോലും ഉണ്ടായിരുന്നില്ല. ആരാണിയാളെന്ന അന്വേഷണം പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇയാളുടെ തൂങ്ങിമരണം ദുരൂഹമാണെന്ന അഭിപ്രായം പരക്കേ ഉയര്‍ന്നിട്ടുണ്ട്.ڔ

ഏതു കോണില്‍ നിന്നു നോക്കിയാലും ഈ കേസിലെ അന്വേഷണം അപര്യാപ്തവും നിരുത്തരവാദപരവുമായിരുന്നു എന്നു കാണാവുന്നതാണ്. അതു കൊണ്ടു തന്നെ ഹൈക്കോടതി നിരീക്ഷണത്തിലുള്ള ഒരന്വേഷണമാണു നടക്കേണ്ടത്. തികച്ചും പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍, പുതിയ എഫ്. ഐ. ആര്‍. , പുതിയ കുറ്റപത്രം – എല്ലാം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ സോജനുള്‍പ്പടെയുള്ളവരെ പോക്സോ കേസിന്‍റെ പരിധിയിലേക്കു കൊണ്ടുവരേണ്ടതുമുണ്ട്. എന്തുകൊണ്ടെന്നാല്‍ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഒരു ജനാധിപത്യവ്യവസ്ഥയുടെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്.

 

 

(കേരള സര്‍ക്കാരിന്‍റെ വിവിധ കോളജുകളില്‍
അധ്യാപികയായിരുന്നു. )

COMMENTS

COMMENT WITH EMAIL: 0