Homeചർച്ചാവിഷയം

വനിതാപ്രാതിനിധ്യം കേരളത്തിലെ നിയമനിര്‍മ്മാണസഭയില്‍

റിന്‍സി മാത്യു

സംസ്ഥാനങ്ങളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് 1953 ഫസല്‍ അലി ചെയര്‍മാനായുംഎച്ച്.എന്‍. കുല്‍സു, കെ.എം .പണിക്കര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മീഷനെ ഇന്ത്യാ ഗവണ്‍മെന്‍റ് നിയമിച്ചു. കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെഅടിസ്ഥാനത്തില്‍ ഗവണ്‍മെന്‍റ് 1956ല്‍ സംസ്ഥാന പുനസംഘടനാ നിയമം (സ്റ്റേറ്റ് റീഓര്‍ഗനൈസേഷന്‍ ആക്ട് 1956) നടപ്പിലാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മലബാര്‍, തിരു-കൊച്ചി പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 1956 നവംബര്‍ 1-ന് കേരള സംസ്ഥാനം നിലവില്‍ വന്നു. കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് നിയമസഭയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുകയുണ്ടായി. ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് ലോകത്ത് ആദ്യമായി പൊതുതെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 15ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള പൊതു തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, കേരളത്തിലെ വനിതാ പ്രാതിനിധ്യം വളരെ കുറവാണെന്ന് കാണാന്‍ കഴിയും.

റോസമ്മ പുന്നൂസ്

1957 ലെ ഒന്നാം നിയമസഭയില്‍ 127 അംഗങ്ങളില്‍ ആറു പേര്‍ വനിതകളായിരുന്നു. അതായത് 4.72% വനിതാപ്രാതിനിധ്യം. കെ ആര്‍ ഗൗരിയമ്മ മന്ത്രി ആയിരുന്ന ഒന്നാം നിയമസഭയില്‍ ഭൂരിപരിക്ഷ്കരണം ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ കെ. ആര്‍. ഗൗരിയമ്മ എന്ന റവന്യൂ മന്ത്രിയുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെ. ഏതാണ്ട് 64 വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ നിയമസഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 140 അംഗങ്ങള്‍ ഉള്ള പതിനാലാം നിയമസഭയില്‍ വെറും 9 വനിതകള്‍ മാത്രം അതായത് 6.42 ശതമാനം മാത്രം 1957 നിന്നും 2016 എത്തിനില്‍ക്കുമ്പോള്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്ന് സാരം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും 140 പേര്‍ നിയമസഭകളിലേക്ക് 20 എംപിമാര്‍ ലോക്സഭയിലേക്കും ഒമ്പത് പേര്‍ രാജ്യസഭയിലേക്കും എത്തുന്നുണ്ട് എന്നകാര്യം ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. (അന്ന് 13 വനിതകള്‍ നിയമസഭയിലെത്തി) മാത്രവുമല്ല, കേരള നിയമസഭയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇതോടൊപ്പം തന്നെ മറ്റൊരു കാര്യം ഓര്‍ക്കേണ്ടതുണ്ട് 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം കേട്ട മുദ്രാവാക്യം ഇപ്രകാരമായിരുന്നു ‘കേരള നാട്ടില്‍ കെ.ആര്‍ ഗൗരിയമ്മ ഭരിക്കും’ എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി . പതിനാറാം ലോക്സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വനിതാപ്രാതിനിധ്യം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം (5%). 2016ലെ പതിനാലാമത് നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറ്റിയെട്ട് വനിതകള്‍ മത്സരിച്ചു. ജയിക്കാനായത് ഒന്‍പത് പേര്‍ക്ക് മാത്രം . എന്തുകൊണ്ടാണ് വനിതാപ്രാതിനിധ്യത്തില്‍ ഇത്രയും വലിയ കുറവ് കേരളത്തില്‍ ഉണ്ടാകുന്നത്. കേരളത്തില്‍ വനിതകളുടെ എണ്ണം കുറവാണോ? ഒരിക്കലുമല്ല. 2011ലെ സെന്‍സസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കേരളത്തില്‍ 1000 പുരുഷന് 1084 സ്ത്രീകളാണ് . അതായത് കേരളത്തില്‍ മൊത്തം ജനസംഖ്യയില്‍ 52.02 ശതമാനം സ്ത്രീകളാണ്. സ്ത്രീ-പുരുഷ അനുപാതത്തില്‍ ഇന്ത്യയില്‍ ഒന്നാമത് . എന്നാല്‍ അതിനനുസരിച്ചുള്ള സ്ത്രീപ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍ ഉണ്ടാകുന്നില്ല. വനിതാപ്രാതിനിധ്യം ഇത്രയും കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങള്‍ അവയില്‍ പങ്കുവഹിക്കുന്നു . സ്ത്രീകള്‍ക്ക് പൊതു പ്രവര്‍ത്തനം നടത്തുന്നതിന് വീടുകളില്‍ നിന്നോ സമൂഹത്തില്‍നിന്നു പിന്തുണ പലപ്പോഴും ലഭിക്കാറില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശത്തെ പ്രോത്സാഹിപ്പിക്കാറില്ല. ഈ അടുത്ത് നമ്മള്‍ പത്രങ്ങളില്‍ കണ്ടതാണ് ഏതാണ്ട് 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വനിതയെ അനുവദിച്ചത്. (1996 ഇല്‍ മത്സരിച്ച ഖമറുന്നിസ അന്‍വറാണ് ലീഗിന്‍റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥി) മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതകള്‍ക്ക് സീറ്റ് കൊടുക്കാതിരിക്കുകയോ അഥവാ കൊടുത്താല്‍ തന്നെ യാതൊരു ജയ സാധ്യതയുമില്ലാത്ത സീറ്റ് നല്‍കുകയോ ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ഒരു സ്ത്രീ ഇപ്പോഴും കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. സ്ത്രീകള്‍ ഭരിക്കുന്നത് നല്ലതല്ല എന്ന് ഒരു ജനപ്രതിനിധി പതിനാലാം കേരള നിയമസഭയില്‍ പറഞ്ഞത് നാമെല്ലാം കേട്ടതാണ്. ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ ആണ് മാറ്റേണ്ടത്. കൊറോണ എന്ന മഹാവ്യാധി പടര്‍ന്നപ്പോള്‍ അതിനെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നമ്മളെ പ്രാപ്തരാക്കിയ ആരോഗ്യമന്ത്രി ഒരു വനിതയാണെന്നുള്ള കാര്യം മറക്കരുത്. ഇന്ന് ഫിന്‍ലാന്‍ഡും ഗ്രീസും ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ ഭരണതലപ്പത്ത് ഇരിക്കുന്നത് വനിതകളാണ് . അതുകൊണ്ടു തന്നെ പൊതുരംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകള്‍ക്ക് ആവശ്യം സമൂഹത്തിന്‍റെ പിന്തുണയും പരിഗണനയും ആണ്.

 

 

 

 

റിന്‍സി മാത്യു
കേരള സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷക. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്

COMMENTS

COMMENT WITH EMAIL: 0