Homeവഴിത്താരകൾ

ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു?

ജാനകി

രു ഫോട്ടോയിൽ എന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം.
പക്ഷെ വാക്കുകളേക്കാൾ ശക്തമായി ദൃശ്യങ്ങൾ സംസാരിക്കുന്ന കാലമാണിത്.ഏതു ഇമേജിനും നമ്മളുടേതായ അർഥങ്ങൾ നൽകി നമ്മൾ പൊലിപ്പിച്ചെടുക്കുന്നു. നമ്മുടേതാക്കുന്നു. ഈ നിരീക്ഷണത്തിനു വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷെ ഇത് നമ്മുടെ അഭിരുചികളെ,ജീവിത രീതിയെ, കാഴ്ചപ്പാടിനെ, മൂല്യങ്ങളെയെല്ലാം വലിയ രീതിയിൽ തന്നെ സ്വാധീനിക്കാൻ തുടങ്ങുമ്പോൾ ഈ പ്രവണതയെ കുറിച്ച് നമ്മൾ കരുതലോടെ ചിന്തിക്കേണ്ടി വരുന്നു.അതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി സമൂഹമാധ്യമങ്ങളിലൂടെ ആൺപെൺ ഭേദമെന്യേ ആഘോഷിക്കപ്പെട്ട മഞ്ജു വാര്യർ ചിത്രത്തെ കുറിച്ച്, അതുണ്ടാക്കിയ ആരവങ്ങളെ കുറിച്ച് ‘വഴിത്താരകൾ’ എന്ന ഈ പംക്തിക്കും സംസാരിക്കേണ്ടി വരുന്നത്.

മഞ്ജുവിന്റെ തിരിച്ചുവരവിലും ദിനം തോറുമുള്ള ഉയർച്ചയിലും ഒരുപാടു പേരെ പോലെ ഞാനും ആഹ്ലാദിക്കുന്നു. വിവാഹം കഴിഞ്ഞു ചുരുങ്ങിപ്പോയ അനവധി സ്ത്രീകൾക്ക്, മഞ്ജു വാര്യർ എന്ന കലാവ്യക്തിത്വം അവരുടെ തന്നെ അനന്ത സാധ്യതകളുടെ പ്രതീകമായി മാറിയിരിക്കുന്നു.അതിജീവനത്തിന്റെയും,പൊരുതാനുള്ള ആർജ്ജവത്തിന്റെയും , വറ്റാത്ത പെണ് സർഗ്ഗാത്മകതയുടെയും ചിഹ്നമായി മഞ്ജു പല തലമുറകളിൽ പെട്ട സ്ത്രീകൾക്കും പ്രചോദനമാവുന്നതിൽ സന്തോഷവും, പ്രതീക്ഷയും, പ്രത്യാശയുമുണ്ട്. ചലച്ചിത്രം എന്ന കലാരൂപം വലിയ മുടക്കുമുതൽ ആവശ്യപ്പെടുന്ന വ്യവസായമായി മാറുമ്പോളാണ് അഭിനേതാക്കൾ താരങ്ങളായി മാറുന്നതും, കലാകാരിയും കലാകാരനും കേവലം നടീനടന്മാർ അല്ലാതെ ബ്രാൻഡുകളായി മാറുന്നതും. അതോടു കൂടി ആർട്ടിസ്റ്റുകൾ അവരുടെ തന്നെ ഇമേജിന്റെ തടവറയിൽ പെട്ട് പോകുന്നു. അവരുടെ വളർച്ചക്ക് തന്നെ തടസ്സമായി മാറുന്ന താരപരിവേഷത്തിന്റെ തടവറ.മഞ്ജുവും ആ തടവറയിൽ പെട്ട് പോവുകയാണോ എന്ന സന്ദേഹമാണ് ഈ കുറിപ്പിന് ആധാരം.ലേഡി സൂപ്പർസ്റ്റാർ എന്ന പദവി മഞ്ജുവിനെ വളർത്തുമോ അതോ തളർത്തുമോ?

ഇരുപതുകളിൽ താൻ തിളങ്ങി നിന്ന അഭിനയരംഗം വിട്ടു കുടുംബജീവിതത്തിലേക്ക് സ്വയം പരിമിതപ്പെടുത്തിയ ഒരു നായിക മുപ്പത്താറു വയസ്സിൽ തിരിച്ചെത്തിയപ്പോൾ സിനിമയെ ഗൗരവത്തോടെ കാണുന്നവർക്കു വേറെയും ചില ക്രിയാത്‌മകമായ സാധ്യതകൾ മുന്നിൽ തെളിയുകയായിരുന്നു. കൗമാരം വിട്ടു മാറാത്ത നായികമാരെ മാത്രം കണ്ടിരുന്ന കീഴ്വഴക്കം മാറി, മുപ്പതും അൻപതും കഴിഞ്ഞ സ്ത്രീജീവിതങ്ങൾക്കും കാമ്പുള്ള സ്ക്രിപ്റ്റുകളാവാൻ സാധ്യത ഉണ്ടെന്നും അതാവിഷ്കരിക്കാൻ മഞ്ജുവിനെ പോലെ കഴിവുള്ള സീനിയർ നടിമാരുണ്ടാകുമെന്നും വളരെയേറെ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകവൃന്ദം മലയാള സിനിമക്കുണ്ട്.ഉദാഹരണം സുജാതയിലൂടെയും,℅ സൈറ ബാനുവിലൂടെയും എല്ലാം, മധ്യവയസ്കരായ സ്ത്രീകളുടെ ജീവിതോത്സാഹവും, ചുറുചുറുക്കും,ഏറ്റുവാങ്ങിയ ഒടിവുകളും ചതവുകളും തന്റെ അഭിനയമികവിലൂടെ മഞ്ജു നമുക്ക് അനുഭവവേദ്യമാക്കിയതാണ്. പക്ഷെ അടുത്തകാലത്തിറങ്ങിയ മിഡിയുംടോപ്പും ഇട്ടിട്ടുള്ള ചിത്രത്തോടുള്ള ആരാധകരുടെ,അഭ്യദയകാംക്ഷികളുടെ പ്രതികരണം എന്നിൽ ചെറിയ നിരാശ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് അടിവരയിട്ടു പറയട്ടെ—വിഷമം മഞ്ജുവിനോടോ, ആ ഫോട്ടോയിനോടോ അല്ല.നമ്മുടെ പ്രതികരണത്തോടാണ്.പത്തു വര്ഷം പ്രായം കുറഞ്ഞു എന്ന് തോന്നിപ്പിച്ചതിൽ കാണികൾക്കുള്ള അമിതാവേശം ആഗോളചലച്ചിത്രവ്യവസായത്തെ പിടികൂടിയിട്ടുള്ള ageism അഥവാ പ്രായവിവേചനം നമ്മളെയും ഗ്രസിച്ചിരിക്കുന്നു എന്ന ദുഃഖസത്യത്തെ ഊട്ടി ഉറപ്പിക്കുന്നു.ഈ വിവേചന സ്വഭാവം കലാകാരികൾക്കു മേലെ വലിയ ഒരു സമ്മർദ്ദമാണുണ്ടാക്കുന്നത്‌ എന്ന് ഹോളിവുഡിലെ നടിമാർ സാക്ഷ്യപ്പെടുത്തി കഴിഞ്ഞിട്ടുള്ളതാണ്.

നടന്മാരും ഈ സമ്മർദത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും ഇത് കൂടുതൽ രൂക്ഷമാകുന്നത് അഭിനേത്രിയുടെ അവസ്ഥയിലാണ്. ഇന്ന് പ്രായവിവേചനം മറ്റു തൊഴിൽ മേഖലകളിലേക്കും പടർന്നു കേറുന്നു. ജരാനരകളെ എങ്ങിനെയും തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന യയാതിമാർ ആണ് നാം ഓരോരുത്തരും.നാൽപ്പതു വയസ്സിനു മേലെയുള്ള സ്ത്രീകളുടെ കഥകൾ സ്ക്രിപ്ട് ആക്കാൻ ശ്രമിച്ചപ്പോൾ താൻനേരിട്ട പ്രതിബന്ധങ്ങളെ കുറിച്ച്സംവിധായികയായ എലിസബത്ത് സുബ്രിൻ കുറച്ചുവർഷങ്ങൾ മുൻപ് പറഞ്ഞത് ശ്രദ്ധേയമാണ്.

എന്റെ ഈ സന്ദേഹത്തെ ഒന്നുകൂടി ഉറപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ, മലയാള സിനിമയിൽ വലിയ വാഗ്ദാനങ്ങളുമായി എത്തിയ ജ്യോതിർമയി എന്ന നടിയുടെ അടുത്ത കാലത്ത് നവമാധ്യമങ്ങൾ പങ്കുവെച്ച ഒരു ചിത്രത്തോടുള്ള പ്രതികരണങ്ങളാണ്. കുറച്ചു കാലമായി അവരെ സിനിമയിൽ കാണാറില്ല. അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടാവാം. പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നവർക്കു സ്വകാര്യതക്കു അവകാശമില്ലാത്ത മട്ടിലാണ് സമൂഹം അവരെ കീറിമുറിക്കുന്നത്‌.നര കയറാൻ തുടങ്ങിയ തലമുടിയെ ആകർഷകമായ ഹെയർ സ്റ്റൈലിൽ വെട്ടിയിട്ടുള്ള ജ്യോതിർമയിയുടെ ചിത്രം പങ്കു വെച്ച് “ ഈ നടിയുടെ അവസ്ഥ ഒന്ന് നോക്കൂ” എന്ന മട്ടിലുള്ള വിലാപങ്ങളാണ് കണ്ണിൽ പെട്ടത്. ആ ചിത്രത്തിൽ അവർ വളരെ പ്രസന്നയും, ആരോഗ്യവതിയും ആയിട്ടാണ് പലർക്കും അനുഭവപ്പെട്ടത് . എത്ര നിർദ്ദയരാണ് നമ്മൾ എന്ന് തോന്നിപോകും നമ്മുടെ ക്രൂരമായ പരിഹാസവും വികലമായ ചിരികളും കണ്ടാൽ!!!

ഇതെഴുതുമ്പോൾ എനിക്കോർമ്മ വന്നത് പണ്ട് വായിച്ച, ഗോത്രസമൂഹങ്ങളിലെ സൗന്ദര്യസങ്കല്പത്തെ കുറിച്ചുള്ള ഒരു പഠനമാണ്. ഒരു ആദിവാസി സമൂഹത്തിൽ ഏറ്റവും സുന്ദരിയായി വാഴ്ത്തപ്പെടുന്നത് ഏറ്റവും പ്രായംചെന്ന സ്ത്രീയാണത്രെ.മുഖത്തെ ചുളിവുകൾ കൂടുംതോറും അവരുടെ സൗന്ദര്യം വർധിക്കുന്നതായി അവർ വിശ്വസിക്കുന്നു.കാരണം പ്രായക്കൂടുതൽ സൂചിപ്പിക്കുന്നത് അനുഭവസമ്പത്താണ്. അനുഭവങ്ങളാണ് അറിവ്. അറിവാണ് സൗന്ദര്യം.ചില ഗോത്രങ്ങളിൽ മരണത്തോട് അടുത്ത് നിൽക്കുന്ന ആളുകൾ മണ്മറഞ്ഞ പിതൃക്കളേയും ജീവിച്ചിരിക്കുന്ന യുവ സമൂഹത്തെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന കണ്ണികളാണ്. അങ്ങിനെ വളരെ വിഭിന്നങ്ങളായ സമീപനങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമൊക്കെ വഴിമാറി ആഗോളതലത്തിൽ ഒരു ഏകതാനമായ കാഴ്ചപ്പാടിലേക്കുള്ള ചുവടുമാറ്റം കൂടി യുവത്വം നിലനിർത്താനുള്ള തത്രപ്പാടിൽ നമുക്ക് കാണാൻ കഴിയും.സ്വാഭാവികമായി പ്രായമാകുക എന്ന ജൈവ പ്രക്രിയ വളരെ അധികം ഉത്കണ്ഠകളും ആശങ്കകളും ഓരോ വ്യക്തിക്കുള്ളിലും ഉളവാക്കുന്നു. അതിനെ മുതലെടുക്കുന്ന ഒരു സൗന്ദര്യ വ്യവസായവും താരവ്യവസായവും തഴച്ചു വളരുവാൻ നമ്മൾ അനുവദിക്കുന്നു.ഇത് വെറുമൊരു വ്യവസായത്തിന്റെ രീതി മാത്രമാക്കാതെ സാമൂഹ്യ ജീവിതത്തിന്റെ തന്നെ താളമായി മാറുമ്പോൾ വാർദ്ധക്യം കൂടുതൽ അപ്രസക്തവും, അശരണവും, വിലയില്ലാത്തതുമാകുന്നു.ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ , അന്തസ്സോടെ പ്രായമാകാൻ സ്ത്രീപുരുഷഭേദമെന്യേ ഓരോ വ്യക്തിക്കും അവകാശമുണ്ട് എന്ന ബോധ്യമായിരിക്കണം നമ്മുടെ സംസ്കാര സമ്പന്നതയുടെ അളവുകോൽ. ഒരു ഫോട്ടോയും വെറുമൊരു ഫോട്ടോ അല്ലല്ലോ!!!

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0