വാഴ്ത്തപ്പെടുമ്പോൾ

Homeകവിത

വാഴ്ത്തപ്പെടുമ്പോൾ

ന്യാമറിയമെന്ന വാഴ്ത്തപ്പെടൽ
പ്രകൃതിക്ക് നേരെയുള്ള
കണ്ണ് കെട്ടലാണ്
കന്യകാത്വമെന്ന ബാധ്യതയുടെ
കുരിശുതാങ്ങി നടന്നവൾ
വിശുദ്ധ മറിയമെന്ന്
വിളിക്കപ്പെടുമ്പോഴും
സംശയത്തിന്‍റെ പരിഹാസത്തിന്‍റെ
മുൾച്ചെടിയിൽ
എത്ര തവണ
കുരുങ്ങിപ്പിടഞ്ഞിരിക്കും?

 

ദൃശ്യപ്പെടാതെ
എത്ര കല്ലുകൾ കൂർപ്പിച്ച്
ഇരുൾ മറവിൽ അവൾക്ക്
നേരെ ഉയർന്നിരിക്കും?
“പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ” എന്ന ദൈവപുത്ര
വചനം കേൾക്കെ എത്ര ചുണ്ടുകൾ
നീ പാപിയുടെ മകനെന്ന് പുച്ഛത്തോടെ
പിറുപിറുത്തിരിക്കും?
കുരിശു ചുമന്നതിനാൽ
പാപത്തിന്‍റെ ശമ്പളം മരണമെന്ന്
അവൾ കേൾക്കെ ഉയർന്നിരിക്കും?

 

അത്ര സുഖകരമാവില്ല
ചിതറിപ്പോകാതെ മുട്ടത്തോടിനു
മുകളിലൂടെ നടക്കേണ്ടിവരുന്ന
സാഹസവും സൂക്ഷ്മതയും
ജീവിതം അതാകുമ്പോൾ

 

നിങ്ങൾക്കവളെ വിശുദ്ധയാക്കാം
നിത്യകന്യകയാക്കാം
ദൈവമാതാവാക്കാം

 

ചാർത്തപ്പെട്ട വിശേഷണത്തിന്‍റെ
ദൈവസ്തതയിൽ
ജൈവസ്തത നഷ്ടപ്പെട്ടവൾ
കാമനകൾ ദ്രവിച്ച്
പുഞ്ചിരികൂടി ദൈവത്തിനു
ദാനം നൽകി മരണത്തിന് മുൻപേ
സ്വയമൊരു ശില്പമായിട്ടുണ്ടാകാം.
കോഴിക്കോട് സർവ്വകലാശാല മലയാളവിഭാഗം ഗവേഷക കവിത ലേഖനങ്ങൾ എന്നിവ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്നു.
2019 ലെ കെ.എസ്.ബിമൽ ക്യാമ്പസ് കവിത പുരസ്ക്കാരം ലഭിച്ചു.

COMMENTS

COMMENT WITH EMAIL: 0