Homeവഴിത്താരകൾ

ടെലിവിഷന്‍ പരമ്പരകളെ കുറിച്ച് വിനത നന്ദയോടോപ്പം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കേരള സംസ്ഥാന ടെലിവിഷന്‍ ജൂറി നടത്തിയ പ്രഖ്യാപനം ചെറിയൊരു വിവാദവും ചര്‍ച്ചയും ഉണ്ടാക്കിയെങ്കിലും ഏതാനും വാര്‍ത്താ രാവുകളിലെ വിനോദ ചര്‍ച്ചകള്‍ക്കു ശേഷം സ്വാഭാവികമായി കെട്ടടങ്ങുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അവാര്‍ഡുകള്‍ നിഷേധിച്ചു കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്.മികച്ച നിലവാരമോ, കലാമൂല്യമോ, സാങ്കേതിക പ്രബുദ്ധതയോ കാഴ്ച വെക്കാത്ത ഈ വിനോദ സൃഷ്ടികളെക്കുറിച്ചു വളരെ മൂര്‍ച്ചയേറിയ ഭാഷയില്‍ തന്നെയാണ് ജൂറി വിലയിരുത്തിയിട്ടുള്ളത്. കുടുംബാന്തരീക്ഷത്തിലേക്കു ദിവസവും എത്തുന്ന പരമ്പരകള്‍ സ്ത്രീകളെയും കുട്ടികളെയും വളരെ വികലമായി ചിത്രീകരിക്കുന്നുവെന്നും,യാഥാസ്ഥിതികമായ സ്ത്രീ പ്രതിനിധാനമാണിവിടെ നടക്കുന്നതെന്നും ജൂറി തറപ്പിച്ചു പറയുന്നു. ഇത് രണ്ടാമത്തെ വര്‍ഷമാണ് ഇത്രയും രൂക്ഷമായ നിരീക്ഷണങ്ങള്‍ക്കു മലയാള ടെലിവിഷന്‍ പരമ്പരകള്‍ വിധേയമാകുന്നത്.
ഇത്തരമൊരു പ്രഖ്യാപനം മലയാള സിനിമയെ കുറിച്ചായിരുന്നെങ്കില്‍ ഉണ്ടാവുന്ന പുകില്‍ എന്താവുമായിരുന്നു എന്ന് ഒന്നു ആലോചിച്ചു നോക്കാവുന്നതാണ്. മറ്റൊരു കൗതുകകരമായ കാര്യം, ഇത്രയും സ്ത്രീകേന്ദ്രിതമായ ഒരു കഥാലോകത്തെ ചമയ്ക്കാന്‍ ഒരൊറ്റ സ്ത്രീയും കേരളത്തില്‍ ടെലിവിഷന്‍ സംവിധായിക ആയിട്ടില്ല എന്നതാണ്.  കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സിനിമാ സംവിധാനത്തിലേക്ക് മലയാളി സ്ത്രീകള്‍ വിജയകരമായി കടന്നുവരുമ്പോഴും സീരിയല്‍ എന്ന ആഖ്യാനരൂപത്തെ പുച്ഛിച്ചു പുറന്തള്ളുന്ന ബുദ്ധിജീവികളാണ് മലയാളി സമൂഹത്തിലേറെയും. ടെലിവിഷന്‍ സീരിയലുകള്‍ കാണുന്നവരില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ടാവാം.  ട്രാന്‍സ്പുരുഷരും ട്രാന്‍സ് സ്ത്രീകളും ഉണ്ടാവാം. എന്നാലും അതൊരു സ്ത്രീകളുടെ ലോകമായി മാത്രമാണ് കാണപ്പെടുന്നത്. ഈ അവസ്ഥയിലും വിനത നന്ദയെ പോലെയും ഏക്ത കപ്പൂരിനെ പോലെയും നീന ഗുപ്തയെ പോലെയും ഒരു സ്ത്രീ സംവിധായിക ടെലിവിഷന്‍ രംഗത്ത് കേരളത്തില്‍ നിന്നും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ്? കുക്കു പരമേശ്വരന്‍ സംവിധാനം ചെയ്ത അറിയാതെ എന്ന ടെലിഫിലിം മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നത്.
ഒരു സാങ്കല്‍പ്പിക സ്ത്രീപ്രേക്ഷകയാണ് ഈ പരമ്പരകളുടെ ടാര്‍ഗറ്റ് സദസ്.ഒരു ശരാശരി മലയാളി സ്ത്രീയുടെ അഭിരുചികളെക്കുറിച്ചും അവളുടെ ഭാവനാലോകത്തെക്കുറിച്ചും ചില മുന്‍വിധികള്‍ ഉണ്ട്.അവര്‍ ആരാണ്? നമ്മള്‍ അന്വേഷിച്ചിട്ടുണ്ടോ? സ്ത്രീകള്‍ എന്ന പ്രേക്ഷകര്‍ പല തട്ടുകളില്‍ ജീവിക്കുന്നവരാണ്. പല കാലങ്ങളില്‍ പല പ്രായഭേദങ്ങളില്‍ പല സമൂഹവിഭാഗങ്ങളില്‍ പല മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണവര്‍.അത്യന്തം സങ്കീര്‍ണമായ ഈ വ്യക്തിവിശേഷങ്ങള്‍ എല്ലാം തന്നെ ഒരേ രീതിയിലാണ് ഈ കഥാരൂപങ്ങളെ ഉള്‍ക്കൊള്ളുന്നത് എന്നതുത്തന്നെ അവിശ്വസനീയം. ടെലിവിഷന്‍ പഠനങ്ങളില്‍ ഓഡിയന്‍സ് സ്റ്റഡീസ് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്.കോര്‍പ്പറേഷന്‍ തൂപ്പുകാരികള്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപികമാര്‍, കുടുംബിനികള്‍, കൂലിപ്പണിക്കാര്‍, വീട്ടു വേലക്കാരികള്‍, വൃദ്ധരായവര്‍ വരെ സന്ധ്യ കഴിഞ്ഞാല്‍ ടെലിവിഷന് ചുവട്ടില്‍ ഒത്തുകൂടുന്നത് ഒരു ബോധവുമില്ലാതെ ടീവിയില്‍ കാണുന്നത് അപ്പാടെ വിഴുങ്ങാനല്ല. അവര്‍ ഈ പരമ്പരകളെ ആസ്വദിക്കുകയും, അഭിനന്ദിക്കുകയും, പരിഹസിക്കുകയും, വിമര്‍ശിക്കുകയും, വിവേചിച്ചറിയുകയും ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംസ്കാരത്തിന് ശ്ലാഘനീയമായ സംഭാവനകള്‍ നല്കിയിട്ടുള്ള പി.കെ. നായര്‍ ഒരിക്കല്‍ ഒരു സുഹൃദ് സംഭാഷണത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒരിക്കലും ഈ മാധ്യമത്തെ കുറച്ചു കാണരുത്. അടഞ്ഞ അകത്തളങ്ങളിലേക്ക് പുറം ലോകത്തെ, അതിന്‍റെ നൂതന ധാരകളെ ടെലിവിഷന്‍ എത്തിക്കുന്നുണ്ട്. പുറത്തേക്കു പ്രകടമല്ലെങ്കിലും വളരെ സൂക്ഷ്മതലങ്ങളില്‍ അത് മനുഷ്യരെ സ്വാധീനിക്കുന്നുണ്ട് .പ്രേക്ഷകര്‍ അതില്‍ ഇടപെടുന്നുണ്ട്. മാത്രമല്ല സ്വന്തമായി ബിസിനസ്സ് ചെയുന്ന സ്ത്രീകള്‍, കുടുംബിനികള്‍, പലതരം ജോലികളില്‍ വ്യാപൃതരായവര്‍, തന്ത്രങ്ങള്‍ മെനയുന്നവര്‍, അഴിമതിക്ക് കൂട്ടു നില്‍ക്കുന്നവര്‍ എന്നിങ്ങനെ വ്യത്യസ്തമായ സ്ത്രീചിത്രീകരണങ്ങളെല്ലാം ‘യാഥാസ്ഥിതികമാണ് ‘ എന്ന് തീര്‍പ്പു കല്‍പ്പിക്കുന്നത് ഏതു അളവുകോല്‍ ഉപയോഗിച്ചാണ്?
സംസ്ഥാന ജൂറിയുടെ നിശിതമായ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടും , ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും വിമന്‍സ് കളക്ടീവ് അടക്കമുള്ള പല പുരോഗമന കൂട്ടായ്മകളും രംഗത്ത് വരുകയും ചെയ്തു. തുടര്‍ന്നു വന്ന അഭിമുഖങ്ങളിലും എഴുത്തുകളിലും ഞാന്‍ ശ്രദ്ധിച്ചത് ഒരു തരം നിസ്സഹായതയും ഗൃഹാതുരത്വവും ആയിരുന്നു. ടെലിവിഷനില്‍ സ്വകാര്യവത്കരണം കൊണ്ട് വന്ന കേബിള്‍ വിപ്ലവത്തിന്‍റെ വരവിനു മുന്‍പ്, ദൂരദര്‍ശന്‍റെ ഗതകാല അഭിമാനങ്ങളായ ഹം ലോഗ്, ബുനിയാദ്, യേ ജോ ഹേ സിന്ദഗി എന്ന പോലെയുള്ള വിനോദവും സാമൂഹ്യ പ്രസക്തിയും ഒരുപോലെ ഉള്‍ച്ചേര്‍ന്ന പരമ്പരകളുടെ വളര്‍ച്ചയും തളര്‍ച്ചയും, ലാഭം മാത്രം മുന്നില്‍ കണ്ടു തട്ടിക്കൂട്ടുന്ന മെഗാസീരിയലുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരു ഇടത്തരം ഭാവുകത്വവും ഉണ്ടാക്കിയെടുത്ത ദുരവസ്ഥയെ കുറിച്ചുള്ള ഖേദപ്രകടനങ്ങള്‍ നമുക്ക് വളരെ സുപരിചിതമാണ് .
പക്ഷെ നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന ഒരു വസ്തുത, കേബിള്‍ ടെലിവിഷന്‍റെ വരവിനു ശേഷവും കരുതലോടെ എഴുതപ്പെട്ട സ്ത്രീകളുടെ പുതു ലോകങ്ങളെ, ടെലിവിഷന്‍ സീരിയലുകള്‍ ആവിഷ്കരിച്ചിരുന്നു എന്നതാണ്. അന്നുവരെ ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷക കാണാത്ത ഒരു പരിഷ്കൃത സ്ത്രീസൗഹൃദത്തിന്‍റെ കഥ പറഞ്ഞ താര എന്ന സീരിയല്‍ zee ടെലിവിഷനില്‍ 500 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. രത്ന പാഥക് പോലുള്ള അഭിനേത്രികള്‍ മികച്ച പ്രകടനം കാഴ്ചവെച്ച താര എന്ന പരമ്പര എഴുതിയവരില്‍ ഒരാള്‍ സ്ത്രീയാണ്. അതുവരെ പല സെറ്റുകളിലും അസ്സോസിയേറ്റ് ഡിറക്ടര്‍ ആയി ജോലി ചെയ്തിരുന്ന വിനത നന്ദ താരയുടെ കഥ രചിക്കുന്നതിലൂടെ മറ്റൊരു ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ സോപ്പ് ഓപെറയുടെ czarina എന്നാണവര്‍ ആ കാലങ്ങളില്‍ വിളിക്കപ്പെട്ടത് .പിന്നീട് ചലച്ചിത്ര സംവിധാനത്തിലേക്ക് ചേക്കേറുകയും വിവിധ മാധ്യമ സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വിനതയുമായി നടത്തിയ ഒരു ദീര്‍ഘദൂര സംഭാഷണത്തില്‍ നിന്നും അവരുടെ ചില നിരീക്ഷണങ്ങള്‍ വായനക്കാരുമായി പങ്കു വെക്കുകയാണിവിടെ.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ആദ്യകാല സ്ത്രീ സാന്നിധ്യങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നടത്തിയ വിനത എണ്‍പതുകളിലെ സാഹചര്യങ്ങളെ ഓര്‍ത്തെടുക്കുന്നത് ഇങ്ങിനെയാണ്.
“ദൂരദര്‍ശന്‍ ടെലിവിഷന്‍ വിനോദത്തിന്‍റെ മുഖ്യ സ്രോതസായി മാറുന്ന ഒരു സമയത്താണ് എന്‍റെ രംഗപ്രവേശം എന്നത് ഭാഗ്യമായിരുന്നു. ഗ്രാജുവേഷന്‍ കഴിഞ്ഞ് 1983ലാണ് നാടകത്തിലും,പരസ്യചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ഞാന്‍ പണിയെടുക്കാന്‍ തുടങ്ങിയത്.ഏറ്റവും വലിയ വിപ്ലവങ്ങള്‍ ടെലിവിഷനില്‍ നടത്തിയത് ആദ്യം ഹം ലോഗും പിന്നീട് ബുനിയാദും ആയിരുന്നു. ഏകദേശം ആ സമയത്തു തന്നെയാണ് ഗോവിന്ദ് നിഹ്ലാനിയുടെ തമസ് സംഭവിക്കുന്നത്. ആറു ഭാഗങ്ങളിലായിരുന്നു എങ്കിലും ഒരു സിനിമ തന്നെ ആയിരുന്നു അത് ഈ കാലത്തു തന്നെയാണ് സിനിമ നിര്‍മാണവും ടെലിവിഷന്‍ സീരിയല്‍ നിര്‍മാണവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഒരു ചാനല്‍ മാത്രം നിലവില്‍ ഉണ്ടായിരുന്നത് കൊണ്ട് സീരിയലുകള്‍ക്ക് അത്ര ആവശ്യക്കാരുണ്ടായിരുന്നില്ല. കുറച്ചു സ്ലോട്ടുകള്‍ മാത്രം ഉള്ള കാലമായിരുന്നു അത്. പക്ഷെ ടെലിവിഷന്‍ വ്യവസായം ഈ മാധ്യമത്തെയും അതിന്‍റെ സാമ്പത്തിക വശത്തേയും പതുക്കെ അറിഞ്ഞു തുടങ്ങുകയായിരുന്നു.”
കുന്ദന്‍ ഷാ ,രമണ്‍ കുമാര്‍ എന്നിവരുടെ കൂടെ സഹ സംവിധായിക ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വിനത, ചലച്ചിത്ര സംവിധായകരും കഴിവുറ്റ രചയിതാക്കളും ചേര്‍ന്ന് ടെലിവിഷന്‍ ആഖ്യാനങ്ങളെ സമ്പന്നമാക്കിയ ആ കാലത്തെ സന്തോഷത്തോടെ ഓര്‍ത്തെടുക്കുന്നു. മനോഹര്‍ ശ്യാം ജോഷി ,ശരദ് ജോഷി ഡോക്ടര്‍ റാഹി മാസൂം റാസ, ശ്രീധര്‍ ക്ഷീര്‍സാഗര്‍ എന്ന പോലുള്ളവരുടെ പങ്കാളിത്തം ടെലി ഉള്ളടക്കത്തെ കഴമ്പുറ്റതാക്കി. മലയാള ടെലിവിഷനിലും സിനിമയിലെ കലാകാരന്മാരും കലാകാരികളും അവരുടെ പങ്കുകള്‍ നിര്‍വഹിച്ചിരുന്നു. ചില പരമ്പരകള്‍ അക്ഷമ ഉണ്ടാക്കിയിരുന്നെങ്കിലും ഇത്രയും അവമതിക്കപ്പെട്ടിരുന്നില്ല. വിനത തുടരുന്നു: ‘1980കള്‍ 90കള്‍ക്ക് വഴിമാറിയതോടെ രംഗം ചൂടേറിയതായി. സാറ്റലൈറ്റ് ടെലിവിഷന്‍റെ വരവോടെ ആദ്യ ഇന്ത്യന്‍ സ്വകാര്യ ചാനലിന് സീ ടെലിവിഷന്‍ നാന്ദി കുറിച്ചു.’ ബ്യൂറോക്രസിയുടെ ചരടുവലികളില്‍ നിന്നും കഴിവുള്ള പ്രതിഭകള്‍ മോചിപ്പിക്കപ്പെട്ടതു എല്ലാവര്‍ക്കും തുടക്കത്തില്‍ ആശ്വാസമായിരുന്നു. നാടകത്തിലും മറ്റു കലാരൂപങ്ങളിലും പരിശീലനം കിട്ടിയ ആളുകളായിരുന്നു ടെലിവിഷന്‍ രംഗത്തും ആദ്യ കാലങ്ങളില്‍ സജീവമായി ഉണ്ടായിരുന്നത്. വിനതയുടെ വാക്കുകളില്‍ ആ ഉത്സാഹവും കൃതാര്‍ഥതയും ഇപ്പോഴും തുടിക്കുന്നുണ്ട് :’90 കളില്‍ ഉടനീളം ടെലിവിഷന്‍ ആഖ്യാനങ്ങള്‍ക്കു ഒരു മാന്യത കിട്ടിയിരുന്നു; കഴിവുള്ളവര്‍ക്കു വിഭിന്നങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നു.വിവിധങ്ങളായ ഇന്ത്യന്‍ സംസ്കാരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളും, കഥകള്‍ ഗ്രാമീണമായാലും നഗരകേന്ദ്രിതമാണെങ്കിലും, സ്ക്രീനില്‍ കാണാന്‍ പറ്റുമായിരുന്നു.”
പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ചാനലുകള്‍ വര്‍ധിച്ചു.കൂടുതല്‍ വിഭവങ്ങള്‍ക്കായി ഈ ‘രാക്ഷസന്‍’ മുറവിളി കൂട്ടാന്‍ തുടങ്ങി. അതോടു കൂടി പരമ്പരകള്‍ വരുമാന മാര്‍ഗം മാത്രമായി ചുരുങ്ങി.നിലവാരത്തകര്‍ച്ച പിന്നെ എളുപ്പമായി.അഭിനയമോ സംവിധാനമോ അറിയാത്തവര്‍ അരങ്ങു വാഴാന്‍ തുടങ്ങി. പ്രൊഡ്യൂസര്‍മാരുടെ ഭാര്യമാരും മക്കളും മരുമകളും എല്ലാവരും ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളായി മാറി. ദില്ലിയിലെ മണ്ഡി മന്ദിരത്തിനു പുറത്തിരിക്കുന്ന പാന്‍ വില്‍പ്പനക്കാരന്‍ പോലും ടെലിവിഷന്‍ നിര്‍മ്മാതാവാണെന്നു അന്ന് പലരും പറഞ്ഞിരുന്ന തമാശ അത്ര തമാശ അല്ലായിരുന്നു. വളരെ പെട്ടെന്നുള്ള ചാനലുകളുടെ വളര്‍ച്ചയില്‍ തകര്‍ന്നത് നല്ല കഥപറച്ചിലുകളാണ് . ടി ആര്‍ പീ റേറ്റിംഗിന് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അവസാന മിനിറ്റില്‍ സ്ക്രിപ്റ്റുകളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കും .പിന്നെങ്ങിനെയാണ് യുക്തിഭദ്രമായ വൈകാരിക സത്യസന്ധതയുള്ള കഥകളും കഥാപാത്രങ്ങളും എഴുതപ്പെടുക? നാട്ടിന്‍പുറങ്ങളിലെ പ്രേക്ഷകരെക്കുറിച്ചുള്ള തെറ്റായ വികലമായ ധാരണകളും ഈ നിലവാരത്തകര്‍ച്ചക്ക് ആക്കം കൂട്ടി . അമ്പരപ്പിക്കുന്ന രീതികളിലാണ് സീരിയല്‍ പണിശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പരമ്പര ടെലികാസ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്‍റെ റേറ്റിംഗ് ഉയരുന്നതും താഴുന്നതും കാണാന്‍ കഴിയും .മിക്കപ്പോഴും ഈ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ഒരു ചാനലിന്‍റെ തലവന്‍ പിറ്റേന്ന് സംപ്രേക്ഷണം ചെയ്യണ്ട എപ്പിസോഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകരോട് ആവശ്യപ്പെടാം. അവസാന നിമിഷം പിറ്റേന്നു ടീവിയില്‍ തെളിയേണ്ട ഭാഗം മൊത്തമായി പൊളിച്ചെഴുതേണ്ടി വരും. ഈ അവസ്ഥ കാണാതെ സീരിയലുകളെ മാത്രമായി പഴി ചാരിയിട്ടു എന്ത് കാര്യം.
ലാഭമാണ് ഏക ലക്ഷ്യം. വിനതയുടെ വാക്കുകളില്‍ യാഥാര്‍ഥ്യത്തിന്‍റെ കടുപ്പം നിഴലിക്കുന്നു.”ഞാന്‍ തമാശ പറയുകയല്ല. ഇത് ദിവസം തോറും സംഭവിക്കുന്നു. ഈ ബിസിനസ്സില്‍ എന്‍റെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട്. ഭ്രാന്തമായ അവസ്ഥയാണ് അവരുടേത്. പക്ഷെ അവരുടെ മാനസിക ആരോഗ്യത്തെക്കാള്‍ അവര്‍ക്ക് പ്രധാനം അവരുണ്ടാക്കുന്ന ലാഭമാണ്.”
അതെ, പരമ്പരകളെ ഇകഴ്ത്തുമ്പോള്‍, വിമര്‍ശിക്കുമ്പോള്‍ ഈ പശ്ചാത്തലം കൂടി നാം അറിയേണ്ടിയിരിക്കുന്നു.
സീരിയലുകള്‍ ഉണ്ടാക്കുന്ന ലാഭത്തിലാണ് ചാനലുകള്‍ നിലനില്‍ക്കുന്നത്.ഇരുട്ടിനു ശേഷം പുറം ലോകത്തെ കാഴ്ചകളും രസങ്ങളും നിഷേധിക്കപ്പെടുന്ന സ്ത്രീകളാണ് ഇന്നും സീരിയലുകളുടെ തടവുപുള്ളികള്‍. ഈ സ്ത്രീ പ്രേക്ഷകരുടെ തുടര്‍ച്ചയായ സാന്നിധ്യത്തിലാണ് ടീവീ ചാനലുകള്‍ തങ്ങളുടെ പ്രതിസന്ധികളെ അതിജീവിക്കുന്നത്. അവാര്‍ഡുകള്‍ നിഷേധിക്കുമ്പോള്‍ ഈ സങ്കീര്‍ണമായ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടി ഇരിക്കുന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ചാനല്‍ മത്സരം എന്തുകൊണ്ടാണ് മികവിനെ സൃഷ്ടിക്കാത്തത് ?

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0