Homeഅതിഥിപത്രാധിപക്കുറിപ്പ്

നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംഘടിതയുടെ ഈ ലക്കം തൊഴിലും ലിംഗ പദവിയും എന്ന വിഷയം ചര്‍ച്ച ചെയ്യുന്നത്. ഈ ലക്കം സംഘടിതയുടെ ലേഖന സമാഹരണം ആരംഭിച്ച സമയത്താണ് അസംഘടിത – സ്വയം തൊഴില്‍ മേഖലകളിലെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ തൊഴിലാളി സംഘാടനത്തില്‍ വ്യത്യസ്തമായ ചരിത്രം കുറിച്ച സേവയുടെ സ്ഥാപക നേതാവ് ശ്രീമതി ഇളബെന്‍ ഭട്ട് നമ്മളോട് വിട പറയുന്നത്. ദേശീയ -അന്തര്‍ ദേശീയ തലങ്ങളില്‍ തൊഴില്‍ വ്യവഹാരങ്ങളില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 50 വര്‍ഷം മുമ്പ് ഇളബെന്‍ ഏറ്റെടുത്ത വെല്ലുവിളി എത്ര പ്രസക്തമായിരുന്നുവെന്നും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളിലേക്ക് ഇനിയും എത്ര ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇള ബെന്നിന്‍റെ വിയോഗം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. സാഹോദര്യത്തിന്‍റെയും നേതൃത്വത്തിന്‍റെയും വലിയ ഒരു വിടവാണ് ഈ വിയോഗം സൃഷ്ടിച്ചതെങ്കിലും കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി അവര്‍ മുന്നോട്ടു വച്ച പ്രത്യയ ശാസ്ത്ര അടിത്തറയും സംഘാടന വെല്ലുവിളികളും ഏറ്റെടുക്കാന്‍ ശക്തിയാര്‍ജ്ജിക്കുകയാണ് ഈ അവസരത്തില്‍ നാം ചെയ്യേണ്ടത്.
തൊഴില്‍- ലിംഗ പദവി ബന്ധങ്ങളിലെ വ്യത്യസ്ത വിഷയങ്ങളാണ് ഈ ലക്കത്തിലെ ചര്‍ച്ചാ വിഷയം. പ്രബല ആഖ്യാനങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തൊഴില്‍ ലിംഗ പദവി ബന്ധങ്ങളെ മനസ്സിലാക്കുന്നതിന്‍റെ പരിമിതി ഫെമിനിസ്റ്റ് തൊഴില്‍ / സാമ്പത്തിക സൈദ്ധാന്തികര്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. ദൃശ്യമായ തൊഴില്‍ ദാതാവുണ്ടെങ്കില്‍ മാത്രമേ തൊഴില്‍ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കാനാവുകയുള്ളു എന്നതായിരുന്നു വര്‍ഗ്ഗ വിശകലന സിദ്ധാന്തങ്ങളുടെ പ്രധാന ദിശ. തൊഴിലാളി എന്ന സ്വത്വബോധം മുതല്‍ മറ്റ് എല്ലാ അവകാശങ്ങളും കേന്ദ്രീകൃത തൊഴില്‍ ഇടം, തൊഴില്‍ ദാതാവ്, കുടുംബത്തിലെ പുരുഷ അന്നദാതാവ് (തൊഴിലാളി) – ഈ മൂന്ന് വിശേഷണങ്ങള്‍ക്കുള്ളില്‍ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ലോകത്തെ തൊഴിലാളി വര്‍ഗ്ഗത്തെ മുഴുവന്‍ ഔദ്യോഗികവല്ക്കരിക്കുന്ന (formalise) പ്രക്രിയയിലേക്ക് ഈ സംയോജനം സഹായിക്കും എന്ന തരത്തിലായിരുന്നു മുഖ്യധാരാ തൊഴില്‍ സിദ്ധാന്തങ്ങള്‍ എല്ലാം ഘടനാവല്ക്കരിക്കപ്പെട്ടിരുന്നത്. ആഗോള സാമ്പത്തിക നയങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും തൊഴില്‍ ബന്ധങ്ങളെയൊക്കെ മാറ്റിമറിച്ചത് നമ്മള്‍ കണ്ടു. ഉല്പാദനരീതികളും ബന്ധങ്ങളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. ഔദ്യോഗിക (formal) തൊഴിലുകളുടെ ഈറ്റില്ലം എന്നറിയപ്പെട്ടിരുന്ന വികസിത – പാശ്ചാത്യന്‍ രാജ്യങ്ങളിലെല്ലാം തൊഴില്‍ അനൗദ്യോഗവല്ക്കരിക്കപ്പെടുക ഇന്ന് സ്വഭാവികമാണ്. ഈ മാറ്റങ്ങള്‍ ഘടനാപരമായ വര്‍ഗ്ഗ മാറ്റങ്ങള്‍ക്ക് അതീതമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രക്രിയ ജാതി, ലിംഗം, വര്‍ണ്ണം, ദേശീയത – തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ കൂടുതല്‍ പാര്‍ശ്വവല്ക്കരിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണമായി പരമ്പരാഗത മേഖലകള്‍ പുരുഷന്മാര്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് പോയപ്പോള്‍ അവ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സ്ത്രീകള്‍ക്കായി മാറി. പൊതു വിഭവങ്ങളെ (common resources) ആശ്രയിച്ചു ഉപജീവനം നിര്‍വ്വഹിച്ചിരുന്ന ധാരാളം പേര്‍ക്ക് വിഭവങ്ങള്‍ അപ്രാപ്യമായി. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയുള്ള കുടിയേറ്റങ്ങള്‍ അസംഘടിത തൊഴിലാളികള്‍ക്ക് ചൂഷണത്തിന്‍റെ അനുഭവങ്ങളാണ് നല്കുന്നത്. തൊഴിലിടങ്ങള്‍ ചിതറപ്പെട്ട് ചിലവ് കുറഞ്ഞ ഇടങ്ങളിലേക്ക് ഉല്പാദനം സ്വഭാവികമായി മാറുന്നു. വീടുകള്‍ തൊഴിലിടങ്ങളായി മാറ്റപ്പെടുന്നു. തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കിയിരുന്ന ഭരണകൂടങ്ങള്‍ അതില്‍ നിന്നെല്ലാം പിന്മാറി കൊണ്ടിരിയ്ക്കുന്നു. നിലനില്ക്കുക എന്നത് തൊഴിലാളിയുടെ മാത്രം ഉത്തരവാദിത്വമായി മാറി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കുറയുന്ന സ്ത്രീ തൊഴില്‍ പങ്കാളിത്തം, തൊഴില്‍ നിയമ പരിഷ്ക്കാരങ്ങള്‍, തൊഴിലിടങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഇവയൊക്കെ വിശകലനം ചെയ്യേണ്ടത്.

ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് തൊഴില്‍- ലിംഗ പദവി ബന്ധങ്ങളെ ഈ ലക്കത്തില്‍ സമീപിച്ചിരിക്കുന്നത്. തൊഴിലിലെ സ്ത്രീ പങ്കാളിത്തത്തെ ചര്‍ച്ച ചെയ്യുന്ന രശ്മി ഭാസ്കരന്‍റെ ലേഖനം ഇന്ത്യയില്‍ സമീപകാലത്ത് സ്ത്രീ തൊഴില്‍ പങ്കാളിത്തത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. അസംഘടിത തൊഴില്‍ മേഖലയുടെ പ്രശ്നങ്ങള്‍ക്കൊപ്പം അഭ്യസ്തവിദ്യരായ സ്ത്രീ തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ അദൃശ്യരായി പോവുന്ന അവസ്ഥയാണ് സ്ഥിതിവിവരകണക്കുകളിലൂടെ വിശദീകരിക്കുന്നത്.

അസംഘടിത തൊഴില്‍ മേഖലയുടെ അവകാശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കണമെന്ന രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്‍റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ കഴിഞ്ഞ ബി ജെ പി സര്‍ക്കാരിന്‍റെ സമയത്ത് 44 തൊഴില്‍ നിയമങ്ങള്‍ 4 ലേബര്‍ കോഡായി ചുരുക്കുന്ന പ്രക്രിയ ആരംഭിച്ചു. ഏറ്റവുമവസാനം 29 നിയമങ്ങള്‍ 4 കോഡുകളായി മാറി. അസംഘടിതമേഖലയും സ്ത്രീതൊഴിലാളികളും ഒക്കെ വിസ്മൃതിയിലായി എന്ന് മാത്രമല്ല സംഘടിത മേഖലയ്ക്ക് ലഭ്യമായിരുന്ന പല നിയമങ്ങളും റദ്ദുചെയ്യപ്പെടുകയും ചെയ്തു. തുല്യ ജോലിയ്ക്ക് തുല്യവേതനമെന്ന സുപ്രധാന നിയമം (1976) ഇല്ലാതാവുന്നതിലൂടെ തൊഴിലിലെ ലിംഗ തുല്യത ചോദ്യം ചെയ്യപ്പെടുകയാണ്. തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളെ അസംഘടിത / സ്ത്രീ തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് ജസൂണ്‍ വിശകലനം ചെയ്യുന്നു.

തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ വര്‍ഗ്ഗ അവകാശങ്ങളായി മാത്രം കാണുന്ന പൊതുബോധം ശക്തമായി നിലകൊള്ളുമ്പോള്‍, അതിക്രമങ്ങള്‍ ,പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങളെ ചെറുക്കാനുള്ള നിയമം ഉണ്ടെങ്കില്‍ കൂടി ഫലപ്രദമാവാത്ത യാഥാര്‍ത്ഥ്യങ്ങളെ സംഘടിത / അസംഘടിതമേഖലകളിലെ വിവിധ തൊഴിലിടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളിലൂടെ വ്യക്തമാക്കുകയാണ് ജെന്നി . നിലവിലുള്ള POSH നിയമത്തിന്‍റെ പരിമിതികള്‍ , സ്ത്രീ തൊഴിലാളികളുടെ യഥാര്‍ത്ഥ അവസ്ഥ ഉള്‍കൊള്ളാതെ നടക്കുന്ന നടപടിക്രമങ്ങള്‍, അസംഘടിത മേഖലയ്ക്ക് ഈ നിയമം അപ്രാപ്യമാകുന്നത് – ഇവയെല്ലാം വിശദമായി ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

അതുല്യ, അനു, സുമ, ഹമീദ എന്നിവര്‍ നാല് വ്യത്യസ്ത മേഖലകളിലെ തൊഴിലവസ്ഥകളും സ്ത്രീ തൊഴിലാളികളുടെ അരികുവല്കരണവും ചര്‍ച്ച ചെയ്യുന്നു. ഒരു പ്രധാനപ്പെട്ട സംഘടിത തൊഴില്‍ മേഖലയായ തോട്ടംതൊഴിലിലെ സ്ത്രീയവസ്ഥകള്‍ അതുല്യ തന്‍റെ പഠനാനുഭവത്തിലൂടെ വിശദീകരിക്കുന്നു. സ്ത്രീകള്‍ ഭൂരിഭാഗം തൊഴിലെടുക്കുന്ന തേയില തോട്ടങ്ങളില്‍ സംഘടിത മേഖലയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്മെന്‍റ് നിര്‍ബന്ധിതമാണെങ്കിലും ചൂഷണത്തിന്‍റെ വിവിധ തലങ്ങളിലൂടെ സ്ത്രീ തൊഴിലാളികള്‍ എങ്ങനെ അസംഘടിതവല്ക്കരിക്കപ്പെടുന്നു എന്ന് വിശദമായി ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തങ്ങളുടേതായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ അവരുടെ ജാതിയും കുടിയേറ്റ സ്വത്വവും എത്രത്തോളം തടസ്സമാകുന്നുവെന്നത് ആശങ്കയുളവാക്കുന്നു.
തികച്ചും അസംഘടിതരായ , എന്നാല്‍ തങ്ങളുടെ കരുത്ത് കൊണ്ട് തൊഴിലിടങ്ങളില്‍ പൊരുതി പിടിച്ചു നില്ക്കുന്നവരാണ് മത്സ്യതൊഴിലാളി സ്ത്രീകള്‍. വ്യവസ്ഥാപിത സമയബന്ധനങ്ങളെ അതിജീവിച്ച് തങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ ജീവിതം പുലര്‍ത്തുന്നവരാണീ സ്ത്രീകള്‍. പൊതു സമൂഹം ജാതി- സമുദായ വിവേചനങ്ങളാല്‍ ഈ സ്ത്രീകളെ അരികുവല്ക്കരിക്കുന്നത് അവരുടെ ദൈനംദിനാനുഭവമാണ്. പ്രാദേശിക സര്‍ക്കാരുകളുടെ പ്രതിനിധികളും പോലീസുമൊക്കെ ഈ സ്ത്രീകളോടു കാണിക്കുന്ന ക്രൂരത, ചന്തകള്‍ നടത്തുന്നവരില്‍ നിന്ന് ഏല്ക്കേണ്ടി വരുന്ന പീഢനങ്ങള്‍, തൊഴിലിന് അനുബന്ധമായി അനുകൂല സാഹചര്യങ്ങള്‍ ല്യമാകാത്തത് -ഇവയെല്ലാം ഈ ലേഖനത്തിലൂടെ ഹമീദ ചര്‍ച്ച ചെയ്യുന്നു. വികസന പദ്ധതികളുടെ ആഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നത് ഈ പഠനത്തിലൂടെ വീണ്ടും വ്യക്തമാവുന്നു

കുടിയേറ്റം ഇന്ന് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിഭാസമാണ്. തെക്കന്‍ രാജ്യങ്ങളില്‍ നിന്ന് വടക്കന്‍ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടക്കുന്നതോടൊപ്പം ഇന്ത്യയുടെ വടക്ക്, വടക്കു-കിഴക്ക് ,തെക്ക് – പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും തൊഴിലിനായി വന്‍തോതില്‍ കുടിയേറ്റം കേരളത്തിലേക്ക് നടക്കുന്നു എന്നത് കുറേ വര്‍ഷങ്ങളായുള്ള യാഥാര്‍ത്ഥ്യമാണ്. സംഘടിത മേഖലയിലേക്കും അസംഘടിത മേഖലയിലേക്കും ധാരാളമായി പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ തൊഴിലിനായി എത്തുന്നുണ്ട്. കുടിയേറ്റങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ അവസ്ഥകള്‍ക്ക് വലിയ ശ്രദ്ധ ആരും നല്കാറില്ല. 12 വയസ്സ് മുതല്‍ പെണ്‍കുട്ടികള്‍ തൊഴിലിനായി കേരളത്തിലേക്ക് ധാരാളമായി എത്തുന്നു എന്നതാണ് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലും കേരളത്തിലും നടന്ന പഠനങ്ങളും ഇടപെടലുകളും വ്യക്തമാക്കുന്നത്. തൊഴില്‍ ചൂഷണങ്ങള്‍, ശാരീരിക ചൂഷണങ്ങള്‍, മോശമായ ജീവിതാവസ്ഥകള്‍ എല്ലാം തൊഴിലാളികള്‍ നിരന്തരം അനുഭവിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു പാട് കാര്യങ്ങള്‍ ചെയ്തു എന്ന് അഭിമാനത്തോടെ പറയുന്ന കേരള സര്‍ക്കാര്‍ ഈ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ വേണ്ട രീതിയില്‍ ഇടപെടാത്തതിനെ ചൂണ്ടി കാണിച്ചു കൊണ്ട് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സുമ കോട്ടൂര്‍.
ഈ തൊഴിലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു തൊഴില്‍ മേഖലയുടെ യാഥാര്‍ത്ഥ്യമാണ് അനു കെ ആന്‍റണി തുറന്നു കാട്ടുന്നത്. സ്ത്രീത്വത്തിന്‍റെ അടയാളങ്ങളായ പരിചരണം, സാന്ത്വനം തുടങ്ങിയ ഗുണങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ മത ചട്ടകൂടിനുള്ളിലെ തൊഴിലുകളാക്കി മാറ്റപ്പെടുമ്പോള്‍ തൊഴിലാളി സ്വത്വം തന്നെ അവഗണിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ വിവിധ തൊഴില്‍ മേഖലകളെ കുറിച്ചും അവിടെ അവര്‍ അനുഭവിക്കുന്ന അരക്ഷിതത്ത്വവും വിധേയപ്പെടാനുള്ള സ്വാധീനങ്ങളും ഈ ലേഖനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സംഘടിത / അസംഘടിത ദ്വന്ദ നിര്‍മ്മിതികള്‍ക്കപ്പുറത്ത് ലിംഗാധികാരം മതമേധാവിത്വവുമായി സംയോജിക്കുന്ന പ്രത്യേക തൊഴിലനുഭവങ്ങളാണ് ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്നത്. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ നേട്ടങ്ങള്‍ ഈ ലിംഗ പദവി അധികാരങ്ങളെ ചോദ്യം ചെയ്യാനുള്ള ഇടങ്ങള്‍ ഇനിയും നിര്‍മ്മിച്ചെടുത്തിട്ടില്ല എന്നത് ഗൗരവമായ പ്രതിസന്ധിയാണ്.
തൊഴിലിടങ്ങളുടെയും തൊഴില്‍ സ്വത്വങ്ങളുടേയും വാര്‍പ്പുമാതൃകകളില്‍ മാത്രം തൊഴില്‍ അടയാളപ്പെടുത്തപ്പെടുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി, വെല്ലുവിളികളെ അതിജീവിച്ച് തൊഴില്‍സാദ്ധ്യത കണ്ടെത്തിയ അനുഭവമാണ് വര്‍ഷ നന്ദിനിയുടേത്. ട്രാന്‍സ് ജീവിതങ്ങള്‍ അവരുടെ കൗമാരകാലം മുതല്‍ ആണ്‍/പെണ്‍ ചട്ടകൂടുകളില്‍ തളയ്ക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് മോചനം തേടി നാടും വീടും വിദ്യാഭ്യാസവും എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്ന തന്‍റെ ജീവിതത്തെ സര്‍ക്കാരിന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ നയവും കുടുംബശ്രീയുടെ ഇടപെടലും എങ്ങനെ മാറ്റിമറിച്ചു എന്ന് വര്‍ഷ കാര്യമായി വിശദമാക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോയി ഈ വര്‍ഷത്തെ മികച്ച ട്രാന്‍സ്ജെന്‍ഡര്‍ സംരഭകയ്ക്കുള്ള അവാര്‍ഡിന് അവരെ അര്‍ഹയാക്കി എന്നത് വളരെ അഭിനന്ദനാര്‍ഹമാണ്. കോവിഡ് ഒരുപാട് പേരുടെ ഉപജീവന സാദ്ധ്യതകള്‍ തല്ലി കെടുത്തിയപ്പോള്‍ സര്‍ക്കാരിന്‍റെയും കുടുംബശ്രീയുടെയും സഹായത്തോടെ എങ്ങനെ പിടിച്ചു നില്ക്കാനായി ശ്രമിക്കുന്നു എന്ന് വര്‍ഷ പങ്കു വയ്ക്കുന്നു. വ്യത്യസ്ത ലിംഗവിഭാഗങ്ങള്‍ക്ക് തൊഴിലിലെ സ്ത്രീ / പുരുഷ ദ്വന്ദ്വനിര്‍മ്മിതികള്‍ എങ്ങനെ വിവേചനപരമാവുന്നു എന്നവര്‍ വ്യക്തമാക്കുന്നുണ്ട്.

ഈ ചെറിയ കുറിപ്പ് ആരംഭിച്ചത് ഇളബെന്നിന്‍റെ ഓര്‍മ്മകളെ സ്മരിച്ചു കൊണ്ടാണ്. ആണധികാര തൊഴിലാളി സംഘാടനങ്ങള്‍ ഇന്ത്യയുടെ തൊഴിലാളി രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചു കൊണ്ടിരുന്ന ഇടത്തിലേക്ക് സ്ത്രീ തൊഴിലാളികളുടെ അതും അസംഘടിത മേഖലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ച് മുഖ്യധാരാ ട്രേയ്ഡ് യൂണിയനുകളോടൊപ്പം കേന്ദ്ര ട്രേയ്ഡ് യൂണിയന്‍ അംഗീകാരത്തിലേക്ക് സേവയെ എത്തിച്ച ഇളബെന്നിന്‍റെ സ്മരണകള്‍ മറ്റു ലേഖനങ്ങള്‍ക്കൊപ്പം സംഘടിതയുടെ ഈ ലക്കത്തിന് നിറവ് പകരും എന്നതിന് യാതൊരു സംശയവുമില്ല. വൈവിദ്ധ്യമാര്‍ന്ന ലേഖനങ്ങളും അനുഭവങ്ങളും കൊണ്ട് ഈ ലക്കത്തെ സമ്പുഷ്ടമാക്കിയ പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി. ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ച പല വിഷയങ്ങളും ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍- ലിംഗ പദവി എന്ന വിശാല ലോകത്തിലെ ചില കാഴ്ച്ചകള്‍ മുന്‍പോട്ടുള്ള ചര്‍ച്ചകള്‍ക്ക് അര്‍ത്ഥവത്താകുമെന്ന് പ്രതീഷിക്കട്ടെ.

ഡോ.സോണിയ ജോര്‍ജ്ജ്
സേവ (SEWA) യൂണിയന്‍
ജനറല്‍ സെക്രട്ടറി

COMMENTS

COMMENT WITH EMAIL: 0