Homeശാസ്ത്രം

ആകാശ വിസ്മയങ്ങളിലേക്ക് മിഴിനട്ട സിസിലിയ ഗാപ്പോഷ്കിന്‍

ജ്യോതിശാസ്ത്രത്തോടുള്ള അതീവ താല്പര്യം കാരണം 1920-കളില്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ ജ്യോതിശാസ്ത്രം പഠിക്കാനെത്തിയ പെണ്‍കുട്ടി. ക്ലാസ്സിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരേ നിരയില്‍ ഇരിക്കാനോ ലാബിലെ ഉപകരണങ്ങള്‍ ഉപയോഗിക്കാനോ അവള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നിട്ടും മികച്ച രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കി. പക്ഷേ പെണ്‍കുട്ടിയായതിന്‍റെ പേരില്‍ ബിരുദം നല്‍കാന്‍ യൂണിവേഴ്സിറ്റി തയ്യാറായില്ല. പില്‍ക്കാലത്ത് ജ്യോതിര്‍ഭൗതികത്തില്‍ വിസ്മയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ചപ്പോഴും പെണ്ണായതുകൊണ്ടു മാത്രം അവഗണനയുടെ കടലാഴങ്ങള്‍ താണ്ടേണ്ടി വന്ന ആ വനിതയാണ് സിസിലിയ പേയ്ന്‍ ഗാപ്പോഷ്കിന്‍.

1900-ല്‍ ഇംഗ്ലണ്ടില്‍ എമ്മ ഹെലെനയുടെയും എഡ്വേഡ് പേയ്നിന്‍റെയും മൂന്നു മക്കളില്‍ ഒരാളായാണ് സിസിലിയയുടെ ജനനം. സിസിലിയക്ക് നാലു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു.കഷ്ടപ്പാടുകള്‍ക്കിടയിലും മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോവാന്‍ എമ്മ ഏറെ ശ്രദ്ധിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ശാസ്ത്രം പഠിക്കണമെന്ന സിസിലിയയുടെ ആഗ്രഹത്തെ പലരും തമാശയായാണ് അന്നു കണ്ടത്. അതൊന്നും പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല, സംഗീതമോ മറ്റോ പഠിക്കൂ തുടങ്ങിയ ഉപദേശങ്ങളൊന്നും സിസിലിയ ചെവിക്കൊണ്ടില്ല. സ്ക്കോളാര്‍ഷിപ്പോടെ കേംബ്രിജിലെ ന്യൂണ്‍ഹാം കോളേജില്‍ ബോട്ടണിയും ഫിസിക്സും കെമിസ്ട്രിയും പഠിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ബോട്ടണി പഠനം ഉപേക്ഷിച്ചു. ആ സമയത്ത് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്‍തര്‍ എഡിങ്ടണിന്‍റെ ഒരു പ്രഭാഷണം കേട്ടതോടെ സിസിലയയുടെ ലോകം തന്നെ മാറിമറിഞ്ഞു. തന്‍റെ മേഖല ജ്യോതിശാസ്ത്രം തന്നെയെന്ന് ആ പെണ്‍കുട്ടി ഉറപ്പിച്ചു. യു.കെ.യില്‍ തുടര്‍ന്നാല്‍ തന്‍റെ സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമാവില്ലെന്നു തിരിച്ചറിഞ്ഞ സിസിലിയ നേരെ യു.എസ്സിലേക്ക് ചേക്കേറി. ആ സമയത്താണ് ഹാര്‍വാഡ് കോളേജ് ഒബ്സര്‍വേറ്ററിയില്‍ ഹാര്‍ലോ ഷാപ്ലിയുടെ നേതൃത്വത്തില്‍ വനിതകളെ ജ്യോതിശാസ്ത്ര പഠനത്തിലേക്ക് കൊണ്ടുവരാനായി ഫെല്ലോഷിപ്പോടെ ഒരു പ്രോഗ്രാം ആരംഭിക്കുന്നത്. 1922-ല്‍ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതയായതോടെ സിസിലിയയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു.

നക്ഷത്രങ്ങളുടെ അന്തരീക്ഷ രഹസ്യങ്ങള്‍ ചുരുള്‍നിവര്‍ത്തുന്നതില്‍ സിസിലിയയുടെ പ്രാഗല്‍ഭ്യം തിരിച്ചറിഞ്ഞ ഷാപ്ലി അതിനെക്കുറിച്ചൊരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ 1925-ല്‍ ഹാര്‍വാഡിലെ റാഡ്ക്ലിഫ് കോളേജില്‍ നിന്നും ജ്യോതിശാസ്ത്രത്തില്‍ പി.എച്ച്ഡി നേടുന്ന ആദ്യ വ്യക്തി എന്ന ബഹുമതിക്കു സിസിലിയ അര്‍ഹയായി. മേഘനാഥ സാഹയുടെ അയണൈസേഷന്‍ തിയറിയുടെ സഹായത്തോടെ നക്ഷത്രങ്ങളുടെ സ്പെക്ട്രല്‍ രേഖകളും അവയുടെ താപനിലയും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ അവര്‍ക്കു സാധിച്ചു. നക്ഷത്ര ഘടനയില്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ് എന്നും സിസിലിയ കണ്ടെത്തി. എന്നാല്‍ ഭൂമിയും താരാഗണങ്ങളുമൊക്കെ ഒരേ പദാര്‍ഥങ്ങളാല്‍ നിര്‍മ്മിതമാണെന്ന ധാരണ ശക്തമായിരുന്ന അക്കാലത്ത് സിസിലയുടെ ഈ കണ്ടെത്തലിനെ പരിഹാസത്തോടെയാണ് പല ശാസ്ത്രജ്ഞരും നോക്കിക്കണ്ടത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സിസിലയുടെ കണ്ടെത്തല്‍ ശരിയായിരുന്നുവെന്ന് ഹെന്‍റി നോറിസ് റസ്സലിനെപ്പോലുള്ള ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അടിവരയിട്ടു തന്നെ പറയേണ്ടി വന്നു. ജ്യോതിശാസ്ത്രത്തില്‍ അന്നോളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രബന്ധമെന്ന് ഓട്ടോ സ്ട്രൂവ് എന്ന ജ്യോതിശാസ്ത്രജ്ഞന്‍ സിസിലിയയുടെ ഗവേഷണപ്രബന്ധത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
ക്ഷീരപഥത്തിന്‍റെ ഘടന, ചര നക്ഷത്രങ്ങള്‍, മെഗല്ലനിക് ക്ലൗഡ് തുടങ്ങി ജ്യോതിര്‍ഭൗതികത്തില്‍ ഈ വനിത കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഹാര്‍വാഡില്‍ ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രഫസ്സര്‍ തസ്തിക നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ വേതനത്തില്‍ വര്‍ഷങ്ങളോളം ഗവേഷകസംഘത്തില്‍ ഒരാളായി മാത്രം ജോലി ചെയ്യേണ്ടി വന്നു സിസിലിയക്ക്. എന്നാല്‍ ഗവേഷണം ജീവവായുവായിക്കണ്ട ആ വനിത അവഗണനകള്‍ക്കു മുന്നില്‍ പതറാതെ ആകാശവിസ്മയങ്ങളിലേക്ക് മിഴിനട്ടു. ദ് സ്റ്റാര്‍സ് ഓഫ് ഹൈ ലുമിനോസിറ്റി, വേരിയബിള്‍ സ്റ്റാര്‍സ്, വേരിയബിള്‍ സ്റ്റാര്‍സ് ആന്‍റ് ഗാലക്റ്റിക് സ്ട്രക്ചര്‍ തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.1938-ല്‍ മാത്രമാണ് ജ്യോതിശാസ്ത്രജ്ഞ എന്ന സ്ഥാനപ്പേരു സര്‍വ്വകലാശാല അനുവദിച്ചുകൊടുത്തത്.ഒരു ഫുള്‍ ടൈം പ്രഫസര്‍ എന്ന തസ്തിക സിസിലിയക്ക് നല്‍കിയതാവട്ടെ 1956-ലും! പിന്നീട് ഹാര്‍വാഡിലെ ജ്യോതിശാസ്ത്രവിഭാഗത്തിന്‍റെ ആദ്യ വനിതാ മേധാവിയായി സിസിലിയ ഗാപ്പോഷ്കിന്‍. ജ്യോതിശാസ്ത്രജ്ഞനായ സെര്‍ജീ ഗാപ്പോഷ്കിനെയാണ് സിസിലിയ വിവാഹം കഴിച്ചത്. വിവാഹശേഷവും മൂന്നു കുട്ടികളുടെ അമ്മയായ ശേഷവും അവര്‍ ഗവേഷണങ്ങള്‍ക്ക് അവധി കൊടുത്തതേയില്ല. ഹാര്‍വാഡില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷവും ഗവേഷണങ്ങള്‍ തുടര്‍ന്നു. നിരവധി പെണ്‍കുട്ടികളെ ഗവേഷണരംഗത്തേക്ക് കൊണ്ടുവന്നു. 1979 ഡിസംബര്‍ 7-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞ അന്തരിച്ചു. അതിനും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സിസിലിയ തന്‍റെ ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയത്.

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0