Homeകഥ

വലമണിയും ചില അനുബന്ധചിന്തകളും

ല്ലാചാനലുകളിലും ഏതെങ്കിലുമൊക്കെ സമയത്ത് പാനല്‍ ചര്‍ച്ചകളും സംവാദങ്ങളുമാണ്. എല്ലാസ്ത്രീജനങ്ങളും സീരിയല്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ സുപ്രഭക്ക് മാത്രം ഈ വക വാചക കസര്‍ത്തിനോടാണ് താല്പര്യം. അവളുടെ ഈ തര്‍ക്കാസക്തി കണ്ട് ഭര്‍ത്താവ് ദാമോദരന്‍ അല്പം കൊള്ളിച്ചു കൊണ്ട് പറയും . ‘ഓ അവള് ലോ പോയിന്‍റ് പഠിക്ക്യാ നമ്മടെ മെക്കട്ട് കേറാന്‍ ‘! സരസ്വതിയമ്മ ജ്യോതിഷം അറിയുന്ന അമ്മായിയമ്മ ആയതു കൊണ്ട് കുറ്റം ജന്മനക്ഷതത്തിനാണ്. , ‘ചിത്തിര്യല്ലെനാള് ഛിദ്രത്തിലായിരിക്കും പ്രിയം ‘ : ഇതിനേക്കാള്‍ ഭേദം വെടിവെക്കുന്ന എന്‍റെ ഗെയ്മു തന്നെയാ മോന്‍ സ്വയം ഉദാത്തീകരിക്കും. ഇതൊന്നും കേട്ട് കുലുങ്ങാത്ത മനസ്സുമായി സുപ്രഭ സെറ്റിയില്‍ അമര്‍ന്നിരിക്കും.ചാടിയും തുള്ളിയും കയര്‍ത്തും ആടി തിമിര്‍ക്കുന്ന ചര്‍ച്ചകളില്‍ മുഴുകും. എങ്ങനെയാണ് ഇത്തരമൊരു പ്രിയം തനിക്കു വന്നുപെട്ടതെന്ന് സുപ്രഭക്കും അറിയില്ല. താന്‍ വക്കീലാവാന്‍ ജനിച്ചതാണെന്നും എന്തോ ചില രാശി മോശം മൂലം നിങ്ങളുടെ അടുക്കളയില്‍ വന്നുപെട്ടതാണെന്നും തന്‍റെ നിയന്ത്രിക്കാനാവാത്ത ആസക്തിക്ക് ഒരു ഗംഭീരന്‍ ന്യായം കണ്ടെത്തി അവള്‍ ഭര്‍ത്താവിനോട് വാദിക്കും. വാദപ്രതിവാദത്തില്‍ സുപ്രഭയോളം റഫറന്‍സ് ഇല്ലാത്തതു കൊണ്ട് അവള്‍ നിനച്ചിരിക്കാത്ത നേരത്ത് പാസ്സീവായ് ആക്രമിച്ച് ഒന്നു സമാധാനപ്പെടും. അവള്‍ മിനക്കെട്ടു വരുമ്പോള്‍ ആക്ടീവായി അയാള്‍ രംഗത്തു വരാറേയില്ല. മൗനം വിഡ്ഢിക്കും വിദ്വാനും ഭൂഷണമെന്ന് കരുതി ഒന്ന് ഒതുങ്ങും.
അടുക്കളയിലെ ചില തിരക്കുകള്‍ മൂലം അല്പം വൈകിയാണ് മൂപ്പത്ത്യാര് ടി.വി ക്കു മുന്നില്‍ എത്തിയത്. അപ്പോഴേക്കും അവതാരകന്‍റെ വിഷയാവതരണം കഴിഞ്ഞിരുന്നു. സുന്ദരനായ ആ അവതാരകന്‍റെ രൂപഭംഗിയോ വസ്ത്രവിധാന ഗാംഭീര്യമോ ഒന്നുമല്ല അവളെ ആകര്‍ഷിച്ചത് ആളുകളെ ചുഴിഞ്ഞ് കുത്താനുള്ള മിടുക്ക്, രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന വൈഭവം, എന്‍റെമ്മോ ഉരുളക്ക് ഉപ്പേരി പോലെ കൊഴിഞ്ഞു വീഴുന്ന വാക്ധോരണി. സമ്മതിക്കണം. അവള്‍ പലവട്ടം തല കുലുക്കി അംഗീകരിച്ചിട്ടുള്ളതാണ് ആ പ്രകടനം.
സംവാദത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വിഷയം സുപ്രഭക്ക് വാര്‍ന്നു കിട്ടി.മന്ത്രവാദവും, ജ്യോതിഷവും ആള്‍ ദൈവവും ഒക്കെ അന്ധവിശ്വാസങ്ങളാണോ ? ഇവയില്‍ വല്ലശാസ്ത്രീയതയും ഉണ്ടോ? എന്നതാണ്.. അനുഭവസ്ഥര്‍ അനുകൂലമായ് തെളിവുകള്‍ നിരത്തി. എതിരാളികള്‍ യുക്തിപൂര്‍വ്വം നിരസിച്ചു. അവതാരകന്‍ ആശയങ്ങളുടെ കല്ലുകള്‍ ചേര്‍ത്തുരച്ച് അഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ത്തു. മന്ത്രങ്ങള്‍ കൃത്യമായ ഒരു താളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മാസ്മരികതയും അതുണ്ടാക്കുന്ന ഊര്‍ജ്ജത്തെ കുറിച്ചും യുക്തിവാദിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ശാസ്ത്രത്തെയും മന്ത്രത്തെയും കോര്‍ത്തു കെട്ടി. എന്നാല്‍ മന്ത്രവാദവും ഒടിവിദ്യയും ജ്യോതിഷവും മഷിനോട്ടവുമൊക്കെ വെറും കണ്‍ കെട്ടു വിദ്യകളാണെന്ന് പരിഹസിച്ച് ഞെളിയുന്ന ഒരു യൂത്തന്‍റെ വാചക കസര്‍ത്തു കേട്ടപ്പോള്‍ സുപ്രഭ ഏതാണ്ട് ചെകുത്താനും കടലിനും ഇടയിലായി. അങ്ങനെ തിങ്ങി നില്‍ക്കുമ്പോഴാണ് അവതാരകന്‍റെ വരവ്.വിശ്വാസം ഒരിക്കലും അന്ധമാകരുതെന്നും എന്നാല്‍ യുക്തി കൊണ്ടളന്ന് ഒന്നിനെയും വിശ്വാസമില്ലാത്തത് ആക്കരുതെന്നും മെയ്യെ തൊടാതെ പറഞ്ഞ് അവതാരകന്‍ രക്ഷപ്പെട്ടു. സുപ്രഭ കലിയോടെ ചെന്ന് ടി.വി. ഓഫ് ചെയ്തു .രണ്ടു വഞ്ചീലും കാലിടല്ലേ മനുഷ്യാ അവള്‍ അവതാരകനോട് ഉച്ചത്തില്‍ കയര്‍ത്തു. ഇത് എന്നും പതിവുള്ളതാണ്. അവതാരകന്‍റെ ഉളുപ്പില്ലാത്ത ഇത്തരം വൈന്‍ഡ് അപ് തന്ത്രത്തോടുള്ള സുപ്രഭയുടെ രോഷപ്രകടനം .
പതിവില്‍ വിപരീതമായി ആ സംവാദം സുപ്രഭയില്‍ നീറി പടര്‍ന്നു. അവള്‍ സ്വന്തം അരയില്‍ തപ്പിനേക്കി. കാലങ്ങളായുള്ള ആ വലമണി അരയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തി. കൈവന്ന ആത്മവിശ്വാസത്തോടെ ആ പഴങ്കഥയിലേക്ക് മനസ്സുപാഞ്ഞു. അവള്‍ ക്കന്ന് 12 ഓ 13 ഓ വയസ്സേ ഉള്ളു. വീട്ടുകാരെ മുഴുവന്‍ പകപ്പിച്ചു കളഞ്ഞ ആ സംഭവ പരമ്പര അരങ്ങേറുന്നു. ഇങ്ങനെയാണ് തുടക്കം. ചില ദിവസങ്ങളില്‍ രാത്രി 12 മണിക്കു ശേഷം അവള്‍ പതുക്കെ വീടിനു പുറത്ത്ഇറങ്ങി നടക്കും. പകല്‍ പോലും ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് കടക്കാന്‍ ഭയമുള്ളവളാണ്. ഈ കൂറ്റാകൂരിരുട്ടത്ത് രാത്രി സഞ്ചാരം. അച്ഛനും അമ്മയുംവീട്ടുകാരും ആവലാതിയായി. വീട്ടിലെങ്ങും അടക്കിപിടിച്ച സംസാരം നീറി പടര്‍ന്നു.അമ്മ പണികള്‍ക്കിടയില്‍ നെടുവീര്‍പ്പും കണ്ണീരുമായ് കഴിച്ചു കൂട്ടി. അച്ഛന്‍ ഇരുന്ന് ആലോചനയാണ് അധിക സമയം. ഇടയില്‍ ചില ഇരുത്തി മൂളലുകള്‍. ഏതോ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയ പോലെ. അച്ഛന്‍ പുറത്തുപോയി ആരെയൊക്കെയോ കണ്ട് തിരിച്ചു വരും.അമ്മയോട് ചിലത് പറഞ്ഞ് സമധാനിപ്പിക്കും. രാത്രിയിലെ നട്ട പ്പാതിരക്കുള്ള സവാരി അറിയാതെ വീട്ടിലെ അസ്വസ്ഥനാടകത്തിന്‍റെ ആസൂത്രക താനാണെന്നറിയാതെ സുപ്രഭ പകല്‍ പോലും ഒറ്റക്ക് പറമ്പിലിറങ്ങാന്‍ ഭയന്നു കഴിഞ്ഞു.
ആ സമയത്താണ് . അമ്മയുടെ വീട്ടിലെ തോറ്റം വന്നത് . രണ്ടാഴ്ചത്തെ പതിവു വ്രതം. ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഇത്തവണ വെളിച്ചപ്പാട് തുള്ളി പന്തീരായി ( ചൂടുള്ളപ്പായസം ) വാരുമ്പോള്‍ അയലത്തെ ഗോപിച്ചേട്ടന്‍റെ കയ്യില്‍ കൊടുത്തെങ്കില്‍ എന്ന് സുപ്രഭ മോഹിച്ചു. ചൂടുള്ള പായസം ഭക്തികൊണ്ട് കളയാനും ചൂടുകൊണ്ട് കഴിക്കാനും പറ്റാതെ ഗോപിച്ചേട്ടന്‍ നിന്നു പിരിയണം. കൈകള്‍ മാറി മാറി പിടിച്ച് കുഴയണം’ പൊള്ളൊന്നും വേണ്ട, അന്ന് ഞങ്ങള്‍ കൂട്ടുകാര് കുളത്തിനരികെ താമര പൂ പൊട്ടിക്കാന്‍ പോയത് വീട്ടില്‍ പറഞ്ഞ് തല്ലുകൊള്ളിച്ചതിനാണ്. അന്ന് വിചാരിച്ചതാണ്. കൈ പൊള്ളണ്ടാട്ടൊ എന്ന് ഒന്നുകൂടി പ്രാര്‍ഥിച്ചു. . കളം പാട്ടും തുള്ളലും നടക്കുന്ന തോറ്റ മുറ്റത്തേക്ക് സുപ്രഭയേയും കൊണ്ടുപോയി. രാത്രി പാട്ടിനു ശേഷം മേളം മുറുകി.. ഉവ്വേ…… എന്ന വലിയ ശബ്ദം ഉയര്‍ന്നു. സുപ്രഭക്ക് രസമായി.പന്തീരായി ഗോപിച്ചേട്ടന് കൊടുക്കുന്നതോര്‍ത്തപ്പഴേ ചിരിവന്നു അവള്‍ ഇരുകവിളിലും അടിച്ചു. പാവം! പൊള്ളണ്ടട്ടോ. എന്നു പ്രാര്‍ഥിച്ചു. വെളിച്ചപ്പാടിന്‍റെ തുള്ളല്‍ മുറുകി. എല്ലാവരും തൊഴുതു നിന്നു. ചെവി കൂര്‍മ്പിച്ചു. പറയുന്നതു കേള്‍ക്കാന്‍ കണ്ണു വട്ടം പിടിച്ചു തങ്ങളെ വിളിക്കുമോ കല്പന
പറയാന്‍ എന്നോര്‍ത്ത്., വെളിച്ചപ്പാട്.നില്‍ക്കുന്ന ഭക്തര്‍ക്കിടയില്‍ കണ്‍കള്‍കൊണ്ട് തിരഞ്ഞു : സുപ്രഭയെ കണ്ടതും ഭയപ്പെടുത്തുന്ന ഒരു മുരള്‍ച്ചയോടെ അടുത്തു ചെന്നു. അച്ഛനും അമ്മയും ഭക്തിയോടെ തൊഴുതു നിന്നു വാളിന്‍റെ തലപ്പ് സുപ്രഭയുടെ തലയില്‍ മുട്ടിച്ചു. അവള്‍ അല്പം ഗമയോടെ കൂട്ടുകാരെ നോക്കി. എല്ലാവരുടെയും കണ്ണും കാതും അവ ള്‍ക്കു നേരെ വെളിച്ചപ്പാട് ഉച്ചത്തില്‍ പറഞ്ഞു. ‘ഉണ്ണിക്ക് സങ്കടംണ്ട്ല്ലെ മടക്കാം ട്ടൊ. നോം കാത്തോളം’ ഇങ്ങനെ എന്തൊക്കെയോ പറഞ്ഞു. സത്യത്തില്‍ ആ കളംപാട്ടിന്‍റെ അവകാശി താനാണെന്ന് തന്നെ സുപ്രഭക്ക് തോന്നി .അല്ലെങ്കിലും അച്ഛന്‍ വീട്ടില്‍ തോറ്റമില്ല. അമ്മ വീട്ടിലേ ഉള്ളു. ആ അഹങ്കാരം മാമന്‍മാരുടെ മക്കള്‍ക്കുണ്ട്. അതിനൊക്കെ ഒരു അറുതി വന്ന പോലെ സുപ്രഭക്ക് തോന്നി. വെളിച്ചപ്പാട് വകേലെ മാമനായിട്ടു കൂടി വാള് തന്‍റെ തലേലല്ലേ വെച്ചത്.വെളിച്ചപാട് ഭസ്മം പൂവ് നെല്‍മണി ഇവ തലയില്‍ തൂകി.അവള്‍ക്ക് മനസ്സിലാകാത്ത ഭഷയില്‍ എന്തോ അച്ഛനോട് പറഞ്ഞു. അച്ഛന്‍റെ കയ്യില്‍ എന്തോ ഒന്ന് കൊടുത്തു. വെളിച്ചപ്പാടായ് വന്നത് വകേലെ ഒരു മാമനാണ് : അതു കൊണ്ട് സുപ്രഭക്ക് ഭയമൊന്നും തോന്നിയില്ല. അടുത്ത ദിവസം അച്ഛന്‍ കൊടുത്ത് അമ്മ അവളുടെ അരയില്‍ കെട്ടി കൊടുത്തതാണ് ആ വലമണി. ചരടു മാറ്റി ചരടു മാറ്റി വര്‍ഷങ്ങളായിരിക്കുന്നു. പിന്നീട് ഒരിക്കലും സുപ്രഭ രാത്രി സഞ്ചാരം നടത്തിയിട്ടില്ല. ആ വലമണി കാണുമ്പോഴൊക്കെ കരഞ്ഞു വീങ്ങിയ അമ്മയുടെ കണ്ണാണ് ഓര്‍മ വരിക. തന്‍റെ. ആ നിശാസവാരി സോമ്നാബുലിസം എന്ന സൈക്കിക്ക് ഡിസോര്‍ഡര്‍ ആകുമ്പോള്‍ ചികിത്സ എന്താകുമോ ആവോ? ഒന്നു സുപ്രഭക്ക് ഉറപ്പാണ് എന്തും വിശ്വസിക്കാന്‍ പാകത്തിന് യുക്തി താഴ്ന്നു കൊടുക്കണമെങ്കില്‍ അനുഭവം അനുഭവമാകണം. സുപ്രഭ തന്‍റെ അരയിലെ വലമണിയില്‍ ചേര്‍ത്ത് പിടിച്ച് തലയാട്ടി സമ്മതിച്ചു.

എന്‍.കെ.ഷീല
എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0