Homeഅഭിമുഖം

അസംഘടിത മേഖല സ്ത്രീകളുടെ ലൈംഗികപീഡന അനുഭവങ്ങള്‍ വിജി പെണ്‍കൂട്ട് സംസാരിക്കുന്നു

സംഘടിത മേഖലയിലെ തൊഴിലാളിസ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരകളാണ് എന്ന് പറയുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. പുരുഷാധിപത്യത്തിന്‍റേയും മുതലാളിത്തത്തിന്‍റേയും ഇരകളാണ് സ്ത്രീതൊഴിലാളികള്‍. അല്ലെങ്കിലും തൊഴിലാളിസ്ത്രീകള്‍ പുറത്ത് ജോലിക്കുപോകുമ്പോള്‍ നീ മറ്റേ പരിപാടിക്ക് പോകുവല്ലേ എന്നൊക്കെ വളരെ മോശമായിട്ടാണ് പറയുന്നത്. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് പുറത്ത് എന്തെങ്കിലും തരത്തിലുള്ള അക്രമം നേരിട്ടാല്‍, അത് വീട്ടില്‍ വന്നു പറഞ്ഞാല്‍ പുരുഷന്മാര്‍/അവരുടെ ഭര്‍ത്താക്കന്മാര്‍ എന്താ ചോദിക്കുക, നിനക്കു മാത്രമെന്താ ഇത്തരം പ്രശ്നം മറ്റുള്ള സ്ത്രീകളൊക്കെ പോകുന്നില്ലോ എന്നാണ് ചോദിക്കുക. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എനിക്ക് വല്ലാത്ത വിഷമമുണ്ടാകും. തൊഴിലാളിസ്ത്രീകളെ മനസ്സിലാക്കാന്‍ മുതലാളിത്തത്തിനോ പുരുഷാധിപത്യത്തിനോ പറ്റുന്നില്ല.

എന്‍റെ അനുഭവത്തില്‍ തന്നെ പല തൊഴിലാളിസ്ത്രീകളെയും തൊഴിലിടങ്ങളില്‍ ഉപദ്രവിച്ചിട്ടുണ്ട്. മിഠായിതെരുവിലെ സില്‍ക്കിയില്‍ നിന്ന് ഒരു തൊഴിലാളിസ്ത്രീ ഇറങ്ങി പോകുമ്പോള്‍ ഒരുത്തന്‍ കയറിപ്പിടിച്ചു. ഉടനെ കോയന്‍കോയില്‍ നിന്ന് ആളുകള്‍ എന്‍റെ അടുത്തേക്കാണ് ഓടി വന്നത്. വിജിയേച്ചി അവിടെ ഇങ്ങനെയൊരു പ്രശ്നം നടക്കുന്നുണ്ട്, ഒരുത്തന്‍ അവിടെ വലിയ പ്രശ്നം ഉണ്ടാക്കുന്നുണ്ട്, കോയന്‍കോ ബസാര്‍ മാറാട് ബസാര്‍ ആക്കുമെന്ന് പറയുന്നുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ തുണി വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുകേട്ടയുടനെ ഞാന്‍ അങ്ങോട്ടേക്ക് ഓടി… കൈയില്‍ കത്രികയും ഉണ്ടായിരുന്നു. അവിടെ പോലീസിനെ വിളിച്ച് അയാളെ ഏല്പിച്ചു.അതിനു ശേഷം കടയുടെ മുതലാളിയോട് ചെന്ന് വിവരം പറഞ്ഞു. ഇവിടന്ന് ഇറങ്ങിപ്പോയ ഒരു തൊഴിലാളിസ്ത്രീക്ക് ഇങ്ങനൊരു ദുരനുഭവം ഉണ്ടായെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഇതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു. ഞങ്ങളുടെ ഷോപ്പിന്‍റെ ഉള്ളില്‍ നിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇടപെടും, പുറത്ത് പോയി എന്തു പ്രശ്നം ഉണ്ടായാലും ഞങ്ങള്‍ ഏറ്റെടുക്കില്ല എന്നായിരുന്നു. കയ്യൊഴിയുന്ന മുതലാളിമാരെയും ഇവള്‍ക്ക് മാത്രം പുറത്തെങ്ങനെ പ്രശ്നങ്ങള്‍ വരുന്നു എന്നുപറയുന്ന ഭര്‍ത്താക്കന്മാരെയുമാണ് ഞാന്‍ കണ്ടുകൊണ്ടു നില്‍ക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരോട് ഒരു ആശ്വാസവാക്ക് പറയാനോ അത് പരിഹരിക്കാനോ മുതലാളിമാര്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ പറ്റുന്നില്ല. സ്ത്രീതൊഴിലാളികളെ ചരക്ക് സങ്കല്‍പത്തില്‍ കാണുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
പ്രശ്നങ്ങളൊക്കെ ഉണ്ട്… ആ പ്രശ്നങ്ങളൊക്കെ വിളിച്ചുപറഞ്ഞ് മുഖ്യധാരയില്‍ എത്തിക്കാത്തതിന്‍റെ കാരണം വീണ്ടും അവരെ അടുക്കളക്കുള്ളിലേക്ക് അടച്ചു പൂട്ടുമോ എന്ന പേടി കൊണ്ടാണ്. ഈ തരത്തില്‍ ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെ ആക്രമിക്കുന്നത് ഇതൊക്കെ നമ്മള്‍ക്ക് ആക്രമിക്കാന്‍ വേണ്ടിയുള്ള ശരീരങ്ങളാണ,് നമുക്ക് കയറിപ്പിടിക്കാനും നമുക്ക് സുഖിക്കാനുമുള്ളതാണ് എന്ന തോന്നലില്‍ നിന്നാണ്. കാണുന്നവരൊക്കെ കയറിപ്പിടിക്കുന്ന രീതിയാണ് ഇന്ന് പുറത്തിറങ്ങുന്ന സ്ത്രീതൊഴിലാളികള്‍ നേരിടുന്നത്. അകത്താണെങ്കില്‍ മുതലാളിയാണെങ്കിലും കൂടെ ജോലിയെടുക്കുന്ന പുരുഷന്മാരാണെങ്കിലും ഇവരെ മനുഷ്യരായിട്ടല്ല കാണുന്നത്. അവര്‍ക്ക് ഇവരൊരു ചരക്കാണ്. തൊഴിലിടത്തുനിന്നു ടൂര്‍ പോകുമ്പോള്‍ മുതലാളിമാരും പുരുഷ തൊഴിലാളികളും ഈ സ്ത്രീകളെ കാണുന്ന കാഴ്ചക്കൊരു മാറ്റവുമില്ല. ഇത് ചോരയും നീരുമൊക്കെയുള്ള മനുഷ്യരൊന്നുമല്ല നമ്മള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനുള്ള നമ്മളുടെ വികാരത്തെ ശമിപ്പിക്കാനുള്ള ആസ്വദിക്കാനുള്ള ഒരു വസ്തുവാണ് എന്നാണ്. ഈയൊരു കാഴ്ചപ്പാടിന്‍റെ പുറത്താണ് സ്ത്രീതൊഴിലാളികള്‍ ഇത്തരം ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടി വരുന്നത്.

ഒരു സംഭവം പറയാം. കോവിഡിനു മുമ്പ് ഒരു ഷോപ്പില്‍ നിന്നും എല്ലാവരും കൂടി ടൂര്‍ പോയി. ടൂറില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മോശപ്പെട്ട രീതിയില്‍ അതിലെ ഒരു സ്ത്രീയെ സമീപിച്ചു. ആ സ്ത്രീ പറഞ്ഞു, നിങ്ങള്‍ വിചാരിക്കുന്നപോലെയുള്ള ഒരാളല്ല ഞാന്‍… നിവൃത്തികേടു കൊണ്ട് ജോലിക്ക് വരുവാണെന്ന്. ഭര്‍ത്താവ് ഗള്‍ഫിലാണ്. പക്ഷേ പൈസയൊന്നും അയക്കുന്നില്ല. എനിക്ക് ചെറിയ മക്കളാണ്. ആ മക്കളെ ഉമ്മയുടെ അടുത്താക്കിയിട്ടാണ് വരുന്നത്. എന്‍റെ മക്കളെയും ഉമ്മയെയും വാപ്പയേയും എനിക്ക് നോക്കണം, അതുകൊണ്ട് എന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അവള്‍ രക്ഷപ്പെട്ടു എന്നാണ് അവള്‍ വിചാരിച്ചത്. അയാളുടെ താത്പര്യത്തിന് അവള്‍ നില്‍ക്കാത്തതുകൊണ്ട് അയാള്‍ അവളെ അടിച്ചു. അടിക്കുന്നത് ആ സ്ഥാപനത്തില്‍ വെച്ചിട്ടാണ്. ടൂറൊക്കെ പോയി വന്നതിന് ശേഷം. അത് പ്രശ്നമായി കേസൊക്കെ കൊടുത്തു. പോലീസ് പറഞ്ഞു അതു വിഷയമാക്കണ്ട ജോലി പോകുമെന്ന്. മുതലാളിയോട് പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു, ഇത് ഇത്ര വിഷയമാക്കേണ്ട ആവശ്യമുണ്ടോ? ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ പോരേ എന്ന്. അതിനുശേഷം ആ കുട്ടിയും ഉമ്മയും ഉപ്പയും കൂടി എന്നെ വന്നു കണ്ടിരുന്നു. സംസാരിക്കുമ്പോള്‍ വളരെ ദയനീയമായിട്ടാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അവര്‍ക്കത് ആ കുട്ടിയുടെ ഭര്‍ത്താവ് അറിയാന്‍ പാടില്ല. ഭര്‍ത്താവിന്‍റെ വീട്ടുകാരും അറിയാന്‍ പാടില്ല. എന്നാലോ ഈ പ്രശ്നത്തിന് ഒരു പരിഹാരവും വേണം.
ഇത് ഒരൊറ്റ പ്രശ്നമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ നിരന്തരമായി നടക്കുന്ന കാര്യമായിരിക്കും. ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ അവിടെ ചെന്നാല്‍ ചിലപ്പോള്‍ അവിടെ അതൊരു പ്രശ്നമാകും. പ്രതികരിക്കേണ്ടി വരും. അപ്പോള്‍ ഭര്‍ത്താവ് അറിയില്ല അവരുടെ വീട്ടുകാര്‍ അറിയില്ല എന്നൊന്നും ഉറപ്പുകൊടുക്കാന്‍ പറ്റില്ല. ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിതന്നെയാണ് ഞങ്ങളുടെ പോരാട്ടം. എന്തായാലും ഞങ്ങള്‍ ഇടപെട്ടാല്‍ പ്രശ്നമാവും എന്നുപറഞ്ഞപ്പോള്‍ ഇതൊന്നും ആരും അറിയാതെ എങ്ങനെ പരിഹരിക്കാന്‍ പറ്റുമെന്നു ചോദിച്ചു. പരിഹരിക്കും എന്നു ഞാന്‍ പറയുന്നില്ല. നിന്‍റെ സമാധാനത്തിന് ഞാന്‍ മുതലാളിയെ വിളിക്കാം എന്നുപറഞ്ഞു. പരാതിയൊന്നും തരേണ്ട. തന്നിട്ട് കാര്യമില്ല, ഇതാരും അറിയാതെ പരിഹരിക്കാനുള്ള സംവിധാനം ഞങ്ങളുടെ കൈയ്യില്‍ ഇല്ല. ഞങ്ങള്‍ ജനകീയമായി ജനങ്ങളുടെ മുന്നില്‍ വെച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് ചെയ്യുന്നത്. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്, അതിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതാണ് ഞങ്ങള്‍ നോക്കുക. ഇത് നിന്‍റെ മാത്രം പ്രശ്നമല്ല ഒരു പൊതുപ്രശ്നമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഉപ്പയുമുമ്മയും ആ കുട്ടിയും കരഞ്ഞു പറയുകയാണ് ഈ പ്രശ്നം ആരും അറിയാന്‍ പാടില്ലെന്ന്. എന്‍റെ മോളെ ഭാവി പ്രശ്നമാവും ഭര്‍ത്താവിന്‍റെ വീട്ടുകാരറിഞ്ഞാല്‍ പ്രശ്നാവും എന്നൊക്കെ. അതിനുശേഷം ഞാന്‍ മുതലാളിയോട് ഫോണില്‍ സംസാരിച്ചു. പിന്നീട് സഹപ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞെന്നും ജോലിക്ക് ആ കുട്ടിയെ തിരിച്ചെടുത്തെന്നും അറിയാന്‍ കഴിഞ്ഞു. പിന്നീട് ഇത്തരം മോശ പ്രവൃത്തികള്‍ക്ക് അവിടെ ഒരു നിയന്ത്രണം ഉണ്ടായി. ഇതുവരെ വേറെ പരാതികളൊന്നും അവിടെ നിന്ന് വന്നിട്ടില്ല. ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ പരിമിതികളേറെയുണ്ട്. പുരുഷാധിപത്യത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും ഇടയിലായതുകൊണ്ട് ഇവര്‍ക്ക് വീട്ടിനകത്തുള്ള ഭര്‍ത്താവിനെയും നോക്കണം ജോലിയും നഷ്ടപ്പെടരുത്. വല്ലാത്തൊരു അവസ്ഥയിലാണ് സ്ത്രീതൊഴിലാളികള്‍. പീഡനങ്ങളൊക്കെ ഇഷ്ടം പോലെ ഉണ്ടാകും, ഇക്കാരണങ്ങള്‍കൊണ്ടൊക്കെ അവര്‍ സ്വയം സഹിക്കുകയാണെന്നാണ് എനിക്ക് പറയാനുള്ളത്. ഇവരുടെ നിവര്‍ത്തികേടിനെ മുതലാളിമാരും പുരുഷന്മാരും ചൂഷണം ചെയ്യുന്നു.


ഞങ്ങള്‍ സ്ക്വോഡ് വര്‍ക്ക് നടത്താറുണ്ട്. പ്രശ്നങ്ങള്‍ കണ്ടുപിടിച്ചാല്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. മിഠായിതെരുവിലൂടെ നടന്ന് ഇത്തരം പ്രശ്നങ്ങള്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എല്ലാവരും ഒന്നും തുറന്നുപറയാറില്ല. അറിയണം എന്നുണ്ടെങ്കില്‍ എല്ലാ ഷോപ്പുകളിലും ഐ.സി.സി വേണം. അത് ഈ നഗരത്തില്‍ ഇല്ലാത്ത ഒരു കാര്യമാണ്. ഐസി ഉണ്ടാവണമെങ്കില്‍ എങ്ങനെയായിരിക്കണം എന്നുള്ളതൊന്നും ഈ തൊഴിലിടത്തെ മുതലാളിമാര്‍ക്ക് അറിയില്ല. ഇവിടെ ഒരു ഐ.സി.സി ഉണ്ടാക്കുമ്പോള്‍ തൃശ്ശൂരിലെ വക്കീലോ പൊതു പ്രവര്‍ത്തകനോ പോരല്ലോ ഇവിടെ ഒരു നിശ്ചിത പരിധിയില്‍ ഉള്ളവര്‍ വേണം. അതൊക്കെ പ്രാക്ടിക്കല്‍ ആയി നടപ്പിലാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ചെറിയൊരാശ്വാസം ഉണ്ടാകും. എല്ലാ സ്ഥാപനത്തിലും ഐ.സി.സി വേണം. 10 സ്ത്രീകള്‍ തൊഴിലാളികളായി ഉണ്ടെങ്കില്‍ അവിടെ ഐ.സി.സി വേണം. കുറെ സ്ത്രീകള്‍ ഉള്ള ഇടത്തില്‍ മാത്രമേ ഐസി ഉണ്ടാവാന്‍ പാടുള്ളൂ എന്നതിനോട് എനിക്ക് യോജിപ്പില്ല.

രാത്രികാലങ്ങളില്‍ ജോലി ചെയ്ത് പുറത്തേക്ക് പോകുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചരക്കുവത്ക്കരിച്ച് അക്രമിക്കുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാവണം. പോലീസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവണം. ഞങ്ങള്‍ മുന്‍ കാലങ്ങളില്‍ അത്ര ശക്തമായി ഇറങ്ങി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഏറെക്കുറെ പ്രശ്നങ്ങള്‍ അന്ന് പരിഹരിക്കപ്പെട്ടത്. പോലീസ് അത്തരത്തില്‍ ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൊടുക്കുന്നതിന് പോലീസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവണം. കാഴ്ചപ്പാടുകള്‍ മാറണം. അത് മാറ്റിയെടുക്കാന്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്…

വിജി പെണ്‍കൂട്ട്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0