Homeപെൺപക്ഷം

സുപ്രീം കോടതി വിധിയുടെ കാലിക പ്രസക്തി

ക്കഴിഞ്ഞയാഴ്ച കാലിക പ്രാധാന്യവും പ്രസക്തി യുമുള്ള ഒരു വിധി സുപ്രീംകോടതിയിലെ ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു. സ്ത്രീകള്‍ക്ക്, പെണ്‍കുട്ടി കള്‍ക്ക് ഗര്‍ഭച്ഛിദ്രംനടത്തണമെങ്കില്‍ ഭര്‍ത്താവിന്‍റെയോ പങ്കാളിയുടേയോ അനുവാദം കൂടിയേ കഴിയൂ എന്ന ഇതുവരെയുള്ള നിയമം ശരിയല്ലെന്നും സ്ത്രീയ്ക്കു തന്നെ ആരുടേയും അനുവാദം ചോദിക്കാതെ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട് എന്നും ആ വിധിയില്‍ പ്രസ്താവിക്കുന്നു.മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് (MTP Act) പ്രകാരം ഇനി ഇക്കാര്യം തീരുമാനിക്കാന്‍ സ്ത്രീ യ്ക്ക് അവകാശമുണ്ടെന്ന്, സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്മേല്‍ പരമാധികാരമുണ്ടെന്ന് ഈ വിധി പ്രസ്താവിക്കുന്നു.

നേരത്തെ മറ്റൊരു ഭീകരമായ പ്രയോഗമുണ്ടായിരുന്നു. ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന്   ultra sound scanning ലൂടെ തെളിയിക്കപ്പെട്ടാല്‍ ഗര്‍ഭിണിയുടെ സമ്മതമില്ലാതെ തന്നെ ഭര്‍ത്താവും ഭര്‍ത്തൃബന്ധുക്കളും ആ ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കുന്നത് വളരെ ‘ജനസമ്മതി’യുള്ള ഏര്‍പ്പാടായിരുന്നു. അതുകൊണ്ടുതന്നെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗ നിര്‍ണയ ടെസ്റ്റ് നടത്തി കുഞ്ഞിനെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിക്കുന്ന അമ്മയോട് ഒരു ചോദ്യവും ചോദിക്കാതെ, നിര്‍ബന്ധിത മായി ഗര്‍ഭച്ഛിദ്രം നടത്തുന്ന, അതായത് യാതൊരു കുറ്റബോധവുമില്ലാതെ പെണ്‍ഭ്രൂണഹത്യ നടത്തുന്ന ആ സമ്പ്രദായത്തിനെതിരെ നിയമം പോലും വന്നു. അങ്ങനെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയ ടെസ്റ്റ് നിയമപരമായി നിരോധിക്കപ്പെട്ടു.

ആരോഗ്യ കാരണങ്ങളാലോ മറ്റു സാമൂഹിക കാരണങ്ങളാലോ ഒരു സ്ത്രീയ്ക്ക് അവളുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിനെ വേണ്ടെന്നുവെയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അത്തരം പ്രശ്നങ്ങളില്‍ മതവും കുടുംബവും സമൂഹവും ഈ സംവിധാനങ്ങളുടെ സദാചാര സംവിധാനങ്ങളും ശക്തമായി ഇടപെടുന്നു. സാമൂഹിക അംഗീകാരമില്ലാതെയുണ്ടായ ഗര്‍ഭങ്ങള്‍ ഒഴിവാക്കരുതെന്ന് തിട്ടൂരം കല്പിക്കുന്ന ഈ ഏജന്‍സികള്‍ പക്ഷെ, കുടുബങ്ങളിലെ പിന്തുടര്‍ച്ചാവകാശിയായി ഒരു പെണ്ണിനെ ഗര്‍ഭം ധരിച്ചാല്‍ ആ ജീവനെ ഇല്ലാതാക്കണമെന്ന് ദാക്ഷിണ്യമേതുമില്ലാതെ തീരുമാനമെടുക്കുന്നു. എങ്ങനെ തിരിഞ്ഞാലും പെണ്ണിന്‍റെ ശരീരത്തിന്‍റെ ഉടമ ഈ പുരുഷാധിപത്യ സംവിധാനങ്ങള്‍ തന്നെ.

അതുകൊണ്ട് പലപ്പോഴും അവിഹിതമായ, മാരകമായ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് വിധേയരാവാന്‍ നിസ്സഹായരായ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്തരം അശാസ്ത്രീയമായ രീതികള്‍ സ്ത്രീകളുടെ ആരോഗ്യ നില പാടെ തകര്‍ക്കുന്നു. ചില സ്ത്രീകള്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊല്ലുന്നതിന്‍റേയും ഒരു പ്രധാന കാരണം നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിയമം അവരെ അനുവദിക്കുന്നില്ല എന്നതു തന്നെയാണ്.

ഈ വിധി പ്രസ്താവത്തിന്‍റെ ഭാഗമായി സുപ്രധാനമായ മറ്റൊരു പ്രസ്താവനയും വിധിയിലുണ്ടായി. ഭാര്യാഭര്‍ത്തൃബന്ധങ്ങളില്‍ ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധങ്ങള്‍ മാരിറ്റല്‍ റേപ്, അതായത് വിവാഹ ബന്ധങ്ങളിലെ ബലാല്‍സംഗമാണെന്ന് വിധിയില്‍ പറയുന്നു. നമ്മുടെ നാട്ടില്‍ ഇത്രയേറെ സ്ത്രീ പക്ഷ നിയമങ്ങളുണ്ടായിട്ടും ഗാര്‍ഹിക പീഡനങ്ങളുടെ ഭാഗമായ ഇത്തരം സാഡിസ്റ്റിക് അതിക്രമങ്ങള്‍ ഒരു ക്രിമിനല്‍ കുറ്റമായി നാളിതുവരെ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഗാര്‍ഹിക പീഡനങ്ങള്‍ തടയാനുള്ള നിയമത്തില്‍ (PWDV Act, 2005) വൈവാഹിക ബലാല്‍സംഗം തടയാനുള്ള വകുപ്പുണ്ടെങ്കിലും നമ്മുടെ കോടതികള്‍ ആ വകുപ്പ് ഇതുവരെ ഗൗരവത്തിലെടുത്തിട്ടില്ല.

ഗാര്‍ഹിക പീഡനങ്ങളുടെ ഒരു പ്രധാന ഘടകമാണ് മാരിറ്റല്‍ റേപ്പ്. പക്ഷെ നമ്മുടെ കുടുംബക്കോടതിയില്‍ വരാറുള്ള ചില കേസുകളുണ്ട്-  Restitution of Conjugal rights! വിവാഹിതരായാല്‍ ലൈംഗിക ബന്ധം നിഷേധിക്കാന്‍ ഭാര്യക്ക് അവകാശമില്ല എന്ന് ഈ വകുപ്പ് പറയുന്നു. എത്ര കടകവിരുദ്ധമായ വകുപ്പുകളും നിയമങ്ങളുമാണിതെല്ലാം.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന്‍റെ (Convention on Elimination of Discrimination of Women-CEDAW) അടിസ്ഥാനത്തില്‍ ഈ പഴഞ്ചന്‍ നിയമങ്ങളൊക്കെ മാറിമറയേണ്ടതുണ്ട്.
അതിന് പക്ഷെ നമ്മുടെ ഭരണ സംവിധാനങ്ങളുടെ പുരുഷാധിപത്യ മനോനില മാറ്റിയെടുക്കേണ്ടതുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗികപീഡനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നിലപാടെടുക്കുന്ന ജഡ്ജിമാരും അവരെ പിന്തുണയ്ക്കുന്ന ജുഡീഷ്യല്‍ സംവിധാനങ്ങളും ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലൂടെ പുനര്‍വാര്‍ത്തെടുക്കപ്പെടേണ്ടതുണ്ട്.

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0