Homeശാസ്ത്രം

ചന്ദ പ്രെസ്കോഡ് വെയിന്‍സ്റ്റീന്‍ വിവേചനങ്ങളോടു പോരാടുന്ന പ്രപഞ്ച ശാസ്ത്രജ്ഞ

സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി കണ്ട് കോസ്മോളജിസ്റ്റാവണമെന്ന് തീരുമാനിച്ച പെണ്‍കുട്ടി, ഇന്ന് തമോ ദ്രവ്യ രഹസ്യങ്ങള്‍ തേടുന്ന ഗവേഷക, സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെയും വംശവെറിക്കെതിരെയും ഉയരുന്ന ഉറച്ച ശബ്ദം. വിഖ്യാത ശാസ്ത്ര ജേണല്‍ ആയ നേച്ചര്‍ 2020-ല്‍ ശാസ്ത്രത്തെ രൂപപ്പെടുത്തിയ പത്തു പേരെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഈ ശാസ്ത്രജ്ഞയുമുണ്ടായിരുന്നു. പറഞ്ഞുവരുന്നത് ചന്ദ പ്രെസ്കോഡ് വെയിന്‍സ്റ്റീനെക്കുറിച്ചാണ്. ന്യൂഹാംഷെയര്‍ യൂണിവേഴ്സിറ്റിയില്‍ ഊര്‍ജതന്ത്രവും ജ്യോതിശ്ശാസ്ത്രവും പഠിപ്പിക്കുന്നതിനൊപ്പം അവിടുത്തെ വിമണ്‍ ആന്‍റ് ജെന്‍റര്‍ സ്റ്റഡീസില്‍ ഫാക്കല്‍റ്റി മെംബര്‍ കൂടിയാണിവര്‍.
അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പല ഗവേഷണങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ന് ചന്ദ പ്രെസ്കോഡ്. കാലിഫോര്‍ണിയയില്‍ ജനിച്ച ചന്ദയുടെ സ്ക്കൂള്‍ വിദ്യാഭ്യാസം ലോസാഞ്ചല്‍സ് യൂണിഫീല്‍ഡ് സ്ക്കൂളില്‍ ആയിരുന്നു. 2003-ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദവും 2005-ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ചന്ദ പ്രെസ്കോഡ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത് സൈദ്ധാന്തിക ഭൗതികമാണ്. പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സില്‍ നിന്ന് ഡോക്റ്ററേറ്റും നേടി. നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്‍ററില്‍ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോ ആയും പ്രവര്‍ത്തിച്ചു. നമുക്കിനിയും പിടി തരാത്ത പ്രപഞ്ച സമസ്യകള്‍ പൂരിപ്പിക്കാനുള്ള ശ്രദ്ധേയമായ പല ഗവേഷണങ്ങളിലും ചന്ദ സജീവ സാന്നിധ്യമായി. പ്രപഞ്ചശാസ്ത്രത്തിലെയും സൈദ്ധാന്തിക ഭൗതികത്തിലെയും വിവിധ മേഖലകളില്‍ അവര്‍ ശ്രദ്ധ പതിപ്പിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തമോ ദ്രവ്യത്തെക്കുറിച്ചുള്ള (ഡാര്‍ക്ക് മാറ്റര്‍) ഗവേഷണങ്ങള്‍. ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തില്‍ ഏറിയ പങ്കും നമുക്ക് ദൃശ്യമല്ലാത്ത തമോദ്രവ്യമാണെന്നാണ് ഇപ്പോഴത്തെ അനുമാനം. ഈ അദൃശ്യ ദ്രവ്യത്തിന്‍റെ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്താനുള്ള , വര്‍ഷങ്ങള്‍ നീളുന്ന ഗവേഷണ പ്രോജക്റ്റിന്‍റെ ഭാഗമാണിപ്പോള്‍ ചന്ദ പ്രെസ്കോഡ്.
എന്നാല്‍ ഒട്ടും സുഗമമായിരുന്നില്ല ചന്ദയുടെ ഗവേഷണ നാള്‍ വഴികള്‍. കറുത്ത വര്‍ഗ്ഗക്കാരിയെന്ന വിവേചനം പലയിടങ്ങളിലും അനുഭവിക്കേണ്ടി വന്നു. ഇതില്‍ തളര്‍ന്നില്ലെന്നു മാത്രമല്ല വംശവെറിക്കെതിരെ ശക്തമായി പ്രതികരിക്കാനും ചന്ദ തയ്യാറായി. നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലാക് ഫിസിസിസ്റ്റിന്‍റെ എക്സിക്യൂട്ടീവ് അംഗം കൂടിയാണിവര്‍. ശാസ്ത്രത്തിലെയും സമൂഹത്തിലെയും ലിംഗവിവേചനങ്ങള്‍ക്കും വംശീയതയ്ക്കും എതിരെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിലും ഓണ്‍ലൈന്‍ ഇടപെടലുകളിലുമൊക്കെ സജീവമാണ് ചന്ദ. 2018-ല്‍ സേണിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഹൈ എനര്‍ജി തിയറി ആന്‍റ് ജെന്‍റര്‍ വര്‍ക്ക്ഷോപ്പില്‍ അലസാന്‍ഡ്രോ സ്ട്രൂമിയ എന്ന ഊര്‍ജതന്ത്രജ്ഞന്‍ പുരുഷ ഗവേഷകരാണ് വനിതാ ഗവേഷകരെക്കാള്‍ കൂടുതല്‍ വിവേചനങ്ങള്‍ നേരിടുന്നത് എന്ന വിവാദ പ്രസ്താവന നടത്തിയപ്പോള്‍ അതിനെതിരെ ചന്ദ പ്രെസ്കോഡ് ശക്തമായി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കിള്‍സ് ഫോര്‍ ജസ്റ്റിസ് എന്ന വെബ്സൈറ്റിലൂടെ ചന്ദയടക്കം പതിനെട്ടു പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2020-ല്‍ യു.എസ്സില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെത്തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്ട്രൈക്ക് ഫോര്‍ ബ്ലാക്ക് ലൈവ്സ് എന്ന പ്രതിഷേധ കൂട്ടായ്മയില്‍ ശാസ്ത്രഗവേഷണരംഗത്ത് നിന്നും വലിയ പങ്കാളിത്തം ഉറപ്പുവരുത്താനും ചന്ദ പ്രെസ്കോഡിനു സാധിച്ചു.
ദ് ഡിസോര്‍ഡേഡ് കോസ്മോസ്:എ ജേണി ഇന്‍ ടു ദ് ഡാര്‍ക്ക് മാറ്റര്‍ ചന്ദ രചിച്ച ശ്രദ്ധേയമായ പുസ്തകമാണ്. ന്യൂ സയന്‍റിസ്റ്റ്, ഫിസിക്സ് വേള്‍ഡ് ശാസ്ത്ര മാസികകളില്‍ കോളവും കൈകാര്യം ചെയ്യുന്നുണ്ട്.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0