Homeവഴിത്താരകൾ

ചില ഇലക്ഷന്‍ ചിന്തകള്‍… ‘നായാട്ടി’നകത്തും പുറത്തും…

നായാട്ടു എന്ന സിനിമ കാണുന്നതിന് മുന്‍പായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയത്. ഇലക്ഷന്‍ ഫലങ്ങള്‍ കൂടി വന്നതിനു ശേഷം എഴുതാമെന്ന് കരുതി മാറ്റി വെച്ച അനുഭവമായിരുന്നു. ആ അനുഭവത്തോടു വളരെ സമാനത പുലര്‍ത്തുന്ന ‘നായാട്ടി’ലെ അവസാന രംഗങ്ങള്‍ ഇതിനകം വളരെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഒരു ജനപ്രിയ ചിത്രത്തിലെ അസാധാരണമായ അന്ത്യം എന്നതിലുപരി ചില പ്രത്യേകതകള്‍ ആ രംഗങ്ങള്‍ക്കുണ്ട് എന്ന് തോന്നുന്നു.ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന ചിലരുടെയെങ്കിലും മനസ്സില്‍, അവരവരുടെ ബൂത്തുകളില്‍ കണ്ട സമാനമായ രംഗങ്ങള്‍ മിന്നിമറഞ്ഞിട്ടുണ്ടാവണം. കറുത്ത കണ്ണടകളിട്ടു, പ്രത്യക്ഷത്തില്‍ തന്നെ കാഴ്ചപരിമിതിയുള്ള സ്ത്രീ, ഒരു സഹായിയുടെ പിന്തുണയോടെ ഇലക്ട്രോണിക് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്ന ശബ്ദത്തിലും, ചുവന്ന വെളിച്ചത്തിലുമാണല്ലോ സിനിമ നിര്‍ത്താതെ നിര്‍ത്തുന്നത്.നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറിയ ശബ്ദ /വെളിച്ച വിന്യാസങ്ങളെ ചലച്ചിത്ര സങ്കേതങ്ങള്‍ ആക്കിയ പുതുമയും ഒരു പക്ഷെ ഈ സിനിമക്കു അവകാശപ്പെടാനുണ്ട്.ഈ രംഗത്തിന്‍റെ പ്രതീകാത്മക മൂല്യത്തെ കുറിച്ച് പലരും പറഞ്ഞു കണ്ടു.പക്ഷെ അത്ര പ്രതീകാത്മകമല്ലാത്ത ഒരു തലം കൂടി ഈ ദൃശ്യത്തിനുണ്ട്.

വലിയൊരു ഇടവേളക്കു ശേഷം 2021 ലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ ഞാന്‍ പല മാറ്റങ്ങളും അറിയുകയായിരുന്നു. സ്ത്രീകളുടെ അമ്പരപ്പിക്കുന്ന പങ്കാളിത്തമായിരുന്നു അതിലൊന്ന്. അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീകള്‍ നടത്തുന്ന തിരഞ്ഞെടുപ്പാണോ എന്ന് പോലും തോന്നിപ്പിക്കുന്ന രീതിയില്‍ കളക്ഷന്‍ സെന്‍ററില്‍ സ്ത്രീകളുടെ സാഗരമായിരുന്നു.ഇതിനു തൊട്ടുമുന്‍പാണല്ലോ സ്ത്രീകള്‍ക്ക്തിരഞ്ഞെടുപ്പ്ഡ്യൂട്ടി ചെയ്യാന്‍ പ്രയാസമാണെന്ന്ഒരു നേതാവ് വിളിച്ചു പറഞ്ഞത്.പക്ഷെ ഈ വന്‍ പങ്കാളിത്തം കണ്ടു നമ്മള്‍ എന്ത്മാത്രം പുരോഗമിച്ചിരിക്കുന്നു എന്ന് മേനി നടിക്കാന്‍ മാത്രം വിഡ്ഢികളല്ല നമ്മള്‍ എന്ന് ഇലക്ഷന്‍ കഴിഞ്ഞുള്ള നവമാദ്ധ്യമങ്ങളിലെ സ്ത്രീ എഴുത്തുകള്‍ പറഞ്ഞു തന്നിരുന്നു. തങ്ങളില്ലാത്ത രണ്ടു ദിവസങ്ങളില്‍, വീട്ടിലെ പ്രജകള്‍ നിരാലംബരാവാതിരിക്കാന്‍ വേണ്ടി തിരിച്ചു വരുന്നത് വരെയുള്ള ഭക്ഷണം തയ്യാറാക്കി,വീട്ടിലെ വൃദ്ധരുടെയും രോഗികളുടെയും പരിചരണം ആരെയൊക്കെയോ ഏല്‍പ്പിച്ചു വന്നവരുടെ കഥകളായിരുന്നു ഇവയില്‍ മിക്കതും.ഡ്യൂട്ടി കിട്ടിയ ബൂത്തുകളില്‍ ഒന്ന് കുളിക്കാനും,ഉറങ്ങാനും സ്ഥലമില്ലാതെ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഈ കോവിഡു കാലത്തും ആരുടെയൊക്കെയോ വീടുകളില്‍ അഭയം പ്രാപിക്കുക എന്ന അവസ്ഥ വളരെ പരിതാപകാരവും ദയനീയവുമാണ്.എന്നാലും ഉള്ളത് കൊണ്ട് ഓണം കൊള്ളുക എന്നത് നമുക്ക് ശീലമാണല്ലോ.
ഒരു സൗകര്യവും ഇല്ലാത്ത ഉള്‍നാട്ടിലെ പ്രൈമറി വിദ്യാലയത്തില്‍ ഇലക്ഷന്‍ വണ്ടി ഇറങ്ങിയപ്പോള്‍ അത് ആ ഗ്രാമത്തിനു ഒരുത്സവമായി. സ്നേഹവും, കരുതലും ഭക്ഷണവും പാര്‍പ്പിടവും തന്നു ആ നായാട്ടുകാര്‍ ഞങ്ങളെ ലാളിച്ചു വഷളാക്കി. പ്രായമുള്ള ഒരു ഉമ്മ ഞങ്ങള്‍ സ്ത്രീകള്‍ക്ക് രാത്രി ഉറങ്ങാന്‍ മുറി ഒരുക്കിയതും കട്ടന്‍ചായയും ചൂടുവെള്ളവും തയ്യാറാക്കിയതും ഹൃദയസ്പര്‍ശിയായ സ്നേഹാനുഭവങ്ങളാണ്.


നാല്പതോളം വര്‍ഷങ്ങള്ക്കു മുന്‍പ് സംസ്ഥാന യുവജനോത്സവങ്ങള്‍ക്കു പോകുമ്പോള്‍പോലും ഇതിനേക്കാള്‍ മികച്ചരീതിയില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിതന്നിരുന്ന സര്‍ക്കാര്‍ നിഷ്കര്‍ഷ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഓഫിസര്മാര്ക്ക് ഈ കാലത്തു നല്‍കാതെ പോകുന്നതെന്ന് തീരെ മനസ്സിലാകുന്നില്ല. തിരഞ്ഞെടുപ്പ് ജോലി തീവ്രമായ യാതനയാകണം എന്ന നിയമം എവിടെയെങ്കിലും എഴുതിപ്പിടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല.
പക്ഷെ അവശര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വോട്ടു രേഖപ്പെടുത്താന്‍ നമ്മള്‍ക്കു കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട് . ഇത്തവണ വീട്ടിലെത്തി പ്രായമായവരുടെ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടും കുറച്ചു പേര്‍ സഹായികളുമായി ബൂത്തില്‍ എത്തിയിരുന്നു.ഒന്നോ രണ്ടോ പുരുഷന്മാര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്കവാറും വൃദ്ധകളായിരുന്നു. എണ്‍പതു കഴിഞ്ഞവര്‍.കാഴ്ച മങ്ങി തുടങ്ങിയവരായിരുന്നു അവരിലേറെയും. ‘ അവര്‍ക്കു കാണില്ല. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല” ഇതായിരുന്നു മിക്കവാറും കാരണമായി പറഞ്ഞിരുന്നത് . നിയമപ്രകാരം ഞങ്ങള്‍ വോട്ടറോട് ചോദിച്ചുറപ്പാക്കണം. എന്നിട്ടേ സഹായിയെകൊണ്ട് ചെയ്യിക്കാവൂ.ഞാന്‍ ആ സ്ത്രീകളുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ആവേശമോ ഔല്‍സുക്യമോ ഇരിപ്പിലോ നോട്ടത്തിലോ ഇല്ല.ആരുടെയോ നിര്‍ബന്ധത്തിനു വന്ന പോലെ,എങ്ങിനെയെങ്കിലും ഒന്നവസാനിപ്പിച്ചിട്ടു പോയാല്‍ മതിയെന്ന അക്ഷമയാണ് മിക്കവര്‍ക്കും.എന്തുകൊണ്ടോ എനിക്കാ സമയത്തു മനസ്സില്‍ തെളിഞ്ഞത് ലളിതാംബിക അന്തര്‍ജനത്തിന്‍റെ കഥകളിലെ കാഴ്ച മങ്ങിയ അന്തര്‍ജ്ജനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. വെളിച്ചം കടക്കാത്ത ഇല്ലങ്ങളിലെ മുറികളില്‍ ജീവിതംതള്ളി നീക്കി കാഴ്ച മങ്ങിയവര്‍ . അതെത്ര കാലം മുന്‍പാണ് ? ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടല്ലേ? ആരോഗ്യ സംസ്കാരത്തില്‍ നമ്മള്‍ ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കാലം? ഇവര്‍ എന്തുകൊണ്ടാണ് കണ്ണടകള്‍ ധരിക്കാത്തതെന്നു ഞാന്‍ ആലോചിച്ചുപോയി. ദൈനംദിന ജോലികള്‍ക്കും പരാശ്രയം വേണ്ടവരാണോ ഇവര്‍? വോട്ടു ചെയ്യാനല്ലാതെ ഇവര്‍ പുറത്തേക്കിറങ്ങാറില്ലേ?


അല്‍പനേരം കഴിഞ്ഞപ്പോള്‍ ഇത് വരെയുള്ള രീതിക്കു അപവാദമായി ഒരു യുവതിയും അവരുടെ അച്ഛനും എത്തി. അച്ഛന്‍ നേരെ എന്‍റെ അടുത്ത് അവന്നു വളരെ ഭവ്യതയോടെ പറഞ്ഞു” സാര്‍ അവള്‍ക്കു സ്വന്തമായി വോട്ടു ചെയ്യാനാകില്ല.” പ്രത്യക്ഷത്തില്‍ ആ യുവതിക്ക് ഒരു കുഴപ്പവുമില്ല.ഞാന്‍ അവരോട്തന്നെ ചോദിച്ചു “വോട്ടു ചെയ്യാന്‍ പറ്റില്ലേ? ‘ വളരെ ചുറുചുറുക്കോടെ പെട്ടെന്നായിരുന്നു മറുപടി “പറ്റുമല്ലോ”. നേരിട്ടുള്ള ചോദ്യം ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.ഞാന്‍ അച്ഛനെ നോക്കി. അങ്ങേര് വീണ്ടും ചെറിയൊരു പരിഹാസചിരി പാസ്സാക്കി, ചില അവ്യക്തമായ ആംഗ്യങ്ങള്‍ കാട്ടി “അസുഖമുണ്ട് സാര്‍” എന്ന് ആവര്‍ത്തിച്ചു. “അവര്‍ക്കു ചെയ്യാനാവും എന്ന് പറയുന്നിടത്തോളം മറ്റൊരാള്‍ക്കും ചെയ്യാനാവില്ല” എന്ന് പറഞ്ഞു ആ യുവതിയെകൊണ്ട് തന്നെ വോട്ടു ചെയ്യിച്ചു. ശേഷം വീട്ടിലെന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് ഇടയ്ക്കു ആലോചിക്കാറുണ്ട്.
വലിയ കശപിശകളൊന്നുമില്ലാതെ ഞങ്ങളുടെ ബൂത്തില്‍ ഇത് നടന്നുപോയെങ്കിലും അടുത്തുള്ള ബൂത്തുകളില്‍ സ്ഥിതി അത്ര ശാന്തമായിരുന്നില്ല. ചൂടന്മാരായ ചില പോളിങ് ഏജന്‍റുമാര്‍ ഒച്ചപ്പാടുകളും, തര്‍ക്കങ്ങളും, വഴക്കും ഉണ്ടാക്കാന്‍ ഈ അവസരങ്ങളെ ഉപയോഗിക്കുന്നുണ്ടായിരുന്നു. “വീട്ടു പണികള്‍ ചെയ്യുമ്പോഴും പറമ്പില്‍ വിറകു കീറുമ്പോഴും കാഴ്ചക്ക് ഒരു കുഴപ്പവുമില്ലല്ലോ” എന്ന് തുടങ്ങി വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ വരെ നാട്ടുകാരായ ഏജന്‍റുമാരില്‍ നിന്നും ഉതിരുന്നുണ്ടായിരുന്നു.ഒരു ഘട്ടത്തില്‍ ഇതെവിടെ ചെന്നവസാനിക്കും എന്ന് അയല്‍ ബൂത്തുകള്‍ ആശങ്കപ്പെടുവാന്‍ തുടങ്ങിയിരുന്നു.
കേവലം ഒരു ദിവസത്തിന്‍റെയോ ഒരു വോട്ടെടുപ്പിന്‍റെയോ പ്രശ്നം മാത്രമല്ല ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു വ്യക്തിയുടെ സ്വയംനിര്ണയാവകാശത്തിന്‍റെ ആവിഷ്കാരങ്ങളിലൊന്നാണ് സ്വതന്ത്രമായ വോട്ടുദാനവും .പ്രായമായവരുടെ വോട്ടുകള്‍ അവരുടെ ഇച്ഛക്കനുസരിച്ചു തന്നെയാണോ നടക്കുന്നത്? ഭിന്നശേഷിയുടെ മറവില്‍ നടക്കുന്ന അവകാശ ധ്വംസനവും സൂക്ഷ്മതലത്തിലുള്ള വിവേചനങ്ങളും നമ്മള്‍ അറിയാതെ പോകുന്നുണ്ടോ? കാഴ്ചപരിമിതിയുള്ള ഒരു വിദ്യാര്‍ത്ഥിനി എന്നോട് ഇതേക്കുറിച്ചു അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചത് ഇവിടെ പറയണമെന്ന് തോന്നുന്നു: ‘ എനിക്ക് സ്വയം വോട്ടു ചെയ്യാനാകും എന്ന് പലപ്പോഴും ആളുകള്‍ വിശ്വസിക്കില്ല.കൂടെ അമ്മയുണ്ടല്ലോ എന്നത് അവര്‍ക്കു ഒരു സമാധാനമാണ്.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ വോട്ടു ചെയ്യാന്‍ പോയപ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ പോളിങ് ഓഫീസറോട് ചോദിക്കുന്നത്കേട്ടു. ‘ബ്രയില്‍ വോട്ടുണ്ടെന്നു ഇവരോട് പറയണ്ടേ?’.പോളിങ് ഓഫീസര്‍ അതിനു മറുപടി പറഞ്ഞത് ഇങ്ങിനെയായിരുന്നു :” അമ്മയല്ലേ കൂടെ ഉള്ളത്. അത്കൊണ്ട് പ്രശ്നമൊന്നുമില്ല”. ഭാഗ്യത്തിന് പ്രി സൈഡിങ് ഓഫീസര്‍ക്ക് മറ്റൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ‘ഈ കുട്ടി ചെറുപ്പമാണ്.അവര്‍ക്കു വ്യക്തമായ സ്വന്തം അഭിപ്രായമുണ്ടാകും. അതുകൊണ്ടു അവര്‍ക്ക് ബ്രെയില്‍ വോട്ടു ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കണം.’ അതുകൊണ്ടു എനിക്ക് സ്വയം വോട്ടു രേഖപ്പെടുത്താന്‍ പറ്റി .” ഈ മാറ്റം അഭിനന്ദനാര്‍ഹം തന്നെ.സംശയമില്ല. പക്ഷെ അപ്പോഴും ബാക്കി നില്‍ക്കുന്ന സന്ദേഹം പ്രായമായവരുടെ വോട്ടുകളെ കുറിച്ചുണ്ട് . എത്രത്തോളം സ്വതന്ത്രവും നിര്‍ഭയവും ആണവരുടെ തീരുമാനങ്ങള്‍. കുടുംബങ്ങള്‍ക്കുള്ളിലെ അധികാര സമവാക്യങ്ങള്‍ ഏതൊക്കെ രീതികളിലാണ് പ്രയോഗിക്കപ്പെടുന്നതെന്നു നമ്മള്‍ ആലോചിക്കേണ്ടതാണ്.
നായാട്ടു എന്ന സിനിമക്ക് ഒരാള്‍ എഴുതിയ ആസ്വാദനകുറിപ്പു ഈയിടെ ശ്രദ്ധയില്‍ പെട്ടു .കണ്ണ് മൂടികെട്ടിയ വോട്ടര്‍ ഒരു ശരാശരി പ്രേക്ഷക അഥവാ പൗരന്‍ തന്നെയല്ലേ എന്നായിരുന്നു ചോദ്യം ? കബളിപ്പിക്കപ്പെടുന്ന അപഹരിക്കപ്പെടുന്ന വോട്ടര്‍/പ്രേക്ഷകര്‍ ? അത് നമ്മള്‍ തന്നെയല്ലേ? തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മന്ത്രിസ്ഥാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എത്ര പെട്ടെന്നാണ് പ്രതീകങ്ങള്‍ യാഥാര്‍ഥ്യങ്ങളായി മാറിയത് ? ഒരു സ്ത്രീയായ മന്ത്രിയുടെ മിടുക്കിലും , ആത്മാര്‍ത്ഥതയിലും ഭരണചാതുരിയിലും വലിയൊരു സാധ്യത കണ്ടു വന്‍ഭൂരിപക്ഷത്തോടെ അവരെ ജനം വിജയിപ്പിച്ചിട്ടും,മന്ത്രിസ്ഥാനത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തിയ ഒരു തിരഞ്ഞെടുപ്പ് കൂടിയായിട്ടാണ് 2021 ലെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ കാണപ്പെടുക.കേരളത്തിന്‍റെ ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് അഭിമാന മുഹൂര്‍ത്തമായി ആഘോഷിക്കാവുന്ന ഒരു അവസരത്തെയാണ്, കാലത്തിന്‍റെ നൈതികഗതി അറിയാത്ത, ദീര്ഘവീക്ഷണമില്ലാത്ത തീരുമാനത്തിലൂടെ നമ്മള്‍ നഷ്ടമാക്കി കളഞ്ഞത്.
അന്തര്‍ദേശീയ തലത്തില്‍ തന്നെ നമ്മളെ തന്നെ ഉയര്‍ത്തുന്ന ഒരു പ്രൗഢനിമിഷമാകുമായിരുന്നു അത്.കാരണം ഒരു വ്യക്തിയുടെ—വിശേഷിച്ചും ഒരു സ്ത്രീയുടെ—നേട്ടം കേവലം ഒരാളുടെ നേട്ടമല്ല. അതൊരു കൂട്ടായ്മയുടെ നേട്ടമാണ്.ഒരു വോട്ടറുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും, ആ വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ഒരു മന്ത്രിയുടെ ഉജ്ജ്വല പ്രകടനവും ഒരു ജനതയുടെ കരുത്തിന്‍റെ പ്രതീകമാണ്.അത് ഒരു പെണ്ണിന്‍റേതാണെങ്കില്‍ അതില്‍ എന്താണ് കുഴപ്പം?

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0