Homeശാസ്ത്രം

ക്രിസ്പറിന്‍റെ മാതാവിനെ തേടി പ്രഥമ കിംബര്‍ലി പുരസ്ക്കാരം

ജെന്നിഫര്‍ ഡൗഡ്ന

ശാസ്ത്രനേട്ടങ്ങള്‍ക്ക് പിതാക്കള്‍ മാത്രമല്ല മാതാക്കളുമുണ്ടെന്ന് ലോകം കൈയടിച്ച് അംഗീകരിക്കുന്ന കാലമാണിത്. മുമ്പും ശാസ്ത്ര ഗവേഷണത്തില്‍ വിസ്മയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച വനിതകള്‍ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും കണ്ടുപിടിത്തത്തിന്‍റെ ക്രെഡിറ്റോ അംഗീകാരമോ ലഭിച്ചതേയില്ല. ജീന്‍ എഡിറ്റിങ്ങില്‍ വിസ്മയങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന, തന്മാത്രാ കത്രിക എന്നറിയപ്പെടുന്ന ക്രിസ്പറിന്‍റെ മാതാക്കളായ ജെന്നിഫര്‍ ഡൗഡ്നയ്ക്കും ഇമ്മാനുവെല്ലെ ഷാര്‍പെന്‍റിയറിനുമായിരുന്നു 2020-ലെ രസതന്ത്ര നൊബേല്‍ പുരസ്ക്കാരം. ഇപ്പോഴിതാ ജെന്നിഫര്‍ ഡൗഡ്നയെ തേടി പ്രഥമ കിംബര്‍ലി പുരസ്ക്കാരവും എത്തിയിരിക്കുന്നു. മനുഷ്യാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന , ജനിതക രോഗങ്ങളെ പേടിക്കേണ്ടാത്ത ഒരു കാലം വാഗ്ദാനം ചെയ്യുന്ന ക്രിസ്പര്‍ ജീന്‍ എഡിറ്റിങ്ങ് സങ്കേതം മനുഷ്യരില്‍ പ്രയോഗിക്കാന്‍ കഴിയും വിധം യാഥാര്‍ഥ്യമാക്കിയതിനാണ് പുരസ്ക്കാരം. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഫെയ്ന്‍ബെര്‍ഗ് സ്ക്കൂള്‍ ഓഫ് മെഡിസിന്‍ ആന്‍റ് സിംപ്സണ്‍ ക്വെറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എപ്പിജനറ്റിക്സ് ആണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ജൈവരസതന്ത്ര മേഖലകളില്‍ വിസ്മയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഗവേഷകരെ ആദരിക്കാനായി കിംബെര്‍ലി ക്വെറി തന്‍റെ ഭര്‍ത്താവ് ലോ സിംപ്സണിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്ക്കാരമാണിത്.

1964-ല്‍ വാഷിങ്ടണ്‍ ഡിസിയില്‍ ഡൊറോത്തി ജെയിനിന്‍റെയും മാര്‍ട്ടിന്‍ ഡൗഡ്നയുടെയും മകളായാണ് ജെന്നിഫര്‍ ഡൗഡ്നയുടെ ജനനം. ഡൗഡ്നയ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ പിതാവിന് ഹവായ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ജോലി ലഭിച്ചതോടെ കുടുംബം അങ്ങോട്ടു ചേക്കേറി. ഹവായിലെ അതിമനോഹരമായ പ്രകൃതി കൊച്ചു ഡൗഡ്നയില്‍ നിരീക്ഷണപാടവം വളര്‍ത്തി. ഡൗഡ്നയ്ക്കായി അച്ഛന്‍ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെയൊരുക്കി. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വാട്സന്‍റെ ‘ഡബിള്‍ ഹെലിക്സ്’ എന്ന പുസ്തകമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് ഡൗഡ്ന പറയുന്നു. ഹൈസ്ക്കൂളിലെ രസതന്ത്ര അധ്യാപികയായിരുന്ന ജീനെറ്റ് വോങ്ങും ആ പെണ്‍കുട്ടിയിലെ ശാസ്ത്രതാല്പര്യം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.

കാലിഫോര്‍ണിയയിലെ പൊമോണ കോളേജില്‍ നിന്നും 1985-ല്‍ ജൈവരസതന്ത്രത്തില്‍ ബിരുദം നേടിയ ഡൗഡ്ന ഉപരിപഠനത്തിനായി ഹാര്‍വാഡ് മെഡിക്കല്‍ സ്ക്കൂള്‍ ആണ് തെരഞ്ഞെടുത്തത്. 1989-ല്‍ ഡോക്റ്ററേറ്റ് നേടിയ ഡൗഡ്ന മസ്സാച്ചുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ തന്മാത്രാജീവശാസ്ത്രത്തിലും ഹാര്‍വാഡ് മെഡിക്കല്‍ സ്ക്കൂളില്‍ ജനിതകത്തിലും ഗവേഷണങ്ങള്‍ തുടര്‍ന്നു. തുടര്‍ന്ന് കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ പോസ്റ്റ്ഡോക്റ്ററല്‍ സ്ക്കോളര്‍ ആയി. ആര്‍.എന്‍.എ ഗവേഷണങ്ങളില്‍ ഡൗഡ്നയുടെ സംഭാവനകള്‍ ലോകം ശ്രദ്ധിച്ചു.


കലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഗവേഷണം തുടരുന്നതിനിടെ ഇമ്മാനുവെല്ലെ ഷാര്‍പെന്‍റിയറുമായി കൈകോര്‍ത്തു ഡൗഡ്ന നടത്തിയ ഗവേഷണങ്ങളാണ് ഇരുവരെയും രസതന്ത്ര നൊബേല്‍ നേട്ടത്തിലേക്ക് എത്തിച്ചത്. ബാക്റ്റീരിയകളെ വൈറസ് ബാധിക്കുമ്പോള്‍ അവ അതിനെ പ്രതിരോധിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിനൊടുവില്‍ വൈറസ് ഡി.എന്‍.യെ. തകര്‍ത്തുകൊണ്ടാണ് ബാക്റ്റീരിയകള്‍ വൈറസ്സിനെ തുരത്തുന്നതെന്ന് ഷാര്‍പെന്‍റിയര്‍ തിരിച്ചറിഞ്ഞു. 2011-ല്‍ ഈ ഗവേഷണത്തില്‍ ജൈവരസതന്ത്രത്തിലും ആര്‍.എന്‍.എ ഗവേഷണങ്ങളിലും അഗ്രഗണ്യയായ ഡൗഡ്ന കൂടി പങ്കാളിയായതോടെ ബാക്റ്റീരിയയിലെ ജീന്‍ എഡിറ്റിങ് വിദ്യ പുനര്‍ രൂപകല്പന ചെയ്ത് ടെസ്റ്റ് ട്യൂബില്‍ സാധ്യമാക്കാന്‍ കഴിഞ്ഞു! ഈ നൂറ്റാണ്ടിലെ വിസ്മയ നേട്ടം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ജീവന്‍റെ കോഡുകള്‍ തന്നെ തിരുത്തിയെഴുതാന്‍ ശേഷിയുള്ള ക്രിസ്പര്‍ കാസ്-9 എന്ന നൂതന ജീന്‍ എഡിറ്റിങ് സങ്കേതം അങ്ങനെ യാഥാര്‍ഥ്യമായി. ഇത് മനുഷ്യരില്‍ പ്രയോഗിക്കാന്‍ കഴിയും വിധം രൂപകല്പന ചെയ്യാനും സാധിച്ചു. കാലിഫോര്‍ണിയ ബെര്‍ക്കിലി സര്‍വ്വകലാശാലയില്‍ ക്രിസ്പറിന്‍റെ പ്രായോഗിക സാധ്യതകള്‍ കൂടുതല്‍ വിശാലമാക്കാനുള്ള ഗവേഷണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ജെന്നിഫര്‍ ഡൗഡ്നയും സഹപ്രവര്‍ത്തകരും.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

 

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0