Homeചർച്ചാവിഷയം

മീറ്റൂ പ്രസ്ഥാനവും കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മയും

സ്ത്രീകള്‍ക്കെതിരെ ഇന്നേവരെയുണ്ടായ ലൈംഗിക അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് മീറ്റൂ മൂവ്മെന്‍റ്. അമേരിക്കയില്‍ കറുത്ത വംശജരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു യൂത്ത് ക്യാമ്പ് ഡയറക്ടറായിരുന്ന ടരാനാ ബര്‍ക് ആണ് ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളെ, തുറന്നു പറച്ചിലുകള്‍ക്ക് പ്രേരിപ്പിക്കുന്നതിനായി 2006 -ല്‍ ‘മീറ്റൂ’വിനു തുടക്കം കുറിച്ചത്. എന്നാല്‍ 2017 -ല്‍ ഹാര്‍വി വൈന്‍സ്റ്റൈനെതിരെ നടി അലീസ മിലാനോയും മറ്റും നടത്തിയ വെളിപ്പെടുത്തലുകളാണ് മീറ്റൂ ഹാഷ്ടാഗ് വൈറലാക്കി മാറ്റിയത്. ഒട്ടനവധി മീറ്റൂ വെളിപ്പെടുത്തലുകളാണ് അതിനുശേഷം ലോകത്തൊട്ടാകെ ഉണ്ടായത്. ഏകദേശം 85 ഓളം രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ആഫ്രിക്കന്‍സ്, സൊമാലി, ചൈനീസ് തുടങ്ങിയ ഭാഷകളില്‍ മീറ്റൂ ഹാഷ്ടാഗ് തരംഗം രൂപപ്പെടുകയും ചെയ്തു.

മീറ്റൂ മൂവ്മെന്‍റ് ലോകത്തൊട്ടാകെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വെളിപ്പെടുത്തലുകളിലെ കാലതാമസം, പൊരുത്തക്കേട് ഇവയെ എങ്ങനെ കാണണം, പീഡനാനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്ന മാനസികമായ ട്രോമയുടെ സ്വഭാവമെന്ത്, തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അവയെ കൈകാര്യം ചെയ്യേണ്ടതെപ്രകാരം, പുരുഷാധികാരം നിര്‍മ്മിച്ച സ്ത്രീകളുടെ ‘മാനഭംഗം’ എന്ന അവസ്ഥയെ പുരുഷനെതിരെ ഉപയോഗിക്കുന്നതിലെ സൈദ്ധാന്തികമായ ബലഹീനത എന്തൊക്കെയാണ്, ലൈംഗികബന്ധങ്ങളിലെ സമ്മതി (കണ്‍സെന്‍റ്) യുടെ അഭാവത്തെ എങ്ങനെ മനസ്സിലാക്കണം തുടങ്ങി ധാരാളം സന്ദേഹങ്ങളാണ് മീറ്റൂവുമായി ബന്ധപ്പെട്ടുയര്‍ന്നത്. ഒപ്പം, മീറ്റൂ വെളിപ്പെടുത്തലുകളെ സംശയത്തോടെ വീക്ഷിക്കുന്ന ചര്‍ച്ചകളുമുണ്ടായി. തൊഴില്‍പരമായും മറ്റുമുള്ള വിരോധത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാജവെളിപ്പെടുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ക്ക് മീടൂ വഴി തുറക്കുമെന്നായിരുന്നു പ്രധാന ആശങ്ക. തന്നെയുമല്ല, ഇത്തരം സാഹചര്യം സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കോര്‍പ്പറേറ്റ് രംഗത്തുള്ള പല ഉന്നത ജോലികളിലും, തൊഴില്‍ പരിരക്ഷയുടെ ഭാഗമായി, ലൈംഗിക ആരോപണങ്ങളിന്മേലുള്ള സെറ്റ്ല്‍മെന്‍റുകളില്‍ പണം മുടക്കേണ്ടിവരുന്നത് തൊഴില്‍ ഉടമ്പടി പ്രകാരം തൊഴിലുടമയാണ്. ഇത്തരം സാഹചര്യം ഒഴിവാക്കാനായി തൊഴില്‍ ഉടമകള്‍ ചെറുപ്പക്കാരികളായ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലേക്ക് മീറ്റൂ നയിച്ചേക്കാം എന്ന ആശങ്കയും ഉണ്ടായി. രാത്രി ഏറെവൈകിയും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലിടങ്ങളില്‍ ലൈംഗിക പീഡന പരാതികള്‍ക്കുള്ള സാധ്യതകള്‍ കൂടുതലുമാണ്. മീറ്റൂ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം വാള്‍സ്ട്രീറ്റിലും മറ്റുമുള്ള പല തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകളെ ഒഴിവാക്കാനുള്ള പ്രവണതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ലോകത്തൊട്ടാകെ അത്രമേല്‍ വ്യാപകമാണെന്നും അവയെ പലപ്പോഴും സ്വാഭാവികസംഭവങ്ങള്‍ എന്ന നിലയിലാണ് പൊതുസമൂഹം വിലയിരുത്തുന്നതെന്നും ഇതിനെതിരെ പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് നിലവിലെ നിയമവ്യവസ്ഥക്കുള്ളില്‍ നീതിനിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും മീറ്റൂ മൂവ്മെന്‍റ് തുറന്നുകാട്ടി.

കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളിലായി ഫെമിനിസ്റ്റ് പ്രസ്ഥാനം നേരിട്ട തളര്‍ച്ചയുടെ കാരണം അത് നിയോലിബറല്‍ ഫെമിനിസമായി രൂപപ്പെട്ടതിനാലാണ്. വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്ന ഉപഭോക്താവ് എന്ന പൗരനിലയില്‍ വ്യക്തിയധിഷ്ഠിതമായ ഏജന്‍സി ഉപയോഗപ്പെടുത്തി അവകാശങ്ങള്‍ നേടിയെടുക്കുക, അതുവഴി ജീവിതവിജയവും മറ്റു നേട്ടങ്ങളും കൈവരിക്കുക എന്നിങ്ങനെയുള്ള അവസ്ഥയായി അത് രൂപാന്തരപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ സ്വത്വങ്ങള്‍ ഉണ്ടാക്കിയ ചിതറലുകളും ഇതോടൊപ്പമുണ്ട്. ഫെമിനിസ്റ്റ് പ്രസ്ഥാനം അടുത്തകാലത്ത് കൈവിട്ട തങ്ങളുടെ പൊതു രാഷ്ട്രീയ വിഷയത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ചരിത്ര സന്ദര്‍ഭം കൂടിയായിരുന്നു മീറ്റൂ തരംഗം. അര്‍ജന്‍റീനയില്‍ തുടങ്ങി വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന NiUnaMenos (not one woman less) എന്ന മൂവ്മെന്‍റ് ലൈംഗിക പീഡനം എന്ന സാര്‍വത്രിക സ്ത്രീഅനുഭവത്തെ കേന്ദ്രീകരിച്ച് ഫെമിനിസ്റ്റ് രാഷ്ട്രീയം തിരിച്ചു പിടിക്കാനും പുനര്‍നിര്‍ണയിക്കാനുമുള്ള ശ്രമമായി മാറി. ഈ മൂവ്മെന്‍റിന്‍റെ അലകള്‍ യൂറോപ്പിലുള്‍പ്പെടെ കാണാന്‍ കഴിയും. ഭരണകൂട ഹിംസക്കും അവഗണനക്കും, കോര്‍പ്പറേറ്റ് ചൂഷണങ്ങക്കും എതിരെയുള്ള ആശയരൂപീകരണത്തി ലേക്കും പ്രായോഗിക സമരപരിപാടി രൂപീകരണത്തിലേക്കും അത് വളരുന്നുണ്ട്. 2020 -21 ല്‍ അബോര്‍ഷന്‍ നിയമവിരുദ്ധമാക്കിയതിനെതിരെ പോളണ്ടില്‍ Women’s Strike എന്ന പേരില്‍ ഒരു ലക്ഷത്തോളം സ്ത്രീകളാണ് തെരുവില്‍ പ്രതിഷേധിച്ചത്. നിയോ ലിബറല്‍ മൂല്യങ്ങളുടെ വ്യക്തികേന്ദ്രീകൃത താല്‍പര്യങ്ങളിലൂന്നിയ ഫെമിനിസ്റ്റ് നിലപാടുകളില്‍ നിന്ന് വിശാലമായ ഒരു സാമൂഹിക പരിപ്രേക്ഷ്യത്തിലേക്കു മാറാന്‍ ശ്രമിക്കുന്നു എന്നതാണ് വര്‍ത്തമാനകാല ചരിത്രയാഥാര്‍ഥ്യം.

ഇന്ത്യയില്‍ ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബോളിവുഡില്‍ പല വെളിപ്പെടുത്തലുകളും ഉണ്ടായി. സിനിമനിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇവ വഴിതെളിക്കുകയുമുണ്ടായി. ഓരോ സിനിമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐസിസി രൂപീകരിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അടുത്തിടെ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ പത്രസ്ഥാപനങ്ങളില്‍ ഉന്നതപദവിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും മീറ്റൂ ആരോപണങ്ങള്‍ ഉയരുകയുണ്ടായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍ മീറ്റൂ വെളിപ്പെടുത്തലിനെതിരെ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍, വെളിപ്പെടുത്തല്‍ നടത്തിയ വനിതാ ജേര്‍ണലിസ്റ്റിനെ ദല്‍ഹി കോടതി വെറുതെ വിടുകയും സ്ത്രീകള്‍ക്ക് അവരുടെ പരാതി ഏത് പ്ലാറ്റ്ഫോമിലും എത്രകാലം കഴിഞ്ഞും ഉന്നയിക്കാനുള്ള അവകാശമുണ്ട് എന്ന് വ്യക്തമാക്കുകയും ചെയ്തു. വെളിപ്പെടുത്തലുകളോടുമുള്ള വിവിധ കോണുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ അവയുടെ സവിശേഷ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.

തമിഴ് ഗായിക ചിന്മയി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഉന്നയിച്ച മീറ്റൂ വെളിപ്പെടുത്തലുകള്‍ തമിഴ്നാട്ടിലെ ദ്രാവിഡ – സ്വത്വ രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തെ മുന്‍നിര്‍ത്തി ഗായികക്കെതിരെയുള്ള സംഘടിതമായ ആക്രമണമായതെങ്ങനെയാണെന്ന് നാം കണ്ടതാണ്. ബ്രാഹ്മണ സ്ത്രീയായ ഗായിക പിന്നാക്ക സമുദായാംഗമായ ഗാനരചയിതാവിനെതിരെ വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ വെളിപ്പെടുത്തല്‍ ഗൂഢലക്ഷ്യത്തോടു കൂടിയുള്ളതാണ് എന്നതായിരുന്നു ആരോപണം. ജാതിരാഷ്ട്രീയത്തോടുള്ള പ്രത്യയശാസ്ത്രപരമായ അടുപ്പം ഗാനരചയിതാവിനെ തള്ളിപ്പറയുന്നതില്‍ നിന്ന് പല പ്രമുഖ വ്യക്തികളെയും തടഞ്ഞു എന്നതാണ് വാസ്തവം.

ഇന്ത്യയില്‍ അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട മീറ്റൂ വെളിപ്പെടുത്തലുകള്‍ ശേഖരിച്ച് റായ സര്‍ക്കാര്‍ എന്ന നിയമ വിദ്യാര്‍ത്ഥിനി പുറത്തുവിട്ട പട്ടിക- LoSHA (List of Sexual Harassers in Academia) ഈ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. കഫീല എന്ന ഗ്രൂപ്പ് ബ്ലോഗിലൂടെ നിവേദിത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ലിസ്റ്റിനെ തള്ളിപ്പറഞ്ഞു. ലിസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും വാദമുഖങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ അക്കാദമിയക്കുള്ളിലെ മുതിര്‍ന്ന സ്ത്രീ ഗവേഷകരും അധ്യാപകരും, പീഡകരായ പുരുഷസുഹൃത്തുക്കളുടെ പക്ഷം പിടിച്ചു എന്ന ആരോപണമാണ് യുവ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. ഫെമിനിസത്തെക്കുറിച്ചുള്ള ഇവരില്‍ ചിലരുടെ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാന്‍ തയ്യാറല്ല എന്ന നിലപാടും ചില വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ചിരുന്നു.

ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രശസ്തയായ ഫ്രഞ്ച് ഫിലോസഫി പ്രൊഫസറും ഫെമിനിസ്റ്റുമായ അവിറ്റല്‍ റോനെലിനെതിരെ അവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ലൈംഗികപീഡന പരാതി നല്‍കിയിരുന്നു. ടൈറ്റില്‍ കത ന്‍റെ (ഫെഡറല്‍ സിവില്‍ നിയമം) അടിസ്ഥാനത്തില്‍ രൂപീകരിച്ച സമിതി നടത്തിയ അന്വേഷണത്തില്‍ പ്രൊഫസര്‍ റോനെല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി, യൂണിവേഴ്സിറ്റി അവരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഈ അന്വേഷണം നടക്കുമ്പോള്‍ ജൂഡിത് ബട്ലര്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക് ഉള്‍പ്പെടെയുള്ള അക്കാദമിക രംഗത്തെ പ്രമുഖര്‍ റോനെല്ലിന് പിന്തുണ നല്‍കി യൂണിവേഴ്സിറ്റിക്ക് കത്തയച്ചത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആ കത്തില്‍ അവര്‍ ആവശ്യപ്പെട്ടത് “she be accorded the dignity rightly deserved by someone of her international standing and reputation” എന്നായിരുന്നു! തങ്ങള്‍ ദീഘകാലം റോനെലുമായി ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ ഇപ്രകാരം ഒരു ലൈംഗികപീഡനം നടത്താനുള്ള സാധ്യത ഇല്ല എന്നും കത്തില്‍ പറയുന്നുണ്ട്. തന്നെയുമല്ല, ഇരയെ കുപ്പെടുത്തുന്ന (വിക്ടിം ബ്ലെയിമിങ്ങ്) നടത്തുന്ന തരം പരാമശങ്ങളും കത്തിലുണ്ടായിരുന്നു. കത്ത് തിടുക്കത്തില്‍ എഴുതിയതാണെന്നും പരാതി ഉന്നയിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നത് ലൈംഗിക പീഡന പരാതികളില്‍ പലപ്പോഴും സംഭവിക്കാറുള്ളതായതിനാല്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രൊഫസര്‍ റോനെല്ലിന് അവരുടെ അക്കാദമിക നിലക്കും വിലക്കും അനുസരിച്ചുള്ള പരിഗണന നല്‍കണം എന്നാവശ്യപ്പെട്ടത് ശരിയായില്ലെന്നും ജൂഡിത്ത് ബട്ലര്‍ പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. “We all make errors in life and in work. The task is to acknowledge them, as I hope I have, and to see what they can teach us as we move forward” എന്നു പറഞ്ഞാണ് ആ ഖേദം പ്രകടിപ്പിക്കുന്ന പ്രസ്താവന ബട്ലര്‍ അവസാനിപ്പിക്കുന്നത്.

കേരളത്തിലാവട്ടെ, ദി ഹിന്ദു ദിനപത്രത്തിന്‍റെ ബ്യൂറോ ചീഫായിരുന്ന ഗൗരിദാസന്‍ നായര്‍ക്കെതിരെയും കൊച്ചിന്‍ ബിനാലെയുടെ പ്രധാന നടത്തിപ്പുകാരനായിരുന്ന റിയാസ് കോമു എന്ന ചിത്രകാരനെതിരെയും മീടൂ ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഗൗരിദാസന്‍നായര്‍ക്ക് സ്വയം വിരമിക്കാന്‍ സ്ഥാപനം അവസരം നല്‍കി, റിയാസ് കോമുവിനോട് ബിനാലെ നടത്തിപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയുമുണ്ടായി. ഈ രണ്ട് ആരോപണങ്ങളിലും പരാതിക്കാരികള്‍ നീതിക്കായി കോടതിയെ സമീപിച്ചിരുന്നില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്.

കേരളത്തില്‍ 80കള്‍ മുതല്‍ വിവിധ ഫെമിനിസ്റ്റ് സംഘടനകള്‍ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കെ.അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയും ഇതര സംഘടനകളും, ഫെമിനിസ്റ്റുകളായ അഭിഭാഷകരും ഈ വ്യവഹാര നിര്‍മ്മിതിയുടെ ഭാഗമായവരാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒരു പ്രധാന ധാരയാണിത്. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ പി.ഇ.ഉഷ നടത്തിയ പോരാട്ടം ഇടത് സര്‍വീസ് സംഘടനയുടെ നേതൃനിരയിലുള്ള ഒരാള്‍ക്കെതിരെയായിരുന്നു എങ്കിലും ആ വിഷയത്തില്‍ ഒരു ഫെമിനിസ്റ്റ് ഐക്യം രൂപപ്പെടുത്താന്‍ കഴിഞ്ഞത് ഇതിനാലാണ്. സൂര്യനെല്ലി കേസ്, ഐസ്ക്രീം പാര്‍ലര്‍ കേസ് തുടങ്ങിയവയെല്ലാം ഇതിന്‍റെ തുടര്‍ച്ചകളാണ്. ഇങ്ങനെ ലൈംഗികപീഡന വിഷയങ്ങളില്‍ കേരളത്തിലെ ഫെമിനിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ പൊതുഐക്യം വഴി അത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മിനിമം അജണ്ടയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്.
എന്നാല്‍ സിവിക് ചന്ദ്രനെതിരെ രണ്ടു അതിജീവിതമാര്‍ പ്രത്യേകം പ്രത്യേകമായി കൊടുത്ത പരാതികളും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും ഇതില്‍ നിന്നും വ്യത്യസ്തമായ സവിശേഷമായൊരു സാഹചര്യത്തെ മുന്നോട്ടു വെക്കുന്നുണ്ട്. ആരോപണ വിധേയന്‍ ഫെമിനിസ്റ്റ് രാഷ്ട്രീയ ചേരിയോട് ചേര്‍ന്നു നില്‍ക്കുന്ന, കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്നത് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ സ്വഭാവത്തെ വ്യത്യസ്തമാക്കി. സാഹിത്യ രംഗത്തുള്ളവര്‍ പാലിച്ച നിശബ്ദതയുടെ കാരണവും മറ്റൊന്നല്ല. എന്നാല്‍, സിവിക് ചന്ദ്രനെ ന്യായീകരിക്കുന്ന നിലപാടുകള്‍ ചില ഫെമിനിസ്റ്റുകളില്‍ നിന്നും പാഠഭേദത്തിന്‍റെ പ്രസാധകരായ നൈതിക വേദിയുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിജീവിത ഉന്നയിച്ച പരാതിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സിവിക്ക് ചന്ദ്രന്‍റെ ലൈംഗികാതിക്രമം താരതമ്യേന തീവ്രത കുറഞ്ഞതാണെന്നുമുള്ള വാദങ്ങളുയര്‍ത്തിയാണ് അവര്‍ പ്രതിരോധിച്ചത്. തീവ്രത കുറഞ്ഞ (അവരുടെ അഭിപ്രായത്തില്‍) ലൈംഗിക കയ്യേറ്റങ്ങള്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടതില്ല എന്ന വാദം യഥാര്‍ത്ഥത്തില്‍ ലൈംഗിക പീഡനത്തെ സാമാന്യവല്‍ക്കരിക്കാന്‍ ഇടയാക്കും. ലൈംഗിക പീഡനങ്ങള്‍ക്കും റേപ്പ് കള്‍ച്ചറിനുമെതിരേ രൂപം കൊണ്ട മീറ്റൂ മൂവ്മെന്‍റ് ‘സ്ത്രീകളുടെ അനുമതി’ എന്ന സങ്കല്‍പനത്തെ കേന്ദ്രീകരിച്ചു രൂപപ്പെടുത്തിയ രാഷ്ട്രീയത്തെയാണ് ഇതിലൂടെ ഈ വിഭാഗം നിരാകരിക്കാന്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടുകയും അവയെ സ്ത്രീകള്‍ക്ക് അനുകൂലമാക്കുകയും ചെയ്യുക എന്നത് പൊതുവെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. മുതലാളിത്ത വ്യവസ്ഥക്ക് അകത്ത് തൊഴില്‍പരമായും സാമ്പത്തികമായും സ്ത്രീകള്‍ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാനും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകള്‍ സ്വീകരിച്ചു വരുന്ന നിലപാടുമാണ്. അതേസമയം സര്‍ക്കാരുകളോട് വിമര്‍ശനാത്മകമായ അകലം പാലിക്കേണ്ടതുമുണ്ട്. കെ. അജിത 2021 ജൂലൈ ലക്കം പാഠഭേദത്തിനു നല്‍കിയ ഒരു ഇന്‍റര്‍വ്യൂയില്‍, വിവിധ ലൈംഗികപീഡന കേസുകളുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് പരാമശിക്കുന്നുണ്ട്. 1993 – ല്‍ അജിതയുടെ നേതൃത്വത്തില്‍ ‘അന്വേഷി’ രൂപീകരിച്ചതിന് ശേഷം ആയിരക്കണക്കിന് പരാതികളാണത്രെ സംഘടനക്ക് മുന്നിലെത്തിയത്. കേരള സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള കോഴിക്കോട്ടെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം (ലൈംഗികാതിക്രമം നേരിട്ടവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം ) ഇപ്പോള്‍ നടത്തുന്നത് അന്വേഷിയാണ്. കേവലം 6 മാസത്തിനുള്ളില്‍ 32 ഓളം സ്ത്രീകളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് എന്ന് അജിത ഇന്‍റര്‍വ്യൂവില്‍ പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും നിര്‍ഭയ ഷെല്‍ട്ടര്‍ പോലുള്ളവ യാഥാര്‍ഥ്യമാക്കാനും സാധിച്ചത് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയത് കൊണ്ട് കൂടിയാണ്. പി ഇ ഉഷ, സീമ ഭാസ്കര്‍, മിനി സുകുമാര്‍ തുടങ്ങിയ ഫെമിനിസ്റ്റുകള്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന മഹിളാ സമഖ്യ പോലുള്ള സ്ത്രീ ശാക്തീകരണ സംവിധാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തിന്‍റെ സാഹചര്യത്തില്‍, സംസ്ഥാനത്തെ ഏതാണ്ട് 50 ശതമാനത്തോളം വരുന്ന കുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ള കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പാക്കിയതും, നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുമ്പോഴും അതിന്‍റെ രൂക്ഷത കുറക്കുന്ന രീതിയിലുള്ള ക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നതും ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിലും വനിതാ മതിലിന്‍റെ സംഘാടനത്തിലും ഒക്കെ സ്ത്രീ അനുകൂല നിലപാടുകള്‍ കാണിച്ചതും കേരളസര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നുണ്ട്. എന്നാല്‍ അനുപമ വിഷയത്തിലും വാളയാര്‍ കേസിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതും നിര്‍ജ്ജീവമായിരുന്നതും സര്‍ക്കാരിന്‍റെ ഭാഗത്തുണ്ടായ ഗുരുതരമായ കൃത്യ വിലോപമാണ്. സര്‍ക്കാരിന്‍റെ ഇത്തരം വീഴ്ചകള്‍ ചോദ്യം ചെയ്യുന്ന ക്രിയാത്മക പ്രതിപക്ഷമായി നിന്നുകൊണ്ടുവേണം ഫെമിനിസ്റ്റ് പ്രസ്ഥാനം അതിനോട് രാഷ്ട്രീയമായി സംവദിക്കാനുള്ള ഇടം സൃഷ്ടിക്കേണ്ടത്.

സിവിക്ക് ചന്ദ്രനെതിരെയുള്ള അതിജീവിതമാരുടെ പരാതി മറ്റു പ്രദേശങ്ങളിലേതിന് സമാനമായി കേരളത്തിലെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ക്കു ഐക്യപ്പെടലിനുള്ള ചരിത്ര സന്ദര്‍ഭമാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് എപ്രകാരം രൂപപ്പെടുത്താം എന്നതാണ് ഇപ്പോള്‍ ഫെമിനിസ്റ്റുകള്‍ അഭിമുഖീകരിക്കേണ്ട അടിയന്തിരവിഷയം. ഇതിനായി ദലിത്, ലൈംഗിക ന്യുനപക്ഷങ്ങള്‍ തുടങ്ങി വിവിധ സ്വത്വവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ അയഞ്ഞതും വിശാലവുമായ ഒരു പ്ലാറ്റ്ഫോം രൂപപ്പെടേണ്ടതുണ്ട്. ചുരുക്കത്തില്‍, വിവിധ തൊഴില്‍ നിലകളിലും മേഖലകളിലുമുള്ള ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും അക്കാദമിക്കുകളും ഒക്കെ തമ്മിലുള്ള പരസ്പര ഇടപെടലുകളിലൂടെയും കൊടുക്കല്‍ വാങ്ങലുകളിലൂടെയും ശക്തിപ്പെടേണ്ടതാണ് ഫെമിനിസ്റ്റ് രാഷ്ട്രീയം.

ബിനിത തമ്പി
അധ്യാപിക,
എച്ച്.എസ്.എസ് വിഭാഗം
ഐ.ഐ.ടി., മദ്രാസ്

COMMENTS

COMMENT WITH EMAIL: 0