Homeചർച്ചാവിഷയം

ദളിത് സ്ത്രീ ശരീരങ്ങളുടെ രാഷ്ട്രീയം നാടന്‍ പാട്ട്, നോവല്‍, സിനിമ എന്നിവയിലൂടെ

‘ദളിത്’ എന്നത് ഒരു ജീവിതാവസ്ഥ ആണ്, അത് ഏതെങ്കിലും ഒരു പ്രത്യേക ജാതിയെ കുറിക്കുന്ന പദമല്ല. ജാതി-വര്‍ണ്ണവ്യവസ്ഥ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്, ജനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെട്ട്, സാമൂഹിക പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട, താഴെ തട്ടിലേക്ക് എറിയപ്പെട്ടവരെ കുറിക്കുന്ന പദമാണിത്. ദളിത് എന്ന പദം ഒരു സമുദായത്തോട് ചേര്‍ത്ത് ആദ്യമായിട്ട് ഉപയോഗിച്ചത് മഹാത്മാ ജ്യോതിബ ഫുലെ ആയിരുന്നു. ദളിത് എന്ന പദം ആദ്യമായി പട്ടികജാതി വിഭാഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത് അംബേദ്കര്‍ ആണ്. ജാതിയെ വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹം ‘അയിത്തജാതിക്കാര്‍’ അഥവാ ‘അസ്പൃശ്യര്‍’ എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഗാന്ധിജി ‘ഹരിജന്‍’ എന്ന പദം ആണ് ഉപയോഗിച്ചത്. സൈമണ്‍ കമ്മീഷന്‍ വ്യത്യസ്ത സംസ്കാരങ്ങളില്‍ ഉള്ള ഒരു പറ്റം അവര്‍ണ്ണ ജാതികളെ ഏകീകരിച്ച് പട്ടികപ്പെടുത്തുകയും 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടില്‍ ഈ പദം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.. ഈ തരത്തിലുള്ള ഒരു പേര് ഈ ജനത സ്വയമേ സ്വീകരിച്ചത് അല്ല എന്നതു കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.. ദളിത് ഒരു ജാതി അല്ല, മറിച്ച് ഒരു തിരിച്ചറിവാണ്. ദളിത് എന്നത് ഒരു പദവി ബോധമാണ്. ഒരേസമയം ജാതി വിരുദ്ധതയും സ്വയംബോധവും ആണിത്. ഓരോരുത്തരുടെയും നിരന്തര വ്യക്തി പ്രകടനങ്ങള്‍ പോലും ജാതി അടിസ്ഥാനത്തില്‍ ആണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം അന്തര്‍ലീനമായാണ് നമുക്കിടയില്‍ ജാതി പ്രവര്‍ത്തിക്കുന്നത്.

പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിനുള്ള ശക്തമായ മാര്‍ഗങ്ങളാണ് സ്ത്രീകളെ കൃത്യമായി നിയന്ത്രിച്ചിരുന്നതും ജാതി ചിട്ടകള്‍ പാലിക്കേണ്ടി വരുന്നതും. ഉന്നത ജാതിക്കാരായ പുരുഷന്മാരുടെ ബഹുമാന്യതയും പദവിയും സംരക്ഷിക്കുന്നവരായാണ് സവര്‍ണ്ണ സ്ത്രീകളെ കണക്കാക്കുന്നത്. ഭാര്യ, അമ്മ, കന്യക എന്നീ നിലകളിലുള്ള സ്ത്രീപങ്കാളിത്തം ആണ് വേദകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കായി നിര്‍ണയിക്കപ്പെട്ടിരുന്നത്. അത് തികച്ചും പുരുഷാധിഷ്ഠിത വ്യവസ്ഥിതിയില് നിന്ന് കൊണ്ടുള്ളതാണ്. സ്ത്രീ ലൈംഗികതയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന കഠിനമായ നിയന്ത്രണങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന് മേല്‍ക്കോയ്മ കൂട്ടുന്നതിന്സഹായകരമായി. പുരുഷാധിപത്യ വ്യവസ്ഥിതി സവര്‍ണ്ണ സ്ത്രീകളുടെ ലൈംഗികതയ്ക്കുമേല്‍ കനത്ത വിലക്കുകള്‍ കൊണ്ടുവരികയും ചാരിത്ര്യം,പാതിവ്രത്യം എന്നുള്ളത് അനുഷ്ഠാന ആചാരമായി മാറുകയും ചെയ്തു. ജാതി ആചാരങ്ങളെയും സ്വജാതിയില്‍ നിന്ന് വിവാഹം നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ വഴിയായിരുന്നു ജാതിയില്‍ നിന്നും പുറത്താക്കുക എന്നുള്ളത്. ഒരു ദളിത് അവര്‍ണ്ണ സ്ത്രീയുടെ ജീവിതം ഒരിക്കലും ഇപ്രകാരം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. സാമ്പത്തിക സാമൂഹിക കാര്‍ഷിക ഉത്പാദന പ്രക്രിയയില്‍ കൃത്യമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക അംഗീകാരം നല്‍കാതെ അധ്വാനിക്കുന്ന, എളുപ്പത്തില്‍ വിധേയയാകുന്ന ഒരുവളെന്ന ലേബല്‍ ആണ് പൊതുസമൂഹം ചാര്‍ത്തി നല്‍കിയിരുന്നത്. സ്ത്രീകളുടെ ലിംഗപദവി സാമൂഹിക ജാതിയ പിന്നോക്കാവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ആയിരുന്നു അവരുടെ വീക്ഷണത്തില്‍ കീഴാള സ്ത്രീകള്‍ക്ക് യാതൊരു അവകാശങ്ങളും കുലീനതയും ഉണ്ടായിരുന്നില്ല മാത്രമല്ല അവര്‍ ഹൈന്ദവ മാനദണ്ഡങ്ങള്‍ക്ക് അധീന ആയിരുന്നുമില്ല അതുകൊണ്ടുതന്നെ കന്യക, കുടുംബിനി, പതിവൃത എന്നിങ്ങനെ സ്ത്രീ സ്വഭാവങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പദങ്ങള്‍ ഒന്നുതന്നെ അവരുമായി ചേര്‍ന്നിരുന്നില്ല. സവര്‍ണ്ണ സ്ത്രീകളെ തറവാട്ടമ്മ എന്ന് വിളിക്കുമ്പോള്‍ കീഴാള സ്ത്രീ ചന്തപെണ്ണായി മാറുകയാണ്. സ്ത്രീകളുടെമേല്‍ പാതിവ്രത്യ ആചാരം ഇല്ല എന്നതും അവര്‍ തൊഴില്‍ ഉത്പാദന മേഖലയില്‍ ഗണ്യമായ പങ്കുവഹിക്കുന്നു എന്നുള്ളതും ആദരണീയ ആയി അവരെ കണക്കാ ക്കാനുള്ള ഘടകങ്ങള്‍ ആയിരുന്നില്ല.

സാവിത്രീഭായ് ഫുലെ

ദളിത് സാഹിത്യം
ദളിത് സാഹിത്യം വികസിച്ചുവന്ന കാലഘട്ടത്തില്‍ ജാതിവരേണ്യത, ചൂഷണം, വിവേചനം എന്നിവയായിരുന്നു പ്രധാന ചിന്താധാരകള്‍. ദളിത് ഇതര എഴുത്തുകാരിലൂടെ ദളിത് ജീവിതങ്ങള്‍ ദൃശ്യമാകുന്നുണ്ടായിരുന്നു. തൊണ്ണൂറുകളിലാണ് ദളിത് സാഹിത്യസൃഷ്ടികള്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത്. ദളിത് സ്ത്രീകളുടെതായി പറയത്തക്ക സാഹിത്യരചനകള്‍ ഒന്നുംതന്നെ കണ്ടിരുന്നില്ല. ദളിത് സ്ത്രീകള്‍ അക്കാലത്ത് ദൃശ്യവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. നാടന്‍ പാട്ടുകളിലും കവിതകളിലും ആത്മകഥയിലും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലായിടത്തും അവര്‍ അദൃശ്യര്‍ ആയിരുന്നു. സവര്‍ണ്ണ സ്ത്രീകള്‍ ജാതിപേരുകളില്‍ അറിയപ്പെട്ടപ്പോള്‍ അവര്‍ണ്ണ സ്ത്രീകള്‍ പുലച്ചി, പറച്ചി, വണ്ണാത്തി, നായടിച്ചി, പണിച്ചി, എന്നിങ്ങനെയും തൂറി, കോപ്പി, ചാഴി, ചേര തുടങ്ങിയ പുഴു, ശുദ്ര ജീവികളുടെ പേരുകളിലുമാണ് അറിയപ്പെട്ടിരുന്നത്. ചെങ്ങന്നൂരാതി, ഇടനാടന്‍ പാട്ട് എന്നിവയിലെല്ലാം ദളിത് സ്ത്രീകളെക്കുറിച്ച് പരാമര്‍ശമുണ്ട്. മണ്ണിനോട് ഇവര്‍ക്കുള്ള ബന്ധവും അവരുടെ അധ്വാനവും കണക്കിലെടുത്ത് മണ്ണില്‍നിന്ന് വേര്‍തിരിക്കാതെ അവരുടെ സാമൂഹിക അസ്ഥിത്വം മണ്ണിനോടൊപ്പം കൈമാറ്റം ചെയ്യാവുന്ന ഉപകരണമായാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. മനുഷ്യന്‍റെ വികാരങ്ങളും സുഖദുഃഖങ്ങളും തനതായ താളത്തില്‍ നാടന്‍ പാട്ടുകള്‍ ആ വഹിച്ചിരുന്നു. ജാതി നല്‍കിയ അയിത്തം ലൈംഗിക പീഡനം, കൊലപാതകം, വിശപ്പിന്‍റെ വിളികള്‍ തുടങ്ങിയവ മുഴങ്ങുന്ന ഒട്ടനവധി പാട്ടുകള്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദളിത് സ്ത്രീ അവളുടെ സ്വകാര്യ ജീവിതത്തിലും സുരക്ഷിത ആയിരുന്നില്ല. സാമ്പത്തിക കാര്‍ഷികോത്പാദന പ്രക്രിയയില്‍ വ്യാപൃത ആയിരിക്കുമ്പോഴും മറ്റ് സമൂഹത്തിലെ സ്ത്രീകളെ പോലെ മിച്ചം വെക്കാന്‍ ഒരു സമയം അവര്‍ക്കുണ്ടായിരുന്നില്ല. കറുത്ത സ്ത്രീകളെ കാമ പൂര്‍ത്തിയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള ഉപകരണങ്ങളായാണ് കണ്ടിരുന്നത്. അവരുടെ അധ്വാനശേഷി ഉപയോഗിക്കുന്നതിനു പുറമേ അവരെ ശാരീരിക ചൂഷണത്തിനും വിധേയരാക്കിയിരുന്നു. സ്ത്രീ ആസ്വദിക്കപ്പെടാനുള്ളതാണ് എന്ന ഈ ബ്രാഹ്മണിക സങ്കല്പം കേരളത്തില്‍ അനുഭവവേദ്യമാകുന്നത് നാടന്‍പാട്ടുകളില്‍ലൂടെയാണ്. ഈ നാടന്‍ പാട്ടുകള്‍ ഒരുകാലത്ത് ഒരു ജനത അനുഭവിച്ചിരുന്ന ക്രൂരതകളുടെ കണക്കാണ്. തന്‍റെ ശരീരത്തെ, അധ്വാനത്തെ, ചൂഷണം ചെയ്യുന്ന ജന്മിയെ വെല്ലുവിളിക്കുന്നതാണ് മിക്ക നാടന്‍പാട്ടുകളുടെയും ഇതിവൃത്തം.
നീലിയമ്മ തോറ്റം വ്യഭിചാര കുറ്റം ആരോപിച്ചു കുഞ്ഞു നീലി എന്ന സ്ത്രീയെ തമ്പ്രാനും തുറക്കാരും ബലികൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തി നീലി മരിക്കുന്നതാണ്. പൂമാതെ പൊന്നമ്മ നാടുവാഴിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന പുലയത്തി പൊന്നമ്മയെ പിഴച്ചു എന്ന് ആരോപിച്ച് ചുട്ടുകൊല്ലുന്നതാണ്. മുലയും തലയും കരിക്കപ്പെട്ട പുലയസ്ത്രീ സവര്‍ണ്ണ പുരുഷാധിപത്യത്തെ ആണ് അടയാളപ്പെടുത്തുന്നത്. മിക്ക പാട്ടുകളിലും പുലയന് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുമ്പോഴും, പെണ്ണുങ്ങളെ പായ വിരിക്കാന്‍ ക്ഷണിക്കുന്നതും, അതില്‍ അവരുടെ നിസ്സഹായതയും വ്രണപ്പെടുന്ന അഭിമാനബോധവും കാണാം. ദളിത് സ്ത്രീ തന്‍റെ ശരീരത്തിന്‍റെയും ലൈംഗികതയുടെയും മേല്‍ സ്ഥാപിക്കുന്ന അഭിമാനബോധം നാടന്‍ പാട്ടുകളില്‍ ശക്തമായി അടയാള പെടുത്തിയിട്ടുണ്ട്:

അന്തിയായാല്‍ പുഞ്ചക്ക്
നീര് തേവി കൂട്ടണം
പുഞ്ച നീര് നനക്കുമ്പോള്‍
പുള്ള പീച്ചി കൂട്ടുമ്പോള്‍
ഞാനയഞ്ഞ മാടത്തെ
പായിലങ്ങ് കിടക്കണ്

ഒരു ദളിത് സ്ത്രീയുടെ ജീവിത നേര്‍ക്കാഴ്ചയാണ് ഈ വരികള്‍. കായികാധ്വാനത്തിന് അപ്പുറം അന്തിയായാലും വിശ്രമമില്ലാത്ത ജോലി ഭാരവും കുഞ്ഞിന്‍റെ കരച്ചില് കേള്‍ക്കുമ്പോള്‍ പോലും ഒന്നും പ്രതികരിക്കാന്‍ ആവാതെ തമ്പുരാന്‍റെകൂടെ പായയില്‍ ആണെന്ന് ആത്മനിന്ദയോടെയാണ് അവള്‍ ഓര്‍ക്കുന്നത്. അപമാനിക്കപ്പെടുന്ന സ്ത്രീ ശരീരങ്ങളുടെ കഥയാണ് മിക്ക നാടന്‍ പാട്ടുകളിലൂടെയും ഇതിവൃത്തം. ദളിത് സ്ത്രീ ശരീങ്ങളെ അധ്വാന ശേഷിക്ക് അപ്പുറത്തേക്ക് ശാരീരിക ചൂഷണത്തിനും കടുത്ത പീഡനത്തിനും ഇരയാക്കുന്നു എന്ന് സൂചിപ്പിക്കുന്ന നിരവധി നാടന്‍ ശീലുകള്‍ കാണാം.

വളരെ ചുരുക്കം നോവലുകള്‍ മാത്രമാണ് വരെ ദളിത് പ്രമേയം ആക്കി എഴുതപ്പെട്ടിട്ടുള്ളത്. ‘ആദ്യ കാല മലയാള നോവല്‍’ എന്നറിയപ്പെട്ട ഘാതകവധം (The Slayer Slain 1859) മിസ്സിസ് കോളിന്‍സ് എഴുതാന്‍ ആരംഭിക്കുകയും 1864 ല്‍ അവരുടെ മരണശേഷം മിസ്റ്റര്‍ കോളിന്‍സ് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. 1877 ല്‍ പുറത്തിറങ്ങിയ മലയാള പരിഭാഷ ദളിതരുടെ ജീവിതാവസ്ഥ വിശകലനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനും വഴിനടക്കാനുള്ള അവകാശത്തിനുമായി ക്രിസ്തുമതത്തിലേക്ക് വഴിമാറിയ പുലയര്‍ ഞായറാഴ്ച പ്രാര്‍ഥനാ ദിനമായി അനുവദിക്കുന്നതിനായി നടത്തുന്ന പ്രയത്നങ്ങളും തന്മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ പെട്ട് ഒരു കുഞ്ഞ് മരിക്കുന്നതും ആണ് കഥ. മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യത്തെ രക്തസാക്ഷി കൂടിയാണ് ആ കുഞ്ഞ്. കരയാന്‍ പോലും ശേഷിയില്ലാതെ, പ്രതികരിക്കാന്‍ ശേഷിയില്ലാത്ത അടിമ ജീവിതം നയിക്കുന്ന ദളിത് സ്ത്രീകളെ നോവല്‍ അടയാളപ്പെടുത്തുന്നു.

ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലി കുഞ്ചു എന്ന നോവല്‍ 1882 ലാണ് എഴുതപ്പെട്ടത്. അടിമകളെപ്പോലെ ജീവിക്കുന്ന ദളിത് സമൂഹവും ക്രിസ്തുമതം സ്വീകരിച്ചതുമൂലം രണ്ടാം കിടക്കാര് ആകുന്ന ദളിത് സമൂഹവും ദളിത് സ്ത്രീയുടെ ജീവിത നേര്‍ക്കാഴ്ചയുമായി നോവലിനെ യഥാര്‍ത്ഥവത്ക്കരിക്കുന്നു.

ഞങ്ങളെ കണ്ട ഉടനെ കടുവയെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചോടി. പിടിച്ചോളിന്‍ എന്ന് ഭട്ടേരി കല്പിച്ചു. പപ്പു മുതല്‍ പേരും പിറകേ എത്തി. ആ പുലയരില്‍ എട്ടൊന്‍പതുമാസം ഗര്‍ഭമുളള പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടില്‍ പപ്പു ഓടിച്ചെന്ന ചെലവില്‍ ഒരു പുലയക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തടിച്ചു. അതിനോടെ അവര്‍ വയറും തല്ലി കവിന്നുവീണു. ഉടനെ പ്രസവവും കഴിഞ്ഞു…. ശേഷം പുലയരില്‍ കയ്യില്‍ കിട്ടിയതിനെ ഒക്കെ അവര്‍ നുറുങ്ങെ നല്കി. നാലഞ്ചുകിടാങ്ങളെ എടുത്ത് കാട്ടിലേക്ക് എറിഞ്ഞു. ചുമടു ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ച് കാട്ടില്‍ ചീന്തിക്കളഞ്ഞു.
ഗര്‍ഭിണിയായ പുലയ സ്ത്രീയെ മര്‍ദ്ദിക്കുന്ന കാഴ്ച ദളിത് സ്ത്രീകളുടെ ഭീതിജനകമായ ജീവിതാവസ്ഥ രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുമത പ്രഖ്യാപനമാണ് ഈ നോവലിന്‍റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും യാഥാര്‍ത്ഥ്യ വിവരണങ്ങള്‍ കേരളത്തിലെ അടിമദളിത് ജീവിതങ്ങളിലേക്ക് ഉള്ള സാമൂഹിക നേര്‍ക്കാഴ്ചകളാണ്. ആദ്യകാല ദളിത് നോവലുകള്‍ യാതൊരുവിധ അവകാശങ്ങളും ലഭിക്കാത്ത, ശാരീരിക ചൂഷണത്തിനു വിധേയരായി അടിമ ജീവിതം നയിച്ചിരുന്ന, പ്രതികരണശേഷിയില്ലാത്ത സ്ത്രീ ജീവിതങ്ങളെ ആണ് സൂചിപ്പിക്കുന്നത്.

തകഴിയുടെ ശ്രദ്ധേയമായ നോവലുകളില്‍ എല്ലാം ശക്തമായ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു, കാര്‍ഷിക രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴും ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായ ഒരു ജനതയെയാണ് കൃതികള്‍ ആഖ്യാനം ചെയ്യുന്നത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ , തലയോട്, ചെമ്മീന്‍ എന്നിവ ശക്തമായ ദളിത് ജീവിത ആഖ്യാനങ്ങളാണ്. തകഴിയുടെ രണ്ടിടങ്ങഴി, അഴകും വൃത്തിയുമുള്ള പുലയ പെണ്ണുങ്ങളെ ലൈംഗിക ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ജന്മി പുത്രന്മാരെ ആവിഷ്കരിച്ചിരിക്കുന്നു. ‘ഒന്ന് പെറ്റു കഴിഞ്ഞ പെണ്ണിനെ തമ്പുരാന്‍ നോക്കില്ല’ എന്ന് കൂട്ടുകാരി പറയുമ്പോള്‍ കോരനോട് ‘എനിക്കൊന്ന് എനിക്കൊന്ന് പെറണം’ എന്നു ചിരുത പറയുന്നിടത്ത്, മാനം സംരക്ഷിക്കാന്‍ വ്യാകുലപ്പെടുന്ന സ്ത്രീകളുടെ യാതനകള്‍ കാണാം. തകഴിയുടെ മറ്റു നോവലുകളില്‍ നിന്നും വ്യത്യസ്തമായി ആത്മാഭിമാനമുള്ള വ്യക്തമായ നിരീക്ഷണങ്ങള്‍ ഉള്ള ശക്തയായ ദളിത് സ്ത്രീയാണ് ചിരുത.

ടി. കെ. സി. വടുതലയുടെ ചങ്ങലകള്‍ നുറുങ്ങുന്നു 1979, നനവുള്ള മണ്ണ്, കറ്റയും കൊയ്ത്തും തുടങ്ങിയ ശ്രദ്ധേയമായ നോവലുകളില്‍ പുലയ സമുദായത്തിലേക്ക് വെളിച്ചം വീശുന്ന ഒരുപാട് കാര്യങ്ങള്‍ കാണാന്‍ കഴിയും. ദളിത് ശരീരങ്ങളെ ചൂഴ്ന്നു നടക്കുന്ന സവര്‍ണ്ണ ജന്മി അടയാളങ്ങള്‍ കൃതികള്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്ത കീഴാള ജീവിതങ്ങളാണ് കൂടുതലും ടി. കെ. സി. യുടെ കൃതികള്‍ ആലേഖനം ചെയ്തത്. ഓ. വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം മാജിക് റിയലിസത്തിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ദളിത് സ്ത്രീ ശരീരങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചയാണ്. എം. മുകുന്ദന്‍റെ ഒരു ദളിത് യുവതിയുടെ കഥനകഥ ദളിത് ജീവിത പ്രമേയമാണ്. പ്രമേയത്തിന്‍റെ പുതുമയും പ്രസക്തിയും മറ്റ് കൃതികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നുണ്ട്. വ്യക്തമായ ലക്ഷ്യബോധ്യത്തോടെയാണ് നാടകകൃത്ത് നാരായണനും സംവിധായകന്‍ കരിമ്പുലിയും നാടകം അവതരിപ്പിക്കാന്‍ തയ്യാറാവുന്നത്. റേപ്പിന് ഇരയാക്കപ്പെട്ട ഒരു യുവതിയുടെ കഥ മാത്രമല്ല അത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ നിസ്സഹായമായ നിലവിളി കൂടെ ആണ്. യാഥാസ്ഥിതികമായ കാരണങ്ങളാല്‍ രാധിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിസമ്മതിക്കുകയും വസുന്ധര അത് ഏറ്റെടുക്കുകയും, സവര്‍ണ്ണ നാടകനടിയുടെ കദനകഥയായി മാറുകയും, ‘ദളിത്’ എന്ന പദം എങ്ങനെയാണ് കച്ചവടവത്കരിക്കപ്പെടുന്നത് എന്നതിനുള്ള തെളിവ് കൂടിയാകുന്നു ഈ കൃതി.
ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാന സംഘടകയാണ് സാറാ ജോസഫ്. അലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി, ബുധിനി എന്നീ കൃതികള്‍ ശക്തമായ സ്ത്രീ പ്രമേയങ്ങളില്‍ ഉള്ള കൃതികളാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെ ഹാരം അണിയിച്ചതിന്‍റെ പേരില്‍ സമാനതകളില്ലാത്ത ദുരന്ത ജീവിതം നേരിടേണ്ടിവന്ന ദളിത് സ്ത്രീയുടെ കഥയാണ് ബുധിനി. പെരുമാള്‍ മുരുകന്‍ തന്‍റെ കീഴാളന്‍ എന്ന നോവലില്‍ ദളിത് അടിമ ജീവിതത്തിലേക്ക് നയിക്കപ്പെട്ട കീഴാള ജനതയുടെ ദുരിതപൂര്‍ണമായ ആഖ്യാനമാണ്. കീഴാളര്‍ ആയി ജനിക്കുന്ന സ്ത്രീശരീരങ്ങള്‍ എവിടെയും സുരക്ഷിതരല്ല എന്നു നമുക്ക് കാണാന്‍ കഴിയും. ഭാമ എഴുതിയ കരുക്ക് ഒരു ദളിത് സ്ത്രീയുടെ യഥാര്‍ത്ഥ അനുഭവ കഥ പറയുന്നു. തമിഴ് സാഹിത്യത്തില്‍ ദളിത് ഫെമിനിസത്തിന്‍റെ ശക്തമായ കാഴ്ചപ്പാടുകള്‍ നിരത്തിയ കൃതിയാണ് കരുക്ക്. സ്ത്രീകള്‍ അവരുടെ ശരീരങ്ങളുമായും സത്വങ്ങളുമായും നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു. സംഗതി എന്ന കൃതിയില്‍ മുഴുവന്‍ ആഖ്യാനവും പന്ത്രണ്ട് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ‘സംഗതി’ എന്ന വാക്കിന്‍റെ അര്‍ത്ഥം സംഭവങ്ങള്‍, അങ്ങനെ ഓരോ കഥകളിലൂടെയും ഉപകഥകളിലൂടെയും ഓര്‍മ്മകളിലൂടെയും നോവല്‍ ദളിത് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ ചിത്രീകരിക്കുന്നു. ദളിത് സമൂഹത്തിലെ നിരവധി തലമുറകളിലെ സ്ത്രീകളുമായി സംഗതി ഇടപെടുന്നു. ദലിത് സമൂഹത്തിന്‍റെ ദൈനംദിന സംഭവവികാസങ്ങള്‍ – പരസ്പരബന്ധിതമായ സംഭവങ്ങളാല്‍ നിറഞ്ഞതാണ് പുസ്തകം. ശരണ്‍കുമാര്‍ ലിംബാളെ യുടെ അകര്‍മാശി(അര്‍ധജാതി)യുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘എന്‍റെ ചരിത്രം എന്‍റെ അമ്മയുടെ ജീവിതമാണ്. ഏറിയാല്‍ അമ്മൂമ്മ വരെ പോകുന്നത്, അതിനപ്പുറം എനിക്ക് പൂര്‍വികര്‍ ഇല്ല.’ മേല്‍ജാതിക്കാരന്‍ ബലാല്‍സംഗത്തിനിരയാക്കിയ ഒരു ദളിത് യുവതിയുടെ ജീവിത മായി അക്കര്‍മാശിയെ വായിക്കാവുന്നതാണ്. ദളിത് സ്ത്രീശരീരങ്ങള്‍ കൃത്യമായി സവര്‍ണ്ണരുടെ ഭോഗവസ്തുവായി മാറുന്നതും അതില്‍നിന്ന് കരകയറാനാകാത്ത സ്ത്രീ ജീവിതങ്ങളും അക്കര്‍മാശി നമുക്ക് കാട്ടിത്തരുന്നുണ്ട്.

ദളിത് ആഖ്യാനങ്ങളും ചലച്ചിത്രങ്ങളും സിനിമാവ്യവസായത്തിന് പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അതിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ പെര്‍ഫെക്റ്റ് ആയ ശരീരങ്ങളിലേക്ക് നോക്കുകയും അതില്‍ പ്രത്യേക ആഗ്രഹങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാണ്. സിനിമകള്‍ voyeuristic , സ്കോപോഫിലിക്, ആനന്ദത്തിനുള്ള ഇടം കൂടിയാണ്. സാമൂഹികവും, രാഷ്ട്രീയവും, ജാതിയവുമായ പല അവസ്ഥകളും ശരീരത്തിന്‍റെ നിര്‍മ്മിതികള്‍ ആയാണ് സിനിമ ഉത്പാദിപ്പിക്കുന്നത്. ശരീരത്തെ ഉപരിനിലനില്‍ക്കുന്ന ഈ വ്യവസായത്തില്‍ മുന്‍വിധി വേരൂന്നിയതിനാല്‍ അമ്പേ തഴയപ്പെട്ടു പോയവരാണ് ദളിത് സ്ത്രീശരീരങ്ങള്‍. മറ്റ് ഉയര്‍ന്ന ജാതി ശരീരങ്ങള്‍ക്ക് വിപരീതമായി വളരെ സ്റ്റീരിയോടിപ്പിക്കല്‍ ആയ ദളിത് ആണിന്‍റേയും പെണ്ണിന്‍റെയും ശരീര നിര്‍മ്മിതിയാണ് സിനിമയില്‍ നടക്കുന്നത്. ദളിതര്‍ കറുത്തവരും ദുര്‍ബലരും ആയി ചിത്രീകരിക്കപ്പെടുന്നു. അതേപോലെതന്നെ കറുത്ത ചര്‍മവും അനാകര്‍ഷതയും ദളിത് സ്ത്രീ ശരീരങ്ങളുടെ പ്രത്യേകതയായി മാറുന്നു. സവര്‍ണ്ണ സ്ത്രീശരീരം സദാചാരത്തിന് പ്രതീകമാണ്.
മലയാള സിനിമയുടെ ചരിത്രം 1928-ലെ വിഗതകുമാരനില്‍ നിന്നുമാണ് ആരംഭിക്കുന്നത്. സ്ത്രീകള്‍ അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ തയ്യാറല്ലാത്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നാണ് റോസി ആദ്യ മലയാള നായിക ആകുന്നത്. താന്‍ അഭിനയിച്ച സിനിമ പോലും കാണാന്‍ ഭാഗ്യമില്ലാതെ ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പായിക്കപെട്ട റോസിക്ക് അപ്പുറം ഒരു ദളിത് നായികയും മലയാള കൊമേഴ്സ്യല്‍ സിനിമാരംഗത്ത് വന്നിട്ടില്ല എന്നുള്ളത് ആശങ്കജനകം ആണ്. ആദ്യകാലങ്ങളില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിസ് കുമാരി, ഷീല പോലുള്ള സവര്‍ണ്ണ ക്രിസ്ത്യാനി സ്ത്രീകളും പിന്നീട് പത്മിനി, രാഗിണി, ജയഭാരതി, സീമ എന്നിവരിലുമെത്തി. സീമയ്ക്ക് ശേഷം മലയാള സിനിമയില്‍ ഉണ്ടായ പുരോഗമനപരമായ മാറ്റം തങ്ങളുടെ പേരിനൊപ്പം ജാതിവാല്‍ കൂടി ചേര്‍ക്കുക എന്ന ജാതി പുരോഗമനം ആണ്. മഞ്ജുവാര്യര്‍, സംയുക്ത വര്‍മ്മ, നവ്യാ നായര്‍ തുടങ്ങി സവര്‍ണ്ണ നായികമാര്‍ കീഴാള സ്ത്രീകളെ അവതരിപ്പിക്കുമ്പോഴും കറുത്ത പെയിന്‍റ് അടിച്ച് സവര്‍ണ്ണ സ്ത്രീശരീരങ്ങള്‍ ഞാനാരാണെന്നും എവിടെയാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. ഒരു ദളിത് ശരീരങ്ങളിലേക്ക് അവരുടെ നേര്‍ക്കാഴ്ചകള്‍ എത്തുന്നില്ല. മാത്രമല്ല. എവിടേയും ഞാന്‍ ആരാണ് എന്ന് വെളിവാക്കുന്നു. അത് ഏത് ജാതി ശരീരത്തില്‍ വേഷ പകര്‍ച്ച നടത്തിയാലും.

1954ലെ നീലക്കുയിലിലൂടെ നീലി എന്ന പുലയ സ്ത്രീ മലയാള ചലച്ചിത്രചരിത്രത്തിലേക്ക് നടന്നുകയറി. സവര്‍ണ്ണ സ്കൂള്‍ അധ്യാപകനായ ശ്രീധരന്‍നായര്‍ തന്‍റെ കാമുകിയായ ദളിത് യുവതിക്ക് നല്‍കുന്ന പേരില്‍ നിന്നാണ് ചിത്രത്തിന് പേര് വന്നത്. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ശ്രീധരന്‍നായര്‍ അവളെ ഉപേക്ഷിച്ചു. അവള്‍ രഹസ്യ ലൈംഗിക ബന്ധങ്ങള്‍ക്ക് അനുയോജ്യയും പൊതു അംഗീകാരത്തിന് വിവാഹമെന്ന സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന് പറ്റാത്തവളും ആയി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നീലിയുടെ ശരീരത്തെ മാത്രം പ്രണയിച്ച നിര്‍ദയനായ ശ്രീധരനെ വെള്ളപൂശുന്ന സവര്‍ണ്ണതയ്ക്ക് അനുകൂലമായ ഒരു ക്ലൈമാക്സ് ഉണ്ടാക്കുന്നതിലും ഈ സിനിമ വിജയിച്ചിട്ടുണ്ട്. ചെമ്മീന്‍ എന്ന വിശ്വവിഖ്യാതമായ രാമു കാര്യാട്ട് സിനിമയും പറയുന്നത് കീഴാള സ്ത്രീകളെ നിയന്ത്രിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുന്ന പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് ആണ്. ചാരിത്ര്യം, കുടുംബം, പതിവ്രത എന്നീ മതില്‍ കെട്ടുകള്‍ തീര്‍ത്ത് അന്ധവിശ്വാസത്തിലൂന്നി കറുത്തമ്മയുടെ പ്രണയത്തെ കെട്ടിയിടുന്ന സമൂഹത്തെ കുറിച്ചാണ് സിനിമ പറയുന്നത്. വിജാതീയ പ്രണയ ബന്ധങ്ങള്‍ക്ക് മുതിരുന്ന സ്ത്രീ അനഭിമതയും കുടലയുമായി മാറി. അത്തരം സ്ത്രീകഥാപാത്രങ്ങള്‍ കൊല്ലപ്പെടുകയോ ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയോ ചെയ്യപ്പെടുന്നു.

ഈ കാലഘട്ടങ്ങള്‍ക്കു ശേഷം ശക്തമായ ദളിത് സാമൂഹികജീവിതത്തില്‍ ഊന്നിയ മലയാള സിനിമകള്‍ ഉണ്ടായിട്ടില്ല. ഗോതമ്പ് നിറമുള്ള സ്ത്രീശരീരങ്ങള്‍ അഭിമതവും ആകര്‍ഷണീയതയുടെ അടയാളവും ആയിമാറി. ഭരതന്‍റെയും പത്മരാജന്‍റെയും, ജോര്‍ജിന്‍റെയും സിനിമകളില്‍ കീഴാള വേഷം ചെയ്തിരുന്ന സൂര്യ മാത്രമാണ് ഇതിന് ഒരു അപവാദം. ഇതില്‍നിന്ന് ദളിത് ജീവിതാവസ്ഥ കൈകാര്യം ചെയ്യുന്ന കമ്മട്ടിപ്പാടം (2016) എന്ന സിനിമയിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ വ്യതസ്തമാകുന്നില്ല. അതില്‍ അഭിനയിച്ചിരിക്കുന്ന സ്ത്രീ കഥാപാത്രത്തിന് കറുത്ത ചായം പൂശി ജീവിക്കുക എന്നതിനപ്പുറം സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. 2016 ല്‍ തന്നെ പുറത്തിറങ്ങിയ കിസ്മത്ത് യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കഥയാണ്. എസ്. സി. പ്രമോട്ടറും ഗവേഷകയും ആയ അനിത സവര്‍ണ്ണ മുസ്ലിം യുവാവിനെ പ്രേമിക്കുന്നതിലൂടെ അവര്‍ക്ക് നേരിടേണ്ടി വരുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് സിനിമയുടെ ഉള്ളടക്കം. പോലീസ് സ്റ്റേഷനില്‍ നിന്നും നേരിടേണ്ടിവരുന്ന ജാതി ചൂഷണങ്ങള്‍ സിനിമയ്ക്ക് പുതിയ മാനം നല്‍കുന്നു.

കമ്മട്ടിപ്പാടം സിനിമയില്‍ ഷോണ്‍ റോമി

സവര്‍ണ്ണ മനസ്സിലെ ദളിത് ശരീരം ഇരുണ്ടതും വിരൂപത ഉള്ളതും പരുക്കനും ആണ്. സിനിമ സൃഷ്ടിക്കുന്ന സൗന്ദര്യാത്മകതയ്ക്ക് വിഭിന്നമായി ദളിത് ശരീരം കറുത്തതും വിരൂപമായതും അല്ലാതെ സങ്കല്‍പ്പിക്കാനാവില്ല. മിക്കവാറും എല്ലാ ദളിത് അനുകൂല സിനിമകളിലും കറുത്ത ചായം പൂശിയ ശരീരങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അതാണ്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമയില്‍ രേവതി, കാവ്യാ മാധവന്‍ (ഒരിക്കല്‍), പത്മപ്രിയ (കറുത്ത പക്ഷികള്‍), നമ്മള്‍ എന്ന സിനിമയില്‍ ഭാവന, തുടങ്ങി മിഡില്‍ ക്ലാസിനു താഴെയുള്ള ജീവിതങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന സിനിമകളിലെല്ലാം നായികയെ കറുത്ത പെയിന്‍റ് അടിച്ചു നിര്‍ത്തുന്നു. ദളിത് സ്ത്രീ കഥാപാത്രമായി മാറുന്ന മിക്കവാറും എല്ലാ സിനിമകളിലും അവളുടെ സ്വത്വത്തെ കവര്‍ന്നെടുക്കുകയും മറ്റുള്ളവര്‍ക്ക് സഹതാപം തോന്നുന്ന വിധം മാറ്റപ്പെടുകയും ചെയ്യുന്നു. മേല്പറഞ്ഞ സിനിമകളില്‍ എവിടെയും സ്വന്തമായി അസ്തിത്വമുള്ള ഒരു ദളിത് നായികയെ കാണാന്‍ കഴിയില്ല. പെയിന്‍റ് അടിച്ച സവര്‍ണ്ണ നായികമാര്‍ ദളിത് നായികയുടെ വേഷം ചെയ്യുകയും സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.

ദളിത് സ്ത്രീ ശരീരങ്ങളെ സിനിമയില്‍ ദൃശ്യമാക്കുമ്പോള്‍ അവര്‍ പ്രബലരായ സവര്‍ണ്ണ സ്ത്രീകളിലൂടെ കറുത്ത ചായം പൂശി സൃഷ്ടിക്കപ്പെടുമ്പോള്‍ സവര്‍ണ്ണ സ്ത്രീശരീരങ്ങള്‍ ഒരിക്കലും ദളിത് സ്ത്രീകളെ അടയാളപ്പെടുത്തുന്നില്ലന്ന് മാത്രമല്ല, ദളിത് സ്ത്രീ അവളുടെ അധ്വാനശരീരത്തില്‍ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. പാര്‍വതി തിരുവോത്ത് കൈകാര്യം ചെയ്ത രാച്ചിയമ്മ (2021) എന്ന സിനിമയില്‍ എത്തി നില്‍ക്കുമ്പോഴും സ്ഥിതി വ്യത്യസ്തമാകുന്നില്ല.

സിനിമകളിലും നോവലുകളിലും എങ്ങനെയാണ് അധികാരം സ്ത്രീ ശരീരങ്ങളെ ഉപഭോഗവസ്തുവായി നോക്കിക്കാണുന്നത് എന്ന് വെളിവാക്കപ്പെടുന്നു. ദളിത് സ്ത്രീകളുടെ ശരീരത്തിന്‍റെയും ലൈംഗികയുടെയും മേല്‍ അധികാരം സ്ഥാപിച്ചെടുക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തുന്നവരെ നാടന്‍പാട്ടുകളില്‍ കാണാന്‍ കഴിയും. നാടന്‍ പാട്ടുകള്‍ കൂടുതലും സവര്‍ണ്ണ വ്യവസ്ഥ എങ്ങനെയാണ് അധികാരം ഉപയോഗിച്ചുകൊണ്ട് ദളിത് ശരീരങ്ങളെ കാര്‍ഷിക സാമ്പത്തിക ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയരാക്കുന്നത് എന്ന കാണിച്ചുതരുന്നു. എവിടെയും ബ്രാഹ്മണിക ജാതിവ്യവസ്ഥയില്‍ ദളിത് സ്ത്രീ ശരീരങ്ങള്‍ കടന്നാക്രമണങ്ങളും സാമ്പത്തിക സാമൂഹിക അസമത്വങ്ങള്‍ക്കും വിധേയരാകുന്നു എന്നതില്‍ തര്‍ക്കമില്ല. സ്ത്രീ വെറും ലൈംഗിക വസ്തുക്കളായി ചരക്ക് വല്‍ക്കരിക്കുന്ന ബലാത്സംഗ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജാതിയതയും വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ ഉയര്‍ന്ന സദാചാരമൂല്യങ്ങള്‍ പുലര്‍ത്തിയാലും പൊതുജന സവര്‍ണ്ണ വീക്ഷണത്തില്‍ വിലയിരുത്തുന്നത് ജാതി അടിസ്ഥാനമാക്കി മാത്രമാണ്, അതുകൊണ്ടാണ് ദളിത് സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സമൂഹം നിശബ്ദരാകുന്നതും സവര്‍ണ ശരീരങ്ങള്‍ ക്ക് വേണ്ടി മുറവിളി കൂട്ടുന്നതും. ഐ.എ.എസ്. നേടിയാലും ദളിത് സ്ത്രീ ശരീരങ്ങള്‍ ജാതി ശരീരങ്ങള്‍ മാത്രം ആയി മാറുന്നത് വരേണ്യ, ‘ഫെയര്‍ ആന്‍ഡ് ലൗലി സംസ്കാര’ത്തില്‍ കുടുങ്ങി ദളിത് സ്ത്രീ ശരീരങ്ങളെ അംഗീകരിക്കാത്ത ബ്രാഹ്മണിക വരേണ്യ അജണ്ടയുടെ പ്രതിഫലനം തന്നെ ആണ്.

സജ്ന എന്‍.
HSS അദ്ധ്യാപിക
RGMR HSSS നൂല്‍പ്പുഴ വയനാട്

COMMENTS

COMMENT WITH EMAIL: 0