Homeചർച്ചാവിഷയം

സ്വീകരണമുറിയിലെ വിമതശബ്ദം: ജാസ്മിന്‍ എം. മൂസ ഉയര്‍ത്തുന്ന സാമൂഹിക പാഠങ്ങള്‍

‘ജാസ്മിന്‍ എം. മൂസ’ എന്ന പ്രശസ്ത ഫിറ്റ്നസ് ട്രൈനെര്‍ “ബിഗ്ഗ് ബോസ്സ്” എന്ന മലയാളം ടി വി റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയാണ്. അബ്യുസീവ് ആയ വിവാഹബന്ധം വളരെ ചെറിയ പ്രായത്തില്‍ തന്നെ വേര്‍പെടുത്തി, മതത്തിന്‍റെയും സമൂഹത്തിന്‍റെയും വേലിക്കെട്ടുകള്‍ തകര്‍ത്തു ജീവിതം പോരാടി നേടിയെടുത്ത ജാസ്മിന്‍, പബ്ലിക് ആയി ‘കമിങ് ഔട്ട്’ നടത്തി പാര്‍ട്ണറിനോടൊപ്പം ജീവിക്കുന്ന ഒരു ലെസ്ബിയന്‍ വ്യക്തിയാണ്. ‘ജാസമിന്‍ മൂസ എന്ന പെണ്ണുടല്‍’ എങ്ങനെയാണ് മലയാളിയുടെ സ്ഥിരം കാഴ്ചാ വാര്‍പ്പുമാതൃകകള്‍ക്കേറ്റ തിരിച്ചടിയാകുന്നത് എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്. എന്താണ് ജാസ്മിന്‍ എന്ന വ്യക്തി മലയാളിയുടെ കാഴ്ചമുറിയില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം? കൃത്യമായി ഒരു കൃത്യമായി തൊഴിലാളി വര്‍ഗ്ഗ ഉപഭോക്തൃ (പ്രോലിറ്ററിയന്‍, കണ്‍സ്യൂമറിസ്റ്റ്) പ്രേക്ഷകരെ ലക്ഷ്യം വെച്ച് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഇത്തരം വീട്ടിട റിയാലിറ്റി ഷോ എങ്ങനെയാണ് ജാസ്മിന്‍ മൂസ എന്ന ക്വിയര്‍ വ്യക്തിയെ സ്വീകരണമുറികളില്‍ വരച്ചു കാട്ടുന്നത്?

കറുത്ത വര്‍ഗ്ഗക്കാരും താഴ്ന്ന മധ്യവര്‍ഗ്ഗ സ്ത്രീകളും ക്വിയര്‍ വ്യക്തികളും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അദൃശ്യരാക്കിയും വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടും കാഴ്ചശീലങ്ങളിലും രാഷ്ട്രീയത്തിലും ടെലിവിഷന്‍ പരിപാടികള്‍ കൃത്യമായി ഒരു പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണമായി (ISA) പ്രവര്‍ത്തിച്ചു വന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നിലവിലുണ്ട്. പുരുഷന്‍മാര്‍ പാചകത്തിലും ഗൃഹപരിപാലനത്തിലും ശിശുപരിപാലനത്തിലും അപ്രാപ്തരാണ് എന്ന കണ്‍സ്ട്രക്റ്റുകള്‍ സൃഷ്ടിക്കുന്ന ടെലിവിഷന്‍ പരസ്യങ്ങളെയും പരിപാടികളെയും പറ്റി ജെ. ഡി. ബ്രൗണ്, കെ. കാംപ്ബെല്‍ എന്നീ ഗവേഷകര്‍ അവരുടെ പഠനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ചിത്രീകരിക്കുന്ന പരസ്യങ്ങളില്‍ സ്ത്രീ സാന്നിധ്യം മാത്രം അവതരിപ്പിച്ചു കൊണ്ട് ടി വി പരിപാടികളും പരസ്യങ്ങളും ഒരു വിഷലിക്ത ആണത്ത മാതൃക (ടോക്സിക് മാസ്കുലിന്‍ പാറ്റേണ്‍) സൃഷ്ടിക്കുന്നു എന്ന് ഇവരുടെ പഠനങ്ങള്‍ പ്രതിപാദിക്കുന്നു.

പുരുഷന്മാരെ അക്രമണോത്സുകരായും സഹസതല്പരരായും കായിക ശക്തിയുള്ളവരായും വൈകാരികമായി ബന്ധങ്ങളില്‍ ഏര്‍പ്പെടാത്തവരായും ചിത്രീകരിക്കുന്ന ടെലിവിഷന്‍, സ്ത്രീകളെ നിഷ്ക്രിയരായും അനര്‍ഹരും കഴിവു കുറഞ്ഞ പ്രൊഫഷനലുകളായും ചിത്രീകരിക്കുന്നു. ഈ സ്വഭാവ വിശേഷണം ഉള്ളവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഈ ലിംഗതന്മയില്‍ ഉള്ളതെന്ന് പറയുന്നതോടൊപ്പം തന്നെ ഈ പരസ്യങ്ങള്‍ മറ്റേതൊരു വ്യക്തി സങ്കല്പത്തെയും പുറം തള്ളുകയും ചെയ്യുന്നുണ്ട്.
ടെലിവിഷന്‍ പോപുലിസ്റ്റ് മാധ്യമമാകുന്നതിന് എത്രയോ കാലം മുന്‍പുള്ള കുലസ്ത്രീ സങ്കല്പത്തെ ശക്തിപ്പെടുത്തിയും, ‘നല്ല സ്ത്രീ’- ‘ചീത്ത സ്ത്രീ’ ദ്വന്ദങ്ങള്‍ നിര്‍മിച്ചു കൊണ്ടും ഒരു തരം ജ്ഞാനമാതൃക ഹിംസ (എപ്പിസ്റ്റേമിക് വയലന്‍സാണ്) രണ്ട് പതിറ്റാണ്ടുകളായി മലയാളത്തിലെ പല ടി വി പരിപാടികളും ചെയ്തു കൊണ്ടിരിക്കുന്നത്. അബ്യുസീവ് ബന്ധങ്ങളെയും കറക്റ്റീവ് റേപ്പിനെയും നിര്‍ബന്ധിത വിവാഹങ്ങളെയും ഒക്കെ മഹത്വവല്‍ക്കരിച്ച് കൊണ്ടാണ് പല പരിപാടികളും വീട്ടകങ്ങളില്‍ ജനകീയമാകുന്നത് തന്നെ. ടോക്സിക് പുരുഷനും പാസ്സീവ് സ്ത്രീയും പുതിയ കാല ആഖ്യാനങ്ങളില്‍ ‘കലിപ്പനും കാന്താരിയും’ എന്ന് കൃത്യമായി സ്ഥാപിക്കപ്പെടുമ്പോള്‍ പുതിയ തലമുറയും ഈ നിര്‍മിതിയില്‍ അഭിരമിക്കുന്നു. ടി വി പരിപാടികളുടെ യൂട്യൂബ് ആരാധകരില്‍ അധികവും ഇരുപത് വയസ്സിനു താഴെ വരുന്ന യുവ തലമുറയാണെന്നതും അവരുടെ കമന്‍റുകള്‍ പലതും ഈ വാര്‍പ്പുമാതൃകകളെ ആഘോഷിക്കുന്നതാണെന്നതും ഒരു സാമൂഹിക പഠനം തന്നെ ആവശ്യപ്പെടുന്നുണ്ട്.

സ്ത്രീ കഥാപാത്രങ്ങളുടെ ഒരു ദ്വന്ദം സൃഷ്ടിക്കാന്‍ കേരളത്തിലെ ടി വി പരമ്പരകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ‘നല്ല സ്ത്രീ’ എന്നത്, സ്വന്തമായി നിലപാടില്ലാത്ത, ദിനേന സാരി ചുറ്റി, ഭര്‍ത്താവിന്‍റെ ‘കുടുംബത്തിലെ വിളക്കും’ ‘സാന്ത്വന’വുമൊക്കെയാകുന്ന സ്ത്രീയാണെന്ന പ്രതിനിധാനം അപകടകാരമാം വിധം ആഴത്തില്‍ ഈ പരമ്പരകള്‍ പതിപ്പിക്കുകയുണ്ടായി. ‘പരമ്പരയിലെ ചീത്ത സ്ത്രീ’ എപ്പോഴും ‘നല്ല സ്ത്രീ’യുടെ ഭര്‍ത്താവിന്‍റെ സഹപ്രവര്‍ത്തക ആയ ഉദ്യോഗസ്ഥ ആയിരിക്കുകയും അവര്‍ നല്ല സ്ത്രീയുടെ കുടുംബഘടന തകര്‍ക്കുന്ന അപരവ്യക്തിയാണെന്നുമുള്ള ഒരു പരിചിത വാര്‍പ്പുമാതൃക ഈ സീരിയലുകള്‍ സൃഷ്ടിച്ചു.

മേല്പറഞ്ഞവ ഹൃദിസ്ഥമാക്കിയ ഒരു സമൂഹത്തിലേക്കാണ് പാശ്ചാത്യ രാജ്യങ്ങളില്‍ വളരെയേറെ ജനപ്രീതിയാര്‍ജ്ജിച്ച ‘ബിഗ് ബോസ്സ്’ എന്ന പരിപാടി അരങ്ങേറുന്നത്. 100 ദിവസം വീടും നാടുമായി ഒരു ബന്ധവുമില്ലാതെ കുറെ വ്യക്തികളെ ഒരു വീട്ടില്‍ താമസിപ്പിച്ച് അവരുടെ ചിന്തകള്‍, സംഭാഷണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമറകള്‍ വഴി മോണിറ്റര്‍ ചെയ്തു ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഒരു മാനസിക കളി ആണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. തങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നെവെന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കിലും യാതൊരു ബാഹ്യ ബന്ധവുമില്ലാതെ കുറെ അപരിചിതരുടെ കൂടെ 100 ദിവസം തുടര്‍ച്ചയായി താമസിക്കുമ്പോള്‍ ഒരു മത്സരാര്‍ഥിയുടെ യഥാര്‍ത്ഥ വ്യക്തിത്വവും ചിന്താശേഷിയും അളക്കാന്‍ കഴിയുമെന്നും മാനസിക വൈകാരിക കായിക ശക്തിയുടെ അളവുകോലില്‍ വിജയിയെ തെരഞ്ഞെടുക്കാന്‍ കഴിയും എന്നതുമാണ് ഷോയുടെ തത്വം. പ്രേക്ഷകര്‍ മത്സരാര്‍ഥിയുടെ ഗെയിം ഇഷ്ടപ്പെടുന്നുവെങ്കില്‍ അവരെ വോട്ട് ചെയ്ത് നിലനിര്‍ത്തുകയും അല്ലാത്ത പക്ഷം മത്സരാര്‍ഥി പുറത്തു പോകുകയും ചെയ്യും. ഓരോ മത്സരാര്‍ഥിയുടെയും പ്രകടനവും വോട്ടും എല്ലാ ആഴ്ചയും വിലയിരുത്തപ്പെടും. സമൂഹത്തിന്‍റെ ഒരു പരിഛേദം എന്ന നിലയില്‍ അതിലെ ഓരോ മത്സരാര്‍ഥിയും മാതൃകാപരമായി സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ പ്രതിനിധികളാകുന്നു. കഴിഞ്ഞ 3 മുന്‍ സീസണുകളില്‍ നിന്ന് ഈ സീസണ്‍ വ്യത്യസ്തമാകുന്നത് അതിലെ ക്വിയര്‍ പ്രാതിനിധ്യം കൊണ്ടാണ്. ‘ലെസ്ബിയന്‍’ എന്നു പരസ്യമായി കമിങ് ഔട്ട് നടത്തിയിട്ടുള്ള രണ്ട് സ്ത്രീകള്‍, ഗേ ആയ ഒരു പുരുഷന്‍, ജന്‍ഡര്‍ നോണ്‍ കണ്‍ഫേമിങ് ആയ ഒരു വ്യക്തി എന്നിവരുള്‍പ്പെടുന്ന ഷോ കേരളത്തിലെ മുഖ്യധാരയില്‍ ക്വിയര്‍ സംവാദങ്ങള്‍ കുറച്ചെങ്കിലും എത്തിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

‘ബിഗ്ഗ് ബോസ്സ് സീസണ്‍ 4’ ല്‍ ആദ്യന്തം ജനപ്രിയരായ മത്സരാര്‍ത്ഥികള്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയുമാണ്. ഇതില്‍ റോബിന്‍റെ ടോക്സിക് മാസ്കുലിന്‍ സ്വത്വം ഒരു ആരാധകവൃന്ദത്തെ ആദ്യമേ സൃഷ്ടിച്ചെടുത്തു. കേരളത്തിലെ ജനങ്ങള്‍ അത്യന്തികമായി ഒരു ‘ഹൈപ്പര്‍ മാസ്കുലിന്‍’ പുരുഷനെ തന്നെയാണ് എപ്പോഴും നായകന്‍ ആക്കുക എന്ന കാര്യം തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്. റോബിന്‍റെ അമിത ദേഷ്യം, സഹമത്സരാര്‍ഥിയോടുള്ള പ്രണയം എന്നിവ നോര്‍മലൈസ് ചെയ്യപ്പെടുകയും അത് ഒരു നായകന്‍റെ സ്വഭാവ വിശേഷങ്ങളായി ആഘോഷിക്കപ്പെടുകയും ചെയ്തു. ഷോയില്‍ റോബിന് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ അപര സ്ഥാനം ആണ് ടെലിവിഷന്‍ ജാസ്മിന് കൊടുത്തത്. ഇത് ടി വി സീരിയലുകളിലെ നല്ല സ്ത്രീ- ചീത്ത സ്ത്രീ പാറ്റേണുകള്‍ പഠിച്ച വീട്ടകങ്ങള്‍ക്ക് വേഗം സ്വീകാര്യമായി. ‘നല്ല സ്ത്രീ’ എന്നത് അടക്കവും ഒതുക്കവും ഉള്ള പെണ്‍ മത്സരാര്‍ഥിയും ‘ചീത്ത സ്ത്രീ’ എന്നത് സാമ്പ്രദായിക കുടുംബ വ്യവസ്ഥിതിയുടെ ലംഘനം നടത്തിയ ജാസ്മിനും ആകുന്നത് സൂക്ഷ്മമായി പരിശോധിക്കണം. സീരിയലുകളില്‍ നിന്ന് വിഭിന്നമായി ബിഗ്ഗ്ബോസ്സ് ഷോയില്‍ പ്രേക്ഷക വിലയിരുത്തല്‍ ഒരു പ്രധാന ഘടകം ആണെന്നതിനാല്‍ പ്രേക്ഷകരുടെ കള്‍ച്ചറല്‍ റിസെപ്റ്റിവിറ്റി ഇവിടെ ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നു.

ജാസ്മിന്‍ മലയാളിയുടെ സ്വീകരണ മുറിയില്‍ ഒരു കൗണ്ടര്‍ മൂവ്മെന്‍റ് അല്ലെങ്കില്‍ വിപ്ലവം സൃഷ്ടിച്ചു എന്ന് അടയാളപ്പെടുത്തുക തന്നെ വേണം. റോബിനെ നായകനാക്കി ആഘോഷിക്കുന്ന യൂട്യൂബ് വീഡിയോകളിലും ഇന്‍സ്റ്റാഗ്രാം റീലുകളിലും അപരവ്യക്തിയാകുന്നത് ജാസ്മിനാണ്. പക്ഷെ ഇതിനിടയിലും സമാന്തരയിടങ്ങളില്‍ ജാസ്മിനും അവരുടെ വ്യക്തിത്വവും നിലപാടുകളും ചര്‍ച്ചയായി. നൃത്തം ചെയ്യാത്ത, ദേഷ്യപ്പെടുന്ന, ഉറക്കെ അഭിപ്രായം പറയുന്ന, അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്ന, ലെസ്ബിയന്‍ ആയ, മോഡേണ്‍ വസ്ത്രധാരിയായ ജാസ്മിനും അവരുടെ സാന്നിധ്യവും മലയാളിയുടെ ഗൃഹ സദസ്സുകളില്‍ ‘വിമതശബ്ദം’ എന്ന നിലയില്‍ ചര്‍ച്ച ചെയപ്പെട്ടു.

ജാസ്മിന്‍റെ ലൈംഗികചായ് വും അഭിപ്രായങ്ങളും ഭൂരിപക്ഷം വരുന്ന, ടോക്സിക് മാസ്ക്യൂലിനിറ്റി ആഘോഷിക്കുന്ന പ്രേക്ഷകര്‍ പുറം തള്ളുന്നുവെങ്കിലും ഇങ്ങനെ ഒരു സ്ത്രീ സങ്കല്‍പ സാധ്യത ഇത് വരെ വിപണനം ചെയ്യാത്ത ചാനല്‍ ഒരു സാധ്യതയായി കണ്ടു. മലയാളി ഇത് വരെ കൈയ്യടിച്ച വാര്‍പ്പു മാതൃകകളെ ജാസ്മിന്‍ പൊളിച്ചെഴുതി എന്നത് മാത്രമല്ല അത് കൃത്യമായി വീട്ടകങ്ങളില്‍ എത്തിച്ചുവെന്നതും ഒരു വിപ്ലവം തന്നേയാണ്. കുലമഹിമയും, ജാതീയതയും, ട്രാന്‍സ്ഫോബിയയും, ഹോമോഫോബിയയും ആഘോഷിക്കുന്ന മലയാളിയുടെ സ്വീകരണമുറിയില്‍ ജാസ്മിന്‍ മൂസ നടത്തിയ ക്രാഷ് ലാന്‍റിങ് ഒരു വിജയമാണ്.

ഡോ. നീതു ദാസ് കെ.
അധ്യാപിക, ഇംഗ്ലീഷ് വിഭാഗം
സെന്‍റ് ജോസഫ്സ് കോളേജ്, ആലപ്പുഴ

COMMENTS

COMMENT WITH EMAIL: 0