ഡിസബിലിറ്റി:  രാഷ്ട്രീയവും പ്രതിനിധാനവും

Homeഅതിഥിപത്രാധിപക്കുറിപ്പ്

ഡിസബിലിറ്റി: രാഷ്ട്രീയവും പ്രതിനിധാനവും

ഡിസബിലിറ്റി എന്ന സ്വത്വത്തിനു ഒരു രാഷ്ട്രീയമുണ്ട്. വൈവിധ്യത്തിന്‍റെരാഷ്ട്രീയമാണത്. ഏബ്ലിസ്റ്റ് പ്രത്യയശാസ്ത്രം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പൊതുസമൂഹത്തില്‍ ഈ രാഷ്ട്രീയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു പല വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന നമ്മുടെ സമൂഹം ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികളെ പലപ്പോഴും അവഗണിക്കുന്നുണ്ട്. പല തരത്തിലുള്ള ശാരീരിക-മാനസിക-ബൗദ്ധിക പരിമിതികള്‍ ഉള്ളവരെ ഡിസേബിള്‍ഡ് ആക്കുന്നത് സമൂഹമാണ്. പൊതുസമൂഹവും മാദ്ധ്യമങ്ങളും ഡിസബിലിറ്റിയെ പലപ്പോഴും ചര്‍ച്ച ചെയ്യുന്നത് മെഡിക്കല്‍ അല്ലെങ്കില്‍ ദാനധര്‍മ്മ വ്യവഹാരങ്ങളില്‍ അധിഷ്ഠിതമായാണ്. അത് വഴി ഡിസേബിള്‍ഡ് വ്യക്തികളുടെ മുഖ്യധാരാ സമൂഹത്തിലെ സ്ഥാനവും മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്യപ്പെടുന്നു. ഇതിനെതിരെയാണ് ഡിസബിലിറ്റി രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. ഡിസബിലിറ്റിയെക്കുറിച്ചുള്ള പൊതുബോധം ദാനധര്‍മ്മങ്ങളിലും മെഡിക്കല്‍ ആശയങ്ങളിലും അധിഷ്ഠിതമാകയാല്‍ ഡിസബിലിറ്റി രാഷ്ട്രീയം പ്രതിഫലിക്കുന്ന നറേറ്റീവുകള്‍ ഉയര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. ‘സംഘടിത’യുടെ ഫെബ്രുവരി ലക്കം അതിനുള്ള ശ്രമത്തിന്‍റെ ഫലമാണ്.

എന്തുകൊണ്ട് ‘ഭിന്നശേഷി’ എന്ന വാക്ക് ഈ ലക്കത്തില്‍ ഉപയോഗിക്കുന്നില്ല എന്ന സംശയം ദുരീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ‘സംഘടിത’യുടെ ജൂലൈ 2022 ലക്കത്തില്‍ ഞാന്‍ എഴുതിയത് പോലെ ‘ഡിസബിലിറ്റി’, ‘ഡിസേബിള്‍ഡ്’ എന്നീ വാക്കുകള്‍ രാഷ്ട്രീയമായി ശരിയായവ ആണ്. വൈകല്യവും ഡിസബിലിറ്റിയും ഒന്നാണെന്നാണ് പൊതുബോധം. വൈകല്യം എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ശാരീരിക/മാനസിക/ബൗദ്ധിക വ്യത്യാസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് ഒരു മെഡിക്കല്‍ ആശയമാണ്. എന്നാല്‍ ഡിസബിലിറ്റി എന്നത് ഒരു സാമൂഹികാശയമാണ്. വൈകല്യമുള്ള ഒരു വ്യക്തിക്ക് മുഖ്യധാരാ സമൂഹത്തില്‍ ജീവിക്കുവാന്‍ സഹായിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ലഭ്യമാകാതെ വരുമ്പോഴാണ് ആ വ്യക്തി ഡിസേബിള്‍ഡ് ആയിത്തീരുന്നത്. അതായതു വൈകല്യമുള്ളൊരാള്‍ ഡിസേബിള്‍ഡ് ആകുന്നതില്‍ സമൂഹത്തിന്‍റെ പങ്കു വളരെ വലുതാണ്. ‘ഭിന്നശേഷിക്കാര്‍’, ‘ദിവ്യാംഗര്‍’, ‘സ്പെഷ്യലി ഏബിള്‍ഡ്’ എന്നിങ്ങനെയുള്ള കര്‍ണമധുരം പോലെ തോന്നുന്ന പദപ്രയോഗങ്ങള്‍ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ ജീവിതയാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുകയും അവരെ സമൂഹത്തില്‍ നിന്ന് കൂടുതല്‍ വേര്‍തിരിക്കുകയും ആണ് ചെയ്യുന്നത്. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ക്കില്ലാത്തതോ ദിവ്യമായതോ ആയ കഴിവുകളൊന്നും തന്നെ ഡിസേബിള്‍ഡ് വ്യക്തികള്‍ക്കില്ല. ഇത്തരം മഹത്വവത്ക്കരണം അപകടമാണ്. ‘ഡിസബിലിറ്റി’, ‘ഡിസേബിള്‍ഡ്’ എന്നീ വാക്കുകളുടെ വിശാലമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദങ്ങള്‍ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും ഇല്ല. മലയാളവും അതില്‍പ്പെടും. അതിനാല്‍ മലയാളത്തിലും ‘ഡിസബിലിറ്റി’. ‘ഡിസേബിള്‍ഡ്’ എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ ലക്കത്തിലേക്ക് സംഭാവന ചെയ്തവരില്‍ ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികളും ഡിസബിലിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നോണ്‍-ഡിസേബിള്‍ഡ് വ്യക്തികളും (അലൈസ്) ഉള്‍പ്പെടുന്നുണ്ട്. ഗവേഷണ സ്വഭാവമുള്ള ലേഖനങ്ങളും വ്യക്തിപരമായ അനുഭവങ്ങളും നിരീക്ഷണങ്ങളും ചേര്‍ന്ന അര്‍ദ്ധ-ഗവേഷണ സ്വഭാവമുള്ള കുറിപ്പുകളും അനുഭവക്കുറിപ്പുകളും അഭിമുഖവും കവിതയും ഡിജിറ്റല്‍ ചിത്രവും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസബിലിറ്റി എന്ന സാര്‍വത്രിക പ്രതിഭാസത്തിന്‍റെ പല ഇന്‍റര്‍സെക്ഷനുകളും തലങ്ങളും ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഡിസബിലിറ്റിയുടെ ക്വിയര്‍ പ്രാതിനിധ്യം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന് ഒരു പ്രധാന കാരണം കേരളത്തിലെ ഡിസേബിള്‍ഡ് ക്വിയര്‍ വ്യക്തികളില്‍ നല്ലൊരു ശതമാനവും തങ്ങളുടെ ക്വിയര്‍ സ്വത്വം വെളിപ്പെടുത്തിയിട്ടില്ല എന്നതാണ്.

ഡിസബിലിറ്റിയും ജാതിയും ചേരുമ്പോഴുള്ള ഇരട്ടവിവേചനത്തെക്കുറിച്ചു പ്രിയ മാത്യു എഴുതുന്നുണ്ട്. ജാതിവിവേചനം ഡിസേബിള്‍ഡ് വ്യക്തികള്‍ പലപ്പോഴും തിരിച്ചറിയാത്തതിനെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണങ്ങള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയ പങ്കുവെക്കുന്നുണ്ട്. ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷക വിദ്യാര്‍ത്ഥിയായ മിബി ഡിസബിലിറ്റി രാഷ്ട്രീയത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ച് എഴുതുന്നു. ആ ലേഖനത്തില്‍ മിബി കേള്‍വിപരിമിതിയുള്ള ഒരു വ്യക്തി എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡോ. ഉമ ജ്യോതി എഴുതുന്നത് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുജിസി നിയമം അനുസരിച്ചു രൂപീകരിക്കേണ്ട ഡിസബിലിറ്റികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സമിതിയെക്കുറിച്ചാണ്. എന്‍റെ പൂര്‍വ കലാലയമായ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാകോളേജില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ څപ്രാപ്ത’ എന്ന സമിതിയെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ ലേഖനത്തിലൂടെ അറിയാം. കാഴ്ചപരിമിതികള്‍ ഉള്ള വ്യക്തികള്‍ ആധുനിക സാങ്കേതികവിദ്യയാല്‍ എങ്ങനെ ശാക്തീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് തന്‍റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഹുസ്ന അമീന്‍ എഴുതുന്നത്. അനുഭവങ്ങളും വസ്തുതകളും ചേര്‍ന്നതാണ് ഹുസ്നയുടെ ലേഖനം.
പല ഡിസേബിള്‍ഡ് വ്യക്തികള്‍ക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധമില്ലാത്തത് അവരുടെ അരികുവല്‍ക്കരണത്തിന് പ്രധാന കാരണമാകുന്നുണ്ട്. ഡിസബിലിറ്റി രംഗത്ത് ഇടപെടലുകള്‍ നടത്താറുള്ള അഡ്വ. സന്ധ്യയുമായുള്ള അഭിമുഖത്തിലൂടെ നമ്മുടെ രാജ്യത്ത് ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് വേണ്ടിയുള്ള നിയമസംവിധാനങ്ങളെക്കുറിച്ചു മനസിലാക്കാം. കോളേജ് തലത്തില്‍ വീല്‍ചെയര്‍ ഉപയോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടി എഴുതുന്നത്. വീല്‍ചെയര്‍ സൗഹൃദ സംവിധാനങ്ങളുടെ അഭാവവും അപര്യാപ്തതയും തനിക്ക് ഉണ്ടാക്കുന്ന മാനസികപ്രയാസങ്ങളെക്കുറിച്ചു ശ്രീക്കുട്ടി വെളിപ്പെടുത്തുന്നു.
ഡോ. അനീഷ്യ ജയദേവ് ഭരണ-ആസൂത്രണ തലങ്ങളില്‍ ഡിസബിലിറ്റി അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതുന്നു. രാജ്യത്തു നിലവിലുള്ള നിയമസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള ചില നിര്‍ദേശങ്ങളും ഡോ. അനീഷ്യ മുന്നോട്ടുവെക്കുന്നുണ്ട്. തന്‍റെ മകന്‍റെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്നുണ്ടായ ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂളിനെക്കുറിച്ചു സന്ധ്യ പ്രജിന്‍ മനസ്സുതുറക്കുന്നു. ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ ഉള്ള കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രശ്നങ്ങള്‍ നിരവധിയാണ്.

മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വലിയ തോതിലുള്ള വിവേചനവും സ്റ്റിഗ്മയും പൊതുസമൂഹത്തില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇതിനെകുറിച്ചാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ സുഹൃത്ത് എഴുതുന്നത്. തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ആയിരിക്കാം ഡോ. ഫാത്തിമ അസ്ല ‘എന്‍റെ മരണക്കുറിപ്പ്’ എന്ന കവിത എഴുതിയത്. ഒരു ഡിസേബിള്‍ഡ് സ്ത്രീക്കോ പെണ്‍കുട്ടിക്കോ ഈ ഏബ്ലിസ്റ്റ് സമൂഹത്തില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ ഈ കവിതയിലൂടെ നമുക്ക് വായിച്ചെടുക്കാം.
പാരാപ്ലീജിക് കലാകാരിയായ നിന്‍സി മറിയം മോണ്ട്ലി തയാറാക്കിയ ഡിജിറ്റല്‍ ചിത്രത്തിന് ഒരര്‍ത്ഥം ഉണ്ട്. ആ ചിത്രത്തിലെ കിളിക്ക് മറ്റു കിളികളെപ്പോലെ ആകാശത്തിലൂടെ പറക്കാന്‍ സാധിക്കില്ല. എന്നാല്‍ ജീവിതാനുഭവങ്ങളിലൂടെ തന്‍റെ ഉള്ളിലുള്ള പ്രകാശം തിരിച്ചറിഞ്ഞ കിളി ആ പ്രകാശം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു.

‘സംഘടിത’യുടെ ജൂലൈ 2022, ജനുവരി 2023 എന്നീ ലക്കങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ രണ്ടു ലേഖനങ്ങളും നല്ല രീതിയില്‍ വായിക്കപ്പെട്ടു. ഇത്തവണ അതിഥി പത്രാധിപയായിട്ടാണ് എഴുതുന്നത്. ഈ അവസരം തന്ന ഡോ. ഷീബക്കും ‘സംഘടിത’യുടെ ഭാഗമായ എല്ലാവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഒരാള്‍ക്ക് മാത്രമാണ് ലേഖനം എഴുതിത്തരാന്‍ കഴിയാതിരുന്നത്. ഒരുപാടു തിരക്കുകള്‍ക്കിടയിലും അവസാന തീയതിക്കുള്ളില്‍ത്തന്നെ ബാക്കിയെല്ലാവരും അവരുടെ സംഭാവനകള്‍ അയച്ചുതന്നു. അവര്‍ക്കും നന്ദി. ഡിസബിലിറ്റി-ക്വിയര്‍ ഇന്‍റര്‍സെക്ഷനും ഡിസബിലിറ്റി-ജാതി ഇന്‍റര്‍സെക്ഷനും അനുഭവക്കുറിപ്പുകളിലൂടെ അടയാളപ്പെടുത്തണം എന്നുണ്ടായിരുന്നു. അവക്ക് യോജിച്ച ഡിസേബിള്‍ഡ് വ്യക്തികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങളും ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ‘ഡിസബിലിറ്റി: രാഷ്ട്രീയവും പ്രതിനിധാനവും’ പ്രതിപാദ്യവിഷയമായ ‘സംഘടിത’യുടെ ഫെബ്രുവരി 2023 ലക്കത്തിന് വായനക്കാര്‍ക്ക് ഡിസബിലിറ്റി രാഷ്ട്രീയത്തെക്കുറിച്ചു അവബോധം നല്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഈ കുറിപ്പ് എഴുതി നിര്‍ത്തുന്നു.

ഡോ. ശാരദാ ദേവി വി.
ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷക

 

 

 

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0