മുഖവുര- ആഗസ്റ്റ്   ലക്കം

Homeമുഖവുര

മുഖവുര- ആഗസ്റ്റ് ലക്കം

ഡോ.ഷീബ കെ.എം.

നങ്ങളുടെ ജീവിതലോകങ്ങള്‍ക്കുമേല്‍ ഒളിഞ്ഞു നോക്കുന്ന സര്‍ക്കാര്‍. ജനാധിപത്യം എന്ന സങ്കല്പനത്തെയും പ്രയോഗത്തെയും പാടെ തകര്‍ത്ത് ഭരണകൂടം പെഗാസസ് പോലുള്ള സ്പൈവേറുകള്‍ വിന്യസിച്ച് പൗരന്‍മാരെക്കുറിച്ച് രഹസ്യമായി വിവരശേഖരണം നടത്തുന്നു. ‘പ്രോജക്ട് പെഗാസസ്’ എന്നറിയപ്പെട്ട അന്താരാഷ്ട്രതലത്തില്‍ നടന്ന അന്വേഷണത്തില്‍ ഇന്ത്യയുള്‍പ്പടെ പതിനൊന്ന് രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദമാക്കാനും പ്രക്ഷോഭകരെ അക്രമിക്കാനും പ്രതിഷേധത്തെ അടിച്ചമര്‍ത്താനുമുള്ള ആയുധമായി ഇത് ഉപയോഗിക്കപ്പെട്ടു എന്ന് കണ്ടെത്തുകയുണ്ടായി. അനേകങ്ങളുടെ ജീവന്‍ അപായപ്പെടുത്താനുള്ള ശേഷിയും ഇതിനുണ്ടത്രെ. ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വെളിപ്പെടുത്തലുകള്‍. ‘അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു’ എന്ന പഴഞ്ചൊല്ലിന് എന്നത്തേക്കാളുമേറെ കഠിന പ്രസക്തിയുള്ള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്റ്റാന്‍ സ്വാമിയെപ്പോലുള്ള സമര്‍പ്പിത ജീവിതത്തിനുടമകളായ ബഹുമാന്യരായ വ്യക്തിത്വങ്ങളെ നിഷ്ക്കരുണം കൊലയ്ക്കു കൊടുക്കുന്ന, ദലിത് ബാലിക മാര്‍ക്കെതിരെയുള്ള ബലാല്‍ക്കാരത്തിന് ഒത്താശ ചെയ്യുന്ന ഭീകരവാഴ്ച തന്നെയിത്. പ്രതിഷേധങ്ങള്‍ നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്തും ഇത്തരം അന്വേഷണങ്ങള്‍ക്ക് സധൈര്യം പ്രവര്‍ത്തിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ !
സാമൂഹ്യക്ഷേമത്തിന്‍റെയും , ആരോഗ്യമാനദണ്ഡങ്ങളുടേയും കാര്യത്തില്‍ കൈവരിച്ച ഔന്നത്യത്തില്‍ അഹങ്കാരം കൊള്ളുന്ന കേരളത്തില്‍ ലിംഗനീതിയുടെ നിലവാരം അങ്ങേയറ്റം ലജ്ജാവഹവും അപലപനീയവുമായി തുടരുന്നു. ഒന്നിനു പിറകെ ഒന്നായി അതിതീവ്രമായ അതിക്രമങ്ങളുടെ വാര്‍ത്തകളാണ് നമ്മെ തേടിയെത്തുന്നത്. വിസ്മയയുടെ സ്ത്രീധനകൊലപാതക വാര്‍ത്തയ്ക്ക് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ട് ആത്മഹത്യ ചെയ്ത അനന്യയുടെയും കാമുകനെന്ന് അവകാശപ്പെട്ടവന്‍ വെടിവെച്ചു കൊന്നുകളഞ്ഞ മാനസയുടെയും ദുര്യോഗങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. സ്ത്രീകള്‍ക്കും പല ലിംഗലൈംഗിക സ്വത്വങ്ങള്‍ക്കും ജീവിക്കാനേ അവകാശമില്ലെന്ന് ബോധ്യപ്പെടുത്തും വിധം ആണധികാരവ്യവസ്ഥ നമ്മുടെ മേല്‍ പിടിമുറുക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം നാം കാണിക്കുന്ന ആധിയും രോഷവും പക്ഷേ നിഷ്ഫലവും വൈകി വന്ന വിവേകവുമായി മാത്രം ഭവിക്കുന്നു. സ്വന്തം ജീവിതം ലിംഗപദവിയില്‍ പരുവപ്പെട്ടതെങ്ങനെ എന്ന ആത്മപരിശോധനയും തിരുത്തലും നടത്തുകയോ ആണത്തസങ്കല്പങ്ങള്‍ പൊളിച്ചെഴുതുകയോ ചെയ്തില്ലെങ്കില്‍ ഈ ദുരവസ്ഥ തുടരുക തന്നെ ചെയ്യും. ഈയവസരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കൊണ്ട് തുടക്കം കുറിച്ച ‘കനല്‍’ എന്ന ബോധവല്‍ക്കരണ പരിപാടിക്ക് മികച്ച സ്വാധീനമുണ്ടാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഏത് കാര്‍മേഘത്തിനിടയിലും തെളിയുന്ന വെള്ളിരേഖ പോലെ ഒളിമ്പിക്സ് മത്സരത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ കാഴ്ചവച്ച മികച്ച പ്രകടനം അഭിമാനാര്‍ഹവും നിറഞ്ഞ അഭിനന്ദനമര്‍ഹിക്കുന്നതുമാണ്. ലിംഗപദവി വാര്‍പ്പുമാതൃകകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മെഡല്‍ നേട്ടങ്ങളിലൂടെ അവര്‍ രാജ്യത്തിന്‍റെ അഭിമാനം കാത്തത് എന്നത് ശ്രദ്ധേയമാണ്.
ഭാഷയുടെ പ്രാഥമിക ദൗത്യം സംവേദനമാണ്. എന്നാല്‍ ഭാഷാവ്യവഹാരങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹ്യതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിര്‍മ്മിക്കുക കൂടി ചെയ്യുന്നു എന്ന് പണ്ഡിതര്‍ കുറിക്കുന്നു. എങ്ങനെയാണ് സ്ത്രീയെന്ന സ്വത്വാവസ്ഥകള്‍ ഭാഷയില്‍ അടയാളപ്പെടുന്നത്? ഭാഷാ ഉപകരണങ്ങള്‍ എങ്ങനെ സ്ത്രീയെ നിര്‍മ്മിക്കുന്നു? സ്ത്രീവാദരാഷ്ട്രീയ പ്രയോഗങ്ങളിലൂടെ ഭാഷയുടെ പൊളിച്ചെഴുത്തുകള്‍ ഉണ്ടാവുന്നുണ്ടോ? സുമി ജോയി ഓലിയപ്പുറം അതിഥിപത്രാധിപയായി ‘ഭാഷാവ്യവഹാരങ്ങള്‍’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ഈ ലക്കം സംഘടിത വായനയ്ക്കായി സമര്‍പ്പിക്കുന്നു.

 

 

 

 

COMMENTS

COMMENT WITH EMAIL: 0