Homeവഴിത്താരകൾ

ഒരു താരാട്ടു പാട്ടിന്‍റെ ഓര്‍മ്മയില്‍ ….

നിക്കേറ്റവും പ്രിയപ്പെട്ട പിന്നണി ഗായിക ഗീതാ ദത്ത് പാടിയ ഉറക്കുപാട്ടാണ് ഇന്നും എനിക്ക് ഏറ്റവും പ്രിയങ്കരമായ താരാട്ട് പാട്ട് .’നന്‍ഹി കലി സോനേ ചലി ,ഹവാ ധീരേ ആനാ / നീന്ദ് ഭരേ പന്ഖ് ലിയേ ഝൂല ഝുലാ ജാനാ” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ മാസ്മരികത പുതു തലമുറയിലെ ഗായകരെയും ആകര്‍ഷിക്കുന്ന ഒന്നാണ് .1960ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘സുജാത’യിലെ ഗാനമാണിത്.’സുജാത’ അവിസ്മരണീയമായ അനവധി മനോഹര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരുന്നു .

തലത് മെഹമൂദ് ആലപിച്ച ജെല്‍ത്തെ ഹേ ജിസ്കെ ലിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് തന്നെ ആ ചിത്രം പ്രേക്ഷകര്ക്കു ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. എസ് ഡി ബര്‍മന്‍ ഈണം നല്‍കി മജ്റൂഹ് സുല്‍ത്താന്‍പൂരി രചിച്ച ‘നന്‍ഹി കലി’ എന്ന ഉറക്ക് പാട്ടു മാതൃവാത്സല്യത്തിന്‍റെയും, അപൂര്‍ണമായ സ്നേഹദാഹത്തിന്‍റെയും നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നത് ഗീതയുടെ ഭാവസാന്ദ്രമായ സ്വരമാധുര്യത്തിലൂടെയാണ് .പക്ഷെ പാട്ടു കേട്ടതിനു ശേഷം വളരെ കാലം കഴിഞ്ഞാണ് ഞാന്‍ സിനിമ കണ്ടത്. വളരെ നിഷ്കളങ്കമെന്നു ഞാന്‍ കരുതിയ ആ താരാട്ടു പാട്ടിന്‍റെ രംഗം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തീക്ഷ്ണമായി ആവിഷ്കരിക്കുന്ന നിര്‍ണായകമായ ചലച്ചിത്ര രംഗങ്ങളില്‍ ഒന്നാണ് എന്നത് ഞാന്‍ അത്ഭുതത്തോടെയും സങ്കടത്തോടെയും അറിയുകയായിരുന്നു.സുബോധ് ഘോഷിന്‍റെ ബംഗാളി കഥയെ അനശ്വരമാക്കിയത് ബിമല്‍ റോയിയുടെ സംവിധാന പ്രതിഭയാണ്. സുനില്‍ ദത്തും നൂതനും നായികാ നായകന്മാരായ ഈ ചിത്രം സങ്കുചിതമായ ജാതി ചിന്തകളെ അതിജീവിക്കുന്ന ആധുനിക പ്രണയത്തിന്‍റെ കഥയായിരുന്നു.
നമുക്കു താരാട്ടു പാട്ടിലേക്കു തിരിച്ചെത്താം.ഒരു സവര്‍ണ ഹിന്ദു കുടുംബത്തിലേക്ക് അവര്‍ണയായ ഒരു അനാഥ പെണ്കുഞ്ഞു വന്നെത്തുന്നു.ഗൃഹനാഥന് അവളെ സ്വീകരിക്കാന്‍ വിഷമമില്ലെങ്കിലും ,അയാളുടെ ഭാര്യക്കു ആ കുട്ടിയെ വീട്ടിലെ ഒരംഗമായി കാണുവാന്‍ പറ്റുന്നില്ല . സ്വന്തം കുഞ്ഞിനെ പാട്ടുപാടി ഉറക്കുമ്പോള്‍ വീട്ടിനു പുറത്തെ ഒരു ചായ്പില്‍ വളര്‍ന്നു വരുന്ന സുജാത എന്ന ശിശു കരയുന്ന ശബ്ദം കേട്ട് ,ചാരുവിലെ മാതൃഹൃദയം അലിയുനുണ്ട്.അലിവോടെ, സങ്കടത്തോടെ ജനലിലൂടെ എത്തിനോക്കി അല്പം അകലെ നിന്നാണ് ചാരു ആ കുഞ്ഞും കൂടി കേള്‍ക്കാനായി പാടുന്നത്.ദൂരെ നിന്നാണെങ്കിലും ആര്‍ദ്രത തുളുമ്പുന്ന ആ പാട്ടു കേട്ട് രണ്ടു കുഞ്ഞുങ്ങളും ഉറങ്ങുന്നു.ഉറഞ്ഞു പോയ ജാതി ചിന്തയുടെ ചങ്ങലകള്‍ നൈസര്‍ഗികമായ സ്നേഹവികാരങ്ങളെ പോലും എങ്ങിനെ കെട്ടി മുറുക്കുന്നു എന്നതിന്‍റെ ചലച്ചിത്ര രേഖയാണ് ഈ രംഗം.


ഒരു മനുഷ്യ ശിശു ആദ്യമായി കേള്‍ക്കുന്ന പാട്ട് മിക്കവാറും അമ്മയുടെ താരാട്ടുപാട്ടാണ് . ഒരു ചെറിയ മൂളലില്‍ തുടങ്ങി വളരെ ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയ സംഗീതശില്പങ്ങള്‍ വരെ താരാട്ട് എന്ന ഗാനരൂപത്തില്‍ പെടുന്നുണ്ട്. പ്രൈമറി ക്ളാസുകളിലെ പാഠങ്ങളില്‍ ‘ഓമനത്തിങ്കളും’ ‘എന്‍കുഞ്ഞുറങ്ങിക്കൊള്‍ക’യും പോലുള്ള കൃതികള്‍ പഠിക്കാത്ത മലയാളികള്‍ കുറവായിരിക്കും. അവക്കു ചുറ്റുമുള്ള കഥകളും ഐതിഹ്യങ്ങളും താരാട്ടുകളുടെ അനുഭവങ്ങളെ കൂടുതല്‍ രസകരമാക്കുന്നു .വാശിയോടെ കരയുന്ന കുഞ്ഞിനെ ശാന്തമാക്കി ഉറക്കത്തിലേക്കു ആനയിക്കാനുള്ള ഒരു ഉപാധി മാത്രമാണോ ഉറക്കുപാട്ടുകള്‍?
ഉറക്കു പാട്ടുകള്‍ക്ക് കൃത്യമായ ജെണ്ടര്‍-സാമൂഹിക ചരിത്ര തലങ്ങളുണ്ട്.അമ്മക്ക് മാത്രം കല്പിച്ചു കൊടുത്തിട്ടുള്ള ഒരു വിശേഷ ഭാഗ്യവും അവകാശവുമാണത്. അമ്മയും കുഞ്ഞും തമ്മില്‍ ഒരൊറ്റ ഈണത്തിലും, താളത്തിലും നെയ്യുന്ന ആ ബന്ധത്തിന്‍റെ അമൂല്യത ഇന്ത്യന്‍ സിനിമയും തുടക്കം മുതല്‍ക്കു തന്നെ ഉള്‍ക്കൊണ്ടിരുന്നു.കൊട്ടാരങ്ങളില്‍ വിഹരിക്കുന്ന റാണിമാരും, കാടുകളിലേക്ക് പുറന്തള്ളപ്പെട്ട അമ്മമാരായ സതീരത്നങ്ങളും, കുടിലുകളിലെ ദരിദ്രരായ അമ്മമാരും അവരുടേതായ ശൈലികളിലും ഭാഷയിലും താരാട്ടുകള്‍ ആലപിക്കുന്ന ഒരു പാരമ്പര്യം സിനിമയില്‍ ഒരു ആകര്‍ഷക ഘടകമായിരുന്നു എന്ന് നമുക്കു കാണാം.

ആണ്കുട്ടിളെയും പെണ്‍കുട്ടികളെയും താരാട്ടു പാട്ടുകള്‍ വ്യത്യസ്തമായിട്ടാണ് അഭിസംബോധന ചെയ്തിട്ടുള്ളത്.ആണ്‍കുഞ്ഞുങ്ങളോട് രാജാവാകണം ,വീരശൂരപരാക്രമികള്‍ ആകണം എന്നൊക്കെ പറയുമ്പോള്‍ പെണ്‍ശിശുവിനോട് അവളെ കൊണ്ട് പോകാന്‍ വരുന്ന രാജകുമാരനായി കാത്തിരിക്കാന്‍ പറയുന്നു. ഈ പാട്ടുകളില്‍ ഒരു സമൂഹത്തിന്‍റെ പ്രബലമായ മൂല്യങ്ങളും, മോഹങ്ങളും, അഭിലാഷങ്ങളും, ഉല്‍ക്ഷ്ര്ടേച്ഛകളും എഴുതപ്പെട്ടിരുന്നു. ‘രാജാവായ് തീരും നീ ഒരു കാലം ഓമനേ’ എന്ന് പാടുന്ന സീതാദേവിയിലൂടെയും , ‘ അച്ഛനെ പോലെ വളരേണം,അമ്മക്ക് തണലായ് മാറേണം’ എന്ന് പാടുന്ന ‘വാത്സല്യ”ത്തിലെ അമ്മ ആയാലും , ‘നാളത്തെ നാടിന്‍റെ നാവു നീയേ’ എന്ന് പാടി നൃത്തം വെക്കുന്ന മാതൃഭാവമായാലും ,പെണ്‍കുഞ്ഞിനോട് ‘ഗുഡിയാ റാണീ ബിട്ടിയാ റാണീ പരിയോം കെ നഗരി സെ ഇക് ദിന്‍ രാജ്കുവര്‍ ജി ആയേങ്കെ’ എന്ന് മോഹം പറയുന്ന മുത്തശ്ശി ആയാലും സമൂഹത്തിലെ പ്രബലങ്ങളായ ആണ്‍ പെണ്‍ ധാരണകളെ മൃദുല വികാരങ്ങള്‍ക്കുള്ളിലൂടെ സുഖമായി പൊതിഞ്ഞു വിളമ്പുന്നു.എത്ര ലളിത സുന്ദരങ്ങളായ മോഹങ്ങളും സ്വപ്നങ്ങളുമാണ് താരാട്ടുകള്‍ നൂറ്റാണ്ടുകളായി ശിശുക്കള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്നു നമുക്കു തോന്നാം. പക്ഷെ ആ സ്വപ്നങ്ങള്‍, നിലനില്‍ക്കുന്ന സാമൂഹ്യ കുടുംബ സങ്കല്പങ്ങള്‍ക്കും ലിംഗവിവേചനത്തിനും അനുസരിച്ചു രചിക്കപ്പെട്ടവ ആയിരുന്നെന്നു ആരോപിക്കപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ വര്ഷം വിജയരാജേ മല്ലിക രചിച്ച ‘ആണല്ല പെണ്ണല്ല കണ്മണി നീയെന്‍റെ തേന്‍മണി ആണല്ലോ’ എന്ന താരാട്ടു വളരെ രാഷ്ട്രീയമായ സ്നേഹപ്രവര്‍ത്തനമായി മാറുന്നത്. സുജാത എന്ന ചിത്രത്തിലെ താരാട്ടിന്‍റെ ആലാപനം കുറച്ചു കൂടി സങ്കീര്‍ണമായ അനുഭൂതിയുടെ തലത്തിലേക്ക് ആ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തെ എത്തിക്കുന്നു.ജാതിചിന്തയും മാതൃസ്നേഹവും തമ്മിലുള്ള സംഘര്‍ഷം ഒരു സവര്‍ണ്ണ സ്ത്രീയുടെ ഉള്ളില്‍ ഉണ്ടാക്കുന്ന പിരിമുറുക്കം ഇന്ത്യന്‍ സിനിമയിലെ കീഴാള പ്രതിനിധാന പഠനങ്ങളില്‍ ഒരു പ്രധാന ഏട് ആവേണ്ടതല്ലെ?

വളരെ വിരളമായി മാത്രമേ പുരുഷാ കഥാപാത്രങ്ങള്‍ താരാട്ടു പാടാറുള്ളു .കിലുക്കത്തിലെ “പനിനീര്‍ ചന്ദ്രിക”യും ഹിറ്റ്ലറില്‍ “നീ ഉറങ്ങിയോ” എന്നും നായകബിംബങ്ങള്‍ പാടുന്നത് യുവതികളോടാണ്. അതില്‍ ഒരാള്‍ സ്വയം ഭ്രാന്തിയായി അഭിനയിക്കുന്നു ;മറ്റൊരാള്‍ തനിക്കു സംഭവിച്ച പിഴവില്‍ നീറിപുകയുന്നു .(പെട്ടെന്നു ഓര്മ വന്നത് എഴുതിയതാണ് )
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങള്‍ തുടങ്ങി താരാട്ടുകളുടെ സാംസ്കാരിക തലങ്ങളെ കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടന്നു വരുന്നുണ്ട്.മാതൃവാത്സല്യത്തിന്‍റെയും അനല്പമായ സ്നേഹത്തിന്‍റെയും ഉള്ളിലൂടെ സൂക്ഷ്മമായി കടത്തിവിടുന്ന ലിംഗവിവേചനങ്ങള്‍ മാത്രമല്ല ഈ പഠനങ്ങളിലൂടെ കണ്ടെത്തപ്പെടുന്നത്.വംശീയ കലാപങ്ങളും കൂട്ട പലായനങ്ങളും സാധാരണമായി മാറിയ ഈ കാലങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പെട്ടു പോകുന്ന അമ്മമാര്‍ താരാട്ടു പാട്ടുകളിലൂടെ ദുരിത സങ്കട ചരിത്രങ്ങള്‍ കൈ മാറുന്നുണ്ട് . ഒരുപാടു നഷ്ടങ്ങള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടുന്ന ഈ അമ്മമാര്‍ക്ക് സാന്ത്വനവും വിശ്രാന്തിയും പകരാന്‍ അവരെക്കൊണ്ടു കുഞ്ഞുങ്ങള്‍ക്കായി താരാട്ടു പാട്ടുകള്‍ എഴുതിപ്പിക്കുന്നു, പാടിപ്പിക്കുന്നു. ലിംഗ സമത്വത്തിന്‍റെ സന്ദേശവും പ്രചരിപ്പിക്കാനുള്ള മാധ്യമമായി താരാട്ടു പാട്ടുകള്‍ ചിട്ടപ്പെടുത്തപ്പെടുന്നു.

ആന്‍ ഡി വ്രീസിന്‍റെ വാക്കുകള്‍ കൃത്യമാണ് :” ഓരോ വ്യക്തിയുടെ ജീവിതത്തിലും,ഒരു പക്ഷെ മനുഷ്യരാശിയുടെ ചരിത്രത്തില്‍ തന്നെ കവിത തുടങ്ങുന്നത് തന്നെ താരാട്ടില്‍ നിന്നാണ്.” എന്നാല്‍ താരാട്ടുകളുടെ ലോകം ഒട്ടും എപ്പോഴും പ്രശാന്ത സുന്ദരമല്ല. അശാന്തങ്ങളായ ‘അമ്മ ജീവിതങ്ങളുടെ,ദുരിതാഭരിതമായ സമൂഹ ഓര്‍മകളുടെ ,
മുറിവേറ്റ ക്രൂരമായ മനുഷ്യബന്ധങ്ങളുടെ കലവറകള്‍ കൂടിയാണ് താരാട്ടുകള്‍.അത്ഭുതം തോന്നാം–പക്ഷെ താരാട്ടുകളെ കുറിച്ച് ആവേശത്തോടെ ഗവേഷണം നടത്തിയ നാടകകൃത്താണ് ഫ്രഡറികോ ഗാര്‍ഷ്യ ലോര്‍ക്ക.സ്പാനിഷ് ചരിത്രത്തിന്‍റെ ഏറ്റവും ദാരുണങ്ങളായ ആലാപനങ്ങളാണ് താരാട്ടുപാട്ടുകള്‍ എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.ഉറങ്ങാന്‍ വിസമ്മതിക്കുന്ന കുഞ്ഞിനെ ഉറക്കി കിടത്താന്‍ പാടുന്ന പാട്ടില്‍ ഒരു ജനത അനുഭവിച്ച ക്രൗര്യം മുഴുവനും പതിഞ്ഞിട്ടുണ്ടെന്നും ലോര്‍ക്ക വിശ്വസിച്ചു.ആ വികാരത്തിന്‍റെ തന്നെ ഒരു സ്പന്ദനമാണ് ‘സുജാത’യിലെ ആ രംഗത്തിലും ബിമല്‍ റോയ് ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.

 

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0