മുഖവുര-ഡിസംബര്‍ ലക്കം

Homeമുഖവുര

മുഖവുര-ഡിസംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

ടയാത്ത സമരമുഖങ്ങള്‍ നമ്മുടെ കാലഘട്ടത്തിന്‍റെ നിത്യയാഥാര്‍ത്ഥ്യമായി മാറുന്ന കാഴ്ചയാണല്ലോ ചുറ്റും. അധികാരപ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന അവിഹിത കൂട്ടുകെട്ടുകള്‍ അവയെ പരസ്പരം നിലനിര്‍ത്താന്‍ നന്നായി സഹായിക്കുന്നുണ്ട്. സാംസ്ക്കാരിക ദേശീയതയില്‍ ഊന്നുന്ന ഭരണകൂടം കമ്പോളവാഴ്ചയെ കൂട്ടുപിടിച്ച് ജനങ്ങളുടെ ജീവിതോപാധികള്‍ തീര്‍ത്തും അടച്ചുകളയുകയാണ്. പൗരര്‍ എന്ന നിലയിലെ അടിസ്ഥാനസ്വാതന്ത്ര്യത്തിനും സുരക്ഷിതമായി ജീവസന്ധാരണം നടത്താനുള്ള പ്രാഥമിക അവകാശത്തിനും വേണ്ടി പോലും തീവ്രസമരങ്ങള്‍ നടത്തേണ്ടി വരുന്ന അവസ്ഥ ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ പൂര്‍ണ്ണതകര്‍ച്ചയുടെ ലക്ഷണങ്ങള്‍ തന്നെ. ആയതിനാല്‍ പ്രതിരോധം അല്ലെങ്കില്‍ മരണം – ഈ സാധ്യതകള്‍ മാത്രമേ നമ്മുടെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. കോര്‍പ്പറേറ്റുകളെ മാത്രം സഹായിക്കാന്‍ പോന്ന, രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ തീര്‍ത്തും അപായപ്പെടുത്തുന്ന കാര്‍ഷിക ബില്ലിനെതിരെ ഉയര്‍ന്ന ശക്തമായ സംഘാടനം ജനങ്ങള്‍ പ്രതിഷേധിക്കാനെടുത്ത തീരുമാനത്തിന്‍റെ ഉജ്ജ്വല മാതൃകയായിരിക്കുന്നു. പ്രായ/ ലിംഗഭേദമെന്യേ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും തലസ്ഥാനത്തേക്ക് നടന്നടുക്കുന്ന കര്‍ഷകരുടെ പ്രതിരോധപ്പട ഷഹീന്‍ ബാഗിനു ശേഷം ഇന്ത്യ കണ്ട തീക്ഷണ സമരചിത്രമാണ് രചിക്കുന്നത്. രാജ്യത്തെ നീതിരഹിത ഭരണസംവിധാനത്തിനെതിരെ വൃദ്ധരായവരടക്കം സ്വന്തം ജീവന്‍ പണയം വെച്ച് അണിനിരക്കുകയാണവിടെ. ഭരണകൂടം പ്രതിഷേധകരെ തടുക്കാന്‍ ദേശീയപാത തുരന്ന് ഗര്‍ത്തങ്ങളുണ്ടാക്കുന്ന അസംബന്ധജഡിലവും ആശങ്കാജനകവുമായ പ്രതികരണമാണ് നാം കണ്ടത്. നിരായുധരായ സാധാരണ ജനങ്ങള്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കുകയും കൂട്ടത്തോടെ അവരെ മൈതാനങ്ങളില്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയും ചെയ്ത് ഈ ഭരണം അനുദിനം ഭയാനകമാം വിധം നാസീജര്‍മ്മനിയോട് അടുക്കുകയാണ് .കൊടുംവരള്‍ച്ചയില്‍ വന്നുപതിച്ച പെരുമഴപോലെ ദൃഡപ്രതീക്ഷകളായുയര്‍ന്ന ഈ കഠിനസമരത്തിന് നന്ദിയും ശക്തമായ ഐക്യദാര്‍ഡ്യവും രേഖപ്പെടുത്തട്ടെ !

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടത് രാജ്യത്തിനകത്ത് വലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ക്ക് താല്‍ക്കാലിക തടയിടാന്‍ സഹായിക്കും എന്ന പ്രതീക്ഷ നല്‍കുന്നു. വര്‍ഗ്ഗ /വര്‍ണ്ണ/വംശീയ വെറിയുടെ മറയില്ലാത്ത നീചപ്രകടനങ്ങളായിരുന്നല്ലോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവിടെ തുടര്‍ന്നത്. എന്നാല്‍ ഡെമോക്രാറ്റുകളുടെ ഈ വിജയം മറ്റ് രാജ്യങ്ങളെ സംബന്ധിച്ചും ലോകനീതിയെക്കുറിച്ചും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമോയെന്നത് നാം കാത്തിരുന്ന് കാണാനിരിക്കുന്നതേയുള്ളൂ.

കേരള പോലീസ് ആക്ട് ഭേദഗതി ചെയ്ത് അതില്‍ 118 (A) എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനുള്ള നടപടി പിന്‍വലിച്ചതില്‍ സന്തോഷിക്കുന്നു. ഒക്ടോബര്‍ മാസത്തെ മുഖവുരയില്‍ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നതാണല്ലോ. ഡിസംബര്‍ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റേതു കൂടിയാണ്. സ്ത്രീകള്‍ക്ക് സംവരണം ലഭിക്കുന്ന സുപ്രധാന അവസരമാണിതെങ്കിലും സംവരണത്തിനു പുറത്ത് ഓരോ പാര്‍ട്ടിയും സ്ത്രീകള്‍ക്ക് എത്ര മത്സരസ്ഥാനങ്ങള്‍ നല്‍കാറുണ്ടെന്നത് പ്രതിഷേധാര്‍ഹമായി തുടരുന്ന ചോദ്യമാണ്. ഈ പ്രതിഷേധം നിലനില്‍ക്കുമ്പോഴും വളരെ ആലോചനയോടെ പുരോഗമനപരവും ജനക്ഷേമപരവുമായ ഒരു നേതൃത്വത്തിന് വേണ്ടി സമ്മതിദാനം രേഖപ്പെടുത്താന്‍ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പ്രാചീനകാലം മുതല്‍ക്കേ മനുഷ്യര്‍ ശരീരചലനങ്ങളിലൂടെ ആത്മാവിഷ്ക്കാരം നടത്തിയിരുന്നതായും നൃത്തം ഒരു ആദിമ മനുഷ്യചോദനയായിരുന്നതായും കാണാം. എന്നാല്‍ കാലക്രമേണ ഓരോ ചരിത്രകാലഘട്ടത്തിലും ഓരോ പ്രദേശത്തും സാമൂഹ്യഘടനയില്‍ നിലവില്‍ വന്ന അധികാരരൂപങ്ങളുടെയും അധീശത്വപ്രമാണങ്ങളുടേേയും പ്രതിഫലനങ്ങള്‍ നൃത്തരൂപങ്ങളില്‍ പ്രകടമായിത്തുടങ്ങി.

ആര് ആര്‍ക്കു വേണ്ടി, എങ്ങനെ, എത്രത്തോളം, എവിടെ എന്നു തുടങ്ങിയ നിര്‍ണ്ണായക ചോദ്യങ്ങളാല്‍ നിര്‍വചിക്കപ്പെട്ടു പോയിട്ടുണ്ട് നൃത്താവിഷ്ക്കാരങ്ങള്‍. ആനന്ദം, ആവിഷ്ക്കാരം എന്ന കേവലാര്‍ത്ഥങ്ങള്‍ക്കപ്പുറം സ്ത്രീകളുടെ നൃത്തത്തെ സംബന്ധിച്ച് നല്ല/ചീത്ത, ഉചിതം/അനുചിതം, മാന്യം/അമാന്യം എന്നിങ്ങനെയുള്ള മാനകീകരണങ്ങള്‍, ആധുനികകാലത്തില്‍ പ്രത്യേകിച്ചും , കടന്നുവരുന്നത് കാണാം. എല്ലാ സ്ത്രീകളെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരുന്നില്ല നൃത്തമാടല്‍ എന്ന് ചുരുക്കം. അധിനിവേശകരുടെ , മതപരിവര്‍ത്തകരുടെ, ദേശീയതാഭാവനകളുടെ, പുതുപുരുഷാധിപത്യങ്ങളുടെയൊക്കെ അധികാരത്തീര്‍പ്പുകള്‍ക്ക് വിധേയമായി മാത്രമേ ഇപ്പോഴും നൃത്തം നിലനില്‍ക്കുന്നുള്ളൂ . ഗോത്രപാരമ്പര്യങ്ങളില്‍ നൃത്തം നിത്യജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. എന്നാല്‍ ദലിത് ആദിവാസി നൃത്തപ്രകടനങ്ങളും നൃത്തശരീരങ്ങളും ഇന്നും മുഖ്യധാരയ്ക്ക് പുറത്താണ്. മധ്യകാല കൊട്ടാര അങ്കണങ്ങളിലെ ‘നാച്ച് ‘ , ദേവദാസി നൃത്തം, ക്ലബ്ബുകളില്‍ നടന്ന കാബറേ , സിനിമാനൃത്തങ്ങള്‍ – ഇവയൊക്കെ പൊതുഭാവനയില്‍ ശാസ്ത്രീയമെന്ന വിവക്ഷയില്‍ ചിട്ടപ്പെടുത്തപ്പെട്ട നൃത്തങ്ങളുടെ കീഴെ മാത്രം വിന്യസിക്കപ്പെടുന്നതാണ്. ഇക്കാരണങ്ങളാല്‍ തന്നെ നൃത്താവിഷ്ക്കാരങ്ങള്‍ ഏറെ വിമര്‍ശനബുദ്ധിയോടെ പഠനവിധേയമാക്കേണ്ട മേഖല തന്നെയാണ് .നൃത്ത പാരമ്പര്യങ്ങളെയും കലഹങ്ങളേയും ആവിഷ്ക്കാരങ്ങളിലെ വിപ്ലവാത്മകമായ ചടുലചുവടു വെപ്പുകളേയും സമാഹരിക്കുകയാണ് റോസ് ലിജിയ അതിഥിപത്രാധിപയായ ഡിസംബര്‍ മാസം സംഘടിത . വായനയ്ക്കായി സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0