Homeചർച്ചാവിഷയം

നൃത്തത്തിന്‍റെ സാംസ്കാരിക പ്രവര്‍ത്തനം

ഡോ.റോസ് മെറിന്‍

‘നല്ല പെണ്‍കുട്ടികള്‍ ചരിത്രം ഉണ്ടാക്കാറില്ല’ എന്നതിന് ഉത്തമ ഉദാഹരണമാണ് ഐസഡോറ ഡങ്കന്‍ എന്ന നര്‍ത്തകി. അന്നുവരെ ഉദാത്തമെന്നു വിശേഷിപ്പിക്കപ്പെട്ട ബാലെ എന്ന നൃത്തരൂപത്തിന്‍റെ പരമ്പരാഗതമായ സമ്പ്രദായങ്ങളും പദാവലിയും ഉടച്ചുവാര്‍ക്കുകയും സ്വതന്ത്രവും പ്രകടനാത്മകത ഉളവാക്കുന്നതുമായ ചലനം നൃത്തത്തില്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ ‘മോഡേണ്‍ ഡാന്‍സിന്‍റെ അമ്മ’ എന്ന പേരില്‍ അറിയപ്പെടുന്നു.

‘സ്വതന്ത്രമായ ശരീരം, സ്വതന്ത്ര ചിന്താഗതി’ എന്ന ആശയം മുറുകെപ്പിടിച്ചു ജീവിച്ച അവര്‍ 1877, മേയ് 27നു സാന്‍ഫ്രാന്‍സിസ്കോയില്‍ പിയാനോ അധ്യാപികയായ അമ്മയുടെയും ബാങ്കുദ്യോഗസ്ഥനായ അച്ഛന്‍റെയും നാലു മക്കളില്‍ ഏറ്റവും ഇളയവളായാണ് ജനിച്ചത്. ഐസഡോറയുടെ ജനനത്തിനുശേഷം അധികം വൈകാതെ തന്നെ അച്ഛനുമമ്മയും വിവാഹമോചിതരായി. അതിനുശേഷം അമ്മയ്ക്കൊപ്പം ഓക്ലാന്‍റില്‍ ജീവിക്കാന്‍ തുടങ്ങിയ കുടുംബം അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. കലയോട് അത്യധികം താല്പര്യം ഉണ്ടായിരുന്ന ഐസഡോറയുടെ അമ്മ മേരി, സംഗീതം, കല, നാടകം, നോവലുകള്‍ എന്നുവേണ്ട എല്ലാത്തരം കലാപരമായ കാര്യങ്ങളും മക്കള്‍ക്ക് പരിചയപ്പെടുത്താനും അഭ്യസിപ്പിക്കുവാനും ശ്രമിച്ചു. ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുവാനായി ഐസഡോറയും സഹോദരങ്ങളും നാട്ടിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചു. സ്കൂള്‍ വിദ്യാഭ്യാസവും അവര്‍ക്ക് പൂര്‍ത്തീകരിക്കാനായില്ല. രസകരമെന്നു പറയട്ടെ, സാമ്പ്രദായികമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് വളര്‍ന്നു വരാതിരുന്നതുകൊണ്ട് തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന ശരി തെറ്റുകള്‍ വകവെക്കാതെ വളരെ ചെറുപ്പത്തിലേ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവതിയും ആയി ഐസഡോറ ഡങ്കന്‍.

നൃത്തം ഒരു കലയാണെന്നും ഒരു നേരമ്പോക്കല്ലെന്നും അവര്‍ വിശ്വസിച്ചു. ഗ്രീക്ക് സൗന്ദര്യശാസ്ത്രത്തില്‍ ആകൃഷ്ടയായ അവര്‍ സ്വയമേ രൂപപ്പെടുത്തിയെടുത്ത ചലനങ്ങള്‍ ഗ്രീക്ക് ആദര്‍ശമായ സൗന്ദര്യം, മനുഷ്യത്വം, തത്ത്വദര്‍ശനം എന്നിവയില്‍ ഊന്നി തന്‍െറ നൃത്തത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു. അക്കാലത്ത് പ്രമാണിവര്‍ഗ്ഗം വിശിഷ്ടം എന്ന് വിശേഷിപ്പിച്ചിരുന്ന ബാലേ, സങ്കുചിതവും വികാരചലനങ്ങള്‍ കാണികളില്‍ സൃഷ്ടിക്കാന്‍ അപ്രാപ്യവുമായ ഒരു നൃത്തരൂപം ആണെന്ന് അവര്‍ പ്രചരിപ്പിച്ചു. ശരീരത്തിന്‍റെ സ്വാഭാവിക ചലനത്തെ മലീമസപ്പെടുത്താതെ നൈസര്‍ഗികമായി അതിനനുസരിച്ച് ചലിക്കുവാന്‍ അവര്‍ തയ്യാറായി. കൈകാലുകള്‍ ഇഷ്ടമുള്ള ദിശയില്‍ ആകര്‍ഷണീയമായി ചലിപ്പിച്ച്, ബാലെ ഷൂസ് ഉപേക്ഷിച്ച്, ‘കോര്‍സെറ്റിന്’ പകരം അയഞ്ഞൊഴുകുന്ന സുതാര്യമായ വസ്ത്രം ധരിച്ച്, അന്നു വരെ നൃത്തത്തില്‍ പരീക്ഷിക്കാതിരുന്ന സംഗീതകാരന്മാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു അവര്‍ കണ്ടെത്തിയ പുതിയ തരം നൃത്താവിഷ്ക്കാരം ഏതെങ്കിലും ഒരു പ്രത്യേക ശൈലിയെ അന്ധമായി അനുകരിക്കാന്‍ വിസമ്മതിക്കുന്നതായിരുന്നു. ശരീരത്തിന്‍റെ വിവിധ ചലനങ്ങള്‍ കാണേണ്ടതാണെന്നും ആസ്വദിക്കേണ്ടതാണെന്നും അക്കാലത്തു ബാലെ നര്‍ത്തകികള്‍ ധരിച്ചിരുന്ന തരം വസ്ത്രങ്ങളോ കൈകാലുകള്‍ മറക്കുന്ന ഇറുകിയ തരം ടൈറ്റ്സുകളോ ധരിച്ചു മൂടിപ്പുതച്ചു പിടിക്കേണ്ടതല്ലെന്നും അവര്‍ വാദിച്ചു.

ഒരു നര്‍ത്തകി ആയിരുന്നെങ്കിലും അനേകം കവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍, സംഗീതജ്ഞര്‍, വ്യാപാരികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരില്‍ നിന്ന് പഠിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം എടുക്കുകയും ചെയ്തിരുന്നു അവര്‍. അതില്‍ ഓരോരുത്തരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അവരുടെ കലയെ അങ്ങേയറ്റം പോഷിപ്പിച്ചിട്ടുണ്ട്. നന്നായി വായിക്കുകയും ഒട്ടനേകം മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ കണ്ടറിയുവാനുള്ള അന്വേഷണാത്വരത കാത്തുസൂക്ഷിക്കുകയും ചെയ്ത ഐസഡോറ, സമ്പൂര്‍ണ്ണവും സമഗ്രവും ആത്മാര്‍ഥവുമായ ഒരു കല സൃഷ്ടിക്കുവാന്‍ അക്ഷന്ത്യം പ്രവര്‍ത്തിച്ചു.

ചലനത്തിലും അംഗവിന്യാസത്തിലും ഉള്ള സ്വാതന്ത്ര്യം, നൃത്തവിദ്യയിലെ പതിവുകളില്‍ നിന്നുമുള്ള മാറി നടത്തം, ഇവയെല്ലാം ഐസഡോറ ഡങ്കന്‍റെ നൃത്തത്തിന്‍റെ മുഖമുദ്രയാണ്. സൗന്ദര്യശാസ്ത്രത്തിലും ചലനത്തിലും രൂപത്തിലും നിലനിന്നിരുന്ന ആധികാരികതയ്ക്കും ചിട്ടവട്ടങ്ങള്‍ക്കും പ്രാമാണ്യങ്ങള്‍ക്കും എതിരെ നിരന്തരം അവര്‍ കലഹിച്ചിരുന്നതായി കാണാം. കാണികളെ തന്‍റെ നൃത്തത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ തടസ്സമാകുന്ന ‘ബ്ലാക്ക് ബോക്സ്’ നിര്‍മ്മാണങ്ങളെ നിശിതമായി എതിര്‍ക്കുന്നത് പലവട്ടം ആത്മകഥയായ ‘എന്‍റെ ജീവിത’ത്തില്‍(My Life, 1927) കാണാം.

അത്തരമൊരു ശരീരഭാഷ നൃത്തത്തില്‍ മാത്രമൊതുക്കാതെ സാമൂഹികമായി സൃഷ്ടിച്ചിരിക്കുന്ന എല്ലാത്തരം സങ്കുചിതഭാവനകളില്‍ നിന്നും വിട്ടുമാറി ജീവിതം ആസ്വദിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഐസഡോറയുടെ നൃത്തവും ജീവിതവും ഒരേപോലെ സമൂഹത്തെ ഞെട്ടിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒന്നാണ്. വിവാഹം എന്ന ആചാരം നികൃഷ്ടവും സ്ത്രീ വിരുദ്ധവുമാണെന്നും വിവാഹം നിര്‍ത്തലാക്കാതെ സ്ത്രീപക്ഷപ്രസ്ഥാനങ്ങള്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും, അതേപോലെ തന്നെ പ്രസവവേദനയ്ക്ക് ഒരു പരിഹാരവും കാണാത്ത ശാസ്ത്രസാങ്കേതിക വിദ്യകള്‍ സ്ത്രീകളോട് മനുഷ്യത്വപരമല്ലാതെയാണ് പെരുമാറുന്നതെന്നും ‘എന്‍റെ ജീവിത’ത്തില്‍ അവര്‍ പറയുന്നു.

വാള്‍ട്ട് വിറ്റ്മാന്‍, ഫ്രെഡറിക് നീഷെ, റിച്ചാര്‍ഡ് വാഗ്നര്‍ എന്നീ മൂന്ന് വ്യക്തികളാണ് അവരെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുള്ളതായി പറയുന്നത്. ശരീരത്തിനെ ആസ്വദിക്കാനും അതിനെ പ്രതികാരബുദ്ധിയോടെ കാണാതിരിക്കാനും അവര്‍ പഠിച്ചതിനൊരു കാരണം ഈ മഹാത്മാക്കള്‍ ആയിരിക്കാം. നൃത്തം പ്രകൃത്യാ ഉള്ള ഒരു പ്രതിഭാസമാണെന്നും നൃത്തത്തിന്‍റെ പ്രാഥമികധര്‍മ്മം പ്രകൃതിയോടു പൊരുത്തപ്പെട്ട് ശരീരത്തെ വഴക്കത്തില്‍ നിര്‍ത്തുക എന്നതാണെന്നും അവര്‍ വിശ്വസിച്ചു. മരങ്ങള്‍, ചെടികള്‍, പുഴകള്‍, കാറ്റ്, ഓളങ്ങള്‍, മേഘങ്ങള്‍, എന്നിങ്ങനെ ഭൂമിയില്‍ നിലനില്‍ക്കുന്ന എന്തിന്‍റെയും ചലനങ്ങള്‍ പോലെ നൈസര്‍ഗികമായും രമണീയമായും ലയിച്ചു നിലകൊള്ളേണ്ട ഒന്നാണ് മനുഷ്യ ശരീരത്തിന്‍റെ ചലനങ്ങള്‍ എന്ന് അവര്‍ പഠിപ്പിച്ചു. ശരീരത്തെക്കുറിച്ചുള്ള ‘പ്യൂരിറ്റന്‍’ മതാചാരത്തിന്‍റെ ധാര്‍മികതയെ വെല്ലുവിളിക്കുകയായിരുന്നു അവര്‍ ഇതിലൂടെ ചെയ്തത്. തന്‍റെ കണ്ടെത്തലുകള്‍ ലോകത്തിന് മൊത്തം പകര്‍ന്നു നല്‍കുന്നതിനായി ആദ്യമായി ജര്‍മനിയിലും (1094) പിന്നീട് ഫ്രാന്‍സിലും (1914) മൂന്നാമതായി മോസ്കോയിലും (1921) സ്കൂളുകള്‍ സ്ഥാപിച്ചു. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് അവിടെ നിന്ന് റഷ്യയിലേക്കും കലയ്ക്കുവേണ്ടി യാത്രചെയ്യുന്ന ഐസഡോറയുടെ ജീവിതം അങ്ങേയറ്റം സാഹസികമാണ്. ‘Isadorable’ എന്ന നാമധേയത്തില്‍ ലോകത്തിനു പരിചയപ്പെടുത്തിയ തന്‍റെ ശിഷ്യകളിലൂടെയാണ് അവരുടെ കാലശേഷം ഡങ്കന്‍ നൃത്തശൈലി ലോകത്തില്‍ വ്യാപിച്ചത്.
വരേണ്യവര്‍ഗ്ഗത്തിന് വേണ്ടി നൃത്തം ചെയ്ത് ധാരാളം പേരും പ്രശസ്തിയും ധനവും സമ്പാദിച്ച അതേ നര്‍ത്തകി തന്നെ പിന്നീട് തന്‍റെ നൃത്തം പൊതുസമൂഹത്തിനു വേണ്ടി ആണെന്നും വാണിജ്യപരമായി അതിനെ കാണുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും. ഒരു നര്‍ത്തകിയുടെ പരിണാമമാണ് ഇവിടെ കാണുന്നത്. ആദര്‍ശനിഷ്ഠ, സാഹസികത, സ്വാതന്ത്ര്യബോധം, നീതി ചിന്ത, നൃത്തം എന്നിവ തമ്മില്‍ ഇഴചേര്‍ന്നു കെട്ടുപിണഞ്ഞു കിടക്കുന്നു ഐസഡോറയുടെ ജീവിതത്തില്‍. തന്‍റേടവും ആത്മവിശ്വാസവും കൈമുതലാക്കി തന്‍റെ ജീവിതം തന്നിഷ്ടത്തില്‍ ജീവിച്ച ഐസഡോറ ഡങ്കന്‍ സ്ത്രീകള്‍ക്കും നര്‍ത്തകികള്‍ക്കും ഒരുത്തമ മാതൃകയാണ്.അതുകൊണ്ട് തന്നെയാണ് നൃത്തത്തിലും സ്ത്രീവാദചിന്തയിലും ചരിത്രത്തിനും കലയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു മാര്‍ഗദര്‍ശിയായി അവരെ കണക്കാക്കുന്നത്.

ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യം, നര്‍ത്തകികളുടെ അരാഷ്ട്രീയ – ഔപചാരികത വാദത്തെ അവര്‍ പൊളിച്ചെഴുതുന്നു എന്നതാണ്. കൃത്യമായ രാഷ്ട്രീയ വീക്ഷണങ്ങളും നിലപാടുകളും ‘എന്‍റെ ജീവിത’ത്തില്‍ ഉടനീളം കാണാം. വ്യക്തിപരമായി വൈഷമ്യങ്ങള്‍ ഉണ്ടാക്കുമ്പോഴും സധൈര്യം തന്‍റെ നിലപാടിന് വേണ്ടി നിലകൊള്ളാനും നീതി പുലര്‍ത്താനും അവര്‍ ശ്രമിക്കുന്നു. തന്‍റെ രണ്ടു കുഞ്ഞുങ്ങള്‍ കാറപകടത്തില്‍ പെട്ടു മരിക്കുമ്പോഴും, മൂന്നാമത്തെ കുഞ്ഞ് ജനിച്ചയുടനെ മരണപ്പെടുമ്പോഴും, ജീവിത പങ്കാളികള്‍ ഓരോരുത്തരായി ഉപേക്ഷിച്ചു പോകുമ്പോഴും, തന്‍റെ നൃത്തത്തിന്‍റെ അനുകരണങ്ങള്‍ വിറ്റു മറ്റു കലാകാരന്മാര്‍ ലോകമൊട്ടാകെ നടന്നു പണം വാരിക്കൂട്ടുമ്പോഴും, ആരാധകര്‍ കയ്യൊഴിയുമ്പോഴും ജീവിതത്തെയും വിധിയെയും നേര്‍ക്കുനേര്‍ കൈകാര്യം ചെയ്യാനും, ദുരിതത്തിലായിരുന്നാലും ഉന്മാദത്തിലായിരുന്നാലും യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യാന്‍ മടിക്കുന്നില്ല അവര്‍. തെറ്റുപറ്റിയേക്കാവുന്ന കാര്യങ്ങള്‍ മറച്ചു പിടിക്കാന്‍ മിനക്കെടുന്നുമില്ല. ജീവിതത്തിന്‍റെ കയ്പ്പില്‍ നിന്നും മധുരത്തില്‍ നിന്നും ഒരുപോലെ പ്രചോദനം കൊണ്ടു അവര്‍. അതുകൊണ്ടായിരിക്കണം അമൂര്‍ത്തമായ അവരുടെ ചലനങ്ങള്‍ക്കുപോലും സാര്‍വ്വലൗകികമായ സ്വീകാര്യത ലഭിച്ചത്. വ്യത്യസ്തമായ ഒരു നൃത്തം കാഴ്ചവച്ചിട്ടാണ് അവര്‍ ഈ ഭൂമിയില്‍ നിന്നും മറഞ്ഞത്. ആയതിനാല്‍ തന്നെ ദൃശ്യകല, ആഭരണങ്ങള്‍, ഫോട്ടോഗ്രാഫി, ചിത്രരചന എന്നു വേണ്ട ഒട്ടനേകം മാധ്യമങ്ങളെ പ്രചോദിപ്പിക്കാന്‍ ഐസഡോറ ഡങ്കന്‍റെ നൃത്തത്തിന് സാധിച്ചു.

മറ്റൊരു വസ്തുതകൂടി ഐസഡോറയുടെ ജീവിതം ഇന്നത്തെ നര്‍ത്തകികള്‍ക്ക് കാണിച്ചുതരുന്നുണ്ട്. രാഷ്ട്രീയപരത സൗന്ദര്യാനുഭൂതിയെ വികലമായി ബാധിക്കുമെന്ന വാദത്തെ അവര്‍ പൊളിച്ചെഴുതുന്നു. രാഷ്ട്രീയതാബോധം നിലനില്‍ക്കുമ്പോള്‍തന്നെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും അങ്ങേയറ്റം ബോധവതിയായ അവര്‍ ഒന്നു മറ്റൊന്നിനെ നിരാകരിക്കുന്നില്ല എന്ന വസ്തുതയും കാട്ടിത്തരുന്നു. കലാകാരിയും വ്യക്തിയും രണ്ടായിരിക്കുമ്പോള്‍ തന്നെ വ്യക്തിയില്‍ ഇവ രണ്ടും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതായും കാണാം. അങ്ങനെയെങ്കില്‍, പൊതുവേ നര്‍ത്തകികള്‍ പറഞ്ഞുകേട്ടിട്ടുള്ള ‘താന്‍ കലാകാരിയാണ്, രാഷ്ട്രീയക്കാരി അല്ല’ എന്ന വാദം തനിക്ക് അനുകൂലമായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ആശ്ലേഷിക്കാനും അതിനു പുറത്തു നില്‍ക്കുന്ന മറ്റു കലാകാരികളെ നിരാകരിക്കാനും വേണ്ടിയുള്ള കൗശലത അല്ലേ?

ഭാരതീയ നൃത്തമെന്നത് ദേശീയതയെ ഊട്ടിയുറപ്പിച്ചു കൊളോണിയല്‍ വ്യവസ്ഥയെ ചെറുത്തുനില്‍ക്കാന്‍ ഉപയോഗിച്ച ഒരു ആയുധം ആയിരുന്നെങ്കില്‍ ഇന്നത് ഏകാധിപത്യ സ്വഭാവമുള്ള ഒരു കലയായി മാറിയിരിക്കുന്നത് പലയിടത്തും കാണാം. ‘എന്താണ് നൃത്തം, എന്തല്ല നൃത്തം’ എന്നത് പ്രത്യേകാവകാശങ്ങളുള്ള വിഭാഗങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചിരിക്കുന്നു.
പുരാണങ്ങളില്‍ മാത്രം അഭിരമിച്ചോ, അമൂര്‍ത്തതയില്‍ മാത്രം ഒതുക്കിയോ അനുഷ്ടിച്ചു വരുന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ നൃത്തശാഖക്കു ഐസഡോറയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. മല്ലിക സാരാഭായി, അദിതി മങ്കള്‍ദാസ് എന്നിങ്ങനെയുള്ള ഇന്നത്തെ നര്‍ത്തകികളെ വിസ്മരിച്ചിട്ടല്ല ഇത്തരത്തില്‍ എഴുതുന്നത്. പക്ഷെ, അത്തരം ഉദാഹരണങ്ങള്‍ ഇന്ത്യന്‍ നൃത്ത മേഖലയില്‍ അപവാദങ്ങള്‍ ആകുന്നു എന്നത് കൊണ്ടാണ്. ആവിഷ്കരിക്കപ്പെടാന്‍ അനേകം വിഷയങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവയെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതും, അതു നൃത്തശാഖയുടെ ഭാഗമല്ലെന്നു പറയുന്നവരും, മൗനം പാലിക്കുന്നവരും ‘സേഫ് സോണില്‍’ നില്‍ക്കാന്‍ താത്പര്യപ്പെട്ട് സ്വന്തം നിലനില്‍പിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരല്ലേ?

ഇത്തരമൊരു മാതൃക ഇന്ത്യന്‍ നൃത്തപശ്ചാത്തലത്തില്‍ അതിന്‍റെ പോസ്റ്റ്- കൊളോണിയല്‍ രൂപീകരണം മുതല്‍ നിലനില്‍ക്കുന്നതായി കാണാം. ചരിത്രപരമായി ഇന്ത്യന്‍ ‘ക്ലാസ്സിക്കല്‍’ സംഗീതവും നൃത്തവും പവിത്രവും വൈദികവുമാണെന്ന പരിശുദ്ധതാവാദത്തില്‍ തുടങ്ങുന്നു അത്. (സാമൂഹിക നൃത്തങ്ങളേയും പാട്ടുകളേയും പരിഗണനായോഗ്യമായി കാണുന്നില്ല താനും) ആയതിനാല്‍ തന്നെ, ശരീരത്തെ നിരാകരിക്കുന്ന, ഇന്ത്യയുടെ പാവന പൂര്‍വ്വ കാലത്തെ സ്മരിപ്പിക്കുന്ന ഒന്ന്, ഇന്നിന്‍റെ പ്രശ്നങ്ങളില്‍ പെട്ടു മലീമസപ്പെടേണ്ടതില്ല എന്ന വാദം സ്ത്രീപുരുഷ കലാകാരന്മാര്‍ കാലങ്ങളായി ആവര്‍ത്തിച്ചു വരുന്നത് കാണാം. ‘പുരാതന’കല ‘സമകാലികത’യെ ആശ്ലേഷിക്കേണ്ടതുണ്ടോ എന്നത് ഇപ്പോഴും ഒരു തര്‍ക്കവിഷയമായി തുടരുന്നു. അങ്ങനെ വന്നാല്‍, എവിടം വരെ എന്നതും. ആയതിനാല്‍ തന്നെ, ഇത്തരം ‘ക്ളാസിക്കല്‍’ രൂപങ്ങള്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്കും മേലാധികാരികള്‍ക്കും ഹിതകരവുമാണ്. നിലവിലുള്ള സ്ഥിതിയെ ഒരു തരത്തിലും ഈ കലകള്‍ ബാധിക്കുന്നില്ല! ഒരു പ്രദര്‍ശകവസ്തുവായോ പൈതൃകസമ്പത്തായോ കാണിക്കുകയും ആവാം. വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എളുപ്പം കയ്യടക്കാന്‍ പറ്റുന്ന ഒരിടം കൂടിയാണ് ഇത്തരം കലാ വേദികള്‍. നിസ്സംശയമായി പറയാം, സാമൂഹിക മാറ്റത്തിനായി ഉതകുന്ന ഒരു മാധ്യമമായിട്ടും ഇന്നും ഇന്ത്യന്‍ നൃത്തശാഖ ഇത്തരത്തില്‍ നിലകൊള്ളുന്നതിനു കാരണം അതിന്‍റെ ചരിത്രപരമായ വികാസ പരിണാമം ആകുന്നു. സാമൂഹികപരിണാമത്തിന്‍റെ സജീവ പ്രതിനിധികളായി ഇന്നും നര്‍ത്തകര്‍ മാറിയിട്ടുണ്ടോ?

 

ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക, ഭാരത മാതാ കോളേജ്, തൃക്കാക്കര

 

COMMENTS

COMMENT WITH EMAIL: 0