മുഖവുര- ജൂലൈ ലക്കം

Homeമുഖവുര

മുഖവുര- ജൂലൈ ലക്കം

ഡോ.ഷീബ കെ.എം.

രണകൂട അടിച്ചമര്‍ത്തലുകള്‍ രാജ്യത്തെ ജനങ്ങളുടെ സ്വതന്ത്രജീവിതം അസാധ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നാള്‍ക്കുനാള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് നരഹത്യയ്ക്ക് പിന്നില്‍ ആ സംസ്ഥാന സര്‍ക്കാറിന്‍റെ ഗൂഡാലോചന തള്ളിക്കളഞ്ഞ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ കേസ്സിലെ നീതിക്കു വേണ്ടി ദീര്‍ഘനാള്‍ പൊരുതിയ ടീസ്റ്റ സേതല്‍വാദിനെയും മുന്‍ ഡി. ജി.പി. ശ്രീകുമാറിനെയും ജുഡീഷല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിക്കപ്പെട്ട ഒരു ട്വീറ്റിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുകയുമാണ് . സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് ഈ നീക്കം ഉയര്‍ത്തുന്നത്. ഏത് കടുത്ത ജനാധിപത്യ ധ്വംസനത്തിനു മുന്നിലും നിശ്ശബ്ദമായിരിക്കുക എന്ന വിപല്‍ സന്ദേശമാണ് ഈ അറസ്റ്റുകളിലൂടെ പുറത്തു വരുന്നത്.
കേരളത്തിന്‍റെ രാഷ്ട്രീയ പരിസരങ്ങളില്‍ പി.സി.ജോര്‍ജ്ജിന്‍റെ സാന്നിധ്യം ഈ നാട്ടിലെ സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും കടുത്ത അപമാനമാണ്. വീണ്ടും വീണ്ടും സ്ത്രീവിരുദ്ധതകളുടെ വഷളന്‍ പുളപ്പുകളില്‍ അഭിരമിക്കുന്ന ഒരു ‘നേതാവി’ നെ വെച്ചുപൊറുപ്പിക്കേണ്ട കാര്യമുണ്ടോ? കടുത്ത ശിക്ഷകളും രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള പുറത്താക്കലുമാണ് ഉടന്‍ ഉണ്ടാവേണ്ടത്.

ഉന്നതവിദ്യാഭ്യാസ രംഗം വന്‍ കുതിപ്പുകള്‍ ഏറ്റെടുക്കുന്ന വേളയെന്ന് അഭിമാനം കൊള്ളുമ്പോഴും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ പലതും തീര്‍ത്തും പിന്തിരിപ്പനായി തുടരുന്നുണ്ട് . കോഴിക്കോട്ടെ സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കലാലയത്തില്‍ ആദി എന്ന വിദ്യാര്‍ത്ഥി അനുഭവിക്കേണ്ടി വന്ന ശരീര അപമാനവും വിവേചനവും അത്യന്തം അപലപനീയമാണ്. സ്വന്തം ലൈംഗിക സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രൈഡ്മാസ കാലത്ത് തനിക്ക് ചേര്‍ന്ന വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ ആ വിദ്യാര്‍ത്ഥി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. സ്വന്തം ലിംഗലൈംഗിക സ്വത്വാവസ്ഥ ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെയും സ്വസ്ഥതയോടെയും പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും കവിതാ പുരസ്കാരം ഏറ്റുവാങ്ങുക കൂടി ചെയ്ത ഈ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് കഴിയാതെ പോകുന്നതില്‍ സാക്ഷരകേരളം ലജ്ജിക്കണം. അദ്ധ്യാപകരും അധികൃതരും മാത്രമല്ല സഹപാഠികള്‍ കൂടി എതിര്‍പക്ഷം ചേര്‍ന്നു എന്ന വാര്‍ത്ത യുവത്വത്തിലുള്ള പരിവര്‍ത്തനപ്രതീക്ഷയില്‍ മങ്ങലേല്‍പ്പിക്കുന്നു എന്നത് ഖേദകരമാണ്.

ഉടല്‍ കേവലമായ ഒരു ഭൗതികാനുഭവം മാത്രമല്ല എന്നും വ്യവസ്ഥയുടെ തീവ്രമായ ചിട്ടപ്പെടുത്തലുകളിലൂടെ നിരന്തരം രൂപപ്പെട്ടുവരുന്നതാണെന്നും ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ലിംഗ പദവി ശാഠ്യങ്ങളാലും മത സംസ്ക്കാര ദേശീയതാ നിര്‍ബന്ധങ്ങളാലും ശരീരം ക്രമപെട്ടുവന്നിട്ടുണ്ട് കാലങ്ങളിലൂടെ. ആകയാല്‍ ഉടല്‍ ബഹുവിധ അധികാരപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ ഇടം തന്നെ എന്ന് വേണം മനസ്സിലാക്കാന്‍. മദ്ധ്യകാല യൂറോപ്പിന്‍റെ സൗന്ദര്യ സങ്കല്‍പങ്ങളാല്‍ പ്രേരിതമായി സ്ത്രീകള്‍ നെഞ്ചത്തണിഞ്ഞ ശ്വാസം മുട്ടിക്കുന്ന കോസറ്റുകളും ചൈനയില്‍ സുന്ദരികളായി പരിഗണിക്കപ്പെടാന്‍ പാദങ്ങള്‍ മുറുക്കിക്കെട്ടിയിരുന്നതും  ഈ ഉടലവസ്ഥകളുടെ കഠിന ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ ഉടല്‍ വ്യാഖ്യാനങ്ങളും ആവിഷ്ക്കാര വിലക്കുകളും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും പൊളിച്ചെഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. മാറു മറയ്ക്കാന്‍ റൗക്ക ഇടാന്‍ അനുവാദം കിട്ടിയിട്ടും അതിന്‍മേല്‍ ‘മേല്‍ജാതി’ നായര്‍ സ്ത്രീകളെ പോലെ മേല്‍മുണ്ടിടാന്‍ ചാന്നാര്‍ സ്ത്രീകള്‍ ലഹള നടത്തിയ ചരിത്രം കേരളത്തിലുണ്ട്. 1960കളില്‍ സ്ത്രീവാദത്തിന്‍റെ രണ്ടാം തരംഗ കാലത്ത് ശരീരം ആണധികാരപ്രയോഗങ്ങളുടെ ഇരയിടങ്ങളാവുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ പുറത്തു വരികയുണ്ടായി. സ്തനങ്ങളുടെ ഉത്തമ സൗന്ദര്യസംരക്ഷണത്തിനുതകുന്നതായി പ്രചരിപ്പിക്കപ്പെട്ട ബ്രാ കത്തിച്ചുകൊണ്ട് (ചവറു കൊട്ടയിലേക്ക് നിക്ഷേപിക്കുകയാണ് വാസ്തവത്തില്‍ നടന്നത്) 1968 ല്‍ ന്യൂ ജേസിയില്‍ നടന്ന സൗന്ദര്യ മത്സരത്തിനെതിരെ സ്ത്രീവാദികള്‍ പ്രതിഷേധിച്ചത് ചരിത്രം സൃഷ്ടിച്ചു. ക്വിയര്‍ രാഷ്ട്രീയത്തിന്‍റെ മുന്നേറ്റങ്ങള്‍ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് ആക്കം കൂട്ടി. സ്ഥായിയായ ശരീരഘടന എന്നതിനപ്പുറം പ്രബല പ്രാമാണിത്വങ്ങളുടേയും മാനകഭാവനകളുടേയും അധികാരപ്രയോഗനിലം എന്ന അര്‍ത്ഥത്തില്‍ ഉടല്‍ മനസ്സിലാക്കപ്പെടുമ്പോള്‍ മാത്രമേ പ്രതിരോധ സാധ്യതകളും ഉയര്‍ന്നുവരികയുള്ളൂ. ‘ഉടല്‍’ എന്ന വിഷയം കൈകാര്യം ചെയ്യുന്ന അനു കുര്യാക്കോസ് അതിഥിപത്രാധിയായ ഈ ലക്കം സംഘടിത ഇത്തരം ആലോചനകളുടെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0