ഉടല്‍ ഒരു രാഷ്ട്രീയമാണ്. സമകാലിക സമൂഹത്തില്‍ ഉടലിനെക്കുറിച്ചുള്ള അക്കാദമികവും അല്ലാത്തവയുമായ ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സംഘടിതയുടെ ജൂലൈ 2022 ലക്കം ‘പെണ്ണുടല്‍’ എന്ന വ്യവഹാരത്തെയാണ് വിഷയമാക്കിയിരിക്കുന്നത്. ‘പെണ്ണുടല്‍’ എന്ന സംജ്ഞയെ വിമര്‍ശനവിധേയമായി പരിശോധിച്ചാലെ ഈ ലക്കത്തിലെ ലേഖനങ്ങളെക്കുറിച്ചു സംസാരിക്കാനാവൂ.
കാലാകാലങ്ങളായുള്ള സ്ത്രീവാദ ചിന്താധാരകളെ പൊളിച്ചെഴുതിക്കൊണ്ടാണ് അക്കാദമിക രംഗത്ത് ലിംഗപദവി ഗവേഷകര്‍ ഉടലിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ‘പെണ്ണുടല്‍’ എന്നത് ‘പെണ്ണിന്‍റെ ഉടല്‍ എന്ന് വിഗ്രഹിച്ചാല്‍, എന്താണ് പെണ്ണത്തം? ആരാണ് പെണ്ണ്? എന്നിങ്ങനെ നിരവധി അനുബന്ധചോദ്യങ്ങളും കടന്നു വരും. പെണ്ണുടല്‍ എന്നത് കേവലം ജന്മനാ പെണ്ണിന്‍റെ സ്വഭാവഗുണങ്ങള്‍ (ക്രോമോസോമുകളാല്‍) പേറിയ ഉടലുകള്‍ മാത്രമല്ല, മറിച്ചു പെണ്ണത്തം എന്നതിനെ ഒരു പ്രകടനത്തിന്‍റെ തലത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ആണിന്‍റെ ഉടലും, അയഞ്ഞ ലിംഗപദവി (ജന്‍റര്‍ ഫ്ലൂയിഡ്) ആയിട്ടുള്ള ഉടലും, ഈ ലക്കത്തില്‍ വ്യവഹാരത്തിന്‍റെ ഭാഗമാവുന്നു. അംഗപരിമിതി, സ്വവര്‍ഗാനുരാഗം, ദളിത് എന്നിങ്ങനെ മറ്റ് ഇന്‍റര്‍സെക്ഷനല്‍ വിഷയങ്ങളാല്‍ സങ്കീര്‍ണ്ണമാക്കപ്പെട്ടിരിക്കുന്ന, സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടിരിക്കുന്ന പെണ്ണുടലുകളും ഈ ചര്‍ച്ചയുടെ ഭാഗമാണ്.
പെണ്ണുടലിനു അടിച്ചമര്‍ത്തപ്പെടലിന്‍റെ രാഷ്ട്രീയം പറയാനുണ്ട്. ‘പെണ്മ’ ഉടലില്‍ പേറുന്നത് കൊണ്ട് തന്നെ ഇരിപ്പിലും നടപ്പിലും കിടപ്പിലും കഴിക്കുന്ന ആഹാരത്തിലും വസ്ത്രധാരണത്തിലും യാത്ര ചെയ്യുന്ന സമയത്തും സുഹൃദ് ബന്ധങ്ങളിലും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വരെ നിരന്തരം വിവേചനങ്ങള്‍ക്കും സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും സദാചാര പരിശോധന നടത്തപ്പെടുന്നത് പെണ്ണുടലിന്‍റെ നഗ്നതയുടെയും ലൈംഗികതയുടെയും മേലാവും. കൊളോണിയല്‍ ചിന്താധാരയുടെ സൃഷ്ടിയായ സദാചാരം, മേല്‍സൂചിപ്പിച്ച എല്ലാ മേഖലകളിലും സ്ത്രീകളുടെ ഉടലുകളെയും തൃഷ്ണകളെയും ‘മറച്ചുവെയ്ക്കേണ്ടത്,’ ‘നിശബ്ദമാക്കേണ്ടത്’ എന്നിങ്ങനെ നിരവധി ‘അരുതു’കളാല്‍ നിയന്ത്രിക്കാന്‍ ശ്രമിയ്ക്കുന്നു. മതം എന്നത് അത്തരത്തിലുള്ള ഒരു സാമൂഹിക നിര്‍മ്മിതിയാണ്. എല്ലാ മതങ്ങളിലുമുണ്ട് സ്ത്രീശരീരത്തിന്‍റെ ജൈവികമായ പ്രത്യേകതകളെ മുന്‍നിര്‍ത്തിയുള്ള നിയന്ത്രണങ്ങള്‍. അവ ആചാരങ്ങളിലുള്ള നിയന്ത്രണങ്ങള്‍ മുതല്‍ വസ്ത്രസ്വാതന്ത്ര്യത്തിലും കുഞ്ഞുങ്ങളെ പ്രസവിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനമെടുക്കുന്നതിലും വരെ സ്വാധീനം ചെലുത്തുന്നതായിക്കാണാം. ഇവയോടൊക്കെയുള്ള നിരന്തര കലഹങ്ങളിലൂടെയാണ് സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നു വന്നിരിയ്ക്കുന്നത്.
സമകാലിക ഇന്ത്യന്‍ സ്ത്രീവാദ സംവാദങ്ങളില്‍ ഉടല്‍ ഒരു പ്രധാനവിഷയമായി കടന്നു വരുന്നു. സ്ത്രീ ശരീരത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒരിക്കലും വിരാമമുണ്ടാവില്ല. ‘മാറ് മറയ്ക്കല്‍’ പ്രക്ഷോഭം നടത്തിയ കാലഘട്ടത്തെയും ബുര്‍ഖ ധരിച്ചു ക്ലാസ്സില്‍ കയറാന്‍ സമരം നടത്തിയ കാലഘട്ടത്തെയും പ്രത്യേകം സ്മരിക്കുമല്ലോ. സിനിമ പ്രവര്‍ത്തകരായ ഒരു കൂട്ടം സ്ത്രീകള്‍ ‘ഞങ്ങള്‍ക്കും കാലുകളുണ്ട്’ എന്ന മുന്നേറ്റവുമായി വന്നതും സമീപകാലത്താണ്. ‘അവള്‍ക്കൊപ്പവും’ ‘മീ ടൂ’ കാമ്പയിനുമടക്കം പല സ്ത്രീവാദ സമരങ്ങളും ശ്രമിയ്ക്കുന്നത് പെണ്ണുടലുകളുടെ ആത്യന്തികമായ സ്വാതന്ത്ര്യപ്രഖ്യാപനത്തിനാണ്.
പെണ്ണുടലുകളോടൊപ്പം തന്നെ പെണ്മ പ്രദര്‍ശിപ്പിക്കുന്ന ഉടലുകളും നിരന്തരമായ സാമൂഹികവിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നതായി കാണാം. മറ്റു ലിംഗതന്‍മയിലുള്ളവരോട്, ‘പെണ്ണിനെപ്പോലെ കരയുന്നോ,’ ‘പെണ്ണിനെപ്പോലെ നടക്കുന്നോ,’ ‘പെണ്‍ ശബ്ദം,’ ‘പെണ്ണിന്‍റെ ജോലി’ എന്നിങ്ങനെയുള്ള പരിഹാസങ്ങള്‍ ബലഹീനതയുടെ ബിംബങ്ങളായാണ് സമൂഹം അവതരിപ്പിക്കുന്നത്. അത് വഴി പെണ്ണുടലുകളും പെണ്മയും ‘അബല’ എന്ന് മുദ്രകുത്തപ്പെടുന്നു. എന്നാല്‍, കൗതുകകരമായ മറ്റൊരു വസ്തുത ഇതേ പെണ്മ തന്നെ അമ്മയായായും ദേവിയെയും വാഴ്ത്തപ്പെടുന്നു എന്നുള്ളതാണ്. പൊതുവിടത്തില്‍ ഒരാള്‍ തനിക്ക് രക്തബന്ധമില്ലാത്ത സ്ത്രീയോട് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നാല്‍ അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ആദ്യ ചോദ്യം ‘നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്നതാവും.’ അമ്മയും പെങ്ങളും അല്ലാത്ത സ്ത്രീകളോടും മര്യാദയോടെ പെരുമാറേണ്ടതല്ലേ എന്ന് അത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വാഴ്ത്തപ്പെടേണ്ടത്/വിമര്‍ശിക്കപ്പെടേണ്ടത്, നല്ലത്/ചീത്ത എന്നിങ്ങനെ സമൂഹനിര്‍മ്മിതിയായ ദ്വന്ദങ്ങള്‍ ആണ് ലിംഗതന്‍മയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമെന്നു നിരീക്ഷിക്കാം.
പെണ്ണുടല്‍, പെണ്ണത്തം, പെണ്മ എന്നിങ്ങനെ സെക്സ്, ജെന്‍ഡര്‍ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയിലെയും സാഹിത്യത്തിലേയും പൊതുവിടത്തിലെയും പ്രതിനിധാനങ്ങളെക്കുറിച്ചാണിവിടെ ലേഖകര്‍ സംവദിക്കാന്‍ ശ്രമിയ്ക്കുന്നത്. ഡിസെബിലിറ്റി ആക്ടിവിസ്റ്റും ഗവേഷകയുമായ ശാരദാദേവി, ഡിസേബിള്‍ഡ് പെണ്‍/ക്വീര്‍ ഉടലുകളെക്കുറിച്ചു വിശദമാക്കുമ്പോള്‍ ജയ്ന്‍സിയും സജ്നയും ദളിത് പെണ്ണുടലുകളെക്കുറിച്ചുള്ള വായനകളവതരിപ്പിയ്ക്കുന്നു. ബിഗ് ബോസ്സ് പരിപാടിയിലെ ജാസ്മിന്‍ മൂസ എന്ന പെണ്ണുടലിന്‍റെ പശ്ചാത്തലത്തില്‍ ലെസ്ബിയന്‍ സ്വത്വം പേറുന്ന ഉടലുകളെക്കുറിച്ചു ഡോ. നീതു സംസാരിക്കുമ്പോള്‍, സിനിമയിലെ ‘ഭക്ഷണം,’ ‘ഭ്രാന്ത്,’ ‘ഐറ്റം ഡാന്‍സ്’ എന്നീ ദൃശ്യബിംബങ്ങളിലൂടെ പെണ്ണുടലുകളുടെ രാഷ്ട്രീയം പരിശോധിയ്ക്കുകയാണ് ഡോ. ജിജിയും, ഡോ. ഗായത്രിയും, ഡോ. അനുപമയും, തങ്ങളുടെ ലേഖനങ്ങളില്‍. ജെന്‍ഡര്‍ അനുശീലനങ്ങളിലൂടെ ഉടല്‍ അപഹസിക്കപ്പെടുന്നതിന്‍റെ വിവിധ മാനങ്ങളാണ് മായയും അലീനയും നിരുപമയും വിഷയമാക്കിയിരിക്കുന്നത്. പെണ്ണുടലിനെക്കുറിച്ചും അവര്‍ നേരിടുന്ന സമകാലിക വസ്ത്രസദാചാരപോലീസിങ്ങിനെയും വിമര്‍ശനവിധേയമാക്കിയിരിക്കുകയാണ് ഗവേഷകയായ സുദിന. രോഗാതുരമാവുന്ന പെണ്ണുടലിന്‍റെ സാംസ്കാരിക പ്രതിനിധാനങ്ങളെക്കുറിച്ചു ശരണ്യ സംസാരിക്കുമ്പോള്‍ ‘സ്ത്രൈണ കല’ എന്ന് പരക്കെ അറിയപ്പെടുന്ന മോഹിനിയാട്ടം എന്ന കേരളീയ നൃത്തകലാരൂപത്തെ ഉടലിന്‍റെ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ് അമിത് എന്ന ഗവേഷകന്‍. പെണ്ണുടലിന്‍റെ അവകാശമായ ആര്‍ത്തവാവധിയെക്കുറിച്ചും ഒളിച്ചു വെയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍ത്തവത്തെക്കുറിച്ചും ഗവേഷകയായ റോസും ഡോ. ബാലസുന്ദരിയും തങ്ങളുടെ പഠനത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഡോ. ഇപ്ഷിത തന്‍റെ പി.എച്ച് . ഡി ഗവേഷണകാലത്ത് നടത്തിയ ഫീല്‍ഡ് പഠനത്തില്‍ നിരീക്ഷിച്ച ഷോപ്-ഫ്ളോര്‍ ജീവനക്കാരികളുടെ സൗന്ദര്യാത്മക അധ്വാനത്തെക്കുറിച്ചും അതിലൂടെ എങ്ങിനെയാണ് ‘പെണ്ണുടല്‍’ എന്ന ബിംബം വാണിജ്യവത്കരിക്കപ്പെടുന്നതെന്നും വിശദമാക്കിത്തരുന്നു. ചുരുക്കത്തില്‍, വിഭവസമൃദ്ധമാണ് സംഘടിതയുടെ ഈ ലക്കം.
‘പെണ്ണത്തം’ എന്ന വാക്കിനു പല പരിമിതികളുമുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. കാരണം, ഒരു പ്രത്യേക ഉടലിനു മാത്രമായി ആ ലിംഗതന്മ അവകാശപ്പെടാനാവില്ല. മാത്രമല്ല, അത് ദ്വന്ദത്തിലടിസ്ഥാനപെടുത്തിയ പാട്രിയാര്‍ക്കല്‍ ലിംഗ വ്യവസ്ഥിതിയുടെ ഉത്പന്നവുമാണ്. പുനര്‍വായനയില്‍ പെണ്ണത്തത്തെ നമ്മുടെ സാമൂഹിക നിര്‍മിതികളില്‍ അടിസ്ഥാനപ്പെടുത്തി ഒരു ശീലം മാത്രമായി കാണാന്‍ നമുക്ക് സാധിക്കണം. ഈ ലക്കത്തില്‍ എഴുതിയ പല ലേഖകരും പറയാന്‍ ശ്രമിച്ചിരിയ്ക്കുന്ന ഒരു കാര്യവുമാണിത്. ഒരു പ്രത്യേക ഉടലിലേയ്ക്ക് പെണ്ണത്തം ആരോപിയ്ക്കപ്പെടുമ്പോള്‍ വ്യക്തമായ ഒരു സാംസ്കാരിക രാഷ്ട്രീയം നിര്‍മിച്ചെടുക്കാനുള്ള ഒരു ശ്രമമായി അത് മാറുന്നു. ഈയര്‍ത്ഥത്തില്‍ ‘പെണ്ണുടല്‍’ എന്നാല്‍ ജന്മനാ ഒരു പ്രത്യേക ലെഃ മശൈഴി ചെയ്യപ്പെട്ട് അത് പെര്‍ഫോം ചെയ്യുന്ന സിസ്ജെന്‍ഡര്‍ ഉടലുകള്‍ മാത്രമല്ല, പെണ്ണത്തം എന്ന സാമൂഹിക നിര്‍മിതിയിലേക്ക് ഉള്‍ച്ചേരാന്‍ ശ്രമിയ്ക്കുന്ന ട്രാന്‍സ് സ്ത്രീയുടെ ഉടലുകളും തുല്യ പ്രധാന്യമര്‍ഹിക്കുന്നു. ഡിസബിലിറ്റി, ജാതി, ജെന്‍ഡര്‍ എന്നിങ്ങനെ ഉടലിനെ പ്രശ്നവത്കരിയ്ക്കുന്ന സമസ്യകളെ സിനിമ പോലുള്ള സാംസ്കാരിക മണ്ഡലങ്ങളിലെ ഉടലിന്‍റെ ബിംബകല്പനകള്‍, പൊതുവിടത്തിലെ ഉടലിന്‍റെ ദൃശ്യതയൂടെ രാഷ്ട്രീയം എന്നിവയെ വിമര്‍ശനപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഉടല്‍ ഒരു വ്യക്തിയെ പ്രശംസിയ്ക്കാനും അപഹസിയ്ക്കാനുമിടയാക്കുന്ന സാമൂഹിക പരിസരത്തിലാണ് നാം ജീവിയ്ക്കുന്നത്. അതിനാല്‍ത്തന്നെ ഈ ചര്‍ച്ചകളും പ്രാധാന്യമര്‍ഹിക്കുന്നു.
ഈ ലക്കം വായനക്കാര്‍ക്ക് മുമ്പില്‍ വയ്ക്കുമ്പോള്‍ ഒരു പരിമിതി കൂടി ചൂണ്ടിക്കാണിയ്ക്കട്ടെ. പെണ്ണുടലിനെക്കുറിച്ചുള്ള എല്ലാ വ്യവഹാരങ്ങളും ഇവിടെ ഉള്‍ക്കൊള്ളിയ്ക്കാന്‍ സാധിച്ചിട്ടില്ല. ക്വീര്‍, ട്രാന്‍സ്ജെണ്ടര്‍, ഇന്‍റര്‍സെക്സ്, ബൈസെക്ഷ്വല്‍, അസെക്ഷ്വല്‍ മുതലായ ലിംഗലൈംഗിക വ്യക്തിത്വങ്ങളവകാശപ്പെടുന്നവര്‍ ലേഖകരോ വിഷയമോ ആയി നേരിട്ട് കടന്ന് വന്നിട്ടില്ല എന്നിരിയ്ക്കിലും, ഈ ലക്കം ആ ആശയങ്ങളെക്കൂടി ചേര്‍ത്ത് നിര്‍ത്താന്‍ പരിശ്രമിച്ചിരുന്നു എന്ന് പ്രസ്താവിയ്ക്കുകയാണ്. പലവിധ അനിശ്ചിതത്വങ്ങളാല്‍ ലേഖനങ്ങള്‍ യഥാസമയം നല്‍കാന്‍ സാധിക്കാതെ പോയവരെയും നന്ദിയോടെ ഓര്‍ക്കുകയും വരും ലക്കങ്ങളില്‍ അവ ചേര്‍ക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. എല്ലാ ലേഖകര്‍ക്കും പ്രത്യേകിച്ച്, പത്രാധിപ ഡോ. ഷീബ, അജിതേച്ചി, സംഘടിതയുടെ മറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വ്യക്തിപരമായി നന്ദി പറഞ്ഞ് കൊണ്ട് ഈ ലേഖനങ്ങള്‍ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
COMMENTS