മുഖവുര- സെപ്തംബര്‍ ലക്കം

Homeമുഖവുര

മുഖവുര- സെപ്തംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

ക്രമിക്കപ്പെട്ട നടിയ്ക്ക് നീതി തേടി ‘അതിജീവിതയ്ക്കൊപ്പം’ എന്ന മുദ്രാവാഖ്യവുമായി കേരളത്തില്‍ ഉയര്‍ന്നു വന്ന മുന്നേറ്റം ഇപ്പോള്‍ സിവിക്ക് ചന്ദ്രന്‍ എന്ന ‘സാംസ്ക്കാരിക നായക’ നാല്‍ ഇരയാക്കപ്പെട്ട യുവതിയോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ പോരാളികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന സിവിക് ചന്ദ്രനെപ്പോലെയുള്ളവര്‍ പൊതുകാഴ്ചയ്ക്ക് മറവില്‍ നടത്തുന്ന ഇത്തരം ലൈംഗികാതിക്രമ പ്രവര്‍ത്തികള്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഏറെ ജനാധിപത്യ വിരുദ്ധമാക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ജാമ്യം നല്‍കാന്‍ കോടതി നിരത്തിയ ന്യായവാദങ്ങള്‍ വാസ്തവത്തില്‍ അമ്പരപ്പിക്കും വിധം പ്രതിലോമകരമായിരുന്നു. 70 പിന്നിട്ട വികലാംഗനായ ഒരു വൃദ്ധന്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ല എന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് ഇരയുടെ പ്രകോപനപരമായ വസ്ത്രങ്ങള്‍ ആയിരുന്നു അതിക്രമകാരണമെന്നും സ്ഥാപിക്കുകയും ചെയ്തുകൊണ്ടുള്ള ലജ്ജാവഹമായ ഇരട്ടമുഖ നീതീകരണ യുക്തിയാണ് കോടതിയില്‍ കേട്ടത്. നാല് ദശകങ്ങളെങ്കിലുമായി നിയമവ്യവസ്ഥയുടെ ഇത്തരം സ്ത്രീവിരുദ്ധ അന്യായ അനീതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടെങ്കിലും കോടതി വ്യവഹാരങ്ങള്‍ ഇപ്പോഴും കാലങ്ങള്‍ പുറകിലാണ്. ഇരയ്ക്ക് നീതി ലഭിക്കും വരെ ഈ സമരം തുടര്‍ന്നുകൊണ്ടേയിരിക്കും. ശക്തമായ ഐക്യദാര്‍ഡ്യം !

പുരുഷാധിപത്യത്തിന്‍റെ കുത്തൊഴുക്കിനെതിരെ സധൈര്യം നീന്തിക്കയറിയ മേരി റോയി ഓര്‍മ്മയായി. സിറിയന്‍ ക്രിസ്ത്യന്‍ സ്ത്രീകളുടെ തുല്യ സ്വത്തവകാശത്തിനു വേണ്ടി നാല് ദശകത്തോളം നീണ്ട അവരുടെ ഐതിഹാസിക പോരാട്ടം സ്ത്രീവാദ ചരിത്രത്തില്‍ ശക്തമായി അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവര്‍ നേതൃത്വം നല്‍കി നടത്തിപ്പോന്ന ‘പള്ളിക്കൂടം’ എന്ന വിദ്യാലയം വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട വഴികള്‍ തുറന്നു. ആ സമരജീവിതത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രണാമം!

അവിവാഹിതരായവരും ക്വിയര്‍ കൂട്ടു ജീവിതത്തിലുള്ളവരുമായവരുടെ ബന്ധങ്ങള്‍ കൂടി കുടുംബം എന്ന പേരില്‍ അറിയപ്പെടുമെന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. സര്‍വ്വസാധാരണമല്ല എങ്കിലും ഈ പ്രണയബന്ധങ്ങളും പരമ്പരാഗത കുടുംബ സങ്കല്പങ്ങള്‍ പോലെ യഥാര്‍ത്ഥമാണെന്നും അവയ്ക്കും കുടുംബക്ഷേമ നിയമപരിരക്ഷയും ഗുണഫലങ്ങളും ലഭ്യമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിധി ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുന്നു.

ചലച്ചിത്ര നിര്‍മ്മാണ പരിസരങ്ങള്‍ അത്യന്തം പുരുഷാധിപത്യപരമായി തുടരുമ്പോഴും പ്രഗല്‍ഭധനരായ ധാരാളം സ്ത്രീകള്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സിനിമാലോകത്തേക്ക് പെണ്‍പുതുവഴികള്‍ തുറന്നുകൊണ്ടേയിരിക്കുന്നു എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു. സംവിധാനവും ഛായാഗ്രഹണവും മാത്രമല്ല അത്രകണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന സബ്ടൈറ്റില്‍ എഴുത്തും ഗാന രചനയും സംഗീതസംവിധാനവും വസ്ത്രാലങ്കാരവും ശബ്ദം പകരലും മേക്കപ്പും ചലച്ചിത്ര വിപണനവും വരെ നടത്തുന്ന സ്ത്രീകള്‍ ഇന്ന് ചലച്ചിത്രനിര്‍മ്മാണ അണിയറകളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇതിലടങ്ങിയിട്ടുള്ള കഠിനാധ്വാനം മാത്രമല്ല വ്യവസ്ഥിതിയോടുള്ള കഠിന പോരാട്ടം കൂടി അടയാളപ്പെടുത്തുന്ന സാന്നിധ്യങ്ങള്‍ തന്നെയാണിവ. അനു പാപ്പച്ചന്‍ അതിഥിപത്രാധിപയായി ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന സെപ്തംബര്‍ ലക്കം സംഘടിത ഓണാശംസകളോടെ സമര്‍പ്പിക്കട്ടെ.

COMMENTS

COMMENT WITH EMAIL: 0