Homeപഠനം

ബി.എം. സുഹറയുടെ കൃതികളിലെ ലിംഗചിത്രീകരണം

1.1 ഭാര്യാഭര്‍തൃബന്ധം ബി.എം.സുഹ്റയുടെ കൃതികളിലെ ദാമ്പത്യബന്ധം അടിസ്ഥാനമാക്കി ലിംഗചിത്രീകരണം അപഗ്രഥിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


1.1 പൊരുത്തമുള്ള ബന്ധങ്ങള്‍
രചനകളില്‍ ചിത്രീകരിക്കപ്പെട്ട ദാമ്പത്യങ്ങളില്‍ പരസ്പരസ്നേഹത്തോടെ ജീവിക്കുന്ന ഭാര്യാ-ഭര്‍തൃബന്ധത്തെക്കുറിച്ച് ഇവിടെ അന്വേഷിക്കുന്നു.
1.1.1നോവലുകളില്‍
1.1.1.1 കിനാവ്
1.1.1.1.1 സൈതൂട്ടിഹാജി – കുഞ്ഞാമിന ആദ്യഭാര്യയുടെ മരണശേഷം മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സൈതൂട്ടിഹാജി കുഞ്ഞാമിനയെ വിവാഹം കഴിക്കുന്നത്. വളരെ നല്ല രീതിയിലാണ് അവര്‍ കഴിയുന്നത്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഭാര്യയെ പരിഗണിക്കുന്ന ഭര്‍ത്താവാണയാള്‍. വീട്ടിലെ കാരണവരത്തിയാണ് അവര്‍. അതിനുള്ള അധികാരവും അവകാശവും കുഞ്ഞാമിനയ്ക്കുണ്ട്. ഭര്‍ത്താവിന്‍റെ മക്കളെ സ്വന്തം മക്കളായിത്തന്നെ അവര്‍ പരിപാലിക്കുന്നുണ്ട് (1990: 42,43).
1.1.1.1.2 സൈനബ – ശംസുദ്ദീന്‍ കുടുംബകാര്യങ്ങളില്‍ ഭര്‍ത്താവ് നേരിട്ട് ഇടപെടാത്തതുമൂലം സൈനബയും ശംസുദ്ദീന്‍ വക്കീലും ഇടയ്ക്ക് ഉരസലുകള്‍ പതിവുണ്ടെങ്കിലും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നതിനുള്ള സൗഹൃദം ഇവര്‍ക്കിടയില്‍ ഉണ്ട്. സ്വന്തം ഇഷ്ടവും അനിഷ്ടവും ഭാര്യഭര്‍ത്താവിനോട് തുറന്നു പറയുന്നുണ്ട്. അതിനനുസരിച്ച് മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താന്‍ ഭര്‍ത്താവു ശ്രമിക്കുന്നതുകാണാം. വക്കീല്‍ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ ശംസുദ്ദീനു കഴിയുന്നില്ലെങ്കിലും വിട്ടുവീഴ്ച്ചാമനോഭാവത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കുന്നവരാണ് സൈനബയും ശംസുദ്ദീനും. അതിനുപ്രധാനകാരണം സൈനബയുടെ തുറന്നുപറച്ചിലുകളാണ്.
1.1.1.2 ഇരുട്ട്
1.1.1.2.1 മുനീറ – മുഹമ്മദ് ഇരുട്ടെന്ന നോവലില്‍ മുനീറയുടെ ഉമ്മയായയ ആമിനയാണ് മുഖ്യകഥാപാത്രം. അവര്‍ ദുരിതപൂര്‍വ്വമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അവരുടെ മകളായ മുനീറ ഭര്‍തൃവീട്ടിലും ഭര്‍ത്താവിനോടൊപ്പവും സ്നേഹത്തോടെയാണു വസിക്കുന്നത്. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ മുനീറയെ സ്വന്തം മകളായി അംഗീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. അവളുടെ ഭര്‍ത്താവാകട്ടെ അവളെ ചൊല്‍പ്പടിക്ക് നിര്‍ത്താനല്ല ശ്രമിക്കുന്നത്. അവളെ സ്വതന്ത്ര്യവ്യക്തിയായിക്കണ്ട് അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മുനീറ സമ്പന്നകുടുംബാംഗമായതിനാല്‍ സാമ്പത്തികശേഷി കുറഞ്ഞ തങ്ങളുടെ വീട്ടില്‍ അവള്‍ക്ക് യാതൊരു പ്രയാസവും നേരിടാതിരിക്കാന്‍ ഭര്‍ത്താവും വീട്ടുകാരും ശ്രദ്ധിക്കുന്നുണ്ട്. ഭര്‍തൃവീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് വിരുന്നിനുപോവുമ്പോള്‍ വരെ ഭര്‍ത്താവിനെയും കുടുംബത്തെയും പിരിയുന്നതിലുള്ള വേദന മുനീറയുടെ കണ്ണുകളില്‍ കാണാമായിരുന്നുവെന്ന് നോവലില്‍ പരാമര്‍ശിക്കുന്നുണ്ട് (1995: 111-14).
1.1.1.2.2 കദീശു – ഹസ്സനാജി ആമിനയുടെ ഉമ്മയും വാപ്പയും വളരെനല്ല ബന്ധത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് കദീശുവാണ്. ഭാര്യയുടെ ഇഷ്ടാനുസരണം എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നു ഹസ്സനാജി. ഭാര്യയെ എല്ലാ സുഖസൗകര്യങ്ങളോടെയും പോറ്റി. ചെറിയ മകന്‍ അഞ്ചാം വയസ്സില്‍ ടൈഫോയ്ഡ് ബാധിച്ച് മരിച്ചതോടെ കദീശുവിന് ആധിപിടിച്ച് അസുഖമാവുമ്പോള്‍ അവളുടെ സമാധാനത്തിനായി വലിയ വീട് വെച്ച് ആ വീട്ടില്‍നിന്നും താമസം മാറി. രോഗം വരുമ്പോഴെല്ലാം അടുത്തിരുന്ന് പരിപാലിക്കുന്നതും കാണാം. എന്നാല്‍ പിനിപിടിച്ച് ഹസ്സനാജിക്കുമുമ്പേ കദീശുമരണപ്പെട്ടു. ഭാര്യയുടെ മരണം ഹസ്സനാജിയെ ഏറെ തളര്‍ത്തി. രണ്ട് പെണ്‍മക്കളായിരുന്നിട്ടും അയാള്‍ മറ്റൊരു വിവാഹത്തിന് തയ്യാറാവുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല (1995: 38-39).
1.1.1.3 മൊഴി
1.1.1.3.1 ആയിശുമ്മ – കോയക്കുട്ടിമാഷ് ഫാത്തിമയുടെ ഉപ്പയും ഉമ്മയും നല്ല ഭാര്യഭര്‍ത്താക്കന്മാരായിരുന്നു. വീട് ഭാര്യ, മക്കള്‍ ഇതായിരുന്നു കോയക്കുട്ടിമാഷുടെ ലോകം. ഭാര്യക്കും അങ്ങനെ തന്നെ. ഭര്‍ത്താവെന്ന ബിന്ദുവിനെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ജീവിതം (1999: 66-67) മാഷുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും മക്കളുടെ താല്‍പര്യത്തിനുമനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. പരസ്പര സഹകരണത്തോടെ സന്തോഷങ്ങളും വിഷമതകളും പങ്കുവെച്ച് ജീവിക്കുന്നതായി നോവലില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട് (പു. 67).
1.1.1.4 നിഴല്‍
1.1.1.4.1 റാബിയ-അസൈനാരുകുഞ്ഞ് റാബിയ-അസൈനാരുകുഞ്ഞ് ദമ്പതികളുടെ കുടുംബജീവിതകഥയാണ് ‘നിഴല്‍’. പരസ്പരസ്നേഹത്തോടും ബഹുമാനത്തോടുംകൂടിയാണ് അവരുടെ ഭാര്യാഭര്‍തൃബന്ധം മുന്നോട്ട് പോവുന്നത്. നോവലിലുടനീളം ആ ബന്ധം സുദൃഢവുമാണ്. അസൈനാരുകുഞ്ഞിന് രാവിലെ സുബ്ഹിക്ക് കണ്ണുതുറക്കുമ്പോള്‍ ഭാര്യയുടെ ചായ നിര്‍ബന്ധമാണ്. കുളിയും നിസ്ക്കാരവും കഴിഞ്ഞിറങ്ങുന്ന റാബിയയുടെ മുഖത്ത് ഉദയസൂര്യന്‍റെ തിളക്കം അസൈനാരുകുഞ്ഞിന് അനുഭവപ്പെടാറുണ്ട്. അവളെ കണികണ്ടിറങ്ങിയാല്‍ അന്നേദിവസം ഒന്നിനും മുട്ടില്ല എന്ന് അയാള്‍ വിശ്വസിച്ചു. സമ്പന്നകുടുംബത്തിലെ അംഗമായ റാബിയയെ സ്വന്തം വീട്ടില്‍ രാജ്ഞിയായി വാഴിക്കാന്‍ തരത്തില്‍ സ്വത്ത് സമ്പാദിക്കാന്‍ അയാള്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. വിവാഹം ഒരു നറുക്കെടുപ്പാണെന്നാണ് റാബിയയുടെ പക്ഷം. ഭാഗ്യമുള്ളവര്‍ക്ക് നല്ല നറുക്ക് വീഴുന്നു മനപ്പൊരുത്തമാണ് മറ്റെന്തിനെക്കാളും പ്രധാനം എന്നാണ് അവര്‍ ചിന്തിക്കുന്നത്. ഭാര്യയെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും വിഷമിപ്പിക്കാതിരിക്കാന്‍ അസൈനാരുകുഞ്ഞ് ശ്രമിക്കുന്നുണ്ട്. വീട്ടില്‍ സ്ത്രീ ചെയ്യുന്ന ഉത്തരവാദിത്വത്തിന് എപ്പോഴും വിലകല്‍പ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. ഭര്‍ത്താവ് കൊണ്ടുവരുന്ന പണം എണ്ണിതിട്ടപ്പെടുത്തി സൂക്ഷിക്കുന്നതും അവരാണ് (2012 : 26).
1.1.1.4.2 സീനത്തും – അസീസും റാബിയയുടെയും അസൈനാര് കുഞ്ഞിന്‍റെയും മകനും മരുമകനുമാണ് അസീസും സീനത്തും. തന്‍റെ സ്വപ്നങ്ങള്‍ക്കനുസരിച്ച് കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന സീനത്ത് വിവാഹശേഷം വീടുമാറി താമസിക്കുകയാണ് ചെയ്യുന്നത്. സീനത്തും അസീസും മാതൃകാദമ്പതികളായിത്തന്നെ ജീവിക്കുന്നതായി നോവലില്‍ പരാമര്‍ശിക്കുന്നുണ്ട് (110-113).
1.1.1.4.3 റംലത്ത് – ഷാഹുല്‍
നോവലിലെ തന്നിഷ്ടക്കാരിയും എടുത്തുചാട്ടക്കാരിയുമായ കഥാപാത്രമാണ് റംലത്ത്. ഷാഹുലിന്‍റെ ഭാര്യ. റംലത്തും ഷാഹുലും തമ്മില്‍ സ്നേഹത്തോടെയാണ് ജീവിക്കാന്‍ ശ്രമിക്കുന്നത്. ‘നേരോം കാലോം നോക്കാതെ വായില്‍ വരുന്നത് വിളിച്ചുപറയുന്ന സ്വഭാവമാണ് ഷാഹുലിനുള്ളത്. എന്നാല്‍ റംലത്ത് തെളിച്ച വഴിയേ നടക്കുന്ന കുഞ്ഞാടാണ് ഷാഹുല്‍. എടുത്തപടി ചീത്തവിളിക്കുകയും കലികയറുമ്പോള്‍ തല്ലുകയും ഒക്കെ ചെയ്യുമെങ്കിലും റംലത്തിന് ഷാഹുലിനോട് മനസ്സുനിറയെ സ്നേഹമാണ്. കടിഞ്ഞാണ്‍ എവിടെ അയയ്ക്കണം എവിടെ മുറുക്കണം എന്നൊന്നും അവളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. ഭര്‍ത്താവിനെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിവുള്ളവളും തന്‍റേടിയുമാണ് റംലത്ത്. ഭര്‍ത്താവിനെ പാട്ടിലാക്കി ആവശ്യങ്ങള്‍ ഓരോന്നായി നിറവേറ്റാന്‍ റംലത്തിന് സാധിക്കുന്നുണ്ട്. അവര്‍ ഒത്തൊരുമയോടെ ജീവിക്കുന്നതായാണു നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത് (പു: 107).
1.1.1.5 പ്രകാശത്തിനുമേല്‍ പ്രകാശം പ്രകാശത്തിനുമേല്‍ പ്രകാശം എന്ന നോവലിലും പൊരുത്തമുള്ള ദാമ്പത്യജീവിതം നയിക്കുന്നവരെ കാണാം.
1.1.1.5.1 റസീന-റസാഖ് നോവലിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് റസീനയും റസാഖും. എല്ലാറ്റിനും ഭര്‍ത്താവിന് ഭാര്യവേണം. സ്വന്തമായിട്ടൊന്നിനും ശ്രമിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്യാത്ത ഭര്‍ത്താവാണ് റസാഖ്. എന്നാലും സ്നേഹത്തോടെ കുടുംബജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. കല്ല്യാണത്തിന്‍റെ ആദ്യനാളുകളില്‍ ഏറെ ബഹളക്കാരനായിരുന്ന റസാഖിന്‍റെ പ്രവര്‍ത്തികള്‍ റസീന പിന്നീട് ആസ്വദിച്ച് തുടങ്ങുകയായിരുന്നു. റസാഖിന്‍റെ അല്‍പനേരത്തെ മൗനംപോലും പിന്നീട് റസീനക്ക് അസ്വസ്ഥതയാണ് ഉളവാക്കുന്നത്. റസാഖാവട്ടെ ഭാര്യയുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കാനും ശ്രമിച്ചുകൊണ്ടേ ഇരുന്നു. പരസ്പരസഹവര്‍ത്തിത്വത്തോടെയുള്ള ഭാര്യഭര്‍തൃബന്ധമാണ് ഇവര്‍ക്കിടയില്‍ കാണാന്‍ കഴിയുന്നത് (2012: 50-51).
1.1.1.5.2 റുബീന-റയീസ് നോവലിലെ മറ്റ് കഥാപാത്രങ്ങളാണ് റുബീനയും റയീസും. പുതിയ തലമുറയിലെ ഏറ്റവും ഇളയ ദമ്പതികള്‍. ഇഷ്ടാനുസരണം ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് രണ്ടുപേരും. അവര്‍ക്ക് ജീവിതത്തില്‍ അവരവരുടെതായ താല്‍പര്യങ്ങള്‍ ഉണ്ട്. രണ്ടുപേരും പരസ്പരം അതിനുവേണ്ടി കലഹിക്കാനോ പരിഭവിക്കാനോ നില്‍ക്കുന്നില്ല. പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. റയീസിന്‍റെ വീട്ടിലെ ചിട്ടകളോട് പൊരുത്തപ്പെടാന്‍ റൂബീനയ്ക്ക് വലിയ പ്രയാസമായിരുന്നു. സ്വന്തം വീട്ടില്‍ അടുക്കും ചിട്ടയുമില്ലാതെ വളര്‍ന്നവര്‍. ഭര്‍ത്താവിന്‍റെ വീട്ടിലാണെങ്കില്‍ എല്ലാറ്റിനും സമയം നോക്കിയുള്ള ചിട്ടവട്ടങ്ങളായിരുന്നു എന്നാലും പരസ്പരം മനസ്സിലാക്കി അവര്‍ ഒത്തൊരുമയോടെ ജീവിക്കുന്നു (2012: 133).
1.1.1.5.3 സത്താര്‍-സമീറ സത്താറും സമീറയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വിദേശത്ത് ജോലിചെയ്തു ജീവിക്കുന്നവരുമാണ്. ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിര്‍വാക്കില്ല സമീറയ്ക്ക്. എഞ്ചിനീയറിങ്ങ് പാസ്സായവളാണ് സമീറയും. പരസ്പരം മനസ്സിലാക്കി കുടുംബജീവിതത്തിലും ധാരണയോടെ സഹകരിച്ച് ജീവിക്കുന്നു. മക്കള്‍ക്കുവേണ്ടി ജോലി വേണ്ടെന്ന് വെച്ച് ജീവിക്കുകയാണ് സമീറ. ഭാര്യ ഭര്‍ത്താവിനും ഇടയില്‍ രഹസ്യങ്ങള്‍ ഒന്നുംതന്നെ ഇല്ല (പു. 157-63).
1.1.1.5.4 റോഷിന-റഫീഖ് റോഷിനയും റഫീഖും തിരക്കുപിടിച്ച ജീവിതത്തിനിടയിലും പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ കുട്ടികളെ പ്രസവിച്ച് അതിനായി ജോലി ഉപേക്ഷിച്ച് സാധാരണ വീട്ടമ്മയായി ജീവിക്കാന്‍ റോഷിന ഇഷ്ടപ്പെടുന്നില്ല. തന്‍റെ കരിയര്‍ അവള്‍ക്ക് മുഖ്യമാണ്. ‘റഫീഖിന്‍റെ ആഗ്രഹംപോലെ അയാളുടെ കുട്ടികളെ പ്രസവിച്ച് നല്ലൊരു വീട്ടമ്മയെന്ന ലേബലിനുവേണ്ടി ഇപ്പോള്‍ മനസ്സ് ഒരുങ്ങിയിട്ടില്ല. കുട്ടികള്‍ വേണ്ടന്നല്ല, ആലോചിച്ച് സാവകാശം പോരെ? എന്ന പ്രതികരണം ഭര്‍ത്താവായ റഫീഖിന് അസ്വസ്ഥയും അമ്പരപ്പും ഉളവാക്കിയതായി നോവലില്‍ പരാമര്‍ശിക്കുന്നുണ്ട് (2012: 173). എങ്കിലും പരമാവധി വീട്ടുവീഴ്ച്ചാമനോഭാവത്തോടെ അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതായി കാണാം. മാത്രമല്ല, അവരുടെ വിവാഹവും അവരാണ് തീരുമാനിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബന്ധം പിന്നീട് വിവാഹത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
1.1.1.5.5 റുക്സാന – ഷിഹാബ് രണ്ട് ദേശത്ത് ജീവിച്ച് രണ്ട് സംസ്ക്കാരത്തോടൊപ്പം വളര്‍ന്നവരാണ് റുക്സാനയും ഷിഹാബും. പരസ്പരം അറിഞ്ഞ് ഇഷ്ട്ടപ്പെട്ട് മനസ്സിലാക്കിയാണ് അവര് ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഭാഷയിലും വേഷത്തിലുമൊന്നുമല്ല കാര്യം മനപ്പൊരുത്തമുണ്ടാകണം എന്നവര്‍ വിശ്വസിച്ചു (2012: 270). മനസ്സുകൊണ്ട് യോജിച്ച് ഒന്നായി അവര്‍ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
1.1.1.5.6 സാറ – അബ്ദുള്ള അവിചാരിതമായി അബ്ദുള്ളയ്ക്ക് ക്രിസ്ത്യാനിയായ സാറയെ പരിചയപ്പെടേണ്ടിവരികയാണ്. ആ ബന്ധം വിവാഹത്തിലേക്കെത്തിച്ചേരുന്നു. അന്യമതക്കാരിയാണെങ്കിലും ഒന്നിനും ഭാര്യയെ നിര്‍ബന്ധിക്കുന്ന പ്രകൃതക്കാരനല്ല അബ്ദുള്ള സാറ സ്വന്തം ഇഷ്ടപ്രകാരം മതംമാറി അബ്ദുള്ളക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതായി കാണാം. സാറയ്ക്ക് അബ്ദുള്ള ഭര്‍ത്താവും തന്‍റെ രക്ഷകനുമായിരുന്നുവെന്ന് നോവലില്‍ പ്രതിപാദിക്കുന്നുണ്ട് (2012: 173-76).
1.1.2 ചെറുകഥകളില്‍
1.1.2.1 നരകവാതിലുകള്‍
1.1.2.1.1 സാബിറ – ഹുസൈന്‍കുട്ടി സാബിറ എന്ന മാനസികരോഗിയായ പെണ്‍കുട്ടിയുടെ കഥയാണ് നരകവാതിലുകള്‍. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒറ്റമോളാണ് സാബിറ. ഹുസൈന്‍കുട്ടിയുടെ ഭാര്യയാവുന്നതോടെ മകളുടെ മാനസികപ്രയാസങ്ങള്‍ സുഖപ്പെടുമെന്ന് വിശ്വസിച്ച മാതാപിതാക്കള്‍ക്ക് തെറ്റുപറ്റുന്നു. സ്വപ്നങ്ങളോടെ ആദ്യരാത്രി കിടപ്പറയിലേക്ക് കടന്നുചെന്ന ഹുസൈന് ഭാര്യയില്‍നിന്നും നല്ല പ്രതികരണമല്ല ലഭിക്കുന്നത്. എന്നാലും ഹുസൈന്‍കുട്ടിക്ക് സാബിറയോടും സാബിറയ്ക്ക് ഹുസൈന്‍കുട്ടിയോടും ഇഷ്ടമാണ്. രണ്ടുപേര്‍ക്കും പരസ്പരം പിരിയാന്‍ ഇഷ്ടമില്ല. എന്നാല്‍ അവളുടെ രോഗത്തിനുമുമ്പില്‍ രണ്ടുപേരും നിസ്സഹായരാവുകയാണ്. അവളെ ആശുപത്രിയില്‍പോയി കാണാനും സമാശ്വസിപ്പിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി അയാള്‍ക്ക് അവളെ മൊഴിചൊല്ലേണ്ടിവരികയാണ്.
‘മൂപ്പരിക്ക് ഇന്നോടിഷ്ടക്കേടൊന്നുമില്ല അല്ലേമ്മാ? ഓര് ഇന്നെവിട്ട് എങ്ങട്ടും പോവൂലാ…..?’ എന്ന് സാബിറ പറയുമ്പോള്‍ ഏറെ വിഷമത്തോടെ ലക്ഷ്യം തെറ്റിയ അമ്പു കണക്കെ എങ്ങോട്ടോ പാഞ്ഞുപോവുകയാണ് ഹുസൈന്‍കുട്ടി (2014 : 118).
1.1.2.2 അദൃശ്യങ്ങളെ അറിയുന്നവന്‍ ഉമ്മയില്ലാതെ വളര്‍ന്ന കുട്ടിയായതിനാല്‍ പേരമകളെ പെണ്‍കുട്ടികളില്ലാത്ത വീട്ടിലേക്ക് കല്ല്യാണം കഴിപ്പിച്ചയക്കുകയാണ് വല്ല്യുപ്പ ചെയ്യുന്നത് (ഉമ്മയുടെ ഉപ്പ). തന്‍റെ മകളെ സ്വന്തം മകളായി കരുതി നോക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവിനെയും കുടുംബത്തെയും ഏല്‍പ്പിക്കുകയാണ് അയാള്‍. അതുകൊണ്ടുതന്നെ ഭാര്യയെ എല്ലാനിലക്കും മനസ്സറിഞ്ഞ് സ്നേഹിക്കാനും പരിഗണനകള്‍ നല്‍കി കൂടെച്ചേര്‍ക്കാനും അയാള്‍ ശ്രമിക്കുന്നുണ്ട്. രണ്ടുപേരും പരസ്പര ഇഷ്ടത്തോടും കരുതലോടും കൂടിയാണ് കുടുംബത്തില്‍ കഴിയുന്നത് (പു: 166).
1.1.2.3 പാവം അതൃമാന്‍കുട്ടി
1.1.2.3.1 കുഞ്ഞിബീവി – അതൃമാന്‍കുട്ടി കാലഘട്ടം മോശമായതുകൊണ്ട് ഭാര്യയെയും മക്കളെയും കരുതലോടെ സംരക്ഷിക്കുന്ന ഭര്‍ത്താവാണ് പാവം അതൃമാന്‍കുട്ടി എന്ന കഥയിലുള്ളത്. രാത്രിയും പകലുമെന്നില്ലാതെ തന്‍റെ കുടുംബത്തിന് തണലൊരുക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു (പു: 241).
1.1.3 അനുഭവക്കുറിപ്പുകള്‍ അനുഭവക്കുറിപ്പുകളില്‍ ഭാര്യാഭര്‍തൃബന്ധ ചിത്രീകരണം ഇല്ല.
1.1.4 ലേഖനസമാഹാരത്തില്‍ ലേഖനസമാഹാരത്തിലും ഭാര്യാഭര്‍തൃബന്ധ ചിത്രീകരണം ഇല്ല.
1.1.2 സംഘര്‍ഷഭരിതമായ ഭാര്യാഭര്‍തൃബന്ധങ്ങള്‍ ബി.എം.സുഹറയുടെ കൃതികളിലെ സംഘര്‍ഷഭരിതമായ ഭാര്യാഭര്‍തൃബന്ധങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
1.1.2.1 നോവലുകളില്‍
1.1.2.1.1 കിനാവ്
1.1.2.1.1.1 ബീപാത്തുഹജ്ജുമ്മ – ആലിക്കുട്ടിഹാജി പത്ത് കുട്ടികളുടെ ഉമ്മയായ ബീപാത്തു ഹജ്ജുമ്മയുടെ ജീവിത സുഖദുഃഖങ്ങളാണ് ബി.എം. സുഹറയുടെ ആദ്യനോവലായ കിനാവിലെ പ്രമേയം. രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് പ്രധാനമായും ഉള്ളത്. രണ്ടുപേരും വ്യത്യസ്ത തലമുറകളില്‍പ്പെട്ടവര്‍ തലമുറകള്‍ തമ്മിലുള്ള വ്യത്യാസം അവര്‍ക്കിടയില്‍ ഉണ്ട്. ഉള്ളൂര്‍ക്കര ഗ്രാമത്തെ മുഴുവന്‍ വിറപ്പിച്ച ആളാണു ബീപാത്തുവിന്‍റെ ബാപ്പ സൈതൂട്ടിഹാജി. ഭര്‍ത്താവ് ആലിക്കുട്ടി ഹാജി. രണ്ടുപേരുടേയും കൂട്ടുകാര്‍ അവര്‍ക്കിടയില്‍ ശത്രുതയുണ്ടാക്കി. ഫലം അനുഭവിച്ചത് ബീപാത്തു ഹജ്ജുമ്മയായിരുന്നു. പിടിവാശിക്കുമുമ്പില്‍ താഴ്ന്നു കൊടുക്കാന്‍ തയ്യാറാവാത്ത ആളാണു ഭര്‍ത്താവ്. സ്നേഹബന്ധങ്ങള്‍ക്കു വിലകല്‍പിച്ചിരുന്ന അവര്‍ക്ക് ആരുടെ പക്ഷത്തുനില്‍ക്കാനും സാധിക്കാതെ പ്രശ്നങ്ങള്‍ക്കിടയില്‍കിടന്ന് വീര്‍പ്പ്മുട്ടേണ്ടിവന്നു. ജീവിതത്തിന്‍റെ പാതിവഴിയില്‍ മാനസികപ്രയാസങ്ങള്‍ അവരെ നിത്യരോഗിയാക്കി മാറ്റി.
‘ഓക്ക് ബാപ്പയും ആങ്ങളയുമല്ലേ എന്നേക്കാള്‍ വലുത്. ഓല്തന്നെ അവളെ പോറ്റട്ടെ! ‘ബീപാത്തുവിന്‍റെ തോരാത്ത കണ്ണീരിന് ഈ വാക്കുകള്‍ മാറ്റാന്‍ ഒരിക്കലും സാധിച്ചില്ല. ആലിക്കുട്ടിഹാജി മരിക്കുന്നതുവരെ സാഹസികനും തന്‍റേടിയുമായി തന്നെ ജീവിച്ചു (1990: 41). ഭര്‍ത്താവ് ആലിക്കുട്ടിഹാജിയുടെ തന്‍പോരിമകൊണ്ട് ബിപാത്തു ഹജ്ജുമ്മയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. അവശനായിരുന്നെങ്കിലും ‘ശുജായിത്തര’ത്തിന് കുറവുണ്ടായിരുന്നില്ല. ഭാര്യ പറയുന്നത് കേട്ടുനടക്കരുത്, അത് ആണത്തമില്ലായ്മയാണ് എന്നയാള്‍ വിശ്വസിച്ചു (1990: 72). ഭാര്യ പറയുന്നതിനെതിരു ചെയ്യണം എന്നായിരുന്നു മൂപ്പരുടെ സിദ്ധാന്തം. ഭാര്യ പറയുന്നത് കേട്ട് നടക്കുന്നതുകൊണ്ട് ചിലര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഉദാഹരണസഹിതം വിവരിക്കാനും അദ്ദേഹം മടിച്ചില്ല (1990: 72). എന്നാല്‍ ഭാര്യപറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ ദുരിതങ്ങള്‍ ഉണ്ടാവുമായിരുന്നില്ല എന്ന് പറയാന്‍ തോന്നാറുണ്ടെങ്കിലും പേടിച്ചിട്ട് പറയാറില്ല. പുരുഷന്‍റെ അധീനതയില്‍മാത്രം ജീവിക്കേണ്ടവളാണുസ്ത്രീ എന്ന് അയാള്‍ വിശ്വസിച്ചു. സ്വന്തം ഭാര്യയെ മനസ്സിലാക്കാനോ അവരുടെ സ്നേഹം തിരിച്ചറിയാനോ അയാള്‍ക്ക് സാധിക്കുന്നില്ല. അവസാനസമയത്ത് ഭാര്യമാത്രമാണ് അയാള്‍ക്ക് കൂട്ടായിട്ടുണ്ടാവുന്നത്.
1.1.2.1.1.2 കരീം – ശാഹിദ ബീപാത്തു ഹജ്ജുമ്മയുടെയും ആലിക്കുട്ടി ഹാജിയുടെയും മൂത്തമകന്‍ കരീമും ശാഹിദയും തമ്മില്‍ ഇണക്കമുള്ള ദാമ്പത്യജീവിതമല്ല നയിച്ചിരുന്നത്. സമ്പന്ന തറവാട്ടിലെ ഒറ്റമോളായി പിറന്നതിനാല്‍ ആരെയും കൂസാതെയുള്ള പെരുമാറ്റവും പ്രകൃതവുമായിരുന്നു അവള്‍ക്ക്. കരീമിനെ വരച്ചവരയില്‍ നിര്‍ത്തുകയും കല്ല്യാണത്തോടെ വീട് മാറി പട്ടണത്തിലേക്ക് താമസം മാറ്റുകയും ചെയ്യുന്നുണ്ട്. കരീമിന്‍റെ വീട്ടുകാരോട് അവള്‍ക്കു പുച്ഛമായിരുന്നു. ആദ്യമാദ്യം ഭാര്യയുടെ താളത്തിനൊത്തു തുള്ളിയ കരീമിന് പിന്നീട് അതില്‍നിന്നും മുക്തനാവാന്‍ സാധിച്ചില്ല. ഭാര്യയുടെ ആഗ്രഹത്തിനൊത്തു തുള്ളുന്ന വ്യക്തിയായി കരീം മാറുകയാണ്. കരീം അസുഖബാധിതനായിരിക്കുമ്പോള്‍പ്പോേലും ഭാര്യയ്ക്കു ശുശ്രൂഷിക്കാന്‍ സമയമില്ല എന്നു കാണാം (1990: 76, 82), സംസ്ക്കാരമില്ലാത്ത നാട്ടില്‍ പുറത്തുകാരാണ് കരീമിന്‍റെ വീട്ടുകാര്‍ എന്നാണ് ശാഹിദയുടെ പക്ഷം. കുടുംബമായും കരീമുമായും ഒരു ഘട്ടത്തിലും ഒരുമിച്ചുപോവാന്‍ ശാഹിദയ്ക്കു കഴിയുന്നില്ല.
1.1.2.1.2 ഇരുട്ട്
1.1.2.1.2.1 ആമിന – ജമാല്‍ ഭര്‍ത്താവിന്‍റെ ദുസ്സ്വഭാവത്തില്‍ മനംനൊന്ത് ജീവിതം ഇരുട്ടിലായിത്തീരുന്ന ആമിനയുടെ കഥയാണ് ഇരുട്ട്. പരസ്ത്രീബന്ധവും ലഹരിയുടെ ഉപയോഗവും മൂലം ഭാര്യയില്‍നിന്നും അകലുന്ന ജമാലിനെ ആമിന ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പലതരത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും അയാള്‍ക്കു മാറാന്‍ സാധിക്കുന്നില്ല. വളരെ പരുഷമായ തരത്തിലാണ് ജമാല്‍ ആമിനയോടു പെരുമാറുന്നത്. വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ യാത്രകളും അവളോടൊന്നിച്ചുള്ള സല്ലാപവേളകളും ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിനു ക്രമേണ യാത്രകളോ അവളോടൊന്നിച്ചു സല്ലാപവേളകളോ ഇഷ്ടമില്ലാതായിത്തീരുന്നു (1995:43) അവളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അവളെയൊന്നു കേള്‍ക്കാനോ മനസ്സിലാക്കാനോ അയാള്‍ ശ്രമിക്കുന്നേയില്ല. ലഹരിക്കടിമപ്പെട്ട് ദുര്‍നടപ്പിലൂടെ ജീവിതം നയിക്കുന്ന ഭര്‍ത്താവ്. യാതനയും ഒറ്റപ്പെടലും സഹിക്കവയ്യാതെ വീടുവിട്ടിറങ്ങുകയാണ് അവള്‍. ഒരിക്കല്‍പ്പോലും ഭാര്യയുടെ മനസ്സ് കാണാന്‍ അയാള്‍ക്ക് കഴിയുന്നില്ല.
1.1.2.1.2.2 സഫിയ – കരീം ആമിനയുടെ ഇത്താത്തയായ സഫിയയുടെയും കരീമിന്‍റെയും ദാമ്പത്യബന്ധം അത്ര സുഖകരമല്ല. പണത്തിന് ആവശ്യം വരുമ്പോഴെല്ലാം അയാള്‍ ഭാര്യയെ വീട്ടിലേക്കയക്കും. അനിയത്തിയുടെ കല്ല്യാണത്തിന് സഫിയക്ക് കൊടുത്തതിലേറെ പൊന്ന് നല്‍കിയെന്നു പറഞ്ഞ് കരീം ലഹളകൂടുകയും അവള്‍ക്കുള്ളത്ര വാങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു (1995:41). സദാ അയാള്‍ അവളെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കും. ഭാര്യവീട്ടിലെ സമ്പത്തില്‍ മാത്രമായിരുന്നു അയാള്‍ക്കു താല്‍പര്യം. അതുകൊണ്ടുതന്നെ ആ ബന്ധം സംഘര്‍ഷഭരിതമായിരുന്നു.
1.1.2.1.3. മൊഴി
1.1.2.1.3.1 ഫാത്തിമ – അബ്ദുള്ള മൊഴിയെന്ന നോവലിലും പൊരുത്തക്കേടോടുകൂടിയ ഭാര്യാഭര്‍തൃ ബന്ധമാണുള്ളത്. തിരക്കുപിടിച്ച ഭര്‍ത്താവിനെ ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ടുപോവുകയാണ് ഫാത്തിമ. ഭര്‍ത്താവിനോടൊപ്പം വിദേശത്തു താമസിക്കുന്ന ഫാത്തിമ തീര്‍ത്തും വീട്ടില്‍ ഒറ്റപ്പെട്ടുപോവുകയാണ്. പണം സമ്പാദിക്കാനും ജോലിയില്‍ കയറ്റം ലഭിക്കാനുമുള്ള തത്രപ്പാടിനിടയില്‍ ഭാര്യയെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കിലും ഫാത്തിമ ഒതുക്കമുള്ള ഭാര്യയായി ജീവിക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവിന്‍റെ ഇഷ്ടാനുസരണം സ്വന്തം ജീവിതരീതികളും ശൈലികളും മാറ്റാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രാധാന്യമില്ല. കൂട്ടുകാരനാല്‍ തെറ്റിദ്ധരിക്കപ്പെട്ട് ഭര്‍ത്താവില്‍നിന്നും മൊഴിചൊല്ലിവേര്‍പിരിയുകയാണ് ഫാത്തിമ. ആബന്ധം നിലനിര്‍ത്താന്‍ വളരെയേറെ ആന്തരികസംഘര്‍ഷം സഹിച്ച് ഒറ്റപ്പെട്ടുപോയ സ്ത്രീയാണ് ഫാത്തിമ.
1.1.2.1.3.2 ഫാത്തിമ – ഷറഫ് ആദ്യഭര്‍ത്താവില്‍നിന്നും വിവാഹമോചിതയായ ഫാത്തിമക്കു ചതിയനായ ഷറഫിനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടിവരികയാണ്. അവളുടെ ശരീരത്തോടുമാത്രമായിരുന്നു അയാള്‍ക്ക് ഭ്രമം. അത് കഴിയുന്നതോടെ ഷറഫും അവളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒടുക്കം ബന്ധം വേര്‍പെടുത്തുന്ന അവസ്ഥയിലെത്തുന്നു. തന്‍റെ ശാരീരിക സുഖത്തിനുള്ള ഉപാധി മാത്രമായിട്ടാണ് അയാള്‍ ഭാര്യയെ കണ്ടിരുന്നത്. ആ ബന്ധത്തിലും അവള്‍ക്കു സ്വസ്ഥയും സുരക്ഷിതയുമാകാന്‍ കഴിയുന്നില്ല.
1.1.2.1.4 നിലാവ്
1.1.2.1.4.1 നസീമ – അബ്ദുല്‍ഖാദര്‍ വളരെ ചെറുപ്പത്തിലെ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിച്ചേരുന്ന നസീമ എന്ന നെച്ചുവിന് ഭര്‍ത്താവിന്‍റെ ഉമ്മയില്‍നിന്നും സ്നേഹവും പരിഗണനയും വേണ്ടുവോളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവിന്‍റെ ഉമ്മയുടെ മരണശേഷം തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെച്ച് ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കേണ്ടിവരികയാണ്വള്‍ക്ക്. നസീമ നച്ചുവായി ജീവിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും ഭര്‍ത്താവിന് വഴിപ്പെട്ടവളായി നസീമയായിക്കൊണ്ട് ജീവിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. (2007:14) ആഗ്രഹിക്കുന്ന പരിഗണനയോ പരിലാളനകളോ ഭര്‍ത്താവില്‍നിന്നു ലഭിക്കാത്ത നസീമ മാനസികമായി സംഘര്‍ഷത്തിലും നിരാശയിലുമാണ്.
1.1.2.1.5 ആകാശഭൂമികളുടെ താക്കോല്‍
1.1.2.1.5.1 ഐഷാത്ത – ഹൂസൈന്‍ഹാജി ഹുസ്സൈനാജിയുടെ ആദ്യഭാര്യയാണ് ഐഷാത്ത. സമ്പന്നകുടുംബാംഗമായതുകൊണ്ടുതന്നെ ഭാര്യയെ മൊഴിചൊല്ലാന്‍ ഭയപ്പെടുകയാണ് അയാള്‍. ഏകമകന്‍റെ മരണവും ഭര്‍ത്താവിന്‍റെ ദുര്‍നടപ്പും ഐഷാത്തയെ രോഗിയാക്കി മാറ്റുന്നു. കുടുംബത്തില്‍ അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്നു. ഭാര്യയൊടൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ അയാള്‍ മറ്റൊരു വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്. അവളുടെ സമ്മതമോ ഇഷ്ടമോ അയാള്‍ ചോദിക്കുന്നില്ല. രണ്ടാമതും മൂന്നാമതും വിവാഹം കഴിക്കുന്നു. ഐഷാത്ത എന്ന സ്ത്രീ ഭര്‍ത്താവുള്ളപ്പോള്‍ത്തന്നെ മാനസികവും വൈകാരികവുമായി അനാഥയും അരക്ഷിതയുമാകുന്നു.
1.1.2.1.5.2 നൂര്‍ജഹാന്‍ – ഹുസൈന്‍ ഹാജി ആദ്യഭാര്യയായ ഐഷയുടെ സമ്മതം കൂടാതെയാണ് ഹുസൈന്‍ഹാജി മകളാവാന്‍ മാത്രം പ്രായമുള്ള നൂര്‍ജഹാനെ വിവാഹം കഴിക്കുന്നത്. ആദ്യഭാര്യ രോഗി ആയിത്തീര്‍ന്നപ്പോള്‍ തന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിനുവേണ്ടി മാത്രം അയാള്‍ നൂര്‍ജഹാനെ വിവാഹം കഴിക്കുന്നു. ശരീരത്തിനോടുള്ള ഭ്രമം മാത്രമാണ് അവളെ വിവാഹം കഴിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. നൂറുവിന് ഭര്‍ത്താവെന്ന നിലയില്‍ അയാളെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ അടുത്ത് വരുമ്പോള്‍ പാവ കണക്കേ മരവിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു നൂറുവിന് സാധിച്ചിരുന്നത് (2011-41). ചെറുത്തുനില്പുകളില്ലാതെ സാമുദായികാചാരങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ജീവിതംതന്നെയായിരുന്നു നൂറുവിന്‍റേതും.
1.1.2.1.5.3 റംലത്ത് – ഹുസൈന്‍ ഹാജി
ആദ്യഭാര്യയും രണ്ടാംഭാര്യയും കിടപ്പിലാവുന്നതോടെ സ്വന്തം പരിചരണത്തിനായി തന്‍റെ ബംഗ്ലാവ് ജോലിക്കാരിയായ റംലത്തിനെ അയാള്‍ വിവാഹം കഴിക്കുന്നു. കാമം ശമിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അയാള്‍ റംലത്തിനെ വിവാഹം കഴിക്കുന്നത്. റംലത്താവട്ടെ തന്‍റെ പ്രാരാബ്ധങ്ങള്‍ക്ക് അറുതിവരുത്താനാണ് ഹുസൈന്‍ഹാജിയുടെ ഭാര്യയാവുന്നത്. നയത്തില്‍ അവള്‍ തന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നുമുണ്ട്. ഭാര്യാഭര്‍തൃബന്ധം എന്നതിലുപരി പരസ്പരം ആവശ്യപൂര്‍ത്തീകരണത്തിനുള്ള ഒരു സാങ്കേതിക ഉടമ്പടി മാത്രമായിരുന്നു അവരുടെ ദാമ്പത്യം.
ഹുസൈന്‍ഹാജിയ്ക്ക് ഭാര്യമാര്‍ മൂന്മ്പേരും അയാളുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിപരീതമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ സമ്പത്തും അധികാരവും സ്വാധീനവും ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തുകയാണ് അയാള്‍ ചെയ്യുക.
1.1.2.1.6 നിഴല്‍
1.1.2.1.6.1 മുംതാസ് – ഷഹീദ് അസൈനാരുകുഞ്ഞിന്‍റെയും റാബിയയുടെയും ഒറ്റ മകളാണ് മുംതാസ്. ആവശ്യത്തില്‍ക്കൂടുതല്‍ സ്വര്‍ണ്ണവും പണവും നല്‍കിയാണ് മകളെ ഭര്‍തൃവീട്ടിലേക്കയച്ചതെങ്കിലും ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും അവള്‍ക്ക് സ്നേഹമോ പരിഗണനയോ ലഭിക്കുന്നില്ല. പകല്‍മുഴുവന്‍ വീട്ടുജോലി ചെയ്യാനുള്ള ഉപകരണമാണ് മുംതാസ്. ഭാര്യവീട്ടില്‍നിന്നും പണവും സ്വത്തും കൈക്കലാക്കാന്‍ ഭര്‍ത്താവും വീട്ടുകാരും അവളെ ഉപയോഗിക്കുന്നു. കുത്തുവാക്കുകളും അവഗണനയും സഹിച്ചു ജീവിതം തള്ളിനീക്കുകയാണ് മുംതാസ്.
1.1.2.1.6.2 നദീറ – മജീദ് നദീറയും മജീദും പൊരുത്തമുള്ള ദമ്പതിമാരായിരുന്നില്ല. നദീറയുടെ ഇഷ്ടപ്രകാരമോ സമ്മതപ്രകാരമോ അല്ലാതെ നടന്ന വിവാഹമായതുകൊണ്ടുതന്നെ ഇഷ്ടക്കേടുകള്‍ അവള്‍ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ഭര്‍ത്താവിനെ അറിയിച്ചുകൊണ്ടേ ഇരുന്നു. മജീദിനാവട്ടെ രാത്രി അനുഭവിക്കാനുള്ള ഒരു സ്വകാര്യ സ്വത്തായിരുന്നു ഭാര്യ. പകല്‍ വീട്ടുകാരും നോക്കാനുള്ള യന്ത്രവും (2012: 54) മാനസികമായി ഏറെ ദൂരമുള്ള ബന്ധമായിരുന്നു അവര്‍ക്കിടയില്‍. നദീറയെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ സാധിപ്പിച്ചെടുക്കാനുള്ള ഉപാധിയായിട്ടാണ് മജീദ് കാണുന്നത്. അവളുടെ മാനസികവും ശാരീരികവുമായ ഇഷ്ടാനിഷ്ടങ്ങള്‍ കാണാന്‍ അയാള്‍ക്കു കഴിയുന്നില്ല. അയാളതിനു ശ്രമിക്കുന്നുമില്ല. ഒരു ഘട്ടത്തില്‍ നിരപരാധിയായ നദീറയെ വീട്ടില്‍നിന്നും ഇറക്കിവിടുകവരെ ചെയ്യുന്നുണ്ട് മജീദ്. ഒരു വ്യക്തി എന്ന നിലയില്‍ തന്‍റെ നിരപരാധിത്യം ബോധ്യപ്പെടുത്താനുള്ള അവസരം പോലും അയാള്‍ അവള്‍ക്കുനല്‍കുന്നില്ല (പു:180,185).
1.1.2.1.7 പ്രകാശത്തിനുമേല്‍ പ്രകാശം
1.1.2.1.7.1 സാബിറ – ഹബീബ് വിവാഹബന്ധം വേര്‍പ്പെടുത്താതെ വേര്‍പിരിഞ്ഞ് കഴിയുന്നവരാണ് സാബിറയും ഹബീബും. ഭര്‍ത്താവിന്‍റെ ഉമ്മയുടെ നിലപാടുകൊണ്ടാണു രണ്ടുപേര്‍ക്കും വേര്‍പിരിയേണ്ടിവരുന്നത്. സാബിറ ഒറ്റയ്ക്ക് ജീവിച്ച് കാണിക്കാന്‍ ശ്രമിക്കുന്നു. ഹബീബിന്‍റെ ഓര്‍മ്മകളുമായി ഏകാന്തവാസത്തില്‍ സന്തോഷവതിയാണെന്ന് മറ്റുള്ളവരെ അറിയിച്ചുകൊണ്ടു ജീവിതം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പെണ്ണിനു ജീവിക്കാന്‍ ആണ്‍തുണ നിര്‍ബന്ധമില്ലെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അകംനീറിപ്പുകയുന്നതായി സാബിറ നോവലില്‍ പരാമര്‍ശിക്കുന്നുണ്ട് (2012:28).
1.1.2.1.7.2 സുലൈഖ – ഖാദര്‍ പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുന്ന ഖാദറും സുലൈഖയും വീട്ടില്‍ ഏകാന്തത അനുഭവിക്കുന്നു. ഒന്നിനും ഒരു കുറവുമില്ലെങ്കിലും സുലൈഖ ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഭര്‍ത്താവുമായി കലഹിച്ചുകൊണ്ടിരിക്കും. നിസ്സാരകാര്യങ്ങള്‍ക്കുപോലും പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന സുലൈഖയുടെയും ഖാദറിന്‍റെയും ദാമ്പത്യബന്ധം സുഖകരമായിരുന്നില്ല. ഖാദറിന്‍റെ സഹകരണം കൊണ്ടുമാത്രമാണ് അവര്‍ ഭാര്യഭര്‍ത്താക്കന്മാരായി തുടര്‍ന്നത് എന്ന് നോവലില്‍ കാണാം. ഖാദര്‍ പെങ്ങളെക്കുറിച്ച് പറയുന്നത് സുലൈഖയ്ക്ക് ഇഷ്ടമല്ല അതിനെചൊല്ലി എന്നും പരസ്പരം വഴക്കിടും (2012:66).
1.1.2.2 ചെറുകഥകളില്‍
1.1.2.2.1 കളിത്തത്ത
1.1.2.2.1.1 കുഞ്ഞലീമ – കുഞ്ഞാലി കേരളത്തിലെ മലയോരഗ്രാമത്തില്‍ പാവാടയും ബ്ലൗസും തലയില്‍ തട്ടവുമിട്ട് ഒരു മുസ്ലീം പെണ്‍കുട്ടിയെപ്പോലെ നടന്നിരുന്നവളാണ് കുഞ്ഞലീമ അവിചാരിതമായി പണക്കാരനായ കുഞ്ഞാലിയുടെ ഭാര്യ ആവേണ്ടിവരികയാണ്. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്തെത്തി അവിടെ കൂട്ടിലടച്ച കിളിയെപ്പോലെ സ്വാതന്ത്ര്യമില്ലാതെ ജീവിതം കഴിച്ച്കൂടേണ്ടിവരുന്നു. ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു അവള്‍ക്ക് ജീവിക്കേണ്ടിവന്നു. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും പ്രസവത്തിലും ജീവിതരീതിയിലുമെല്ലാംതന്നെ ഭര്‍ത്താവിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമാകേണ്ടിയിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കുമിടയില്‍ ഇഷ്ടക്കേടൊന്നും ഇല്ല. എന്നാല്‍ നാടിന്‍റെ സാഹചര്യത്തിനനുസരിച്ച് മാറാനാണ് അയാള്‍ അവളോട് ആവശ്യപ്പെടുന്നത്. പക്ഷെ അതിലവള്‍ക്കു യുക്തി തോന്നുന്നില്ല. അതിനാല്‍ അയാളുടെ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്തു ഭര്‍ത്താവിനെ ഉത്തരം മുട്ടിക്കുയാണവള്‍. ഭര്‍ത്താവിന്‍റെ ചിന്താഗതികളോടു യോജിച്ചു ജീവിക്കുന്നതില്‍ അവള്‍ പരാജയപ്പെട്ടുപോകുന്നത് സ്വന്തമായ വ്യക്തിത്വവും സ്വാതന്ത്ര്യബോധവും ഉള്ളതുകൊണ്ടായിരുന്നു (2014:15).
1.1.2.2.2 ആകാശഭൂമികളുടെ താക്കോല്‍
സമ്പന്നകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കഥാനായിക ഉമ്മയുടെയും ഉപ്പയുടെയും ഏകമകളായി സ്നേഹലാളനകളേറ്റു വളര്‍ന്നു. പതിനാല് വയസ്സായപ്പോഴേക്കും ഉമ്മ മരിക്കുന്നു. അതിനാല്‍ മകളെ എത്രയും പെട്ടന്ന് കല്ല്യാണം കഴിപ്പിച്ചയക്കാന്‍ ഉപ്പ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെ കുടുംബത്തിന് ചേര്‍ന്ന കുടുംബത്തില്‍നിന്നും പഠിപ്പും പത്രാസ്സുമുള്ള വ്യക്തിയുമായി മകളുടെ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്നാല്‍ അവരുടെ ജീവിതത്തിലെ സന്തോഷം അധികം നീണ്ടുനിന്നില്ല. വീട്ടിലെ വേലക്കാരി കുഞ്ഞായിശുമായി ഭര്‍ത്താവിനുള്ള അവിഹിതബന്ധം നേരില്‍ക്കാണുന്നതോടെ മാനസികരോഗിയായിത്തീരുകയാണ് അവള്‍. ആത്മാഭിമാനത്തിനു മുറിവേറ്റതോടെ ഭര്‍ത്താവിനെ സ്നേഹിക്കാനോ അയാളുമായി പൊരുത്തപ്പെട്ടുകഴിയാനോ അവള്‍ക്കു സാധിക്കുന്നില്ല (2014:46).
1.1.2.2.3 അസ്രായില്‍
1.1.2.2.3.1 ആയിശ – മുഹമ്മദ് ആയിശ എന്ന വീട്ടമ്മയുടെ കഥയാണ് അസ്രായില്‍. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി മാത്രമായി ജീവിതം മാറ്റിവെച്ചവള്‍. എന്തുചെയ്താലും പരാതികള്‍ മാത്രമാണ്. ഭാര്യയെ മനസ്സിലാക്കാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. ഒടുക്കം ഭാര്യ നിത്യരോഗിയായി തളര്‍ന്നുവീഴുമ്പോള്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ആശുപത്രിയിലും ഭാര്യക്കായി സമയം കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല. ആശുപത്രിയില്‍വെച്ച് മരണത്തിന്‍റെ മാലാഖ അവളെ സമീപിക്കുമ്പോള്‍ താന്‍ ജീവനോടെ ഇല്ലെങ്കില്‍ തന്‍റെ ഭര്‍ത്താവും മക്കളും ദുരിതത്തിലാകുമെന്ന് വിശ്വസിച്ച് മരണദൂതനായ അസ്രായില്‍നെ തിരിച്ചയക്കുകയാണ്. എന്നാല്‍ താന്‍ ഇല്ലെങ്കിലും കുടുംബത്തിലുള്ളവര്‍ക്ക് യാതൊരു പ്രയാസവുമില്ലെന്ന് അവള്‍ ക്രമേണ മനസ്സിലാക്കുന്നു (2014:63).
1.1.2.2.4 കെട്ട്യോന്‍
1.1.2.2.4.1 പാത്തുമ്മ – ഭര്‍ത്താവ് ദാരിദ്ര്യത്തിന്‍റെ നടുവില്‍ കഴിയുന്ന പാത്തുമ്മ. മഴയ്ക്കുമുമ്പ് വീട് കെട്ടിമേയാന്‍ മുതലാളിമാരുടെ കാലുപിടിക്കുകയാണ്. മഴക്കുമുമ്പ് വീടിന്‍റെ ഓല കെട്ടിമേയാന്‍ ശ്രമിക്കുന്ന പാത്തുമ്മ. ഭര്‍ത്താവ് ജീവനോടെ ഉണ്ടെങ്കിലും തിരിഞ്ഞുനോക്കുന്നില്ല. പാത്തുമ്മയ്ക്ക് സ്ത്രീധനമായി ലഭിച്ച ഇരുപത് സെന്‍റ് സ്ഥലവും ചെറ്റപ്പുരയും ഭര്‍ത്താവിന്‍റെ പേരില്‍ രെജിസ്റ്റര്‍ ചെയ്തുകൊടുക്കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് വീടുവിട്ട് പോയി. ശേഷം സ്വന്തം മകളെക്കാള്‍ പ്രായക്കുറവുള്ള പെണ്ണിനെ വിവാഹം കഴിച്ച് കുടുംബത്തിലേക്ക് കൊണ്ടുവരികയാണ്. സ്വത്തും പണവും മോഹിച്ചുമാത്രം ഭാര്യയോടൊപ്പം കഴിയുന്ന ഭര്‍ത്താവാണ് കെട്ട്യോനിലെ പാത്തുമ്മയുടെ ഭര്‍ത്താവ് (2014:82).
1.1.2.2.5 നേര്‍ച്ചക്കോഴികള്‍
1.1.2.2.5.1 സൈനബ – ഭര്‍ത്താവ്
സൈനബ എന്ന നാട്ടിന്‍പുറത്തെ സാധാരണക്കാരിയുടെ കഥയാണ് നേര്‍ച്ചക്കോഴികള്‍. ഊരും പേരുമറിയാത്ത ഒരുത്തനെക്കൊണ്ട് ഉപ്പ സൈനബയെ വിവാഹം കഴിപ്പിക്കുകയാണ്. ഉപ്പയുടെ മരണശേഷം സൈനബയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി അയാള്‍ മുങ്ങി. ഭര്‍ത്താവിനെ അന്വേഷിച്ച് സൈനബ യാത്രതിരിക്കുന്നു. യാത്രയില്‍ അയാളെ അവള്‍ കണ്ടെത്തുന്നു. ഒപ്പം മറ്റൊരു സ്ത്രീയും അയാളോടൊപ്പം ഉണ്ടായിരുന്നു (2014:92). ഭര്‍ത്താവിനാല്‍ ചതിക്കപ്പെടുകയാണ് ഇവിടെ സൈനബ.
1.1.2.2.6 സാക്ഷരത
1.1.2.2.6.1 ആമിന – മമ്മദ് മീന്‍വിറ്റു കുടുംബജീവിതം കഴിക്കുന്ന മമ്മതിന്‍റെയും ആമിനയുടെയും കഥയാണ് സാക്ഷരത. എന്നും ദാരിദ്ര്യം മാത്രമാണ് ആ കുടുംബത്തിന് കൂട്ട്. വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവളാണ് ആമിന. പഠിക്കാന്‍ ‘സെയലിറ്റും പുസ്തകോം’ വാങ്ങാന്‍ മമ്മദിനോട് അവള്‍ അഞ്ചുറുപ്പിയ ചോദിക്കുന്നു. എന്നാല്‍ മകനെ പഠിപ്പിച്ചാല്‍ മതിയെന്നും അവനെ നേരത്തിന് സ്കൂളിലയച്ച് അവന്‍റെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മമ്മദ് ഭാര്യയോട് പറയുന്നു. അന്യപുരുഷന്മാര്‍ ആമിനയുടെ കൈപിടിച്ച് അക്ഷരം പഠിപ്പിച്ചുവെന്നറിയുമ്പോള്‍ അവളെ ആക്ഷേപിക്കുകയും അടിക്കുകയുമാണ് അയാള്‍. ‘ഇന്നെ കൊല്ലല്ലേ, ഞാന്‍ സാച്ചരതയ്ക്ക് പോവൂല (2014:115). എന്ന് പറഞ്ഞുകൊണ്ട് അവള്‍ കുടുംബത്തിന്‍റെ സമാധാനത്തിനുവേണ്ടി സ്വന്തം അവകാശം – വിദ്യ അഭ്യസിക്കാനുള്ള അവകാശം ത്യജിക്കുകയാണ്.
1.1.2.2.7 കൂഹൂ…… കൂഹൂ………..
1.1.2.2.7.1 കുഞ്ഞാമി – അതൃമാന്‍കുട്ടി കുഞ്ഞാമിക്കും അതൃമാന്‍കുട്ടിക്കും മക്കളില്ല. അതൃമാന്‍കുട്ടിയുടെ തകരാറുകൊണ്ടാണ് അവള്‍ക്ക് കുട്ടികള്‍ ഉണ്ടാവാത്തത്. എന്നാല്‍ ആ വിവരം അയാള്‍ അവളില്‍നിന്നും മറച്ച് വക്കുകയാണ്. ഭാര്യയുടെ സങ്കടം മാറ്റാനായി അവളെ പൊതുരംഗത്തേക്ക് ഇറക്കുന്നു. അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുകൊടുക്കുന്നുമുണ്ട്. എന്നാല്‍ വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെ സാമൂഹികസേവനരംഗത്ത് പ്രവര്‍ത്തിക്കുകയാണ് കുഞ്ഞാമി. ‘നീ ഇങ്ങനൊന്നുമായിരുന്നില്ലല്ലോ കുഞ്ഞാമി’ എന്ന അതൃമാന്‍റെ പരിഭവത്തിന് ‘എങ്ങനെയൊന്നുമായിരുന്നില്ലെന്ന്?’ എന്ന മറുചോദ്യമാണ് അവള്‍ ചോദിക്കുന്നത് (2014: 127). പഴയ രീതികളൊക്കെ ഭാര്യ തെറ്റിക്കുകയാണെന്ന് ഭര്‍ത്താവ് ഓര്‍മ്മിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ രീതികളെല്ലാം തെറ്റിക്കണമെന്നാണ് കുഞ്ഞാമി പറയുന്നത് (പു: 128). റിട്ടയര്‍മെന്‍റിനുശേഷം അതൃമാന്‍ ശരിക്കും ഏകാന്തത അനുഭവിക്കുന്നതായി കാണാം.
1.1.2.2.8 അവനെ നരകാഗ്നിയില്‍ എരിക്കുവിന്‍
വിവാഹിതരായി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്ക് മക്കളാവാത്തതിന്‍റെ പേരില്‍ കഥയിലെ നായകന്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍ മുതിരുകയാണ്. അത് സഹിക്കാനാവാതെ നായിക ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. തുടര്‍ന്ന് മരണമടയുകയും ചെയ്യുന്നു. പെണ്ണിന് എവിടെയും നീതി ലഭിക്കുന്നില്ല. അയാള്‍ക്കാണ് കുഴപ്പമുണ്ടായിരുന്നതെങ്കില്‍ താന്‍ സ്നേഹത്തിന്‍റെ പേരില്‍ ആജീവനാന്തം കാത്തിരിക്കുമായിരുന്നു. ഞാനിരിക്കെ മറ്റൊരു പെണ്ണ് എന്‍റെ വീട്ടിനകത്തു കയറരുതെന്നു പറയാനുള്ള അധികാരം പോലും തനിക്കില്ലെ? എന്നെല്ലാം ചോദിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങുകയാണ് അവള്‍ (2014: 169).
1.1.2.2.9 ഒരിക്കല്‍ക്കൂടി
1.1.2.2.9.1 ജമീല – ഭര്‍ത്താവ് ജമീല തന്‍റെ മരണം സ്വപ്നത്തില്‍ കാണുകയാണ്. ജീവിതത്തില്‍ ഭര്‍ത്താവ് അവളുമായി എപ്പോഴും വഴക്കിട്ടുക്കൊണ്ടാണ്. കറിക്ക് ഉപ്പില്ല, എരിവ് കൂടിപ്പോയി, വിയര്‍പ്പ് നാറുന്നുണ്ട് ജമീലയെ, ഷര്‍ട്ട് ഇസ്തിരിയിട്ടത് നന്നായിട്ടില്ല. തുടങ്ങി നിരവധി പരാതികളാണ് അയാള്‍ക്ക്. സ്നേഹത്തോടെ പെരുമാറാനെ അയാള്‍ക്ക് അറിയില്ല. എന്നാല്‍ സ്വപ്നത്തില്‍ അയാള്‍ ഭാര്യയുടെ മരണത്തില്‍ വിലപിക്കുകയും അവളെക്കുറിച്ച് നല്ലത് പറയുകയും ചെയ്യുമ്പോള്‍ അന്ധാളിച്ചുപോവുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ ദേഷ്യപ്പെട്ടുനില്‍ക്കുന്ന ഭര്‍ത്താവിനെയാണ് അവള്‍ കാണുന്നത് (2014: 179).
1.1.2.2.10 ഹാജ്യാരുടെ ഭാര്യ ജീവിതത്തിന്‍റെ ഒറ്റപ്പെടലില്‍ എല്ലാ സുഖസൗകര്യങ്ങള്‍ക്കിടയിലും വീര്‍പ്പുമുട്ടിക്കഴിയുന്ന സ്ത്രീയുടെ കഥയാണ് ‘ഹാജ്യാരുടെ ഭാര്യ’. രോഗിയായ ഭാര്യയോട് ഭര്‍ത്താവിന് സ്നേഹമോ പരിഗണനയോ ഇല്ല. സ്നേഹശൂന്യത ഭാര്യയെ നിത്യരോഗിയാക്കി മാറ്റുന്നു. ജീവിതത്തിന്‍റെ നല്ല കാലമത്രയും ഭര്‍ത്താവിനും കുടുംബത്തിനുവേണ്ടി ജീവിച്ചവള്‍. ഭര്‍ത്താവിന്‍റെ അവഗണനയില്‍ മനംനൊന്ത് രോഗിയായി വീടിന്‍റെ അകത്തളത്തില്‍ അടക്കപ്പെടുന്നു (2014: 154).
1.1.2.2.11 കര്‍മ്മപുസ്തകം
1.1.2.2.11.1 ആയിഷയും ഭര്‍ത്താവും ആയിഷയും ഭര്‍ത്താവും നിസ്സാരകാര്യങ്ങള്‍ക്ക് വഴക്കിടുന്ന ഭാര്യഭര്‍ത്താക്കന്മാരാണ്. മകനെ കൂട്ടിക്കൊണ്ടുവരാന്‍ പോവുന്ന വിഷയത്തെ ചൊല്ലി രണ്ടുപേരും വഴക്കിടുകയും ഒടുക്കം ആയിഷ ബി.പി കൂട്ടി ആശുപത്രിയിലാവുകയും ചെയ്യുന്നു. പരസ്പരം വിട്ടുവീഴ്ച്ചാമനോഭാവം ഇല്ലാത്ത ഭാര്യഭര്‍ത്താക്കന്മാരാണ് അവര്‍ (2014: 24).
1.1.2.2.12 കരച്ചപ്പെട്ടി
1.1.2.2.12.1 ബീപാത്തു – ഹസ്സന്‍കുട്ടി ബീപാത്തു, ഹസ്സന്‍കുട്ടി ഭാര്യഭര്‍ത്താക്കന്മാരാണ്. അനാവശ്യമായി കരഞ്ഞുകൊണ്ടിരിക്കുന്ന പ്രകൃതമാണ് ബീപാത്തുവിന്. ചെറുപ്പം മുതല്‍ക്കേ അവള്‍ അങ്ങനെയാണെന്ന പരാമര്‍ശം കഥയിലുണ്ട് (2014: 40). മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും ലഭിക്കാനാണ് അവള്‍ അങ്ങനെ ചെയ്യുന്നത് എന്നാണ് ഭര്‍ത്താവിന്‍റെ പക്ഷം. തന്‍റെ ശാരീരിക പ്രയാസങ്ങള്‍ ഭര്‍ത്താവിനോട് പറയാന്‍ അവള്‍ക്ക് പേടിയാണ്. പൂങ്കണ്ണീരെന്ന് പറഞ്ഞ് അവളെ കുറ്റപ്പെടുത്താനാണ് ഹസ്സന്‍കുട്ടി ശ്രമിക്കാറ്. ഭര്‍ത്താവിന്‍റെ തിരക്കുകളും അക്ഷമയും അവളെ കൂടുതല്‍ വിഷമിപ്പിക്കും. ഭാര്യയ്ക്ക് ഭര്‍ത്താവിനെയോ ഭര്‍ത്താവിന് ഭാര്യയെയോ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല (2014: 42).
1.1.2.2.13 വെറുതേ ഞാനെപ്പോഴും സ്വപ്നങ്ങള്‍ കാണുന്നു
1.1.2.2.13.1 ഹസ്നബീവിയും ഭര്‍ത്താവും വിദ്യാഭ്യാസമുള്ള കുട്ടിയാണ് ഹസ്നബീവി. അവള്‍ തന്‍റെ സമൂഹത്തിലെ അനീതികള്‍കണ്ട് വിഷമിക്കുന്നു. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നു. നല്ലനാളുകളെ ആഗ്രഹിക്കുന്നു. ചിന്തിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് പണക്കാരനാണ്. വിദ്യാഭ്യാസമില്ല. അയാള്‍ക്ക് ഭാര്യയെ ഇഷ്ടമാണെങ്കിലും അവളുടെ ചിന്താഗതികളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അതിന്‍റെ പേരില്‍ നിത്യവും വഴക്കിടുകയും പിരിഞ്ഞിരിക്കലും പതിവാണെന്നും കഥയില്‍ സൂചിപ്പിക്കുന്നുണ്ട് (2014: 304).
1.1.2.3 അനുഭവക്കുറിപ്പുകളില്‍
1.1.2.3.1 ഉമ്മക്കുട്ടിയുടെകുഞ്ഞിക്കിനാവുകള്‍ ഉപ്പയോടുള്ള പ്രിയം കാരണം എഴുത്തുകാരിയുടെ ഉമ്മ ഉമ്മയുടെ വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഉമ്മയും ഉപ്പയും അത്ര രസത്തിലായിരുന്നില്ല. എന്നാല്‍ പരസ്പരം ഇഷ്ടക്കേടുമുണ്ടായിരുന്നില്ല. അമ്മോസനും മരുമകനും തമ്മിലുള്ള പോരില്‍ ഉമ്മ ബലിയാടാവുകയായിരുന്നു. ഒരുമിച്ച് സന്തോഷത്തോടെ കഴിയാനുള്ള അവസരവും നഷ്ടപ്പെട്ടിരുന്നു (2015: 93) എന്നുള്ള സൂചനകളും ഉണ്ട്.
1.1.2.4 ലേഖനസമാഹാരത്തില്‍
1.1.2.4.1 ആരോടുചൊല്ലേണ്ടു നാം
1.1.2.4.1.1 സന്മനസ്സുള്ളവര്‍ക്ക് സമാധാനം! ഭര്‍ത്താവിന്‍റെ മൂന്നാം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആദ്യഭാര്യ ആശുപത്രി വരാന്തയില്‍ ഉണ്ട്. അവരെ എഴുത്തുകാരി പരിചയപ്പെടുന്നുണ്ട്. മക്കളില്ലാത്തതിന്‍റെ പേരിലാണ് അയാള്‍ രണ്ടാമതും മൂന്നാമതും വിവാഹം കഴിക്കുന്നത്. അവരെ വിവാഹം കഴിച്ചിട്ടും ആദ്യഭാര്യയെ മൊഴിചൊല്ലുന്നില്ല. അവര്‍ക്കിടയില്‍ സ്നേഹബന്ധം നിലനില്‍ക്കുന്നില്ല എന്ന സൂചന ലേഖനത്തില്‍ നിന്നും ലഭിക്കുന്നുണ്ട് (2013:32). മറ്റുള്ളവരോട് സംസാരിക്കുന്നതിനുവരെ ഭര്‍ത്താവിന്‍റെ സമ്മതം വേണം എന്ന അവസ്ഥയുണ്ട് ആ സ്ത്രീക്ക്.
പുരുഷന്‍ സ്ത്രീക്കുമേല്‍ ഭാഷയിലൂടെ അധികാരം പ്രയോഗിക്കുന്നുണ്ട്. പുരുഷന്‍ സ്ത്രീയോട് ആജ്ഞയും കല്പനയുമാണ് പുറപ്പെടുവിക്കുന്നത്. സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം പോലും നല്‍കുന്നില്ല. പുരുഷനുമാത്രമാണ് അധികാരം. ഉദാഹരണമായി ആകാശഭൂമികളുടെ താക്കോലില്‍ ഭാര്യമാര്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഹുസൈന്‍ ഹാജി നല്‍കുന്നില്ല. പിടക്കോഴികളെ കൂവാന്‍ താന്‍ സമ്മതിക്കില്ലെന്നാണ് ആജ്ഞാസ്വരത്തില്‍ അയാള്‍ തന്‍റെ ഭാര്യമാരോട് പറയുന്നത് (2011:59). അതുപോലെ ഏകപക്ഷീയമായ ആജ്ഞാസ്വരമാണ് മൊഴിയിലെ ഷറഫിനും തന്‍റെ ഭാര്യയോട്. തന്‍റെ അധികാരപരിധിയില്‍ മാത്രം വരുന്നവളാണ് ഭാര്യ എന്നാണ് നിഴലെന്ന നോവലില്‍ കാണാന്‍ കഴിയുന്നത്. അത്തരം ഭാഷയാണ് നോവലില്‍ ഷാഹുല്‍ ഭാര്യയോട് പ്രയോഗിക്കുന്നത് (2012:64) മാപ്പിളപ്പെണ്ണിന്‍റെ ജീവിതത്തെക്കുറിച്ച് മാപ്പിളപ്പെണ്ണുതന്നെ രചന നടത്തുമ്പോള്‍ മുസ്ലീം സ്ത്രീയുടെ ജീവിതത്തിന്‍റെ എല്ലാവശങ്ങളും അവതരിപ്പിക്കാന്‍ കഴിയും. പുരുഷനും കുടുംബത്തിനും വിധേയപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുണ്ട്. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീകളുമുണ്ട്. പുരുഷാധിപത്യത്തോട് പൊരുതാന്‍ ശ്രമിക്കുന്ന സ്ത്രീകളും ഉണ്ട്. പക്ഷെ പൊരുതി വിജയിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പുരുഷനു കീഴ്പ്പെട്ടുജീവിക്കേണ്ടി വരികയാണ്. കിനാവിലെ ബീപാത്തുഹജ്ജുമ്മ, നിലാവിലെ നസീമ, ആകാകഭൂമികളിലെ താക്കോലിലെ നൂറു, ഐഷ, റംലത്ത് എന്നിവര്‍ ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ സര്‍വ്വംസഹയാവുന്നത് മാത്രമാണ് ചില കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. നിഴലെന്ന നോവലിലെ റാബിയ, മുംതാസ്, നദീറ, കിനാവിലെ ബീപാത്തുഹജ്ജുമ്മ, ആകാകഭൂമികളിലെ താക്കോലിലെ ഐഷ, നൂറു എന്നിവരും ഒരിക്കല്‍കൂടി, ഹാജ്യാരുടെ ഭാര്യ, സാക്ഷരത, ആകാശഭൂമികളുടെ താക്കോല്‍ എന്നീ ചെറുകഥകളിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം ഉദാഹരണങ്ങളാണ്. കുടുംബത്തിനകത്ത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അവളെ സഹനത്തിന്‍റെ പ്രതീകമായിക്കണ്ട് പുരുഷാധിപത്യ താല്‍പ്പര്യത്തെ സംരംക്ഷിച്ചു നിര്‍ത്തുന്നതാണ് കിനാവ്, നിലാവ്, നിഴല്‍, ആകാശഭൂമികളുടെ താക്കോല്‍ എന്നീ നോവലുകളിലും കളിത്തത്ത, കെട്ട്യോന്‍, നേര്‍ച്ചക്കോഴികള്‍, പേറ്റിച്ചി, സാക്ഷരത, വെറുതെ ഞാനെപ്പോഴും സ്വപ്നങ്ങള്‍ കാണുന്നു എന്നീ ചെറുകഥകളിലും കാണുന്നത്.

സഹായകഗ്രന്ഥങ്ങള്‍
കാരശ്ശേരി, എം.എന്‍. . 2010 ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കടഹരജി
കോട്ടയം: ഡി.സി.ബുക്സ്. ജമാല്‍, കൊച്ചങ്ങാടി. 1998 മുസ്ലീം സാമൂഹിക ജീവിതം മലയാള നോവലില്‍
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ഫാത്തിമ മെര്‍നിസ്സി. 2009 ഇസ്ലാമും സ്ത്രീകളും (വിവ.), കെ.എം. വേണുഗോപാലന്‍
കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്.ഫൗസിയ ഷംസ്. 2020 മുസ്ലീം സ്ത്രീ സംഭാഷണത്തിന്‍റെ അകവും പുറവും
കോഴിക്കോട്: പെന്‍ഡുലം ബുക്സ്. മുഈനുദ്ദീന്‍. 2012 സ്ത്രീകളോട്
കണ്ണൂര്‍: റിനയ്സന്‍സ് ബുക്സ് , ലൈല അബൂലുഗുദ്. 2018 മുസ്ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടോ? (വിവ. ബിജുരാജ് ആര്‍.കെ.)
കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ലീലാവതി, എം. 2000 ഫെമിനിസം ചരിത്രപരമായ അന്വേഷണം
തിരുവനന്തപുരം: പ്രഭാത് ബുക്ഹൗസ്.ഷംഷാദ്, ഹുസൈന്‍. 2009 ന്യൂനപക്ഷത്തിനും ലിംഗ പദവിക്കുമിടയില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പഠനം
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.സുഹറ, ബി.എം. 1990 കിനാവ് കോഴിക്കോട്: പി.കെ.ബ്രദേഴ്സ്. 1995 ഇരുട്ട്
കോട്ടയം: ഡി.സി.ബുക്സ്. 1999 മൊഴി തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍. 2002 മലയാളത്തിന്‍റെ കഥാകാരി (അഭിമുഖം)
കോട്ടയം: ഡി.സി.ബുക്സ്. 2007 കൂഹൂ….. കൂഹൂ….. കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍. 2007 നിലാവ്
തിരുവനന്തപുരം: ചിന്താ പബ്ലിക്കേഷന്‍.2009 ഒരു നോവലിന്‍റെ അന്ത്യം തൃശൂര്‍: എച്ച്.സി.ബുക്സ്.2010 ഭ്രാന്ത്
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍. 2010 ഞാന്‍ കഥാകാരിയായ കഥ, ഭ്രാന്ത്,
തിരുവനന്തപുരം: ചിന്താ പബ്ലിക്കേഷന്‍. 2010 ചോയിച്ചി, ഭ്രാന്ത്
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍. 2011 ആകാശഭൂമികളുടെ താക്കോല്‍
കോഴിക്കോട്: മാതൃഭൂമി ബുക്സ്. 2012 നിഴല്‍
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍. 2012 പ്രകാശത്തിനുമേല്‍ പ്രകാശം
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍.2013 ആരോടു ചൊല്ലേണ്ടു നാം
കോഴിക്കോട് : ലീഡ് ബുക്സ്. 2014 സുഹറയുടെ കഥകള്‍
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്. 2015 ഉമ്മക്കുട്ടിയുടെകുഞ്ഞിക്കിനാവുകള്‍
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍. ഹാഫിസ് മുഹമ്മദ്, എന്‍.പി. 2013 കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വര്‍ത്തമാനം
കോഴിക്കോട്: ഒലീവ് പബ്ലിക്കേഷന്‍സ്.

 

സജ്ന മോള്‍ ആമ്യന്‍
ഗവേഷക, മലയാള വിഭാഗം,
ശ്രീ നീലകണ്ഠ ഗവണ്‍മെന്‍റ്
സംസ്കൃത കോളേജ്, പട്ടാമ്പി

 

 

COMMENTS

COMMENT WITH EMAIL: 0