Homeഅതിഥിപത്രാധിപക്കുറിപ്പ്

സ്ത്രീ എന്നാല്‍ ചിന്തയില്ലാത്തവള്‍ എന്നോ വികാരം മാത്രമുള്ളവള്‍ എന്നോ ഉള്ള തരത്തിലാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥിതി ഇക്കാലത്തും ഏറെക്കുറെ കണക്കാക്കുന്നത്. മനുഷ്യമനസ്സിന്‍റെ പ്രത്യേകതയായ യുക്തിചിന്ത, എന്തുകൊണ്ട് സ്ത്രീകളില്‍ ഉള്ളതായി സമൂഹം കണക്കാക്കുന്നില്ല എന്നാലോചിച്ചാല്‍, സ്ത്രീയെ മനുഷ്യനായി കണക്കാക്കാന്‍തന്നെ മടിയാണ് എന്ന കാരണം കാണേണ്ടിവരും. പ്രാചീന തത്വചിന്തകരായി പേരുകേട്ട പുരുഷന്മാരൊക്കെയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുമുണ്ട്. ആധുനികരും സ്ത്രീതത്വചിന്ത എന്ന കാര്യം കണക്കിലെടുത്തിട്ടില്ല. ആലോചനകള്‍, ചിന്തകള്‍ എന്ന വാക്കുകള്‍ സ്ത്രീയുടെ നിര്‍വചനവുമായി കൂട്ടിക്കെട്ടാന്‍ തത്ത്വചിന്തകര്‍ തന്നെ കൂടുതല്‍ മെനക്കെടേണ്ടതുണ്ട്. സ്ത്രീപക്ഷസിദ്ധാന്തങ്ങള്‍ പല മേഖലകളില്‍ ഉള്ളവര്‍ ചെയ്തിട്ടുണ്ട്, കൂടുതലായും ഇക്കഴിഞ്ഞ നൂറ്റാണ്ടിലെന്ന കാര്യം നമുക്കറിയാം. അതെല്ലാം താത്ത്വീകരണം തന്നെയാണ്. എന്നാല്‍ തത്വചിന്തകര്‍ എന്ന പേരില്‍ ലോകത്തു നിലനില്‍ക്കുന്ന പുരുഷനാമങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട് സ്ത്രീകളുടെ പേരുകള്‍ വരുന്നില്ല എന്നത് ചിന്തിക്കേണ്ടതുണ്ട്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീചിന്തകരായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അവഗണിക്കപ്പെട്ടുവെങ്കില്‍ പാശ്ചാത്യരാജ്യങ്ങളില്‍ ആദ്യകാലത്തു ഹൈപ്പേഷ്യയെപ്പോലുള്ളവര്‍ യാഥാസ്ഥിതിക പുരുഷന്മാരാല്‍ കൊലചെയ്യപ്പെട്ടു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമൊക്കെ ആധുനികകാലത്ത് എഴുതിയ മേരി വുള്‍സ്റ്റോണ്‍ ക്രാഫ്റ്റിനെപ്പോലും നമ്മുടെ ഫിലോസഫിവിഭാഗങ്ങളില്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല എന്നതാണ് അവസ്ഥ.

സ്ത്രീയും തത്ത്വചിന്തയും എന്ന വിഷയത്തില്‍ അതിഥി പത്രാധിപയായി എഡിറ്റര്‍ ആയി ജൂണ്‍ ലക്കം സംഘടിത ചെയ്യുന്നതിനുള്ള നിര്‍ദേശം വന്നതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ പരമാവധി വ്യത്യസ്ത കോണുകളില്‍ നിന്ന് തത്ത്വചിന്തയെയും തത്ത്വചിന്തയുടെ സ്ത്രീപക്ഷ വിമര്‍ശനത്തെയും സ്ത്രീ തത്ത്വചിന്തകരെയും അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ (ഇന്ത്യന്‍) വീക്ഷണങ്ങളും ചിന്തകളും ഇതിലുണ്ട്. ക്രിസ്തുവര്‍ഷത്തിന് നൂറ്റാണ്ടുകള്‍ മുന്‍പേതന്നെയുള്ള ബുദ്ധഭിക്ഷുണികളെയും ഉപനിഷദ്കാലഘട്ടത്തെയും ആധുനികകോളനിവത്കൃത കാലത്തെയും ഇന്ത്യന്‍ ചിന്തകകളെയും കുറിച്ചൊക്കെ അവലോകനം ചെയ്യുന്നുണ്ട്. ഗ്രീക്ക്ഫിലോസഫിയുടെ കാലത്തെയും മധ്യകാലത്തെയും ആധുനിക-ആധുനികാനന്തരകാലത്തെയും പാശ്ചാത്യചിന്തകകളെയും പരാമര്‍ശിച്ചു പോകാനെങ്കിലുമുള്ള ശ്രമം ഇതിലുണ്ട്. എല്ലാ പഠന ശാഖകളും ആത്യന്തികമായി തത്ത്വചിന്തയുമായി ബന്ധപ്പെട്ടുകിടക്കുന്നതുതന്നെയെങ്കിലും, തത്ത്വചിന്തവകുപ്പുകളില്‍ നിന്നുള്ളവരുടെ ലേഖനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്കു ചിന്തയുണ്ടോ എന്ന ചിന്ത, പൊതുജനത്തിനിടയില്‍ ഉണര്‍ത്താനെങ്കിലും ഈ ലക്കം ഉപകരിക്കുമെങ്കില്‍ ചാരിതാര്‍ഥ്യം കൊള്ളാമെന്നു കരുതുന്നു.

 

ഡോ. മായ എസ്.
അധ്യാപിക
തത്വശാസ്ത്രവിഭാഗം
ശ്രീ കേരളവര്‍മ്മ കോളേജ്, തൃശൂര്‍

COMMENTS

COMMENT WITH EMAIL: 0