Homeഅഭിമുഖം

ഗൈനക്കോളജിസ്റ്റിനോട് ചോദിക്കാം

മ്മുടെ നാട്ടില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുക എന്നത് ഒരു പേടിസ്വപ്നമാണ്. എന്നാല്‍ ആ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനങ്ങളും സംഭാവനകളും വിലമതിക്കാനാവാത്തതാണ്. ഏറ്റവും പുരാതനവും വിപുലവും പ്രധാനപ്പെട്ടതുമായ വൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണ് ഗൈനക്കോളജി. പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ബിന്ദു സുരേഷുമായി ജെ.എന്‍.യു റിസര്‍ച്ച് സ്കോളറായ ലക്ഷ്മി ചന്ദ്രന്‍ നടത്തിയ ഒരു അഭിമുഖം.

ഡോ.ബിന്ദു സുരേഷ്

ചോദ്യം: നിങ്ങളുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഗൈനക്കോളജിക്കല്‍ പ്രാക്ടീസിലെ രണ്ട് പ്രധാന പ്രശ്നങ്ങള്‍ എന്താണ് ?
ഉത്തരം: ഞാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു മേഖലകളിലും ഉള്ള പ്രശ്നങ്ങള്‍ വളരെ വ്യത്യസ്തമാണ്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മയാണ് ഒരു പ്രധാന വെല്ലുവിളി. നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാഹചര്യങ്ങള്‍ ലഭ്യമല്ല. പലപ്പോഴും ഗ്രാമപ്രദേശങ്ങളിലും മറ്റു വിദൂര പ്രദേശങ്ങളിലും വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലക്ക് ഒരു പ്രസവമുറിയും കുറച്ചു ജീവനക്കാരും മാത്രമല്ല ആവശ്യം, മറ്റു പലരുടെയും സഹായം ആവശ്യമാണ്. പക്ഷെ അത്തരം ഒരു പിന്തുണ പൊതുമേഖലയില്‍ കിട്ടാറില്ല. ചിലപ്പോള്‍ രോഗികള്‍ക്കായുള്ള ഗതാഗത സൗകര്യങ്ങള്‍ ഉണ്ടാകില്ല.ഇത്തരത്തില്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവ് നമ്മുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്, ഇത് അപകടപരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയും ഉണ്ടാക്കുന്നു. സ്വകാര്യ മേഖലയില്‍ നമുക്ക് എല്ലാവിധ സൗകര്യവും സംവിധാനങ്ങളും ലഭ്യമാക്കപ്പെടുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റ് മേഖലയില്‍ സാധാരണ കണ്ടുവരാറുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും ഉണ്ടാകും. ചിലപ്പോള്‍ അതു നമ്മുടെ മെഡിക്കല്‍ പ്രാക്ടീസിനെ ബാധിക്കാറുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷത്തെ ഗൈനക്കോളജി വിഭാഗത്തിലെ പ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മയാണ്. ഒരു ഡോക്ടര്‍ എന്ന നിലക്ക് , ഒരു അമ്മ പ്രസവസമയത്തു മരണപ്പെടുക എന്ന് പറയുന്നത് വളരെ ആഘാതകരമായ അനുഭവമാണ്. ആകെ ഒരു തവണ മാത്രമാണ് അത്തരം വളരെ വിഷമകരമായ ഒരു അനുഭവം ഉണ്ടായത്. രോഗിക്ക് രക്തം കിട്ടുന്നതിന്‍റെ ബുദ്ധിമുട്ട് , അനസ്തേഷ്യസ്റ്റിന്‍റെ അഭാവം, രോഗിയെ കൃത്യമായ സമയത്തു മാറ്റാനുള്ള ആംബുലന്‍സ് പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

‘കന്യകാത്വം’ എന്നത് ആളുകളുടെ ആപേക്ഷികമായ ഒരു കാഴ്ചപ്പാടാണ് എന്നു മാത്രമേ എനിക്ക് പറയാനുള്ളു. ഹൈമന്‍ ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണോ? ലൈംഗിക ബന്ധത്തിലൂടെ അല്ലാതെ തന്നെ ഹൈമന്‍ റപ്ച്ചര്‍ ആകാം . അതായത് ആയാസകരമായ എന്തും അതിനു കാരണമാകാം. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചത് കൊണ്ട് നിങ്ങളുടെ കന്യകാത്വം ഒരിക്കലും നഷ്ടപ്പെടില്ല. ഇതിനെക്കുറിച്ച് ആളുകള്‍ ആവശ്യമില്ലാതെ മുറവിളി കൂട്ടുകയാണെന്നാണ് തോന്നുന്നത്. വിര്‍ജിനിറ്റിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെകുറിച്ചും ഉള്ള ക്ലാസ്സുകള്‍ സെക്സ് എഡ്യുക്കേഷന്‍റെ ഭാഗമാക്കിയാല്‍ സമൂഹത്തില്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

ചോദ്യം: ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമത്തെക്കുറിച്ച് ഫലപ്രദമായി സംസാരിച്ചിട്ടുണ്ടോ? അതിന്‍റെ പഴുതുകള്‍ എന്തെല്ലാമാണ്? അത് സ്ത്രീ വിരുദ്ധമാണോ?
ഉത്തരം: ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്. ഗര്‍ഭഛിദ്ര നിയമം സ്ത്രീ വിരുദ്ധമായി തോന്നിയിട്ടില്ല.കാരണം അത് അമ്മയുടെ സുരക്ഷക്ക് വേണ്ടി തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. കേ രളത്തിന് പുറത്തുളള സ്ഥിതിവിവര ക്കണക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലെങ്കിലും , നമ്മുടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കണക്ക് പരിശോധിച്ചാല്‍ സുരക്ഷിതമല്ലാതെയുള്ള ഗര്‍ഭഛിദ്രം കൊണ്ടുള്ള മരണങ്ങള്‍ വളരെയധികം കൂടുതലായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 ആയപ്പോഴേക്കും കേരളത്തിനകത്ത് സുരക്ഷിതമല്ലാതെയുള്ള ഗര്‍ഭഛിദ്രം മൂലമുള്ള മരണം ഇല്ലെന്നു തന്നെ പറയാം. അതിന് ഗര്‍ഭഛിദ്രനിയമം ഒരുപാട് സഹായിച്ചിട്ടുണ്ട്. മാത്രവുമല്ല സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്കും, കൗമാരകാലത്തെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരത്തിലുള്ള നിയമങ്ങള്‍ സഹായകരമാണ്. കേരളത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അനുപാതം ഉയര്‍ന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിയമം സ്ത്രീവിരുദ്ധമല്ല. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്.

ചോദ്യം: സമീപ വര്‍ഷങ്ങളില്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ വേണ്ടി വരുന്ന രോഗികളോടുള്ള ഗൈനക്കോളജിസ്റ്റുകളുടെ നിഷേധാത്മക സമീപനത്തിനു എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ?
മിക്ക ഗൈനക്കോളജിസ്റ്റുകളും നിയമ പ്രശ്നങ്ങള്‍ കൊണ്ട് മാത്രം അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതായാണ് കാണുന്നത്. പക്ഷെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടു ആവശ്യമുള്ള സാഹചര്യങ്ങളില്‍ ചെയ്തു കൊടുക്കാറുണ്ട്.

ചോദ്യം: 2020 ല്‍ ഗര്‍ഭഛിദ്രനിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അതിനോട് ഡോക്ടറിന്‍റെ നിലപാട് എന്താണ് ?
ഉത്തരം: ഭേദഗതിയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെല്ലാം വളരെ നല്ലതായിരുന്നു. പ്രധാനമായും ഇരുപത്തിനാല് ആഴ്ച വരെയായ ഗര്‍ഭം നമുക്ക് ടെര്‍മിനേറ്റ് ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ്. ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നത് ഇരുപത് ആഴ്ച കഴിഞ്ഞുള്ള സ്കാനിങ്ങിലാണെങ്കില്‍ ഡേക്ടര്‍മാര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ സംജാതമാകാറുണ്ട്. കാരണം നിലവിലുള്ള നിമയത്തില്‍ അനുശാസിക്കുന്നത് ഇരുപത് ആഴ്ച വരെ എന്നതാണ്. നിലവില്‍ അവിവാഹിതരായ ഗര്‍ഭിണികളെയും, വിവാഹിതരായ ഗര്‍ഭിണികളെയും ‘ഗര്‍ഭിണികളായ സ്ത്രീകള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യുന്നത്.

ചോദ്യം: പ്രളയാനന്തര / ശബരിമലക്ക് ശേഷമുള്ള കേരളത്തില്‍, ആര്‍ത്തവ അശുദ്ധിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ ശക്തമായി എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അത്തരം ഒരു മാറ്റം ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. പക്ഷെ, അത്തരം വിശ്വാസങ്ങള്‍ കുറഞ്ഞു എന്ന് കരുതുന്നു. കാരണം കുറച്ചായി ആര്‍ത്തവം നീട്ടിവെക്കാനുള്ള ഗുളികള്‍ക്കായി വരുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. പക്ഷെ ഇത്തരം ഗുളികള്‍ വാങ്ങുന്നതിലെ എണ്ണത്തില്‍ വന്ന കുറവിന് പിന്നിലെ കാരണം പ്രളയവുമായോ ശബരിമല പ്രക്ഷോഭവുമായോ ആകാന്‍ സാധ്യത ഉണ്ടെന്നു തോന്നുന്നില്ല. കോവിഡ് 19 സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനങ്ങള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ വന്നത് കൊണ്ടും ആകാം.

ചോദ്യം: സെക്സ് എജ്യുക്കേഷന്‍ ഇപ്പോഴും കേരളത്തില്‍ ഒരു വിവാദ വിഷയമാണ്.അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
ലൈംഗിക വിദ്യാഭ്യാസം വേണം എന്നുതന്നെയാണ് എന്‍റെ അഭിപ്രായം. പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വരെ ലൈംഗിക വിദ്യാഭ്യാസം എന്തെന്ന് അറിയാത്ത സാഹചര്യം ആണ്. കുട്ടികള്‍ തന്നെ വളരെയധികം വിമുഖതയോടെ ഇതിനെ കാണുന്നു. ഈ കാലഘട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റും മറ്റു ം ഉള്ള സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസം വളരെ ആവശ്യമാണ്. അനാട്ടമി, ഫിസിയോളജി എന്നിവ കുട്ടികള്‍ പാഠപുസ്തകങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്. പക്ഷെ നിയമപരമായ കാര്യങ്ങളില്‍ അവര്‍ക്ക് തീരെ പരിജ്ഞാനം ഇല്ലാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് പോക്സോ പോലുള്ള നിയമങ്ങളെ കുറിച്ച്. ലൈംഗിക വിദ്യാഭ്യാസം വളരെ നേരത്തെ തന്നെ തുടങ്ങേണ്ടതാണ്. അപ്പര്‍ പ്രൈമറി തലത്തില്‍ തന്നെ തുടങ്ങുന്നതാണ് കൂടുതല്‍ അഭികാമ്യം.

ചോദ്യം: സംസ്ഥാനത്ത് സ്തനാര്‍ബുദ ബോധവല്‍ക്കരണം ഭാഗ്യവശാല്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റു തരം ക്യാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു വിഭജനം?

ഉത്തരം: അര്‍ബുദത്തിന്‍റെ വിഭാഗത്തില്‍ ഇന്ന് ഏറ്റവും വലിയ ഭീഷണിയായി സ്തനാര്‍ബുദം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മള്‍ അതിനെക്കുറിച്ച് കൂടുതല്‍ ബേധവല്‍ക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നത്. അതുമാത്രവുമല്ല സ്തനാര്‍ബുദം ഗുരുതരമാകുന്നതിനു . മുമ്പേ സ്വയ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇത്തരത്തിലുള്ള പരിശോധനകള്‍ എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ നിരവധി ജീവന്‍ നമുക്ക് രക്ഷിക്കാന്‍ കഴിയും. സ്തനാര്‍ബുദ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇതിന് ഇത്രയും പ്രാധാന്യം നല്‍കുന്നതിന് കാരണമാകുന്നു. മുന്‍കാലത്ത് ഗര്‍ഭാശയഗള ക്യാന്‍സര്‍ ആയിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. അതിനേക്കാള്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് സ്തനാര്‍ബുദം. ഇപ്പോഴും നമ്മള്‍ ഗര്‍ഭാശയഗള ക്യാന്‍സറിനെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

ചോദ്യം: ആര്‍ത്തവ വിരാമം സംബന്ധിച്ച മരുന്നിന്‍റേയോ മരുന്നുകളുടേയോ ഇത്ര വലിയ അഭാവം എന്തുകൊണ്ടാണ് ?

ഉത്തരം: സാധാരണ 48, 49, 50 വയസ്സില്‍ ആര്‍ത്തവ വിരാമം ഉണ്ടാകാം. എന്നാല്‍ ഇപ്പോള്‍ പല സ്ത്രീകളിലും ആര്‍ത്തവ വിരാമം വളരെ വൈകിയാണ് സംഭവിക്കുന്നത്. ചിലരില്‍ 56 വയസ്സുവരെ ആര്‍ത്തവ വിരാമം സംഭവിക്കാത്തതായി കാണാറുണ്ട്. ആ സമയത്ത് മിക്ക സ്ത്രീകളും കൈ – കാല് , മുട്ട് വേദന , സന്ധിവേദന , അകാരണമായ ചൂട്, പെട്ടെന്നുള്ള ദേഷ്യം , അതിയായ ക്ഷീണം എന്നീ പ്രശ്നങ്ങള്‍ നേരിടാറുണ്ട്. പക്ഷേ ജോലി ചെയ്യുന്ന സ്ത്രീകള്‍, വീട്ടമ്മമാര്‍ , തുടങ്ങിയവര്‍ ആര്‍ത്തവ വിരാമത്തിന്‍റേതായ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിക്കാറില്ല. അവരുടെ ജോലി ഭാരം മൂലമോ വീട്ടിലെ മറ്റ് പ്രശ്നങ്ങള്‍ മൂലമോ അവര്‍ക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം പോലും ലഭിക്കാറില്ല എന്നതാണ് വാസ്തവം. സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ വിരാമത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലായ്മയും ഇതിന് ഒരു പ്രധാനകാരണമാണ്. പലപ്പോഴും ആര്‍ത്തവ വിരാമവുമായി സംബന്ധിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ അസഹനീയമാകുമ്പോഴാണ് പലരും ഡോക്ടറെസമീപിക്കുക. ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ധാരാളം മരുന്നുകളുണ്ട് , പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്. മരുന്നിന്‍റെ ലഭ്യതക്കുറവല്ല പല സ്ത്രീകളും ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിക്കാത്തതിന് കാരണം. മുന്‍പ് സൂചിപ്പിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കാരണം.

ചോദ്യം: കന്യകാത്വം അഥവാ വിര്‍ജിനിറ്റി യുടെ പേരില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ക്രൂശിക്കപ്പെടുന്നുണ്ട്. കന്യകാ ചര്‍മ്മം അഥവാ ഹൈമന്‍ കന്യകാത്വത്തിന്‍റെ ഒരു നിര്‍വചനമായിപ്പോലും പല സമൂഹങ്ങളിലും കണക്കാക്കപ്പെടുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചാല്‍ കന്യകാത്വം നഷ്ടമാകുമെന്ന പ്രചാരണം പോലും ഇന്ന് നടക്കുന്നു. ഡോക്ടര്‍ക്ക് ഇതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് ?

ഉത്തരം: ‘കന്യകാത്വം’ എന്നത് ആളുകളുടെ ആപേക്ഷികമായ ഒരു കാഴ്ചപ്പാടാണ് എന്നു മാത്രമേ എനിക്ക് പറയാനുള്ളു. ഹൈമന്‍ ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണോ? ലൈംഗിക ബന്ധത്തിലൂടെ അല്ലാതെ തന്നെ ഹൈമന്‍ റപ്ച്ചര്‍ ആകാം . അതായത് ആയാസകരമായ എന്തും അതിനു കാരണമാകാം. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചത് കൊണ്ട് നിങ്ങളുടെ കന്യകാത്വം ഒരിക്കലും നഷ്ടപ്പെടില്ല. ഇതിനെക്കുറിച്ച് ആളുകള്‍ ആവശ്യമില്ലാതെ മുറവിളി കൂട്ടുകയാണെന്നാണ് തോന്നുന്നത്. വിര്‍ജിനിറ്റിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെകുറിച്ചും ഉള്ള ക്ലാസ്സുകള്‍ സെക്സ് എഡ്യുക്കേഷന്‍റെ ഭാഗമാക്കിയാല്‍ സമൂഹത്തില്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. വിര്‍ജിനിറ്റി വലിയ കാര്യമാണെന്ന് കുട്ടികള്‍ ചിന്തിച്ച് തുടങ്ങുമ്പോള്‍ അതിന്‍റെ ശരിയായ വശത്തെ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

ലക്ഷ്മി ചന്ദ്രന്‍ സി. പി.
ഗവേഷക വിദ്യാര്‍ത്ഥി,
ജെ.എന്‍.യു, ന്യൂഡല്‍ഹി

 

 

 

 

 

 

 

 

രാജലക്ഷ്മി
ഗവേഷക വിദ്യാര്‍ത്ഥി,
ജെ.എന്‍.യു, ന്യൂഡല്‍ഹി

 

 

 

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0