Homeഅനുസ്മരണം

ഇള ആര്‍ ബട്ട് : അസംഘടിത സ്ത്രീ സാന്നിധ്യം തൊഴിലാളി പ്രസ്ഥാനങ്ങളില്‍ ഉറപ്പിച്ച ട്രേഡ് യൂണിയനിസ്റ്റ് (1933 -2022)

ന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ സ്ത്രീ തൊഴിലാളി സംഘാടന മാതൃകയായ സേവയുടെ ( SEWA സെല്‍ഫ് എംപ്ലോയിഡ് വിമന്‍സ് അസ്സോസ്സിയേഷന്‍) സ്ഥാപക പ്രിയപ്പെട്ട ഇളബെന്‍ (ശ്രീമതി. ഇള ആര്‍ ഭട്ട് ) 2022 നവംബര്‍ 3ന് ഭൗതികമായി വിട പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് ഇള ബെന്നിന്‍റെ സംഭാവനകള്‍ പങ്കുവച്ചത്. സമാനതകളില്ലാത്ത ഈڔ സ്ത്രീ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍, ശ്രീമതി ഇളബെന്‍ ഭട്ട് മുന്നോട്ട് വച്ച് മൂല്യങ്ങള്‍, പ്രത്യയശാസ്ത്ര വ്യക്തതകള്‍, സാഹോദര്യത്തിന്‍റെ ആഴം -ഇവയെല്ലാം വ്യത്യസ്ത സംഘാടന ശക്തിയായി  മുന്നോട്ടുപോകാന് ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന കാരണങ്ങളാണ്. ആ ബോധ്യങ്ങളുമായാണ് ഏറ്റവും അസംഘടിതരായ സാധാരണക്കാരായ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യയാകെ ‘സേവ’ പന്തലിച്ചു നില്ക്കുന്നത്.

തൊഴിലും വര്‍ഗ്ഗവും മൂലധനവും പുരുഷ കേന്ദ്രീകൃതമായി വ്യാഖ്യാനിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യം തന്നെ അദൃശ്യമാണ്. ഇന്ത്യയിലെ തൊഴില്‍ ശക്തിയില്‍ ഭൂരിഭാഗം വരുന്ന അസംഘടിത തൊഴില്‍ മേഖലയുടെ സംഘാടനം മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്‍പില്‍ ഇന്നും വെല്ലുവിളി ആകുമ്പോള്‍ അസംഘടിത മേഖലയില്‍ പോലും തൊഴിലാളി എന്ന അംഗീകാരം ഇല്ലാതിരുന്ന സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന വെല്ലുവിളി ആണ് ഇളബെന്‍ ഏറ്റെടുത്തത്.

പ്രവര്‍ത്തന അനുഭവങ്ങള്‍
ഗുജറാത്തിലെ വസ്ത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്‍ എന്ന തൊഴിലാളി സംഘടനയിലാണ് ഇളബെന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗാന്ധിജിയും അനസൂയ സാരാഭായിയും ചേര്‍ന്ന് 1920ല്‍ ടെക്സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്‍(ടിഎല്‍എ) തുടങ്ങിവച്ചു. നിയമം ബിരുദം നേടിയ ഇളബെന്‍ 1955 മുതല്‍ ടിഎല്‍എയുടെ നിയമപോരാട്ടങ്ങളുടെ ഭാഗമായി. മുഖ്യധാരാ തൊഴിലാളി സംഘാടനകളൊന്നുംതന്നെ സ്ത്രീ തൊഴില്‍ സാന്നിധ്യങ്ങള്‍ ഒട്ടുമേ ഗൗനിക്കാതിരുന്ന സമയമാണത്. 1968ല്‍ ഇളബെന്‍ ടിഎല്‍എയുടെ വനിതാ വിഭാഗത്തിന്‍റെ ചുമതലയേറ്റെടുത്തു. തൊഴില്‍ നഷ്ടപ്പെട്ട മില്‍ തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ സ്വയം തൊഴില്‍ ചെയ്ത് അതിജീവന സാധ്യതകള്‍ കണ്ടെത്താന്‍ പരിശ്രമിച്ചിരുന്നത് വത്യസ്ത തൊഴില്‍ സാധ്യതകളുടെ അന്വേഷണത്തിലേക്ക് വെളിച്ചം വീശി. . ഇളബെന്‍ അവരെ സംഘടിപ്പിക്കാന്‍ പരിശ്രമിച്ചു. അതിലൂടെ ലഭിച്ച അനുഭവങ്ങളുടെകൂടി ബലത്തിലാണ് 1972ലാണ് ‘സേവ’യ്ക്കു രൂപം കൊടുക്കുന്നത്. ഗാന്ധിയന്‍ മൂല്യങ്ങളുടെ കരുത്തും സുസ്ഥിരമായ,ڔ അന്തസ്സുള്ള ഉപജീവന സാധ്യതകള്‍ സ്ത്രീ തൊഴിലാളികളുടെ അവകാശമാണെന്ന ബോധ്യവുമാണ് ഇളബെന്നിനെ അതിലേക്ക് നയിച്ചത്. അതൊരു അസാധാരണമായ തൊഴിലാളി സംഘാടനത്തിന്‍റെ തുടക്കമായിരുന്നു. ڔ
അസംഘടിതരായ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലുള്ള അവകാശങ്ങള്‍ – അന്തസ്സുള്ള വേതനം, മൂലധനം , സാമൂഹിക സുരക്ഷ ഇവ ഉറപ്പാക്കുന്നതില്‍ ഭരണകൂടത്തിനും പൊതു സമൂഹത്തിനുമുള്ള അനാസ്ഥ തിരിച്ചറിഞ്ഞുതന്നെയാണ് അവഗണിപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സംഘാടനം എന്ന വെല്ലുവിളി ഇളബെന്‍ ഏറ്റെടുക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ട്രേഡ് യൂണിയനായാണ് 1972ല്‍ അഹമ്മദാബാദില്‍ ‘സേവ’ റജിസ്ട്രര്‍ ചെയ്യപ്പെടുന്നത്. അതുതന്നെ തൊഴിലാളി സംഘാടന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി മാറി. പഴയ വസ്ത്രങ്ങള്‍ വില്ക്കുക, പച്ചക്കറി വില്ക്കുക തുടങ്ങിയവയാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ ബദല്‍ തൊഴിലായി കണ്ടെത്തിയത്. വഴിയോര കച്ചവടക്കാരെയാണ് ആദ്യം യൂണിയനായി സംഘടിപ്പിച്ചത്.

തൊഴിലാളി തൊഴില്‍ നല്‍കുന്നയാള്‍ എന്ന രീതിയിലുള്ള വ്യവസ്ഥാപിത ബന്ധമില്ലാത്ത തൊഴില്‍ മേഖലയാണിതെന്നോര്‍ക്കണം. ചുരുക്കിപ്പറഞ്ഞാല്‍, രാജ്യത്തെ വ്യവസ്ഥാപിത തൊഴില്‍ സംഘാടന രീതികളെ മറികടന്നുള്ളതായിരുന്നു സേവയിലൂടെ ഇളബെന്‍ നടത്തിയ പരിശ്രമങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ സന്തര്‍ശിച്ച ഇളബെന്‍ അവിടെ സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കായി നടത്തിയ നൂതനമായ ആശയങ്ങളെ സേവയിലേക്ക് കൊണ്ടുവന്നു. ഈ സംഘാടനത്തിന്‍റെ ഔദ്യോഗിക അംഗീകാരത്തെڔ നിയമ പോരാട്ടത്തിലൂടെ സാദ്ധ്യമാക്കിയ പ്രശസ്ത സുപ്രീം കോടതി അഭിഭാഷക ശ്രീമതി. ഇന്ദിര ജയ്സിംഗ് ഇളബെന്നിനെ അനുസ്മരിച്ചു കൊണ്ട് ആദ്യമായി തൊഴില്‍ ദാതാവ് ഇല്ലാത്ത തൊഴിലാളി യൂണിയന്‍ – സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ യൂണിയന്‍- എന്ന ആശയത്തെ താന്‍ സംശയത്തോടെ കണ്ടതും ഇളബെന്‍ തന്‍റെ പ്രവര്‍ത്തന മേഖലകളിലൂടെ അത് ബോദ്ധ്യപ്പെടുത്തിയതും വിശദീകരിക്കുന്നുണ്ട്. ഇന്ന് രാജ്യത്തെ 12 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളിലൊന്നായി സേവ വളര്‍ന്നു.ڔ 21 സംസ്ഥാനങ്ങളിലായി, തികച്ചും അസംഘടിതരായ 30 ലക്ഷത്തോളം സ്ത്രീ തൊഴിലാളികള്‍ സേവയെന്ന പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. ഗാര്‍ഹിക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, വീടു കേന്ദ്രമാക്കി തൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, വിവിധ പരമ്പരാഗത തൊഴിലാളികള്‍ തുടങ്ങി വ്യവസ്ഥാപിത സംഘാടനത്തില്‍ പെടാത്ത അസംഖ്യം തൊഴിലാളികളാണ് ഈ സംഘാടനത്തില്‍ ഇന്നുള്ളത്.

അന്തര്‍ദേശീയ സംഘാടനങ്ങള്‍
പ്രാദേശികതലത്തില്‍ നിന്ന് അസംഘടിത മേഖലയുടെയും അതിലെ സ്ത്രീ തൊഴിലാളികളുടെയും വിഷയങ്ങള്‍ ദേശീയ, രാജ്യാന്തര ശ്രദ്ധയിലേക്കെത്തിക്കാന്‍ ഇളബെന്‍ നടത്തിയ പോരാട്ടങ്ങള്‍ സാമാന്യയുക്തിക്ക് അപ്പുറമായി മനസ്സിലാക്കേണ്ടതുണ്ട്. അനൗദ്യോഗിക മേഖലയുടെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ മാത്രം പ്രശ്നമല്ലല്ലോ. സമാന തൊഴില്‍ വിഭാഗങ്ങളുടെ വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനും പല തൊഴിലാളി സംഘാടനങ്ങളെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിന് ഇളബെന്‍ കഠിനാദ്ധ്വാനം ചെയ്തു. ഇത്തരത്തില്‍ ആദ്യമായി രൂപപ്പെട്ട കൂട്ടായ്മ വീട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തൊഴിലാളി(ഒീാല ആമലെറ ണീൃസലൃെ) സംഘടനകളുടേതായിരുന്നു.

ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഏര്‍പ്പെടുന്നത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള തൊഴിലുകളിലാണ്. രാജ്യാന്തര വിപണ ശൃംഖലകളുടെ ഭാഗമായി ഉത്പാദനങ്ങള്‍ വീടുകളിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ഈ ശൃംഖലകള്‍ ഏറ്റവും കൂടുതല്‍ അവഗണിച്ചത് വീടുകളില്‍ തൊഴിലെടുത്ത സ്ത്രീ തൊഴിലാളികളെയാണ്. ഇവര്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര തൊഴില്‍ സംഘടനയില്‍(ഐഎല്‍ഒ) അന്താരാഷ്ട്ര കണ്‍വന്‍ഷന്‍- 177 സാധ്യാക്കുന്നതിനു നേതൃത്വം നല്‍കിയതും ഇളബെന്നാണ്. വീടു കേന്ദ്രീകൃത തൊഴിലാളി സംഘടനകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഹോംനെറ്റ് ഇന്‍റര്‍നാഷനനലിന് ഈ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമായി.

വഴിയോര കച്ചവട സംഘാടനം
സേവയുടെ ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചത് തന്നെ വഴിയോര കച്ചവട തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഈ സംഘാടനത്തിലൂടെ വഴിയോരങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ പൊലീസിന്‍റെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും നിരന്തര പീഡനത്തിനും ഒഴിപ്പിക്കലിനും വിധേയമാകുന്ന അവസ്ഥ ദേശീയനയ ചര്‍ച്ചകളുടെ ഭാഗമാക്കാന്‍, പ്രശ്നത്തിലേക്ക് ഭരണകൂടത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇളബെന്നിനു സാധിച്ചു. മുഖ്യ ധാര ട്രേഡ് യൂണിയനുകളൊന്നും ഇത്തരം തൊഴിലാളികളെ തിരിച്ചറിയാതിരുന്ന കാലത്താണ് ഇളബെന്‍ ഇവരെ തൊഴിലാളി സംഘാടനത്തിന്‍റെ ഭാഗമാക്കിയത്.

ഇന്ത്യയില്‍ 2004ല്‍ ദേശീയ വഴിയോര കച്ചവട നയവും 2014ല്‍ നിയമവും സാധ്യമാക്കാനുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത് സേവയാണ്.   ഒഴിപ്പിക്കപെട്ട തൊഴിലാളികളെ കൊണ്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു ഈ തൊഴില്‍ ദൃശ്യതയിലേക്ക് കൊണ്ടുവരികയാണ് ഇളബെന്‍ തന്ത്രപൂര്‍വ്വം ചെയ്തത്.
ഇളബെന്നിന്‍റെ അധികം അറിയാത്തൊരു പ്രവര്‍ത്തനം ആണ് ലോകത്തിനന്‍റെ പല ഭാഗങ്ങളിലുള്ള അനൌദ്യോഗിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ഗവേഷകര്‍, സ്ഥിതി വിവര ശാസ്ത്രഞര്‍ എന്നിവരുടെ കൂട്ടായ്മയായ വീഗോ (WIEGO-Women in Informal Employment -Globalising and Organising ) എന്ന സംഘടനയുടെ രൂപീകരണം.1997ല്‍ രൂപികരിച്ച ഈ സംഘടനയാണ് അസംഘടിത മേഖലയെ കുറിച്ചുള്ള, സ്ത്രീ തൊഴിലാളികളുടെ കണക്കുകള്‍, പഠനങ്ങള്‍ തുടങ്ങിയവ അന്താരാഷ്ട്ര തൊഴില്‍ സംഘടനയക്ക് കൈമാറി കൊണ്ട് ഈ ചര്‍ച്ചകളിലേക്ക് അവരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഇന്ത്യയിലെ അസംഘടിത-സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രാതിനിധ്യം, തൊഴില്‍ അവസ്ഥകള്‍, പദവി ഇവയെല്ലാം സമഗ്രമായി അവതരിപ്പിക്കപ്പെട്ട ഏക ഔദ്യോഗിക രേഖയായ ‘ശ്രമശക്തി’ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ നേതൃത്വവും ഇളബെന്നിനായിരുന്നു.

സേവ-തൊഴിലാളി, സ്ത്രീ, സഹകരണ പ്രസ്ഥാനങ്ങളുടെ സംഗമ മാതൃക
1972 മുതല്‍ 1996 സേവയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇളബെന്‍ڔ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ യാഥാര്‍ത്ഥ്യങ്ങളും അവരുടെ അവകാശങ്ങളും ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനും തൊഴിലാളി – സ്ത്രീ- സഹകരണ പ്രസ്ഥാനങ്ങളുടെ ഒത്തു ചേര്‍ന്നുള്ള ഒഴുക്കായി സേവയെ അടയാളപ്പെടുത്തുകയും ചെയ്തു. അസംഘടിത മേഖല സ്ത്രീകള്‍ക്ക്  പൂര്‍ണ്ണ തൊഴിലും സ്വയംപര്യാപ്തതയും ആയിരുന്നു ഈ സംഘാടനത്തിന്‍റെ പ്രത്യേകത. തൊഴില്‍ ദാതാവില്ലാത്ത കൃത്യമായ തൊഴിലിടമില്ലാത്ത സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയ ഉപജീവന മാതൃകകള്‍ , അവരുടെ പങ്കാളിത്തത്തോടെ, നേതൃത്വത്തോടെ നിരവധിയായി നിര്‍മ്മിക്കപ്പെട്ടു. ഇന്ന് സേവയുടെ ഭാഗമായി 200ല്‍ ഏറെ സഹകരണ യൂണിട്ടുകള്‍, മറ്റു തൊഴില്‍ കൂട്ടായ്മകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക സാക്ഷരത ഇല്ലാതിരുന്ന സ്ത്രീകള്‍ക്കായി സേവാ ബാങ്ക്, സാമൂഹ്യ സുരക്ഷ ഒരു മേഖലയിലും ലഭ്യമാകാത്ത സ്ത്രീ തൊഴിലാളികള്‍ക്കായി സേവ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സാക്ഷരതയും വിദ്യാഭ്യാസവും നിക്ഷേധിക്കപ്പെട്ട സ്ത്രീകള്‍ക്കായി സേവാ അക്കാഡമി – ഇവയെല്ലാം ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന മാതൃകകളാണ്. ഇന്ന് ഇന്ത്യയൊട്ടുക്ക് സുപരിചിതമായ സൂക്ഷ്മ സാമ്പത്തിക, സ്വയം സഹായ മോഡലുകള്‍ – ഇവയെല്ലാം വിഭവങ്ങളിന്മേല്‍ പ്രാപ്യത നിഷേധിച്ചിരുന്ന ജാതി, വര്‍ഗ്ഗ കീഴ് ശ്രേണിയില്‍ ഉള്ള സ്ത്രീകളുടെ അധികാരങ്ങളെ തിരിച്ചുപിടിക്കുന്നതില്‍ ഇള ബെന്‍ മുന്നോട്ട് വച്ച ആശയങ്ങളായിരുന്നു.

അനുബന്ധ്- പരസ്പര പൂരക സമൂഹങ്ങള്‍
പ്രകൃതിയെ ഗൗരവമായി എടുത്ത് കൊണ്ട് മാത്രമേ സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങളെ നേടിയെടുക്കാനാവൂ എന്നവര്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു. ‘അനുബന്ധ്’ എന്ന അവരുടെ പുസ്തകം ഇതാണ് ചര്‍ച്ച ചെയ്യുന്നത്. പ്രാദേശിക വിഭവ പ്രാപ്യതയിലൂടെ പ്രാദേശിക ഉല്പാദനത്തെയും സമ്പദ് വ്യവസ്ഥയെയും പ്രാദേശിക ജനതയുടെ, അവിടുത്തെ അസംഘടിത തൊഴിലാളികളുടെ നിയന്ത്രണത്തിലാക്കുന്ന സുസ്ഥിര ജീവിത വ്യവസ്ഥയായിരുന്നു ഇളാ ബെന്നിന്‍റെ ഭാവി ദര്‍ശനം.ڔڔ
ഓരോ പ്രാവശ്യവുമുള്ള ഞങ്ങളുടെ കൂടി കാഴ്ച്ചകളില്‍ ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള വഴികള്‍ ആയിരുന്നു ചര്‍ച്ച. സംഘടനയുടെ ചട്ടങ്ങള്‍ക്കനുസൃതമായി 65-ാം വയസില്‍ ഭാരവാഹിത്വം ഒഴിഞ്ഞ ബെന്‍ അടുത്ത തലമുറയ്ക്കൊരു വഴികാട്ടിയാണ്. ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഔദ്യോഗിക – അനൗദ്യോഗിക യോഗങ്ങള്‍ക്ക് പങ്കെടുത്തു കൊണ്ട് അടുത്ത തലമുറയുടെ പ്രവര്‍ത്തന രീതികളുംڔ ഇടപെടലുകളുമെല്ലാം ബെന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.ڔ അന്താരാഷ്ട്ര ഇടപെടലുകളിലും ദേശീയ ചര്‍ച്ചകളിലും ഞങ്ങളുടെ പങ്കാളിത്തം അറിയുന്ന ബെന്‍, അപ്പോള്‍ തന്നെ അഭിനന്ദിക്കുന്നതിനും നിങ്ങളുടെ നേതൃത്വത്തില്‍ സേവയുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്കെത്തും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞു കൊണ്ട് കെട്ടി പിടിക്കുന്ന ബെന്‍ പകരുന്ന ശക്തി ,അത് തരുന്ന ഊര്‍ജ്ജം ,അഭിമാന ബോധം – അത് പ്രവര്‍ത്തന വഴിയിലെ അമൂല്യ അനുഭവമാണ്. ഒരു പ്രാവശ്യമല്ല – പലവട്ടം അത് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. വഴിയോര കച്ചവട ദേശീയ നിയമം 2014ല്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ڔ അഹമ്മദാബാദില്‍ നടത്തിയ ആഘോഷത്തില്‍ ബെന്‍ വികാരാധീനയായി പറഞ്ഞത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു.ڔ ‘ പൊതു ഇടം തൊഴിലിടമായ ഒരു കൂട്ടം തൊഴിലാളികള്‍ക്ക്, അനധികൃതമെന്ന ഭാവേനെڔ ڔഅവരുടെ ചെറിയ വിഭവങ്ങളില്‍ നിന്നുണ്ടാക്കിയെടുന്ന ഉപജീവന മാര്‍ഗ്ഗം ഭരണകൂട പ്രതിനിധികള്‍ വലിച്ചെറിയുമ്പോള്‍, അനുഭവിച്ചിരുന്ന നീറ്റല്‍, പ്രതിഷേധം, അതില്‍ നിന്നുള്ള വിടുതല്‍, പൊതു ഇടം നിങ്ങളുടേതും കൂടിയാണ് എന്ന പ്രാപ്യതയാണീ നിയമം’ എന്നായിരുന്നു. നീണ്ട കരഘോഷത്തോടു കൂടി ആയിരുന്നു ആയിരക്കണക്കിന് വഴിയോര കച്ചവടക്കാര്‍ ഇത് സ്വീകരിച്ചത്.

രാജ്യാന്തരത്തില്‍ ആദരണീയായ വ്യക്തിത്വം
സേവ എന്ന ഘടനയ്ക്കുള്ളില്‍ ഒതുക്കാനാവുന്ന വ്യക്തിത്വമല്ല ഇളബെന്‍. അവര്‍ ഇടപെട്ട വിഷയങ്ങളുടെ വൈവിധ്യം തന്നെ അവരുടെ ചിന്താ ശേഷിയുടെയും ലോക ദര്‍ശനത്തിന്‍റെയും വ്യാപ്തി വ്യക്തമാക്കുന്നു. രാജ്യാന്തര സമാധാന ,വികസന വിഷയങ്ങളില്‍ ഇടപെടുന്നതിന്ڔ നെല്‍സണ്‍ മണ്ഡേലയും ടെസ്മണ്ട് ടുട്ടുവും ചേര്‍ന്ന് രൂപം കൊടുത്ത ആഗോള നേതാക്കളുടെ കൂട്ടായ്മയായ ‘ ദി എല്‍ഡേഴ്സ് ‘ ഗ്രൂപ്പിലെ അംഗമായിരുന്നു ഇളബെന്‍.ڔ രാജ്യ സഭാംഗത്വം, പ്ളാനിംഗ് കമ്മീഷന്‍ അംഗം രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്‍റെ അംഗം തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഈ പദവികളെല്ലാം തന്നെ അസംഘടിതരായ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ബെന്‍ പരമാവധി ഉപയോഗിച്ചിരുന്നു.ڔ ഇന്ത്യയില്‍ അസംഘടിത മേഖലക്ക് ആദ്യമയി ഉണ്ടായ നിയമമായ അസംഘടിത മേഖല സാമൂഹ്യ സുരക്ഷ നിയമത്തിന്‍റെ(2008) പിന്നിലെ പ്രധാന ശക്തിയും ഇളബെന്‍ ആയിരുന്നു. ڔ

ലാളിത്യത്തിന്‍റെ തീവ്ര മാതൃക പിന്തുടര്‍ന്നിരുന്ന ബെന്‍ ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെങ്കില്‍ ലളിത ജീവിതം നയിച്ചുകൊണ്ട് പങ്കിടലിന്‍റെയും വിഭവ പ്രാപ്യതയുടേയും ആവശ്യകതയെ ഞങ്ങളെയെല്ലാം നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. സേവയുടെ 50-ാം വാര്‍ഷികം ഈ കഴിഞ്ഞ ഏപ്രില്‍ 12 ന് ആഘോഷിക്കുമ്പോള്‍ പടര്‍ന്നു പന്തലിച്ച ആല്‍ വൃക്ഷത്തിന്‍റെ ശിഖരങ്ങളായി ബെന്‍ എല്ലാ സ്ത്രീ തൊഴിലാളികളെയും ചേര്‍ത്തു പിടിച്ച് വികാരാധീനയായി ‘ സേവയുടെ 100 വര്‍ഷം എന്‍റെ സ്വപ്നം ‘ എന്ന് ശക്തിയോടെ വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും പതിന്മടങ്ങ് ആവേശത്തോടെ തീര്‍ച്ചയായും നമ്മള്‍ എത്തും എന്ന് ഏറ്റ് പറഞ്ഞു. ഭൗതിക വേര്‍പിരിയല്‍ വേദനാജനകമാണെങ്കിലും ഈ രാജ്യത്തിലെ അസംഘടിത സ്ത്രീ തൊഴിലാളി സംഘാടനങ്ങള്‍ക്ക് അവര്‍ നല്കിയ ദിശാബോധം, വ്യക്തത ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരാക്കും എന്നതിന് ഉറപ്പുണ്ട്. പുരസ്കാരങ്ങള്‍ പലതും ലഭിച്ചെങ്കിലും, സേവയിലെ സഹോദരിമാരുടെ വിശ്വാസം നേടിയെടുക്കാനായി എന്നതാണ് തന്‍റെ പൂര്‍വ്വംവ്യക്തിപരമായ നേട്ടമെന്നാണ് ഇളബെന്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീകള്‍ക്ക് അവരുടെ സ്വത്വവും സാമ്പത്തിക സ്വാതന്ത്ര്യവും അധികാരവും നേടിയെടുക്കുന്നതിന് പിന്തുണ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷിയാണ് സേവയുടെ നേട്ടമായി ഇളബെന്‍ കരുതിയിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന്‍റെ സന്തതിയെന്നാണ് ഇളബെന്‍ സ്വയം വിശേഷിപ്പിച്ചത്.

സംഘടിത തൊഴില്‍ മേഖല ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ഭരണകൂടം അസംഘടിതമേഖലയെ അവഗണിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇന്നിന്‍റെ വെല്ലുവിളി. മൂലധന ശക്തികളുടെ ആധിപത്യങ്ങളെ ചെറുത്തു കൊണ്ട് പ്രാദേശിക വിഭവ സമാഹരണവും ഉല്പാദനവും അസംഘടിത തൊഴിലാളികളുടെ ഉത്തരവാദിത്വമാണ് എന്ന് ബെന്‍ വ്യക്തതയോടെ കാണിച്ചു തന്നിട്ടുണ്ട്.ڔ സ്ത്രീകള്‍ ഇന്നും തൊഴിലില്‍ ,സമൂഹത്തില്‍ വലിയ വിവേചനം നേരിടുമ്പോള്‍ തുല്യതയ്ക്കും നിലനില്പ്പിനുമായുള്ള പോരാട്ടത്തില്‍ ഇള ബെന്നിന്‍റെ ജീവിതം ലോകത്തിന് മുഴുവന്‍ڔ പ്രചോദനമാവും എന്നത് ആശ്വാസവും അഭിമാനവും പകരുകയാണ്.

ഡോ.സോണിയ ജോര്‍ജ്ജ്
സേവ (SEWA) യൂണിയന്‍
ജനറല്‍ സെക്രട്ടറി

COMMENTS

COMMENT WITH EMAIL: 0